കേരളത്തില്‍ മഴ മടങ്ങിയത് നൂറു വര്‍ഷം പിന്നിലേക്ക്: ഇതിനു മുമ്പ് ഇത്രയും ചൂട് 1918-ല്‍; മഴ കാത്ത് കേരളം

2016-ല്‍ രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ കാലവര്‍ഷത്തില്‍ ഏറ്റവും കുറവുണ്ടായത് കേരളത്തിലായിരുന്നു. ലഭിക്കേണ്ട മഴയുടെ 66 ശതമാനമാണ് ലഭിച്ചത്. തുലാമഴയില്‍ 62 ശതമാനം കുറവും രേഖപ്പെടുത്തി. ഇത്തവണ കേരളത്തില്‍ മഴക്കുറവ് ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതുവരെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മഴക്കുറവ് കേരളത്തിലുണ്ടായിട്ടില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

കേരളത്തില്‍ മഴ മടങ്ങിയത് നൂറു വര്‍ഷം പിന്നിലേക്ക്: ഇതിനു മുമ്പ് ഇത്രയും ചൂട് 1918-ല്‍; മഴ കാത്ത് കേരളം

ഇത്തവണ മണ്‍സൂണ്‍ മഴ രാജ്യത്ത് സാധാരണ പോലെയാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം വരള്‍ച്ചാ ഭീഷണിയും കുടിവെള്ള ദൗര്‍ലഭ്യവും നേരിടുന്ന കേരളത്തിന് ആശ്വാസമാകും. 96 ശതമാനം മഴ മണ്‍സൂണ്‍ കാലത്ത് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 2016ല്‍ കേരളത്തില്‍ കാലവര്‍ഷത്തിലും തുലാമഴയിലും ഉണ്ടായ കുറവ് സംസ്ഥാനത്ത് വൈദ്യുതി, കുടിവെള്ളം, കൃഷി എന്നീ മേഖലകളില്‍ ചെറുതല്ലാത്ത പ്രതിസന്ധികള്‍ക്കാണ് വഴിവെച്ചത്.

കാലവര്‍ഷത്തില്‍ ശരാശരി ലഭിക്കേണ്ട 2040 മില്ലീമീറ്റര്‍ മഴയില്‍ 1352 മില്ലീമീറ്റര്‍ മഴ മാത്രമാണ് കേരളത്തില്‍ കിട്ടിയത്. അതായത് 66 ശതമാനം മാത്രം. ലഭിക്കേണ്ട മഴയില്‍ 25 ശതമാനം കുറവുണ്ടായാല്‍ വരള്‍ച്ചാ സാധ്യതയുള്ളതായാണ് കണക്കാക്കുക. അമ്പത് ശതമാനത്തില്‍ കൂടുതല്‍ മഴയില്‍ കുറവുണ്ടെങ്കില്‍ അതിവരള്‍ച്ചയുള്ളതായി കണക്കാക്കും. കാലവര്‍ഷത്തില്‍ 34 ശതമാനം കുറവുണ്ടായതിനാല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യമാണ്.

തുലാമഴയില്‍ 62 ശതമാനം കുറവാണ് കേരളത്തിലുണ്ടായത്. 481 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് കിട്ടിയത് 185 മില്ലീമീറ്ററാണ്. കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും കൂടി 1537 മില്ലീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ കാലവര്‍ഷവും തുലാവര്‍ഷവും ഒരു പോലെ ഇത്രയും കുറയുന്നത് ഇതാദ്യമായാണ്. 1918-ലും, 2012ലുമാണ് ഇതിന് മുമ്പ് മഴ കുറഞ്ഞത്. ഈ വര്‍ഷങ്ങളില്‍ യഥാക്രകമം 1717 മില്ലീമീറ്ററും, 1774 മീല്ലീമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.


ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മഴയില്‍ 47 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോള്‍ മാര്‍ച്ച് മുതല്‍ ഏപ്രില്‍ 19 വരെയുള്ള കാലയളവില്‍ 29 ശതമാനം മഴ അധികം ലഭിച്ചു. പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ മഴ കിട്ടിയത്. 120 മില്ലീമീറ്റര്‍ മഴ ഇക്കാലയളവില്‍ കിട്ടിയെങ്കിലും കാലവര്‍ഷത്തിലെയും തുലാവര്‍ഷത്തിലെയും കുറവ് നികത്താന്‍ കഴിയുന്നതല്ല ഇത്.

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മഴ ലഭിക്കാത്ത സാഹചര്യം കേരളത്തിലുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ് സുദേവന്‍ പറഞ്ഞു. 1918ലും 2012ലും വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യം കേരളത്തിലുണ്ടായിരുന്നെങ്കിലും തൊട്ടടുത്ത വര്‍ഷങ്ങളില്‍ മികച്ച മഴ ലഭിച്ചിരുന്നു. 2017ല്‍ നല്ലരീതിയില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ശരാശരി ലഭിക്കേണ്ട തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് കേരളത്തിലാണ്. തെക്കന്‍ പെനിസുലാര്‍ മേഖലയിലും (ആന്ധ്ര, തെലുങ്കാന, കര്‍ണാടക,കേരളം, തമിഴ്‌നാട്) ഒരു തവണയാണ് അതിശക്തമായ മഴ ലഭിച്ചത്. 2016 ജൂണ്‍ 29 ന് മാനന്തവാടിയില്‍ 27 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. തെലുങ്കാന, ആന്ധ്രയുടെ തീരദേശമേഖലകള്‍, കര്‍ണാടകയുടെ വടക്കു ഭാഗവും തീരപ്രദേശങ്ങളിലുമാണ് മികച്ച മഴ ലഭിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ മഴയില്‍ കാര്യമായ കുറവുണ്ടായിരുന്നു. ഇതാണ് കര്‍ണാടകയുടെയും ആന്ധ്രയുടെയും ചില ഭാഗങ്ങളില്‍ വരള്‍ച്ചയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തുന്നത്.