എന്റെ കയ്യില്‍ തെളിവുകളുണ്ട്, അതു നിങ്ങള്‍ക്കു കാണാനുള്ളതല്ല: സരിത എസ്. നായര്‍ - ദീര്‍ഘ സംഭാഷണം

എന്റെ കയ്യിലുള്ള തെളിവുകള്‍ പുറത്തുവിടാത്തത്, ഞാനതില്‍ മാനുഷിക വശം കാണുന്നതു കൊണ്ടാണ്. ഒത്തിരി ചാനലുകള്‍ എന്നോടിതു പുറത്തുവിടൂ എന്നു പറഞ്ഞ് വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. സ്ത്രീയാണെന്ന പരിഗണന പോലുമില്ലായെന്ന് തോന്നി - ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം പുറത്തു വിട്ട ചാനല്‍ മാപ്പു പറഞ്ഞ സാഹചര്യത്തില്‍ തന്റെ പേരു പരാമര്‍ശിക്കപ്പെട്ടതു സംബന്ധിച്ച് സരിത എസ് നായര്‍ ദീര്‍ഘമായി സംസാരിക്കുകയാണ് ഈ അഭിമുഖത്തില്‍

എന്റെ കയ്യില്‍ തെളിവുകളുണ്ട്, അതു നിങ്ങള്‍ക്കു കാണാനുള്ളതല്ല: സരിത എസ്. നായര്‍ - ദീര്‍ഘ സംഭാഷണം

ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍ വിവാദം വന്നപ്പോള്‍ വീണ്ടും സരിതാ നായര്‍ പരാമര്‍ശിക്കപ്പെടുന്നു. സരിതയുടെ കയ്യില്‍ സ്‌ഫോടനാത്മകമായ വിവരങ്ങളുണ്ടെന്നും ഇനിയും അവ പുറത്തുവരുമെന്നും കേള്‍ക്കുന്നു?

ഫേസ്ബുക്കും ന്യൂസുമൊന്നും അധികം നോക്കാറില്ല. നമ്മള്‍ പറയുന്ന വാര്‍ത്തകളല്ലല്ലോ അധികം അച്ചടിച്ചു വരുന്നത്. അതു കൊണ്ട് എനിക്കതിലൊന്നും താത്പര്യമില്ലായിരുന്നു. എന്നേയും ഇപ്പോഴത്തെ വിഷയവുമായി ബന്ധപ്പെടുത്തിയുള്ള താരതമ്യങ്ങളൊന്നും എന്നോട് ആരും സംസാരിച്ചിരുന്നില്ല. താരതമ്യം എന്നു പറയാനൊന്നും ഇല്ലല്ലോ. എന്റെ കൈവശമുള്ളവ ഞാന്‍ മനഃപൂര്‍വ്വം കൊടുക്കാത്തതാണ്, എന്റെ പക്കല്‍ അതൊന്നും ഇല്ലെന്ന് എത്ര പത്രക്കാര്‍ പറഞ്ഞു. ഞാനതു കൊടുക്കാത്തത് എന്റെ സഭ്യത, എന്റെ സംസ്‌കാരം അനുവദിക്കാത്തതു കൊണ്ടാണ്.

ഇതുപോലെ ഞാനിങ്ങനെയൊന്നും എയര്‍ ചെയ്യാന്‍ കൊടുക്കുകയും എടുക്കുകയൊന്നും ചെയ്തിട്ടില്ല. അതേ എനിക്കു പറയാന്‍ കഴിയൂ. കഴിഞ്ഞ മന്ത്രിസഭയിലൊക്കെ പലരേയും കാണുമായിരിക്കും. എന്നാലും ഞാനതു ചെയ്തിട്ടില്ല. അതു ചെയ്യാനുള്ള മാനസികാവസ്ഥ എനിക്കില്ല. രണ്ടാമത്, അതു ജനങ്ങളുടെ മുമ്പിലേക്ക് നല്‍കി വ്യക്തികളെ തേജോവധം ചെയ്യാനായിട്ട് എനിക്കു കഴിയില്ല. പരാതി ഉള്ളവരാണെങ്കില്‍, അന്വേഷണം വരുമ്പോള്‍ അതോറിറ്റിയ്ക്ക് മുമ്പിലായിരുന്നു അതു കൊടുക്കേണ്ടത്. പകരം ഒരു ചാനല്‍ വഴി ഇങ്ങനെയൊരു സംഭാഷണം പുറത്തു വിടേണ്ടിയിരുന്നില്ല.


സോളാര്‍ വിവാദം കത്തി നിന്ന കാലത്തു സരിതയും ഹണിട്രാപ്പ് നടത്തിയെന്ന രീതിയിലാണു വിമര്‍ശനം, അതുപയോഗിച്ചു ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു എന്നൊക്കെയാണ് പറയുന്നത്.

