മുഹമ്മയില്‍ 42 വര്‍ഷം എകെജി: സുശീല പാര്‍ട്ടിയോട് ആവശ്യപ്പെട്ട വിവാഹമെന്ന് ടി കെ പളനി

വി ടി ബല്‍റാം എംഎല്‍എയുടെ വിവാദ പരാമര്‍ശത്തെ മുന്‍നിര്‍ത്തി എകെജി അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മയിലേയ്ക്ക് നാരദ. ടി കെ പളനി എകെജിക്കും സുശീല ഗോപാലനും ഏറെ സമീപത്തുണ്ടായിരുന്ന സഖാവാണ്. എകെജി മരിക്കുമ്പോള്‍ മാരാരിക്കുളം ഏരിയ സെക്രട്ടറിയായിരുന്നയാള്‍. സുശീല ഗോപാലനെ മുഖ്യമന്ത്രിയാക്കാന്‍ മാരാരിക്കുളത്ത് വി എസിനെ തോല്‍പ്പിച്ചു എന്ന ആരോപണം നേരിട്ട് പാര്‍ട്ടിയില്‍ നടപടി നേരിട്ടയാള്‍- ടി കെ പളനിക്ക് സുശീലയേയും എകെജിയേയും കുറിച്ച് പറയാനുണ്ട്

മുഹമ്മയില്‍ 42 വര്‍ഷം എകെജി: സുശീല പാര്‍ട്ടിയോട് ആവശ്യപ്പെട്ട വിവാഹമെന്ന് ടി കെ പളനി

എകെജി അന്ത്യവിശ്രമം കൊള്ളുന്നത് ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ്. ഭാര്യ സുശീലാ ഗോപാലന്റെ വീട്ടില്‍. സുശീലയെ വിവാഹം കഴിച്ച ശേഷം 42 വര്‍ഷമാണ് അദ്ദേഹം മുഹമ്മയില്‍ താമസിച്ചത്. അക്കാലത്ത് പ്രദേശത്തെ പാര്‍ട്ടി നേതാവായിരുന്നു ടി.കെ പളനി. എകെജി മരിക്കുമ്പോള്‍ മാരാരിക്കുളം ഏരിയ സെക്രട്ടറിയായിരുന്നയാള്‍. വി.എസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മറ്റിയെ നയിച്ചതും പളനിയാണ്. ആ പരാജയത്തിന്റെ പേരില്‍ സിപിഎമ്മില്‍ നിന്ന് നടപടി നേരിട്ടു. നാളുകള്‍ക്കു ശേഷം സിപിഎമ്മില്‍ മടങ്ങിയെത്തി. മാസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം സിപിഐയിലേയ്ക്ക് മടങ്ങി. എകെജിയോടും സുശീലയോടും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ് പളനി. പളനി വിശദമായി എകെജിയുടെ മുഹമ്മയിലെ കാലത്തെക്കുറിച്ച് സംസാരിക്കുന്നു.

എകെജിയുമായി ബന്ധപ്പെട്ട് വിടി ബല്‍റാം എംഎല്‍എ വിവാദപരമായ പരാമര്‍ശം നടത്തിയത് വലിയ രീതീയിലുള്ള ചര്‍ച്ചയ്്ക്ക് വഴിവെച്ചിരിക്കുകയാണ്. വിടി ബല്‍റാമിന്റെ ഈ പരാമര്‍ശത്തോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

എകെജി ആരാലും തന്നെ അവമതിക്കപ്പെടുന്ന ഓരാളല്ല. എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരു മഹാവ്യക്തിയാണ്. എകെജി പാര്‍ലമെന്റില്‍ ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം നടക്കുന്ന ദിവസം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മറ്റെന്തൊക്കെ പരിപാടികള്‍ അദ്ദേഹത്തിനുണ്ടായിരുന്നാലും, അവയൊക്കെയും മാറ്റിവെച്ച് ആ യോഗത്തില്‍ പങ്കെടുക്കുമായിരുന്നു. ഇന്ത്യ നിറഞ്ഞു നിന്ന പോരാളിയാണ് അദ്ദേഹം. സമൂഹത്തിന് വേണ്ടി എത്രയോ ത്യാഗങ്ങളല്ലാതെ മറ്റെന്താണ് അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളത്. അഞ്ചു പൈസയുടെ സമ്പാദ്യമോ, സ്വകാര്യ താല്‍പര്യങ്ങളോ വെച്ചു പുലര്‍ത്താത്ത വ്യക്തിയാണ് അദ്ദേഹം. അങ്ങനെയൊരു വ്യക്തിയെക്കുറിച്ച് ബല്‍റാമിനെ പോലുള്ള ഒരാള്‍ എന്തെങ്കിലും മോശമായി പറഞ്ഞാല്‍ അത് അപലപിക്കപ്പെടെണ്ടതാണ് എന്നുമാത്രമല്ല അങ്ങേയാറ്റം പ്രതിഷേധാര്‍ഹവുമാണ്.എത് വയസിലാണ് എകെജിയെ കാണുന്നത്? സഖാവുമായുള്ള വ്യക്തി ബന്ധം എങ്ങനെയായരുന്നു?

