മാറ്റിനിർത്തലുകൾ ഇല്ലാതാവുമ്പോൾ ദേശസ്നേഹം ഉണ്ടാക്കിയെടുക്കേണ്ടി വരില്ല: കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സെക്രട്ടറി റിജോയ്

"ആദ്യം രാഷ്ട്രബോധം ഉണ്ടാക്കുക, പിന്നെ കല കാണൂ എന്നാണ് അവർ പറയുന്നത്. എല്ലാം ഇന്ത്യൻ ആണെന്നാണ് അവർ പറയുന്നത്. എന്നാൽ എല്ലാം ഇന്ത്യൻ അല്ലല്ലോ. വ്യത്യസ്തതകൾ മനോഹരമായി നിൽകുമ്പോൾ അതിനുള്ളിൽ ദേശീയത സ്വാഭാവികമായി ഉണ്ടാകേണ്ടതാണ് അല്ലാതെ ഇവർ പറയുന്നതുപോലെ ആജ്ഞാശക്തി കൊണ്ട് ഉണ്ടാക്കേണ്ടതല്ല."- ദേശീയ ഗാനവിധിക്കെതിരെ കോടതിയിൽ പോയ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സെക്രട്ടറി റിജോയുമായി നാരദ ന്യൂസ് അഭിമുഖം

മാറ്റിനിർത്തലുകൾ ഇല്ലാതാവുമ്പോൾ ദേശസ്നേഹം ഉണ്ടാക്കിയെടുക്കേണ്ടി വരില്ല: കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സെക്രട്ടറി റിജോയ്

ദേശീയ ​ഗാനം തീയേറ്ററിൽ നിർബന്ധമാക്കുകയും എഴുന്നേറ്റു നിന്നില്ലെങ്കിൽ കുറ്റമാകും എന്ന ഉത്തരവുണ്ടായ കാലം മുതൽ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നിയമപോരാട്ടത്തിലുണ്ടോ?

2016 നവംബറിലാണ് ഈ വിധി വരുന്നത്. 2016 ഡിസംബറിൽ ഐഎഫ്എഫ്കെ നടക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു ഇത്. ഐഎഫ്എഫ്കെയിൽ ചെല്ലുമ്പോൾ അവിടെ ദേശീയഗാനവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചു സുഹൃത്തുക്കൾക്കൊപ്പം ആലോചിച്ചപ്പോഴാണ് ഇങ്ങനെ ഒരാശയം വരുന്നത്. കൂടെയുള്ള വക്കീലന്മാരോടും കൂട്ടത്തിൽ ഉള്ളവരോടും സംസാരിച്ചപ്പോൾ ഇങ്ങനെ ഒരു വിധിയില്ല. ഇത് നിലനിൽക്കാത്ത വിധിയാണ് എന്നു പറഞ്ഞു. 1971ലെ ഒരു നിയമമാണ് നമുക്കുള്ളത്. ദേശീയഗാനവും ദേശീയ സ്മാരകങ്ങളും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമമാണത്. ആ നിയമം അനുസരിച്ച് ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം, ഇരിക്കണം എന്നൊന്നും പറയുന്നില്ല. ഒരാൾ ദേശീയഗാനം ആലപിക്കുമ്പോൾ തടസപ്പെടുത്തരുത് എന്ന് മാത്രമേ പറയുന്നുള്ളു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഒരു കാര്യം മനസിലായി, ഇത് നിയമപരമായി നിലനിൽക്കുന്ന വിധിയല്ല. ഇത്തരം ദേശീയതയെ, അടിച്ചേൽപ്പിക്കുന്ന ആജ്ഞാപരമായ ദേശീയതയെ അംഗീകരിക്കേണ്ട അവസ്ഥയിലേയ്ക്ക് വരണ്ട. ദേശീയത സ്വാഭാവികമായി രൂപപ്പെടേണ്ട ഒന്നാണ് എന്ന സാമൂഹിക മാനം കൂടെയുള്ളതിനാലാണ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാമെന്നു തീരുമാനിക്കുന്നത്.

