സ്ത്രീകൾ പ്രവേശിച്ചാൽ പിന്നാലെ ഞങ്ങളും ശ്രീകോവിൽ കയറും; അത് ഭയക്കുന്ന സവർണരുടെ സമരത്തിൽ ഞാനില്ല: സുധികുമാർ ശാന്തി

പണ്ട് ക്ഷേത്രത്തിൽ കയറിയാൽ കണ്ണ് പൊട്ടിപ്പോകും എന്നായിരുന്നു. അമ്പലത്തിൽ കയറി ഭഗവാനെ കണ്ടിട്ട് ഞങ്ങളുടെ ആരുടേയും കണ്ണു പൊട്ടി പോയില്ല. വേദം കേട്ടിട്ട് ഞങ്ങളുടെ ആരുടേയും ചെവി പൊട്ടി പോയില്ല. ഇതുപോലെയാണ് ആചാരങ്ങൾ മാറുന്നത്- ചെട്ടികുളങ്ങരയിലെ ഈഴവ ശാന്തി

സ്ത്രീകൾ പ്രവേശിച്ചാൽ പിന്നാലെ ഞങ്ങളും ശ്രീകോവിൽ കയറും; അത് ഭയക്കുന്ന സവർണരുടെ സമരത്തിൽ ഞാനില്ല: സുധികുമാർ ശാന്തി

ശബരിമല വിധിയുമായി ബന്ധപ്പെട്ട് സമരങ്ങൾ നടക്കുന്നുണ്ട്. എന്താണ് ശബരിമലയിലെ യഥാർത്ഥ വിഷയം?

ശബരിമലയിലെ വിഷയം എന്നു പറയുന്നത്, ബ്രാഹ്മണനായ ഒരാൾക്കു മാത്രമേ അവിടെ പൂജാരിയാകാൻ കഴിയൂ എന്നതാണ്. അബ്രാഹ്മണനായ ഒരു ശാന്തിക്കാരൻ ശബരിമലയിലെ മേൽശാന്തിയാകുന്നതിനു വേണ്ടി ഹൈക്കോടതിയിൽ ഒരു ഒ.പി ഫയൽ ചെയ്തു. ഒ.പി ഫയൽ ചെയ്തപ്പോൾ കോടതി ചോദിച്ചത് ഇങ്ങനെയുള്ളവരെ എടുക്കാമോ എന്നാണ്. ആരെ വേണമെങ്കിലും, പഠനമുള്ള ആരെയും, എടുക്കുന്നതിന് കോടതിക്കിപ്പൊ എന്താ?

ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ രഞ്ജൻ ഗോഗോയ് ആണ് പൂജയുമായി ബന്ധപ്പെട്ട് പണ്ട് വിധിയിറക്കിയത്. ആ വിധിയാണ് ഇന്നും നിലനിൽക്കുന്നത്. ആ വിധിയുടെ അടിസ്ഥാനത്തിലാണ് ഞങ്ങളെപ്പോലുള്ളവർ ജോലി ചെയ്യുന്നത്.

കേരളമല്ലാതെ വേറെതെങ്കിലും ഒരു സ്ഥലത്ത് നോക്കൂ. ഞാൻ ഈഴവ സമുദായക്കാരനാണ്. ഒരു പിന്നാക്ക സമുദായമാണ് ഈഴവർ. പിന്നാക്കക്കാർ മുതൽ പട്ടികജാതിക്കാർ വരെയുള്ള നമ്മുടെ കൂട്ടത്തിലുള്ള ശാന്തിക്കാർ കേരളം വിട്ട് വേറെ ഏതെങ്കിലും ഒരു സ്ഥലത്ത്, ബിജെപി എത്ര സംസ്ഥാനം ഭരിച്ചിരിക്കുന്നു, അവരെ മാത്രം കണക്ട് ചെയ്ത് പറയാം- ഒരിടത്ത് ഒരു ശാന്തിക്കാരനായിട്ട് ഇവർ വയ്ക്കുമോ? പട്ടികജാതിക്കാരനേയും പിന്നാക്കക്കാരനേയും പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്ന സ്ഥലത്താണ് ഇവിടെ ഈ സർക്കാർ എസ്‌സിക്കാരെയും പിന്നാക്കക്കാരേയും ദേവസ്വം ബോർഡിൽ നിയമിച്ചത്. അത്തരം നിയമനം സംഭവിച്ചതിൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്.

