'കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനാണെന്ന് ചോദിച്ചത് ഞാനല്ല': എസ് എസ് രാജമൗലി

ബാഹുബലി 2 തിയേറ്ററുകളില്‍ എത്തുന്നതിനു മുമ്പേ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച 'കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണ്' എന്നായിരുന്നു. അത് സിനിമയുടെ പരസ്യത്തിനായി ഉപയോഗിച്ചതല്ലെന്നും വടക്കേ ഇന്ത്യയിലെ ആസ്വാദകര്‍ പരസ്യമാക്കിയ ചോദ്യം ആയിരുന്നുവെന്നും സംവിധായകന്‍ എസ് എസ് രാജമൗലി. ബാഹുബലി 2ന്റെ വൻവിജയത്തിനു ശേഷം രാജമൗലിയും അനുഷ്ക ഷെട്ടിയും ബിബിസിക്കു നൽകിയ അഭിമുഖത്തിൽ നിന്ന്...

കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനാണെന്ന് ചോദിച്ചത് ഞാനല്ല: എസ് എസ് രാജമൗലി

ബാഹുബലി 2 തിയേറ്ററുകളില്‍ എത്തുന്നതിനു മുമ്പേ സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ച 'കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണ്' എന്നായിരുന്നു ?

രാജമൗലി: അത് സിനിമയുടെ പരസ്യത്തിനായി ഉപയോഗിച്ചതല്ല. വടക്കേ ഇന്ത്യയിലെ ആസ്വാദകര്‍ പരസ്യമാക്കിയ ചോദ്യം ആയിരുന്നു.


ആദ്യം ഉണ്ടായത് ബാഹുബലി എന്ന കഥാപാത്രമായിരുന്നില്ല, ശിവകാമി ആയിരുന്നു...?

രാജമൗലി: അച്ഛനായിരുന്നു കഥ പറഞ്ഞു തന്നത്. ശിവകാമിയുടെ കഥയായിരുന്നു ആദ്യം പറഞ്ഞത്. ആ കഥാപാത്രം എന്റെ ഉറക്കം കെടുത്തി എന്നു തന്നെ പറയാം. ശിവകാമി കഴിഞ്ഞ്, കട്ടപ്പ, പല്‍വാല്‍ ദേവന്‍, ബിജ്ജല്‍ദേവന്‍ തുടങ്ങിയ കഥാപാത്രങ്ങളെക്കുറിച്ചു പറഞ്ഞു. അവസാനമായിട്ടായിരുന്നു ബാഹുബലിയെപ്പറ്റി പറയുന്നത്. ശിവകാമി, കട്ടപ്പ എന്നീ കഥാപാത്രങ്ങളാണ് ബാഹുബലി സിനിമയാക്കാന്‍ പ്രചോദനമായത്.

അഞ്ചു വര്‍ഷങ്ങള്‍ സിനിമാ കലാകാരന്മാരെ ഒരുമിച്ചു നിര്‍ത്താന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ എന്തൊക്കെയായിരുന്നു?

രാജമൗലി: അഞ്ചു വര്‍ഷങ്ങളെടുത്ത് ഒരു സിനിമ നിര്‍മിക്കുന്നതിലെ വലിയ വെല്ലുവിളി ആ സിനിമയുടെ അണിയറ പ്രവര്‍ത്തരുടെ ആവേശം കുറയാതെ നോക്കുന്നതാണ്. പുതിയ തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് എല്ലാവരേയും ഒരേ ഊര്‍ജത്തില്‍ നിലനിര്‍ത്തിയത്.

ബാഹുബലിയുടെ ഓരോ ഘട്ടം പൂര്‍ത്തിയാകുമ്പോഴും ആ ഭാഗത്തിനാവശ്യമുള്ള ഗ്രാഫിക്‌സ് ചേര്‍ത്ത് അഭിനേതാക്കളെ കാണിക്കുമായിരുന്നു. അത് എല്ലാവര്‍ക്കും വലിയ ആവേശം നല്‍കി. അവരുടെ അഭിനയത്തിന്റെ മികവിനെ തിരശ്ശീലയില്‍ കാണിക്കുമ്പോള്‍ അവരുടെ ഉത്സാഹം കുറേ മാസങ്ങളിലേയ്ക്കു നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കുമായിരുന്നു. അതായിരുന്നു തന്ത്രം.