ചലച്ചിത്ര മേളയിൽ പോയവർ എഴുന്നേറ്റ് നിൽക്കണം എന്ന്, ഇടതു സർക്കാരിലെ സാംസ്ക്കാരിക മന്ത്രിയടക്കമുള്ളവർ പറഞ്ഞിരുന്നു...

എനിക്കു തോന്നുന്നത് കോടതിയിൽ നിന്നും വന്ന ഉത്തരവിനെ അവർ ആ നിലയ്ക്ക് കണ്ടു എന്നാണ്. പൊലീസ് ഇടപെട്ടതിനേക്കാൾ കൂടുതൽ അവിടെ ഇടപെടുന്നതും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും മറ്റ് ആളുകളാണ് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്ന കാര്യം. എഴുന്നേറ്റു നിൽക്കാത്തവരുടെ മേൽ, അവർ എഴുന്നേറ്റ് നിൽക്കുന്നില്ല എന്നതിന്റെ പേരിലായിരുന്നു പ്രശ്നം. എഴുന്നേറ്റ് നിൽക്കുന്ന ആളുകൾ എഴുന്നേറ്റ് നിൽക്കാത്തവരെ ദേശീയഗാനം കഴിഞ്ഞ ഉടനെ ആക്രമിക്കും എന്നതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. പല ഇടങ്ങളിലും പിന്നീട് ഇതുപോലെ സംഭവിച്ചു. അന്ന് ഐഎഫ്എഫ്കെയിൽ ഇതാണ് ഉണ്ടായത്. ഏഴു പേരെ കസ്റ്റഡിയിൽ എടുത്തു. ദേശീയഗാനം കഴിഞ്ഞ ഉടനെ പുറത്തു നിന്ന പൊലീസിനെ അവർ അകത്തേക്ക് വിളിച്ചു കൊണ്ടു വന്ന്, കാണിച്ചു കൊടുക്കുകയാണ് ചെയ്തത്. അവിടെ ഇരുന്ന ഡെലിഗേറ്റ്സ് തന്നെയാണ് ഇവരെ ചൂണ്ടികാണിച്ചിട്ട് അവർ എഴുന്നേറ്റ് നിന്നില്ല എന്ന് പറഞ്ഞു പിടിപ്പിച്ചത്. പൊലീസ് ഇടപെടരുത് എന്നും ഡെലിഗേറ്റ്സിനെ അറസ്റ്റ് ചെയ്യരുത് എന്നും അന്ന് അക്കാദമി ചെയർമാൻ പറഞ്ഞ കാര്യമാണ്. ദേശീയഗാനവുമായി ബന്ധപ്പെട്ട് പൊലീസ് തീയേറ്ററിന് അകത്തേയ്ക്ക് കയറരുത് എന്നും പറഞ്ഞിരുന്നതാണ്. അതിന്റെ പേരിലാണ് അക്കാദമി ചെയർമാന് നേരെ ആക്രമണം ഉണ്ടായത്.

അറസ്റ്റ് ചെയ്ത പൊലീസുകാർക്കും എന്ത് വകുപ്പിൽ കേസെടുക്കണമെന്ന് അറിയില്ലായിരുന്നു?

സത്യത്തിൽ 187-ാം വകുപ്പ് പ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. വക്കീലുമായി സംസാരിക്കുമ്പോൾ എനിക്ക് കിട്ടിയ വിവരമാണ്. ഞാൻ ഒരു നിയമവിദഗ്ദ്ധനല്ല. വക്കീൽ പറഞ്ഞത്, പൊലീസിന് ആകെ ചെയ്യാൻ പറ്റുന്ന കാര്യം അറസ്റ്റ് ചെയുകയും ജാമ്യത്തിൽ വിടുകയുമാണ്. ഒരു പെറ്റി കേസ് ആയിട്ട് പറയാം. നമ്മുടെ നിയമം അനുസരിച്ച് ഒരാൾ ദേശീയഗാനം ആലപിക്കുമ്പോൾ തടസ്സം വരുത്താതെ ഇരിക്കുക. ഒരാൾ ഇരിക്കുന്നതിനെ തടസം വരുത്തി എന്ന് തെളിയിക്കാനൊന്നും പറ്റില്ല.

