മൊഴി തമിഴ്, എഴുത്ത് ഇംഗ്ലീഷ്: രാധിക നാഥന്റെ എഴുത്തുലോകം

ബംഗളൂരുവിന്റെ തിരക്കുകൾക്കിടയിലാണ് രാധിക നാഥൻ ജീവിക്കുന്നത്. സ്വദേശം തമിഴ് നാട്ടിലെ മധുര. എഴുതുന്നത് ഇംഗ്ലീഷിൽ നോവലുകൾ. ദ മ്യൂട്ട് ആങ്ക്ലറ്റ്, ടൈം റ്റു ബർണിഷ് എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചു. മികച്ച പ്രതികരണങ്ങളാണ് രണ്ട് രചനകൾക്കും ലഭിച്ചത്. രാധിക നാഥൻ തന്റെ രചനാലോകത്തിനെപ്പറ്റി സംസാരിക്കുന്നു.

മൊഴി തമിഴ്, എഴുത്ത് ഇംഗ്ലീഷ്: രാധിക നാഥന്റെ എഴുത്തുലോകം

എഴുത്തിലേയ്ക്ക് വന്ന വഴി?

ഞാൻ മധുര സ്വദേശിയാണ്. അമ്മ സർക്കാർ ഉദ്യോഗസ്ഥ. അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥൻ. എല്ലാ വാരികകളും മാസികകളും അവർ വാങ്ങി വായിക്കും. ചെറുപ്പത്തിൽ ഞാൻ ചരിത്രനോവലുകൾ, ചെറുകഥകൾ, തത്വചിന്ത, മനഃശാസ്ത്രം തുടങ്ങിയവ വായിക്കാൻ തുടങ്ങി. സാണ്ടില്യൻ, സുജാത എന്നിവരുടെ എഴുത്തും എന്നെ വശീകരിച്ചിരുന്നു. സുജാതയുടെ നോവലുകൾ എന്തോ പരീക്ഷയക്ക് പഠിക്കുന്നത് പോലെ ആവർത്തിച്ച് വായിക്കുമായിരുന്നു. എഴുത്തിൽ മാത്രമല്ല, ഈ ജീവിതം ജിവിക്കുന്നതിലും എന്റെ ഹീറോ സുജാതയാണ്. കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരികളിൽ ഒരാൾ ഒരു കഥയുടെ ആദ്യപകുതി എഴുതുക, മറ്റൊരു കൂട്ടുകാരി ബാക്കി കഥയെഴുതി പൂർത്തിയാക്കുമായിരുന്നു. ഞങ്ങളുടെ വിനോദമായിരുന്നു അത്. ഞാൻ സ്വന്തമായി എഴുതിയ കഥകൾ കൂട്ടുകാരികൾക്ക് വായിക്കാൻ കൊടുത്ത്, അഭിപ്രായങ്ങൾ ചോദിച്ച്, അതനുസരിച്ച് എഴുത്തും എന്നെത്തന്നേയും മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങിനെ എഴുതിയ ഒരു കഥ, തെന്രൽ, വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. മറ്റൊരു കഥ കൽക്കി വാരികയിൽ പ്രസിദ്ധീകരിച്ചു.

ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങിയെതിനെപ്പറ്റി?

കോളേജിൽ എന്റെ ഇംഗ്ലീഷ് പ്രൊഫസർ 'നീ ഇംഗ്ലീഷ് നന്നായി എഴുതുമല്ലോ. അപ്പോൾ ഭാവനയെ ആ ഭാഷയിലും പുറത്തു കൊണ്ടുവരാമല്ലോ' എന്ന് പറഞ്ഞു. ആദ്യം ലേഖനങ്ങൾ, ചെറുകഥകൾ എന്നിങ്ങനെ എഴുതാൻ തുടങ്ങി. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ബ്ലോഗ് തുടങ്ങി എന്റെ രചനകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. വിവാഹം, കുട്ടികൾ എന്നിങ്ങനെ ജീവിതം അടുത്ത ഘട്ടത്തിലേയ്ക്ക് നീങ്ങിയപ്പോഴും എഴുത്ത് താല്പര്യത്തോടെ തുടർന്നു. അമ്മയും അമ്മായിയമ്മയും തന്ന പിന്തുണയിൽ ഇംഗ്ലീഷ് നോവൽ എഴുതാൻ തുടങ്ങി. ഓരോ അദ്ധ്യായം പൂർത്തിയാക്കുമ്പോഴും ഞാൻ രണ്ടു പേരോടും അത് വായിക്കാൻ ആവശ്യപ്പെടും. അവർ പറയുന്ന അഭിപ്രായങ്ങൾ അനുസരിച്ച് മാറ്റങ്ങൾ വരുത്തും.

