ഞാനൊരു ആക്റ്റിവിസ്റ്റ് അല്ല, റിസ്ക് എടുത്തില്ലെങ്കിൽ എന്റെ എഴുത്ത് ഒന്നുമല്ല: അരുന്ധതി റോയ്

ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന നോവലിലൂടെ അരുന്ധതി റോയ് ലോകത്തിനു മുന്നിലെത്തിയ ശേഷം അവർ എഴുതിയതെല്ലാം സാഹിത്യമൊഴികെയുള്ള വിഷയങ്ങളെക്കുറിച്ചായിരുന്നു. രാഷ്ട്രീയം, സമൂഹം എന്നിങ്ങനെ പല വിഷയങ്ങളും അവർ കൈകാര്യം ചെയ്തു. വിവാദങ്ങൾ സൃഷ്ടിച്ചു. ഇപ്പോൾ തന്റെ ആരാധകർക്ക് നല്ല വാർത്തയുമായി എത്തിയിരിക്കുകയാണ് അരുന്ധതി റോയ്. പുതിയ നോവലായ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്സ് പ്രസിദ്ധീകരണത്തിന് തയ്യാറായിരിക്കേ ബിബിസി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

ഞാനൊരു ആക്റ്റിവിസ്റ്റ് അല്ല, റിസ്ക് എടുത്തില്ലെങ്കിൽ എന്റെ എഴുത്ത് ഒന്നുമല്ല: അരുന്ധതി റോയ്

ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് താങ്കളുടെ ആദ്യത്തെ നോവല്‍ ഇറങ്ങി. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റു പോയി. തുടര്‍ന്നും നോവലുകള്‍ എഴുതാനുള്ള ആവേശം ഉണ്ടായിക്കാണണം. എങ്ങിനെയാണ് ആ സമ്മര്‍ദ്ദത്തിനെ തരണം ചെയ്തത് ?

ആളുകള്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ അത് അംഗീകരിക്കണം എന്ന് ഞാന്‍ കരുതുന്നില്ല. വരിവരിയായി പുസ്തകങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരിയാകാന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു. ആ സമയത്ത് ഇന്ത്യയിലെ കാര്യങ്ങളും നാടകീയമായി മാറുകയായിരുന്നു. ബുക്കര്‍ സമ്മാനം ലഭിച്ചപ്പോള്‍ എന്നെ ഗ്ലോബല്‍ ഇന്ത്യയുടെ പുതിയ ഉല്‍പ്പന്നം എന്ന രീതിയിലായിരുന്നു മാര്‍ക്കറ്റ് ചെയ്തിരുന്നത്. പെട്ടെന്ന് സര്‍ക്കാര്‍ ആണവപരീക്ഷണം നടത്തി. അന്ന് ഞാന്‍ ആ ഒരു നിലയില്‍ ആയിരുന്നതിനാല്‍ എസ്റ്റാബ്ലിഷ്‌മെന്‌റ് എന്നെ സ്വീകരിക്കുകയായിരുന്നു. ഞാന്‍ ആ പരീക്ഷണത്തിനെ വിമര്‍ശിച്ച് ലേഖനം എഴുതി. അതോടെ ആ രാജകുമാരിയെ ചവുട്ടിപ്പുറത്താക്കുകയും ചെയ്തു. എങ്കിലും ഞാന്‍ എഴുതി, എഴുതാതിരിക്കാന്‍ കഴിയാത്തത് കൊണ്ട്.

വൈവിധ്യമുള്ള വിഷയങ്ങള്‍ താങ്കള്‍ എഴുതുന്നു. എന്തായിരുന്നു അതിന്‌റെയെല്ലാം തുടക്കം?

സാഹിത്യം എഴുതുമ്പോഴും രാഷ്ട്രീയം എഴുതുമ്പോഴും എന്‌റെ ശരീരം അനുഭവിക്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ്. സാഹിത്യം പല അടരുകളുള്ള നഗരം പോലെയാണ്. ചിലപ്പോള്‍ എഴുതുകയാണെന്ന് പോലും ഞാന്‍ ഓര്‍ക്കാറില്ല. അത് സമയമെടുത്ത്, പതുക്കെയാണ് മുന്നേറുക.

