''ശശികലയ്ക്ക് ഇതൊന്നും അറിയുമായിരുന്നില്ലേ?'' മാത്യു സാമുവൽ കോടനാട് ഓപ്പറേഷൻ വെളിപ്പെടുത്തുന്ന അഭിമുഖം

ജയളിതയുടെ ദുരൂഹ മരണത്തിന് പിന്നാലെ അവരുടെ കോടനാട് എസ്റ്റേറ്റില്‍ നടന്ന മോഷണവും തുടര്‍ന്ന് നടന്ന കൊലപാതപരമ്പരകള്‍ക്കും പിന്നില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് എന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ 'നക്കീരന്' നല്‍കിയ അഭിമുഖത്തിന്റെ വിവര്‍ത്തനം

ശശികലയ്ക്ക് ഇതൊന്നും അറിയുമായിരുന്നില്ലേ? മാത്യു സാമുവൽ കോടനാട് ഓപ്പറേഷൻ വെളിപ്പെടുത്തുന്ന അഭിമുഖം

തമിഴ്നാടുമായുള്ള ബന്ധം?

ചെങ്കോട്ടയ്ക്കടുത്തുള്ള പത്തനാപുരമാണ് എന്റെ നാട്. വാണിജ്യപരമായും മറ്റും ഞങ്ങള്‍ കൂടുതലും ഇവിടേക്ക് യാത്ര ചെയ്യുക പതിവാണ്. അതിനാല്‍ തന്നെ ചെറുപ്പത്തിലും മറ്റും തമിഴ് കമ്മ്യൂണിറ്റിയുമായി അടുത്തിഴപഴകാന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ മനസിലാക്കിയ തമിഴ് ജനത കഠിനാധ്വാനികളാണ്, ആത്മാര്‍ത്ഥയുള്ളവരാണ്,നിഷ്കളങ്കരാണ് അതിനാല്‍ ഇവരെ കബളിപ്പിക്കാനും എളുപ്പമാണ്. മുതിര്‍ന്നപ്പോള്‍, തമിഴ് സംസ്ക്കാരത്തെ പറ്റിയും ദ്രാവിഡ സ്വാഭാമിനത്തെ കുറിച്ചും വായനയില്‍ കൂടിയും മറ്റുള്ളവരോട് സംസാരിച്ചും കൂടുതല്‍ മനസിലാക്കാനും കഴിഞ്ഞു.

എങ്ങനെയാണ് കോടനാട് എസ്റ്റേറ്റില്‍ നടന്ന മോഷണത്തെപ്പറ്റിയും തുടര്‍ന്ന് നടന്ന കൊലപാതകങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ തീരുമാനിക്കുന്നത്?

ഇതിനു പിന്നിലുള്ള സത്യങ്ങള്‍ പുറത്തുവരണമെന്ന് വലിയൊരു ജനത ആഗ്രഹിക്കുന്നു. ചെന്നെയില്‍ എനിക്ക് വ്യക്തിപരമായി പരിചയമുള്ള ചില മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ട്- കേന്ദ്ര ഇന്‍റ്റെലിജന്‍സില്‍ ജോലി ചെയ്യുന്നവര്‍, അപ്പോളോയില്‍ ഉണ്ടായിരുന്ന ചില ഡോക്ടര്‍മാര്‍, തെറാപ്പിസ്റ്റുകള്‍.... ഇവരില്‍ ചിലര്‍ ജയളിതയുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ എന്നോട് ഉന്നയിച്ചിരുന്നു. അമ്മയുടെ മരണവുമായി ബന്ധപ്പെട്ടു നടത്തുന്ന അറുമുഖന്‍ ജുഡീഷ്യല്‍ അന്വേഷണം വെറും പ്രഹസനമാണ് എന്ന് ഇവരാണ് എന്നോട് ആദ്യം സൂചിപ്പിക്കുന്നത്. പിന്നീട് അന്വേഷിച്ചപ്പോള്‍ അതു ബോധ്യപ്പെട്ടു. ശശികലയെയും ദിനകരനെയും പ്രതി ചേര്‍ത്ത് ഒടുവില്‍ ഒരു അന്വേഷണ റിപ്പോര്‍ട്ട് ഈ അറുമുഖന്‍ കമ്മീഷന്‍ സമര്‍പ്പിക്കുന്നതോടെ കാര്യം കഴിയും. ഇത്തരത്തില്‍ മൊഴി കൊടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ ജയലളിതയുടെ മരണം ഉള്‍പ്പെടെ എല്ലാത്തിനും പിന്നില്‍ കുടിലശക്തിയായി പ്രവര്‍ത്തിച്ചത് പളനിസാമിയാണ്. അയാള്‍ക്ക്‌ ആരെ നശിപ്പിച്ചും അധികാരമായി മാറണം എന്ന ചിന്താഗതിയാണ്.