അപരത്വവത്കരണം ഉണ്ടാകുമ്പോഴാണ് ഞാൻ അതിന്റെ ഭാഗമല്ലെന്ന തോന്നൽ ഉണ്ടാകുന്നത്. നമ്മൾ അതിന്റെ ഭാഗമല്ല എന്നു തോന്നുമ്പോഴാണ് അതിനെ ബഹുമാനിക്കേണ്ട എന്ന് തോന്നുക. മാറ്റിനിർത്തലുകൾ ഇല്ലാതെ എല്ലാവരെയും ഉൾക്കൊള്ളാവുന്ന അതായത് ജാതി മത വർഗ ന്യൂനപക്ഷ ദളിത് ലിംഗ വ്യത്യാസങ്ങളൊന്നും ഇല്ലാതെ എല്ലാവരും ഇതിന്റെ ഭാഗമാണെന്നു വന്നു കഴിഞ്ഞാൽ ഈ പറയുന്ന ദേശസ്നേഹം ഉണ്ടാക്കിയെടുക്കേണ്ട ആവശ്യമില്ല. അത് സ്വാഭാവികമായും ഉണ്ടാകും.

ദേശീയഗാനത്തിനു എഴുന്നേറ്റ് നിൽക്കാത്തതുമായി ബന്ധപ്പെട്ടു രാജ്യത്ത് പല ആക്രമണങ്ങളും നടന്നു. ഈ ദേശീയഗാനത്തെ വിദ്വേഷ രാഷ്ട്രീയം ആയുധമായി ഉപയോ​ഗിച്ചു എന്നല്ലേ വിലയിരുത്തൽ?

ദേശീയഗാനം ഉപയോഗിച്ചു രാഷ്ട്രീയം വളർത്താനാണ് അവർ ശ്രമിച്ചത്. അതിന്റെ ആദ്യത്തെ ഘട്ടമാണ് ഐഎഫ്എഫ്കെയിൽ നടന്നതെന്ന് തന്നെയാണ് നമ്മൾ വിലയിരുത്തിയത്. തീയേറ്റർ ആദ്യത്തെ ഘട്ടം മാത്രമാണ്. ഈ നിലയ്ക്ക് പോവുകയാണെങ്കിൽ ആൾ കൂടുന്ന ഇടങ്ങളിൽ അല്ലെങ്കിൽ പൊതുപരിപാടിയുടെ ആദ്യം ദേശീയഗാനം വേണമെന്നുള്ള ഒരു വിധിയും അധികം വൈകാതെ വരേണ്ടതാണ്. നമ്മൾ തെരുവിൽ രാഷ്ട്രീയപാർട്ടിയുടെയോ അല്ലാത്തതോ ആയ ഏതൊരു പരിപാടി നടത്തുമ്പോഴും ദേശീയഗാനം ആലപിച്ചു തുടങ്ങുകയും അവസാനിപ്പിക്കുകയും വേണമെന്നും വിധി പ്രസ്താവിക്കുകയാണ്. പ്രത്യേകിച്ച് നിയമം ഉണ്ടായിട്ട് വന്ന വിധി അല്ല ഇത്. വിധി വരുന്നതാണെങ്കിൽ പോലും റിട്ട് ഹർജി മുഖേന വരുന്ന വിധിയാണ്. ഫണ്ടമെന്റൽ റൈറ്റ്ന് മുകളിലാണ് ഈ പറയുന്ന വിധിയെങ്കിൽ അത് പാലിക്കേണ്ടതുണ്ട്. ദേശീയഗാനത്തെ അല്ലെങ്കിൽ ദേശീയ സ്മാരകങ്ങളെ ബഹുമാനിക്കുക എന്നതെല്ലാം ഫണ്ടമെന്റൽ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് പറയുന്നത്. എന്നാൽ നിയമപരമായി ഫണ്ടമെന്റൽ ഡ്യൂട്ടി റിട്ട് ഹർജിക്ക് മുകളിൽ വരുന്നില്ല . ഒരു ബഹുസ്വര സമൂഹത്തിൽ എല്ലാരേയും ഉൾകൊള്ളുക എന്നത് കളഞ്ഞു ഒരു ഏകാത്മകത രൂപത്തിലേക്ക് എത്തിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ജനങ്ങളെ നിങ്ങൾ പോപ്‌കോൺ ദേശീയതയിലേയ്ക്ക് മാറ്റുകയാണോ എന്നാണ് അറ്റോർണൽ ജനറൽ കെ കെ വേണുഗോപാലനോട് കോടതി ചോദിച്ചത്.

