"എന്റെ ഭർത്താവ് ലക്ഷക്കണക്കിന് ആളുകളുടെ ശബ്ദമാണ്; അതുകൊണ്ടാണ് അവർ അദ്ദേഹത്തെ വേട്ടയാടുന്നത്": ശ്വേത സഞ്ജീവ് ഭട്ട്

ഇപ്പോൾ ബിജെപി ഭരണകൂടവും പൊലീസും അദ്ദേഹത്തെ വേട്ടയാടുന്നത്. ജാമ്യം പരി​ഗണിക്കുന്നത് നീട്ടിക്കൊണ്ടുപോയി കോടതി പോലും അദ്ദേഹത്തെ അവ​ഗണിക്കുകയാണ്. ഈ സാഹചര്യത്തിൽ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത നാരദാ ന്യൂസുമായി സംസാരിക്കുന്നു

എന്റെ ഭർത്താവ് ലക്ഷക്കണക്കിന് ആളുകളുടെ ശബ്ദമാണ്; അതുകൊണ്ടാണ് അവർ അദ്ദേഹത്തെ വേട്ടയാടുന്നത്: ശ്വേത സഞ്ജീവ് ഭട്ട്

മുൻ ​ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്കെതിരെ നിലകൊണ്ടതിന് മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് ബിജെപി ഭരണകൂടം ജയിലിലടച്ചിട്ട് ഇന്നേക്ക് 115 ദിവസം പിന്നിട്ടു. 22 വർഷം മുമ്പുള്ള ഒരു കേസിന്റെ പേരിലാണ് ഇപ്പോൾ ബിജെപി ഭരണകൂടവും പൊലീസും അദ്ദേഹത്തെ വേട്ടയാടുന്നത്. ജാമ്യം പരി​ഗണിക്കുന്നത് നീട്ടിക്കൊണ്ടുപോയി കോടതി പോലും അദ്ദേഹത്തെ അവ​ഗണിക്കുകയാണ്. ഈ സാഹചര്യത്തിൽ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത നാരദാ ന്യൂസുമായി സംസാരിക്കുന്നു

1. സഞ്ജീവ് ഭട്ട് എന്ന മനുഷ്യൻ ഭരണകൂടത്തിനെതിരെ സംസാരിച്ചതിന്റെ പേരിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വംശഹത്യക്കെതിരെ പോരാടിയതിന്റെ പേരിൽ വേട്ടയാടപ്പെടുകയാണ്. സഞ്ജീവ് ഭട്ട് അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഇന്ന് 115 ദിവസം തികഞ്ഞു. എന്താണ് ഈ വിഷയത്തിൽ പറയാനുള്ളത്?

വ്യക്തിപരമായി എനിക്ക് പറയാനുള്ളത് മനഃപ്പൂർവ്വമായ കാലതാമസമാണ് കേസിൽ നടക്കുന്നുവെന്നാണ്. മനഃപ്പൂർവ്വമായ വൈകിപ്പിക്കലാണ് നടക്കുന്നതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അല്ലെങ്കിൽ ഒരു ദിവസം കൊണ്ട് തീർപ്പാക്കേണ്ട ജാമ്യാപേക്ഷ എങ്ങനെയാണ് 115 ദിവസം നീട്ടിക്കൊണ്ടു പോകുവാൻ സാധിക്കുക. 115 ദിവസമായി ഞങ്ങൾ നീതിക്കായി, ജാമ്യത്തിനായി പോരാടുകയാണ്.2. നിങ്ങളെ കാണാനോ വക്കീലുമായി സംസാരിക്കാനോ സഞ്ജീവ്‌ ഭട്ടിനെ ജയിലധികൃതർ സമ്മതിക്കുന്നില്ലെന്ന് മുമ്പ് നിങ്ങൾ തന്നെ പരാതി പ്പെട്ടിരുന്നല്ലോ. ഇപ്പോൾ എന്താണാവസ്ഥ? സഞ്ജീവ് ഭട്ട് നിലവിൽ ഏത് ജയിലിലാണ്?

ഇല്ല. ഇപ്പോൾ കുഴപ്പമില്ല അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം (ഡിസംബർ 21ന്) ഞാൻ പോയി കണ്ടിരുന്നു. ഇപ്പോൾ പാലൻപൂർ ജയിലിലാണ് അദ്ദേഹം.

