ആ 12 പേരും നിരപരാധികളാണ്; അവരെല്ലാം സാധാരണക്കാരായ ഇന്ത്യന്‍ മുസ്ലീം യുവാക്കളാണ്: അബ്ദുൽ വാഹിദ് ഷെയ്ഖ്

'നിരപരാധിയായ തടവുകാരന്‍' എന്ന പുസ്തകം ലോകത്തോട് പറയുന്നത് തീവ്രവാദ വിരുദ്ധതയുടെ പേരില്‍ ഇന്ത്യയില്‍ വേട്ടയാടപ്പെടുന്ന മുസ്ലീങ്ങളെ കുറിച്ചാണ്. പുസ്തകമെഴുതിയ അബ്ദുൽ വാഹിദ് ഷെയ്ഖ് മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസില്‍ ഒമ്പത് വര്‍ഷം വിചാരണ തടവില്‍ കഴിഞ്ഞു. ശേഷം നിരപരാധിയെന്ന് വിധിച്ച് വിട്ടയച്ചു. ഇക്കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഷെയ്ഖ് നാരദയ്ക്ക് നല്‍കിയ അഭിമുഖം

ആ 12 പേരും നിരപരാധികളാണ്; അവരെല്ലാം സാധാരണക്കാരായ ഇന്ത്യന്‍ മുസ്ലീം യുവാക്കളാണ്: അബ്ദുൽ വാഹിദ് ഷെയ്ഖ്

2006 ജൂലെെ11ന് നടന്ന മുംബൈ ട്രെയ്ന്‍ സ്ഫോടന പരമ്പരയില്‍ ആന്‍റി ടെറർ സ്ക്വാഡ് പ്രതിചേര്‍ത്ത് ജയിലിലടച്ച അബ്ദുൽ വാഹിദ് ഷെയ്ഖിന് നഷ്ടമായത് ഒമ്പത് വര്‍ഷങ്ങളാണ്. 2015ല്‍ ജയിലില്‍ നിന്ന് പുറത്തുവന്ന ശേഷം പ്രസിദ്ധീകരിച്ച പുസ്തകമായ ബേഗുണാ ഖെെദി (നിരപരാധിയായ തടവുകാരന്‍) മുംബൈയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ പ്രവര്‍ത്തന സ്വഭാവത്തെപ്പറ്റിയും മുസ്ലീം യുവാക്കളെ ഇരപ്പെടുത്തുന്ന ഭരണകൂട ഭീകരതയെപ്പറ്റിയുമാണ്. വാഹിദിന്‍റെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ട 12 പേരും നിരപരാധികളാണ്. അവരില്‍ രണ്ടുപേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. 2015ല്‍ വാഹിദ് ജയില്‍മോചിതനായി.

ബേഗുണാ ഖെെദിയുടെ പുസ്തകത്തിന്‍റെ ഇംഗ്ലീഷ്, മലയാളം പരിഭാഷകള്‍ ഒരുങ്ങുകയാണ്. ജയിലില്‍ കഴിയേണ്ടി വന്ന ഒമ്പത് വര്‍ഷങ്ങളെക്കുറിച്ചും സമകാലിക ഇന്ത്യയെക്കുറിച്ചും അബ്ദുൽ വാഹിദ് ഷെയ്ഖ് സംസാരിക്കുന്നു

തടവറയില്‍ നിന്ന് പുസ്തകമെഴുതിയ അനുഭവം എങ്ങനെയായിരുന്നു?