അങ്ങനെയാണെങ്കില്‍ എനിക്ക് എന്തൊക്കെ ചെയ്യാമായിരുന്നു, എന്തൊക്കെ പറയാമായിരുന്നു. എത്രയോ പേരുടെ കാര്യങ്ങള്‍. നമ്മള്‍ എന്നു പറയുന്ന സമൂഹം എല്ലാവരും ചേര്‍ന്നതല്ലേ. ഞാന്‍ എന്റെ മക്കള്‍ എന്തു കാണരുത് എന്നാഗ്രഹിക്കുന്നുവോ, അത് ആരും കാണരുത് എന്നല്ലേ നമ്മളും ചിന്തിക്കുന്നത്. അതുകൊണ്ടാണ്...

ഇതുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. കൃത്യമായി പറഞ്ഞാല്‍ ഈ പറഞ്ഞ രീതികളൊന്നും ഞാന്‍ ചെയ്തിട്ടില്ല. എനിക്കു ഹണിട്രാപ്പിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. ഞാനവരുമായിട്ടു സഹകരിച്ചിരുന്ന വ്യക്തിയാണ്. ഞാനെന്ന് അറിഞ്ഞു കൊണ്ടു സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന ആള്‍ക്കാരെ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ വ്യക്തിപരമായി മറഞ്ഞു നിന്ന് ഇവരെ അറ്റാക്ക് ചെയ്യേണ്ട ആവശ്യം എനിക്കു വന്നിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ഇഷ്യൂ വന്നത്. രണ്ടു വര്‍ഷം ഞാന്‍ നേരിട്ട് സെക്രട്ടറിയേറ്റില്‍ പോയി സംസാരിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. നമുക്കു ഫോണില്‍ കൂടി ഒരാളെ... അതിന്റെ ആവശ്യമില്ല.

സോളാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്നത്തെ ജനപ്രതിനിധികള്‍ അധികാര ദുര്‍വിനിയോഗമല്ലേ നടത്തിയത്. ഇപ്പോഴത്തെ വിഷയത്തില്‍ മന്ത്രി അങ്ങനെ ഇടപെട്ടതായി തോന്നിയിരുന്നോ?

സത്യം പറഞ്ഞാല്‍ കുറച്ചു വാര്‍ത്തകളാണു കണ്ടത്. അതില്‍ കവിഞ്ഞ് അത് എന്താണ് എന്നു നോക്കാന്‍ പോയില്ല. പേപ്പറില്‍ വരുന്നതും ഓണ്‍ലൈനില്‍ കാണുന്നതുമല്ലാതെ മറ്റൊന്നും കണ്ടില്ല. ഞാനതിന്റെ ഡെപ്ത്തിലേക്കു പോയിട്ടില്ല. ഇതിപ്പോള്‍ സ്ഥിരം ഇങ്ങനെയാണല്ലോ. അപ്പോള്‍ പിന്നെ നമ്മളതു നോക്കിയിട്ട് എന്താ കാര്യം.

സോളാര്‍ കേസും ഇപ്പോള്‍ മന്ത്രിയുമായി ബന്ധപ്പെട്ട കാര്യവും രണ്ടായി തന്നെയാണ് എനിക്കു തോന്നിയിട്ടുള്ളത്.

ഒരാള്‍ ബലമായി നമ്മളെ ശല്യപ്പെടുത്തുകയാണെങ്കില്‍ അതിനെ ദുര്‍വിനിയോഗം, ചൂഷണം എന്നൊക്കെ പറയാം. ഇത് അങ്ങോട്ട് ഒരു വഴി കൊടുത്തിട്ട് ഇങ്ങോട്ട് സംസാരിച്ചെന്നു പറയുന്നത് ചൂഷണമാണോ?

എനിക്കുണ്ടായത് അങ്ങനെയല്ല. നമ്മള്‍ ഒരു ഫയലെടുത്ത് നമ്മുടെ ബിസിനസ്സുമായി എവിടെയെങ്കിലും പോകുമ്പോള്‍, അതിനുവേണ്ടി സമീപിക്കുമ്പോള്‍ നമ്മളെ തുടരെ തുടരെ വിളിച്ചു സംസാരിക്കുകയാണ്. നമ്മള്‍ ഫോണ്‍ കട്ട് ചെയ്യും. കട്ട് ചെയ്യുമ്പോള്‍ വേറൊരു നമ്പര്‍ കണ്ടുപിടിച്ചു വിളിക്കുക. ഇതൊക്കെയാണ് ചൂഷണം...

ഒരാള്‍ക്ക് താത്പര്യമില്ലാതെ... താത്പര്യമില്ലെങ്കിലും നിര്‍ബന്ധിച്ച് പറയിപ്പിക്കുകയാണ്. ഇങ്ങോട്ട് വാ... ഇങ്ങോട്ട് വന്ന് ഓഫീസിന്റെ കാര്യങ്ങള്‍ സംസാരിക്കാം എന്നൊക്കെയാണു നമ്മളോടു പറയുന്നത്... നമ്മള്‍ അവരോടു സംസാരിക്കുന്നത് ഫയലിന്റെ കാര്യങ്ങളായിരിക്കും.