ഇക്കാര്യങ്ങള്‍ പുറത്തുവരണം എന്ന് അവിടെയുണ്ടായിരുന്ന സത്യമറിയുന്ന ഡോക്ടര്‍മാര്‍ ആഗ്രഹിക്കുന്നു. അവര്‍ ഇത് തുറന്നു പറയുന്നു. അവര്‍ക്ക് ഒരു രാഷ്ട്രീയവുമില്ല, പരസ്യമായി തുറന്നു പറയാന്‍ അവര്‍ക്ക് പരിമിതികള്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ സായന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പോലെ അവര്‍ ഒരിക്കല്‍ ഇവരും തുറന്നു സമ്മതിക്കും.

എടപ്പാടി പളനിസാമിയാണ് ഇതിനു പിന്നിലും എന്നാണോ?

സംശയമില്ല, ഏറ്റവും കൌശലക്കാരനായ മനുഷ്യനാണ് അയാള്‍. ചെന്നെയിലുള്ള നാല് ഇന്‍കംടാക്സ് ഉദ്യോഗസ്ഥര്‍ എന്നോട് വെളിപ്പെടുത്തിയത് കോടനാടിലും, ശശികല, ദിനകരന്‍ എന്നിവരുടെ വസതികളിലും ഓഫീസുകളിലും ഉള്‍പ്പെടെ 125 ഇടങ്ങളില്‍ നടത്തിയ റെയ്ടിന് പിന്നിലും എടപ്പാടിയാണ്. അയാള്‍ക്ക്‌ എല്ലാവരെയും അധീനതയില്‍ നിര്‍ത്തണം. ഞാന്‍ പറയുന്നത് തമിഴ്മക്കള്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടന്‍ എടപ്പാടി പളനിസാമിയാണ്, അയാള്‍ക്കാണ് ഓസ്കാര്‍ സമ്മാനിക്കേണ്ടത്. ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കാന്‍ നിയമിക്കപ്പെട്ട അറുമുഖന്‍ കമ്മീഷന്‍ എടപ്പാടിയുടെ നിഴല്‍ മാത്രമാണ് എന്നുള്ളതാണ് സത്യം.

എങ്ങനെയാണ് നിങ്ങള്‍ കോടനാട് എസ്റ്റേറ്റുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിലേക്ക് എത്തുന്നത്?

