ഡി കെ ശിവകുമാറുമായി മാത്യു സാമുവൽ നടത്തിയ അഭിമുഖം

കസേര ഒഴിയാത്ത ചില മുതിർന്ന കോൺ​ഗ്രസ് നേതാക്കളാണ് പാർട്ടിക്ക് ശാപം എന്നാൽ പാർട്ടി വളർന്നാൽ മാത്രമേ അധികാരം ഉള്ളൂ

ഡി കെ ശിവകുമാറുമായി മാത്യു സാമുവൽ നടത്തിയ അഭിമുഖം

കർണാടക രാഷ്ട്രീയത്തിലെ കോൺ​ഗ്രസിന്റെ കരുത്തനായ നേതാവ് ഡി കെ ശിവകുമാറുമായി മാത്യു സാമുവൽ നടത്തിയ അഭിമുഖം. കസേര ഒഴിയാത്ത ചില മുതിർന്ന കോൺ​ഗ്രസ് നേതാക്കളാണ് പാർട്ടിക്ക് ശാപം എന്നാൽ പാർട്ടി വളർന്നാൽ മാത്രമേ അധികാരം ഉള്ളൂ എന്ന് അഭിമുഖത്തിൽ ഡി കെ ശിവകുമാർ കൃത്യമായി പ്രവചിക്കുന്നുണ്ട്. 2014 ൽ തെഹൽകയ്ക്ക് വേണ്ടി മാത്യു സാമുവൽ‌ നടത്തിയ അഭിമുഖത്തിലാണ് ശിവകുമാറിന്റെ ഈ പ്രവചനം ഇപ്പോൾ ഏറെ ചർച്ചയാകുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനം ധാരാളം വിമർശനങ്ങൾക്ക് വഴി തുറന്നിട്ടുണ്ട് ?

തോല്‍വികള്‍ ശാശ്വതമായ ഒന്നല്ല. ശരി, സമ്മതിക്കുന്നു, ഞങ്ങൾ കുറെ തിരുത്താനുണ്ട്. കോൺഗ്രസ് പാര്‍ട്ടി ഇതുവരെ രാജ്യത്തിന്‌ നല്‍കിയ സംഭാവനകളെ കുറിച്ച് ഞങ്ങള്‍ ഓര്‍മ്മിച്ചപ്പോള്‍ ഇന്ത്യയ്ക്ക് അതിശോഭനമായ ഒരു 'ഭാവിയെ കുറിച്ചു സംസാരിച്ചു അതിനെ മാര്‍ക്കറ്റ്‌ ചെയ്യാന്‍ മോദിക്ക് കഴിഞ്ഞു. എന്നിരുന്നാലും ഇക്കാലമത്രയും ഇല്ലാത്തതുപോലെ ഇപ്പോൾ ഗാന്ധിജിയെയും സർദാർ വല്ലഭായ് പട്ടേലിനെയും മോദി പ്രകീര്‍ത്തിക്കുന്നത് കാണുമ്പോള്‍ വളരെയധികം തമാശ തോന്നുന്നുണ്ട്.

കോൺഗ്രസിൻറെ നേതൃനിര സംബന്ധിച്ച് വളരെ വിമർശനങ്ങൾ അടുത്തകാലത്തായി ഉയരുന്നുണ്ട്. താങ്കൾ എങ്ങനെയാണ് അതിനെ കാണുന്നത്..?

എൻറെ നേതാവ് രാഹുൽഗാന്ധി അദ്ദേഹത്തിൻറെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ ആ ആശയങ്ങളെ ബിജെപിയേക്കാള്‍ നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാന്‍ ഞങ്ങൾക്ക് സാധിച്ചില്ല. പാർട്ടി മികച്ച രീതിയില്‍ തിരിച്ചു കൊണ്ടുവരുന്നതിന് വളരെ സീരിയസ് ആയ കാര്യങ്ങൾ അദ്ദേഹം ചിന്തിക്കുന്നു. അദ്ദേഹത്തിന്‍റെ തലമുറയെ ഞങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. രാജ്യത്ത് അങ്ങോളമിങ്ങോളം യാത്ര ചെയ്തു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ യുവനേതാക്കന്മാരെ കണ്ടെത്തുന്നു. ഇതിൽ കൂടുതൽ ഒരു മനുഷ്യനില്‍ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത്? അദ്ദേഹം പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. മന്ത്രിയാകാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നപ്പോഴും അതു നിരസിച്ച് പാർട്ടി സംവിധാനത്തെ മെച്ചപ്പെടുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനായിരുന്നു അദ്ദേഹത്തിനു താൽപര്യം.

