തോമസ് ചാണ്ടി പുതിയ ഗതാഗതമന്ത്രി; സത്യപ്രതിജ്ഞ നാളെ വൈകിട്ട്, തീരുമാനം ആഹ്ലാദകരമെന്ന് എ കെ ശശീന്ദ്രന്‍

നാളെ വൈകിട്ട് 4 ന് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തോമസ് ചാണ്ടി മന്ത്രിയാകുന്നത് ആഹ്ലാദകരമായ കാര്യമാണെന്നും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

തോമസ് ചാണ്ടി പുതിയ ഗതാഗതമന്ത്രി; സത്യപ്രതിജ്ഞ നാളെ വൈകിട്ട്, തീരുമാനം ആഹ്ലാദകരമെന്ന് എ കെ ശശീന്ദ്രന്‍

എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി ചുമതലയേല്‍ക്കും. നാളെ വൈകിട്ട് 4 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എ കെ ശശീന്ദ്രന്‍ രാജിവെച്ചതിനാലാണ് എന്‍സിപിയുടെ രണ്ടാം എംഎല്‍എയായ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്.

മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മന്ത്രിയെ കുടുക്കിയതാണെന്ന് മംഗളം ടെലിവിഷന്‍ കുറ്റസമ്മതം നടത്തിയെങ്കിലും ഇനി മന്ത്രിസ്ഥാനത്തേക്കില്ലെന്ന് ശശീന്ദ്രനും പാര്‍ട്ടിയെ അറിയിച്ചു. തോമസ് ചാണ്ടി മന്ത്രിയാകുന്നത് ആഹ്ലാദകരമായ കാര്യമാണെന്നും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിപദം സംബന്ധിച്ച് ഇനിയൊരു വിവാദം വേണ്ടെന്നും തോമസ് ചാണ്ടിയുടെ പേര് നിർദേശിച്ചത് താനാണെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

സര്‍ക്കാരിന്റെ തുടക്കത്തില്‍ തോമസ് ചാണ്ടിയെ മന്ത്രിസഭയിലേക്ക് എന്‍സിപി പരിഗണിച്ചിരുന്നുവെങ്കിലും സിപിഐഎമ്മിലെ എതിര്‍പ്പുകളെത്തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രിപദത്തിലേക്കെത്തുകയായിരുന്നു. രണ്ടരവര്‍ഷത്തിനുശേഷം തോമസ് ചാണ്ടിക്ക് പദവി കൈമാറാമെന്നായിരുന്നു പാര്‍ട്ടിക്കുള്ളിലെ അലിഖിത വ്യവസ്ഥ. ഇതിനിടയിലാണ് ശശീന്ദ്രനെതിരായ ഫോണ്‍ വിവാദം ഉയരുന്നതും രാജിവയ്ക്കുന്നതും.