7/11 മുംബൈ ട്രെയ്ന്‍ സ്ഫോടനക്കേസില്‍ ഞാന്‍ അറസ്റ്റിലായപ്പോള്‍ ഇതിനു പിന്നില്‍ തീവ്രവാദ സ്ക്വാഡ് നടത്തിയ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. കാരണം, നിരപരാധികളെയാണ് അവര്‍ അറസ്റ്റ് ചെയ്തത്. അങ്ങനെ ഞാന്‍ പുസ്തകമെഴുതാന്‍ തീരുമാനിച്ചു. ഈ പുസ്തകത്തോടെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ മൊത്തം ഗൂഢാലോചനയും പുറത്തുകൊണ്ടുവരിക എന്നതായിരുന്നു എന്‍റെ ഉദ്ദേശ്യം. തെളിവുകളും സാക്ഷികളും അവര്‍ കെട്ടിച്ചമയ്ക്കുകയായിരുന്നു. മൊത്തം ചാര്‍ജ് ഷീറ്റ് കെട്ടിച്ചമച്ചതായിരുന്നു. കോടതികളെയും പൊതുജനത്തെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് അവരത് ചെയ്തത്. അങ്ങനെ ഞാനീ പുസ്തകമെഴുതാന്‍ തീരുമാനിച്ചു.

ജയിലിനകത്ത് വെച്ചുതന്നെ ഞാന്‍ എഴുതാന്‍ തുടങ്ങി. പക്ഷേ പൊലീസ് ഓഫീസര്‍ സ്വാതി സാതേ എന്നെ എഴുതാന്‍ അനുവദിച്ചില്ല. എന്‍റെ ശരീരവും എന്‍റെ വസ്തുക്കളും പരിശോധിക്കാന്‍ വന്ന ഓരോ തവണയും സ്വാതി എന്‍റെ എഴുത്തുകള്‍ കീറിക്കളഞ്ഞു. ഞാന്‍ തളര്‍ന്നുപോയി. 2010ല്‍ സ്വാതിക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ എനിക്ക് എഴുതാനും അവസരം കിട്ടി. ഏഴ് മാസം കൊണ്ട് പുസ്തകമെഴുതി പൂര്‍ത്തിയാക്കി.പേജുകള്‍ കീറിക്കളയുന്നത് എത്രത്തോളം പ്രതിരോധിക്കാന്‍ പറ്റി?

ഞങ്ങള്‍ നിസ്സഹായരായിരുന്നു. സ്വാതി ഹിറ്റ്ലറെപ്പോലെയാണ് പെരുമാറിയിരുന്നത്. ഒരു ഏകാധിപതി. പീഡിപ്പിക്കുകയും ഖുറാന്‍ അടക്കമുള്ള ഞങ്ങളുടെ വസ്തു വകകള്‍ തട്ടിയെടുക്കുകയും നിയമപുസ്തകങ്ങള്‍ നശിപ്പിക്കുകയും ചെയ്ത ഒരു സ്ത്രീ. നമ്മുടെ ബന്ധുക്കള്‍ കൊണ്ടുതന്ന നിയമപുസ്തകങ്ങള്‍ സ്വീകരിക്കാന്‍ ആ സ്ത്രീ സമ്മതിച്ചിരുന്നില്ല. അവര്‍ ഞങ്ങളെ ശാരീരികമായി പീഡിപ്പിച്ചു. അപകടകാരിയായ ഒരു സ്ത്രീ. എനിക്കെതിരെ മറ്റൊരു കേസ് കെട്ടിച്ചമയ്ക്കാന്‍ അവര്‍ നിര്‍ദേശം നല്‍കി. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ അവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

താങ്കളെപ്പറ്റി മാത്രമല്ല ബേഗുണാ ഖെെദി എന്ന പുസ്തകം എന്ന് പറഞ്ഞല്ലോ,

ഞാന്‍ ഉറപ്പിച്ചു പറയുകയാണ്, ആ 12 പേരും നിരപരാധികളാണ്, എന്നേക്കാള്‍ നിരപരാധികളാണ് അവര്‍. ഈ കേസിൽ അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരെല്ലാം സാധാരണക്കാരായ ഇന്ത്യന്‍ മുസ്ലീം യുവാക്കളാണ്. അവരെവിടെയും ബോംബ് വെച്ചിട്ടില്ല. അവരാരെയും കൊലപ്പെടുത്തിയിട്ടില്ല. ഞാന്‍ വീണ്ടും വീണ്ടും പറയുന്നു, കിട്ടുന്ന എല്ലാ വേദികളിലും പറയും, അവര്‍ കുറ്റക്കാരല്ല. അവരെ എത്രയും വേഗം തടവില്‍ നിന്നും മോചിപ്പിക്കണം.