3. എന്താണ് നിലവിൽ സർക്കാരിന്റെയും പോലീസിന്റെയും നിലപാട്? അന്വേഷണത്തെ കുറിച്ച് എന്താണ് അവർ ഇപ്പോൾ പറയുന്നത്?

അവർ ഒന്നും പറയുന്നില്ല. അന്വേഷിക്കാൻ ഒന്നുമില്ലല്ലോ! അതിൽ അവർക്കെന്തെങ്കിലും പറയാനുണ്ടോ എന്നെനിക്കറിയില്ല. 22 വർഷം പഴക്കമുള്ള കേസാണ്. അതും സുപ്രീംകോടതി സ്റ്റേ ചെയ്ത കേസ്. അപ്പോൾ അതിൽ ഇനി അന്വേഷിക്കാൻ എന്താണുള്ളത്. കേസ് വെറുതെ നീട്ടിക്കൊണ്ടു പോവുകയാണ്.

4. അപ്പോൾ സുപ്രീംകോടതി കേസിൽ ഇടപെടില്ല എന്നു പറഞ്ഞത്?

ഇല്ലില്ല… സുപ്രീംകോടതി അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഞങ്ങൾ കോടതിയിൽ ചോദ്യം ചെയ്തത് ഈ കേസ് അന്വേഷണത്തിന് കാരണമായ ഉത്തരവിന്റെ നിയമസാധുതയാണ്. ഒരിക്കൽ അന്വേഷിച്ചു കഴിഞ്ഞ കേസാണ് വീണ്ടും അന്വേഷിക്കുന്നത് നിയമപരമായോ ശരിയല്ല. അതുകൊണ്ട് ഞങ്ങളോട് ഉചിതമായ കോടതി സമീപിക്കാൻ പറഞ്ഞു. ജാമ്യത്തിന്റെ കാര്യം പറഞ്ഞപ്പോൾ സെഷൻസ് കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്.5. സഞ്ജീവ് ഭട്ടിനെ വേട്ടയാടുന്നവർ കീഴ്ക്കോടതികളെ സ്വാധീനിക്കുന്നതായി തോന്നുന്നുണ്ടോ?

നിങ്ങൾ തന്നെ ഒന്നു നോക്ക്, 101 ദിവസമായി കോടതി കേസ് പരിഗണിക്കുന്നു. വിചാരണയ്ക്കിടെ സർക്കാർ വക്കീൽ കേസ് സ്ഥിരമായി താമസിപ്പിക്കുന്നു, കോടതി അത് അനുവദിച്ചു കൊടുക്കുകയും ചെയ്യുന്നു. സർക്കാർ വക്കീൽ 10 ദിവസം അവധി വേണമെന്ന് ആവശ്യപ്പെട്ടാൽ ജഡ്ജി അത് അനുവദിച്ചുകൊടുക്കുന്നു. പിന്നെ 20 ദിവസം വേണമെന്ന് പറഞ്ഞാൽ അതും അനുവദിക്കും. എന്തൊക്കെ ചോദിച്ചാലും അതും അനുവദിക്കും. എന്നിട്ട് മൂന്നര മാസത്തിന് ശേഷവും സെഷൻസ് കോടതി ജഡ്ജി പറയുകയാണ് ജാമ്യം നൽകാൻ പറ്റില്ലെന്ന്. എന്തടിസ്ഥാനത്തിലാണ് ജാമ്യം നൽകാൻ പറ്റില്ലെന്ന് കോടതി പറയുന്നത്. ജാമ്യം പൗരന്റെ അടിസ്ഥാന അവകാശമാണ്. ജാമ്യം കിട്ടി പുറത്തിറങ്ങാതെ എങ്ങനെയാണൊരാൾ തന്റെ കേസ് വാദിക്കുക. ജയിലിനകത്ത്‌ കിടന്നുകൊണ്ടു നിങ്ങൾക്കൊരിക്കലും നിങ്ങളുടെ കേസിനായി പോരാടാൻ സാധിക്കില്ല.

അതു മാത്രമല്ല ശരിക്കും കേസ് എന്താണെന്ന് എല്ലാവർക്കും അറിയാം. അത് രാഷ്ട്രീയ വൈരാഗ്യം തീർക്കാനായി കൊണ്ടുവന്നതാണ്. ബോംബെ പൊലീസ് ആക്ട് അനുസരിച്ച് , ഏതെങ്കിലും ഉദ്യോഗസ്ഥൻ തന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെടുകയോ അല്ലെങ്കിൽ അത് മോശം ഉദ്ദേശത്തോടെയാണ് ചെയ്യുന്നതെങ്കിൽ സർക്കാരിന് നടപടിയെടുക്കാം. പക്ഷെ അത് ഒരു വർഷത്തിനുള്ളിൽ വേണം അതിനു ശേഷം പറ്റില്ല.