അഴിമതിരഹിതരായ, സത്യസന്ധരായ സത്യം പുറത്തു വരണം എന്ന് ആഗ്രഹിക്കുന്ന പലരും സമൂഹത്തിന്റെ വിവിധ തുറകളിലുണ്ട്. അവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍, ജിബിന്‍, ഷീജ, ശിവാനി എന്നിവര്‍ അടങ്ങുന്ന ടീം ഇതുമായി ബന്ധപ്പെട്ട റിസേര്‍ച്ചും അന്വേഷണവും നടത്തി. ജിബിന്‍ കോയമ്പത്തൂരിലും സേലത്തും പോകുന്ന സമയത്ത് ഞാന്‍ ചെന്നെയില്‍ എത്തി അവിടെയും സേലത്തും കേന്ദ്രീകരിച്ചു അന്വേഷണം നടത്തി. സര്‍ക്കാര്‍ സംവിധാങ്ങളില്‍ ഇപ്പോഴും അഴിമതിരഹിതരായ, സത്യസന്ധരായ സത്യം പുറത്തു വരണം എന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. സായനും മനോജും ഇക്കാര്യങ്ങള്‍ ഞങ്ങളോട് വെളിപ്പെടുത്തുമ്പോള്‍ തുടരന്വേഷണം നടത്തി ഇക്കാര്യങ്ങള്‍ ഞങ്ങള്‍ ഉറപ്പിച്ചു.

എപ്പോഴാണ് ഇവര്‍ കോടനാട് എസ്റ്റേറ്റ്‌ കൊള്ളയടിക്കാനുള്ള പദ്ധതിയിടുന്നത്?

ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിക്കപ്പെട്ട ആ സമയത്ത്...ഏകദേശം നവംബര്‍ ഒടുവില്‍ ഡിസംബര്‍മാസത്തില്‍...ഈ ആവശ്യം ഉന്നയിച്ചു കനകരാജ് സായനെ നിരന്തരം ഫോണ്‍ ചെയ്തു. ഒരു ദിവസം 50- 60 കോളുകള്‍ വരെ! എന്നാല്‍ ജയലളിത എന്ന സാന്നിധ്യത്തെ സായന്‍ ഭയന്നിരുന്നു. അയാള്‍ അന്ന് അതിനു തയ്യാറായിരുന്നില്ല. എസ്റ്റേറ്റില്‍ നിന്നും ചില ഡോകുമെന്റ്സ് മാത്രമാണ് എടുക്കേണ്ടത് എന്നും 5 കോടി പ്രതിഫലം എടപ്പാടി നല്‍കുമെന്നും കനകരാജ് നിര്‍ബന്ധിച്ചു.

എന്തിനാണ് ഇങ്ങനെ ഒരു കൃത്യത്തിനു കനകരാജ് കേരളത്തിലെ ചില ലോക്കല്‍ മോഷ്ടാക്കളെ സമീപിച്ചത്? അയാളുടെ പരിചയത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുള്ള ശക്തരായ ഗുണ്ടകളെ ലഭിക്കുമായിരുന്നല്ലോ?

ഇതേ ചോദ്യം ഞങ്ങള്‍ സായനോടും ചോദിച്ചിരുന്നു. അയാള്‍ ഇക്കാര്യം കനകരാജിനോടും ആരാഞ്ഞിരുന്നു. ജയലളിതയെ കുറിച്ചും, തമിഴ് രാഷ്ട്രീയം മനസിലാക്കാന്‍ കഴിയുന്നവരെയും ഒഴിച്ചു നിര്‍ത്തുകയായിരുന്നു ഉദ്ദേശം. കോടനാട് എസ്റ്റേറ്റില്‍ നിന്നും രേഖകള്‍ കൈവശപ്പെടുത്തുമ്പോള്‍, തമിഴ് നന്നായി അറിയാവുന്നവരുടെ സാന്നിധ്യം ഒഴിവാക്കുകയും വേണം. രഹസ്യം സൂക്ഷിക്കുക എന്നുള്ളതായിരുന്നു ലക്‌ഷ്യം. കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ നടന്നിരുന്നു എങ്കില്‍ ഇപ്പോള്‍ മലയാളികളായ ഈ പ്രതികള്‍ എല്ലാവരും അവര്‍ക്ക് ലഭിച്ച പണവുമായി അവരവരുടെ വീടുകളില്‍ സ്വസ്ഥമായി കഴിയുമായിരുന്നു.

പത്ത് പ്രതികളാണ് ഉള്ളത്. എന്തു കൊണ്ടു സായനെയും മനോജിനെയും മാത്രം നിങ്ങള്‍ സമീപിച്ചു?