അബ്ദുൽ വാഹിദ് ഷെയ്ഖിനെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പ്രധാനപ്പെട്ട ചോദ്യം! 2001ല്‍, കേന്ദ്ര ഗവണ്മെന്‍റ് സ്റ്റുഡന്‍റ്സ് ഇസ്ലാമിക് മൂവ്മെന്‍റ് ഓഫ് ഇന്ത്യ എന്ന സംഘടന നിരോധിച്ചപ്പോള്‍, ആ ദിവസം തന്നെ രാജ്യത്തുടനീളം പൊലീസ് നിരവധി മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്തു. സിമി പ്രവര്‍ത്തകരോ അംഗങ്ങളോ ആണ് എന്നാരോപിച്ചായിരുന്നു അറസ്റ്റ്. മുംബൈയില്‍ എന്റെ അയല്‍ക്കാരനായ ഒരു പൊലീസ് ഇന്‍ഫോര്‍മറുമായി ചെറിയ തര്‍ക്കമുണ്ടായി. അവിടത്തെ ഒരു പള്ളിയുടെ പ്രസിഡന്‍റ് ആയിരുന്നു ഇയാള്‍. ഇയാള്‍ എനിക്കെതിരെ പരാതി നല്‍കി. ഏതെങ്കിലും കേസില്‍പെടുത്തി വാഹിദിനെ അറസ്റ്റ് ചെയ്യണമെന്ന് അയാള്‍ പറഞ്ഞു. ഭരണകൂടം സിമി നിരോധിച്ചപ്പോള്‍ പൊലീസിന് അവസരം കിട്ടി. സെപ്തംബര്‍ 27 (2001)ന് എന്നെ അറസ്റ്റ് ചെയ്തു. സിമി കേസില്‍. എനിക്ക് സിമിയെപ്പറ്റി അറിയുമായിരുന്നില്ല. എന്തു കുറ്റത്തിനാണ് എന്നെ അറസ്റ്റ് ചെയ്തത് എന്നും അറിയുമായിരുന്നില്ല. എന്നെ ജയിലിലടച്ചു. രണ്ടുമാസം ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യം കിട്ടി പുറത്തുവന്നു.

ആറുമാസങ്ങള്‍ക്ക് ശേഷം എനിക്ക് ചാര്‍ജ് ഷീറ്റ് കിട്ടി. അപ്പോഴാണ് അറിയുന്നത് എന്നെ സിമി കേസിലാണ് അറസ്റ്റ് ചെയ്തതെന്ന്. പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിലെ പട്ടികയില്‍ എന്റെ പേര് ചേര്‍ത്തിരിക്കുന്നത് സിമി പ്രവര്‍ത്തകന്‍ ആയിട്ടാണ്. പിന്നെ രാജ്യത്ത് എവിടെയൊക്കെ ബോംബ് സ്ഫോടനമോ വര്‍ഗീയ കലാപമോ ഉണ്ടായാല്‍ പോലീസ് എന്നെ വിളിക്കും. സ്റ്റേഷനില്‍ കൊണ്ടുപോകും, ചോദ്യം ചെയ്യും, മര്‍ദ്ദിക്കും, വിട്ടയക്കും.

