സന്തോഷത്തിന് വകുപ്പുണ്ടോ? പ്രമോദ് രാമന്‍ സംസാരിക്കുന്നു: മനോരമ സന്തോഷ സര്‍വ്വേയിലെ കണ്ടെത്തലുകളിലെ കേരളം

മനോരമ സന്തോഷ സര്‍വ്വേയുടെ സൂചികയില്‍ പത്തില്‍ 4.4 ആണ് കേരളത്തിന്റെ ചിരി തെളിഞ്ഞത്. കേരളത്തിന്റെ സന്തോഷം കണ്ടെത്താനുള്ള മനോരമയുടെ ശ്രമം സന്തോഷത്തിന് ഒരു വകുപ്പുമന്ത്രിയിലേയ്ക്ക് എത്തുമോ?- മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പ്രമോദ് രാമന്‍ പറയുന്നു

സന്തോഷത്തിന് വകുപ്പുണ്ടോ? പ്രമോദ് രാമന്‍ സംസാരിക്കുന്നു: മനോരമ സന്തോഷ സര്‍വ്വേയിലെ കണ്ടെത്തലുകളിലെ കേരളം

സുഖമാണോയെന്നത് ഒരു കുശലാന്വേഷണമാണ്. ഒരാളങ്ങനെ ചോദിച്ചു കേള്‍ക്കുന്നതേ ഒരു സുഖമാണ്- മനോരമ ന്യൂസ് കേരളത്തോട് ആ ചോദ്യം ചോദിച്ചു. പത്തിലാണ് മാര്‍ക്കിട്ടത്. റിസല്‍റ്റ് വന്നപ്പോള്‍ ഇന്‍ഡക്സില്‍ തെളിഞ്ഞത് 4.4 എന്ന താഴ്ന്ന സൂചിക. അതെ, സൂചന വ്യക്തമാണ് കേരളം സന്തോഷത്തിലല്ല. സന്തോഷം നല്‍കുന്ന ഭൗതികമായ കാര്യങ്ങളും സേവനങ്ങളും എത്ര തൃപ്തികരമാണെന്ന വിശകലനത്തിലൂടെയാണ് സൂചിക രൂപപ്പെടുത്തിയത്. കേരളത്തില്‍ അഴിമതി വ്യാപകമാണെന്ന് 71 ശതമാനം പേര്‍ സര്‍വ്വേയില്‍ പറയുന്നു. 14 ശതമാനം പേരോ അവരുടെ കുടുംബാംഗങ്ങളോ അപമാനിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.ജീവിതച്ചെലവിങ്ങനെ കൂടുന്നത് ആശങ്കപ്പെടുത്തുന്നത് 63 ശതമാനം പേരെ. വാര്‍ദ്ധക്യകാലം എന്തു ചെയ്യുമെന്ന ആശങ്കയോടെ 55 ശതമാനം പേരും സര്‍വ്വേയില്‍ കേരളത്തിന്റെ മനസ് വെളിപ്പെടുത്തി. കൂട്ടുകാരും സംഗീതവും സിനിമയുമാണ് യുവതയെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്.

മനോരമ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ന്യൂസ് കോണ്‍ക്ലേവിന് മുന്നേടിയായിട്ടായിരുന്നു സര്‍വ്വേ. മനോരമ ന്യൂസിന്റെ കണ്ടെത്തലുകളും വിശകലനങ്ങളേയും കുറിച്ച് മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പ്രമോദ് രാമന്‍ സംസാരിക്കുന്നു.

മനോരമ ന്യൂസ് എന്തുകൊണ്ടാണ് ഇത്തരമൊരു സര്‍വ്വേ നടത്താന്‍ തീരുമാനിച്ചത്?