ലേഖനങ്ങള്‍ എഴുതുമ്പോള്‍ എനിക്ക് പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളു. വേണമെന്ന് കരുതി എഴുതുന്നതല്ല. ഇനി അത് ചെയ്യില്ലായെന്ന് ഓരോ തവണയും എന്നോട് തന്നെ പറയാറുണ്ടെങ്കിലും എഴുതിപ്പോകും. എഴുതാതിരിക്കുന്നതിനേക്കാള്‍ എഴുതുന്നതാണ് എളുപ്പം എന്ന് തോന്നിപ്പോകും. ഒരു തരത്തില്‍ എഴുതാന്‍ ഉദ്ദേശിക്കാത്ത ലേഖനങ്ങളാണ് ഞാന്‍ 20 വര്‍ഷങ്ങളായി എഴുതിയത്.

എഴുത്ത് തുടങ്ങുന്നതിന് മുമ്പ് കുറച്ചു ദിവസങ്ങള്‍ക്ക് ഉന്മാദം അനുഭവിക്കണമെന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട് എന്താണ് ആ ഉന്മാദം?

ഒരുതരം മലകയറ്റം തന്നെയാണത്. ഒരുപാട് കഴിവുകൾ ഉപയോഗിക്കണം എഴുത്തില്‍. ലേഖനങ്ങള്‍ എഴുതുമ്പോള്‍ ഫിക്ഷന്‌റെ ആയുധങ്ങള്‍ ഞാന്‍ ഉപയോഗിക്കാറുണ്ട്. ഫിക്ഷൻ യാഥാർഥ്യം ആണെന്നാണ് ഞാൻ കരുതുന്നത്. അത് സൃഷ്ടിച്ചെടുക്കുന്നതല്ല.

ഡൽഹിയിലാണല്ലോ താങ്കൾ ജീവിക്കുന്നത്. പണക്കാരും പാവപ്പെട്ടവരും തമ്മിൽ വളരെ അന്തരമുള്ള നാടാണ് ഇന്ത്യ. അതിനെ അസഭ്യം എന്ന് താങ്കൾ തന്നെ പറഞ്ഞിട്ടുണ്ട്. താങ്കളുടെ താരജീവിതം അതിനെ എങ്ങിനെ കാണുന്നു?

ഞാൻ പഠിച്ചത് ആർക്കിടെക്ചർ ആണ്. എല്ലാ നഗരത്തിലും ഒരുപാട് സ്ഥാപനങ്ങൾ ഉണ്ടാകും. വീടുകൾ, ചന്ത, വാഹനങ്ങൾ എന്നിങ്ങനെ. അതിൽ ഉൾപ്പെടാത്തവർ ജീവിക്കുന്നത് ഇടുങ്ങിയ തെരുവിലാണ്. അവർക്ക് വീടില്ല, വാഹനമില്ല, എന്തിന് അവർ വിസർജ്ജിക്കുന്നത് അഴുക്കുചാലിലേയ്ക്കാണ്. നഗരത്തിന് പുറത്ത് തകർച്ചയാണ്, ആയിരക്കണക്കിന് കൃഷിക്കാർ മരിച്ചു പോയത് പോലെയുള്ളവ.

ഒരു എഴുത്തുകാരി എന്ന നിലയിൽ ഒന്നും കണ്ടില്ലെന്ന് നടിച്ച് താരമായി ജീവിക്കാൻ ഈ അവസ്ഥയിൽ എനിക്ക് കഴിയില്ല. ഫിക്ഷനിലും ഇതെല്ലാം വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജാതി കാരണം ലക്ഷക്കണക്കിന് മനുഷ്യർ മറ്റുള്ളവരുടെ മലം ചുമക്കുന്നത് ലോകത്ത് വേറെയെവിടെ കാണാൻ കഴിയും? ഇതാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ.