2003ല്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ സ്ഫോടനമുണ്ടായപ്പോള്‍, ഘട്കോപാറില്‍ സ്ഫോടനമുണ്ടായപ്പോള്‍ ഒക്കെ ക്രൈം ബ്രാഞ്ച് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ എന്നെ വിളിച്ചു. 2006ല്‍ സമാനമായ രീതിയില്‍ ട്രെയ്ന്‍ സ്ഫോടന പരമ്പര ഉണ്ടായപ്പോള്‍ പൊലീസ് എന്നെ വിളിച്ചു. ചോദ്യം ചെയ്തു. മര്‍ദ്ദിച്ചു. വിട്ടയച്ചു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ എന്നെ ഈ കേസില്‍ പ്രതി ചേര്‍ത്തു. അവരുടെ തൊലി രക്ഷിക്കാന്‍. മാധ്യമങ്ങളെ സമാധാനിപ്പിക്കാന്‍. പൊതുജനത്തെയും ഭരണകൂടത്തെയും സമാധാനിപ്പിക്കാന്‍. അവരുടെ മെഡലുകളുടെയും നക്ഷത്രങ്ങളുടെയും എണ്ണം കൂട്ടാന്‍.

ഈ ചോദ്യം പ്രധാനപ്പെട്ടൊരു ചോദ്യമാണ്. താങ്കളെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന ചോദ്യം. താങ്കളെങ്ങനെ പൊലീസിന്‍റെ പട്ടികയില്‍ വന്നു എന്ന ചോദ്യം. 2001ല്‍ എന്നെ അറസ്റ്റ് ചെയ്തപ്പോള്‍ ക്ലീന്‍ ചിറ്റ് നല്‍കി വിട്ടയച്ചതാണ്.

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതര വര്‍ഷങ്ങളും ബംഗളൂരു സ്ഫോടനക്കേസില്‍ ഏഴുവര്‍ഷവും അബ്ദുൽ നാസർ മഅ്ദനി തടവുകാരനായി കഴിഞ്ഞു. കോയമ്പത്തൂര്‍ കേസില്‍ കുറ്റവിമുക്തനാക്കിയ ശേഷമാണ് മഅ്ദനിയെ രണ്ടാമത്തെ കേസില്‍ ജയിലിലാകുന്നത്. വിചാരണത്തടവ് വര്‍ഷങ്ങളോളം തുടര്‍ന്നു. ഫലത്തില്‍ 19 വർഷമായി മഅ്ദനി ജയിലിലാണ്. ഇപ്പോൾ ജാമ്യം നേടിയെങ്കിലും ബം​ഗളൂരു വിട്ട് എങ്ങോട്ടും പോകാൻ കഴിയില്ല. മഅ്ദനിയുടെ തടവിനെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

എല്ലാ തീവ്രവാദ കേസുകളിലും ഇന്ത്യയിൽ ഉടനീളം അറസ്റ്റ് ചെയ്യപ്പെട്ട എല്ലാ മുസ്ലീങ്ങളും നിരപരാധികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. സ്റ്റേറ്റ് പൊലീസ് നടപ്പിലാക്കുന്ന ഈ അറസ്റ്റുകൾക്ക് കാരണം അവർ ന്യൂനപക്ഷങ്ങൾക്ക് എതിരാണ് എന്നാണ്. അവർ ന്യൂനപക്ഷങ്ങളെ അം​ഗീകരിക്കുന്നില്ല. അബ്ദുൽ നാസർ മഅ്ദനിയും നിരപരാധിയാണ്. അദ്ദേഹം തീവ്രവാദത്തിന്റെ ഇരയാണ്. അദ്ദേഹത്തിന് കാലും നഷ്ടപ്പെട്ടിട്ടുണ്ട്. നടക്കാൻ പോലും ബുദ്ധിമുട്ടാണ്. എത്രയും പെട്ടെന്ന് മഅ്ദനിയെ സ്വതന്ത്രനാക്കണം.
ഇടതുപക്ഷത്തിനും ഇസ്ലാമിനും എതിരെ റെഡ്, ജിഹാദി ഭീകരതയ്ക്കെതിരെ ആർഎസ്എസ് ജനരക്ഷാ യാത്ര നടത്തുകയാണ് കേരളത്തിൽ. കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ. എന്തുകൊണ്ടായിരിക്കും കേരളത്തെ ലക്ഷ്യമിടുന്നത്?