ഇന്റര്‍നെറ്റില്‍ വ്യാജപ്രതികള്‍ വരുന്നത് തടയാന്‍ എന്താണ് ചെയ്യാന്‍ കഴിയുക?

രാജമൗലി: വലിയ ബജറ്റ് സിനിമ ആയാലും ചെറിയ ബജറ്റ് സിനിമ ആയാലും അവ ഇന്റർനെറ്റില്‍ നിയമവിരുദ്ധമായി പരക്കുന്നത് സിനിമയുടെ നിര്‍മാതാക്കള്‍ നേരിടുന്ന വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു.

തിയേറ്ററുകളില്‍ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കെന്നതു പോലെ ടിവിയിലും ടാബ്‌ലറ്റുകളിലും മൊബൈല്‍ ഫോണുകളിലും എല്ലാം സിനിമ കാണാവുന്ന വിധം പ്രത്യേക സൗകര്യം കൊണ്ടുവരണം. അതായിരിക്കും സാധ്യമായ ഒരു വഴി. അത് ഒറ്റ ദിവസം കൊണ്ടു നടപ്പിലാക്കാന്‍ കഴിയില്ല. എല്ലാ സിനിമാ നിര്‍മാതാക്കളും സംവിധായകരും ചേര്‍ന്ന് ഒരു തീരുമാനം എടുക്കണം.

ഒരു നായകന്റെ ഭാര്യയായും അമ്മയായും അഭിനയിക്കുന്നത് പ്രയാസമല്ലേ?

അനുഷ്ക: അച്ഛന്‍ അമരേന്ദ്ര ബാഹുബലിയുടെ ഭാര്യയായ ദേവസേനയായും, മകന്‍ മഹേന്ദ്ര ബാഹുബലിയുടെ അമ്മയായും അഭിനയിക്കുന്നത് വെല്ലുവിളിയായിരുന്നു. പ്രഭാസിന്റെ അമ്മയായി അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തെ മുഴുവനായും ഉള്‍ക്കൊള്ളാന്‍ കഴിയുമോയെന്ന് വെല്ലുവിളി മാത്രമേ എന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. ബാഹുബലി സിനിമയുടെ ആദ്യഭാഗത്തില്‍ അമ്മ വേഷത്തിലായിരുന്നു അഭിനയിച്ചത്. രണ്ടാം ഭാഗത്തിലാണ് അമരേന്ദ്ര ബാഹുബലിയുടെ ഭാര്യയായി വരുന്നത്.

നടിമാര്‍ക്ക് പ്രാധാന്യം ലഭിക്കുന്ന സിനിമകള്‍ കൂടുതല്‍ വരുന്നുണ്ടല്ലോ?

അനുഷ്ക: ഇന്ത്യന്‍ സിനിമയില്‍ നടിമാര്‍ വെറും കാഴ്ച്ചവസ്തുക്കളായിട്ടേ ചിത്രീകരിക്കപ്പെടാറുള്ളൂ. ഇപ്പോള്‍ അതു മാറിവരുന്നുണ്ട്. സ്ത്രീകള്‍ക്കു പ്രാധാന്യമുള്ള പല കഥകളും സിനിമകളും വരാനിരിക്കുകയാണ്. ഞാൻ 2005 ല്‍ സിനിമയിലെത്തിയപ്പോള്‍ മുതല്‍ പടിപടിയായി മാറ്റങ്ങള്‍ വരുന്നതു കാണുന്നുണ്ട്. ഞാന്‍ ചെയ്ത രുദ്രമാദേവി ഉദാഹരണം. ഇഞ്ചി ഇടുപ്പഴകി, അരുന്ധതി പോലെയുള്ള സിനിമകളും ഉദാഹരണമായി പറയാം.

കടപ്പാട്: ബിബിസി (തമിഴ്)