തമിഴിളക്കി മഹേഷ് ബാബു വരുന്നു: ആദ്യ തമിഴ്‌സിനിമ; സംവിധാനം മുരുഗദോസ്

തമിഴിലെ താരങ്ങള്‍ പലരും മലയാളത്തില്‍ അഭിനയിക്കും എന്നു വാഗ്ദാനം നല്‍കാറുണ്ട്. തെലുങ്കിലെ സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു തമിഴ് ജനതയോട് പറഞ്ഞ വാക്ക് പാലിക്കുന്നു- അദ്ദേഹത്തിന്റെ ആദ്യ തമിഴ് സിനിമ ഷൂട്ട് തുടങ്ങി. ഛായാഗ്രഹണം സന്തോഷ് ശിവന്‍. മഹേഷ് ബാബു ഈ അഭിമുഖത്തില്‍ സിനിമയെ പറ്റി വിശദമാക്കുന്നു.

തമിഴിളക്കി മഹേഷ് ബാബു വരുന്നു: ആദ്യ തമിഴ്‌സിനിമ; സംവിധാനം മുരുഗദോസ്

തെലുങ്ക് സിനിമയിൽ 'പ്രിൻസ്' എന്നാണ് മഹേഷ് ബാബുവിന്റെ ചെല്ലപ്പേര്. തമിഴ് സൂപ്പർ താരം വിജയുടെ ഗിള്ളി, പോക്കിരി സിനിമകൾ തെലുങ്കിൽ മഹേഷ് ബാബു അഭിനയിച്ച ഹിറ്റ് സിനിമകളാണ്. മൊഴിമാറ്റത്തിലൂടെ കേരളക്കരയിലും മുഖം കാണിച്ചിട്ടുണ്ട് മഹേഷ് ബാബു. ഇപ്പോൾ ആദ്യമായി ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഈ തെലുങ്ക് സൂപ്പർ താരം. ഏ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സ്പൈഡർ എന്ന സിനിമയുടെ തിരക്കിലാണ് അദ്ദേഹം.

വിജയുമൊത്ത് സിനിമ ചെയ്യുന്നതായി കേട്ടിരുന്നല്ലോ?

അതേ, ഞാന്‍ വിജയുടെ സുഹൃത്താണ്. അദ്ദേഹവുമൊത്ത് സിനിമ ചെയ്യാൻ അവസരം വന്നിരുന്നു. മണി രത്നം സിനിമയായിരുന്നു. പക്ഷേ, ആ സിനിമ മുടങ്ങിപ്പോയി. ഞാനും വിജയും ഒന്നിച്ച് അഭിനയിക്കണമെങ്കില്‍ കഥ പ്രധാനമാണ്. അതിനേക്കാള്‍ പ്രധാനമാണ് ഞങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധായകന്‍. എനിക്ക് അറിയാവുന്നതില്‍ ഇപ്പോള്‍ അതിനു കഴിവുള്ള ആള്‍ ഏ ആര്‍ മുരുഗദോസ് ആണ്.

താങ്കളെ ചെന്നൈ പയ്യന്‍ എന്ന് വിളിക്കുന്നുണ്ടല്ലോ?

ഏതാണ്ട് ഞാന്‍ ചെന്നൈ പയ്യനാണ്. ചേട്ടന്‍, ചേച്ചിമാര്‍, ഞാന്‍, അനിയത്തി എല്ലാവരും ജനിച്ച് വളര്‍ന്നത് ചെന്നൈയിലാണ്. ഞങ്ങളുടെ വീട് ടി നഗറില്‍ ശിവാജി സാറിന്‌റെ വീടിന്‌റെ എതിര്‍വശത്തായിരുന്നു. പിന്നെ ലയോള കോളേജ്. അങ്ങനെ ചെന്നൈയില്‍ 25 വര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഹൈദരാബാദിലേയ്ക്ക് മാറിയിട്ട് 15 വര്‍ഷങ്ങളേ ആയിട്ടുള്ളൂ. സെയിന്‌റ് പീറ്റ്‌സില്‍ പഠിക്കുമ്പോള്‍ സൂര്യ, കാര്‍ത്തി, കാര്‍ത്തിക് രാജ, യുവന്‍ എല്ലാവരും എന്‌റെ സ്കൂള്‍ മേറ്റ്‌സ് ആയിരുന്നു. അവിടെ ഞാന്‍ തെലുങ്ക് സിനിമാതാരം കൃഷ്ണയുടെ മകനാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഞാന്‍ പറയാനും പോയില്ല. അങ്ങിനെ പറയുന്നത് എനിക്കിഷ്ടമല്ല. അപ്പാ എന്നെ അങ്ങിനെയാണ് വളര്‍ത്തിയത്.

