വേനൽച്ചൂട് കത്തുമ്പോൾ വീട്ടിൽ പാമ്പെത്താം: മൂർഖനായാലും പേടി വേണ്ട; സസ്നേഹം ലൈജു

വേനൽച്ചൂട് കത്തിപ്പിടിക്കുകയാണ്. വെള്ളത്തിനും തണലിനും നെട്ടോട്ടമോടുന്നതു മനുഷ്യർ മാത്രമല്ല. മനുഷ്യന്റെ വാസസ്ഥലങ്ങളാണെന്നതു കൊണ്ടുമാത്രം അവിടങ്ങളിൽ 'ഭൂമിയുടെ അവകാശികൾ' അഭയംതേടാതിരിക്കുന്നുമില്ല. പാമ്പുപിടുത്തക്കാരനായി ജീവിതം സാഹസപ്പെടുത്തിയും, പരിസ്ഥിതികജീവിതം പ്രവർത്തിച്ചു കാണിക്കുന്ന ലൈജു പാമ്പുപേടി പടരുന്ന കാലത്തു പാമ്പുകളുടെ ജീവിതം പറയുന്നു.

വേനൽച്ചൂട് കത്തുമ്പോൾ വീട്ടിൽ പാമ്പെത്താം: മൂർഖനായാലും പേടി വേണ്ട; സസ്നേഹം ലൈജു

വനം വകുപ്പിനുകീഴിൽ കോഴിക്കോട് മാത്തോട്ടത്തു പ്രവർത്തിക്കുന്ന 'വനശ്രീ' ഓഫീസിലൊന്നു പോയി നോക്കിയാൽ മണിക്കൂറിടവേളപോലുമില്ലാതെ ഫോൺവിളിയോ ആളുതിരഞ്ഞെത്തലോ കാണാം. പരാതി ഒന്നു തന്നെ - വീട്ടിൽ പാമ്പ്. കുഞ്ഞിന്റെ തൊട്ടിലിനു താഴെ, അടുക്കള നിലത്ത് പാത്രം വെയ്ക്കുന്ന തിണ്ണയിൽ, കുളിമുറിയിൽ അലക്കുകല്ലിനടിയിൽ, ഉമ്മറവരാന്തയിലെ പടവിൽ എവിടെയുമാവാം.

ഫോൺ വിളിക്കാർക്കും തിരഞ്ഞെത്തലുകാർക്കും പരമാവധി അരമണിക്കൂറേ ആകാംക്ഷപ്പെട്ടു നിൽക്കേണ്ടിവരൂ. അതിനകം അവിടെ നിന്നൊരു ഫോൺവിളി പറക്കും. ആ ഫോണിനറ്റത്ത് ഉണ്ടാവുക പന്നിയങ്കരക്കാരൻ ലൈജു അല്ലെങ്കിൽ കോട്ടൂളിക്കാരൻ ഗിരീഷ്. വനം വകുപ്പാപ്പീസിനു തൊട്ടടുത്തായതിനാൽ മിക്കവാറും അത് ലൈജുവിനുള്ള ഊഴമായിത്തീരും..

വനശ്രീയിൽനിന്ന് ഫോണെത്തുമ്പോൾ, ഊണു കഴിച്ചു കൊണ്ടിരിക്കെയെങ്കിൽ ഭാര്യ ഷിജിനയോട് കണ്ണാംഗ്യം കാണിച്ച് പാത്രം നീക്കിവെച്ച് കൈ കഴുകിയെന്നു വരുത്തും; ഉറക്കത്തിലാണെങ്കിൽ മക്കളായ ആതിരയും ആകാശും ഉണരാതെ ഷിജിനയെ മാത്രമൊന്നുണർത്തിപ്പറയും. പന്നിയങ്കര റെയിലിനു പടിഞ്ഞാറുവശത്തെ 'ലീലാലയ'ത്തിൽ നിന്നും കെഎൽ 11 എ എച്ച് 342 ബൈക്ക് പുറപ്പെട്ടുകഴിയും..

