കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് എറണാകുളം ഡിസിസി സെക്രട്ടറി; പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ സംഘിയുമാരെന്ന് ആന്റണി വ്യക്തമാക്കണമെന്ന് ബാബു പുത്തനങ്ങാടി

കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പോക്ക് തന്റേയും പാര്‍ട്ടിയേയും സ്‌നേഹിക്കുന്ന സാധാരണക്കാരുടേയും അസ്വസ്ഥതയായി മാറുകയാണ്. രാജ്യത്ത് പഴയ പ്രതാപത്തോടെ പ്രസ്ഥാനത്തെ നിലനിര്‍ത്താന്‍ ഇപ്പോഴത്തെ ദേശീയ നേതൃത്വത്തിന് പ്രാപ്തിയുണ്ടോ എന്നും എറണാകുളം ഡിസിസി സെക്രട്ടറി ബാബു പുത്തനങ്ങാടി തുറന്ന് ചോദിക്കുന്നു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് എറണാകുളം ഡിസിസി സെക്രട്ടറി; പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ സംഘിയുമാരെന്ന് ആന്റണി വ്യക്തമാക്കണമെന്ന് ബാബു പുത്തനങ്ങാടി

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് എറണാകുളം ഡിസിസി സെക്രട്ടറി ബാബു പുത്തനങ്ങാടി രംഗത്ത്. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനമാണ് വലുതെന്നും വ്യക്തികളല്ലെന്നും അദ്ദേഹം പറഞ്ഞു. നേതൃമാറ്റം ആവശ്യമാകുന്ന പക്ഷം അതുണ്ടാകണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയ്‌ക്കെതിരെയും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പരോക്ഷ വിമര്‍ശനമുന്നയിച്ചു. ചിലര്‍ പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ സംഘിയുമാണെന്ന ആന്റണിയുടെ പരാമര്‍ശം ആര്‍ക്കെതിരെയാണെന്ന് അദ്ദേഹം ചോദിക്കുന്നു. അത്തരക്കാരെ പേരെടുത്ത് വിമര്‍ശിക്കണമെന്നും കാടടച്ചു വെടിവെക്കുന്നതല്ല മാന്യതെയെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പോക്ക് തന്റേയും ഈ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സാധാരണക്കാരന്റെയും അസ്വസ്ഥയായി മാറുകയാണ്. പാര്‍ട്ടിയ്ക്ക് രാജ്യത്തില്‍ പഴയപ്രതാപത്തോടെ നിലനില്‍ക്കാന്‍ സാധിക്കുമോ എന്നും ഇപ്പോഴത്തെ ദേശീയ നേതൃത്വത്തിന് അതിനുള്ള പ്രാപ്തിയുണ്ടോ എന്നും ബാബു പുത്തനങ്ങാടി ചോദിക്കുന്നു.

പാര്‍ട്ടിയുടെ മേല്‍വിലാസവും ചിഹ്നവും എന്റേതുകൂടിയാണ് എന്നു വിശ്വസിക്കുന്നതിനാല്‍, ഇതെല്ലാം ഒരു ആനുകൂല്യമായി വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നല്‍കിയ ആനുകൂല്യങ്ങള്‍ ആവോളം ലഭിച്ചിട്ടല്ലേ ഇങ്ങനെയൊരു വിമര്‍ശനം എന്ന ചോദിക്കുന്നവരോട് നിഷേധിക്കുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

