ധനുഷിന്റെ നായകന്‍ പവര്‍പാണ്ടി സൂപ്പറാണ്; 27 വര്‍ഷം 23 സിനിമ!

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയ്ക്ക് നായകനാക്കിയത് മോഹന്‍ ലാലിനെ. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ധനുഷ് സംവിധാനം ചെയ്ത സിനിമയിലെ നായകനെ കണ്ട് എല്ലാവരും ഒന്നമ്പരക്കും!

ധനുഷിന്റെ നായകന്‍ പവര്‍പാണ്ടി സൂപ്പറാണ്; 27 വര്‍ഷം 23 സിനിമ!

വളരെ ശ്രദ്ധയോടെ സിനിമകള്‍ തെരഞ്ഞെടുക്കുന്ന അഭിനേതാവാണ് രാജ് കിരണ്‍. കഴിഞ്ഞ 27 വര്‍ഷങ്ങളില്‍ അഭിനയിച്ചത് 23 സിനിമകളില്‍ മാത്രം. ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന പവര്‍ പാണ്ടി എന്ന ചിത്രത്തിലെ നായകനാണ് രാജ് കിരണ്‍. പവർ പാണ്ടിയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

പുതുമുഖസംവിധായകന്‍ ആയ ധനുഷിന്‌റെ ചിത്രത്തില്‍ അഭിനയിച്ചത് എന്ത് വിശ്വാസത്തിലായിരുന്നു?

'വേങ്കൈ' എന്ന സിനിമയില്‍ അച്ഛനും മകനുമായി ഞങ്ങള്‍ അഭിനയിച്ചിരുന്നു. ധനുഷിന് നാല് വയസ്സുള്ളപ്പോള്‍ മുതല്‍ പരിചയമുണ്ട്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമാണ്. അതുകൊണ്ട് ധനുഷിന്‌റെ യോഗ്യതയെപ്പറ്റി എനിക്ക് നന്നായറിയാം. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി സംവിധാനം ചെയ്തിട്ടുണ്ട്. ഓരോ കഥാപാത്രവും തന്‌റെ പ്രായത്തിനു ചേര്‍ന്ന പോലെ പറഞ്ഞു മനസ്സിലാക്കി ആവശ്യമുള്ള രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. അത് എല്ലാ സംവിധായകര്‍ക്കും ആവശ്യമുള്ള അടിസ്ഥാനപരമായ യോഗ്യതയാണ്. ചില സംവിധായകര്‍ വലിയ കഴിവുള്ളവരായിരിക്കും. പക്ഷേ, അഭിനേതാക്കളില്‍ നിന്നും വേണ്ടത് നേടിയെടുക്കാനുള്ള കഴിവുണ്ടാവില്ല. അതും നന്നായി ചെയ്തു ധനുഷ്.

പവര്‍ പാണ്ടിയില്‍ അഭിനയിക്കാനുണ്ടായ പശ്ചാത്തലം എന്തായിരുന്നു?

ആദ്യം എന്നെ കാണാന്‍ വന്നത് സുബ്രഹ്മണ്യ ശിവാ ആയിരുന്നു. 'സ്റ്റണ്ട് മാസ്റ്ററുടെ കഥയാണ്. മുതിര്‍ന്നവരുടെ വികാരങ്ങളെ ബഹുമാനിക്കണമെന്നാണ് അയാളുടെ ലക്ഷ്യം. ഇതാണ് തിരക്കഥ' എന്ന് പറഞ്ഞു. ഇത് കേട്ടതും എനിക്കിഷ്ടപ്പെട്ടു. ഞാന്‍ ചെയ്യാമെന്ന് നിര്‍മ്മാതാവിനോട് അറിയിച്ചോളാന്‍ പറഞ്ഞു. അടുത്ത ദിവസം വീണ്ടും വന്ന് 'അണ്ണാ, ഇത് ഞാനല്ല സംവിധാനം ചെയ്യുന്നത്. ധനുഷിന്‌റെ കഥയാണ്. അയാളാണ് സംവിധാനം' എന്ന് പറഞ്ഞു.

പിന്നീട്, ധനുഷ് എന്നെ കാണാന്‍ വന്നു. തീര്‍ച്ചയായും ചെയ്യാം എന്ന് ഞാനും പറഞ്ഞു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഭാഷകളില്‍ മനോഹരമായി അഭിനയിച്ച പരിചയം ധനുഷിനുണ്ട്. ഹോളിവുഡില്‍ അഭിനയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇത്രയും വലിയ നായകന്‍ ആദ്യമായിട്ട് സംവിധാനം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ രജനീകാന്തിനെയല്ലേ ആദ്യം സമീപിക്കുകയുള്ളൂ. എന്നാല്‍, എന്‌റെയടുത്ത് വന്ന് 'നിങ്ങളാണ് സര്‍ നായകന്‍' എന്ന് ധനുഷ് പറഞ്ഞത് എത്ര വലിയ കാര്യമാണ്! മുഴുവന്‍ കഥയും കേള്‍ക്കാതെ തന്നെ സമ്മതം മൂളി.