പുറത്തെ സഞ്ചിയിലായി നെറ്റിയിൽ പിടിപ്പിക്കുന്ന സേർച്ച് ലൈറ്റും, ബൈക്കിന്റെ മുന്നിലെയും പിന്നിലെയും ഫൂട്ട് റെസ്റ്റുകളിലായി അവയിലൊതുങ്ങും പാകത്തിൽ സ്വയം രൂപകല്പന ചെയ്ത വളഞ്ഞ അറ്റക്കൊളുത്തുള്ള പണിക്കോലും കൂടെ സഞ്ചരിക്കും. വേറെയാളുമില്ല കോളുമില്ല കൂട്ട്..

വാവ സുരേഷിനെപ്പോലെ പ്രസിദ്ധനായിനിന്ന, അതിനിടെ പാമ്പുകടിയേറ്റ് വർഷത്തിലേറെക്കാലത്തെ ചികിത്സയിൽ കഴിയവെ മരിച്ചുപോയ ബേപ്പൂർ സജീവന്റെ ഉത്തമ ശിഷ്യൻ. ഏഴാം ക്ലാസിലെ വേനലവധിക്കാലത്ത് തിരൂരിലെ മാമന്റെ വീട്ടിലെ എരുമത്തൊഴുത്തിൽക്കണ്ട ചേരയെ തച്ചുകൊന്ന് വീരനായവൻ, മാമൻ ലോകക്കാഴ്ചയെ തലതിരിച്ചിട്ടുകൊടുത്തു.

"കയ്യും കാലും അതിലൊക്കെ അയ്യഞ്ചു വിരലും അതിലൊക്കെയും നഖങ്ങളുമുള്ള നീയെന്തിനാടാ അതൊന്നുമില്ലാത്തൊരു പ്രാണിയോട് ഇച്ചെയ്ത്തു ചെയ്തത്?"

പിന്നെയീ നാല്പതു പിന്നിട്ട കാലംവരെയും മിണ്ടാപ്രാണികളെ വേദനിപ്പിച്ചിട്ടില്ല ലൈജു. അമ്മ കുഞ്ഞുന്നാളിൽ പറഞ്ഞു കൊടുത്ത കഥകൾതൊട്ട്, വീട്ടിനുചാരെയുള്ള രാമകൃഷ്ണാശ്രമത്തിൽനിന്നു കിട്ടിയ പുസ്തകങ്ങൾതൊട്ട്, ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രകൃതിപഠന ഗ്രന്ഥങ്ങൾ വരെയെല്ലാറ്റിലും ജീവകാരുണ്യത്തിന്റെ കാമ്പുമാത്രമാണ് ലൈജു പിന്നെ കണ്ടത്.

ആശാരിപ്പണിക്കാരനായി ഉപജീവനം തേടിത്തുടങ്ങിയപ്പൊഴും പഴയ പശ്ചാത്താപം പക്ഷെ, അവനിൽ ചുരമാന്തി നിന്നു. വെസ്റ്റ്ഹില്ലിലെ എഫ്.സി.ഐ. ഗോഡൗണിനരികിലെ പണിസ്ഥലത്തു നിന്നും പണി പിരിഞ്ഞുവരുമ്പോൾ 'സാംപ്.. സാംപ് ' എന്നലറി വിളിച്ചോടിയ ബംഗാൾ തൊഴിലാളികൾ വിരൽ ചൂണ്ടിക്കാണിച്ച മുയൽച്ചെവിക്കൂട്ടത്തിൽനിന്നും ലൈജു ആദ്യമായൊരു പാമ്പിനെ വാലിൽ പിടിച്ചുയർത്തി. നല്ലൊരു അണലിപ്പാമ്പ്. മേലേക്ക് ചുറ്റിപ്പിണയാൻ തുടങ്ങിയ അണലിയെ ദൂരെ ആളൊഴിഞ്ഞ പറമ്പിലേക്ക് പരമാവധി സൗമ്യതയോടെ, 'ജീവിയ്ക്ക്' എന്നെറിഞ്ഞുകൊടുത്ത് ലൈജു സ്വയം ഒരു പാമ്പുപിടുത്തക്കാരനായി മാറി, ജീവിതത്തിലാദ്യമായി.

പിന്നെ, പല വഴികളിൽ നിന്നും വിളികളായി. അത് ചോരയിൽ കാത്തുനിന്ന ജീവിതവഴിയായി. തുടരാൻ നിവൃത്തിയില്ലാതെ ആശാരിപ്പണി വഴിമാറി. വനം വകുപ്പ് കൊടുക്കുന്ന പ്രതിദിന 320 രൂപ എങ്ങും തികഞ്ഞില്ലെങ്കിലും ജീവനോപാധിയായി മാറി.