ദേവസ്വം ബോർഡിൽ ജോലി ചെയ്യുന്ന, പതിനാലു വർഷം എക്സ്പീരിയൻസ് ഉള്ള ശാന്തിക്കാരനായ താങ്കളെ ശബരിമല മേൽശാന്തി നിയമനത്തിന് പരിഗണിക്കേണ്ട സമയമായില്ലേ?

അതെ, പരിഗണിക്കേണ്ട സമയമായി. ശബരിമല പോട്ടെ, ഇവിടുത്തെ ചെറിയ അമ്പലങ്ങളിൽ പോലും മേൽശാന്തിയായിട്ട് നമ്മളെ പരിഗണിക്കുന്നില്ലല്ലോ. പിന്നെയാണ് ശബരിമല പോലുള്ള ക്ഷേത്രങ്ങൾ.

ദേവസ്വം ബോർഡിൽ എത്ര ഈഴവ ശാന്തിമാർ പൂജ ചെയ്യുന്നുണ്ട്?

ഇപ്പോൾ ഏതാണ്ട് നൂറ്റമ്പതോളം ഈഴവർ ആയിട്ടുണ്ട്. പക്ഷേ ചെട്ടികുളങ്ങര പോലുള്ള വലിയ ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്ന മറ്റാരും ഇല്ല.

ശബരിമലയിൽ മേൽശാന്തിമാരാകാൻ യോഗ്യരായ ബ്രാഹ്മണേതരരായ എത്ര ശാന്തിമാരുണ്ടാകും?

നിലവിൽ കാരുമാത്ര വിജയൻ തന്ത്രികളെപ്പോലെയുള്ള പറവൂർ രാകേഷ് ചേട്ടനടക്കം വളരെ പ്രശസ്തരായ ജ്ഞാനികളായവർ ഉണ്ട്. അവരെയൊക്കെ പരിഗണിക്കേണ്ടതല്ലേ?

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ സവർണർ നയിക്കുന്ന സമരത്തിൽ ഈഴവരടക്കമുള്ള പിന്നാക്കക്കാരുണ്ട്?

സമരം എന്നു പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു കാര്യമാണ്. സുപ്രീം കോടതിയുടെ വിധിയാണിത്. വിധി ഇറങ്ങിയ സമയത്ത് ഒരു മനുഷ്യൻ പോലും വിധിക്കെതിരെ അപ്പീൽ കൊടുക്കാൻ തയ്യാറായില്ല. വിധിയെ ആരും ചോദ്യം ചെയ്തില്ല. ആരും എതിർത്തുമില്ല, സ്വീകരിക്കുകയാണ് ചെയ്തത്. ആർ‌എസ്‌എസ് കൊടുക്കുന്നില്ല എന്നു തന്നെയാണ് പറഞ്ഞത്. എ‌ഐസിസി നേതൃത്വം പറഞ്ഞത് സ്ത്രീകൾ കയറുന്നത് അംഗീകരിക്കുന്നു എന്നാണ്.

എന്നിട്ട് വിധി വന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സമരവുമായി രംഗത്തിറങ്ങി. ഞങ്ങളെപ്പോലുള്ള പിന്നാക്കക്കാരെ സംരക്ഷിക്കുന്നതിൽ ഈ ഗവണ്മെന്റ് നിന്നതിന്റെ ഭാഗമായി ഇതിനെ ചവുട്ടി തേയ്ക്കുക എന്നത് മാത്രമേയുള്ളു ഇതിലെ ലക്ഷ്യം.

സവർണരുടെ ലക്ഷ്യം പങ്കെടുക്കുന്ന ഈഴവർക്കറിയില്ലേ?