യുഡിഎഫ് മന്ത്രിസഭയില്‍ ചിലര്‍ കള്ളു കുടിക്കുമായിരുന്നു. രാത്രിയാകുമ്പോള്‍ ഓരോരുത്തര്‍ കള്ളു കുടിച്ച് കിട്ടുന്ന നമ്പറിലേക്ക് വിളിക്കും. അത് എന്റെ ഫോണ്‍ ശ്രദ്ധിച്ചാല്‍ അറിയാം. രാത്രിയില്‍ കോള്‍ വന്നാല്‍ കട്ട് ചെയ്ത് വിടുകയാണ് പതിവ്. തുടര്‍ച്ചയായി ഇരുപത് പ്രാവശ്യവും പതിനഞ്ച് പ്രാവശ്യവും വിളിക്കുമ്പോള്‍ ഓണ്‍ ചെയ്തു വച്ചിട്ട് മ്യൂട്ടിലിടും. എന്നിട്ടു തലയണയുടെ അടിയില്‍ വച്ചിട്ടാണ് ഞാന്‍ കിടന്നുറങ്ങുന്നത്. ശരിക്കും പറഞ്ഞാല്‍ അതു കേള്‍ക്കാനുള്ള മാനസികാവസ്ഥ പോലുമില്ലാത്തതിനാല്‍ തിരിച്ച് സംസാരിക്കുകയോ ഒന്നും ഞാന്‍ ചെയ്തിട്ടില്ല. അങ്ങനെയുള്ള സംഭാഷണം പുറത്തു വിടുന്നത് ശരിയാണോ. അതു ശരിയല്ലെന്നാണ് എന്റെ അഭിപ്രായം.


ബിസിനസ് ആവശ്യങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ ഇങ്ങനെയാണോ ജനപ്രതിനിധികള്‍ പെരുമാറുന്നത്?

എന്നെ ഇങ്ങോട്ടു വിളിച്ചിരുന്നു. നമ്മളൊരു ഓഫീസില്‍ പോകുമ്പോള്‍ രണ്ടു മിനുട്ട് കഴിയുമ്പോള്‍ അവര്‍ ഇങ്ങോട്ട് വിളിക്കും. എന്തിനാ വന്നത്? എന്താണു പേര്? എവിടെയാണു താമസം? ഇങ്ങനെയൊക്കെയായിരിക്കും അവര്‍ തുടങ്ങുന്നത്. അല്ലാതെ നമ്മള്‍ വിളിച്ചിട്ട്, സാറിന് ഭാര്യയുണ്ടോ?ഇങ്ങനെയാണോ അങ്ങനെയാണോ സാറിന് ഇഷ്ടം ? എന്നൊക്കെ നമ്മള്‍ ചോദിക്കുകയാണെങ്കില്‍, അതിനെ ഹണിട്രാപ്പെന്ന് പറയാം.

നമ്മള്‍ പോയി ചെന്നു സംസാരിച്ച് തിരിച്ചു വരുമ്പോഴേക്കും നമ്പര്‍ കളക്ട് ചെയ്തുകഴിയും. ഈ ഫയലില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ നേരിട്ട് വിളിക്കാം കേട്ടോ, എന്നൊക്കെ പറയുമ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ ബിസിനസുകാരാണ്... അതിനുള്ള സാഹചര്യം എന്നു പറയുന്നത് നമ്മുക്കാവശ്യമാണ്. കാരണമെന്നു പറഞ്ഞാല്‍ ബിസിനസ് റിലേഷന്‍ഷിപ്പ് എന്നു പറഞ്ഞാല്‍ റിലേഷന്റെ മണ്ടയ്ക്ക് കെട്ടിപ്പടുക്കുന്ന സാമ്രാജ്യമാണ്.

അത് ക്ലയന്റ്‌സ് ടു ക്ലയന്റ്‌സ് ആണെങ്കിലും ഒഫീഷ്യല്‍സ് ആണെങ്കിലും മിനിസ്ട്രി ലെവല്‍ ആണെങ്കിലും നമുക്കതേ ചെയ്യാന്‍ കഴിയുള്ളൂ. അങ്ങനെയുള്ള ബന്ധം നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി നമ്മള്‍ ഒഫീഷ്യല്‍ നമ്പര്‍ കൊടുക്കുമായിരിക്കും. അതു കൊടുത്തു തിരിച്ചെത്തുന്നതിനു മുമ്പ് നമുക്കൊരു കോള്‍ വരും. ഇപ്പോള്‍ എവിടെയുണ്ട് എന്നൊക്കെ ചോദിച്ച്. ശരിക്കു പറഞ്ഞാല്‍ അതു വേറൊരു തരം ശല്യപ്പെടുത്തലാണ്.

അപ്പോള്‍ ഒരു മിനിസ്റ്റര്‍ ആണ് നമ്മളെ വിളിക്കുന്നത്. നമ്മുടെ ഫയല്‍ അയാളുടെ കയ്യിലുണ്ട്. അപ്പോള്‍ നമ്മള്‍ കുറേക്കൂടി ബഹുമാനം കാണിക്കും. നമ്മള്‍ വിചാരിക്കുന്നത് നമ്മുടെ ഫയല്‍ ക്ലിയറായി എന്നായിരിക്കും. ആ സമയത്തു നമ്മള്‍ സംസാരിക്കുന്നത് അതുപോലെയായിരിക്കും. ആ പൊളൈറ്റ്‌നെസ് അവര്‍ എക്സ്‌പ്ലോയിറ്റ് ചെയ്യും. അല്ലെങ്കില്‍ ആ വിധേയത്വം അവര്‍ എക്‌സ്‌പ്ലോയിറ്റ് ചെയ്യും.