1965ലാണ് ഞാന്‍ എകെജിയെ ആദ്യമായി കാണുന്നത്. പാര്‍ട്ടി നേതാവെന്ന നിലയിലുള്ള വ്യക്തി ബന്ധവും അടുപ്പവും അദ്ദേഹവുമായി ഉണ്ടായിരുന്നു. ഞാന്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ആയി പ്രവര്‍ത്തിക്കുമ്പോള്‍ മിക്കവാറും എകെജിക്ക് മറ്റ് പരിപാടികളൊന്നും ഇല്ലാത്ത ദിവസങ്ങളില്‍ അദ്ദേഹവുമായി സംസാരിക്കുമായിരുന്നു. മുഹമ്മയില്‍ പരിപാടിയുള്ളപ്പോള്‍ അതില്‍ സംസാരിക്കുമായിരുന്നു.

എകെജി മുഹമ്മയില്‍ എത്രകാലം താമസിച്ചിരുന്നു?

40-42 വര്‍ഷത്തോളം കാലം അദ്ദേഹം മുഹമ്മയില്‍ താമസിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം ആലപ്പുഴയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം കണ്ണൂരില്‍ നിന്നും ഇങ്ങോട്ട് വരികയും ഇവിടെ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നെ വിവാഹം കഴിഞ്ഞതിന് ശേഷം ഇവിടെ മുഹമ്മയില്‍ തന്നെ സ്ഥിര താമസമാക്കി. ആ സമയത്ത് വീട് എന്ന നിലയില്‍ സുശീല ഗോപാലന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

എകെ ​ഗോപാലൻ ഭാര്യ സുശീല ​ഗോപാലനൊപ്പം


അദ്ദേഹം ആലപ്പുഴയില്‍ പാര്‍ട്ടിയില്‍ വളരെ സജീവമായി നില്‍ക്കുകയും പിന്നീട് ഇടുക്കിയിലെ കര്‍ഷക സമരത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിടുകയും ചെയ്തിരുന്നല്ലോ?

അതിനെ നടപടി എന്ന് കാണാന്‍ കഴിയില്ല. സാധാരണയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ആശയപരമായ ചില പ്രശ്‌നങ്ങള്‍ഉണ്ടാകും. അതില്‍ ചിലരുടെ കാഴ്ച്ചപ്പാട് വ്യത്യസ്തമായിരിക്കും. അവര്‍ അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്‌തെന്നിരിക്കും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ എല്ലാവരും കൂടിയിരുന്ന് നടക്കുന്ന സംവാദത്തിനൊടുവില്‍ ഒരു തീരുമാനമെടുക്കും. ആ തീരുമാനത്തില്‍ ഐക്യപ്പെട്ട് പ്രവര്‍ത്തിച്ച് പോരുകയാണ് സാധാരണ കീഴ്‌വഴക്കം. 1968ല്‍ അത്തരത്തില്‍ ആശയപരമായ ഒരു തര്‍ക്കം ഉണ്ടായിരുന്നു. പക്ഷേ അതില്‍ വലിയ നടപടിയൊന്നും എടുത്തതായി എനിക്കറിയില്ല. ലഅദ്ദേഹം അവസാന കാലം വരെ മുഹമ്മയിലായിരുന്നു. അദ്ദേഹം വടക്കന്‍ ജില്ലകളെ പ്രതിനിധീകരിച്ചാണ് പാര്‍ലമെന്റ് മത്സരത്തിലൊക്കെ നിന്നിട്ടുള്ളത്.