മനോരമ ന്യൂസിന്റെ കോണ്‍ക്ലേവിന്റെ ഭാഗമായാണ് ഈ സര്‍വ്വേ. കോണ്‍ക്ലേവ് നടത്താന്‍ തീരുമാനിക്കുകയും അത് ഹാപ്പിനസ് എന്ന വിഷയത്തിലാകാമെന്നും തീരുമാനിച്ചതാണ് ഇങ്ങനെയൊരു സര്‍വ്വേ നടത്താനുള്ള കാരണം. ബാക്കിയെല്ലാ വിഷയവും ചര്‍ച്ചചെയ്യുമെങ്കിലും സന്തോഷം എന്നത്, ഒരു മനുഷ്യന്റെ വ്യക്തിപരമായ സന്തോഷവും അവര്‍ ജീവിക്കുന്ന സാമൂഹികാന്തരീക്ഷത്തില്‍ അവര്‍ക്ക് കിട്ടുന്ന സന്തോഷവും, കേരളീയ സമൂഹത്തില്‍ എത്രകണ്ട് മനസിലാക്കപ്പെടുന്നുണ്ട്? ആ സന്തോഷത്തിനു കാരണമാകുന്ന കാര്യങ്ങള്‍ എന്തൊക്കെ, ആളുകള്‍ക്കിടയിലേക്ക് അതുമായി ബന്ധപ്പെട്ട ചിന്തകളെത്തുന്നുണ്ടോ തുടങ്ങിയ ചിന്തകളാണ് അങ്ങനെയൊരു ആശയത്തിലേക്ക് എത്താന്‍ കാരണം.ഹാപ്പിനെസ് എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ലോകത്തിലെ എല്ലാ വിഷയങ്ങളെയും അടിസ്ഥാനമാക്കി ചര്‍ച്ചനടത്താനാകും. ഇന്ന് രാഷ്ട്രീയമായും സാമൂഹികമായും ബന്ധപ്പെട്ട ഏത് വിഷയമെടുത്ത് ചര്‍ച്ചചെയ്താലും അതില്‍ മനുഷ്യന്‍ സന്തോഷിക്കുന്നുണ്ടോയെന്നാണ് നാം ചര്‍ച്ച ചെയ്യാറ്. സന്തോഷമില്ലാത്ത ഒരുകാര്യത്തെ ശരിയാണെന്ന് അംഗീകരിക്കാനും കഴിയില്ല. ശരിയായകാര്യം സന്തോഷകരമായ കാര്യമായിരിക്കും.


സര്‍വ്വേയുടെ രീതിശാസ്ത്രം എന്തായിരുന്നു?

ഫീല്‍ഡ് സര്‍വ്വേയും ഓണ്‍ലൈന്‍ സര്‍വ്വേയുമാണ് ഇതിനായി ഉപയോഗിച്ചത്. മനോരമയുടെ വെബ്സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നല്‍കിക്കൊണ്ട് ആളുകള്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. മറ്റൊന്ന് ചോദ്യങ്ങള്‍ ഫീല്‍ഡില്‍ എത്തിച്ചിട്ട് ആളുകള്‍ക്ക് പൂരിപ്പിച്ച് നല്‍കാനുള്ള സൗകര്യമായിരുന്നു. റാന്‍ഡം സവ്വേയാണ് ഇതിനായി ഉപയോഗിച്ചത്. പ്രായത്തിന്റെ അടിസ്ഥാനത്തിലോ ഏതെങ്കിലും വിഭാഗത്തിന്റെ ഇടയിലോ ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ഈ സര്‍വ്വേ. അഭിപ്രായം രേഖപ്പെടുത്തിയവരില്‍ ഭൂരിപക്ഷം ആളുകളും പുരുഷന്മാരായിരുന്നുവെന്നുള്ളത് സത്യമാണ്. പങ്കെടുത്തവരില്‍ സ്ത്രീകള്‍ താരതമ്യേന കുറവായിരുന്നു.

ഇത്തരത്തിലൊരു സൂചിക തയ്യാറാക്കുന്നതില്‍ ലോകനിലവാരത്തിലുള്ള നടപടിക്രമം ഉണ്ടാകുമല്ലോ. അത്തരമൊന്നിനെ പിന്‍പറ്റിക്കൊണ്ടാണോ ചോദ്യങ്ങള്‍ തയ്യാറാക്കിയത്?