അതുവരെ കമൽ എന്നു കേരളം മുഴുവൻ അറിയപ്പെട്ടിരുന്ന ആൾ ഒറ്റ ദിവസത്തിനുള്ളിൽ കമാലുദ്ദീൻ എന്നറിയപ്പെടാൻ തുടങ്ങി. അത്തരത്തുള്ള രീതിയിലാണ് അവരുടെ ആക്രമണ ശൈലി. ഇത്തരത്തിൽ എല്ലാവർക്കെതിരെയും ആക്രമണം ഉണ്ടായി. എൻറെ വീടിന്റെ ചുറ്റും ഫ്ലക്സ് ബോർഡുകൾ വയ്ക്കുകയും നാട്ടിൽ മുഴുവൻ ഞാൻ ദേശവിരുദ്ധനും ദേശീയതയ്ക്ക് എതിരെയുള്ള ആളാണ് എന്നൊക്കെ അവർ പറഞ്ഞു നടക്കുകയും ചെയ്തു.

ദേശീയഗാനം എന്ന വിഷയം ഉന്നയിച്ചു കൊണ്ട് നമ്മൾ കോടതിയിൽ പോകുകയും ഇപ്പോൾ ഒരു ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. എന്താണ് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി?

എഴുപതുകളുടെ അവസാനത്തിൽ കൊടുങ്ങല്ലൂരിൽ അക്കാലത്തുണ്ടായിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഉണ്ടാക്കിയെടുത്ത സംവിധാനമാണ് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി. നമ്മുടെ രാജ്യത്തും അതിനു പുറത്തും സിനിമ കാണുന്ന ഒരുപാട് മനുഷ്യരുണ്ടെന്നും ഈ മനുഷ്യരെ എല്ലാവരെയും ഉൾകൊള്ളുന്നൊരു സമൂഹമായിട്ട് നമ്മൾ മാറണം എന്നുള്ളതുമാണ് അന്നു മുതൽ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സ്വീകരിച്ചു വരുന്ന നയം. അപരത്വവത്കരണം ഉണ്ടാകുമ്പോഴാണ് ഞാൻ അതിന്റെ ഭാഗമല്ലെന്ന തോന്നൽ ഉണ്ടാകുന്നത്. നമ്മൾ അതിന്റെ ഭാഗമല്ല എന്നു തോന്നുമ്പോഴാണ് അതിനെ ബഹുമാനിക്കേണ്ട എന്ന് തോന്നുക. മാറ്റിനിർത്തലുകൾ ഇല്ലാതെ എല്ലാവരെയും ഉൾക്കൊള്ളാവുന്ന അതായത് ജാതി മത വർഗ ന്യൂനപക്ഷ ദളിത് ലിംഗ വ്യത്യാസങ്ങളൊന്നും ഇല്ലാതെ എല്ലാവരും ഇതിന്റെ ഭാഗമാണെന്നു വന്നു കഴിഞ്ഞാൽ ഈ പറയുന്ന ദേശസ്നേഹം ഉണ്ടാക്കിയെടുക്കേണ്ട ആവശ്യമില്ല. അത് സ്വാഭാവികമായും ഉണ്ടാകും. ഞങ്ങൾക്കെതിരേ ഉണ്ടായ ആക്രമണവും ഇതുപോലെ ആയിരുന്നു. ദേശദ്രോഹികൾ എന്ന പേരിൽ ഞങ്ങളുടെ ഭാരവാഹികളും പ്രവർത്തകരും കുറച്ചുനാൾ ഭീകരമായ ആക്രമണം നേരിടേണ്ടി വന്നു.