22 വർഷത്തിനു ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥനെ അയാൾ 22 വർഷം മുമ്പ് ചെയ്ത ഡ്യൂട്ടിയുടെ പേരിൽ ശിക്ഷിക്കാൻ സാധിക്കുകയില്ല. ഇത്രയും കാലം തങ്ങൾക്ക് വേണ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ഈ നിയമം ഉപയോഗിച്ചുകൊണ്ടിരുന്ന ഗുജറാത്ത് സർക്കാരാണ് 22 വർഷം മുമ്പുള്ള കേസിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്കു സംരക്ഷണം നൽകുന്ന നിയമം മാറ്റി.6. ഗുജറാത്ത് വംശഹത്യയിൽ സഞ്ജീവ് ഭട്ടിനെ പോലെ തന്നെ മോദിയുടെയും പങ്ക്‌ വെളിപ്പെടുത്തിയ ആളാണ് മലയാളിയായ ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാർ. എന്നാൽ പലരും ഉന്നയിക്കുന്ന ഒരു സംശയമാണ് ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ കേസിൽ ഈ അടുത്തു വന്ന വിധികളായിലും വിധികളിലും സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിലും ശ്രീകുമാർ സ്വീകരിച്ചിരിക്കുന്ന ഒരു മൗനം. നിങ്ങൾ ഈ വിഷയത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

അത് നിങ്ങൾ അയാളോട് തന്നെ ചോദിക്കേണ്ട ചോദ്യമാണ്. അത്രയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചൊരു അഭിപ്രായം പറയാൻ എനിക്ക് താൽപ്പര്യം ഇല്ല.

7. ഈ വേട്ടയാടലിനു പിന്നിൽ ആരാണെന്നാണ് നിങ്ങൾ കരുതുന്നത് ?

ഈ ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ല. ഇന്ത്യയിലെ എല്ലാവർക്കും അറിയാം ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ആരാണ് അതിനു പിന്നിലെന്നും. അതിൽ കൂടുതലൊന്നും പറയാനില്ല. അത് എല്ലാവർക്കുമറിയാം. അല്ലെങ്കിൽ എന്തിനാണ് ഇവർ സഞ്ജീവിനെ വേട്ടയാടുന്നത്. അവരെ സംബന്ധിച്ചെടുത്തോളം സഞ്ജീവ് വലിയ പ്രാധാന്യമുള്ള വ്യക്തി അല്ലെങ്കിൽ അവരെന്തിനു സഞ്ജീവിനെ വേട്ടയാടണം. ഞങ്ങൾ അത്യധികം മോശം സമയത്തിലൂടെ കടന്നു പോകുമ്പോൾ ഞങ്ങളെ എന്തിനവർ ഉപദ്രവിക്കണം. അവര്‌ തന്നെ മോശം സമയത്തിലൂടെ കടന്നു പോകുമ്പോൾ അവരുടെ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാതെ എന്തിനവർ സഞ്ജീവിനെയും കുടുംബത്തെയും ഉപദ്രവിക്കണം.

നാല് മാസം മുമ്പ് അവർ ഞങ്ങളുടെ വീടും പൊളിച്ചു. വീടിന്റെ പകുതിയും അവർ തകർത്തു. എന്നിട്ടു അതിന് നിയമവിരുദ്ധമായ നിർമാണം എന്ന് ഒഴിവുകഴിവും പറഞ്ഞു. 23 വർഷമായിട്ട് ആ വീടെവിടെയുണ്ട്. പുതിയതായിട്ടൊന്നും ഞങ്ങൾ നിർമിച്ചിട്ടില്ല. ഇതൊക്കെയാണ് കാര്യങ്ങൾ. ഇവർ പറയുന്നതിലൊന്നും സത്യമില്ല. ഞങ്ങളുടെ സുരക്ഷാ മുഴുവൻ പിൻവലിച്ചു കഴിഞ്ഞു. സഞ്ജീവ് ഗുജറാത്ത് കലാപങ്ങളുടെ ഒന്നാം സാക്ഷിയാണ്. ഏക സാക്ഷി. സ്വാഭാവികമായും കൂടുതൽ സുരക്ഷ നൽകേണ്ടതാണ്. പക്ഷെ വീട്ടിൽ നിന്നും എല്ലാ സുരക്ഷ ഉദ്യോഗസ്ഥരെയും സർക്കാർ പിൻവലിച്ചു കഴിഞ്ഞിരിക്കുന്നു. ഞങ്ങൾക്കോ സഞ്ജീവിനോ എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക.8. അപ്പോൾ ഇഹ്സാൻ ജഫ്റി നേരിട്ടതുപോലെ ഗൂഢാലോചനയും ആക്രമണവും ഏതു നിമിഷവും നിങ്ങളും പ്രതീക്ഷിക്കുന്നുണ്ട് എന്നാണോ?