ഈ വിഷയത്തില്‍ മന്ത്രി അങ്ങനെ ദുര്‍വിനിയോഗം നടത്തിയിട്ടില്ല എന്നാണോ?

    അതായത്, എന്നോട് നിങ്ങളിവിടെ വരൂ, നിങ്ങള്‍ അവിടെ വരൂ എന്നൊക്കെയാണ് പറയുന്നത്... നമ്മള്‍ വിചാരിക്കുന്നതെന്താണ്? കൊടുത്ത ബിസിനസ് പ്രൊപ്പോസല്‍ ഏകദേശം ഓക്കെയായി. നമ്മുടെ കമ്പനിയോട് മന്ത്രിക്ക് താത്പര്യമുണ്ട്...പ്രൊജക്ടടില്‍ ഇന്ററസ്റ്റ് ഉണ്ട്. നമ്മള് ഓടി ചെല്ലുകയാണ്, തിരിച്ചിറങ്ങുന്നതിന് മുമ്പ് എന്താ പറയുന്നേ... ഈ ഇട്ട ബ്ലൂ സാരി നല്ലതാണ്... അങ്ങനെ പറഞ്ഞു വരുന്ന ആ കള്‍ച്ചറാണോ ഇവിടെ കാണിച്ചത്? എനിക്കങ്ങനെ തോന്നിയില്ല.

    ആദ്യം വന്നപോലെ പരാതിയുടെ കാര്യം സത്യമാണെങ്കില്‍, അഗതിയായിരുന്ന സ്ത്രീയെ ആണ് മന്ത്രി ചൂഷണം ചെയ്തതെങ്കില്‍ മന്ത്രിക്കെതിരെ മാത്രം വിരല്‍ ചൂണ്ടാമായിരുന്നു. ഇപ്പോള്‍ നമുക്കൊന്നും പറയാന്‍ പറ്റില്ല. അധികാര ദുര്‍വിനിയോഗം ശരിക്കും നടത്തിയത് സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയ വിംഗ് അല്ലേ. അവരുടെ നിലനില്‍പ്പിനായിരിക്കും. എന്നാല്‍ പ്രൊഫഷണല്‍ എത്തിക്‌സ് ഉണ്ട്.ഏത് തൊഴിലിനും...ആ എത്തിക്‌സ് വിട്ടിട്ടാണ് ഇതിലെന്നാണ് എനിക്കു തോന്നുന്നത്.

    രണ്ടു പേര്‍ തമ്മിലുള്ള ബന്ധം തകരുന്നെന്നു കരുതുക. അതിനു ശേഷം അയാള്‍ക്കെതിരെ മനഃപൂര്‍വ്വം ഒരു പരാതിയങ്ങ് ഉന്നയിക്കുക... പീഡിപ്പിച്ചെന്നു പറയുക. അതു പോലെയൊക്കെയല്ലേ ഇത്?


മന്ത്രിയുടെ സ്വകാര്യതയ്ക്ക് പരിമിതിയുണ്ടെന്ന വാദമാണ് ആ ചാനല്‍ ഉയര്‍ത്തിയത്...

ഒരാള്‍ക്ക് വീക്കനെസ്സ് ഉണ്ടാകും... എല്ലാവര്‍ക്കുമുണ്ടാകും. ആര്‍ക്കാണ് ഉണ്ടാകാത്തത്? ചിലര്‍ക്കു യാത്ര ചെയ്യാനായിരിക്കും. കുട്ടികള്‍ക്കാണെങ്കില്‍ കളിപ്പാട്ടങ്ങളോടായിരിക്കും. ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും. അത് എക്‌പ്ലോയിറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതാണു ഹണിട്രാപ്പ്. അവരുടെ ചാനല്‍ താത്പര്യത്തിനുവേണ്ടി. പക്ഷെ സ്റ്റിംഗ് ഓപ്പറേഷന്‍ നല്ലതാണെന്ന അഭിപ്രായമുണ്ട്. എന്നാല്‍ ഐഡന്റിറ്റി വെളിപ്പെടുത്തണം. ഞാന്‍ ഇന്നയാളാണെന്നു പറയുന്നതില്‍ ഒരു മര്യാദയുണ്ടായിരുന്നു.