അത് ആളുകൾ മനസിലാക്കുന്നില്ലല്ലോ. പണ്ട് ക്ഷേത്രത്തിൽ കയറിയാൽ കണ്ണ് പൊട്ടിപ്പോകും എന്നായിരുന്നു. വേദം കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുന്ന ഭാഗത്ത് നിന്ന്, വേദം കേട്ടിട്ട് ഞങ്ങളുടെ ആരുടേയും ചെവി പൊട്ടി പോയില്ല. അമ്പലത്തിൽ കയറി ഭഗവാനെ കണ്ടിട്ട് ഞങ്ങളുടെ ആരുടേയും കണ്ണു പൊട്ടി പോയില്ല. ശ്രീനാരായണ ഗുരു പറഞ്ഞപ്പൊഴാണ് പൊട്ടി പോകില്ല എന്ന് ആൾക്കാർക്ക് മനസിലായത്. അതിനു മുമ്പ് വരെ പോകുമായിരുന്നോ? എന്നു പറയുന്നതു പോലെയാണ് ഇതും.

ശബരിമലയിലെ ആചാരങ്ങളൊന്നും മാറ്റാനേ പറ്റില്ല എന്നാണ് ഇവർ പറയുന്നത്. എന്താണ് അതിനെപ്പറ്റി പറയുവാനുള്ളത്?

ദേശകാലാന്തരാടിസ്ഥാനത്തിൽ പൂജാക്രമങ്ങൾക്ക് തന്നെ മാറ്റം വരുത്താം എന്നുണ്ട്. ഉദാഹരണത്തിന് അയ്യപ്പന്റെ അമ്പലം കേരളത്തിലുണ്ട്, തമിഴ്നാട്ടിലുണ്ട്, ആന്ധ്രയിലുണ്ട്, ജമ്മുവിൽ വരെയുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലുമുണ്ട്. നാലുമണിക്കോ അഞ്ചു മണിക്കോ വലിയ തണുപ്പുള്ള യൂറോപ്യൻ രാജ്യങ്ങളിൽ അമ്പലം തുറക്കാൻ പറ്റുമോ? ജമ്മുവിൽ പറ്റുമോ? ദേശകാലാന്തരത്തിൽ അങ്ങിനെയൊക്കെയാണ് മാറ്റം വരുന്നത്.

ശബരിമല അയ്യപ്പക്ഷേത്രത്തിൽ മാത്രം നൈഷ്ഠിക ബ്രഹ്മചര്യം എന്നുപറയുകയും മറ്റുള്ള അയ്യപ്പക്ഷേത്രങ്ങളിൽ അതാവശ്യമില്ലെന്നും പറയുന്നുണ്ടല്ലോ. അതിനെപ്പറ്റി?

ശബരിമല ധർമശാസ്താവേ എന്നായിരുന്നു നമ്മൾ വിളിക്കുന്നത്. അയ്യപ്പൻ ആണ് ബ്രഹ്മചാരിയായിട്ടുള്ളത്. ശാസ്താവിന് പൂർണ, പുഷ്കല എന്നു പറയുന്ന രണ്ട് ഭാര്യമാരാണുള്ളത്. ഇതൊക്കെ പറയുന്നതിൽ പോലും എന്ത് പ്രസക്തി. അവിടുത്തെ മുൻ മേൽശാന്തിയുടെ കുട്ടി പത്തുവയസു കഴിഞ്ഞിട്ടും ശബരിമലയ്ക്ക് ചെന്നില്ലേ. ശബരിമലയിലെ മുൻ മേൽശാന്തി പ്രായപൂർത്തിയായ സ്വന്തം മകളെ സന്നിധാനത്ത് കയറ്റി. ആരാണ് ഇതൊക്കെ തെറ്റിച്ചത്? സവർണരല്ലേ? ഏതെങ്കിലും ഈഴവനാണോ? ഞങ്ങളേപ്പോലുള്ള പിന്നാക്കക്കാരല്ലല്ലോ?

മാളികപ്പുറത്തമ്മ ചീരപ്പൻ ചിറയിൽ നിന്നുള്ള ഈഴവസ്ത്രീയാണ്.

അതെ.