എവിടെയാണ് കോണ്‍ഗ്രസിനു പിഴയ്ക്കുന്നതെന്ന് അറിയണമെങ്കില്‍ പഞ്ചായത്തുകളില്‍ അന്വേഷിക്കണമെന്നും ബാബു പുത്തനങ്ങാടി പറയുന്നു. ഗാന്ധിജി പറഞ്ഞ ഇന്ത്യയുടെ ആത്മാവ് അതിജീവിക്കുന്ന ഈ ഗ്രാമങ്ങളില്‍ അതിനുള്ള മറുപടികള്‍ ഉണ്ട്. താഴെക്കിടയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനായി പ്രവര്‍ത്തിക്കുന്ന പലരും ചോദിക്കുന്നുണ്ട്- ഇത്രയും കാലം ദേശീയ രാഷ്ട്രീയത്തിലെ ഖദര്‍ധാരികളുടെ പ്രവര്‍ത്തനത്തെ ആരും ചോദ്യം ചെയ്തിട്ടില്ലല്ലോ എന്ന്. മറുപടിയുണ്ട്, മധുരം പുരട്ടിയ മനോഹരമായ വാക്ചാതുരിയിലും സംഘടിത പ്രവര്‍ത്തനത്തിലൂടെയും ഇപ്പോള്‍ സംഘപരിവാര്‍ വര്‍ഗ്ഗീയത കുത്തിവെച്ചു മുന്നോട്ടു പോകുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഏതെല്ലാം രീതിയില്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുള്ളത് ഇനിയും വ്യക്തമല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സ്‌കൂള്‍ കോളേജ് തലം മുതല്‍ ഗാന്ധിയന്‍ തത്ത്വങ്ങള്‍ പഠിച്ചു ശീലിച്ച നമുക്ക് മുന്നില്‍ 'സവര്‍ക്കര്‍ ചിന്താസരണികള്‍' ബിജെപി പകരം വയ്ക്കുന്നു. എന്തുകൊണ്ടാണ് കേരളത്തിലും ഡല്‍ഹിയിലുമുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഇവയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാന്‍ ശ്രമിക്കാത്തത് എന്ന് അദ്ദേഹം ചോദിക്കുന്നു. ഇപ്പോഴുള്ള കോണ്‍ഗ്രസ് നേതൃത്വം തുടരുന്ന പക്ഷം, അടുത്ത 20 വര്‍ഷങ്ങളും മോദി തന്നെ ഭരിക്കുമെന്നു ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പറയുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്-പൂർണ്ണരൂപം

രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിലാണ് എന്‍റെ വിശ്വാസവും പ്രതീക്ഷയുമെല്ലാം അര്‍പ്പിച്ചിരിക്കുന്നത്. ജീവിതത്തിന്‍റെ 35 വര്‍ഷങ്ങള്‍ കെ.എസ്.യു/ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പാര്‍ട്ടിയുടെ വക്താവാകാന്‍ പ്രാദേശികമായെങ്കിലും സാധിച്ചു. പിന്നീട്, പലവുരു പഞ്ചായത്ത് മെമ്പറായി, തുടര്‍ന്ന് കോൺഗ്രസ് പാര്‍ട്ടി എന്നെ ജില്ലാ കമ്മിറ്റിയുടെ (DCC) സെക്രട്ടറിയുമാക്കി. തീര്‍ച്ചയായും, പാര്‍ട്ടി എന്നില്‍ അര്‍പ്പിച്ച ഈ വിശ്വാസത്തിനു മനസ്സ് നിറഞ്ഞ സന്തോഷവും നന്ദിയുമുണ്ട്.

പറയുന്നതിതാണ്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്ക് ശരിക്കും എന്നെയും ഈ പാര്‍ട്ടിയെ സ്നേഹിക്കുന്ന സാധാരണക്കാരന്‍റെയും അസ്വസ്ഥയായി മാറുകയാണ്.ഈ മഹാ പ്രസ്ഥാനത്തിന് നമ്മുടെ രാജ്യത്തില്‍ പഴയപ്രതാപത്തോടെ നിലനിൽക്കാൻ സാധിക്കുമോ? ഇപ്പോഴത്തെ ദേശീയ നേതൃത്വത്തിന് അതിനുള്ള പ്രാപ്തിയുണ്ടോ? എവിടേക്കാണ് ഗാന്ധിയൻ ചിന്തകളില്‍ പടുത്തുയര്‍ത്തിയ ഈ പാർട്ടിയുടെ പോക്ക്?