ഓരോരുത്തരുടെ വീക്ക്‌നെസ് കണ്ടു പിടിച്ചിട്ട് ഇങ്ങനെ ചെയ്യുകയാണെങ്കില്‍ നമ്മളോരോരുത്തരും ആ സ്ഥാനത്ത് ഇരിക്കുവാന്‍ അര്‍ഹതയുള്ളവരല്ല. എനിക്കും ദൗര്‍ബല്യങ്ങളുണ്ട്. അങ്ങനെയുള്ളതു കൊണ്ടാണ് ഞാനും പ്രശ്‌നങ്ങളില്‍ പെട്ടുപോയത്. ഇനി ഞാനതു പറയുന്നതില്‍ അര്‍ത്ഥമില്ല. ഇക്കാര്യത്തില്‍ രണ്ടും രണ്ടാണ് എന്നാണ് എന്റെ അഭിപ്രായം.

ഈ സ്റ്റിംഗ് ഓപ്പറേഷന്‍ എന്ന സംഭവത്തിനകത്ത്, നമുക്കൊരിക്കലും മന്ത്രിയെ മാത്രം കുറ്റം പറയാന്‍ കഴിയില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ അതവരുടെ സ്വകാര്യ വശമായിരുന്നു. അപ്പുറത്ത് ഓക്കെ പറഞ്ഞതു കൊണ്ടാണല്ലോ അവര്‍ സംസാരിച്ചത്. മന്ത്രി ആയത് കൊണ്ട് അദ്ദേഹം മനുഷ്യനല്ലാതെയിരിക്കുമോ? 71 വയസ്സായതു കൊണ്ട് ഇമോഷന്‍സ് ഉണ്ടാകരുതെന്ന് പറയാന്‍ കഴിയുമോ? അതൊക്കെ ബയോളജിക്കല്‍ ആയ കണ്ണിലൂടെ കാണണം.

ധാര്‍മ്മികവും സാമൂഹികവുമായ വിഷയങ്ങള്‍ മാറ്റി വയ്ക്കുകയാണെങ്കില്‍ പോലും... അപ്പോള്‍ അദ്ദേഹത്തെ എങ്ങനെ കുറ്റം പറയാനാകും? ഇങ്ങനെയൊരു ഓപ്പറേഷന്‍ ആയതു കൊണ്ടു മാത്രം...

ആരെങ്കിലും വിളിച്ചാല്‍ തന്നെ ഒരു സ്ഥാനത്തിരിക്കുന്ന മന്ത്രി അങ്ങനെ ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ?

ഇതു തെറ്റാണോ ശരിയാണോ എന്നു പറയാന്‍ ഞാന്‍ അര്‍ഹയല്ല. എന്നാലും ഞാനൊരു കാര്യം പറയട്ടെ... രണ്ടു പേര്‍, എനിക്കും അങ്ങനെയൊരു ലവ് അഫയര്‍ ഉണ്ടായിരുന്നു. ലവ് അഫയര്‍ എന്നേ എനിക്ക് പറയാനാകൂ. രാഷ്ട്രീയത്തിലുള്ള അയാളോട് എനിക്ക് അഫക്ഷനുണ്ടായിരുന്നു. ഞാനദ്ദേഹവുമായിട്ട് എല്ലാ തരത്തിലും വര്‍ഷങ്ങളോളം അടുത്തു ജീവിച്ചിച്ചിട്ടുണ്ട്. അതു കഴിഞ്ഞിട്ട് ഞാന്‍ അദ്ദേഹത്തിനെതിരെ പരാതി കൊടുക്കാന്‍ പോകുന്നത് ശരിയാണോ? കാരണം എന്റെ കൂടി സമ്മതപ്രകാരമായിരുന്നു അത്. അല്ലേല്‍ ഞാന്‍ ഇടപെട്ടതാണ്. എന്ത് ബന്ധത്തിനായാലും പോയതാണ്.

അപ്പോള്‍ ഞാനെന്തായാലും അദ്ദേഹത്തിന്റെ പേരു വലിച്ചിഴക്കാന്‍ ആഗ്രഹിക്കില്ല. കാരണം ഞാനും കൂടി അതിലുണ്ട്. ഞാന്‍ ചെയ്തതു ശരിയാണെങ്കിലും തെറ്റാണെങ്കിലും അതില്‍ എന്റെ കൂടി സമ്മതമുണ്ട്. പേരു ചോദിക്കരുത്. അദ്ദേഹം സ്വസ്ഥമായി ജീവിക്കുകയാണ്.

സരിതയോട് അന്നത്തെ മന്ത്രിമാരടക്കം മോശമായി പെരുമാറി, അധികാര ദുര്‍വിനിയോഗം നടത്തി. അങ്ങനെയെങ്കില്‍ ആ തെളിവുകള്‍ പുറത്തു വിടുന്നതിലെന്താ തെറ്റ്?

