നദി വിളിക്കുന്നു; കോഴിക്കോട്ടെ തിയേറ്റര്‍ കാര്‍ണിവലിലേയ്ക്ക്... 'പേപ്പര്‍ ബോട്ടില്‍' കയറിയാലോ?

നദിയടക്കമുള്ള കോഴിക്കോട്ടെ കൂട്ടുകാര്‍ 'പേപ്പര്‍ ബോട്ടില്‍' കയറി എല്ലാവരേയും വിളിക്കുന്നു. ഈ മാസം 26 മുതല്‍ തിയറ്റര്‍ കാര്‍ണിവെലാണ്. നാടകവും പാട്ടും സൌഹൃദവുമെല്ലാമായി കുറച്ചു ദിവസങ്ങള്‍- പേപ്പര്‍ബോട്ടിനേയും കാര്‍ണിവലിനേയും കുറിച്ച് നദി പറയുന്നു

നദി വിളിക്കുന്നു; കോഴിക്കോട്ടെ തിയേറ്റര്‍ കാര്‍ണിവലിലേയ്ക്ക്... പേപ്പര്‍ ബോട്ടില്‍ കയറിയാലോ?

ചോദിക്കുന്നവരെല്ലാം പറയുന്നു ഏപ്രില്‍ 26 മുതല്‍ 28 വരെ കോഴിക്കോടാണെന്ന്. കോഴിക്കോട് തിയറ്റര്‍ കാര്‍ണിവെലാണ്. കോഴിക്കോട്ടെ കൂട്ടുകാര്‍ 'പേപ്പര്‍ ബോട്ടില്‍' ഒത്തുകൂടി കലയൊരുക്കുന്നു. മാസങ്ങളായി തയ്യാറെടുപ്പിലാണ് കോഴിക്കോട് സംഘം. കൂട്ടായ്മയിലെ നദിയെ കിട്ടിയത് ചാറ്റിലാണ്. നദിക്ക് കാര്‍ണിവലിനേയും പേപ്പര്‍ബോട്ടിനേയും കുറിച്ച് പറയാനുള്ളത്:

എന്താണ് പേപ്പര്‍ ബോട്ട്?

കോഴിക്കോട് നാടക സാംസ്കാരിക പ്രവർത്തകരുടെയും ചിത്രകാരന്മാരുടെയും കൂട്ടായ്മയാണ് പേപ്പർ ബോട്ട്. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഒത്തുകൂടാറുള്ള വലിയ സൗഹൃദ സംഘമാണ് ഇതിനു പിന്നിൽ.

തിയേറ്റര്‍ ഫെ്സ്റ്റിവലെന്നു കേട്ടു. എങ്ങനെയാണ്... ആരാണ്... എന്താണവിടെ നടക്കുക?

കോഴിക്കോടിന്റെ സമ്പന്നമായ നാടക കാലത്തെ ഓർമ്മിച്ചെടുക്കാതെ ഒരു സാംസ്കാരിക ചിന്ത ഇവിടുള്ളവർക്ക് അസാധ്യമാണ്. ദേശപ്പെരുമയ്ക്കൊപ്പം സ്വകാര്യ അണിയറ ഒച്ചകളും കൂട്ടിവച്ചവരാണ് കോഴിക്കോട്ടുകാർ. കേരളത്തിനകത്തും പുറത്തുമുള്ള വിഖ്യാത നാടകങ്ങളെയും കലാരൂപങ്ങളെയും കോഴിക്കോടൻ ജനതയ്ക്കു മുന്നിൽ പരിചയപ്പെടുത്തുക എന്നതാണ് പേപ്പർ ബോട്ട് ലക്‌ഷ്യം വയ്ക്കുന്നത്. അതിന്റെ ആദ്യ പടിയായിട്ടാണ് ഈ മാസം 26,27,28 ദിവസങ്ങളിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് മൈതാനിയിൽ തിയ്യേറ്റർ കാർണിവൽ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കാർണിവലിൽ ഇറ്റഫോക് ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ നാടകോത്സവങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഇൻ വിസിബിൾ ലൈറ്റിങ് സൊലൂഷ്യൻ അവതരിപ്പിക്കുന്ന ജോസ് കോശിയുടെ

'ചരിത്ര പുസ്തകത്തിലേക്കൊരേട്' ഒന്നാം ദിവസവും, നാടകപ്പുര ചേർപ്പ് അവതരിപ്പിക്കുന്ന നരിപ്പറ്റ രാജുവിന്റെ 'തീയൂർ രേഖകൾ' രണ്ടാം ദിവസവും ഊരാളി മ്യൂസിക് ബാൻഡിന്റെ സംഗീത സായാഹ്നം 'പാട്ടും പറച്ചിലും' അവസാന ദിവസവും അരങ്ങേറും.

