ഭീഷണിയുണ്ട്, പക്ഷെ ഇതുവരെ പോലീസ് സംരക്ഷണം തേടിയിട്ടില്ല; മാത്യു സാമുവേല്‍

നാരദ സ്റ്റിംഗ് ഓപ്പറേഷനെക്കുറിച്ചുള്ള സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയ വിധിയോട് മാത്യു സാമുവേലിന്റെ പ്രതികരണം

ഭീഷണിയുണ്ട്, പക്ഷെ ഇതുവരെ പോലീസ് സംരക്ഷണം തേടിയിട്ടില്ല; മാത്യു സാമുവേല്‍

'ഇത് ഇന്ത്യന്‍ ജേര്‍ണലിസത്തിന്റെ വിജയമാണ്'- തൃണമൂല്‍ മന്ത്രിമാരെയും നേതാക്കന്മാരെയും ഒളിക്യാമറയില്‍ കുടുക്കിയ മാത്യു സാമുവേല്‍ പറയുന്നു. നാരദ സ്റ്റിങ്‌ ഓപ്പറേഷനെക്കുറിച്ചുള്ള സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയായിരുന്നു ഈ പ്രതികരണം

അഭിമുഖത്തില്‍ നിന്നും:

കൊല്‍ക്കത്ത ഹൈക്കോടതി വിധി സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നു. എന്ത് തോന്നുന്നു?

രാജ്യത്തെ പരമോന്നത കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇത് വരെ നടന്നിരുന്ന രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുമെന്നും ഇനിയെങ്കിലും സത്യം പുറത്തുവരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. നാരദയുടെ ടേപ്പുകള്‍ അഴിമതിയെ പുറത്തു കൊണ്ട് വന്നു എന്ന് തത്വത്തില്‍ കോടതി അംഗീകരിച്ചിരിക്കുകയാണ്. ഇത് ജേര്‍ണലിസത്തിന്റെ വിജയമാണ്. എനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിക്കെതിരെയും ഒരു അജണ്ടയുമില്ല. സത്യം പുറത്തുകൊണ്ടു വരുന്നതാണ് എന്റെ ജോലി.കോഴപ്പണം കൈപ്പറ്റുന്നതായി നാരദയുടെ വീഡിയോയില്‍ ഉണ്ടായിരുന്ന തൃണമൂല്‍ നേതാക്കന്‍മാര്‍ക്കെതിരെ കൊല്‍ക്കൊത്തയില്‍ ഇടതുപക്ഷം വമ്പിച്ച പ്രതിഷേധറാലി സംഘടിപ്പിച്ചിരുന്നു.

താങ്കള്‍ക്കെതിരെ വ്യക്തിപരമായി കൊല്‍ക്കൊത്താ പോലീസ് ചുമത്തിയ കേസന്വേഷണത്തെ ഈ വിധി സ്വാധീനിക്കും എന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും, ആ വീഡിയോയുടെ ഉള്ളടക്കത്തെക്കാള്‍ അതിനു പിന്നില്‍ എന്തെങ്കിലും തരത്തിലെ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനായിരുന്നു കൊല്‍ക്കൊത്താ പോലീസിന്റെ താല്‍പര്യം.ഇനി പാലിന് പാലും വെള്ളത്തിനു വെള്ളവും തിരിച്ചറിയാനാകും. ഇതൊരു പഴമൊഴിയാണെങ്കിലും ഇപ്പോള്‍ അന്വര്‍ഥമാണെന്ന് തോന്നുന്നു.

തൃണമൂല്‍ കോണ്ഗ്രസ് എം.പിയായ കെ.ഡി.സിംഗാണ് ഈ സ്റ്റിംഗ് ഓപറേഷന് പണം മുടക്കിയതെന്നു താങ്കള്‍ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞത് തൃണമൂല്‍ കോണ്ഗ്രസിനെ ആശങ്കയിലാക്കുന്നുണ്ടോ?

2016ല്‍ ഈ വീഡിയോ പുറത്തുവിടുമ്പോള്‍ മുതല്‍ എന്റെ കമ്പനിയായ നാരദയ്ക്കു പണം മുടക്കിയാതാരാണ് എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഈ സ്റ്റിംഗ് ഓപറേഷന് വേണ്ടി ആരാണ് പണം മുടക്കിയത് എന്നു സി.ബി.ഐ ചോദിച്ചിരുന്നു.2014 ല്‍ ഞാന്‍ വെസ്റ്റ് ബംഗാളില്‍ പോയപ്പോള്‍ എന്റെ യാത്രയുടെയും താമസത്തിന്റെയും ചെലവുകള്‍ വഹിച്ചത് കെ.ഡി.സിംഗിന്റെ ആല്‍ക്കെമിസ്റ്റ് ഗ്രൂപ്പാണ് എന്ന് ഞാന്‍ മറുപടി നല്‍കി. ഇനി സി.ബി.ഐ അന്വേഷിക്കട്ടെ.

(2014ല്‍ മാത്യു സാമുവേല്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ള തെഹല്‍ക്കയില്‍ ജോലി ചെയ്യുകയായിരുന്നു)

താങ്കള്‍ക്ക് ഭീഷണിയുണ്ടെന്നു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പറഞ്ഞിരുന്നു. ഡല്‍ഹി പോലീസില്‍ നിന്നും സംരക്ഷണം തേടിയോ?

ഇപ്പോള്‍ ഞാനൊരു ഓപറേഷനുമായി ബന്ധപ്പെട്ടു എന്റെ നാട്ടിലാണ് ഉള്ളത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഇതുവരെ എനിക്ക് അജ്ഞാതരില്‍ നിന്നു വളരെയധികം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുകഴിഞ്ഞു. ഡല്‍ഹിയിലെ എന്റെ വീടിന് സമീപം സംശയാസ്പദമായ രീതിയില്‍ ചിലരെ കണ്ടതായും അറിഞ്ഞു. പക്ഷെ, ഞാന്‍ ഇതുവരെ പോലീസ് സംരക്ഷണം തേടിയിട്ടില്ല.

വിവര്‍ത്തനം:ഹിന്ദുസ്ഥാന്‍ ടൈംസ് അഭിമുഖത്തില്‍ നിന്നും

Read More >>