എന്റെ കയ്യിലുള്ള തെളിവുകള്‍ പുറത്തുവിടാത്തത്, ഞാനതില്‍ മാനുഷിക വശം കാണുന്നുണ്ട്. ഒത്തിരി ചാനലുകള്‍ എന്നോടിത് പുറത്തുവിടൂ, പുറത്തുവിടൂ എന്നു പറഞ്ഞ് വളരെയധികം, ശരിക്കു പറഞ്ഞാല്‍ സമ്മര്‍ദ്ദം ചൊലുത്തിയിട്ടുണ്ട്. സ്ത്രീയാണെന്ന പരിഗണന പോലുമില്ലായെന്ന് തോന്നി. റേറ്റിംഗ് കൂട്ടാന്‍ വേണ്ടിയാകും അത്. ഇതു പുറത്തുവിടൂ, പുറത്തുവിടൂ, ഇതങ്ങനെ ചെയ്യൂ, ഇതിങ്ങനെ ചെയ്യൂ എന്നൊക്കെ പറഞ്ഞു. ഞാന്‍ മാദ്ധ്യമങ്ങളെ കുറ്റം പറയുകയാണെന്ന് വിചാരിക്കരുത്. പക്ഷെ അവര്‍ ചിന്തിക്കണം... എന്റെ സ്വകാര്യത കൂടിയാണ് നഷ്ടപ്പെടുന്നത്... ഒത്തിരി പേര്‍ എന്റെ സ്വകാര്യത വാട്‌സ്ആപ്പില്‍ കൂടി നശിപ്പിച്ചതാണ്. അത് ഞാന്‍ കമന്റ് ചെയ്തിട്ട് കാര്യമില്ല. എന്റെ കുട്ടികളുടെ സ്വകാര്യതയോ? അവരുടെ സ്‌കൂളില്‍ അവരുടെ അവസ്ഥ എന്തായിരിക്കും.

ഞാന്‍ ഒത്തിരി ചിന്തിച്ച് ഒരുപാടു പേരുടെ ഉപദേശം സ്വീകരിച്ചതാ. ഞാന്‍ സംസാരിച്ചവരില്‍ ഇരുപത് ശതമാനം പേരേ അതെല്ലാം പുറത്തു വിടാന്‍ പറഞ്ഞുള്ളൂ. നമ്മള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി പെട്ടെന്ന് ഒരു കാര്യം ചെയ്യുന്നെന്നു കരുതുക. അയാള്‍ ചെയ്ത തെറ്റിന് അയാളുടെ ഫാമിലി, അയാളുടെ ബന്ധുക്കള്‍, അയാളുടെ ഭാര്യ, അയാളുടെ കുട്ടികള്‍... പോട്ടെ മറ്റാരുടെയും കാര്യമല്ല വിഷയം, അവരുടെ കുട്ടികള്‍, അവര്‍ സ്‌കൂളില്‍ അനുഭവിക്കുന്നത് എന്റെ മക്കള്‍ അനുഭവിച്ചതാണ്. ഒന്നും പുറത്തു കൊണ്ടുവരേണ്ടെന്ന തീരുമാനം എടുത്തത് അതുകൊണ്ടാണ്. മോശമായ ഏതെങ്കിലും ഒരു ഭാഷയില്‍, ഇതിലുള്ള എന്തെങ്കിലും ഞാന്‍ പുറത്തുവിട്ടിട്ടുണ്ടോ?

എന്തെങ്കിലും പറഞ്ഞാല്‍ തന്നെ പരിധി വിട്ട് സംസാരിച്ചിട്ടുമില്ല. അതിനപ്പുറത്തേക്ക് ഒരു കാര്യങ്ങളും സംസാരിക്കാത്തതു കോണ്‍ഗ്രസുകാരെ പേടിച്ചിട്ടൊന്നുമല്ല. ചിന്തിച്ച്, അന്വേഷിച്ച് ഉറപ്പിച്ചെടുത്ത, മാനുഷിക വശങ്ങള്‍ മുന്‍നിറുത്തിയാണ്. മറ്റൊന്നുമല്ല...


മംഗളത്തിലെ വാര്‍ത്ത ഉയര്‍ന്നു വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ബിന്ദു കൃഷ്ണയടക്കം സരിതയെ ഇതുമായി താരതമ്യം ചെയ്തിരുന്നു. സരിത തട്ടിപ്പുകാരിയാണ് എന്നൊക്കെയാണ് അവര്‍ വീണ്ടു വീണ്ടും പറയുന്നത്.

ബിന്ദു കൃഷ്ണയെപ്പറ്റി പറയാന്‍ ഞാനാളല്ല. എന്നാല്‍ ശശീന്ദ്രന്‍ സാറിനെ വീട്ടമ്മ എന്നു പറഞ്ഞിട്ട് ഫോണിലൂടെയാണ് സംസാരിച്ചിട്ടുള്ളത്. ഉമ്മന്‍ചാണ്ടി നേരിട്ട് എന്റെ ക്ലയന്റില്‍ നിന്ന് ക്യാഷ് വാങ്ങിച്ചിരുന്നു. അയാളുടെ വീട്ടിലും ക്ലിഫ് ഹൗസിലും അവിടെയിവിടെയും സ്ഥിരം പൊയ്‌ക്കൊണ്ടിരുന്ന വ്യക്തിയായ എന്നെ എന്റെ ഐഡന്റിറ്റി അറിഞ്ഞു കൊണ്ടു തന്നെ ഇടപെട്ടൊരു വ്യക്തിയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അപ്പോള്‍ ശശീന്ദ്രനോടു ചെയ്തതും ഉമ്മന്‍ചാണ്ടിയോടു ചെയ്തതും ഒന്നാണെന്നു താരതമ്യം ചെയ്യുന്നതു ചാനല്‍ ചര്‍ച്ചയില്‍ വിജയിക്കാനാണ്. എന്തുകൊണ്ടു മറ്റു കോണ്‍ഗ്രസുകാരൊന്നും പറയുന്നില്ല. അവരൊന്നും സംസാരിക്കാന്‍ വരുന്നില്ലല്ലോ... അവര്‍ക്ക് അവരുടെ ആളുകളെ സംരക്ഷിക്കാന്‍ കഴിയില്ല.