കോൺഗ്രസ് പാർട്ടിയുടെ തിരിച്ചുവരവിനുള്ള താങ്കളുടെ കണക്കുകൂട്ടലുകൾ എന്തെല്ലാമാണ്..?

പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഉള്ളത്- ഒന്ന്. 'പ്രവർത്തിക്കുക അല്ലെങ്കിൽ പുറത്തു പോവുക' എന്ന നിലപാട് നേതൃത്വം വളരെ ശക്തമായ രീതിയില്‍ നടപ്പിലാക്കണം. രണ്ട്. പാര്‍ട്ടിയിലെ എല്ലാവരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് അക്കൗണ്ടബിലിറ്റി ഉണ്ടാകണം. ചുമതല ഏൽപ്പിക്കുന്ന ഓരോരുത്തരും അത് പ്രവർത്തിക്കുന്നുണ്ടോ എന്ന് പാര്‍ട്ടി നേതൃത്വത്തിലുള്ള രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പരിശോധിക്കണം. ദേശീയതലത്തിലും സംസ്ഥാന തലത്തിലും ഉള്ള എല്ലാ നേതാക്കന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് അക്കൗണ്ടബിലിറ്റി ഉണ്ടാകണം. പാര്‍ട്ടിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എങ്കില്‍ പുറത്തു പോവുക എന്ന നിലപാടാണ് ഉണ്ടാകേണ്ടത്. ഒരാൾക്ക് വളരെയധികം അവസരങ്ങൾ നല്‍കാന്‍ കഴിയില്ലല്ലോ. ഇപ്പോൾ പാര്‍ട്ടിയിലെ 'തൊഴിലില്ലായ്മ' പരിഹരിക്കുന്നതിലാണ് കോൺഗ്രസ് ശ്രദ്ധ വയ്ക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. (അതായത് മുതിർന്ന നേതാക്കൻമാർക്ക് ഏതെങ്കിലും പാർട്ടി പദവികൾ നൽകി അവരെ സന്തോഷിപ്പിക്കുക). പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എങ്കിൽ അവര്‍ കസേര ഒഴിഞ്ഞു കൊടുക്കണം. അവരെ അവിടെ വച്ചുകൊണ്ടിരിക്കുന്നതില്‍ ഒരു കാര്യവുമില്ല. ഇപ്പോൾ തന്നെ ചിലര്‍ക്ക് ധാരാളം അവസരങ്ങൾ നൽകി കഴിഞ്ഞു, അവര്‍ക്ക് ധാരാളം കരുണ ലഭിച്ചു കഴിഞ്ഞു.

അങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആരോടും കാരണം കാണിക്കേണ്ടതില്ല. ഇപ്പോൾ തന്നെ പാർട്ടിക്കുള്ളിൽ ഒരു സംസാരമുണ്ട്- ഉപജ്ഞാവകവൃന്ദത്തിലെ വലിയവരും ചെറിയവരും പുറത്തു പോകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

കോൺഗ്രസിന് ഇനി എങ്ങനെയാണ് തെരഞ്ഞെടുപ്പുകളെ വിജയിക്കാൻ കഴിയുക..?