സോഷ്യൽ മീഡിയയിലൂടെയും നാട്ടിൽ മുഴുവൻ മാവോയിസ്റ്റുകൾ ആണെന്ന ബാനറുകൾ വച്ചും ദേശദ്രോഹികളാണ് എന്നാരോപിച്ചുമായിരുന്നു ആക്രമണം. അക്കാദമി ചെയർമാനായ ശ്രീ. കമൽ കൊടുങ്ങലൂർ ഫിലിം സൊസൈറ്റിയുടെ ഒരു പ്രധാന വ്യക്തിയാണ്. കൃത്യമായും ഇവർ ആക്രമിക്കുന്നത് നമ്മുടെ സ്വത്വത്തെ ആയിരിക്കും. അതുവരെ കമൽ എന്നു കേരളം മുഴുവൻ അറിയപ്പെട്ടിരുന്ന ആൾ ഒറ്റ ദിവസത്തിനുള്ളിൽ കമാലുദ്ദീൻ എന്നറിയപ്പെടാൻ തുടങ്ങി. അത്തരത്തുള്ള രീതിയിലാണ് അവരുടെ ആക്രമണ ശൈലി. ഇത്തരത്തിൽ എല്ലാവർക്കെതിരെയും ആക്രമണം ഉണ്ടായി. എൻറെ വീടിന്റെ ചുറ്റും ഫ്ലക്സ് ബോർഡുകൾ വയ്ക്കുകയും നാട്ടിൽ മുഴുവൻ ഞാൻ ദേശവിരുദ്ധനും ദേശീയതയ്ക്ക് എതിരെയുള്ള ആളാണ് എന്നൊക്കെ അവർ പറഞ്ഞു നടക്കുകയും ചെയ്തു.

വീട്ടുകാർക്ക് ഇതെല്ലാം അറിയാവുന്നതിനാലും അവർ കൂടെ നിൽക്കുന്നവർ ആയതുകൊണ്ടും പ്രശ്നമില്ല. ഞാൻ ഒരു കോളേജിൽ പഠിപ്പിക്കുന്ന അധ്യാപകനാണ്. എന്റെ കോളേജിന്റെ മുന്നിൽ ഫ്ലക്സ് വെച്ച് ദേശവിരുദ്ധത പഠിപ്പിക്കുന്നുവെന്നു അവർ ആരോപിച്ചു. ഞങ്ങൾ ലോകത്തെ മുഴുവൻ സ്നേഹിക്കാൻ പഠിപ്പിക്കുമ്പോൾ ദേശവിരുദ്ധത ആണത് എന്ന് പറയുന്നതിൽ കാര്യമില്ല. സിനിമ കാണുന്നതും പുസ്തകങ്ങൾ വായിക്കുന്നതും തുറവികൾ ഉണ്ടാവാനാണ് അല്ലാതെ അടഞ്ഞു വരാനായിട്ടല്ല.

അതിനു ശേഷം നമ്മളിവിടെ പ്രദർശിപ്പിക്കുന്ന സിനിമകൾ ദേശവിരുദ്ധ സിനിമകൾ ആണെന്ന തരത്തിലുള്ള പ്രചാരണമുണ്ടായിരുന്നു. സിനിമ കാണാതെയാണ് അവർ ഇത് പറഞ്ഞിരുന്നത്. പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചതനുസരിച്ച് അങ്ങോട്ട് ചെന്ന് സിനിമ അവർക്ക് കാണിച്ചുകൊടുത്തപ്പോൾ അതിൽ ദേശവിരുദ്ധത ഇല്ലെന്നു പറഞ്ഞു ഞങ്ങളെ തിരിച്ചു വിട്ടു. നമ്മുടെ സമയം മെനക്കെടുത്തുക എന്നതാണ് അവരുടെ ഉദ്ദേശം.