കേരളം ഒരു മതേതര സംസ്ഥാനമായതുകൊണ്ടാണ് എന്ന് തോന്നുന്നു. മുസ്ലീങ്ങളും അവിടെ കഴിയുന്നുണ്ട് കുറേക്കാലമായി. അവർ സമാധാനപൂർവ്വമാണ് കേരളത്തിൽ കഴിയുന്നത്. കേരളത്തിലെ മുസ്ലീങ്ങളും പല തീവ്രവാദ കേസുകളിൽ പെട്ടു കഴിയുന്നുണ്ട്. പക്ഷേ കേരളത്തിൽ വളരെ കുറച്ചേ വർ​ഗീയ കലാപങ്ങൾ ഉണ്ടായിട്ടുള്ളൂ. വർ​ഗീയ കലാപങ്ങൾ കുറവുള്ള സംസ്ഥാനമാണ് കേരളം. മുസ്ലീങ്ങൾ ബിസിനസ് ചെയ്തും ജോലി ചെയ്തുമൊക്കെ സമാധാനത്തോടെ കഴിയുകയാണ് കേരളത്തിൽ. വിദ്യാഭ്യാസത്തിലും മറ്റും അവർ മുന്നിലാണ്. കേരളത്തിലെ മുസ്ലീങ്ങളെ ലക്ഷ്യമിടുന്നത് കേരളത്തെ വർ​ഗീയ വൽക്കരിക്കാനാണ്. വിഭാ​ഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുതന്നെയാണ് ഈ റാലി കേരളത്തിൽ നടത്താനുള്ള കാരണം എന്നാണ് എനിക്ക് തോന്നുന്നത്.

എല്ലാ തീവ്രവാദ കേസുകളിലും ഇന്ത്യയിൽ ഉടനീളം അറസ്റ്റ് ചെയ്യപ്പെട്ട എല്ലാ മുസ്ലീങ്ങളും നിരപരാധികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. സ്റ്റേറ്റ് പൊലീസ് നടപ്പിലാക്കുന്ന ഈ അറസ്റ്റുകൾക്ക് കാരണം അവർ ന്യൂനപക്ഷങ്ങൾക്ക് എതിരാണ് എന്നാണ്. അവർ ന്യൂനപക്ഷങ്ങളെ അം​ഗീകരിക്കുന്നില്ല. അബ്ദുൽ നാസർ മഅ്ദനിയും നിരപരാധിയാണ്. അദ്ദേഹം തീവ്രവാദത്തിന്റെ ഇരയാണ്. അദ്ദേഹത്തിന് കാലും നഷ്ടപ്പെട്ടിട്ടുണ്ട്. നടക്കാൻ പോലും ബുദ്ധിമുട്ടാണ്. എത്രയും പെട്ടെന്ന് മഅ്ദനിയെ സ്വതന്ത്രനാക്കണം.

കേരളത്തില്‍ ഇപ്പോള്‍ കത്തിപ്പുകയുന്ന വിഷയം ഒരു ഹിന്ദു സ്ത്രീയുടെ ഇസ്ലാമിലേക്കുള്ള മതം മാറ്റമാണ്- ഹാദിയ. ഹാദിയയെ എങ്ങനെയാണ് വാഹിദ് നോക്കിക്കാണുന്നത്?

