EXCLUSIVE ''രഹ്നയല്ലാത്ത, ഒരു മുസ്ലിം സ്ത്രീ ചെന്നാലും ഇതുതന്നെ പറയില്ലേ?'' ഉത്തരം പറഞ്ഞ് മന്ത്രി കെടി ജലീല്‍

രഹ്ന ഫാത്തിമ കുറേക്കാലമായി ഹിന്ദുത്വ വിശ്വാസിയായി ജീവിച്ചു കൊണ്ടിരിക്കുന്ന ആളാണെന്ന് അവര്‍ തന്നെ അവകാശപ്പെടുന്നുണ്ട്- എന്ന് മന്ത്രി കെ.ടി ജലീല്‍ ശബരിമല നിലപാടുകള്‍ വ്യക്തമാക്കുന്ന ഈ അഭിമുഖത്തില്‍ പറയുന്നു

EXCLUSIVE  രഹ്നയല്ലാത്ത, ഒരു മുസ്ലിം സ്ത്രീ ചെന്നാലും ഇതുതന്നെ പറയില്ലേ? ഉത്തരം പറഞ്ഞ് മന്ത്രി കെടി ജലീല്‍

താങ്കള്‍ ശബരിമല സന്ദര്‍ശിച്ചിരുന്നു. ഇന്ന് അന്യമതസ്ഥര്‍ ശബരിമലയില്‍ പ്രവേശിക്കരുത് എന്ന പ്രസ്താവന ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ നടത്തുകയും ചെയ്തു. ആ പശ്ചാത്തലത്തില്‍ താങ്കളുടെ ശബരിമല സന്ദര്‍ശനം വീണ്ടും ചര്‍ച്ചകളിലേയ്ക്ക് വരുന്ന സാഹചര്യത്തിലാണ് നാരദ താങ്കളെ ബന്ധപ്പെട്ടത്?

അന്ന് എന്നോട് അവിടെ പോകരുതെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. യേശുദാസ് അവിടെ പോയതല്ലേ. എല്ലാ ജാതി മതസ്ഥര്‍ക്കും അവിടെ പോകാം എന്നതിനാലാണ് ഞാനവിടെ പോയത്. അതുകൊണ്ടാണ് ഞാനവിടെ നിന്ന് തീര്‍ത്ഥം സ്വീകരിച്ചതും. നമ്മള്‍ ഒരു സ്ഥലത്തു ചെല്ലുമ്പോള്‍ നമ്മള്‍ അവിടുത്തെ ഒരു മര്യാദ പാലിക്കേണ്ടതുണ്ട്. അത് ഏതു വിശ്വാസ ധാരയില്‍പ്പെടുന്നവരായാലും. ഞാന്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ പോയിട്ടുണ്ട്. അവിടെ ആര്‍ക്കും പ്രവേശിക്കാം. എന്നാല്‍ ഒരു വ്യവസ്ഥയുണ്ട്- ഒരു മഞ്ഞത്തൂവാല കൊണ്ട് തല മറയ്ക്കണം ചെരുപ്പും ഇടരുത്. അതുപാലിക്കുന്ന ആര്‍ക്കും പോകാം. അതുപോലെ ശബരിമലയില്‍ പോകുമ്പോഴുള്ള ഐക്യദാര്‍ഢ്യമാണ് അവിടെ നിന്നു തരുന്ന തീര്‍ത്ഥം വാങ്ങുക എന്നത്. ഞാനത് വാങ്ങിയിട്ടുണ്ട്. ഞാനതിലൊരു തെറ്റും കാണുന്നില്ല.ശബരിമല താങ്കള്‍ക്ക് എന്താണ്?

