ഗാന്ധിയെ വായിച്ചു സസ്യാഹാരിയായി; പിന്നെയും വായിച്ചപ്പോൾ ഇറച്ചി തിന്നു

19 വർഷം നീണ്ടു നിന്ന സസ്യാഹാര സന്യാസം ഉപേക്ഷിച്ച് ഇറച്ചി തിന്നു വി ടി ബൽറാം ഗാന്ധിയെ വിമർശിക്കുന്നു; സാത്വികനാകാൻ സസ്യാഹാരിയാകേണ്ട.

ഗാന്ധിയെ വായിച്ചു സസ്യാഹാരിയായി; പിന്നെയും വായിച്ചപ്പോൾ ഇറച്ചി തിന്നു

ഓണത്തിന് ഇറച്ചിയും കൂട്ടി സദ്യയുണ്ണുന്ന മലബാറിന്റെ മരുമോന്‍ 19 വര്‍ഷം നീണ്ടു നിന്ന സസ്യാഹാര സന്യാസം അവസാനിപ്പിച്ചു. ഫേസ് ബുക്ക് ലൈവ് ഓണ്‍ ചെയ്ത് നാട്ടുകാരെ സാക്ഷിയാക്കി വി ടി ബല്‍റാം എന്ന ജനപ്രതിനിധി തുറന്നത് ഒരു പുതിയ സമരമുഖമായിരുന്നു. ബല്‍റാം ഇനി മിശ്രഭുക്കാണ്. ഫാസിസത്തിനെതിരായ സമരത്തിലെ സഹയാത്രികന്‍. വി ടി ബല്‍റാം ഇറച്ചി കഴിക്കുന്നതു കണ്ടു കോഴിക്കോടുള്ള ഭാര്യയുടെ ബന്ധുക്കള്‍ ആഹ്ലാദത്തോടെ പറഞ്ഞു 'ങളിപ്പോ ശരിക്കും കോഴിക്കോടിന്റെ മരുമോനായി'.

വര്‍ഷങ്ങളായി തുടര്‍ന്ന ജീവിത ശൈലി ഉപേക്ഷിച്ചതിന്റെ കഥയും കാര്യങ്ങളും വി ടി ബല്‍റാം തുറന്നുപറയുകയാണ്.

എപ്പോഴാണ് ഇറച്ചി കഴിക്കുന്നത് ഒഴിവാക്കിയത്?

ഡിഗ്രി പഠനം കഴിയുന്നതുവരെ ഞാന്‍ ഇറച്ചി കഴിച്ചിരുന്നു. പിന്നെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ഇറച്ചി ഭക്ഷണം ഒഴിവാക്കിയത്.

എന്തായിരുന്നു രാഷ്ട്രീയ തീരുമാനം?

പ്യുവര്‍ വെജിറ്റേറിയനാവുകയെന്ന ഗാന്ധീയ ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു ഇറച്ചി ഭക്ഷണം ഒഴിവാക്കിയത്. പിന്നീട് വായനയിലൂടെയും അനുഭവത്തിലൂടെയും കാഴ്ചപ്പാടിലൊക്കെ മാറ്റം വന്നു. പക്ഷേ ഭക്ഷണശീലം വെജിറ്റേറിയനായി തുടരുകയായിരുന്നു.

എന്തൊക്കെത്തരത്തിലുള്ള പുസ്തകങ്ങളാണ് താങ്കളുടെ ഭക്ഷണ ശീലത്തെ മാറ്റിമറിച്ചത്?

ഡിഗ്രി പഠനകാലത്താണ് ഗാന്ധിയെ കൂടുതലായും വായിച്ചത്. മോറൽ ബേസിസ് ഓഫ് വെജിറ്റേറിയനിസം എന്ന പുസ്തകമൊക്കെ അന്നാണ് കണ്ണില്‍പ്പെട്ടത്. എന്നാല്‍ അതിലെ വാദങ്ങളെല്ലാം അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. കൂടാതെ ഗാന്ധിയന്‍ കാഴ്ചപ്പാടിന്റെ ഭാഗമായും രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഭാഗമായുമാണ് ഇറച്ചി ഭക്ഷണം ജീവിതത്തില്‍നിന്നും ഒഴിവാക്കിയത്. വീട്ടില്‍ എല്ലാവരും ഇറച്ചി കഴിക്കുന്നവരാണ്. ഭാര്യയും കഴിക്കാറുണ്ട്.

