കന്നുകാലി വധനിരോധനത്തെ അനുകൂലിച്ചു നടന്‍ ശ്രീനിവാസന്‍; ക്ഷീര/ഹരിത വിപ്ലവങ്ങള്‍ ഇന്ത്യക്ക് ആവശ്യമില്ലായിരുന്നു

ഇന്ത്യന്‍ ബ്രീഡ് പശുക്കളും കാളകളുമടങ്ങുന്ന കന്നുകാലികളെയാണ് ഇപ്പോള്‍ കൂടുതലായി അറവുശാലകളില്‍ കൊല്ലപ്പെടുന്നത്. അതിനാല്‍ നമ്മുക്കുണ്ടാകുന്ന നഷ്ടം നമ്മള്‍ മനസിലാക്കിയിട്ടില്ല. ഒരു നാടന്‍ പശുവിന്റെ ചാണകത്തില്‍ നിന്നും 30 ഏക്കറോളം ജൈവകൃഷി ചെയ്യാമെന്നു സുഭാഷ്‌ ഫലേക്കറിന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്- നാരദ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവേലുമായി സംവിധായകന്‍ ശ്രീനിവാസന്‍ നടത്തിയ അഭിമുഖം.

കന്നുകാലി വധനിരോധനത്തെ അനുകൂലിച്ചു നടന്‍ ശ്രീനിവാസന്‍; ക്ഷീര/ഹരിത വിപ്ലവങ്ങള്‍ ഇന്ത്യക്ക് ആവശ്യമില്ലായിരുന്നു

കന്നുകാലി വധനിരോധനത്തെ ഏതു നിലയില്‍ ഉള്‍ക്കൊള്ളുന്നു?

ഇത് കേന്ദ്രസര്‍ക്കാര്‍ പഠിച്ചെടുത്ത ഒരു തീരുമാനമാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ ബ്രീഡ് പശുക്കളും കാളകളുമടങ്ങുന്ന കന്നുകാലികളെയാണ് ഇപ്പോള്‍ കൂടുതലായി അറവുശാലകളില്‍ കൊല്ലപ്പെടുന്നത്. അതിനാല്‍ നമ്മുക്കുണ്ടാകുന്ന നഷ്ടം നമ്മള്‍ മനസിലാക്കിയിട്ടില്ല. ഒരു നാടന്‍ പശുവിന്റെ ചാണകത്തില്‍ നിന്നും 30 ഏക്കറോളം ജൈവകൃഷി ചെയ്യാമെന്നു സുഭാഷ്‌ ഫലേക്കറിന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. കന്നുകാലി വധനിരോധനം സൃഷ്ടിക്കാന്‍ പോകുന്ന വ്യാവസായിക നഷ്ടത്തെക്കുറിച്ച് എനിക്കറിയില്ല. കെമിക്കല്‍സ് അടങ്ങിയ വളം ഉപയോഗിച്ചുള്ള കൃഷി രീതിയില്‍ 10-15 വര്ഷം കഴിയുമ്പോള്‍ മണ്ണിന്റെ സ്വാഭാവികതയെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന രീതിയിലേക്ക് കൊണ്ടെത്തിക്കും. അതിനാല്‍ ജൈവകൃഷിയാണ് ഇവിടെ ആവശ്യം. അതിനു ഇത്തരം മൃഗങ്ങളെ കൊല്ലാതെയിരിക്കണം.

അപ്പോള്‍ രാജ്യത്തുണ്ടായ ഹരിത/ക്ഷീര വിപ്ലവത്തെ താങ്കള്‍ എതിര്‍ക്കുകയാണോ?