ലോകത്ത് ഒരു പക്ഷെ അങ്ങനെയൊരു ആരാധനാലയം ഉണ്ടാകാന്‍ സാധ്യതയില്ല. കാരണം, ശബരിമലയില്‍ പതിനെട്ടാംപടിയുടെ തൊട്ടു മുന്നിലായി ഒരു പത്തുമീറ്റര്‍ വടക്കോട്ട് മാറി വാവരുടെ നട നിലകൊള്ളുന്നു. അയ്യപ്പന്‍ കിഴക്കോട്ടും വാവരുടെ നട പടിഞ്ഞോട്ടുമാണ്. മുസ്ലീങ്ങള്‍ നമസ്‌ക്കരിക്കാന്‍ നില്‍ക്കുന്ന പൊസിഷന്‍ പടിഞ്ഞോട്ടാണ്. വാവരുടെ നടപോലും പടിഞ്ഞാറോട്ട് അയ്യപ്പന് മുഖാമുഖമായാണ്. അവിടെ പരമ്പരാഗതമായി പുരോഹിതനുണ്ട്. ഒരു മുസ്ലിം കുടുംബത്തിലെ ജീവിച്ചിരിക്കുന്നതില്‍ മൂത്ത കാരണവരാണ് പുരോഹിതന്‍. അദ്ദേഹം വിശുദ്ധ ഖുറാനിലെ അധ്യായമായ ഫാത്തിഹ ഓതി, അവിടെ വരുന്ന ആളുകള്‍ക്ക് കുരുമുളക് പ്രസാദമായി നല്‍കുന്നു. ലോകത്ത് ഒരു പക്ഷെ ഇങ്ങനെ ഒരു ആരാധനാലയത്തിന്റെ മുറ്റത്ത് ഇത്തരം ഒന്ന് കണ്ടിട്ടില്ല. ഇത് മതനിരപേക്ഷതയുടേയും ബഹുസ്വരതയുടേയും ഒരു കേന്ദ്രം കൂടിയാണ്.

അതൊക്കെ ഇല്ലാതാകണം എന്നാഗ്രഹിക്കുന്നവര്‍ ഉണ്ടാകുമല്ലോ?

സംഘപരിവാറിനെ അസ്വസ്ഥമാക്കുന്നത് ഈ മതനിരപേക്ഷതയാകും. ഞാനവിടെ തെറ്റാണെങ്കില്‍ വാവരുടെ നട ഇവര്‍ അവിടെ നിന്ന് എടുത്തു മാറ്റണ്ടേ? ഫാത്തിഹ ഓതിക്കൊണ്ട് ഒരു പച്ചക്കൊടി കൊണ്ട് തഴുകിയാണ് മുസ്ലീമായ ഒരാള്‍ അവിടെ പ്രസാദം കൊടുക്കുന്നത്. അതുപോലെ തന്നെയാണ് എരുമേലിയിലെ പള്ളിയിലെ പേട്ടതുള്ളലും. പേട്ട തുള്ളി വാവര് സ്വാമിയെ കണ്ടിട്ടാണ് അയ്യപ്പന്മാര്‍ ശബരിമലയിലേയ്ക്ക് പോകുന്നത്.

ആദ്യമായാണോ ശബരിമലിയില്‍ പോകുന്നത്?

അതേ. അന്നാദ്യമായാണ് മലകയറുന്നത്. നടന്നു തന്നെയാണ് കയറിയത്. ഒരു വലിയ അനുഭവമായിരുന്നു അത്. അഞ്ചു കിലോമീറ്റര്‍ നടന്ന്, ചെങ്കുത്തായ കയറ്റം കയറി, പ്രയാര്‍ പറഞ്ഞില്ലേ 'ജലീല്‍ ചാടിച്ചാടി പോയെന്ന്' അതുപോലെ അങ്ങെത്തി. പ്രയാറും കടകംപള്ളിയും ഒന്നിച്ചാണ് നടന്നത്. ഞാനെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ രണ്ടും എത്തിയത്. വിശ്രമിക്കാനൊന്നും ഇരുന്നില്ല. സ്വാമി അയ്യപ്പന്‍ റോഡ് തിരിയുന്ന സ്ഥലത്ത് വച്ച് കുരുമുളക് ഇട്ട ഒരു ചായ കുടിക്കാന്‍ അഞ്ചു മിനിറ്റ് നിന്നു. പിന്നെ നിന്നിട്ടേയില്ല. രാത്രി ഒന്നര മണിക്ക് എത്തി. അന്നവിടെ താമസിച്ചു. പിറ്റേ ദിവസം എല്ലായിടവും നടന്നു കണ്ടു. ഒരു ഹിന്ദു മത വിശ്വാസിക്ക് എവിടൊക്കെ പോകാമോ, അവിടയൊക്കെ അവിടെ ചെല്ലുന്ന ആര്‍ക്കും പോകാം.

മാത്രമല്ല, ആരു പോവുകയാണെങ്കിലും ഇരുമുടിക്കെട്ടുണ്ടെങ്കിലേ പതിനെട്ടാം പടി കയറാന്‍ പറ്റു. യേശുദാസ് ഇരുമുടിക്കെട്ടുമായി പോയിട്ടുണ്ടെന്നാണ് ഓര്‍മ്മ.ഈയൊരു മതാതീത സങ്കല്‍പ്പം തുടരണം എന്ന് ആഗ്രഹിക്കുന്നില്ലേ?