ഏറെക്കുറെ അങ്ങനെ തന്നെയാണ്. നമ്മുടെ സാഹചര്യത്തിന് അനുയോജ്യമായി മാറ്റിയശേഷമാണ് സര്‍വ്വേയ്ക്ക് തയ്യാറെടുത്തത്. ഭൗതിക ജീവിത സാഹചര്യങ്ങള്‍ എല്ലാ സര്‍വ്വേകളിലും പരിഗണിക്കാറുണ്ടല്ലോ? അതിനനുസരിച്ചുള്ള ചോദ്യങ്ങളാണ് ഞങ്ങള്‍ തയ്യാറാക്കിയത്. സര്‍ക്കാര്‍ സേവനങ്ങളിലുള്ള ജനങ്ങളുടെ തൃപ്തി തുടങ്ങിയവയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.

ചോദ്യങ്ങളൊക്കെ ആത്മീയമായ സന്തോഷവുമായി ബന്ധപ്പെട്ടാണെന്നു തെറ്റിദ്ധരിക്കരുത്. ഭൗതികമായ സന്തോഷവുമായി ബന്ധപ്പെട്ടിട്ടുള്ളതാണിത്. ഭൗതികമായ ജീവിത സാഹചര്യങ്ങള്‍ അവരെ സന്തോഷിപ്പിക്കുന്നുണ്ടോയെന്നുള്ളതായിരുന്നു ഞങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്. കേരളത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടും കേരളത്തിലെ സ്ത്രീകളുടെ ജീവിതസാഹചര്യവുമായി ബന്ധപ്പെട്ട് അവര്‍ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും അതുപോലെ സിനിമ എന്ന മാധ്യമം നമ്മുടെ ജീവിതത്തെ എത്രകണ്ട് സ്വാധീനിക്കുന്നു തുടങ്ങിയവയായിരുന്നു ചോദ്യങ്ങളിലുണ്ടായിരുന്നത്. ചോദ്യങ്ങള്‍ക്ക് ലഭിച്ച ഉത്തരങ്ങള്‍ ചില സാമൂഹികപ്രശ്നങ്ങള്‍ക്കുള്ള മറുപടി കൂടിയാണ്.

യുവാക്കളെ സംബന്ധിച്ചിടത്തോളം കൂട്ടുകാര്‍ക്കൊപ്പമുള്ള കൂടിച്ചേരലും പ്രണയവുമൊക്കെത്തന്നെയാണ് സന്തോഷം. അത്തരം കൂട്ടായ്മകള്‍ക്ക് അവര്‍ക്ക് താത്പര്യമാണെന്നുള്ളകാര്യവും ബോധ്യപ്പെടുന്നുണ്ട്. അതേസമയം രാഷ്ട്രീയമായ സംഘം ചേരലിനെക്കുറിച്ച് അവര്‍ ചിന്തിക്കുന്നതേയില്ല. അങ്ങനെ ഒരു ഉത്തരത്തില്‍ നിന്നു തന്നെ പല ഉത്തരങ്ങള്‍ വിവേചിച്ചെടുക്കാന്‍ കഴിയും. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ, നിങ്ങളുടെ ബന്ധുക്കളോ അറിയുന്നവരോ പൊതുസ്ഥലത്തുവച്ച് പീഡിപ്പിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് സാധാരണഗതിയില്‍ ഉത്തരം പറയാന്‍ മടിക്കുന്നതാണ്. അത്തരമൊരു ചോദ്യത്തിന് 14 ശതമാനത്തോളം ആളുകള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഉത്തരം ലഭിച്ചു. യഥാര്‍ത്ഥത്തില്‍ അതിലെത്രയോ ഉപരിയാളുകളാവും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവുക. 84 ശതമാനത്തോളം ആളുകള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നതിനു തുല്ല്യമായ ഉത്തരമാണ് ലഭിച്ചത്.

ഭൂട്ടാന്‍പോലുള്ള രാജ്യമാണല്ലോ സന്തോഷത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്?

ഭൗതിക സന്തോഷത്തിന്റെ കാര്യത്തില്‍ നോര്‍വ്വേയാണ് ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.

അത്തരമൊരു രാജ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ കേരളത്തിന്റെ സന്തോഷ സൂചിക താഴെനില്‍ക്കാനുള്ള കാരണമെന്താണ്?