രാഷ്ട്രീയം പറയുകയല്ല, ഞാന്‍ കാണുന്ന ഒരു പ്ലസ് പോയിന്റ് പറയാം... യുഡിഎഫ് മന്ത്രിസഭയില്‍ പലര്‍ക്കെതിരെ ഇതേ പോലെ ഞാന്‍ നേരിട്ടു പരാതി പറഞ്ഞിട്ടും, ഒരാളു പോലും രാജി വച്ചില്ല. രാഷ്ട്രീയ ധാര്‍മ്മികതയും ആരിലും കണ്ടില്ല, ആരും കണ്ടില്ല... അധികാരത്തില്‍ കടിച്ചു തൂങ്ങി കിടക്കാന്‍ മാത്രമാണ് അവര്‍ നോക്കിയത്. അവിടെ ശശീന്ദ്രന്‍ സര്‍ പ്ലസ് പോയിന്റ് കാണിച്ചു എന്നു തന്നെ വേണം പറയാന്‍. യുഡിഎഫിലുണ്ടായിരുന്നവര്‍ ആ ധാര്‍മ്മികത കാണിച്ചില്ലല്ലോ. പിന്നെ വാളോങ്ങിയിട്ട് എന്താ കാര്യം?

സരിതയെ പോലെ ദുരവസ്ഥ നേരിടേണ്ടി വന്ന വേറെയും സ്ത്രീകളുണ്ടോ?

ഞാന്‍ മാത്രമല്ല കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ഇത് അനുഭവിച്ചിട്ടുള്ളത്. മിണ്ടാതിരിക്കുന്ന പല ജന്മങ്ങളുണ്ട്. പലരുമുണ്ട്... ചൂഷണം അനുഭവിച്ചവര്‍. നമ്മള്‍ ആദര്‍ശധീരരെന്നു കരുതിയ പല ആളുകള്‍ വരെ പല സ്ത്രീകളെയും ചൂഷണം ചെയ്തിട്ടുണ്ട്. അവര്‍ എന്നോടു കരഞ്ഞു സംസാരിച്ചിട്ടുമുണ്ട്. ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ്... എന്നാല്‍ പുറത്തു പറയാനൊരു തീരുമാനമെടുക്കാന്‍ പലരും മടിക്കാന്‍ കാരണമെന്തെന്നു ചോദിച്ചാല്‍ ഞാനനുഭവിച്ച പ്രശ്‌നങ്ങളാണ്. ഓപ്പണായി പറഞ്ഞതു കൊണ്ടു ഞാനെന്തെല്ലാം ഫേസ് ചെയ്യേണ്ടി വന്നു. ഈയൊരു ജീവിതത്തില്‍...

ചിലര്‍ മരിക്കും, ആത്മഹത്യ ചെയ്യും... ഒരാള്‍ ശക്തമായി സംസാരിച്ചാല്‍ ചിലരുടെ മനസ്സ് പെട്ടെന്നു തളര്‍ന്നു പോകും. വളരെ മോശമായാണ് പെണ്ണിനെക്കുറിച്ചു പറയുന്നതെങ്കില്‍ മനസ്സു തകര്‍ന്നു ചിലര്‍ പെട്ടന്ന് ഒരു തീരുമാനമെടുക്കും. ആത്മഹത്യ ചെയ്യും എന്നൊക്കെ... സെക്കന്റില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ജീവിതം നശിപ്പിക്കും.

ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെടാതിരിക്കുക... വന്നത് വന്നു എന്നു കരുതുക... ഒരു സ്ത്രീയെന്ന നിലയ്ക്കും മനുഷ്യനെന്ന നിലയ്ക്കും ഞാനതു പറയാന്‍ പാടില്ലാത്തതാണ്. എന്നാല്‍ എന്റെ അനുഭവത്തില്‍ നിന്നു പറയുകയാണ്... എവിടെയെങ്കിലും പറഞ്ഞാലും നമ്മള്‍ ചീത്തയാകും പറഞ്ഞില്ലെങ്കിലും നമ്മള്‍ ചീത്തയാകും... അതാണ് അവസ്ഥ, ഇപ്പോഴും എന്നെയാണ് ഇതിലേക്കൊക്കെ വലിച്ചിട്ടു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാലഞ്ചു മാസമായിട്ട് പരസ്യമായിട്ടു സംസാരിക്കാന്‍ വരാറില്ലായിരുന്നു. പലതു കണ്ടാലും കണ്ടില്ലെന്നു നടിച്ചു പോകാന്‍ ഞാന്‍ പഠിച്ചു. എന്റെ കാര്യങ്ങളില്‍ ഞാന്‍ ഓടി നടക്കുന്നു.