നോവലുകളെപ്പറ്റി…

എന്റെ നോവലുകളിലെ പെൺ കഥാപാത്രങ്ങൾ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന ആധുനികരായിട്ടാണ് തങ്ങളെ കണക്കാക്കുന്നത്. ഇംഗ്ലീഷിൽ എഴുതിയാലും, ചെന്നൈ, തഞ്ചാവൂർ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന എന്റെ കഥാപരിസരം തമിഴ് നോവൽ വായിക്കുന്ന അനുഭവം നൽകും. ആദ്യത്തെ നോവൽ എഴുതിയപ്പോൾ ഹാർഡ് ഡിസ്കിൽ സെവ് ചെയ്തിരുന്ന ഡ്രാഫ്റ്റ് എടുക്കാൻ കഴിയാതെ ആദ്യം തൊട്ട് എഴുതേണ്ടി വന്നു. ആദ്യനോവൽ എഴുതി പൂർത്തിയാക്കി പ്രസാധകർക്ക് അയക്കുന്നത് വരെ നല്ല തലക്കെട്ട് കിട്ടാതെ വിഷമിച്ചു. പെട്ടെന്ന് ചിലപ്പതികാരത്തിൽ കണ്ണകിയ്ക്ക് കാൽച്ചിലമ്പിനാൽ നീതി ലഭിച്ചത് ഓർമ്മ വന്നപ്പോൾ `The Mute Anklet' എന്ന തലക്കെട്ടിട്ടു.

എന്റെ അച്ഛൻ പത്രത്തിൽ വായിച്ച ചില വിഗ്രഹകള്ളക്കടത്തുകളെപ്പറ്റിയുള്ള വാർത്ത എന്നെ കാണിച്ചു. അതിനെപ്പറ്റി അറിയാനായി ഗവേഷണം ചെയ്തു. നോവലുകളിൽ വരുന്ന രോമാഞ്ചം വരുത്തുന്ന രംഗങ്ങളെ കടത്തിവെട്ടുന്നതാണ് യഥാർഥത്തിൽ നടക്കുന്നതെന്ന് മനസ്സിലായി. ബംഗളൂരു കസ്തൂരിഭായ് റോഡിലെ മ്യൂസിയത്തിൽ പോയി വിവരങ്ങൾ ശേഖരിച്ചു. ഒപ്പം, ദില്ലൈ നടരാജപ്പെരുമാളിന്റെ താണ്ഡവത്തിനെപ്പറ്റിയുള്ള വിവരങ്ങൾ അറിഞ്ഞപ്പോൾ അനുഭവിച്ച ആനന്ദം വിശദീകരിക്കാൻ പറ്റില്ല. ഇവയെല്ലാം എന്റെ രണ്ടാമത്തെ നോവലായ ൽ `Time to Burnish' വിശദീകരിച്ചിട്ടുണ്ട്.

എഴുത്തിനെപ്പറ്റി…

എപ്പോൾ, എവിടെ, എങ്ങിനെ അവസാനിപ്പിക്കണം എന്നതാണ് നോവൽ എഴുതുന്നതിലെ വെല്ലുവിളി. എനിക്ക് ചുറ്റും നടക്കുന്നതെല്ലാം ശ്രദ്ധിച്ച് എഴുതുന്നത് വഴി സ്വയം ലോകവുമായി ബന്ധപ്പെടുത്തുന്നു. 'രണ്ടാം ലോകയുദ്ധത്തിൽ തമിഴകത്തിന്റെ പങ്ക്' ആണ് മൂന്നാമത്തെ നോവലിന്റെ വിഷയം.

Story by
Read More >>