ആണുങ്ങള്‍ ദൈവമൊന്നുമല്ല; സ്ത്രീകൾ സുരക്ഷയ്ക്കായി അവരെ ആശ്രയിക്കണ്ട: സാനിയ മിര്‍സ

ഇത്രയും ഉയരങ്ങളില്‍ എത്തിയിട്ടും യാഥാസ്ഥിതികമായ കാഴ്ചപ്പാടുകള്‍ കാരണം താന്‍ പല ഇടങ്ങളിലും പുറത്താക്കപ്പെട്ടിട്ടുണ്ടെന്ന് ടെന്നിസ് താരം സാനിയ മിര്‍സ തുറന്നടിക്കുന്നു. ചെന്നൈയിൽ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവർ.

ആണുങ്ങള്‍ ദൈവമൊന്നുമല്ല; സ്ത്രീകൾ സുരക്ഷയ്ക്കായി  അവരെ ആശ്രയിക്കണ്ട: സാനിയ മിര്‍സ

ചെന്നൈ ഇഷ്ടമായോ?

ഞാന്‍ ചെന്നൈയ്ക്ക് അധികം വന്നിട്ടില്ല. ചെന്നൈയെപ്പറ്റി വലുതായൊന്നും അറിയുകയുമില്ല. തമിഴ്‌നാട് വളരെ ഇഷ്ടമാണ്. തെലങ്കാനയുടെ അടുത്താണല്ലോ.

താങ്കളുടെ ഫാഷന്‍ സ്റ്റേറ്റ്‌മെന്‌റ് എന്താണ്?

എന്നെ സംബന്ധിച്ചിടത്തോളം നമുക്ക് സൗകര്യമുള്ള വസ്ത്രമായിരിക്കണം. അതാണ് സൗന്ദര്യം. ഭംഗിയുള്ളതായി തോന്നണം എന്നതിനായി ഇഷ്ടമില്ലാത്ത, അസൗകര്യമുണ്ടാക്കുന്ന വസ്ത്രം ധരിക്കുന്നത് വളരെ മോശം കാര്യമാണ്. എന്നാല്‍, പ്രശസ്തയായതു കൊണ്ട് ചിലപ്പോള്‍ എനിക്ക് അങ്ങിനെ ചെയ്യേണ്ടി വരും. അല്ലാതെ വസ്ത്രത്തിനും പണത്തിനും വലിയ ബന്ധമൊന്നുമില്ല. ഉള്ളത് മനോഹരമായി അണിയണം എന്നേയുള്ളൂ.

ലോകം മുഴുവനും യാത്ര ചെയ്യുന്നുണ്ടല്ലോ. സ്ത്രീകള്‍ക്ക് സുരക്ഷയുള്ള സമൂഹമാണോയിത്?

ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ടി വരാത്ത ലോകത്ത് ജീവിക്കണമെന്നാണ് എന്‌റെ ആഗ്രഹം. ഗാന്ധി പറഞ്ഞതു പോലെ... എത്ര മണിയായാലും ഒരു പെണ്ണിനു സ്വാതന്ത്ര്യത്തോടെ സുരക്ഷയോടെ എവിടെ വേണമെങ്കിലും പോകാന്‍ കഴിയും എന്ന നിലയ്ക്ക് ഈ സമൂഹം മാറണം. ഒരു പെണ്ണ് പ്രശസ്തയാകുന്നത് വളരെ പ്രയാസമുള്ളതാണ്. എവിടെ പോയാലും ആള്‍ക്കൂട്ടം. അതില്‍ ചില വക്രബുദ്ധികള്‍ ശരീരത്തില്‍ തൊടണം എന്ന ഉദ്ദേശ്യത്തോടെ പല ശ്രമങ്ങളും നടത്തും. ഭാഗ്യത്തിനു എനിക്ക് ഇതുവരെ അങ്ങിനത്തെ അനുഭവം ഒന്നും ഉണ്ടായിട്ടില്ല. എന്നാലും വാര്‍ത്തകള്‍ കാണുമ്പോള്‍, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നടക്കുന്നത് അറിയുമ്പോഴെല്ലാം എനിക്ക് വളരെ വിഷമം തോന്നാറുണ്ട്.

നോക്കൂ, ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ വന്നിട്ട് എത്ര ഗൗരവമുള്ള വിഷയമാണ് നമ്മള്‍ സംസാരിക്കുന്നത്. പക്ഷേ, അത് സംസാരിക്കേണ്ട വിഷയം തന്നെയാണ്. സ്ത്രീകള്‍ ഭയമില്ലാത്തവരാകണം. ആണുങ്ങള്‍ ദൈവമൊന്നുമല്ല. എപ്പോഴും സുരക്ഷയ്ക്കായി അവരെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച്, തങ്ങള്‍ക്കുള്ള സുരക്ഷ തന്നത്താന്‍ ഉണ്ടാക്കണം.

സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കു അവരുടെ വസ്ത്രധാരണത്തിനും പങ്കുണ്ടെന്ന്...

വളരെ ആഴമുള്ള ചോദ്യമാണത്. അതേ സമയം വളരെ മണ്ടന്‍ കാഴ്ചപ്പാടുമാണ്. ഞാന്‍ ഒരിക്കലും സമ്മതിക്കില്ല. വസ്ത്രങ്ങള്‍ക്കപ്പുറം, ഒരു പെണ്ണായി ഇത്രയും ഉയരങ്ങളില്‍ എത്തിയ ശേഷവും പല ഇടങ്ങളിലും ഞാന്‍ പുറത്താക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ഈ മനോഭാവം മാറണം.

അടുത്തിടെ ട്വിറ്ററില്‍ 'ഫോട്ടോയില്‍ മാത്രം ചില പെണ്ണുങ്ങള്‍ സുന്ദരികളായിരിക്കും എന്നത് തെറ്റിദ്ധാരണയാണ്' എന്നെഴുതിയത് ചര്‍ച്ചയായല്ലോ...

ഹാ, അത് തമാശയ്ക്ക് ഞാന്‍ പറഞ്ഞത് ചിലര്‍ തെറ്റിദ്ധരിച്ചതാണ്. ചിലര്‍ എന്നോട് തന്നെ 'നിങ്ങള്‍ നേരിട്ട് കാണുന്നതിനേക്കാള്‍ ഫോട്ടോയില്‍ സുന്ദരിയായിരിക്കുന്നു' എന്ന് പറയാറുണ്ട്. അത് പുകഴ്ത്തലായി എടുക്കണോ? അതോ നിങ്ങളെ നേരില്‍ കാണാന്‍ കൊള്ളില്ല എന്ന് മനസ്സിലാക്കണോ? എന്ന് സംശയം വന്നപ്പോള്‍ തമാശയ്ക്ക് എഴുതിയതാണ്.

കടപ്പാട്: വികടൻ

Story by
Read More >>