ഇവ രണ്ടും ഇന്ത്യയ്ക്ക് ആവശ്യമില്ലാത്തവയായിരുന്നു. മലയാളിയായ എം.എസ്.സ്വാമിനാഥനാണല്ലോ ഹരിതവിപ്ലവം കൊണ്ടുവന്നത്. ഇക്കാര്യത്തില്‍ അദ്ദേഹം ഇപ്പോള്‍ ദുഖിതനാണ് എന്ന് ആരോ പറഞ്ഞു അറിയാന്‍ കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം ചെറിയ രീതിയില്‍ ജൈവകൃഷി ചെയ്യുന്നു എന്നും അറിയാന്‍ കഴിഞ്ഞു.

മലയാളിയായ വര്‍ഗ്ഗീസ് കുര്യനാണ് ഇന്ത്യയില്‍ ക്ഷീരവിപ്ലവം സൃഷ്ടിച്ചത്. ഇതും ഒരു ആവശ്യമുള്ള കാര്യമായിരുന്നില്ല. ഗുജറാത്തിലെ ഗീര്‍ പശുക്കള്‍ രണ്ടെണ്ണം എന്റെ വീട്ടിലുണ്ട്. ഓരോന്നും 15 ലിറ്റര്‍ വീതം പാല്‍ നല്‍കുന്നു. അങ്ങനെയുള്ള ഇനങ്ങള്‍ ഇവിടെയുള്ളപ്പോള്‍ നമ്മുക്കെന്തിനാണ് ഇവിടെ വിദേശയിനങ്ങളുടെ ആവശ്യമുള്ളത്? മാത്രമല്ല, നമ്മുടെ കാലവസ്ഥയ്ക്കും ജീവിതരീതിക്കും യോജിക്കാന്‍ പ്രയാസമുള്ള ഇവയുടെ പാല് കുടിച്ചാണ് മലയാളിക്ക് ഇത്രയധികം ഡയബറ്റിക്സ്‌ ഉണ്ടാകുന്നത്.ഇനി

നമ്മുടെ വെച്ചൂര്‍ പശുവിന്റെ കാര്യമെടുക്കാം. ഒരു ലിറ്റര്‍ പാലായിരിക്കും ഇതില്‍ നിന്നും ലഭിക്കുക, പക്ഷെ അവയുടെ ഗുണം മറ്റൊന്നിന്നും ഉണ്ടാകില്ല. നാടന്‍ ഇനമാണ്. ഇന്ത്യയില്‍ നിന്നും കാളകളെയും പോത്തിനെയും മറ്റും ബ്രസീലില്‍ എത്തിച്ചു ബ്രീഡ് ചെയ്യുന്ന വ്യവസായം നടക്കുന്നുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ നമ്മളായിട്ട് ഇന്ത്യന്‍ ഇനത്തില്‍ പെട്ട കന്നുകാലികളുടെ നാശത്തിനു ഇടയാക്കുന്നതെന്തിന്.

പേരാമ്പ്രയില്‍ നിന്നുള്ള ഒരു ബഷീറില്‍ നിന്നാണ് ഗീര്‍ പശുക്കളെ ഞാന്‍ വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ഈ പശുക്കളെ ഗുജറാത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരാന്‍ സമ്മതിക്കില്ല. അതുപോലെയെല്ലാം നമ്മുടെ വെച്ചൂര്‍ പശുക്കളും സംരക്ഷിക്കപ്പെടണം.

ഹരിത/ക്ഷീര വിപ്ലവങ്ങള്‍ ഉണ്ടായതിന് ശേഷമല്ലേ ഇന്ത്യയ്ക്കു ഭക്ഷ്യസ്വയംപര്യാപ്തത കൈവരിച്ചത്?