ഈ മൂന്നവതരണങ്ങള്‍ തിരഞ്ഞെടുത്തത് എന്ത് മാനദണ്ഡത്തിലൂടെയാണ്?

'ചരിത്ര പുസ്തകത്തിലേക്കൊരേട്' അടുത്ത കാലത്തുണ്ടായ മികച്ച നാടകങ്ങളിൽ ഒന്നാണ്. ഏഴു ദിവസം നിർത്താതെ ഒരു ഗ്രാമീണ ജീവിതത്തിലേക്ക് സൈക്കിൾ ചവിട്ടിയ കൊച്ചന്തോണി ആശാൻ സമ്മാനിച്ച കാഴ്ചകൾ കേരളത്തിലെ നാടക പ്രേമികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചരിത്ര പുസ്തകത്തിൽ എവിടെയും രേഖപ്പെടുത്താതെ പോയ കൊച്ചന്തോണി ആശാന്റേയും സംഘത്തിന്റെയും ജീവിതകഥ കാർണിവലിൽ ഒന്നാം ദിവസം തന്നെ കളിപ്പിക്കാൻ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല.അഭിനയ മികവുകൊണ്ടും അവതരണ മികവു കൊണ്ടും മികച്ചു നിൽക്കുന്ന ദൃശ്യാവിഷ്കാരമാണ് ടി വി കൊച്ചു ബാവയുടെ ഉപന്യാസം എന്ന കഥയ്ക്ക് ജെയിംസ് ഏലിയാ നാടകഭാഷ്യം നൽകി ജോസ് കോശി സംവിധാനം ചെയ്ത 'ചരിത്ര പുസ്തകത്തിലേക്കൊരേട്'.

തീയൂർ രേഖകൾ പ്രശസ്ത സാഹിത്യകാരൻ എൻ പ്രഭാകരന്റെ നോവലിനെ ആസ്പദമാക്കി കെ. എസ് വാസുദേവൻ, നരിപ്പറ്റ രാജു എന്നിവർ രചിച്ചു നരിപ്പറ്റ രാജു സംവിധാനം ചെയ്ത നാടകമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ അവസാന ഘട്ടം വരെയുള്ള കാലത്ത് ഒരു പ്രദേശത്തു തുടർച്ചയായി ഉണ്ടായികൊണ്ടിരുന്ന കൊലപാതകങ്ങളും തിരോധനങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. കേരളീയ നവോത്ഥന മൂല്യങ്ങൾ ചോർന്നു പോയതിന്റെ ഭാഗമായി സമൂഹത്തിലുണ്ടായ പുറകോട്ടു നടക്കലിന്റെ ആകുലതകളും ഉത്കണ്ഠയുമാണ് നാടകം ചർച്ച ചെയ്യുന്നത്. രാഷ്ട്രീയപ്രാധാന്യമുള്ള തീയൂർ രേഖകൾ തീർച്ചയായും കണ്ടിരിക്കേണ്ട നാടകമാണ്.

കേരളത്തിനകത്തും പുറത്തും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും സാമൂഹ്യ രാഷ്ട്രീയ വിവേചനങ്ങൾക്കെതിരെയും പാട്ടിലൂടെ പ്രതിരോധം തീർത്തു കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട സംഗീത സംഘമാണ് ഊരാളി. ഊരാളിയുടെ മുഴുനീള പെർഫോമൻസ് കോഴിക്കോട് ആദ്യമാണ്. രാഷ്‌ടീയമായി ഏറെ യോജിപ്പുള്ള കൂട്ടമായതിനാൽ തന്നെയാണ് ഊരാളിയെ കാർണിവലിൽ ഭാഗമാക്കാൻ തീരുമാനിച്ചത്.

ആവേശകരമായിരുന്നു ലിറ്റററി ഫെസ്റ്റും അതിലെ പങ്കാളിത്തവും- ആ ഒരു ആവേശം തിയേറ്റര്‍ ഫെസ്റ്റിനും തോന്നുന്നു...?

