സമുദ്രക്കനി വീണ്ടും: സെല്‍ഫി ഭ്രമക്കാരോടു പറയാന്‍ ആംബുലന്‍സ് ഡ്രൈവറുടെ ഒരുവര്‍ഷ ജീവിതവുമായി

“ടൂവീലറില്‍ പോകുകയായിരുന്ന ഒരു ഡോക്ടര്‍ അപകടം പറ്റി കിടക്കുന്നു. ഞാന്‍ കാറില്‍ നിന്നിറങ്ങി ഒടിച്ചെന്ന് അയാള്‍ക്ക് പ്രാഥമികശുശ്രൂഷ നല്‍കി. അപ്പോള്‍ ഒരാള്‍ എന്‌റെ തോളില്‍ തട്ടി സെല്‍ഫി എടുക്കണമെന്നു പറയുന്നു. ഒറ്റയടി വച്ചു കൊടുത്തു. ഒരു അടിയന്തിരഘട്ടം മനസ്സിലാക്കാന്‍ പോലും പറ്റാത്തത്ര സ്വയം പരസ്യം ചെയ്യാനുള്ള മോഹം നിറഞ്ഞ സമൂഹമാണിത്. നാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വം അന്വേഷിക്കുന്നതാണ് എന്‌റെ അടുത്ത സിനിമയായ 'തൊണ്ടന്‍'.” നടനും സംവിധായകനുമായ സമുദ്രക്കനി സംസാരിക്കുന്നു.

സമുദ്രക്കനി വീണ്ടും: സെല്‍ഫി ഭ്രമക്കാരോടു പറയാന്‍ ആംബുലന്‍സ് ഡ്രൈവറുടെ ഒരുവര്‍ഷ ജീവിതവുമായി

തൊണ്ടനെപ്പറ്റി...

'അപ്പാ'യ്ക്കു ശേഷം ഞാന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് തൊണ്ടന്‍. ഇതൊരു രാഷ്ട്രീയസിനിമയല്ല. സിനിമയുടെ പേര് കേട്ട് പലരും രാഷ്ട്രീയസിനിമയാണെന്ന് വിചാരിക്കുന്നുണ്ട്. ഇതില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്. ഒരാള്‍ അപകടത്തില്‍പ്പെട്ട് കിടക്കുമ്പോള്‍ സഹായത്തിനു വരുന്ന അപരിചിതനും സഹായിയാണ്. നമ്മള്‍ ആരേയും ഉപദ്രവിക്കരുത് എന്ന് കരുതി ജീവിക്കുന്നവരും സഹായിയാണ്. അത് മനസ്സില്‍ വച്ചാണ് ഈ സിനിമ ഉണ്ടാക്കിയിട്ടുള്ളത്.

ഒരു ആംബുലന്‍സ് ഡ്രൈവറുടെ ഒരു വര്‍ഷത്തെ ജീവിതമാണ് ഈ സിനിമ പറയുന്നത്. എപ്പോളും മുതുകിനു പിന്നില്‍ പിടഞ്ഞു കിടക്കുന്ന ഒരു ജീവനെ രക്ഷിക്കാന്‍ പായുന്നവരുടെ കഥ. ഇതില്‍ പ്രണയമുണ്ട്, കോളേജ് ഉണ്ട്, യൗവനവും തമാശയുമുണ്ട്.

സിനിമയുടെ കഥ ഒരു യഥാര്‍ഥ സംഭവത്തിനെ അവലംബിച്ചതാണെന്ന് കേട്ടല്ലോ...

അതെ. ഞാന്‍ പത്രങ്ങള്‍ ഒരു വരി പോലും വിടാതെ വായിക്കുന്ന ശീലക്കാരനാണ്. അങ്ങിനെ ഒരു ദിവസം കരൂരില്‍ നടന്ന ഒരു സംഭവം എന്നെ അത്ഭുതപ്പെടുത്തി. അവിടെ ഒരു കോളേജിനകത്തു കടന്ന ഒരാള്‍ 60 വിദ്യാര്‍ഥികള്‍ ഉള്ള ക്ലാസ്സില്‍ കടന്ന് ഒരു വിദ്യാര്‍ഥിനിയുടെ തലയില്‍ കല്ല് കൊണ്ട് അടിച്ചു. അത് ഒരാളും തടഞ്ഞില്ല. ആരെങ്കിലും തടഞ്ഞിരുന്നെങ്കില്‍ ആ കുട്ടി ജീവനോടെ ഉണ്ടാകുമായിരുന്നു.