മാളികപ്പുറത്തമ്മയേപ്പോലെ അയ്യപ്പനെ അത്രയേറെ പ്രണയിക്കുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ഒരാളുണ്ടായിട്ടും തകർക്കാൻ ആവാത്ത ബ്രഹ്മചര്യം സ്ത്രീകൾ ചെന്നാൽ തകരും എന്നു പറയുന്നതിന്റെ ലോജിക് എന്താണ്?

അങ്ങിനെ ഒരു സ്ത്രീയെ കണ്ടാൽ തകരുന്നതൊന്നുമല്ല ഈ ബ്രഹ്മചര്യം. മേൽശാന്തിയുടെ മകൾ അവിടെ ചെന്നല്ലോ.

ശാസ്താവിന് രണ്ടു ഭാര്യമാർ എന്നുള്ളത് അവിടുത്തെ പൂജകളിലോ മന്ത്രങ്ങളിലോ ഉണ്ടോ?

ഉണ്ട്. പൂർണ പുഷ്കല എന്നു പറയുന്ന രണ്ടു ഭാര്യമാരുടെ കാര്യം പറയുന്നുണ്ട്.

മറ്റ് അയ്യപ്പക്ഷേത്രങ്ങളിലും ശാസ്തൃക്ഷേത്രങ്ങളിലും അവരുടെ ചിത്രമൊക്കെ ഉണ്ടോ?

ഉണ്ട്. അയ്യപ്പന്റെ ഇടത്തും വലത്തും ഇരിക്കുന്ന ചിത്രങ്ങളുണ്ട്. ശബരിമലയിൽ മാത്രമേ അതില്ലാതുള്ളൂ. പലയിടങ്ങളിലും വിഗ്രഹത്തിന്റെ കൂടെ തന്നെ ഉണ്ട്. ആര്യങ്കാവ്, അച്ചൻ കോവിൽ ക്ഷേത്രങ്ങളുണ്ടല്ലോ. അതിൽ ആര്യങ്കാവിൽ ബാലകനായിട്ടാണ് മൂർത്തി. അച്ചൻ കോവിലിൽ ഭാര്യാസമേതനാണ്.

ശബരിമല ക്ഷേത്രത്തിന് പുനർനാമകരണം നടത്തിയല്ലോ. അതെന്താണ്?

ശബരിമല ധർമ ശാസ്താ ക്ഷേത്രം എന്നതിനെ അയ്യപ്പക്ഷേത്രം എന്ന് പുനർനാമകരണം, നടത്തിയത് ഈ കേസിനെ മുന്നിൽ കണ്ടാണ്. അയ്യപ്പൻ എന്നത് നൈഷ്ഠിക ബ്രഹ്മചാരിയാണ്, ആ ക്ഷേത്രമാണിത് എന്ന വാദം ഉയർത്താൻ വേണ്ടിയാണ് അത്.

അവിടെ നടത്തുന്ന പൂജ ധർമ ശാസ്താവിനാണോ അയ്യപ്പനാണോ?

കറക്റ്റ് ശാസ്താവിന്റെ പൂജയാണ്. അയ്യപ്പൻ എന്നു പരയുന്നത് ഒരു ഭാവമാണ്. ധർമ ശാസ്താവിന്റെ പൂജയാണ്. ശാസ്താവിന്റെ ധ്യാനമാണ്. യാതൊരു മാറ്റവുമില്ല.

ശബരിമലയിൽ മേൽശാന്തിയായി താങ്കൾ പോകുന്ന ഘട്ടം വന്നാൽ ധർമശാസ്താവിനെയാ‍ണോ അയ്യപ്പനെയാണൊ പൂജിക്കുക?

ശബരിമല ധർമശാസ്താവിനെയാണ് പൂജിക്കുക.

ഇപ്പോൾ സമരത്തിന് പോകുന്നവർക്ക് ഇതിനെക്കുറിച്ച് അറിയില്ലേ?