നോക്കൂ...ഒന്നാം പ്രതി കനകരാജാണ്. അയാള്‍ മോഷണം നടന്നു മണിക്കൂറുകള്‍ക്കകം അയാള്‍ കൊല്ലപ്പെട്ടു. രണ്ടാം പ്രതി സായനും മൂന്നാം പ്രതി മനോജുമാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇവര്‍ക്കല്ലേ കാര്യങ്ങള്‍ ഉറപ്പിച്ചു പറയാന്‍ കഴിയുന്നത്‌? നാലാം പ്രതി ജംഷീറാണ്. ഇവര്‍ നാല് പേര്‍ മാത്രമാണ് ബംഗ്ലാവിനുള്ളില്‍ കടന്നത്‌. ബാക്കിയുള്ളവര്‍ ഗേറ്റിനടുത്ത് നില്‍ക്കുകയായിരുന്നു. തങ്ങള്‍ ചില ഡോകുമെന്റ്സാണ് അവിടെ നിന്നും എടുത്തത് എന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ജംഷീര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനു മറുപടിയായി ജാമ്യത്തില്‍ ഇറങ്ങിയ അയാളെ ഒരു കള്ള കഞ്ചാവ് കേസില്‍ കുടുക്കി പൊലീസ് വീണ്ടും അകത്താക്കി. അതോടെ അയാള്‍ നിശബ്ദനായി.

പൊലീസിന്റെ ഭാഷ്യത്തില്‍ കനകരാജ് മദ്യപിച്ചിരുന്നതാണ് അപകകാരണം എന്നാണ്..

പൊലീസിന്റെ നിലപാടുകള്‍ ആദ്യം മുതല്‍ തന്നെ പരിഹാസകരമാണ്. കനകരാജ് കൊല്ലപ്പെടുന്നത് പുലര്‍ച്ചെ വീടിനു വളരെ ദൂരത്തു ഹൈവേയില്‍ വച്ചുണ്ടായ അപകടത്തിലാണ്. ആ സമയത്ത് ഒരാള്‍ മദ്യപിച്ച് ഇത്ര ദൂരം പോയി എന്ന് പറയുന്നതില്‍ പോലും വിശ്വസനീയതയില്ല. അവര്‍ തന്നെ ഒരു പക്ഷെ ക്രിയേറ്റ് ചെയ്ത സാഹചര്യങ്ങളാണ് ഇതെല്ലാം. എന്തിനധികം? സായന്‍ തന്റെ ഭാര്യയേയും മകളെയും കഴുത്തില്‍ മുറിവുണ്ടാക്കി കൊലപ്പെടുത്തി എന്നല്ലേ ഇവര്‍ പറഞ്ഞത്? എടപ്പാടിക്ക് വേണ്ടി അവര്‍ എന്തു കഥകളും മെനയും.

എസ്റ്റേറ്റിലെ എഞ്ചിനീയര്‍ ആയിരുന്ന സജീവന്‍ എന്നയാള്‍?

അതേ, സായന്റെ ബന്ധുവാണ്. എന്നാല്‍ ഈ പരിചയം വച്ചു മാത്രം കോടനാട് പോലെ ഒരിടത്തില്‍ കയറി മോഷണം നടത്താന്‍ കഴിയില്ലലോ.അന്നു അവര്‍ മോഷണം നടത്താന്‍ കയറുമ്പോള്‍ അവിടെ ഒരു സിസിടിവികളും പ്രവൃത്തിക്കുന്നുണ്ടായിരുന്നില്ല, മാത്രമല്ല അവിടെ ആകെ രണ്ടു സെക്യൂരിറ്റി ഗാര്‍ഡുകള്‍ മാത്രം- അവര്‍ രണ്ടു പേരും മദ്യപിച്ചിരുന്നു എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നുണ്ട്. ആരാണ് ഇത്രയധികം ക്രമീകരണങ്ങള്‍ അവിടെ ചെയ്തിരുന്നത് എന്നും പൊലീസ് അന്വേഷിക്കാത്തത് എന്താണ്?