എന്തും സംഭവിക്കാം. നോക്കൂ അക്കാര്യത്തിൽ എനിക്കവരെ ഒട്ടും വിശ്വാസമില്ല. അവർ ഏതു നിലവരെയും പോകും എന്നാണു എന്റെ വ്യക്തിപരമായ വിശ്വാസം. അവർക്കെന്തും സാധ്യമാണ്. കാരണം നമ്മൾ അവർ ചെയ്ത കുറെ കൊലപാതകങ്ങൾ കണ്ടതാണ്. ജസ്റ്റിസ് ലോയ വരെ കൊല്ലപ്പെട്ടു. കുറെ ആളുകൾ കൊല്ലപ്പെട്ടു.

ഇതിലെ പ്രധാന കാര്യം എന്ന് പറയുന്നത് ഇവരെ ചോദ്യം ചെയ്യാൻ ആരും ഇല്ലെന്നുള്ളതാണ്. സാധാരണ ഗതിയിൽ കുറെ ആളുകളെങ്കിലും പുറത്തു വന്നു ഇവരെ ചോദ്യം ചെയ്യേണ്ടതായിരുന്നു, കൊലപാതകങ്ങൾ ചെയ്തവർ ഇവരെ ജനങ്ങളെ ഭയക്കേണ്ടതായിരുന്നു. പക്ഷെ ഇപ്പോൾ അവർക്കാരെയും ഭയമില്ല. അതുകൊണ്ട് അവർക്ക് തോന്നുന്നതും വേണ്ടതുമായ എല്ലാ കാര്യങ്ങളും അവർ ചെയ്യും. അത് ഏറ്റവും സങ്കടകരമായ കാര്യമാണ്. അത് തീർച്ചയായും ഇന്ത്യയിലെ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പരാജയമാണ്. ജനങ്ങൾ അവരെ ചോദ്യം ചെയ്യാൻ പറ്റുന്ന രീതിയിൽ ശക്തരല്ലാത്തതുകൊണ്ടാണോ, എന്താണെന്ന് എനിക്കറിയില്ല. നമുക്ക് ഒരു നിലപാട് എടുക്കാൻ സാധിക്കുന്നില്ല.

ഇവിടെ എന്റെ ഭർത്താവ് ലക്ഷക്കണക്കിന് ആളുകളുടെ ശബ്ദമാണ്. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ വേട്ടയാടുന്നത്. ഞങ്ങൾ എല്ലാം നഷ്ടപ്പെടുത്താൻ തയാറാണ്.

9. സഞ്ജീവ് അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം പുതിയ ഭീഷണികൾ എന്തിങ്കിലും ഉണ്ടായിട്ടുണ്ടോ ?

ഭീഷണി? പുതുതായിട്ടൊന്നും ലഭിച്ചിട്ടില്ല. നേരിട്ടുള്ള ഭീഷണികൾ ഒന്നും പുതുതായിട്ടുണ്ടായിട്ടില്ല. പക്ഷെ നാം ഈ കാണുന്നതെല്ലാം മറ്റൊരുതരത്തിൽ ഭീഷണികൾ ആണല്ലോ? സുരക്ഷ പിൻവലിക്കുന്നതും ഒരു മുന്നറിയിപ്പാണ്. ഇല്ലാത്ത കാരണം പറഞ്ഞു എന്റെ വീട് പൊളിച്ചതും മുന്നറിയിപ്പാണ്. വേറെ എന്ത് ഭീഷണികളാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്.

