കമ്യൂണിസ്റ്റ് ചൈന കേരളത്തിലേക്ക്; ചുവന്ന പാത തുറന്നു പിണറായി: ബിജെപി കലിപ്പില്‍

പാക്കിസ്ഥാനുമായുള്ള സഹകരണത്തിന്റെ പേരില്‍ ചൈനക്കെതിരെ കടുത്ത നിലപാടുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിനിടയിലാണ് കേന്ദ്രത്തെ ഞെട്ടിപ്പിക്കുന്ന നീക്കവുമായി കേരളം ചൈനയുമായി ബന്ധപ്പെടുന്നത്.

കമ്യൂണിസ്റ്റ് ചൈന കേരളത്തിലേക്ക്; ചുവന്ന പാത തുറന്നു പിണറായി: ബിജെപി കലിപ്പില്‍

ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരുമായി രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ പോര് തുടരുന്ന കേരളം വീണ്ടും കേന്ദ്രത്തെ ഞെട്ടിപ്പിക്കുന്നു. ചൈനീസ് സഹായം സ്വീകരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തെ സമ്പരപ്പിച്ചിരിക്കുന്നത്. കൃഷി, ഭവന നിര്‍മ്മാണം, പൊതുഗതാഗത സംവിധാനം, തടയണ നിര്‍മ്മാണം എന്നീ മേഖലകളില്‍ കേരളത്തിന് സാങ്കേതിക സഹായം നല്‍കാമെന്നാണ് ചൈന വാഗ്ദാനം നല്‍കിക്കഴിഞ്ഞതായാണ് സൂചനകള്‍.

പാക്കിസ്ഥാനുമായുള്ള സഹകരണത്തിന്റെ പേരില്‍ ചൈനക്കെതിരെ കടുത്ത നിലപാടുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിനിടയിലാണ് കേന്ദ്രത്തെ ഞെട്ടിപ്പിക്കുന്ന നീക്കവുമായി കേരളം ചൈനയുമായി ബന്ധപ്പെടുന്നത്. കേരളത്തില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യയുടെ ചൈനീസ് അംബാസിഡര്‍ ലുവോ ചാഹൂവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് ചൈനയുടെ ഭാഗത്തു നിന്നും സഹായ വാഗ്ദാനമുണ്ടായത്.

കേരളവുമായി വിവിധ മേഖലകളില്‍ ചൈനീസ് സഹകരണത്തിനുള്ള ധാരണ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടുണ്ടെന്നാണ് സൂചനകള്‍. ഇതു സംബന്ധമായ വിശദമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച ശേഷം ഡല്‍ഹിയില്‍ ചൈനീസ് പ്രതിനിധികളുമായി മുഖ്യമന്ത്രി വീണ്ടും ചര്‍ച്ച നടത്തും. കേരളത്തില്‍ നിന്നും പ്രതിനിധി സംഘത്തെ ചൈനയിലേക്ക് അയക്കണമെന്ന അംബാസിഡറുടെ നിര്‍ദ്ദേശത്തിനും മുഖ്യമന്ത്രി സമ്മതം മൂളിയിട്ടുണ്ട്.

സമ്പദ്ഘടനയുടെ പ്രാഥമികമായ വികാസങ്ങള്‍ക്കു സഹായങ്ങള്‍ സ്വീകരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ മൗനംപാലിക്കുകമാത്രമേ വഴിയുള്ളു. സംസ്ഥാനത്തെ ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ചൈന സന്ദര്‍ശിക്കുവാനാണ് തീരുമാനം.

ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ നിന്നും കേരളം സഹായം സ്വീകരിക്കുന്ന നീക്കം ബിജെപി സര്‍ക്കാരിന് വന്‍ അടിയാണ് സമ്മാനിക്കുന്നതെന്നു വ്യക്തമാണ്. പ്രത്യേകിച്ചും സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കേരളം ഭരിക്കപ്പെടുന്ന അവസ്ഥയില്‍. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് വിവേചനം കാണിക്കുകയാണെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ കൂട്ടുകെട്ടിനു വന്‍ രാഷ്ട്രീയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ കേരളത്തില്‍ എത്തിയ സമയത്താണ് മുഖ്യമന്ത്രി പിണറായി വിജയനും ചൈനീസ് അംബാസിഡറും തമ്മിലുള്ള കൂടിക്കാഴ്ചയെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഈ കൈകോര്‍ക്കല്‍ ഗൗരവകരമായി കാണാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതും. സോവിയറ്റ് യൂണിയന്‍ ശക്തമായി നിന്നിരുന്ന സമയത്തും ചൈനയുമായിട്ടായിരുന്നു ഇന്ത്യയിലെ സിപിഐഎം സൗഹൃദം പുലര്‍ത്തിയിരുന്നത്.