എനിക്ക് തോന്നുന്നത് ഇസ്ലാം മതം സ്വീകരിക്കുന്നത് ലോകമെങ്ങും തന്നെ വളരെ സാധാരണമായ ഒരു കാര്യമാണെന്നാണ്. ഓരോ വ്യക്തിക്കും അവര്‍ക്കിഷ്ടപ്പെട്ട മതം സ്വീകരിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. മതപരിവര്‍ത്തനത്തില്‍ നിന്നും ഒരാളെ തടയാന്‍ നമുക്ക് കഴിയില്ല. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ എന്തിനാണ് ആളുകള്‍ അവളെ ഉപദ്രവിക്കുന്നത്? എന്തിനാണ് ഇത്രയും പ്രശ്നമുണ്ടാക്കുന്നത്? ഇതൊരു മൌലികാവകാശമാണ്. ഈ അവകാശത്തെ ചോദ്യം ചെയ്യരുത്.

ഹാദിയയെ വിവാഹം ചെയ്ത ഷഫിന്‍ ജഹാന്‍ എന്ന യുവാവിനെതിരെ വിദ്വേഷ പ്രചരണങ്ങളും തീവ്രവാദ ആരോപണങ്ങളും നടക്കുന്നു. വ്യാജകേസുകളില്‍ കുടുക്കുന്നു.

ഹാദിയയെ വിവാഹം ചെയ്ത ഷഫിനെതിരെ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നു എന്നത് സങ്കടകരമാണ്. പൊലീസിന് അതൊക്കെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. വ്യാജ കേസുകള്‍ ചമയ്ക്കല്‍ പൊലീസ് ഡിപ്പാര്‍ട്ടമെന്‍റില്‍ വളരെ സാധാരണമാണ്. അവര്‍ക്ക് പൂര്‍ണ അധികാരമുണ്ട്, ബ്രിട്ടീഷ് ഗവണ്മെന്‍റ് ഉണ്ടാക്കിവെച്ച നിയമങ്ങളുപയോഗിച്ച് അവരത് ചെയ്യും. ആ നിയമങ്ങളാണ് ഇപ്പോഴും രാജ്യം ഭരിക്കുന്നത്. സിആര്‍പിസി, സിപിസി തുടങ്ങിയ സ്വാതന്ത്ര്യത്തിനുമുമ്പുള്ള ബ്രിട്ടീഷ് നിയമങ്ങള്‍. പോട്ട, ടാഡ തുടങ്ങിയ കരിനിയമങ്ങള്‍. ഈ നിയമങ്ങളൊക്കെയും പൊലീസ് ദുരുപയോഗം ചെയ്യും.

ഇസ്രത് ജഹാന്‍ ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദിയാണെന്ന് പറഞ്ഞ ഡേവിഡ് ഹെഡ്ലിയെ ചോദ്യം ചെയ്ത എന്‍എെഎ ടീമിന്‍റെ തലവനായിരുന്ന ലോക്നാഥ് ബെഹ്റയാണ് ഇന്ന് കേരള ഡിജിപി. ഹാദിയയെ തടവിലിടുന്നതിന് പിന്നില്‍ ലോക്നാഥ് ബെഹ്റയും ഉണ്ടെന്ന കാര്യം ഞെട്ടിപ്പിക്കുന്നു

ഈ രാജ്യത്തെ ഏറ്റവും കറപ്റ്റ് ആയ ഡിപ്പാര്‍ട്ട്മെന്‍റ് പൊലീസ് ഡിപ്പാര്‍ട്ടമെന്‍റാണ്. സത്യസന്ധരായ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റില്‍ തുടരാന്‍ കഴിയില്ല. അത്തരക്കാരെ ഡിപ്പാര്‍ട്ടമെന്‍റ് വെച്ചുപൊറുപ്പിക്കില്ല. വിനോദ് ഭട്ടിനെപ്പോലുള്ള ചിലര്‍ ആത്മഹത്യ ചെയ്തു. 2006 ഓഗസ്റ്റിലായിരുന്നു അത്. റെയില്‍വേ ട്രാക്കിലായിരുന്നു ആത്മഹത്യ. തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ എസിപി ആയിരുന്നു വിനോദ് ഭട്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് മേധാവി കെ പി രഘുവംശി ആണ് വിനോദ് ഭട്ടിന് ഞങ്ങള്‍ക്കെതിരെ വ്യാജ കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. അതിന്‍റെ സമ്മര്‍ദ്ദത്തില്‍ വിനോദ് ഭട്ട് ആത്മഹത്യ ചെയ്തു. അതേ രീതിയില്‍ തെറ്റ് ചെയ്യുന്ന പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം കിട്ടുന്നു. കെ പി രഘുവംശിയെയും ലോക്നാഥ് ബെഹ്റയെയും പോലുള്ള ആളുകള്‍.