സ്‌കൂളില്‍ 'ദളപതി' സിനിമയുടെ പ്രത്യേക സ്‌ക്രീനിംഗ് ഉണ്ടായിരുന്നു. എന്ത് സിനിമാട്ടോഗ്രഫിയെന്ന് അതിശയിച്ചു പോയി. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രാഹകന്‍ എന്ന് പിന്നീടാണ് അറിഞ്ഞത്. അന്ന് എന്നെ അതിശയിപ്പിച്ച സന്തോഷ് ശിവന്‍ അണ് ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന മുരുഗദോസ് സിനിമയുടെ ഛായാഗ്രഹണം. അന്നത്തെ അതേ അത്ഭുതം ഇപ്പോഴും ഉണ്ട്.

മനസ്സില്‍ ഇത്രയും അടുപ്പമുള്ള ചെന്നൈ മിസ് ആകുന്നില്ലേ?

ധാരാളം. പഴയ കൂട്ടുകാരെയെല്ലാം മിസ് ചെയ്തിരുന്നു. അങ്ങിനെയാണ് ചെന്നൈയും. ഇപ്പോള്‍ വന്ന് നോക്കുമ്പോള്‍ ധാരാളം മാറ്റങ്ങള്‍. പുതിയ നാട് പോലെയുണ്ട്. ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചിരുന്ന ഗ്രൗണ്ടെല്ലാം കാണാനില്ല. ഞാന്‍ വന്നില്ലേ, ഇനി കൂട്ടുകാരെയാല്ലെ തേടിപ്പിടിക്കണം.

സിനിമയിലേയ്ക്ക് വരുമെന്ന് അന്നേ തീരുമാനിച്ചിരുന്നോ?

അതെ, എല്ലാം തീരുമാനിച്ച അപ്പായ്ക്ക് നന്ദി പറയണം. ബാലതാരമായി പന്ത്രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്. അതില്‍ ചിലത് വലിയ ഹിറ്റുകള്‍ ആയിരുന്നു. എല്ലാം എന്‌റെ വേനലവധിയ്ക്ക് അഭിനയിച്ചവ. ഒരു സിനിമയുടെ ഷൂട്ടിംഗ് ജൂണ്‍, ജൂലൈയില്‍ ആയിപ്പോയി. അങ്ങിനെ ഒരു വര്‍ഷം പഠനം മുടങ്ങി. അപ്പോള്‍ 'പഠിത്തം കഴിഞ്ഞിട്ട് വന്ന് അഭിനയിക്ക്. ഇപ്പോള്‍ വേണ്ട' എന്ന് അപ്പാ പറഞ്ഞു.

1996 മുതല്‍ 1998 വരെ ലയോള കോളേജില്‍ ഡിഗ്രി പഠനം. അപ്പോഴാണ് രണ്ട് വര്‍ഷത്തില്‍ നീ ഹീറോ ആകാന്‍ പോകുകയാണെന്ന് അപ്പാ പറഞ്ഞത്. അപ്പോള്‍ എനിക്ക് തടി അധികമായിരുന്നു. തടി കുറയ്ക്കുന്നത് എന്‌റെ പ്രധാനലക്ഷ്യമായിത്തീര്‍ന്നു. 1999 ല്‍ ഞാന്‍ നായകനായി അരങ്ങേറി. രാഘവേന്ദ്ര ആയിരുന്നു എന്‌റെ ആദ്യത്തെ സംവിധായകന്‍. അപ്പോള്‍ എനിക്ക് തമിഴ്, തെലുങ്ക് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കിലും വായിക്കാന്‍ അറിയുമായിരുന്നില്ല. കാരണം, അന്ന് സ്‌കൂളില്‍ എന്‌റെ സെക്കന്‌റ് ലാങ്വേജ് ഹിന്ദി ആയിരുന്നു. തെലുങ്കില്‍ എന്‌റെ ഡയലോഗുകള്‍ മനഃപാഠമാക്കി പറയും. അങ്ങിനെയാണ് എല്ലാം തുടങ്ങിയത്.


ചെന്നൈയില്‍ 25 വര്‍ഷം ഉണ്ടായിരുന്നു. ആദ്യം ഒരു തമിഴ് സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നിയില്ലേ?