അത് തകരണം എന്നാഗ്രഹിക്കുന്നവരാണ് സംഘപരിവാര്‍- ആര്‍എസ്എസ് സംഘം. എല്ലാ മതവിശ്വാസികളേയും വ്യത്യസ്തമായ പ്ലാറ്റ്‌ഫോമുകളിലും സ്ഥലങ്ങളിലും കാണണം. എല്ലാവരും ഒരുമിച്ചു കൂടുന്നത് അവര്‍ക്ക് ഇഷ്ടമല്ല. അങ്ങനെ ഒരുമിച്ചു കൂടണമെന്ന് ഉദ്‌ബോധിപ്പിക്കുന്ന ആരാധനാലയങ്ങളുടെ പവിത്രത തകര്‍ക്കാനും ഈ ഒരുമിച്ചു കൂടല്‍ അവസാനിപ്പിക്കാനും അവര്‍ ശ്രമിക്കുന്നു.

ഇന്നലെ ഐജി മനോജ് എബ്രഹാമിന്റെ ജാതി പറഞ്ഞു. ഇന്നു മുതല്‍ അവിടേയ്ക്ക് ചെല്ലുന്ന ആളുകളുടെ മതം പറയുന്നു. സ്ത്രീകളുടെ പ്രായം എന്നതിനപ്പുറം മതം കൂടി പറയുന്നു എന്നത് അപകടകരമായ സൂചനയല്ലേ?

രഹ്ന ഫാത്തിമ എന്നു പറയുന്നയാളുടെ കമന്റുകള്‍ കെ സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാറുണ്ട്. രഹ്ന ഫാത്തിമ കുറേക്കാലമായി ഹിന്ദുത്വ വിശ്വാസിയായി ജീവിച്ചു കൊണ്ടിരിക്കുന്ന ആളാണെന്ന് അവര്‍ തന്നെ അവകാശപ്പെടുന്നുണ്ട്. അവര്‍ എന്തുകൊണ്ടാണ് ഇസ്ലാം മതത്തില്‍ നിന്ന് പോകണം എന്നാഗ്രഹിച്ചതെന്നും ഹിന്ദുമതമാണ് നല്ലതെന്നുമുള്ള കാര്യകാരണം അവര്‍ വിശദീകരിച്ചിട്ടുണ്ട്. അപ്പോള്‍ അവരെ മുസ്ലിം എന്ന നിലയില്‍ പരിചയപ്പെടുത്താനാവില്ല. അങ്ങനത്തെ ഒരാളുടെ പോസ്റ്റുകളാണോ സുരേന്ദ്രന്‍ ഷെയര്‍ ചെയ്യുന്നത്?

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കണം എന്നഭിപ്രായമുള്ള ആളായിരുന്നല്ലോ ബിജെപിയിലെ കെ സുരേന്ദ്രനും?

അതേയതേ. അതുതന്നെയായിരുന്നല്ലോ ആര്‍എസ്എസിന്റെയും അഭിപ്രായം. രഹ്ന ഫാത്തിമയെ ആരാണ് കച്ചകെട്ടി ഇറക്കിയത് എന്ന കാര്യം അന്വേഷിക്കണം. വേറെ എന്തെങ്കിലും തലത്തിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് അന്വേഷിക്കണം. അതില്‍ സംഘപരിവാറിന്റെ പങ്ക് അന്വേഷിക്കണം.രഹ്നയല്ലാത്ത, ഒരു മുസ്ലിം സ്ത്രീ ചെന്നാലും ഇതുതന്നെ പറയില്ലേ?

അതങ്ങനെ പോകണ്ട കാര്യമൊന്നുമില്ലല്ലോ. അവിടെ ഹിന്ദു സ്ത്രീകള്‍ക്ക് തന്നെ പോകാന്‍ പറ്റുന്നില്ലല്ലോ. ഞാന്‍ പോയത്, പോകാം എന്ന അഭിപ്രായം എല്ലാ നിലയ്ക്കും കിട്ടിയതു കൊണ്ടാണ്. ഞാനന്ന് പ്രയാറിനോട് (പ്രയാര്‍ ഗോപാലകൃഷ്ണന്‍) ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയാസം ഉണ്ടോ എന്നു നിരവധി തവണ ചോദിച്ച് ഉറപ്പു വരുത്തിയിട്ടാണ് പോയിട്ടുള്ളത്. നമ്മളായിട്ട് ഒരു സ്ഥലത്തുള്ള സമാധാനം ഇല്ലാതാക്കിയിട്ട് കാര്യമില്ലല്ലോ. ആരെയും അസ്വസ്ഥമാക്കാത്ത വിധം ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കുകയാണെങ്കില്‍ നമ്മള്‍ പോവുകയും അതിനോടുള്ള ആദരവ് പ്രകടിപ്പിക്കുകയും ചെയ്യും. അതൊരു മള്‍ട്ടി റിലീജിയസ് സൊസൈറ്റിയില്‍ നമ്മള്‍ ചെയ്യേണ്ട കാര്യമാണ്. നമ്മളൊരു വാശിപ്പുറത്ത് പോയതല്ല.

