ജിഷ്ണു എസ്എഫ്ഐയുടെ ഔദ്യോഗിക രക്തസാക്ഷിയല്ല: ജെയ്ക്ക് സി തോമസ്

എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ സാങ്കേതിക സര്‍വ്വകലാശാലയ്ക്കും കോളേജിനുമെതിരെ സമരം നടത്തിയതിന് കൊല്ലപ്പെട്ടയാളാണ് ജിഷ്ണു എന്നു തെളിയുന്നു- രക്തസാക്ഷികളുടെ പട്ടികയില്‍ അപ്പോഴും ജിഷ്ണുവിനെ എസ്എഫ്ഐ ഉള്‍പ്പെടുത്തുന്നില്ല.

ജിഷ്ണു എസ്എഫ്ഐയുടെ ഔദ്യോഗിക രക്തസാക്ഷിയല്ല: ജെയ്ക്ക് സി തോമസ്

കൊച്ചി: നെഹ്രു മാനേജ്‌മെന്റിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷിത്വം ഏറ്റെടുക്കുന്ന കാര്യത്തില്‍ എസ്എഫ്ഐ നേതൃത്വത്തിന് ആശയക്കുഴപ്പം. ജിഷ്ണുവിന്റെ രക്തസാക്ഷിത്വം അംഗീകരിക്കുമ്പോഴും ഔദ്യോഗികമായി സ്ഥിരീകരികരിക്കുന്നതിനെക്കുറച്ച് സംഘടന ഇതുവരെ ആലോചിട്ടില്ല. തന്നെയുമല്ല, നിലവിലുള്ള രക്തസാക്ഷികളുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ലെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് നാരദാ ന്യൂസിനോട് പറഞ്ഞു.

ജിഷ്ണുവിന്റെ സംഭാഷണങ്ങള്‍ പുറത്തുവന്ന ദിവസം ഇക്കാര്യത്തെക്കുറിച്ച് ജെയ്ക്കിന്റെ പ്രതികരണം തേടുന്നതിന്റെ ഭാഗമായാണ് രക്തസാക്ഷിത്വത്തെക്കുറിച്ച് സംസാരിച്ചത്.

എസ്എഫ്ഐയ്ക്ക് എത്ര രക്തസാക്ഷികളുണ്ട് ?

ദേവപാലന്‍ മുതല്‍ ഏറ്റവും ഒടുവില്‍ സജിൻ ഷാഹുലും ഫാസിലും അടക്കം 32 രക്തസാക്ഷികളുണ്ട്.

ഏറ്റവും അവസാനത്തേത് ആരാണ്?

സജിൻ ഷാഹുലും ഫാസിലും ഏതാണ്ട് ഒരേ സമയത്താണ് കൊല്ലപ്പെടുന്നത്.

ജിഷ്ണുവിന് ശേഷമാണോ?

ഹേയ്, അല്ലല്ല... ജിഷ്ണുവിന് മുന്നേ,

ജിഷ്ണു മുപ്പത്തിമൂന്നാമത്തേതാണോ?

അങ്ങനെ ഞങ്ങള്‍ സംഘടനാപരമായി പറയാറില്ല. അതൊക്കെ കൊല്ലപ്പെട്ടത് വേറൊരു അര്‍ത്ഥത്തിലാണ്. ജിഷ്ണു പ്രണോയ് അല്ലെങ്കില്‍ രജനി എസ് ആനന്ദ് ഒക്കെ, എസ്എഫ്ഐ രക്തസാക്ഷികളായി നമ്മള്‍ പറഞ്ഞിട്ടില്ല.

ജിഷ്ണു എസ്എഫ്ഐ പ്രവര്‍ത്തകനാണ്. കോളേജില്‍ യൂണിറ്റ് ഉണ്ടാക്കാന്‍ ശ്രമിച്ചയാളാണ്. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് അവന്‍ കൊല്ലപ്പെട്ടത്. എന്നിട്ടും സംഘടനപരമായി അംഗീകരിക്കാന്‍ നിങ്ങള്‍ക്കെന്താണ് വൈമനസ്യം?