ഇപ്പോൾ വാട്സാപ്പിലൂടെ അടിസ്ഥാനമില്ലാത്ത ഓരോ മെസേജുകൾ പ്രചരിപ്പിച്ച് കോളിളക്കം സൃഷ്ടിക്കാനും വലിയ വിഷയം ഉണ്ടാക്കാനും ചിലർ ശ്രമിക്കുകയാണ്. അതിൽ പെട്ട് ഈഴവരും പുലയരും നായരുമൊക്കെ പോവുന്നതാണ്. അറിവുള്ളവർ, നയിക്കുന്നവർ ഇവർക്ക് കാര്യം പറഞ്ഞു കൊടുക്കേണ്ടതാണ്. ഭൂരിപക്ഷം സമുദായ നേതാക്കളും ഒരു പ്രസ്താവന പോലും ഇറക്കിയില്ലല്ലോ. ഈ വിധി വന്നപ്പോൽ ചെറിയൊരു പ്രസ്താവന ഇറക്കിയതല്ലാതെ. ഹിന്ദുക്കളെ ഒരു കലാപഭൂമിയാക്കി മാറ്റാനുൾല ശ്രമമാണ് നടക്കുന്നത്. നാട്ടിൽ തന്നെ തമ്മിൽ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകും.

സവർണ ബ്രാഹ്മണാധിപത്യത്തെ ഉറപ്പിക്കാനുള്ള സമരമായിട്ടാണ് അവരിതിനെ കൊണ്ടുപോകുന്നത് എന്നതിൽ യാതൊരു തർക്കവുമില്ല.

ശബരിമല വിധി വന്ന സമയത്ത്, തങ്ങൾക്കും അവിടെ കയറാനുള്ള സമയമടുത്തു എന്ന തോന്നൽ അബ്രാഹ്മണരായ പൂജാരിമാരായ നിങ്ങളെപ്പോലുള്ളവർക്ക് തോന്നിയില്ലേ

തോന്നി. പൂജാ കാര്യം ചർച്ചയിൽ വന്ന സമയത്ത് ഇതിനു വേണ്ടി ആരും സംസാരിച്ചില്ലല്ലോ. അബ്രാഹ്മണരായവർ വേണ്ട എന്നാണ് പലരും പറഞ്ഞത്. ഇതുപോലൊരു വിധി വരുമ്പോൾ ഞങ്ങളേപ്പോലുള്ളവർക്കും അവിടെ ചെല്ലാനുള്ള ഒരു കാലം വരും എന്ന തോന്നലാണ് ഉണ്ടാകുന്നത്.

ഈ സമരം വിജയിക്കുകയും, ശബരിമലയിൽ സ്ത്രീപ്രവേശനം സാധിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ഘട്ടമുണ്ടായാൽ, ഒരു കാലത്തും അവിടെയൊരു ഈഴവ- പിന്നാക്ക ശാന്തി ഉണ്ടാകാതിരിക്കും എന്നതാണ് കാര്യം.

അതെ. അത് കൃത്യമാണ്. ഈഴവരോ പിന്നാക്കക്കാരോ ആരും വരില്ല. ബ്രാഹ്മണരുടെ അവസ്ഥ മാത്രമേ ഉണ്ടാകൂ.

2006ൽ അബ്രാഹ്മണരായ ശാന്തിക്കാരെ നിയമിച്ചപ്പോൾ അബ്രാഹ്മണരായവരെ പിരിച്ചു വിടണം എന്ന് എൻ‌എസ്‌എസിന്റെ ജനറൽ സെക്രട്ടറി വലിയ കോളിളക്കമുണ്ടാക്കി. നാരായണ പണിക്കരാണ് അന്ന് ജനറൽ സെക്രട്ടറി. എസ്‌എൻ‌ഡിപി പോലെ പ്രബലമായ ഒരു സംഘടന ഉള്ളതുകൊണ്ട് അത് വിലപ്പോയില്ല.

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ശാന്തി കഴിക്കുന്നത് ഈഴവരാണ്. പറവൂരിൽ യദുകൃഷ്ണനെ പഠിപ്പിച്ചത് ശ്രീനാരായണ ഗുരുകുലമാണ്. യദുകൃഷ്ണൻ പുലയസമുദായത്തിൽ പെട്ട ആളാണ്. അദ്ദേഹത്തിന്റെ കൂടെ രണ്ടോ മൂന്നോ പേർ തണ്ടാർ സമുദായത്തിൽ പെട്ടവരുമൊക്കെ ഉണ്ടായിരുന്നു. എല്ലാവരേയും അവിടെ പഠിപ്പിക്കുന്നുണ്ട്. ശ്രീ നാരായണഗുരുവിനെ പിന്തുടരുന്നവരെല്ലാം എല്ലാവരേയും പഠിപ്പിക്കുന്നുണ്ട്. ജാതി നോക്കാറേയില്ല. തന്ത്ര ശാസ്ത്രത്തിലും ജാതിയൊന്നുമില്ല.