ഇലക്ഷന്‍ ജയിക്കുന്നത് മറ്റൊരു കാര്യമാണ്. അതിന് മറ്റുചില സമീപനമാണ് വേണ്ടത്. ഒരു വോട്ടർ അവരുടെ മുന്‍സിപ്പാലിറ്റിയിലോ പഞ്ചായത്ത് ഓഫീസിലോ പോകുന്നു, അവിടെയുള്ള പ്രാദേശിക നേതാക്കള്‍ അവരുടെ ആവശ്യത്തോട് പ്രതികരിക്കാൻ തയ്യാറാകുന്നില്ല എങ്കില്‍ ഭരണസംവിധാനത്തെ കുറിച്ചുള്ള അവരുടെ മതിപ്പ് നഷ്ടപ്പെടും. അതായത്- ഒരു വോട്ടറില്‍ നിന്നും സര്‍ക്കാര്‍ സംവിധാനത്തിലേക്ക് ഒരു അടിസ്ഥാനബന്ധമുണ്ടാകണം. ഈ സന്ദേശം പാര്‍ട്ടിയുടെ താഴെതട്ടിലുള്ള ഒരു നേതാവിന് വരെ ലഭിക്കണം. പാര്‍ട്ടിയുടെ വിജയം ജനങ്ങളോടുള്ള തങ്ങളുടെ സമീപനമാണ് എന്ന് ബൂത്ത്‌ ലെവല്‍ മുതലുള്ള ഓരോ നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം.

തകർന്ന ഒരു പാർട്ടി സംവിധാനത്തിൽ നിന്നാണ് താങ്കൾ ബെല്ലാരി അസംബ്ലി തെരഞ്ഞെടുപ്പ് ഉൾപ്പെടെ കർണാടകയിലെ പല തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് മിന്നുന്ന വിജയം സമ്മാനിച്ചത്. എങ്ങനെ കഴിഞ്ഞു ?

ബെല്ലാരി തെരഞ്ഞെടുപ്പിന്‍റെ കാര്യം പറയാം - അന്ന് മുഖ്യമന്ത്രിയായിരുന്ന കെ സിദ്ധരാമയ്യയും പിസിസി പ്രസിഡന്റ് ആയിരുന്ന അഡ്വ ജി പരമേശ്വരനും ആ സീറ്റ് നേടിത്തരാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ഒരു സ്ട്രാറ്റജി ഉണ്ടാക്കി അതു നടപ്പിലാക്കി. പാർട്ടി വളരെ മോശം അവസ്ഥയിലായിരുന്നു. നോമിനേഷന്‍ കൊടുക്കുന്നതിന് മുന്‍പ് അവിടുത്തെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം വരെഉണ്ടായി. അതൊക്കെ മറിച്ചു കളഞ്ഞ അദ്ധ്യായങ്ങളാണ് എന്നും ഇപ്പോൾ നമുക്ക് വേണ്ടത് റിസൾട്ട് ആണ് എന്നുമുള്ള സന്ദേശം ഓരോ കോൺഗ്രസ് നേതാവിനും പ്രവർത്തകർക്കും നല്‍കാന്‍ എനിക്ക് കഴിഞ്ഞു. കർണാടകയിൽ കോൺഗ്രസ് പാർട്ടി അവസാനിച്ചിട്ടില്ല എന്ന് അവര്‍ക്ക് ധൈര്യമുണ്ടായി. ഞാൻ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ഒരു അവസരം മാത്രമാണ്. അവർ എന്റെ ആവശ്യം അംഗീകരിച്ചു.

ഒരു സാധാരണ പ്രവർത്തകനായി പാർട്ടിയുടെ ഒരു സന്ദേശവാഹകനായി മാത്രമാണ് ഞാൻ അവരുടെ കൂടെ നിന്നത്. ഞാൻ ഒരു മന്ത്രി ആയിരുന്നില്ല, പക്ഷേ ഓരോ മന്ത്രിമാരെയും ഓരോ എംഎൽഎമാരെയും താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറക്കാന്‍ എനിക്ക് സാധിച്ചു. അങ്ങനെയാണ് വോട്ടർമാരുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞത്. ബിജെപിയുടെ അനുഭാവിയായിക്കോട്ടേ കോൺഗ്രസിന് സപ്പോർട്ട് ചെയ്യുന്നവരാകട്ടെ അല്ല ജനതദള്ലിനെ പിന്തുണക്കുന്നവരാകട്ടെ അവരുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. രാഷ്ട്രീയ എതിർചേരിയിൽ ഉള്ളവരില്‍ രണ്ടോ മൂന്നോ പേരെയെങ്കിലും കൂടെ നിര്‍ത്താന്‍‍ കഴിഞ്ഞാലും അത് വിജയമാണ് എന്ന് ഞാന്‍ കരുതി.