ചിതറിക്കിടക്കുന്ന പല മേഖലയിലെ ആളുകളുടെ ഒരു കൂട്ടായ്മയാണ് പേപ്പര്‍ബോട്ട്. ലിറ്റററി ഫെസ്റ്റിവലിന് ചുക്കാന്‍ പിടിക്കാന്‍ ഡിസി ബുക്സ് പോലൊരു വലിയ സ്ഥാപനമുണ്ടായിരുന്നു, എന്നാല്‍ പേപ്പര്‍ബോട്ടിന് അത്തരം സ്ഥാപനങ്ങളുടെയോന്നും സഹകരണമില്ല, പരിമിതികള്‍ ധാരാളം ഉണ്ട്, ഭാവിയില്‍ കോഴിക്കോട് എന്നും ആവേശം ഉണ്ടാക്കുന്ന, ലൈവായി സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്ന കൂട്ടായ്മയായി പേപ്പര്‍ ബോട്ട് വളരുമെന്നത് തീര്‍ച്ചയാണ്.

ആരാണ് സംഘാടകര്‍. എന്താണ് ഈ കൂട്ടായ്മയുടെ സ്വഭാവം?

നേരത്തെ പറഞ്ഞല്ലോ, നാടകപ്രവര്‍ത്തകരും എഴുത്തുകാരും അധ്യാപകരും ചിത്രകാരന്മാരും സാമൂഹ്യപ്രവര്‍ത്തകരും എല്ലാമുണ്ട് പേപ്പര്‍ബോട്ടില്‍. ഏകദേശം ഇരുപത്തി അഞ്ചോളം പേര്‍. കോഴിക്കോട് കേന്ദ്രമായി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്ക്ക് നേതൃത്വം നല്‍കുക, നാടകം ചെയ്യുക, കലാരൂപങ്ങള്‍ നാടിനു പരിചയപ്പെടുത്തുക, ചര്‍ച്ചകളും സംവാദങ്ങളുമായി കോഴിക്കോടിനെ ലൈവാക്കുക- അത്രയൊക്കെയാണ് ഇപ്പോഴത്തെ ലക്ഷ്യം

കോഴിക്കോട് മാത്രേയുള്ളോ. അതോ ബാക്കി സ്ഥലങ്ങളിലേയ്ക്കും ആലോചനയുണ്ടോ

തിയ്യേറ്റര്‍ കാര്‍ണിവെല്‍ കോഴിക്കോട് മാത്രമേ ഉള്ളു. പേപ്പര്‍ ബോട്ടിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രൊഡക്ഷന്‍ കേരളത്തിനകത്തും പുറത്തുമെല്ലാം അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

നദിക്കും തിയറ്റര്‍ പശ്ചാത്തലമില്ലേ. അതേ പറ്റി പറയാമോ

നിരവധി നാടക പ്രവര്‍ത്തകരുമായി അടുത്ത സൗഹൃദം എനിക്കുണ്ട്, ആയതിനാല്‍ തന്നെ വിവിധ പ്രൊഡക്ഷനുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ടു വര്‍ഷം സംഗീത നാടക അകാദമിയുടെ പ്രവാസി നാടക മത്സരത്തിന്റെ ഭാഗമായി കൊല്‍ക്കൊത്തയില്‍ നടന്ന നാടകത്തിന് ആര്‍ട്ട് ചെയ്തിട്ടുണ്ട്. ദേശീയ അവാര്‍ഡ് ലഭിച്ച കൊല്‍ക്കൊത്ത കൈരളി സമാജത്തിന്റെ പുലിപ്പെണ്ണ് നാടകം സൂര്യ ഫെസ്റിവലില്‍ ഉള്‍പ്പെട്ടതോടെ കേരളത്തില്‍ ഉടനീളം കളിച്ചിട്ടുണ്ട്.

ഞങ്ങളെങ്ങനെ ഫെസ്റ്റിന് രജ്‌സ്ട്രര്‍ ചെയ്യും. ടിക്കറ്റെവിടെ കിട്ടും. താമസിക്കാനിടമുണ്ടോ

വന്നാല്‍ തിയ്യേറ്റര്‍ കാര്‍ണിവലിന്റെ പാസ് കോഴിക്കോട് മുതലക്കുളത്തുള്ള റാസ്ബറി ബുക്സ്, നടക്കാവിലെ ഇന്സൈണറ്റ് പബ്ലിക്ക, വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ്, നാഷണല്‍ ഹാന്‍ഡ് ലൂം തുടങ്ങിയ ഇടങ്ങളില്‍ ലഭിക്കും. അല്ലെങ്കില്‍ സംഘാടകരെ ബന്ധപ്പെടാം- 9846030411,9447229988.