രക്തസാക്ഷിയായി നമ്മള്‍ തന്നെ അംഗീകരിക്കുന്നുണ്ട്. രജനി എസ് ആനന്ദിന്റെ മരണം ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്. രജനിയുടെ മരണത്തിന് ശേഷം നമ്മള്‍ എല്ലാ വര്‍ഷവും രജനിയുടെ മരണം സമുചിതമായി ഓര്‍ത്തെടുക്കാറുണ്ട്. എല്ലാ ക്യാംപസുകളിലും പരിപാടി നടത്താറുണ്ട്. എസ്എഫ്ഐ പട്ടികയില്‍ രജനി എസ് ആനന്ദിന്റെ പേര് പറയാറില്ല. എസ്എഫ്ഐ ആയതുകൊണ്ട് കൊല്ലപ്പെട്ടവരുടെ കൂടെ അവരുടെ പേര് പറയാറില്ല. വിദ്യാഭ്യാസ മേഖലയില്‍ ഒരു ഇഷ്യു ഉണ്ടായപ്പോള്‍ കൊല്ലപ്പെട്ടു, എന്നാല്‍ അത് രക്തസാക്ഷിയായിട്ട് തന്നെയാണ് കാണുന്നത്. ഞാനീ പറഞ്ഞ സജിന്‍ ഷാ, ദേവപാലന്‍ എന്നിവരുടെ പട്ടികയില്‍പെടുത്തിയിട്ടില്ല.

ഉള്‍പെടുത്താന്‍ ഉദ്ദേശമുണ്ട്...

ഹേയ് ഇല്ലില്ല.

ജിഷ്ണുവൊരു കടുത്ത എസ്എഫ്ഐ പ്രവര്‍ത്തകനാണെന്ന് അവന്റെ അമ്മാവനും സുഹൃത്തുക്കളും പലവട്ടം എന്നോടു പറഞ്ഞിട്ടുണ്ട്. സ്‌കൂള്‍ കാലം മുതലെ അവന്‍ എസ്എഫ്ഐ പ്രവര്‍ത്തകനാണ്. എന്റെ ചോദ്യമിതാണ്. ഒരു സിസ്റ്റത്തിനെതിരെ പ്രതിഷേധിച്ചതിന്റെ ഫലമായാണ് അവന്‍ കൊല്ലപ്പെട്ടത്. പുറത്തുനിര്‍ത്തി ആദരിക്കാതെ, സംഘടനയുടെ അകത്തു നിര്‍ത്താനെന്താണ് പ്രശ്‌നം?

ജിഷ്ണു എസ്എഫ്ഐ പ്രവര്‍ത്തകന്‍ തന്നെയാണ്. നമ്മുടെ നാദാപുരം ഏരിയ സമ്മേളന പ്രതിനിധിയായിരുന്നല്ലോ, പ്ലസ് വണ്‍ മുതല്‍. അതിലൊന്നും മാറ്റമില്ല. നമ്മളങ്ങനെ സംഘടനയുടെ അകത്തുനിര്‍ത്തുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. അതാണതിന്റെ യാഥാര്‍ത്ഥ്യം. ആലോചനകളുണ്ട്, അങ്ങനെ വേണേല്‍ പറയാം. നമ്മളതില്‍ കൃത്യമായി ഈ മുപ്പത്തി രണ്ടുപേരില്‍ അഷറഫിന്റെയോ ബാലന്റേയോ കൊച്ചനിയന്റേയോ ഒക്കെ ലിസ്റ്റില്‍ ജിഷ്ണുവിനെ ഉള്‍പെടുത്തിയിട്ടില്ലെന്ന കാര്യം വസ്തുതയാണ്. അതിനെക്കുറിച്ച് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല.

(ഇതു രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് നടത്തിയ സംഭാഷണമാണ്. ഇപ്പോള്‍ നിലപാടുകള്‍ക്ക് മാറ്റമുണ്ടായേക്കാം. ജിഷ്ണു പരീക്ഷ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ടു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. കേരള സാങ്കേതിക സര്‍വകലാശാലയുടെ ടൈംടേബിള്‍ അശാസ്ത്രീയമാണെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നു. ജെയ്ക്കും വിജിനും ഇക്കാര്യം പരിഗണിക്കുകയും പരീക്ഷ മാറ്റിവയ്ക്കാന്‍ ഇടപെടുകയും ചെയ്തിരുന്നു)

Read More >>