യാതൊരു അറിയിപ്പും കൂടതെ എന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് കൂടി അവർ വ്യക്തമാക്കിയില്ല. ഏത് കേസിലാണ് അറസ്റ്റ് ചെയ്തെന്ന് കൂടി പറയാൻ തയാറായില്ല. എന്താണിത്? എന്നെയോ അഭിഭാഷകരെയോ കാണാൻ അദ്ദേഹത്തെ സമ്മതിക്കുന്നില്ല.എന്താണിത്? ഇതൊന്നും ഭീഷണികളല്ലേ? ഏതെല്ലാം ഭീഷണികളേക്കാൾ മുകളിലാണ് ഇതിൽ കൂടുതൽ എന്താണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്?10. ജാമ്യത്തിനുള്ള ശ്രമം തുടരുകയാണല്ലോ?

തീർച്ചയായതും. ഇത്തവണ ഹൈക്കോടതിയിൽ ആണ് ജാമ്യത്തിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജനുവരി എട്ടിന് കോടതി ജാമ്യാപേക്ഷ പരിഗണിക്കും.

11. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോ നേതാക്കളോ നിങ്ങൾക്ക് സഹായമായോ പിന്തുണയായിട്ടോ വന്നിരുന്നോ? പ്രത്യേകിച്ച് ഒരു തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ മത്സരിച്ച ആളു കൂടിയാണ് നിങ്ങൾ?

തീർച്ചയായും. അവരെപ്പോഴും പിന്തുണയും സഹായവുമായിട്ട് കൂടെ ഉണ്ട്. അവർക്ക് ഞങ്ങളെ വിശ്വാസമുണ്ട്. എല്ലാരും ഏപ്പോഴും കൂടെയുണ്ട്.എല്ലാരും എപ്പോഴും സഹായിക്കാൻ തയാറാണ്. പക്ഷെ ഇതൊരു നിയമപ്രശ്നമായത് കൊണ്ട് നമുക്ക് ഇതിനെ നിയമപരമായിട്ട് വേണം നേരിടാൻ.

12. മുമ്പ് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ മത്സരിച്ച ഒരാൾ എന്ന നിലയിൽ ഒരു ചോദ്യം. ഈ മാസം നടന്ന ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലം കണ്ടിട്ട് എന്താണ് തോന്നുന്നത്? നിങ്ങൾ നടത്തിയ പോരാട്ടങ്ങളുടെ ഫലം ലഭിച്ചതായി തോന്നുണ്ടോ?

വർ 2014ൽ നടത്തിയ വാഗ്ദാനങ്ങളിൽ ഒന്നുപോലും നടപ്പാക്കാൻ അവരെക്കൊണ്ടു സാധിച്ചിട്ടില്ല. ആളുകൾ പ്രതീക്ഷയോടെ ആയിരുന്നു അവരെ അധികാരത്തിൽ എത്തിച്ചത്. പക്ഷെ അതൊന്നും ഫലവത്തായില്ല. ആളുകൾ വളരെ രോഷാകുലരാണ്. അതാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആളുകൾ വളരെ കൃത്യമായി ചിന്തിക്കുന്നവരാണ്. അടിസ്ഥാനമില്ലാത്ത വാഗ്ദാനങ്ങളെ അവർ ഇപ്പോൾ തിരിച്ചറിയുന്നു. അവർ അഞ്ചു വർഷവും തെരഞ്ഞെടുപ്പ് കാലത്തെന്ന പോലെയായിരുന്നു- പ്രചാരണങ്ങൾ മാത്രം. മോദിയും അമിത്ഷായും പ്രചാരണത്തിലായിരുന്നു മുഴുവൻ സമയവും. ഇവർ ജനങ്ങൾക്കായി യാതൊന്നും ചെയ്തു കണ്ടില്ല. 2019ൽ ഇവരുടെ സ്ഥിരം ഉപായങ്ങൾ ഫലവത്താകുമെന്ന് എനിക്ക് തോന്നുന്നില്ല.

13. എന്താണ് ഇനി ഭാവിലേക്കുള്ള പദ്ധതി? ഇനി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?

ഇല്ല. അത്തരത്തിൽ യാതൊരു അജണ്ടയും ഇപ്പോഴില്ല. എന്റെ ഭർത്താവിനെ പുറത്തിറക്കുക. അതാണ് നിലവിൽ എന്റെ മനസിലുള്ള ഏക അജണ്ടയും ലക്ഷ്യവും.

Read More >>