മറ്റൊരു അഭിമുഖത്തില്‍ നാര്‍ക്കോ പരിശോധനയെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ. അതേപ്പറ്റി പറയാമോ?

നാര്‍ക്കോ പരിശോധന രണ്ടുതരത്തിലാണ് നടത്തുക. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ പീഡനകേന്ദ്രത്തില്‍ പൊലീസ് സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന നിയമവിരുദ്ധമായ നാര്‍ക്കോ ടെസ്റ്റുണ്ട്. ശാരീരികാവസ്ഥ പരിശോധിച്ച ശേഷം നിയമപരമായി നടത്തുന്ന നാര്‍ക്കോ ടെസ്റ്റുമുണ്ട്. എന്നോട് ചോദിച്ച ചില ചോദ്യങ്ങള്‍ ഇങ്ങനെയാണ്, താങ്കള്‍ സിമി പ്രവര്‍ത്തകനാണോ? അല്ല എന്ന് ഞാന്‍ മറുപടി നല്‍കിയപ്പോള്‍ അത് മുഴുവന്‍ വാചകത്തില്‍ പറയാന്‍ പറഞ്ഞു. അപ്പോള്‍ I am not a simi activist എന്ന് പറഞ്ഞു. അതില്‍ നിന്ന് not വെട്ടിക്കളഞ്ഞു. അതേ രീതിയില്‍, താങ്കള്‍ ട്രെയിനില്‍ ബോംബ് വെച്ചോ എന്ന് ചോദിച്ചു. ഇല്ല എന്ന് മറുപടി. അതും മുഴുവന്‍ വാചകത്തില്‍ പറയാന്‍ പറഞ്ഞു, I did not plant bombs. അതില്‍ നിന്നും not എഡിറ്റ് ചെയ്ത് കളഞ്ഞു. അങ്ങനെയാണ് സിഡി തയ്യാറാക്കുന്നത്.

സിമി നിരോധിച്ചു. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിക്കണം എന്നാണ് ആര്‍എസ്എസ് പറയുന്നത്.

അവര്‍ പറയും. അവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിക്കാന്‍ കഴിയും. ആദ്യം അവര്‍ സിമി നിരോധിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷന്‍ നിരോധിച്ചു. സാക്കിര്‍ നായിക്കിനെ വിലക്കി. അതൊരു തീവ്രവാദ സംഘടനയൊന്നുമല്ല. നിരുപദ്രവകാരിയായ ഒരു പ്രബോധകനാണ് നായിക്ക്. എവിടെയും തീവ്രവാദത്തെപ്പറ്റി പറഞ്ഞിട്ടില്ല. അടുത്തത് പോപ്പുലര്‍ ഫ്രണ്ട് ആണ്. കാരണം, ഈ രാജ്യത്ത് മുഹമ്മദിനു വേണ്ടിയും മുസ്ലീങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്. പക്ഷേ അവരൊരിക്കലും വിഎച്ച്പിയോ ബജ്റംഗ് ദളോ നിരോധിക്കില്ല, കാരണം ഇവയെല്ലാം അവരുടെ സഹോദര സംഘടനകളാണ്.