വളരെ ആലോചിച്ച്, തെരഞ്ഞെടുത്ത് സിനിമ ചെയ്യുന്നയാളാണ് നിങ്ങള്‍, എന്താ കാരണം?

ഞാന്‍ വളരെ കഷ്ടപ്പെട്ടിട്ടുള്ളയാളാണ്. അങ്ങിനെയൊരു അവസ്ഥയില്‍ നിന്നും ഇവിടെ വരെയെത്തി. ഒരു ദിവസം 4.50 രൂപയ്ക്ക് ഫിലിം റെപ്രസെന്‌റേറ്റീവ് ആയി ജോലി തുടങ്ങിയതാണ്. കഷ്ടപ്പെട്ട് വന്നതിനാല്‍, എനിക്ക് എല്ലാവരുടേയും കഷ്ടപ്പാടുകള്‍ മനസ്സിലാക്കാന്‍ പറ്റും. വലിയ ശമ്പളം തരുന്നു എന്നതു കൊണ്ട് ഞാന്‍ സന്ധി ചെയ്യാറില്ല.

ഞാന്‍ അഭിനയിക്കുന്ന കഥ വിജയിക്കണം. ആ സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കള്‍, വിതരണക്കാർ, തിയേറ്റര്‍ ഉടമകള്‍ എന്നിങ്ങനെ എല്ലാവരും ജയിക്കണം എന്ന വിചാരത്തിലാണ് കഥ കേള്‍ക്കാറുള്ളത്. വാണിജ്യവിജയം മാത്രമല്ല, കഥയില്‍ സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ച് നല്ല അഭിപ്രായം ഉണ്ടാകണമെന്നും ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

ഇപ്പോള്‍ മുന്‍ നിര താരങ്ങള്‍, സംവിധായകര്‍ എന്നിവരേക്കാള്‍ പുതുമുഖങ്ങളുടെ സിനിമകള്‍ വിജയിക്കുന്നുണ്ടല്ലോ?

എല്ലാ കാലത്തിലും ഈ മാറ്റം നടന്നു കൊണ്ടിരിക്കും. പുതിയതായി പറയുന്ന കാര്യങ്ങള്‍ എംജിആര്‍, ശിവാജി കാലത്തു തന്നെ വന്നു കൊണ്ടിരിക്കുന്നതാണ്. അപ്പോള്‍ മത്സരം അധികം ഇല്ലാത്തതിനാല്‍ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എന്നിവര്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നില്ല. ഒരു സിനിമ പരാജയപ്പെട്ടാല്‍ അടുത്ത സിനിമയില്‍ അത് നികത്തും. ഇപ്പോള്‍ അങ്ങിനെയല്ല. നല്ല സിനിമകള്‍ നിര്‍മ്മിക്കുന്നവര്‍ പത്ത് പേര്‍ പോലുമില്ല. ആയിരം നിര്‍മ്മാതാക്കളും ഉണ്ട്. എന്നാലും പുതിയതായി പറയുന്ന കഥകള്‍ ഓടും.

വലിയ നടന്മാര്‍ക്ക് പ്രത്യേകം ഇമേജ് ഉണ്ട്. ആ ഇമേജിനുള്ളില്‍ നിന്ന് അഭിനയിച്ചാലേ അവര്‍ക്ക് വാണിജ്യവിജയം കിട്ടുകയുള്ളു. ഇതേ ഇമേജില്‍ അല്പം മാറ്റിപ്പറഞ്ഞാല്‍ പടം ബ്രഹ്മാണ്ഡ വിജയം നേടും. അത് കഥയെ ആശ്രയിച്ചിരിക്കും.

സാമൂഹ്യമാധ്യമങ്ങളില്‍ പതിവായി എഴുതുന്നുണ്ടല്ലോ, അവിടെയും തെറ്റുകള്‍ നടക്കുന്നില്ലേ?

സാമൂഹ്യമാധ്യമങ്ങള്‍ നമുക്ക് കിട്ടിയ വരപ്രസാദം ആണ്. പണ്ട് എനിക്കൊരു കാര്യം പറയണമെങ്കില്‍ പത്രക്കാരായ സുഹൃത്തുക്കളെ വിളിച്ച് പറയണം. ഇപ്പോള്‍ അങ്ങിനെയല്ല. ഞാന്‍ വിചാരിക്കുന്നത് ഫേസ് ബുക്ക്, ട്വിറ്റര്‍ മൂലം പറയാന്‍ സാധിക്കും. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ കാരണമാണ് കുഴപ്പങ്ങള്‍ ഉണ്ടാകുന്നത്. നല്ലത് ഉണ്ടെങ്കില്‍ ചീത്തയും ഉണ്ട്. ഇതേ സാമൂഹ്യമാധ്യമങ്ങള്‍ വഴിയല്ലേ മറീനയില്‍ ജല്ലിക്കട്ട് വിപ്ലവം നടന്നത്!


കടപ്പാട്: കാ. ഇശക്കിമുത്തു (ദ ഹിന്ദു, തമിഴ്)

മൊഴിമാറ്റം: എസ് ജയേഷ്

Read More >>