ഭൂട്ടാനെ സംബന്ധിച്ചിടത്തോളം അവിടെ ഹാപ്പിനസ് മന്ത്രാലമുണ്ട്. ഭൂട്ടാന് മാത്രമല്ല മലയാളികളേറ്റവുമുള്ള യുഎഇപോലുള്ള രാജ്യങ്ങളിലും ഹാപ്പിനെസ് മന്ത്രാലയമുണ്ട്. കേരളത്തില്‍ ഇതിനെയൊക്കെ തമാശയായാണ് കാണുന്നത്. സന്തോഷത്തിനു വേണ്ടിയൊരു വകുപ്പുണ്ടാവുക. സന്തോഷത്തിനു വേണ്ടിയൊരാളുണ്ടാവുക; അതിലൂടെ നമുക്ക് നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ നമ്മള്‍ സാമൂഹികക്ഷേമ വകുപ്പുകള്‍ വഴി നടപ്പാക്കുന്നുണ്ടാവാം. പക്ഷേ ലോക നിലവാരത്തില്‍ അതുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങളുണ്ട്. ജിഡിപി എന്നുള്ളതല്ല ഭൂട്ടാനികളുടെ ലക്ഷ്യം. ഗ്രോ ഹാപ്പിനെസ് പ്രൊഡക്ട് എന്നുള്ളതാണ് അവരുടെ ഉന്നം. സാമ്പത്തികമായുള്ള വളര്‍ച്ചയല്ല അവര്‍ സന്തോഷസൂചികയെ അളക്കാനായി ഉപയോഗിക്കുന്നത്. അവര്‍ എത്രത്തോളം ഹാപ്പിയാണെന്നു നോക്കിയാണ്.


അതുവഴി സമഗ്രമായ വികസനം സാധ്യമാകുമെന്നുള്ളതാണ് ഭൂട്ടാന്‍ പോലുള്ള രാജ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സങ്കല്‍പ്പം. ഇതിനായി ഒരു വകുപ്പും വകുപ്പ് മന്ത്രിയുമൊക്കെ ഉണ്ടാക്കാന്‍ കേരളത്തിന് സ്വന്തംനിലയ്ക്ക് കഴിയും. മഹാരാഷ്ട്രയില്‍ ഹാപ്പിനെസ് വകുപ്പുണ്ട്. അത്തരമൊരു വകുപ്പ് ഉണ്ടാകേണ്ടതുണ്ടെന്ന് വാദിക്കുന്നുണ്ടോ മനോരമ സര്‍വ്വേയും ക്യാമ്പെയ്നും?ഈ സര്‍വ്വേ, ക്യാമ്പെയില്‍ എന്നുള്ള ഉദ്ദേശത്തോടെ തുടങ്ങിയതല്ല. കോണ്‍ക്ലേവില്‍ ഉണ്ടാകാന്‍പോകുന്ന ചര്‍ച്ചയില്‍നിന്നും അത്തരമൊരു ആശയം ഉയര്‍ന്നു വന്നേക്കാം. കേരളത്തിലെ ഹാപ്പിനെസ് ഇന്‍ഡെക്സ് 4.4 എന്നുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അത് അങ്ങനെതന്നെയാകണമെന്നുമില്ല. പരിമിതമായ സാഹചര്യത്തെ ഉപയോഗപ്പെടുത്തിയുള്ള സവ്വേയാണിത്. എന്നിരിക്കിലും ഈ അവസ്ഥയില്‍ കേരളം തുടര്‍ന്നാല്‍ മതിയോ, ഹാപ്പിനെസ് ഇന്‍ഡെക്സ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടതില്ലേയെന്നുള്ള ചര്‍ച്ചയ്ക്ക് ഈ സര്‍വ്വേ വഴിതെളിക്കും.

സര്‍വ്വേയില്‍ എന്തുകൊണ്ടാണ് മതം പരിഗണിക്കാതിരുന്നത്?