മുന്നാക്ക സമുദായങ്ങളിൽ ഗുരുസ്വാമിമാർ ഉണ്ടോ?

മുന്നാക്ക സമുദായങ്ങളിൽ ഉണ്ട്. പക്ഷേ കൂടുതലും എസ്‌സി അടക്കമുള്ള പിന്നാക്കക്കാരിലാണ്. കാരണം ഭക്തി കൂടുതൽ പിന്നാക്കക്കാർക്കാണല്ലോ. മുന്നാക്കക്കാർ ഭക്തരല്ല, അവരിതൊക്കെ നോക്കി നടത്തുന്ന വലിയ ആളുകളാണെന്നാണ് അവരുടെയൊരു ധാരണ.

ശബരിമല വിശ്വാസികളിൽ ഭൂരിപക്ഷം ഈഴവാദി പിന്നാക്കക്കാരല്ലേ?

അതെ. അയ്യപ്പൻ ശരിക്ക് കളരി പഠിച്ചത് ചീരപ്പൻ ചിറ എന്ന ഈഴവ കുടുംബത്തിൽ നിന്നാണ്. ശബരിമല ശാസ്താവിന് ചീരപ്പൻ ചിറ കുടുംബവുമായി അഭേദ്യമായ ബന്ധമുണ്ട്. അവർക്കായിരുന്നു അവിടുത്തെ വെടിവയ്പ് അവകാശം. അവരെയൊക്കെ അവിടെനിന്ന് തൂത്തെറിഞ്ഞില്ലേ ഇവർ. സവർണരുടെ കുബുദ്ധിയല്ലേ അത്.

ഈ ജാതി വിവേചനം നേരിട്ട് അനുഭവിച്ച ആളാണ് താങ്കൾ. ഇപ്പോൾ അത്തരം പ്രശ്നങ്ങളുണ്ടോ?

ഞാൻ പൂജാരിയായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങരയിൽ ഈ കഴിഞ്ഞ ആഴ്ച പോലും, ക്ഷേത്രത്തിലെ ഹിന്ദു മത കൺ‌വെൻഷന്റെ സെക്രട്ടറി, മാവേലിക്കര നഗരസഭയിലെ ബിജെപിയുടെ കൌൺസിലറാണ് രാഗേഷ്. ആർ‌എസ്‌എസുകാരനാണ് അവിടുത്തെ സ്വാമി എന്നു പറയുന്ന രാജീവ്, രണ്ടു പേരും ചേർന്ന് ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർക്ക് ഒരു പരാതി കൊടുത്തു. ശാന്തിക്കാരനായ എന്നെ മാറ്റണം എന്നു പറഞ്ഞ്. ഒരു പിന്നാക്കക്കാരൻ അവിടെ നിൽക്കുന്നത് അവർക്ക് സഹിക്കുന്നില്ല.

മീനാം‌പിള്ളി എന്നു പറയുന്ന ഒരു സ്ഥലത്ത് ഞാൻ ജീവത പിടിച്ചു വാങ്ങി എഴുന്നള്ളിച്ചു എന്നാണ് അവർ പരാതിയിൽ പറയുന്ന ന്യായം. പറയ്ക്ക് ഉള്ള ദിവസം ഭഗവതിയെ എഴുന്നള്ളിച്ചുകൊണ്ടു പോകുന്നത് ശാന്തിക്കാരനായ എന്റെ ഡ്യൂട്ടിയല്ലേ? അവിടെയുള്ള സവർണരായ പുരോഹിതരോട് ഇവർ പറഞ്ഞു, നിങ്ങളുടെ പോലെ അവനെയൊക്കെ അതിൽ കൂട്ടരുത് എന്ന്. ആ ജീവത നോക്കേണ്ടതും, അതിൽ വരുന്ന ലക്ഷക്കണക്കിന് രൂപയുടെ സ്വർണത്തിന്റേയും ഉത്തരവാദിത്വം ശാന്തിക്കാരനായ എനിക്കാണ്.