ആ സംഭവം ഈ സിനിമയില്‍ ഒരു രംഗത്തില്‍ വരുന്നുണ്ട്.

സുഹൃത്തുക്കളെ ഒരു കാരണവശാലും കൈവിടാത്ത ഒരാളാണ് താങ്കള്‍. താങ്കളുമായി പിണങ്ങിയ ഒരു സുഹൃത്ത് ഇതില്‍ അഭിനയിക്കുന്നുണ്ടല്ലോ...

കഞ്ചാ കറുപ്പിന്‌റെ കാര്യമാണോ? അദ്ദേഹത്തിനു സിനിമയില്‍ ആദ്യത്തെ ഡയലോഗ് പറഞ്ഞു കൊടുത്തത് ഞാനാണ്. എന്‌റെ സിനിമകളിലും, ഞാന്‍ ഉള്‍പ്പെട്ട സിനിമകളിലും കൂടെയിരുന്ന ആളാണ്. ഇടയ്ക്ക് അദ്ദേഹം എന്നെപ്പറ്റി എന്തൊക്കെയോ മാധ്യമങ്ങളില്‍ പറഞ്ഞു. എന്തോ ഒരു വിഷമത്തിൽ പെട്ട് അങ്ങിനെ പറഞ്ഞതായിരിക്കണം. അതിനെപ്പറ്റി ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ 'എന്‌റെ അടുത്ത സിനിമയില്‍ കഞ്ചാ കറുപ്പ് അഭിനയിക്കുന്നുണ്ട്. അതാണ് അദ്ദേഹം എന്നെപ്പറ്റി പറഞ്ഞതിനു എന്‌റെ മറുപടി' എന്നു പറഞ്ഞു.

ഈ സിനിമയ്ക്കായി രണ്ടു തവണ വിളിച്ചിട്ടും അദ്ദേഹം വന്നില്ല. പിന്നീട് ഞാന്‍ നേരിട്ട് ചെന്ന് വിളിക്കുകയായിരുന്നു. കഥയില്‍ അദ്ദേഹത്തിന്‌റെ റോള്‍ കേട്ടപ്പോള്‍ ഇത്രയും വലിയ റോള്‍ എനിക്കോ എന്ന് അതിശയിച്ചു പോയി അദ്ദേഹം. എന്തൊക്കെ ആയാലും അദ്ദേഹം എന്‌റെ സഹോദരന്‍ ആണല്ലോ. ഞാന്‍ അദ്ദേഹത്തിന് കൈകൊടുത്തില്ലെങ്കില്‍ വേറെയാരു കൊടുക്കാനാണ്?

സാമൂഹ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളില്‍ തുടര്‍ച്ചയായി അഭിനയിക്കുന്നുണ്ടല്ലോ. മടുപ്പ് തോന്നുന്നില്ലേ?

ശരാശരി മനുഷ്യന് ഉണ്ടാകുന്ന ദേഷ്യവും ചോദ്യവുമാണത്. പത്ത് പേരുള്ള ഒരിടത്തില്‍ ഒരു തെറ്റായ കാര്യം നടന്നാല്‍ ഒരാളെങ്കിലും ചോദ്യം ചെയ്യണ്ടേ? അതാണ് എന്‌റെ സിനിമകള്‍. ചോദ്യം ചെയ്യുന്നത് എന്‌റെ തെറ്റായി കരുതുന്നില്ല. ചോദ്യം ചെയ്യാതെ മാറി നില്‍ക്കുന്നവരുടെ തെറ്റാണത്. എന്‌റെ സ്വഭാവം ചോദ്യം ചെയ്യുന്നതാണ്. എന്‌റെ സൃഷ്ടികളിലും അതുതന്നെ പുറത്ത് വരും.

കടപ്പാട്: വികടൻ

Read More >>