അങ്ങനെ ഇരുപതു വർഷം പിന്നിട്ട ലൈജുവിന്റെ പാമ്പുജീവിതം നമ്മളോടൊക്കെ പറയാനാഗ്രഹിക്കുന്നത് ഒറ്റക്കാര്യമാണ്.

"പാമ്പുകളെ ഭയക്കണ്ട, അവയെ അപായപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ അവ പാവങ്ങളാണ്. അവയും അവയ്ക്ക് ഇരകളായ തവളയും എലിയും മരപ്പട്ടിയും പല്ലിയുമൊക്കെച്ചേർന്ന ജീവിതചക്രത്തിലാണ് മനുഷ്യന്റെയും ജീവിതവും രക്ഷയും. അവയെ ദ്രോഹിക്കരുത്."

വേനൽച്ചൂടിൽ വഴിതെറ്റിയോ തണുപ്പു തേടിയോ പാമ്പ് അകത്തെത്തിയ ലേഖകന്റെ വീട്ടിൽ, പാമ്പിപ്പോഴും അകത്താണോ പുറത്തുപോയോ എന്ന തീരാത്ത വേവലാതി ഈ മനുഷ്യൻ ഇനിമടങ്ങിവരാത്തവിധം തീർത്തു. പരാക്രമമൊന്നുമില്ലാത്തൊരു തിരച്ചിലും ആത്മവിശ്വാസപ്പെടുത്തലും, ഹൃദയത്തിൽ നിന്നുതിരുംവിധം ജീവിസ്നേഹത്തിലേക്ക് ആരെയും പ്രബുദ്ധമാക്കുന്ന ഇനിപ്പറയുന്ന വാക്കുകളും കൊണ്ട്:

പാമ്പുപേടി പടരുന്ന കാലമാണ്. വേനൽ കടുത്തതോടെ വീട്ടിനകത്തുവരെ പാമ്പ് കയറുന്നു. പാമ്പുകൾ വീട്ടിൽക്കയറുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണ്? തടയാൻ എന്തുപായം?

ചൂടിൽ ഭൂമി ചുട്ടുപഴുക്കുമ്പോൾ മാളങ്ങളിൽ ആവി നിറയും. തണുപ്പുതേടി ഒരു വിധം ഉരഗങ്ങളൊക്കെ നീങ്ങും. കുളിമുറികളിലാണ് പൊതുവിൽ പാമ്പുകൾ വന്നെത്തിപ്പെടാറ്. മൂർഖനും ചേരയും മാത്രമേ നമ്മുടെ സാഹചര്യങ്ങളിൽ തണുപ്പുതേടി ഇങ്ങനെ വീട്ടിനകത്തു കയറാറുള്ളൂ. അണലിയും വെള്ളിക്കെട്ടനും ഇങ്ങനെ കയറുക പതിവില്ല. നനവ്/ തണുപ്പ് പ്രദേശങ്ങൾ അണലിക്ക് പഥ്യമല്ല. രാത്രിമാത്രം ഇര തേടി പുറത്തിറങ്ങുന്ന ശീലക്കാരാണെങ്കിലും ചൂടിന്റെ ആധിക്യത്തിൽ മൂർഖനാ ശീലം തെറ്റിക്കാറുണ്ട്.

ഇരകളെ പിന്തുടർന്നാണ് ഇതല്ലാതെ ഇവ വീട്ടിനകത്തെത്തുക. കാര്യമായും എലി. മുമ്പത് തവളയായിരുന്നു. ഇപ്പോഴവ ഇല്ലല്ലോ! പല്ലി ഇഷ്ടവിഭവമായ വെള്ളിവരയനെയും (വിഷമില്ല അവയ്ക്ക്. വെള്ളിക്കെട്ടനേ വിഷമുള്ളൂ. രണ്ടിനും കാഴ്ചയിൽ സൂക്ഷിച്ചു നോക്കിയാലറിയുന്ന വ്യത്യാസമുണ്ട്) വീടുകൾക്കകത്ത് കാണാറുണ്ട്.

(തുടർന്നു വായിക്കുക)