താങ്കളുടെ ആദ്യനോവല്‍ ഗോഡ് ഓഫ് സ്മോള്‍ തിങ്‌സ് സമര്‍പ്പിച്ചിരിക്കുന്നത് താങ്കളുടെ അമ്മ മേരി റോയ്ക്കാണ്. അവരെക്കുറിച്ച് പറയാമോ?

അവര്‍ രോഷാകുലയായിരുന്നു. അവരുടെ അച്ഛന്‍ വളരെ ഉപദ്രവകാരിയായിരുന്നു. കാഴ്ചക്കുറവുള്ള അമ്മയും. അമ്മ നന്നായി വയലിന്‍ വായിക്കുമായിരുന്നു. അവര്‍ വയലിന്‍ വായിക്കുമ്പോള്‍ അച്ഛന് ദേഷ്യം വന്ന് വയലിന്‍ ഉടച്ചു കളഞ്ഞു. അമ്മ പിന്നീട് എന്‌റെ അച്ഛനെ വിവാഹം ചെയ്തു. അദ്ദേഹം ഒരു ടീ പ്ലാന്‌റേഷന്‍ മാനേജര്‍ ആയിരുന്നു. എനിക്ക് ഇരുപത് വയസ്സൊക്കെ ആയപ്പോഴാണ് ഞാന്‍ അയാളെ ആദ്യമായി കാണുന്നത്. ഒരു ദുരൂഹമായ വ്യക്തിയായിരുന്നു അച്ഛന്‍. വല്ലാത്ത മദ്യപാനിയായിരുന്നു.

അമ്മ അയാളുമായുള്ള ബന്ധം വേര്‍പെടുത്തി. മുത്തശ്ശിയുടെ കൂടെ കഴിയുകയായിരുന്ന അമ്മയ്ക്ക് ആസ്മ പോലെയുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ എല്ലാവരും അമ്മയോട് പറയുമായിരുന്നു. ഞാന്‍ സമയം ചിലവഴിച്ചിരുന്നത് പുഴക്കരയിലും മീന്‍പിടുത്തക്കാരുടെ കൂടെയുമായിരുന്നു. അമ്മ ദേഷ്യക്കാരിയും സുന്ദരിയും സ്‌നേഹമയിയും എല്ലാമായിരുന്നു. ഞങ്ങളോടും ദേഷ്യമായിരുന്നു. അമ്മ എന്നെ തകര്‍ക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്‌റെ അടിസ്ഥാനപരമായ ശക്തിയായിരുന്നു അമ്മ.

മക്കളില്ലാത്തത് ആക്റ്റിവിസത്തിനെ സഹായിക്കുന്നുവെന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്?

എന്നെക്കുറിച്ച് പറയുമ്പോൾ ആക്റ്റിവിസം എന്ന വാക്ക് ഉപയോഗിക്കാറില്ല. ആക്റ്റിവിസം എന്നത് ഒരു പുതിയ വാക്കാണ്. പണ്ടൊക്കെ എഴുത്തുകാർ സമൂഹത്തിനെക്കുറിച്ചെല്ലാം എഴുതുമ്പോൾ അവരെ ആരും ആക്റ്റിവിസ്റ്റ് എന്ന് വിളിച്ചിട്ടില്ല. ആക്റ്റിവിസ്റ്റ് എന്നാൽ ഞാൻ കരുതുന്നത് ഒരു പ്രശ്നത്തിന്റെ ആർക്കിടെക്റ്റുകൾ എന്നാണ്. അവർ ആ ഇടത്തിൽ നിൽക്കുന്നു. ഞാനാണെങ്കിലോ പ്രയോജനമാകും എന്ന് തോന്നുന്ന സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു വ്യക്തിയാണ്.

ലോകവീക്ഷണത്തിനെക്കുറിച്ച് എഴുതുന്ന ഒരാളാണ് ഞാൻ, ഒരു റിസ്ക് ടേക്കർ എന്ന് വേണമെങ്കിൽ പറയാം. ആ റിസ്ക് എടുത്തില്ലെങ്കിൽ എന്റെ എഴുത്തുകൾ ഒന്നുമല്ലെന്നും തോന്നുന്നു.

Story by
Read More >>