ഈ ഘട്ടം മുഴുവനും നിങ്ങളെ കുഴപ്പത്തിലാക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു?

അവർ കുറേനാൾ ഞങ്ങളെ കുഴപ്പത്തിലാക്കി കൊണ്ടിരിക്കുകയായിരുന്നു. ഇതൊരു അന്തിമ വിജയമായി ഞങ്ങൾ കണക്കാക്കുന്നില്ല കാരണം കേന്ദ്ര സർക്കാർ കൊടുത്തിരിക്കുന്ന അഫിഡവിറ്റ് അനുസരിച്ച് 6 മാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ നിയമം ഉണ്ടാവും എന്നാണ് പ്രതീക്ഷ. ഇതുവരെ നിയമം ഉണ്ടായിട്ടില്ല, എന്നാൽ ഇനി ഉണ്ടായിക്കൂടാ എന്നില്ല. കഴിഞ്ഞ തവണ ഈ വിധി പ്രസ്താവിച്ച ആളാണ് ഇന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്. അദ്ദേഹം ഇരിക്കുന്ന ബെഞ്ചിൽ നിന്നുമാണ് ഈ വിധിയും വന്നത്.

കമൽ- കമാലുദ്ദീൻ വിവാദം ?

കോടതിയിൽ നിന്നുണ്ടാവുന്ന വിധിയെ ഞങ്ങൾക്കെതിരെയുള്ള ആക്രമണമായി അഴിച്ചു വിടുമെന്ന് വിചാരിക്കുന്നില്ല. ഞങ്ങൾ ഒരു ചെറിയ ഗ്രൂപ്പ് ആണ്. എന്നാൽ എതിരെ നില്കുന്നത് വലിയൊരു ശക്തിയാണ്. ആ ഗ്രൂപ്പ് എങ്ങനെയൊക്കെ ആണെന്ന് നമുക്ക് അറിയാം. അവർക്ക് വേണമെങ്കിൽ ഇവിടെ ഒരു പുതിയ നിയമം കൊണ്ടുവരാം. ഇതിനൊക്കെയുള്ള സംവിധാനം ഉള്ളവരാണവർ. ഞങ്ങൾക്ക് ആകെ സാധിക്കുക ചോദ്യം ചെയ്യുക എന്നതാണ്. വളരെ ദുർബലമായ രീതിയിലാണെങ്കിലും ഇച്ഛാശക്തി കൊണ്ട് മാത്രമാണ് ഞങ്ങൾ പിടിച്ചു നിൽക്കുന്നത്.

അത്തരം ഒരു നിയമം കൊണ്ടു വരുമ്പോൾ...

അതിനെ കുറിച്ചു എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്: ഒരു കമ്മ്യൂണിസ്റ്റുകാരൻ ആദ്യം സാർവ ദേശീയതയെ കുറിച്ചു പാടണം. സാർവദേശീയ ഗാനം പാടിയിട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ലോകം മുഴുവൻ പോയിട്ടുള്ളത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ ആദ്യം അത് പഠിക്കണം എന്നുമാത്രമേ എനിക്ക് പറയാൻ സാധിക്കൂ. അല്ലാതെ അവർ ഏത് കമന്റ് പറയണമെന്നോ ഏതു നിയമം അനുസരിക്കണമെന്നോ അല്ല. അല്ലെങ്കിൽ അനുസരിപ്പിക്കാനായിട്ട് അവർ മുന്നിൽ നിൽക്കുമെന്ന് തന്നെയാണ്, അതിനപ്പുറത്തേയ്ക്ക് നമ്മൾ വിശ്വസിക്കുന്നില്ല.

സാർവ്വദേശീയത എന്നത് തുടർച്ചയായി പറഞ്ഞു കൊണ്ടിരുന്ന ആളുകൾ പെട്ടന്ന് നിർത്തിയത് എന്താണെന്ന് തോന്നിയിട്ടുണ്ടോ ?