അതൊരു തെറ്റായ ധാരണയാണ്. നമ്മള്‍ വിദേശയിനത്തിന്റെ പിന്നാലെ പോയതാണ് തെറ്റ് വരുത്തിയത്. പതുക്കെപ്പതുക്കെ നമ്മള്‍ തിരിച്ചുവന്നു കൊണ്ടിരിക്കുന്നു. ജൈവരീതിയിലുള്ള കീടനാശിനികള്‍ ഉപയോഗിച്ചുള്ള ഭക്ഷ്യസുരക്ഷയുണ്ടാകണം.തൃശ്ശൂര്‍ മണ്ണൂത്തിയിലുള്ള കാര്‍ഷികസര്‍വ്വകലാശാലയ്ക്കു സമീപം പല വീടുകളില്‍ ചെടികളുടെ വ്യവസായം നടക്കുന്നുണ്ട്. ഇതിനു സമീപപ്രദേശത്തുള്ള 50% ആളുകളും ക്യാന്‍സര്‍ ബാധിതരാണ്. കെമിക്കല്‍സ് അടങ്ങിയ കീടനാശിനികള്‍ ഉപയോഗിക്കുന്നതാണ് കാരണം.

സന്ദേശം സിനിമയിലെ രാഷ്ട്രീയത്തിനു ഇന്ന് എന്തെങ്കിലും മാറ്റമുണ്ടായതായി കരുതുന്നുണ്ടോ?

ആ സിനിമയില്‍ ഞാന്‍ പറയേണ്ടതായിരുന്ന ഒരു പ്രധാനകാര്യം വിട്ടുപോയി എന്ന് തോന്നിയിട്ടുണ്ട്. അത് അഴിമതിയാണ്! അന്ന് അങ്ങനെയൊരു സിനിമ എടുക്കുമ്പോള്‍ അഴിമതി ഇത്രയും വലിയൊരു വിഷയമായിരുന്നില്ല. ഇന്ന് പക്ഷെ രാഷ്ട്രീയം ഏറ്റവും മികച്ച ഒരു തൊഴിലായി മാറിയിരിക്കുന്നു. അഴിമതിയുടെ കാര്യത്തില്‍ കമ്മ്യുണിസ്റ്റെന്നൊ കോണ്‍ഗ്രസ് എന്നോ ബി.ജെ.പിയെന്നോ ഇല്ല. എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇവരെല്ലാം കാണിച്ചുകൂട്ടുന്ന വേലകള്‍ പാവം പിടിച്ച പാര്‍ട്ടിപ്രവര്‍ത്തകര്‍ അറിയുന്നില്ല.കേരളത്തിലെ കമ്മ്യുണിസ്റ്റ് നേതാക്കന്മാര്‍ ഒരു കാലത്ത് പറഞ്ഞിരുന്നത്- കേരളം ബംഗാളിനെ പോലെ ചുവപ്പിക്കും എന്നാണ്. ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി ബംഗാള്‍ എന്തായിരുന്നു എന്ന്. ഇപ്പോള്‍ കേരളത്തില്‍ എന്തിനും ഏതിനും ബംഗാളികള്‍ വേണമെല്ലോ. കേരളത്തില്‍ തേങ്ങയെക്കാള്‍ ഡിഗ്രിക്കാരുണ്ടെന്നു ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു. അന്ന് തേങ്ങ ഇടാന്‍ മലയാളിയെ കിട്ടുമായിരുന്നു. ഇന്ന് ബംഗാളികള്‍ വേണം. കേരളത്തിന്റെ രാഷ്ട്രീയം സമൂഹത്തില്‍ എന്തു മാറ്റമാണ് കൊണ്ടുവന്നതെന്ന് ചിന്തക്കണം. വിദേശത്തു ഇതിലും കുറഞ്ഞ വേതനത്തില്‍ ഏതു ജോലിയും ചെയ്യാന്‍ നമ്മള്‍ തയ്യാറാകുന്നു. പക്ഷെ ഇവിടെ അത് ചെയ്യില്ല. ഞാന്‍ അമേരിക്കയില്‍ പോയപ്പോള്‍ സൂട്ടും കോട്ടും ധരിച്ചു ഹോട്ടലില്‍ ക്ലീനിംഗിന് നില്‍ക്കുന്ന മലയാളിയെ കണ്ടിട്ടുണ്ട്. അവര്‍ക്കതില്‍ യാതൊരു കുഴപ്പവും ഇല്ല. അപ്പോള്‍ മലയാളി പഠിച്ചതിന്റെ കുഴപ്പമല്ല, സമൂഹത്തിന്റെ കുഴപ്പമാണ്.

