അയ്യങ്കാളിയും പഞ്ചമിയും; വിപ്ലവം തീർത്ത് സർക്കാരിന്റെ ബജറ്റ് കവർ

ഇത്തവണ ബജറ്റ് പ്രസംഗത്തിൻ്റെ കവർ എന്തായിരിക്കണം എന്ന അന്വേഷണം അവസാനിച്ചത് പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രത്തിലാണെന്നു ധനമന്ത്രി തോമസ് ഐസക് പറയുന്നു.

അയ്യങ്കാളിയും പഞ്ചമിയും; വിപ്ലവം തീർത്ത് സർക്കാരിന്റെ ബജറ്റ് കവർ

സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ബജറ്റിന്റെ കവറിൽ വിപ്ലവം. സാധാരണ നിയമസഭയുടേയോ സെക്രട്ടറിയേറ്റിന്റെയോ ചിത്രങ്ങളുള്ള കവറാണ് ബജറ്റ് പുസ്തകത്തിന്റെ പുറംചട്ടയിൽ ഉപയോ​ഗിക്കാറുള്ളത്. എന്നാൽ ഇത്തവണ അതിനു പകരം നവോത്ഥാന നായകനായ അയ്യങ്കാളിയുടേയും കീഴ്ജാതിക്കാരിയെന്നതിന്റെ പേരില്‍ ജന്മിമാരാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പഞ്ചമിയുടേയും ചിത്രം നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ഇത്തവണ ബജറ്റ് പ്രസംഗത്തിൻ്റെ കവർ എന്തായിരിക്കണം എന്ന അന്വേഷണം അവസാനിച്ചത് പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രത്തിലാണെന്നും ചിത്രം കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.നമ്മുടെ നവോത്ഥാനനായകരിൽ പ്രമുഖ സ്ഥാനം അദ്ദേഹത്തിനുണ്ട്. മാത്രമല്ല, സ്ത്രീകൾ വരച്ച ചിത്രങ്ങളാകണം ബജറ്റ് രേഖകൾക്കു നൽകുന്ന കവർ ചിത്രങ്ങളായി നൽകേണ്ടത് എന്നും തീരുമാനിച്ചിരുന്നു. ഗോഡ്ഫ്രേ ദാസ് നന്നായി കവർ ഡിസൈനും നിർവഹിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചിയിൽ നടന്ന ആർപ്പോ ആർത്തവം പരിപാടിയുടെ പ്രചരണത്തിനായാണ് പിഎസ് ജലജ ഈ ചിത്രം വരച്ചത്. ജന്മിമാരാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പഞ്ചമിയെ ഊരൂട്ടമ്പലം സ്‌കൂളില്‍ ചേര്‍ക്കാനായി അയ്യങ്കാളി കൊണ്ടുപോയതും സവര്‍ണ്ണരും ദളിതരും സംഘർഷം ഉണ്ടായതും ചരിത്രം. ഒടുവില്‍ പഞ്ചമി കയറി അശുദ്ധമാക്കിയെന്ന് ആരോപിച്ച് സവർണർ സ്‌കൂളിന് തീവച്ചു. പിന്നീട് നിരവധി ഊരൂട്ടമ്പലങ്ങള്‍ ആവര്‍ത്തിക്കുകയും സ്‌കൂളുകള്‍ തീ വയ്ക്കപ്പെടുകയുമുണ്ടായി.


Read More >>