കോൺഗ്രസ് നല്‍കിയ ആനുകൂല്യങ്ങള്‍ ആവോളം ലഭിച്ചിട്ടല്ലേ ഇങ്ങനെയൊരു വിമര്‍ശനം എന്ന ചോദ്യമുണ്ടായേക്കാം. നിഷേധിക്കുന്നില്ല, പാര്‍ട്ടിയുടെ മേല്‍വിലാസവും ചിഹ്നവും എന്‍റേതുകൂടിയാണ് എന്നു വിശ്വസിക്കുന്നതിനാല്‍, ഇതെല്ലാം ഒരു ആനുകൂല്യമായി വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.തെരഞ്ഞെടുപ്പു കാലത്തു പാർട്ടിയുടെ കൂടെ നിന്നതിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കടബാധ്യതകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

ഇടത്തരം കോൺഗ്രസ് നേതാക്കന്മാരുടെയെല്ലാം അവസ്ഥ ഇതുതന്നെയായിരിക്കും എന്നുള്ളതിന് എനിക്ക് സംശയമൊന്നുമില്ല. വ്യക്തിപരമായി പറയുമ്പോള്‍, ഭാര്യക്ക് ചെറുതെങ്കിലും ഒരു തൊഴിൽ സംരംഭം ഉള്ളതിനാല്‍ കുടുംബം പട്ടിണിയായിട്ടില്ല. ഉറങ്ങിയെഴുന്നേല്‍ക്കുന്നത് മുതല്‍ വീണ്ടും ഉറക്കത്തിലേക്ക് മടങ്ങും വരെയും, ബോധ-അബോധാവസ്ഥയിലും ഞാന്‍ ഒരു കോൺഗ്രസുകാരനാണ് എന്ന് ഉറപ്പിച്ചു തന്നെ പറയാം.സന്ദേഹം തോന്നാതിരിക്കാന്‍ വേണ്ടിയാണ് ഈ ഓര്‍മ്മപ്പെടുത്തല്‍.എപ്പോഴും രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ ഈ പാർട്ടിയുമായി ചേർന്നു നടക്കുവാൻ തന്നെയാണ് ആവേശം.

പക്ഷെ പറയേണ്ടുന്നത് മറ്റു ചിലതു കൂടിയുണ്ട് - ഈ ആവേശം ചിലപ്പോഴെല്ലാം എന്നില്‍ നിന്നും ഇല്ലാതെയാകുന്നുണ്ട്. കേരളത്തിലും കേന്ദ്രത്തിലും നേതാക്കന്മാര്‍ പറയുന്ന മുറയ്ക്ക് പാർട്ടിയിൽ നിന്നും ഞങ്ങളെപോലെയുള്ളവര്‍ ജയ് ഹിന്ദ് വിളിച്ചു. ഇത്തരം നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഉറച്ചു നിന്നു പോരാടി. പക്ഷെ സ്വയം ചോദിച്ചു പോവുകയാണ് - നിങ്ങളും ഞങ്ങളും അടങ്ങുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന്‍റെ വിശ്വാസികള്‍ പൊതുനീതി നടപ്പിലാക്കാൻ എപ്പോഴെങ്കിലും ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ടോ ?

എവിടെയാണ് കോൺഗ്രസിനു പിഴയ്ക്കുന്നതെന്ന് അറിയണമെങ്കില്‍ പഞ്ചായത്തുകളില്‍ അന്വേഷിക്കണം. ഗാന്ധിജി പറഞ്ഞ ഇന്ത്യയുടെ ആത്മാവ് അതിജീവിക്കുന്ന ഈ ഗ്രാമങ്ങളില്‍ അതിനുള്ള മറുപടികള്‍ ഉണ്ട്. താഴെക്കിടയിൽ കോൺഗ്രസ് പ്രസ്ഥാനത്തിനായി പ്രവര്‍ത്തിക്കുന്ന പലരും ചോദിക്കുന്നുണ്ട്- ഇത്രയും കാലം ദേശീയ രാഷ്ട്രീയത്തിലെ ഖദർധാരികളുടെ പ്രവര്‍ത്തനത്തെ ആരും ചോദ്യം ചെയ്തിട്ടില്ലല്ലോ എന്ന്. മറുപടിയുണ്ട്, മധുരം പുരട്ടിയ മനോഹരമായ വാക്ചാതുരിയിലും സംഘടിത പ്രവര്‍ത്തനത്തിലൂടെയും ഇപ്പോൾ സംഘപരിവാർ വര്‍ഗ്ഗീയത കുത്തിവെച്ചു മുന്നോട്ടു പോകുന്നു.

