'സർട്ടിഫിക്കറ്റ് വേണോ, ആദ്യം പണമടക്കൂ'; ഓർത്തഡോക്സ് സഭാംഗമായ വിദ്യാർത്ഥിനിയുടെ ഉന്നത വിദ്യാഭ്യാസം തടസപ്പെടുത്തി പത്തനാപുരം മൌണ്ട് ടാബോര്‍ സ്കൂള്‍

ദയറക്ക് ആയിരം കോടിയില്‍ അധികം ആസ്ഥി ഉണ്ടെങ്കിലും സഭാംഗം കൂടിയായ കുട്ടിയ്ക്ക് വേണ്ടി ഒരു രൂപ പോലും ഇളവ് നൽകില്ല എന്ന പിടിവാശിയിലാണ് ബെഞ്ചമിൻ അച്ചൻ.

സർട്ടിഫിക്കറ്റ് വേണോ, ആദ്യം പണമടക്കൂ; ഓർത്തഡോക്സ് സഭാംഗമായ വിദ്യാർത്ഥിനിയുടെ ഉന്നത വിദ്യാഭ്യാസം തടസപ്പെടുത്തി പത്തനാപുരം മൌണ്ട് ടാബോര്‍ സ്കൂള്‍

ഫീസടയ്ക്കാന്‍ പണമില്ലാത്തതിനെ തുടർന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞു വച്ച് ഓർത്തഡോക്സ് സഭയുടെ സ്‌കൂൾ. പത്തനാപുരം മൌണ്ട് ടാബോര്‍ സ്കൂള്‍ അധികൃതരാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഭാംഗം കൂടിയായ ഈ ക്രൂരത കാട്ടിയത്. പുന്നല സ്വദേശിനിയായ സ്നേഹയ്ക്ക് ഇതോടെ തുടര്‍പഠനം അസാധ്യമായ സാഹചര്യമാണ് ഉള്ളത്. കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട അദ്ധ്യാപകരില്‍ ചിലര്‍ ഇവര്‍ക്ക് ഫീസ്‌ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടു മൌണ്ട് താബോര്‍ ദയറാ സെക്രട്ടറി ബെഞ്ചമിന്‍ അച്ചനെ സമീപിച്ചിരുന്നു. എന്നാൽ ബെഞ്ചമിൻ അച്ചൻ ക്രൂരമായാണ് പ്രതികരിച്ചത്. ദയറയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നും അതിനാല്‍ ഫീസില്‍ ഒരു രൂപ പോലും ഇളവ് നല്‍കാന്‍ കഴിയില്ല എന്നുമായിരുന്നു ഈ വൈദികന്റെ നിലപാട്. ദയറക്ക് ആയിരം കോടിയില്‍ അധികം ആസ്ഥി ഉണ്ടെങ്കിലും സഭാംഗം കൂടിയായ കുട്ടിയ്ക്ക് വേണ്ടി ഒരു രൂപ പോലും ഇളവ് നൽകില്ല എന്ന പിടിവാശിയിലാണ് ബെഞ്ചമിൻ അച്ചൻ. ഫീസ് മുഴുവൻ അടച്ചു തീർക്കാതെ സർട്ടിഫിക്കറ്റുകൾ നൽകേണ്ടതില്ല എന്ന ഉറച്ച നിലപാടിലാണ് ബെഞ്ചമിൻ അച്ചൻ.

സ്നേഹയുടെ പിതാവ് ഏറെ നാളായി കടുത്ത ഹൃദ്രോഗത്തിന് ചികിത്സയിലാണ്. രണ്ട് പെണ്‍കുട്ടികളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം. മൂവരും പഠിക്കാനും മിടുക്കര്‍. മക്കളുടെ അധ്യാപകര്‍ നല്‍കിയ സാമ്പത്തിക സഹായം കൊണ്ടായിരുന്നു കുടുംബം പിതാവിന്റെ ചികിത്സ നടത്തി വന്നിരുന്നത്. അദ്ധ്യാപകരില്‍ പലരും സ്ഥലം മാറി പോയതോടെ സാമ്പത്തിക സഹായം നിലച്ചു. ഇതോടെ ചികിത്സയും വഴിമുട്ടി. ഇങ്ങനെ സാമ്പത്തികമായും സാമൂഹികമായും ആകെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് കുട്ടികളുടെ സ്കൂള്‍ ഫീസ്‌ കുടിശികയായത്‌. സ്‌കൂളിൽ നിന്നും ഇത്രയും മനുഷ്യത്വ രഹിതമായ ഒരു നടപടിയുണ്ടാകുമെന്ന് ഇവർ പ്രതീക്ഷിച്ചില്ല.

സ്നേഹയ്ക്ക് ഒപ്പം പഠിച്ച സുഹൃത്തുകള്‍ എല്ലാവരും പുതിയ കോഴ്സുകള്‍ക്ക് ചേര്‍ന്നു കഴിഞ്ഞു. കുടിശ്ശികയായ ഫീസ്‌ അടയ്ക്കാനുള്ള ഒരു നീണ്ട കാലാവധി ആവശ്യപ്പെടാന്‍ മാത്രമേ ഇപ്പോള്‍ സ്നേഹയുടെ കുടുംബത്തിനു കഴിയൂ. സർട്ടിഫിക്കറ്റുകൾ ഇപ്പോൾ ലഭിച്ചില്ലെങ്കിൽ സ്നേഹയുടെ ഉന്നതപഠന സാധ്യതകളും അടയും. ബെഞ്ചമിൻ അച്ചനിൽ കുടുംബം പ്രതീക്ഷയർപ്പിച്ചെങ്കിലും എല്ലാ സാധ്യതകളും അടഞ്ഞിരിക്കുകയാണ്.

'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന ദീര്‍ഘവീക്ഷണത്തോടെയാണ് തോമാ മാര്‍ ദിവന്ന്യസോസ് തിരുമേനി 1929 ല്‍ പത്തനാപുരത്ത് മൌണ്ട് താബോര്‍ ദയറയും അനുബന്ധമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചത്. വനപ്രദേശമായ ഇവിടം വിദ്യാഭ്യാസപരമായി പിന്നോക്കം പോകരുതെന്ന കാഴ്ചപാടാണ് അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത്. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ സഹപാഠികൂടിയായ ദിവന്ന്യസോസ് തിരുമേനി കേംബ്രിഡ്ജിലെ പഠനത്തിനു ശേഷമാണ് പത്തനാപുരത്ത് എത്തിയതും വിദ്യാലയങ്ങൾ സ്ഥാപിച്ചതും. പ്രദേശത്തിന്റെ സാമൂഹിക പുരോഗതിയിൽ ഏറെ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനം ഇപ്പോൾ കച്ചവടലാക്കോടെ പ്രവർത്തിക്കുന്നതിൽ പൂർവ വിദ്യാർത്ഥികൾ അടക്കമുള്ളവർ അമര്ഷത്തിലാണ്.