എന്റെ സ്വന്തം അഭിപ്രായമാണ്. ഈ രാജ്യത്തു മാറിവരുന്ന സാഹചര്യത്തിൽ ഇവിടെ ഉണ്ടാകുന്ന ഹിന്ദുത്വ പൊതുബോധമുണ്ട് അതിനോടൊപ്പം എനിക്കുമുണ്ട് എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വസിക്കുന്നത്. അപ്പോൾ സ്വാഭാവികമായിട്ടും അതിന്റെ ഒരു അനുകരണം അവരുടെ ഡയലോഗുകളിൽ ഉണ്ട്.

ലോകത്തെ ആകമാനം ഉൾകൊള്ളാൻ അധികാര രാഷ്ട്രീയത്തിന് വേണ്ടി മാത്രമായിട്ട് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിച്ചു തുടങ്ങുമ്പോൾ ഇത്തരത്തിലോട്ടു എത്തേണ്ടി വരുമെന്ന് പറയേണ്ടി വരും . അവരതിന് അപ്പുറത്തേയ്ക്ക് ചിന്തിക്കുന്നില്ല എന്നതാണ് ഞാൻ വിശ്വസിക്കുന്നത്. ഫിലിം സൊസൈറ്റിയിലെ എല്ലാരുടെയും അഭിപ്രായം ഇതാകണം എന്നില്ല. ഞങ്ങളുടെ കൂട്ടത്തിൽ പല അഭിപ്രായങ്ങളും ഉള്ളവരുണ്ട്. ഫിലിം സൊസൈറ്റിയുടെ പൊതു നിലപാട് എന്താണെന്നാൽ എല്ലാ അഭിപ്രായക്കാരും ഞങ്ങൾക്കിടയിൽ വേണം. ഫാസിസ്റ്റു സ്വഭാവത്തിലേക്ക് പോകുന്നവർ ഒഴികെയുള്ള എല്ലാവരെയും ഞങ്ങൾ കൂടെ നിർത്തുന്നുണ്ട്.

ദേശീയതയ്ക്കപ്പുറത്തേയ്ക്ക് ഒരു കാഴ്ചപ്പാട് വേണ്ട എന്നാണ് ഭരണകൂടം പറഞ്ഞു കൊണ്ടിരിക്കുന്നത്...

അതെ. അതിനപ്പുറത്തേക്ക് കാണാതിരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് അവർ നടത്തി കൊണ്ടിരിക്കുന്നത്. ആദ്യം രാഷ്ട്രബോധം ഉണ്ടാക്കുക, പിന്നെ കല കാണൂ എന്നാണ് അവർ പറയുന്നത്. എല്ലാം ഇന്ത്യൻ ആണെന്നാണ് അവർ പറയുന്നത്. എന്നാൽ എല്ലാം ഇന്ത്യൻ അല്ലല്ലോ. ഇന്നും കൊടുങ്ങലൂർ ഫിലിം സൊസൈറ്റി ഒരു പരിപാടി നടത്തുന്നുണ്ട്. സരുൺദാസ് ബാബു എന്ന ആളുടെ നേതൃത്വത്തിൽ ഇന്ന് ബൗൾ ഗായകരുടെ പരിപാടിയുണ്ട്. ഇന്ത്യയുടെ വിശാലമായ ദേശീയബോധത്തിൽ ബൗൾ ഗാനങ്ങളെ കാണണമെന്നില്ല. ലോകത്തിൽ മണിപ്പൂരി നൃത്തമോ കാശ്മീരി നൃത്തമോ കാണുമ്പോഴും ഓരോന്നിനും അതിന്റെതായ ഈ വ്യത്യസ്തതയിലാണ് നമ്മൾ ദേശീയത ഉണ്ടാക്കി എടുക്കേണ്ടത്. വ്യത്യസ്തതകൾ മനോഹരമായി നിൽകുമ്പോൾ അതിനുള്ളിൽ ദേശീയത സ്വാഭാവികമായി ഉണ്ടാകേണ്ടതാണ് അല്ലാതെ ഇവർ പറയുന്നതുപോലെ ആജ്ഞാശക്തി കൊണ്ട് ഉണ്ടാക്കേണ്ടതല്ല.

Read More >>