ഇറച്ചി ഭക്ഷണം ഉപേക്ഷിക്കുന്നകാലത്ത് അതിനോട് കൊതിയുണ്ടായിരുന്നില്ലേ?

അക്കാലത്ത് പോര്‍ക്കും ബീഫുമെല്ലാം കഴിക്കുമായിരുന്നു. വീട്ടില്‍ സ്ഥിരം ഇറച്ചി വാങ്ങുന്ന ശീലമൊന്നുമുണ്ടായിരുന്നില്ല. കോളേജില്‍ പഠിക്കുന്നകാലത്ത് മിക്കപ്പോഴും ഹോട്ടലില്‍നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. രാത്രി നേരത്തായിരുന്നു മിക്കപ്പോഴും വീട്ടില്‍നിന്നും കഴിച്ചിരുന്നത്.

ആദ്യമായി ബീഫ് കഴിച്ചതെപ്പോഴാണ്?

അത് കൃത്യമായി ഓര്‍മ്മയില്ല. പക്ഷേ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു. ശേഷം ആറ് വര്‍ഷത്തോളമെങ്കിലും കഴിച്ചിട്ടുണ്ടാകും.

ഇറച്ചി ഭക്ഷണം ഒഴിവാക്കിയതിനു ശേഷം എങ്ങനെയാണ് ഇറച്ചി കഴിക്കണമെന്ന പ്രലോഭനത്തെ മറികടന്നത്?

ഒരു മാസത്തേക്കായിരുന്നു ഞാന്‍ ഇറച്ചി ഭക്ഷണം ഒഴിവാക്കിയത്. പക്ഷേ അന്നേരം പ്രലോഭനത്തെയൊക്കെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. പിന്നെയത് കുറച്ചുകാലത്തേയ്ക്കുകൂടി നീട്ടിക്കൊണ്ടുപോകാമെന്നു കരുതി. ഏകദേശം മൂന്നുമാസം പിന്നിട്ടപ്പോഴേയ്ക്കും ഇറച്ചികഴിക്കണമെന്നുള്ള ആഗ്രഹമൊക്കെ നീങ്ങിയിരുന്നു. മീനും ചിക്കനും മട്ടനുമൊക്കെ വീട്ടില്‍ കറിവെക്കാറുണ്ടായിരുന്നു. പക്ഷേ ഞാന്‍ കഴിച്ചിരുന്നില്ലെന്നേയുള്ളൂ. ചിലപ്പോള്‍ ഇതേ കാരണത്താല്‍ പലപ്പോഴും ഭക്ഷണം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.

വിവാഹശേഷം ഭാര്യയ്ക്ക് താങ്കളുടെ ഭക്ഷണശീലം ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ?

ഭാര്യ ഇറച്ചി ഭക്ഷണം ഒഴിവാക്കാമെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ അത് ഞാന്‍ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. അനുപമ എന്നാണ് അവളുടെ പേര്. അദ്വൈത് മാനവ്, അവന്തിക മക്കളാണ്. കോഴിക്കോടാണ് അവളുടെ വീട് അപ്പോപ്പിന്നെ ഭക്ഷണക്രമത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. കോഴിക്കോടിന്റെ മരുമകനായതുകൊണ്ട് എന്നോട് ഇറച്ചികഴിക്കാന്‍ പറയാൻ ബന്ധുക്കളൊക്കെ അവളോട് പറയാറുണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യം താങ്കളോട് ഇറച്ചി കഴിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എത്ര ദിവസത്തെ തീരുമാനമാണ് ഇറച്ചി കഴിക്കുന്നതിനു പ്രേരിപ്പിച്ചത്?