ഇതുപോലെ അവിടുത്തെ ഓരോ കാര്യത്തിലും എന്നെ മാറ്റി നിർത്തി. അവിടുത്തെ ഗുരുതിക്ക് എന്നെ മാറ്റി നിർത്തിയിരിക്കുകയാണ്, അവിടെ കീഴ്ശാന്തിയായ എനിക്ക് ശ്രീകോവിലിനകത്ത് നേദ്യം എനിക്ക് കൊണ്ട് കയറാൻ പറ്റില്ല, അങ്ങിനെ എത്രയോ കാര്യങ്ങളിൽ. ഇപ്പോഴും നടക്കുന്ന കാര്യമാണിത്. ചെട്ടികുളങ്ങരയിൽ ഞാൻ ശാന്തിക്കാരനായിരിക്കുന്ന സ്ഥലത്ത് നേരിട്ട് അനുഭവിക്കുന്ന വേദനകളാണിത്.

ശ്രീകോവിലിനകത്ത് ഇപ്പൊഴും എന്നെ പ്രവേശിപ്പിക്കുന്നില്ല. കീഴ്ശാന്തി എന്ന നിലയിൽ നേദ്യം കൊണ്ട് അതിനകത്ത് കയറാൻ പോലും പറ്റുന്നില്ല. അവിടുത്തെ ഹിന്ദു മത കൺ‌വെൻഷൻ- ഒരംഗീകാരവും ഇല്ലാത്ത ഒന്നാണ്. ക്ഷേത്രത്തിൽ നിന്ന് ഒഴിവാക്കണം എന്ന് ഹൈക്കോടതി പറഞ്ഞതാണ്, ഒഴിവാക്കിയിട്ടില്ല. ഇവരാണ് എന്നെ പുറത്താക്കാൻ നടക്കുന്നതും, എനിക്കെതിരെ പ്രവർത്തിക്കുന്നതും. എന്നോട് കാണിക്കുന്നത് അയിത്തമാണ്. കാരണം മറ്റുള്ളവരോട് ആരോടുമില്ല ഈ പ്രശ്നം. അവർ തന്നെയാണ് ഇവിടെ ശബരിമല വിധിക്കെതിരെ സമരം ചെയ്യുന്നത്.

ഈ വിവേചനത്തിനെതിരെ കോടതിയിൽ പോയില്ലേ?

ഒരു പ്രശ്നത്തിന് പോകണ്ട എന്നാണ് എന്നോട് എല്ലാവരും പറയുന്നത്. ഞാൻ സത്യത്തിൽ അവിടെ ഒതുങ്ങി ജീവിക്കുകയാണ്.

പൂജാദി കർമങ്ങളിലൊക്കെ അയിത്തം ഇന്നും നിൽക്കുകയാണെന്നല്ലേ?

അതെ. ഒരു സംശയവുമില്ല. കൃത്യമായി നിലനിൽക്കുന്നുണ്ട്. എന്റെ കയ്യിൽ അതിനുള്ള തെളിവുകളുമുണ്ട്. ആ തെളിവ് ഹാജരാക്കി തെളിയിക്കാനാവും അത്.

എസ്‌എൻ‌ഡിപി സഹായിക്കേണ്ടതല്ലേ?

എന്നെ എന്നും സഹായിക്കുന്നുണ്ട് അവർ. എസ്‌എൻ‌ഡിപി മാത്രമല്ല, കെ‌പി‌എം‌എസും ഒരുപാട് സഹായിച്ചിട്ടുണ്ട്. ആരാധ്യനായ ശ്രീ. പുന്നല ശ്രീകുമാർ ചേട്ടൻ എനിക്കു വേണ്ടി മുഖ്യമന്ത്രിയെ കാണാൻ പല തവണ പോയ ആളാണ്.