ദേശീയതലത്തിൽ പ്രവർത്തിക്കുവാൻ താങ്കൾ താല്പര്യപ്പെടുന്നുണ്ടോ ?

തെരഞ്ഞെടുപ്പ് ജയത്തിനുള്ള എന്റെ സ്ട്രാറ്റജികള്‍ മികച്ചതാണ് എന്ന് ഞാന്‍ കരുതുന്നു. പക്ഷേ അതുകൊണ്ട് മാത്രം ഇങ്ങനെ ഒരു തീരുമാനം എടുക്കണം എന്ന് എനിക്ക് പാർട്ടിയോട് ആവശ്യപ്പെടാൻ കഴിയില്ലല്ലോ. ഒരു കസേര നല്‍കാതെ ഒരാള്‍ക്ക്‌ ഓടിച്ചെന്ന് അവിടെ കയറിയിരിക്കാനും കഴിയില്ല. അത് നൽകേണ്ട ചുമതല അവർക്കുള്ളതാണ്. നേതാക്കന്മാരായവരുടെ താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തനം പാർട്ടി അന്വേഷിക്കട്ടെ. തിരഞ്ഞെടുപ്പ് തന്ത്രങ്ങളോ സാമൂഹിക തന്ത്രങ്ങളോ ഉണ്ടെങ്കിൽ മാത്രമേ താഴെ തലത്തിലെ പ്രത്യേകിച്ച് വോട്ടർമാരെ ആകർഷിക്കാൻ പാർട്ടിക്ക് കഴിയുകയുള്ളൂ. ഒരു നേതാവിന്‍റെ പ്രായവും ഒരു ഒരു വോട്ടറുടെ പ്രായം തമ്മിലുള്ള അന്തരം പാർട്ടി പഠിക്കണം. അതിൽ പല കാര്യങ്ങളുണ്ട്. 47 ശതമാനത്തിലധികം വോട്ടർമാരും 30 വയസ്സിനു അടുത്തുള്ളവരാണ്. അതിനാൽ തന്നെ നേതാക്കന്മാരും ഇവരും തമ്മിലുള്ള പ്രായത്തിന് വളരെയധികം അന്തരം ഉണ്ടാകുന്നു. കൂടാതെ ഇപ്പോഴുള്ള യുവ വോട്ടർമാർ, ധാരാളം പ്രതീക്ഷകള്‍ ഉള്ളവരും അഭിപ്രായം തുറന്നു പറയുന്നവരുമാണ്. കോണ്ഗ്രസ് ഉള്‍പ്പെടെ എല്ലാ പാർട്ടികളും ഈ പ്രായത്തിലുള്ളവരുമായി ഒരു ആശയവിനിമയ മാര്‍ഗ്ഗം സൃഷ്ടിക്കണം. അവരുടെ അഭിപ്രായങ്ങള്‍ പരിഗണനയില്‍ എടുക്കുകയും വേണം.

പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴൊക്കെ, ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്, മിക്കപ്പോഴും അതില്‍ വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ കര്‍ണാടക രാഷ്ട്രീയത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് എനിക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി തീരുമാനിക്കാതെ എനിക്ക് അതിനു കഴിയില്ല. എനിക്ക് ഭാഷയുടെ പരിമിതികളും ഉണ്ട്. എന്നാല്‍ പാര്‍ട്ടി ആഗ്രഹിക്കുന്നു എങ്കില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്. എനിക്ക് അതിനു സമയം ചെലവഴിക്കാന്‍ കഴിയും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമുള്ള പ്രവര്‍ത്തിയാണ്.പാര്‍ട്ടി ഉണ്ടെങ്കില്‍ അധികാരവും ഉണ്ട്. പാര്‍ട്ടി ഇല്ലെങ്കില്‍ അധികാരവും ഇല്ല..!

Read More >>