പാവങ്ങളുടെ പടത്തലവല്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. നിരവധി പാവങ്ങള്‍ക്ക് സഹായംനല്‍കിയിട്ടുണ്ട് അദ്ദേഹം. എകെജിയെക്കുറിച്ച് ഇത്തരത്തില്‍ രേഖപ്പെടാത്ത നിരവധി കാര്യങ്ങളുണ്ടാവില്ലേ?

അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവന്‍ എന്ന പേര് സമ്പാദിക്കുന്നത് കര്‍ഷക സമരവുമായി ബന്ധപ്പെട്ടാണ്. അതിനാണ് അദ്ദേഹത്തിന് നേരെ പാര്‍ട്ടി നടപടി എടുത്തത്. കര്‍ഷക സമരത്തില്‍ അവിടെയുള്ള മലയോര കൃഷിക്കാര്‍ വലിയ വെള്ളപ്പൊക്കം വന്ന് പട്ടിണിയിലായി. അങ്ങനെ അവര്‍ ഒരു സമരത്തിലേര്‍പ്പെട്ടു. ഈ സമരത്തിന് പാര്‍ട്ടി എതിര്‍പ്പ് ലംഘിച്ച് നിരാഹാരം കിടന്നു. അതില്‍ അദ്ദേഹം പറഞ്ഞ കാര്യം മനുഷ്യര്‍ക്ക് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. ആ മനുഷ്യരെ രക്ഷിക്കുന്നതിന് പകരം പാര്‍ട്ടി തീരുമാനം എന്ന് പറഞ്ഞ് അതിനെ കണ്ടില്ല എന്ന് നടിക്കുന്നത് ശരിയല്ല എന്നാണ്.

ആ സമരത്തിലൂടെ അദ്ദേഹത്തിന് അസുഖങ്ങള്‍ പിടിപെട്ടു. അദ്ദേഹംം സ്വന്തം ജീവന്‍ നോക്കാതെ ജനങ്ങല്‍ക്ക് വേണ്ടി സമരത്തിലേര്‍പ്പെട്ട മനുഷ്യനാണ്. അങ്ങനെയൊരു ത്യാഗിയാണ് എകെജി. ഗുരുവായൂര്‍ സത്യാഗ്രഹം ഇത് നേരിട്ട് അറിഞ്ഞതല്ല. എകെജി എന്ന വ്യക്തിയെ പാവങ്ങളുടെ പടത്തലവന്‍ എന്ന് വിളിക്കുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്.

പുതിയ തലമുറയില്‍ പെട്ട വ്യക്തിയാണ് ബല്‍റാം. അവര്‍ കുട്ടികളാണ്, അറിവില്ലായ്മകൊണ്ട് പറയുന്നതാണ്. എന്നാല്‍ ചരിത്രത്തിന് മുന്നില്‍ നാളെ മുട്ട് കുത്തേണ്ടിവരും. അവര്‍ അതിന് സമാധാനം പറയേണ്ടിവരും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ബല്‍റാമിനെപ്പോലെ രാഷ്ട്രീയത്തില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് സത്യവുമല്ല. ഇന്ദിരാഗാന്ധിയെക്കാള്‍ പ്രവര്‍ത്തനങ്ങല്‍ നടത്തിയ വ്യക്തി കൂടിയാണ് എകെജി.

എകെജി ഒരു ബാലപീഡകനായിരുന്നു എന്ന രീതിയിലാണ് വിടി ബല്‍റാം പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറുന്ന രീതിയിലുള്ള ആരോപണമാണ് ഉയര്‍ത്തിയിരിക്കുന്നത്?

ബല്‍റാം അതിലെന്തിനാണ് ഇത്രയധികം വ്യാകുലപ്പെടുന്നത്. സുശീലയ്ക്ക് എകെജിയെ വിവാഹം ചെയ്യാന്‍ ഇഷ്ടമായിരുന്നു. സുശീലയാണ് എകെജിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പാര്‍ട്ടിയെ അറിയിച്ചത്. പാര്‍ട്ടി അതനുവദിച്ച് കല്യാണം നടത്തുകയായിരുന്നു. ഒന്നും കിട്ടാത്തതുകൊണ്ട് എന്തെങ്കിലും പറഞ്ഞ് ഒരു നേതാവിനെ ആക്രമിക്കുക എന്നതാണ് ഇവിടെ ബല്‍റാം ചെയ്തിരിക്കുന്നത്. ബല്‍റാം ഇപ്പോള്‍ ചെയ്യേണ്ടത് അവരുടെ പാര്‍ട്ടിയെ തന്നെ ശരിയായ വിധത്തില്‍ സംഘടിപ്പിക്കുക എന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി കോണ്‍ഗ്രസിന്റെ നയവും നിലപാടുകളും മാറ്റി ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ പങ്കെടുക്കുകയാണ് വേണ്ടത്.