ശബരിമല വിധിയുമായി ബന്ധപ്പെട്ട് താങ്കളുടെ അഭിപ്രായം എന്താണ്?

അതില്‍ ഞാന്‍ എന്ത് അഭിപ്രായം പറഞ്ഞാലും അതു മറ്റൊരു വിധത്തില്‍ വ്യാഖ്യാനിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കും. അതുകൊണ്ട് ചില സമയങ്ങളില്‍ നമ്മള്‍ ചില കാര്യങ്ങളില്‍ മൗനം അവലംബിക്കുന്നതാണ് നല്ലത്. അതാണ് സമാധാന അന്തരീക്ഷം നിലനില്‍ക്കാന്‍ ആവശ്യമെങ്കില്‍ നമ്മള്‍ മൗനം അവലംബിക്കുന്നതും ആ വിഷയത്തില്‍ അഭിപ്രായം പറയാത്തതും.

അതേസമയം താങ്കള്‍ കൂടി ഉള്‍പ്പെട്ട സര്‍ക്കാര്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്?

സര്‍ക്കാരിന്റെ നിലപാട് സിപിഎമ്മും അതുപോലെ കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎമ്മിന്റെ നിലപാടും പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തില്‍ എന്റെ പ്രത്യേക നിരീക്ഷണത്തിന് അവിടെ പ്രസക്തിയില്ല. മാത്രമല്ല, നമ്മുടെ നിരീക്ഷണം പറഞ്ഞാല്‍ സമാധാനഭംഗം ഉണ്ടാകുമെങ്കിലും നാടിനെ അസ്വസ്ഥമാക്കുമെങ്കിലും നമ്മളത് പറയാതിരിക്കലാണ് ഭംഗി. സമാധാനത്തിനാണ് പ്രാധാന്യം. സുപ്രീംകോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഇവിടത്തെ കാര്യത്തില്‍ മാത്രമല്ല, ഇന്ത്യയിലെ നാലു ക്ഷേത്രങ്ങളുടെ കാര്യത്തിലും കൂടി വിധി പറഞ്ഞിട്ടുണ്ട്. അവിടെയെല്ലാം ആ വിധി നടപ്പാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഒത്താശ ചെയ്തു കൊടുത്തു. ബോബെയില്‍ ഒരു ദര്‍ഗയില്‍ പ്രവേശനമില്ലാത്തതിന്റെ പേരില്‍ മുസ്ലിം സ്ത്രീകള്‍ ഹര്‍ജി കൊടുത്തു. അവിടെയും പ്രവേശനം സുപ്രീംകോടതി അനുവദിച്ചു.

മുത്തലാഖിന്റെ വിധി വന്നു?

ഇങ്ങനെ കോടതി വിധിയെ ഓരോരുത്തരും എതിര്‍ത്താല്‍ ഒരു രാഷ്ട്രമായി നിലനില്‍ക്കാനാവില്ല. ഭരണഘടന, നീതിപീഠം ഇതിനെയൊക്കെ അംഗീകരിച്ചല്ലേ പറ്റു. വിയോജിപ്പുകളുണ്ടാകാം അത് മാന്യമായി ജനാധിപത്യപരമായി പ്രകടിപ്പിക്കുക എന്നല്ലാതെ അപ്പുറേയ്ക്ക് പോയി കലാപമുണ്ടാക്കിയാല്‍ രാജ്യത്തിന്റെ സമാധാനം തകരും. ഇതുവഴി തന്നെ ഇവിടുത്തെ മുസ്ലീം തീവ്രവാദികള്‍ സ്വീകരിച്ചാല്‍ എന്താകും സ്ഥിതി? സുപ്രീം കോടതി വിധി തങ്ങള്‍ക്കു ബാധകമല്ല, ഞങ്ങളുടെ വിശ്വാസമാണ് പ്രധാനമെന്ന് മുത്തലാഖിന്റെ കാര്യത്തിലായാലും ശരിഅത്തിന്റെ കാര്യത്തിലായാലും അവര്‍ പറഞ്ഞാല്‍... സുപ്രീംകോടതി ഒരു വിധി പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അതുബാധകമല്ല, ബിജെപിയും ആര്‍എസ്എസും ഞങ്ങള്‍ക്ക് നല്ല മാതൃക കാണിച്ചു തന്നിട്ടുണ്ട് എന്നവര്‍ പറഞ്ഞാല്‍...? സുപ്രീംകോടതിയുടെ വിധി വേദവാക്യമല്ല, വിശ്വാസത്തിനു വിരുദ്ധമാണ് വിധിയെങ്കില്‍ അതിനെ അംഗീകരിക്കേണ്ടതില്ലെന്ന് മുസ്ലിം തീവ്രവാദികള്‍ പറഞ്ഞാല്‍ എന്തുചെയ്യും?