മംഗളം ഫോണ്‍ സംഭാഷണം പുറത്തു വിട്ടതിനെതിരെ നവമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധമുണ്ട്. അന്നു സരിതയോട് ഈ സമൂഹം എത്രത്തോളം നീതി പുലര്‍ത്തി?

എന്റെ മുഖം ഞാനെങ്ങും മറച്ചുവച്ചിട്ടില്ല. എനിക്കു പേരുണ്ടായിരുന്നു. എന്റെ മുഖം മറച്ചില്ല... ഇപ്പോള്‍ അറിയാവുന്നവരുടെ പോലും മുഖം മറച്ചാണു കൊടുക്കുന്നത്. പക്ഷെ ഏറ്റവും കൂടുതല്‍ അക്കാര്യത്തില്‍ വേട്ടയാടപ്പെട്ടതു ഞാനാണ്. ഇരയോടു കാണിക്കുന്ന പരിഗണന പോലും ഒരാളും എന്നോടു കാണിച്ചിട്ടില്ല. ഞാന്‍ ആളുകളെ ചൂണ്ടിക്കാണിച്ചു പറഞ്ഞതാണ്. എന്നിട്ടും അതിനെതിരെ വാളെടുക്കാന്‍ ഒരു സാമൂഹിക സംഘടനകളോ സാംസ്‌കാരിക സംഘടനകളോ ആരും വന്നില്ല. ഞാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നെയെല്ലാവരും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഒറ്റപ്പെടുത്തുകയായിരുന്നു.

ചാനലുകൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായിട്ടായിരിക്കുമോ അവര്‍ അതു പുറത്ത് വിട്ടത്? മറ്റു മാദ്ധ്യമങ്ങളും മംഗളത്തിനെതിരെയാണ്...

ചാനലുകള്‍ തമ്മിലുള്ള മത്സരത്തിനോട് എനിക്കൊന്നും പറയാനില്ല. പ്രേക്ഷക എന്നതില്‍ കവിഞ്ഞ് ചാനലുകളുമായി എനിക്കു ബന്ധങ്ങളില്ല. മംഗളം പ്രൊഫഷണലിസം മറന്നെന്ന് എനിക്കു തോന്നി. എക്‌സ്പീരിയന്‍സ് ഉള്ള ആളുകളൊക്കെ അതിലില്ലേ...എന്താ പറ്റിയതെന്ന് എനിക്കറിയില്ല. ഞാന്‍ മാദ്ധ്യമങ്ങളെ കുറ്റം പറയുന്നില്ല.

അന്നു ഞാന്‍ പരസ്യമായി, മുഖം മറയ്ക്കാതെയാണ് നിന്നിരുന്നത്. സംരക്ഷിക്കാന്‍ ആരുമുണ്ടായിരുന്നുമില്ല... ഇന്ന് പരാതിക്കാരിയില്ലാത്ത, പേരില്ലാത്ത, ഒരു പരാതി പോലുമില്ലാത്ത ഒരു കാര്യം ചാനല്‍ ഇത്രയധികം ചര്‍ച്ചയാക്കണമായിരുന്നോ?


കാര്യങ്ങള്‍ പുറത്തുവിടണമെന്ന് പറഞ്ഞ് പലരും എന്നെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഞാന്‍ ചാനലില്‍ അതിന്റെ പേരില്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്.

എന്തൊക്കെ തെളിവു കൊടുത്തിട്ടും കാര്യമില്ല. അവസാനം മോശപ്പെട്ട, ഒബ്‌സീന്‍ ആയിട്ടുള്ള വീഡിയോസും ഓഡിയോസും തന്നെ കാണണം എന്നാഗ്രഹിച്ചവരാണു കൂടുതലും. മുഖ്യധാരാ ചാനലുകള്‍ വരെ...

അവര്‍ അന്നുണ്ടാക്കിയ ആ മാര്‍ക്കറ്റ് ആണ്... ശരിക്കു പറഞ്ഞാല്‍... ബിജു രാധാകൃഷ്ണന്‍ പറഞ്ഞ ഒബ്‌സീന്‍ വീഡിയോയുടെ സിഡി യാത്ര... ഇങ്ങനെയുള്ള ചാനലുകള്‍ കൊണ്ടുവന്ന മാര്‍ക്കറ്റ് ആണ് മംഗളം അവരുടെ തുടക്കത്തില്‍ ചൂഷണം ചെയ്യാന്‍ നോക്കിയത്. അതില്‍ സത്യസന്ധതയുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ നല്ല ഇംപാക്ട് ഉണ്ടായേനേ... ഈ പറഞ്ഞ മാദ്ധ്യമങ്ങള്‍ അതു കോപ്പി ചെയ്‌തേനേ. എത്തിക്‌സിനു നിരക്കാത്തതായ സ്റ്റിംഗ് ആയതു കൊണ്ട് പരാജയപ്പെട്ടു.

Read More >>