ഇതൊരു ഹിന്ദു രാഷ്ട്രമാണ്. ഞാന്‍ വീണ്ടും പറയുന്നു, ഇത് അപ്രഖ്യാപിത ഹിന്ദു രാഷ്ട്രമാണ്. എന്നേക്കുമായി. എല്ലാക്കാലത്തും ഇന്ത്യ ഒരു അപ്രഖ്യാപിത ഹിന്ദു രാഷ്ട്രമാണ്. ഒരിക്കലും അത് പ്രഖ്യാപിക്കില്ല. മറ്റു രാജ്യങ്ങളെ ഇന്ത്യ സെക്കുലര്‍ ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍. നിയമത്തിന്‍റെ കണ്ണില്‍ എല്ലാവരും തുല്യരാണെന്ന് തോന്നിപ്പിക്കാന്‍. ഡോ.ബി ആര് അംബേദ്കര് രൂപപ്പെടുത്തിയ ഭരണഘടനയുണ്ട് ഇന്ത്യയ്ക്ക്, അതാണ് അവര്‍ ലോകത്തിനു മുന്നില്‍ നിരത്താന്‍ പോകുന്ന വാദം. അതിനാല്‍, അവരൊരിക്കലും പ്രഖ്യാപിക്കില്ല ഹിന്ദു രാഷ്ട്രമാണെന്ന്. കഴിഞ്ഞ 20 വര്‍ഷങ്ങളായി ഇന്ത്യ ഒരു അപ്രഖ്യാപിത ഹിന്ദു രാഷ്ട്രമാണ്. കേന്ദ്രത്തില്‍ ആരു ഭരിക്കുന്നു എന്ന് നോക്കേണ്ട, ബിജെപി ആയാലും കോണ്‍ഗ്രസ് ആയാലും.

തടവില്‍ കഴിയുന്ന 12 പേര്‍ക്ക് വേണ്ടിയുള്ള പോരാട്ടം എങ്ങനെയായിരിക്കും?

ഈ പുസ്തകമാണ് എന്‍റെ പ്രധാന ആയുധം. ഇതുവെച്ചുകൊണ്ടാണ് ഞാന്‍ ലോകത്തോട് പറയാന്‍ പോകുന്നത് അവര്‍ നിരപരാധികളാണെന്ന്. ഈ പുസ്തകത്തിന്‍റെ സഹായത്തോടെ എനിക്ക് പല നഗരങ്ങളിലായി പരിപാടികള്‍ സംഘടിപ്പിക്കാം. അവിടെയെത്തുന്നവര്‍ക്ക് ഈ പുസ്തകം നല്‍കാം. ഇതൊരു ചെറിയ പുസ്തകമല്ല. തടവുകാലത്തെ അനുഭവങ്ങളെപ്പറ്റിയല്ല ഞാന്‍ എഴുതിയിരിക്കുന്നത്. എന്‍റെ ബന്ധുക്കള്‍ക്ക് ഞാനയച്ച കത്തുകളോ അവരെനിക്കയച്ച കത്തുകളോ ഒന്നുമല്ല അതിലുള്ളത്. "ഞാന്‍ തടവറയിലിരുന്ന് കരയുകയായിരുന്നു", "എന്റെ കുട്ടികളെപ്പറ്റി ഞാന്‍ ദുഖത്തോടെ ഓര്‍ത്തു" എന്നൊന്നുമല്ല എഴുതിയിരിക്കുന്നത്. 7/11 ബോംബ് ബ്ലാസ്റ്റിന്‍റെ പോസ്റ്റ്മോര്‍ട്ടമാണിത്. ഈ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഇതിലെഴുതിയിരിക്കുന്നത്. ഭരണകൂട ഭീകരതയുടെ യഥാര്‍ത്ഥ മുഖമാണ് തുറന്നുകാട്ടുന്നത്. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിലേക്കും മൊഴിമാറ്റും. ഈ പുസ്തകത്തിലൂടെ എനിക്കീ ലോകത്തോട് പറയാന്‍ കഴിയും ആ 12 പേര്‍ നിരപരാധികളാണെന്ന്.

Read More >>