എന്താണ് ആ ഡോകുമെന്റ്സില്‍ ഉണ്ടായിരുന്നത്?

മുന്‍പ് സൂചിപ്പിച്ച ആ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത് അതില്‍ എടപ്പാടി ഉള്‍പ്പെടെയുള്ള എഐഡിഎംകെ നേതാക്കന്‍മാരുടെ കുമ്പസാര രഹസ്യങ്ങളാണ് എന്നായിരുന്നു. അവര്‍ ചെയ്ത അഴിമതികളും മറ്റു ഇരുണ്ട ഇടപാടുകളും കയ്യോടെ പിടിക്കപ്പെടുമ്പോള്‍ അവര്‍ ജയലളിതയുടെ മുന്നില്‍ താണ് വീണു ക്ഷമ ചോദിക്കുന്നതും മറ്റും അവര്‍ റെക്കോര്ഡ് ചെയ്തു സൂക്ഷിച്ചിരുന്നു. അവ ഉള്‍പ്പെടെയുള്ള ഡോകുമെന്ട്സാണ് കനകരാജ് അവിടെ നിന്നും എടുത്തത്.

കനകരാജിന് അത്രയധികം സ്വാധീനം എടപ്പാടി പളനിസാമിയില്‍ ഉണ്ടായിരുന്നോ?

തീര്‍ച്ചയായും, അവര്‍ ഒരേ നാട്ടുകാരും അയല്‍വാസികളുമാണ്. കൂടാതെ ഒരേ കോവിലില്‍ പോകുന്നവരും. മാത്രമല്ല, ജയലളിതയുടെയും ശശികലയുടെയും ഡ്രൈവര്‍ ആയിരുന്ന അയാള്‍ പോയസ് ഗാര്‍ഡനിലും കോടനാട് എസ്റ്റേറ്റിലും ആവോളം സ്വാതന്ത്രം അനുഭവിച്ചിട്ടുണ്ട്. അതു നഷ്ടപ്പെടുത്താന്‍ അയാള്‍ ആഗ്രഹിച്ചില്ല. വളരെ കുശാഗ്രബുദ്ധിയായിരുന്നു കനകരാജിനും ഉണ്ടായിരുന്നത്. പളനി സാമി മുഖ്യമന്ത്രിയായപ്പോള്‍ നേരിട്ടു പോയികണ്ടു കെട്ടിപ്പിടിച്ചു ഷോള്‍ അണിയിക്കുന്ന ചിത്രം അയച്ചു കൊടുത്താണ് കനകരാജ് സായന്റെ വിശ്വാസം നേടുന്നത്. എടപ്പാടി മുഖ്യമന്ത്രിയാകുമ്പോള്‍, ഭരണസിരാകേന്ദ്രങ്ങളില്‍ തനിക്കു പഴയ പ്രതാപം നേടാന്‍ കനകരാജ് ആഗ്രഹിച്ചിരുന്നു. അതിനു പളനിസാമിയുടെ വിശ്വസ്തനാകണം.

ശശികലയ്ക്ക് ഇതൊന്നും അറിയുമായിരുന്നില്ലേ?

അവര്‍ വളരെ കുടിലയായ സ്ത്രീയാണ്, വലിയ സംഭവമാണ് എന്നാണ് പരക്കെ അറിയപ്പെടുന്നത്. എന്നാല്‍ എനിക്ക് മനസിലായത് അവരെക്കാള്‍ എത്രയോ ക്രിമിനല്‍ ചിന്താഗതിയുള്ള ആളാണ്‌ പളനിസാമി എന്നാണ്. മണ്ണാര്‍കുടി മാഫിയെ കടത്തി വെട്ടുന്ന വില്ലന്‍!

Read More >>