താമസസൌകര്യം ഇല്ല, നഗരം പരിചയമില്ലാത്തവര്‍ക്ക് ഏതുസഹായവും സംഘാടകര്‍ ചെയ്തു തരുന്നതാണ്.

ഇത്തരത്തില്‍ കേരളമൊട്ടാകെ സാംസ്കാരിക കൂട്ടായ്മകള്‍ സജീവമാകുന്നുണ്ടല്ലോ

അതെ. സന്തോഷം തോന്നുന്നു. എല്ലായിടത്തേയും കൂട്ടായ്മകളില്‍ കോഴിക്കോട് നിന്നും ഞങ്ങളെത്താറുണ്ട്. എല്ലായിടത്തു നിന്നും തിയറ്റര്‍ കാര്‍ണിവെലിന് കോഴിക്കോടേയ്ക്ക് സുഹൃത്തുക്കള്

തിയേറ്റര്‍ ഫെസ്റ്റ് ഇനിയുമുണ്ടാകുമോ...?

എല്ലാവര്‍ഷവും തുടരും. തിയ്യേറ്റര്‍ കാര്‍ണിവലിന്റെ ഭാഗമായി ഈ മാസം 17 മുതല്‍ കോഴിക്കോട് ആര്ട്ട് ഗാലറിയില്‍ ചിത്ര പ്രദര്‍ശനം നടക്കും, കോഴിക്കോട്ടെ പ്രശസ്ത ചിത്രകാരെല്ലാം പേപ്പര്‍ ബോട്ടിനായി വരയ്ക്കും.

പൂനെ ഫിലിം ഇന്‍സ്റ്റ്യൂട്ടുമായി ബന്ധപ്പെട്ട സമരം, നദിയുടെ മുന്‍കയ്യോടെ ആരംഭിച്ച തീവണ്ടി ഗ്രൂപ്പില്‍ നിന്നാണെന്നറിയാം. ആ ഗ്രൂപ്പ് ഇപ്പോഴുമുണ്ടോ

പേപ്പര്‍ ബോട്ട് കോഴിക്കോട്ടെ സൌഹൃദക്കൂട്ടം ആണ്. എന്നും കാണുന്നവര്‍. തീവണ്ടി അങ്ങനെയായിരുന്നില്ല, കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള ഫേസ്ബുക്ക് സൌഹൃദങ്ങള്‍ ആയിരുന്നു അത്. പൂനെ ഫിലിം ഇന്സ്റ്റിട്ട്യൂട്ട് സമരം ഉള്‍പ്പടെ വിവിധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം സംഘടിപ്പിക്കാന്‍ തീവണ്ടി ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തീവണ്ടിയുടെ നേതൃത്വത്തില്‍ നിരവധി യാത്രകളും നടന്നിരുന്നു. കാടും മലകളും കയറിയിറങ്ങി യാത്ര ചെയ്യുന്നവരെയും ഏതെങ്കിലും ഒരു വിഷയത്തില്‍ പ്രതികരിക്കുന്നവരെയും എളുപ്പത്തില്‍ മാവോയിസ്റ്റുകളോ രാജ്യദ്രോഹികളോ ആക്കി മാറ്റം എന്ന ഭരണകൂട മാധ്യമ നിലപാടുകളാണ് തീവണ്ടി പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ കാരണം. 2015 ജൂലൈയില്‍ പൊന്‍‌മുടിയില്‍ പോയ തീവണ്ടി യാത്ര സംഘത്തെ മാവോയിസ്റ്റുകള്‍ ആക്കി ആഘോഷിച്ചിരുന്നു മാധ്യമങ്ങള്‍. പേപ്പര്‍ ബോട്ട് എന്നത് കോഴിക്കോട്ടുകാരുടെ സാംസ്‌കാരിക ഒത്തു ചേരലുകളുടെ ബാക്കിയാണ്. ഇനിയെന്നും വിവിധ തരത്തിലുള്ള സാംസ്‌കാരിക ഇടപെടലുകളുമായി പേപ്പര്‍ ബോട്ട് കോഴിക്കോട് ഉണ്ടാകും.

Read More >>