ബീഫ്‌ നിരോധനം ഒരു രാഷ്ട്രീയ വിഷയമായി ഉയർന്നുവരുന്ന സാഹചര്യത്തിൽ വെജിറ്റേറിയനിസം ഒഴിവാക്കി സ്വയം ബീഫ്‌ കഴിച്ച്‌ തന്നെ സമരത്തിന്റെ ഭാഗമാകണമെന്ന് കുറച്ചു ദിവസങ്ങളായി മനസിലുണ്ടായിരുന്നു.

ഇറച്ചി കഴിച്ചപ്പോഴത്തെ അനുഭവമെന്തായിരുന്നു?

രണ്ട് കഷ്ണമെ അവിടെവെച്ച് കഴിച്ചുള്ളൂ. കൂടുതലൊന്നും കഴിച്ചില്ല. ഇനി വരും ദിവസങ്ങളില്‍ കഴിക്കാമല്ലോ. വെജിറ്റേറിയനാവുകയെന്നാല്‍ സാത്വികനാവുകയെന്നതാണെന്നുള്ള ബ്രാഹ്മണിക്കല്‍ മൂല്യബോധമുണ്ട്. അത് ശരിയല്ല.

അങ്ങനെയെങ്കില്‍ ഗാന്ധി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്

ഗാന്ധി ചോദ്യം ചെയ്യപ്പെടുന്നതിലെന്താണ്. സംവാദത്തിന്റെ ഭാഗമായി ഗാന്ധി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഞാനത് പലപ്പോഴും പറഞ്ഞിട്ടുണ്ടല്ലോ.

ദളിത് ചിന്തകര്‍ സസ്യാഹാരം പോലുള്ള വിഷയം ഉന്നയിച്ച് ഗാന്ധിയെ ചോദ്യം ചെയ്യുന്നുണ്ട്. പത്തൊന്‍പത് വര്‍ഷത്തെ വായനയും ഉണ്ടാകുമല്ലോ ഈ തീരുമാനത്തിനു പിന്നില്‍?

വെജിറ്റേറിയനാവുകയെന്നതാണ് കുറച്ചൂകൂടി പ്യൂരിറ്റി ജീവിതത്തിലുണ്ടാക്കാന്‍ സഹായിക്കുകയെന്ന തോന്നലാണ് ആദ്യം ഇറച്ചി ഭക്ഷണം ഒഴിവാക്കുന്നതിനായി പ്രേരിപ്പിച്ചത്. എന്നാല്‍ കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ ആ മൂല്യ ബോധത്തില്‍നിന്നും പുറത്തുകടക്കാന്‍ കഴിഞ്ഞു. യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതലായും ഇറച്ചി ഭക്ഷണം മുന്നിലെത്തിയത്. അപ്പോഴെല്ലാം അത് വേണ്ടെന്നുവെയ്ക്കുകയാണ് ചെയ്തത്.

സസ്യാഹാരം കഴിക്കുന്നത് പ്യൂരിറ്റി നല്‍കുമെന്നുള്ള കാഴ്ചപ്പാട് ഇപ്പോഴുണ്ടോ?

അത്തരമൊരു കാഴ്ചപ്പാട് ശരിയല്ല. അങ്ങനെയൊന്ന് നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് തകര്‍ക്കപ്പെടേണ്ടതുണ്ട്. പ്യൂരിറ്റിയെക്കുറിച്ച് പറയുമ്പോള്‍ കുറേ ആളുകള്‍ അതില്‍നിന്നും പുറത്തു നില്‍ക്കുന്നതായി കാണാം. അതുകൊണ്ടുതന്നെ അത്തരം കാഴ്ചപ്പാടുകള്‍ക്ക് എതിരുനില്‍ക്കുന്നതും ഒരു പ്രതിരോധമാണ്.

വീഡിയോ കാണാം