നിയമം ലംഘിക്കും കലാപം സൃഷ്ടിക്കും എന്ന വെല്ലുവിളികളാണല്ലോ കേരളത്തില്‍ നടക്കുന്നത്?

ഓരോ മതവിഭാഗക്കാര്‍ക്ക് എതിരെയുള്ള വിധികളും ലംഘിക്കാന്‍ ഓരോ മതവിഭാഗങ്ങളും മുന്നോട്ടു വന്നാല്‍, ഈ നാട്ടില്‍പ്പിന്നെ നിയമം ആര് പാലിക്കും? ഭരണഘടന മഹത്തരമാണെന്നും സുപ്രീംകോടതി എന്നത് ഭൂമിയിലെ പടച്ചോനാണെന്നും ഇവര്‍ തന്നെയല്ലേ പറയുന്നത്. അതേ ആളുകള്‍ തന്നെയാണ് 'അത് ഒന്നു അല്ലെന്നും' പറയുന്നത്. ഈ രീതി മുസ്ലീം തീവ്രവാദികള്‍ അവലംബിച്ച് മുസ്ലീം സമുദായത്തെ തെരുവിലിറക്കാന്‍ നോക്കിയാല്‍ എന്താകും സ്ഥിതി?

അര്‍ത്തുങ്കല്‍ വെളുത്തച്ചനും വാവരും അയ്യപ്പനുമെല്ലാം സൗഹൃദത്തില്‍ ആയിരിക്കുന്നത് രാജ്യം മുഴുവനും തുടരാന്‍ അനുവദിക്കില്ലെന്നാകും?

ഇവിടെ ബോലോ തക്ബിര്‍ അള്ളാഹു അക്ബര്‍ പറഞ്ഞ് ആള്‍ക്കാരിറങ്ങും. അത് നാടിന്റെ സ്വസ്ഥത കെടുത്തുന്ന സാഹചര്യത്തിലേക്ക് പോകും.വീണ്ടും ശബരിമലയിലേക്ക് പോകുമോ?

ആര്‍ക്കും പ്രയാസമില്ലെങ്കില്‍... ആരെയും വേദനിക്കുന്നില്ലെങ്കില്‍ പോകാന്‍ താല്‍പ്പര്യമുണ്ട്. ഒരാളെയെങ്കിലും വേദനിപ്പിച്ചാല്‍ പോകില്ല.

വേദനിക്കുന്നു എന്നത് സംഘപരിവാര്‍ ഗൂഢാലോചനായാണെന്നു വന്നാലോ?

എന്തായാലും ജനങ്ങള്‍ക്കിടയില്‍ ഒരു പ്രയാസം ഉണ്ടാവുകയല്ലേ ചെയ്യുക. ഏതെങ്കിലും ഒരു ഹിന്ദുമത വിശ്വാസിക്ക് നമ്മളുടെ സാന്നിധ്യം മൂലം അലോസരവും പ്രയാസവും ഉണ്ടാകുന്നു എന്നു ബോധ്യമായാല്‍ ഞാനതിന് മുതിരില്ല. അതല്ലായെങ്കില്‍ എനിക്ക് ഇനിയും പോകാന്‍ താല്‍പ്പര്യമുണ്ട്. അന്ന് ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായ പ്രയാര്‍ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ പോകില്ലായിരുന്നു.

അയ്യപ്പനെ ഉറക്കുന്നത് യേശുദാസിന്റെ സ്വരമല്ലേ... യേശുദാസിന്റെ ശബ്ദത്തെ അയ്യപ്പന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ വാവരുടെ സാന്നിധ്യത്തെ അയ്യപ്പന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ എല്ലാ മതവിഭാഗത്തെയും അയ്യപ്പന്‍ ഇഷ്ടപ്പെടുന്നു എന്നാണ് അതിന്റെ അര്‍ത്ഥം.

Read More >>