ടി കെ പളനി

കുട്ടികളുടെ എകെജി എന്ന രീതിയില്‍ സ്‌നേഹമുള്ള വ്യക്തിയെന്ന നിലയില്‍ എങ്ങനെയായിരുന്നു എകെജി?


എകെജി വലിയ ഒരു മനുഷ്യ സ്‌നേഹിയായിരുന്നു. കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിനായി ശ്രമിച്ച വ്യക്തിയായിരുന്നു. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകമായ കരുതല്‍ നല്‍കിയിരുന്നു. യുവജനങ്ങളുടെ ഭാവിയെക്കുറിച്ച് വളരെ വലിയ കാഴ്ച്ചപ്പാടുണ്ടായിരുന്ന നേതാവാണ് . അതുകൊണ്ട് തന്നെ ബാലസംഘങ്ങള്‍ ഉണ്ടാവുകയും അതില്‍ നിന്ന് എസ്എഫ്‌ഐ ഉണ്ടാവുകയും പിന്നീട് ഡിവൈഎഫ്‌ഐ ഉണ്ടാുകയും ചെയ്തു. അങ്ങനെ യുവജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ക്രിയാതമകമായ നേതൃത്വം ഉണ്ടാക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ച നേതാവായിരുന്നു എകെജി.

ബാലസംഘം പോലുള്ള പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരുന്നതില്‍ എകെജി വഹിച്ച നേതൃത്വപരമായ പങ്ക്?

അമ്പലങ്ങള്‍, പത്ര-മാധ്യമ സംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബാലജന സഖ്യവും മറ്റ് അനുബന്ധ പരിപാടികള്‍ നടത്തിയിരുന്നു. ഇവയെല്ലാം വളര്‍ന്ന് വന്ന് ചേക്കേറിയിരുന്നത് കോണ്‍ഗ്രസിലായിരുന്നു. അതിന് ബദലായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊണ്ടുവന്നതാണ് ബാലസംഘത്തിന് ജന്മം നല്‍കിയത്. ഇത് ദീര്‍ഘവീക്ഷണമില്ലാതെ ചെയ്ത കാര്യമൊന്നുമല്ല. ആളുകളെ കൈകൊട്ടി വിളിച്ചുകൂട്ടുന്ന പരിപാടിയല്ല അത്. കാര്യങ്ങള്‍ പഠിച്ച് നടപ്പിലാക്കിയ പദ്ധതിയാണിത്. അതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തിയാണ് എകെജി. അദ്ദേഹമടക്കമുള്ളവര്‍ ഇരുന്ന് തീരുമാനിച്ച പ്രകാരമാണ് അത് നടപ്പിലായത്.

എകെജിയുടെ മൂല്യങ്ങള്‍ പഠിക്കുന്നത് ഇന്ന് കുറവാണ്. അതിലൊന്നും ഇപ്പോള്‍ ആരും മൂല്യം കല്‍പിക്കുന്നില്ല. ഇത്തരത്തിലുള്ള കടന്നാക്രമണങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് നേതൃത്വം ഞെട്ടുന്നത്. ആ പാര്‍ട്ടി എന്നത് ആശയപരമായും പ്രത്യയശാസ്ത്ര പരമായും എന്തെല്ലാം പറഞ്ഞാലും ബലവത്തല്ല. അതിന് മുന്നേറാന്‍ ബദ്ധപ്പാടുണ്ട്. ആശയ ദാര്‍ഢ്യമുള്ള പാര്‍ട്ടിക്ക് മാത്രമേ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ നേതൃത്വം കൊടുക്കാന്‍കഴിയുകയുള്ളൂ. ഇന്ന് അതില്ല എന്നതാണ് സത്യം.