ആളുകളില്‍ മതത്തിനു സ്വാധീനമുണ്ടല്ലോ?ഇത് സമഗ്രമായുള്ള സര്‍വ്വേയാകണമെന്നില്ല. യുവാക്കളെ സന്തോഷിപ്പിക്കുന്ന കാര്യത്തില്‍ വായന എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല അതല്ലെങ്കില്‍ രാഷട്രീയം എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചോദിച്ചിരുന്നു. ഒരു പ്രവണത മനസിലാക്കുകയെന്നുള്ളതായിരുന്നു ഈ സര്‍വ്വേകൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്തൊക്കെയാവണം ചര്‍ച്ചചെയ്യേണ്ടതെന്ന ഇന്‍പുട്ടുകൂടി ഈ ചര്‍ച്ചയിലൂടെ ലഭിച്ചിട്ടുണ്ട്. സിനിമയൊക്കെ അങ്ങനെയാണ് വന്നത്. അതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും പ്ലാന്‍ചെയ്തിട്ടുണ്ട്. ആളുകള്‍ വ്യക്തിപരമായി സന്തോഷിക്കുന്നുണ്ടോയെന്നുള്ള ചോദ്യത്തിന് 68 ശതമാനത്തോളം ആളുകള്‍ തൃപ്തിയാണെന്നുള്ള മറുപടിയാണ് നല്‍കിയത്. പക്ഷേ അപ്പോഴും ഇന്‍ഡെക്സ് താഴെയാണ്. അതിനെ വിശകലനം ചെയ്യുമ്പോള്‍ അതവര്‍ക്ക് പുറമെ തോന്നുന്ന സന്തോഷം മാത്രമാണെന്നുള്ളതാണ്. അതവരുടെ മനസിന്റെ ഉപരിതലത്തില്‍ തോന്നുന്ന സന്തോഷമാണ്. പക്ഷേ അതിനുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം വിപരീതമാണ്.

Image Title

ജീവിതത്തില്‍ നിങ്ങള്‍ സംതൃപ്തരാണോയെന്നുള്ളതായിരുന്നു ആദ്യത്തെ ചോദ്യം. 69 ശതമാനം പേരും തൃപ്തരാണെന്നുള്ള മറുപടിയാണ് തന്നത്. അവര്‍ക്ക് ജീവിതച്ചെലവിനെക്കുറിച്ച് ആശങ്കയുണ്ട്, വാര്‍ദ്ധക്യകാലത്തെക്കുറിച്ച് ആശങ്കയുണ്ട്, അതുപോലെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. അത്തരത്തിലുള്ള ഉത്തരങ്ങളിലേക്ക് കടക്കുമ്പോള്‍ ഹാപ്പിനെസ് ഇന്‍ഡെക്സ് താഴേക്ക് പോകുന്നതു കാണാം. അങ്ങനെ നോക്കുമ്പോഴാണ് ഹാപ്പിനെസ് ഇന്‍ഡെക്സ് 4.4 എന്നു കാണാന്‍ കഴിയുന്നത്.

ഹാപ്പിനെസ് സര്‍വ്വേ പോലുള്ളവ നടത്തുന്നത് വളരെ വ്യത്യസ്തമായ മാധ്യമപ്രവര്‍ത്തനമാണ്. വളരെ സെന്‍സേഷണലായ വിഷയം മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്ത് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നത് അഭിനന്ദനാര്‍ഹമാണ്. ആളുകളുടെ ഹാപ്പിനെസ് രൂപപ്പെടുത്തുന്നതില്‍ മനോരമയ്ക്ക് ഉത്തരവാദിത്തമുണ്ടല്ലോ? സ്വയം വിമര്‍ശനാത്മകമായുള്ള ഉത്തരം കിട്ടുന്നുണ്ടോ ഈ സര്‍വ്വേയില്‍ നിന്നും ?

കോണ്‍ക്ലേവിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചൊരു സെഷനുണ്ട്. നമ്മുടെ മാധ്യമപ്രവര്‍ത്തനത്തില്‍ ആളുകള്‍ തൃപ്തരാണോയെന്നുകൂടി ഇതില്‍ അന്വേഷിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തനത്തെ സ്വയം വിമര്‍ശനാത്മകമായി കാണേണ്ടുന്ന വിഷയവും അതിലുണ്ട്. ദേശീയ നിലവാരത്തിലാണ് അത് ചെയ്യുന്നത്. ബ്രേക്കിങ്ങ് ന്യൂസ് എന്നാല്‍ വാര്‍ത്ത ബ്രേക്കു ചെയ്യുകയാണോ മനുഷ്യരുടെ സന്തോഷം ബ്രേക്ക് ചെയ്യുകയാണോ എന്ന ചോദ്യം ലോകത്താകമാനം മാധ്യമങ്ങള്‍ സ്വയം ചോദിക്കേണ്ടതു തന്നെയാണ്.