നമ്മുടെ തൊഴിലിടങ്ങളിലെ വകഭേദങ്ങള്‍ ജാതിവ്യവസ്ഥയില്‍ നിന്നും ഉണ്ടായതല്ലേ. അതിനെ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തണോ?

ഞാന്‍ മനുസ്മൃതി വായിച്ചിട്ടുണ്ട്. വൃത്തിക്കെട്ട ഒരു പുസ്തകം! ഞാനതെടുത്ത് ദൂരെയെറിഞ്ഞു. ബ്രാഹ്മണന്‍മാര്‍ക്ക് ഏറ്റവും നല്ല പദവിയും തൊഴിലും നല്‍കി, ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഉന്നതമായവയെല്ലാം അവര്‍ക്ക് മാത്രം. ബാക്കിയുള്ളതെല്ലാം ജാതിയമായി തരം താഴ്ത്തി തിരിച്ചു നല്‍കിയിരിക്കുന്നു. ഇതെല്ലാം മലയാളി വിദ്യാഭാസത്തിലൂടെ വേണം മാറ്റിയെടുക്കാന്‍.

നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ് തുടങ്ങിയ സിനിമകളിലൂടെ താങ്കള്‍ തൊഴിലില്ലായ്മയുടെ പ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടുവാന്‍ ശ്രമിച്ചിട്ടുണ്ടെല്ലോ.പക്ഷെ ഇന്നത്തെ സിനിമകളില്‍ സാമൂഹികപ്രസക്തമായ ഒന്നും ഇല്ലെന്നു തോന്നിയിട്ടില്ലേ?

അതിനു കാരണമുണ്ട്. കേരളത്തില്‍ ഇപ്പോള്‍ തൊഴിലില്ലായ്മ എന്നൊന്നില്ല. ഇപ്പോഴത്തെ തലമുറയ്ക്ക് പൊതുവേ രാഷ്ട്രീയത്തിനോട് വെറുപ്പാണ്. അവര്‍ അഴിമതി കണ്ടുവളര്‍ന്നു. അഴിമതിയൊന്നും അവര്‍ക്കൊരു ഭീമമായ പ്രശ്നമേയല്ല. അങ്ങനെയുള്ളപ്പോള്‍ സമൂഹികപ്രസക്തമായ സിനിമകളും അവര്‍ക്കുണ്ടാകുന്നില്ല. സമീപകാലത്തിറങ്ങിയ മെക്സിക്കന്‍ അപാരതയില്‍ സാമൂഹികപ്രസക്തമായ കാര്യങ്ങള്‍ ഉണ്ടായിരുന്നു. ജനം അത് സ്വീകരിക്കുകയും ചെയ്തു.

മെക്സിക്കന്‍ അപാരതയില്‍ പക്ഷെ പഴയകാല സംഭവങ്ങള്‍ അല്ലെ ഉണ്ടായിരുന്നത്. മഹാരാജാസില്‍ പണ്ടുണ്ടായിരുന്ന കെ.എസ്.യു-എസ്.എഫ്.ഐ പ്രശ്നങ്ങള്‍ അല്ലെ. അത് പുതിയ കഥയല്ലെല്ലോ ?

അതാണ്‌ പറഞ്ഞത്. അന്നുണ്ടായ ഒരു പ്രശ്നം ഇന്ന് പറഞ്ഞപ്പോഴും കേള്‍ക്കാന്‍ ആളുണ്ടാകും എന്ന് തെളിഞ്ഞില്ലേ. സാമൂഹികപ്രസക്തമായ വിഷയങ്ങള്‍ ഉണ്ടെങ്കില്‍ കേള്‍ക്കാനും കാണാനും പ്രതികരിക്കാനും ആളുണ്ടാകും.

Story by