എകെജിയുടെ അവസാന നിമിഷം എവിടെയായിരുന്നു?

അദ്ദേഹം തിരുവനന്തപുരത്തായിരുന്നു. എകെജി സ്റ്റേറ്റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ചികിത്സയിലായിരുന്നു.

അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ രചിക്കുന്ന സമയത്ത് എവിടെയായിരുന്നു?

കൂടുതലും കണ്ണൂരിവല്‍ വെച്ചു തന്നെയാണ് പുസ്തകങ്ങള്‍ ഒക്കെ എഴുതിയിട്ടുള്ളത്.

എകെജി പാര്‍ട്ടിയില്‍ ഉള്ള ഇതേ കാലയളവില്‍ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സുശീലയും പാര്‍ട്ടിയില്‍ സജീവമായിരുന്നല്ലോ?

അതെ. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുശീല സഖാവ് സജീവമായിരുന്നത് ആവശ്യമായിരുന്നു എന്ന തന്നെയായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. സുശീല സഖാവ് മാരാരിക്കുളത്ത് മത്സരിക്കുമ്പോള്‍ എന്റെ നേതൃത്വപരമായ പങ്കുണ്ട്. അമ്പലപ്പുഴയില്‍ നിന്ന് മത്സരിച്ച് മന്ത്രിയായിരുന്ന ഘട്ടത്തില്‍ എനിക്ക് നിര്‍ണായകമായ പങ്കില്ല. എന്നാല്‍ ഇതില്‍ എന്നെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഉണ്ടായിരുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. ഞാന്‍ പാര്‍ട്ടിയുടെ അച്ചടക്കത്തില്‍ പൂര്‍ണമായും വിശ്വസിക്കുന്നതും അതില്‍ നിലകൊള്ളുന്നതുമായ വ്യക്തിയാണ്. അപ്പോള്‍ ഇവിടെ ഏരിയാ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഞാന്‍ വേറെ മണ്ഡലത്തില്‍ മത്സരിക്കുന്ന സുശീല സഖാവിനെ മന്ത്രിയാക്കണമെന്ന് ആഗ്രഹിച്ചെന്നുള്ള ആരോപണം വസ്തുതാ വിരുദ്ധമാണ്. അത് ദുരാഗ്രഹികള്‍ക്കല്ലാതെ വേറാര്‍ക്ക് തോന്നും. എനിക്ക് പാര്‍ട്ടി തീരുമാനമല്ലാതെ ഇന്നോളം വേറൊന്ന് നടപ്പാക്കിയിട്ടില്ല. സുശീല സഖാവ് മത്സരിക്കുന്ന സമയത്ത് എംപിയായിരുന്നു എകെജി. പാര്‍ട്ടി തീരുമാനിച്ചു, അത് നടപ്പിലാക്കി, അത്രമാത്രം.

എകെജി ജീവിച്ചിരിക്കെയാണ് സുശീല മത്സരിക്കുന്നതും എംപിയാകുന്നതും. ഭാര്യ മത്സരിക്കുന്നു എന്ന പ്രത്യേക താല്‍പ്പര്യം അദ്ദേഹം കാണിച്ചിരുന്നോ?

അതേ തെരഞ്ഞെടുപ്പില്‍ എകെജിയും മത്സരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ തീരുമാനമായിരുന്നു സുശീല മത്സരിക്കണമെന്നത്. ഡല്‍ഹിയിലേയ്ക്ക് പോകുമ്പോള്‍ സുശീലയും അദ്ദേഹത്തിന് ഒപ്പമുണ്ടാകണമെന്ന് പാര്‍ട്ടി ആഗ്രഹിച്ചിരുന്നു. സുശീല മത്സരിച്ച സമയത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ആളാണ് ഞാന്‍. ഭാര്യ മത്സരിക്കുന്നു എന്ന ഒരു പ്രത്യേകതയും അദ്ദേഹം കാണിച്ചിട്ടില്ല. സുശീല മത്സരിക്കുന്ന മണ്ഡലത്തില്‍ പ്രസംഗിച്ചിരുന്നോ എന്നു പോലും ഓര്‍ക്കുന്നില്ല.

പാവങ്ങളുടെ പടത്തലവന്‍ എന്ന് ആരാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്?