സത്യം പറഞ്ഞാല്‍, അപ്പോള്‍ എന്‌റെ ഫോക്കസ് മുഴുവനും തെലുങ്ക് സിനിമയില്‍ ആയിരുന്നു. കാരണം, അപ്പാ അവിടെയായിരുന്നു. ഞാന്‍ ബാലതാരമായിരുന്നതും അവിടെയാണ്. തെലുങ്ക് സിനിമ ചെയ്യണമെന്ന് തന്നെയായിരുന്നു മനസ്സില്‍. 'ഒക്കഡു' കഴിഞ്ഞപ്പോള്‍ തമിഴില്‍ നിന്നും ധാരാളം സംവിധായകര്‍ വിളിക്കാന്‍ തുടങ്ങി. മണി രത്‌നവും പൊന്നിയിന്‍ ശെല്‍വന് അപ്പോഴാണ് വിളിച്ചത്. എനിക്ക് തമിഴ് സിനിമയില്‍ അഭിനയിക്കണമെന്ന ചിന്തയില്ലായിരുന്നു.


ഒരേ സമയം തമിഴിലും തെലുങ്കിലും വരുന്ന സിനിമയാണെങ്കില്‍ നോക്കാമെന്നായിരുന്നു. കാരണം, തെലുങ്കില്‍ ഞാന്‍ അറിയപ്പെടുന്ന നടനാണ്. അങ്ങിനെയിരിക്കുമ്പോള്‍ തമിഴില്‍ മാത്രം ചെയ്താല്‍ ഫോക്കസ് ഷിഫ്റ്റ് ആകും. അപ്പോഴാണ് ഈ കഥയുമായി മുരുഗദോസ് വരുന്നത്. വളരെ സന്തോഷമായി. എന്‌റെ ആദ്യത്തെ തമിഴ് സിനിമയില്‍ മുരുഗദോസിനെ കിട്ടിയതില്‍.


താങ്കളുടെ ഇത്രയും വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ മാത്രം എന്താണ് മുരുഗദോസിന്‌റെ കഥയില്‍ ഉള്ളത്?

ഞാന്‍ 'ശ്രീമന്തുഡു'വില്‍ അഭിനയിക്കുമ്പോള്‍ അവിടെ വന്ന അദ്ദേഹം ഒന്നര മണിക്കൂര്‍ നേരം ഈ കഥ പറഞ്ഞു. കേട്ടതും ഞാന്‍ സമ്മതിച്ചു. അത്രയ്ക്ക് ഇഷ്ടപ്പെട്ടു. അദ്ദേഹം അന്ന് പറഞ്ഞതെല്ലാം സ്‌ക്രീനില്‍ ഉണ്ട്. എന്നെപ്പോലെ ഒരു താരത്തിനെ തെലുങ്കിലും ചേര്‍ക്കുമ്പോള്‍ നല്ല ബാലന്‍സ് വേണം. കാരണം, ഇത് വലിയ ബജറ്റ് സിനിമയാണ്.

ഒക്കഡു, പോക്കിരി തുടങ്ങിയ ചില സിനിമകള്‍ തമിഴില്‍ റീമേക്ക് ആയിട്ടുണ്ട്. അതുപോലെ തമിഴ് സിനിമകള്‍ തെലുങ്കില്‍ റീമേക്ക് ചെയ്ത് അഭിനയിക്കാന്‍ പദ്ധതിയുണ്ടോ?

തുടക്കം മുതലേ എനിക്ക് റീമേക്കില്‍ വിശ്വാസമില്ല. റീമേക്ക് ചെയ്യരുതെന്ന പക്ഷക്കാരനാണ് ഞാന്‍. ഒരു സിനിമ കണ്ടിട്ട് അതു തന്നെ ചെയ്യണമെങ്കില്‍ വലിയ ഉഷാറുണ്ടാവില്ല. ഷൂട്ടിംഗ് നടക്കുമ്പോള്‍ പുതിയത് എന്തെങ്കിലും പഠിക്കണം എന്നാണ് എന്‌റെ ആഗ്രഹം.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 50 വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വന്നവരാണ് ഭരണം നടത്തുന്നത്. ആന്ധ്രയിലും അതുപോലെയൊക്കെ തന്നെ. താങ്കള്‍ക്ക് രാഷ്ട്രീയത്തില്‍ നിന്നും ക്ഷണം വന്നിട്ടുണ്ടോ?

രാഷ്ട്രീയം എനിക്ക് മനസ്സിലാവില്ല. എനിക്കറിയാത്ത വിഷയമാണത്. അറിയാത്ത വിഷയത്തെപ്പറ്റി സംസാരിക്കരുത് എന്നല്ലേ. തുടക്കം മുതലേ സിനിമ...സിനിമ, സിനിമ.. മാത്രമേയുള്ളൂ. എന്നാല്‍, തെരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഷ്ട്രീയത്തില്‍ നിന്നും വിളികള്‍ വരും. അപ്പോള്‍ രണ്ട് മാസത്തേയ്ക്ക് എങ്ങോട്ടെങ്കിലും മുങ്ങും. അപ്പോള്‍ അവര്‍ എന്നെ വെറുതേ വിടും.


കടപ്പാട്: വികടൻ

Read More >>