താങ്കൾക്ക് ക്ഷേത്രത്തിനകത്ത് വലിയൊരു ജാതീയമായ അസമത്വം നേരിടുന്നു. അതുപോലും പരിഹരിക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ്?

നിരവധി തവണ ഞാൻ പരാതി കൊടുത്തിട്ടും ആ പരാതിയൊക്കെ ദേവസ്വം കമ്മീഷണറുടെ അടുത്ത് വരെ ചെല്ലുമ്പോൾ തിരിച്ചിത് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെ അടുക്കലേക്ക് വരും. എന്റെ മാനേജർ കൊടുത്ത റിപ്പോർട്ട് പോലും അവർ പൂഴ്ത്തി വച്ചിരിക്കുകയാണ്. ഇവിടുന്ന് മേലോട്ട് അയക്കേണ്ടവരൊക്കെ ഈ റിപ്പോർട്ട് പൂഴ്ത്തി വയ്ക്കും. മുകളിലേക്കയക്കില്ല. അവിടുന്നിങ്ങോട്ട് വിശദീകരണം ചോദിച്ചാലും പൂഴ്ത്തി വയ്ക്കും. അതിന്റെയൊക്കെ വിവരാവകാശ രേഖ ഞാൻ എടുത്തു വച്ചിട്ടുണ്ട്.

പിന്നാക്ക ശാന്തിമാരെ നിയമിച്ച സർക്കാരിന്റെ ഭാഗം തന്നെയായ, സിപിഐഎം നേതാവായ എ പദ്മകുമാറാണ് ദേവസ്വം പ്രസിഡന്റ്. അദ്ദേഹത്തിനു പരിഹരിക്കാനാവില്ലേ ഈ പ്രശ്നം?

അദ്ദേഹത്തിന് സാധിക്കും. അദ്ദേഹത്തിന്റെ അടുത്ത് നേരിട്ട് പോകാൻ ഇരിക്കുകയാണ്. ഞാനിപ്പോൾ മന്ത്രിക്ക് പരാതി നൽകാൻ ഇരിക്കുകയാണ്. അതിനു വേണ്ടി വിവരാവകാശ നിയമപ്രകാരം എടുത്ത രേഖകളടക്കം എടുത്തു വച്ചിട്ടുണ്ട്.

പൂജാരിയായ കാലത്ത്, ദേവസ്വത്തിന്റെ ക്ഷേത്രങ്ങളിലൊക്കെ കയറാൻ പറ്റുമെന്ന തോന്നൽ ഉണ്ടായിരുന്നോ?

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കയറണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ചെട്ടികുളങ്ങര അമ്പലത്തിൽ പൂജിക്കുക എന്നത്. ഞാൻ ഓണാട്ടുകരക്കാരനാണ്. കുട്ടിക്കാലം മുതലേ ആരാധിക്കുന്ന ദേവതയാണിത്. ഇന്നും ഞാൻ മാത്രമേയുള്ളൂ അവിടെ നിത്യമായി തൊഴുന്ന ഒരു ശാന്തിക്കാരനായിട്ടുള്ളത്.

എസ്‌എൻഡിപി പോലുള്ള ശക്തമായ ഒരു പ്രസ്ഥാനം ഇവിടെയുണ്ട്. ബ്രാഹ്മണാധിപത്യം അതിനും മുകളിലാണെന്നാണോ കരുതുന്നത്?

അതെ. കാരണം ഈ സവർണരായ ഈ ആൾക്കാർക്ക് അത്ര മാത്രം ശക്തിയും സ്വാധീനവുമുണ്ട്. അവരുടെ കൂട്ടായ്മ വലുതാണ്. അവർ നേരിട്ട് ഒരു കാര്യവും ചെയ്യില്ല. ഒരു പ്രശ്നമുണ്ടാകുന്ന സമയത്ത് അവർ ആരെയെങ്കിലും വിളിച്ച് പറയുന്നതു തന്നെ ഒരു കാരണവശാലും അവരെ കയറ്റരുത്, അവർ പിന്നാക്കക്കാർ ഒന്നാകും എന്നാണ്.