ഇടുക്കിയിലെ കര്‍ഷക സമരത്തില്‍ സമര സേനാനികളായിട്ടുള്ള ആളുകളാണ് ഇങ്ങനെ ആദ്യമായി വിശേഷിപ്പിക്കുന്നത്. പിന്നീട് പത്രങ്ങളിലൂടെയാണ് ഇങ്ങനെയൊരു വിശേഷണം അറിയപ്പെടുന്നത്.

സഖാവിന്റെ പാര്‍ട്ടി പ്രവര്‍ത്തനം വീണ്ടും സജീവമായത് അറിഞ്ഞു. ഇപ്പോള്‍ എങ്ങനെ പോകുന്നു. സിപിഐലേക്ക് മടങ്ങി എന്ന് അറിയാന്‍ സാധിച്ചല്ലോ?

അതെ. ഞാന്‍ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ട്ടിയാണ് സിപിഐ. 1953ല്‍ ആണ് സിപിഐയില്‍ ചേര്‍ന്നത്. പിന്നീട് പാര്‍ട്ടി ഭിന്നിക്കപ്പെട്ടപ്പോള്‍ സിപിഎമ്മിന്റെ കൂടെ നിന്നു. ആദ്യം ഇടതുപക്ഷവും പിന്നീട് സിപിഐഎമ്മും ആയി. അതിന് ശേഷം സജീവമായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി ഏര്‍പ്പെടുത്തിയല്ലോ. പ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. ഇപ്പോള്‍ പാര്‍ട്ടി സംഘടനാപരമായ പ്രത്യയ ശാസ്ത്രപരമായ കാഴ്ച്ചപ്പാട് കാത്തു സൂക്ഷിക്കുന്നതില്‍ പാര്‍ട്ടി പ്രസംഗിക്കുന്നതല്ലാതെ പാര്‍ട്ടിക്ക് താല്‍പര്യമില്ല.സിപിഎമ്മില്‍ നില്‍ക്കാന്‍ തീരുമാനിച്ചതില്‍ എകെജിയുടെ സ്വാധീനമുണ്ടോ?

എകെജിയുടെയും ഇഎംഎസിന്റെയുമൊക്കെ സ്വാധീനമുണ്ട്. അത് വ്യക്തിപരമായി സംസാരിച്ചതുകൊണ്ടല്ല. അവര്‍ രണ്ടുപേരും കൂടി പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് ആലപ്പുഴ നടന്നു. അതില്‍ പങ്കെടുത്തപ്പോള്‍ ഇവരുടെ പ്രസംഗങ്ങളും നിലപാടും എന്നെ വളരെയധികം സ്വാധീനിച്ചു. അതൊക്കെയാണ് സിപിഎമ്മില്‍ നിലനില്‍ക്കാന്‍ കാരണം.

സിപിഐ ശക്തമായി നില്‍ക്കുന്ന ആലപ്പുഴയില്‍ പാര്‍ട്ടിയില്‍ വിഭജനം കഴിഞ്ഞ് സിപിഎം ശക്തി പ്രാപിക്കുമ്പോള്‍ എകെജി താമസിക്കുന്നുണ്ട്. ആ കാലയളവ് വലിയൊരു നിര്‍ണായകമായ കാലഘട്ടമല്ലേ?

പുതിയപ്രസ്ഥാനമുണ്ടാകുന്നു, അത് മുന്നോട്ട് വരുന്നു എന്നിങ്ങനെയുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നത് ആ സമയത്താണ്. ആ സമയത്ത് എകെജിയുടെയൊക്കെ പ്രവര്‍ത്തനം പ്രാധാന്യമുള്ളതായിരുന്നു. ഒരു സഹോദരപ്രസ്ഥാനം എന്ന സ്‌നേഹം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് സിപിഐയില്‍ നിന്ന് സിപിഎം വേര്‍പെടുന്നത്. ഒരിക്കലും സിപിഐക്കെതിരെ വിദ്വേഷകരമായ പ്രസ്താവനകള്‍ നടത്തിയിട്ടില്ല.

ഒരു ഘട്ടത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായെങ്കില്‍ തിരുത്തപ്പെടും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വീണ്ടും ഒന്നാകും, അങ്ങനെ ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ നയിക്കാനുള്ള ശക്തി പുനഃസംഭരിക്കും എന്നൊക്കെത്തന്നെയാണ് പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവരുടെ വിശ്വാസമെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.

Read More >>