കോൺഗ്രസ് ദേശീയ നേതൃത്വം ഏതെല്ലാം രീതിയില്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുള്ളത് ഇനിയും വ്യക്തമല്ല.സ്കൂൾ കോളേജ് തലം മുതൽ ഗാന്ധിയൻ തത്വങ്ങളല്ലെ നമ്മള്‍ സ്വതന്ത്ര ഭാരതത്തില്‍ പഠിച്ചു ശീലിച്ചത്? ഇവിടേയ്ക്ക് 'സവർക്കർ ചിന്താസരണികള്‍' ബിജെപി പകരം വയ്ക്കുന്നു. ഒന്നു ചോദിക്കട്ടെ... എന്തുകൊണ്ടാണ് കേരളത്തിലും ഡൽഹിയിലുമുള്ള കോൺഗ്രസ് നേതാക്കന്മാര്‍ ഇവയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാന്‍ ശ്രമിക്കാത്തത്?

ഇപ്പോഴുള്ള കോൺഗ്രസ് നേതൃത്വം തുടരുന്ന പക്ഷം, അടുത്ത 20 വര്‍ഷങ്ങളും മോദി തന്നെ ഭരിക്കുമെന്നു ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പറയുന്നു. ആരാണ് ഈ ഗുഹ എന്ന് വിമര്‍ശനം ഉയര്‍ത്തുന്നതിനു മുന്‍പ് അറിയണം, ഇദ്ദേഹത്തിന്‍റെ പല ആശയങ്ങള്‍ കോൺഗ്രസ് പാർലമെന്റില്‍ അനുകൂലമായി ഉപയോഗിച്ചിട്ടുണ്ട്.കോൺഗ്രസ് പ്രസ്ഥാനമാണു വലുത്, വ്യക്തികളല്ല എന്ന എന്‍റെ അഭിപ്രായമാണ് ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. നേതൃമാറ്റം ആവശ്യമാകുന്ന പക്ഷം അതുണ്ടാകണം!

കരുത്തുറ്റ നേതൃത്വത്തെ ഇകഴ്ത്തുകയും യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കപ്പെടേണ്ടവരോട് മൌനം പാലിക്കുകയും ചെയ്യുന്നത് എന്തു തരം സമീപനമാണ്? ഒരു മുതിര്‍ന്ന കോൺഗ്രസ് നേതാവിന്റെ പരിഹാസം ഇങ്ങനെയായിരുന്നു - ചിലര്‍ പകല്‍ കോൺഗ്രസും രാത്രിയില്‍ സംഘിയുമാണത്രേ. ആര്‍ജ്ജവമുണ്ടെങ്കില്‍ അങ്ങനെയുള്ളവരെ പേരെടുത്തു പറഞ്ഞു വിമര്‍ശിക്കൂ, കാടടച്ചു വെടി വയ്ക്കുന്നതല്ല മാന്യത!

കോൺഗ്രസ് പാര്‍ട്ടി എന്നന്നേക്കുമായി അവസാനിച്ചു എന്നു സന്തോഷിക്കുന്നവരോട് ഒരു വാക്ക് കൂടി - അടിത്തറ ബലമുള്ള ഒന്നും അത്ര വേഗം ഇല്ലാതാകില്ല! അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള കാലമാണ്, ഇന്ദിരാ ഗാന്ധിയെന്ന ഉരുക്ക് വനിതയെ സമ്മാനിച്ചത് എന്ന് ഇമ്മാനുവേല്‍ പച്ചുപുദാസ് എഴുതിയത് ഓര്‍മ്മിക്കുന്നു.ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസില്‍ അങ്ങനെയൊരു നേതാവ് ഇനിയുണ്ടാകണം...ഉണ്ടാകും... അപ്പോള്‍ മനസ്സറിഞ്ഞ് എന്നെപ്പോലെയുള്ളവരും അഭിമാനത്തോടെ തന്നെ പറയും- ജയ് ഹിന്ദ്!

Read More >>