എന്തുകൊണ്ടാണ് ശബരിമലയിൽ മലയരയന്മാരുടെ അവകാശം നഷ്ടപ്പെട്ടത്?: രാഹുൽ ഈശ്വർ

ശബരിമലയിൽ മേൾശാന്തി നിയമനത്തിന് അബ്രാഹ്മണരെ പരിഗണിക്കണം എന്ന് നൂറു ശതമാനം യോജിക്കുന്ന ആളാണ് ഞാൻ. മലയാള ബ്രാഹ്മണ സമൂഹത്തിൽ നിന്നു മാത്രമേ എടുക്കാൻ കഴിയൂ എന്നതാണ് തമാശ- രാഹുൽ ഈശ്വറുമായി നാരദ ന്യൂസ് അഭിമുഖം

എന്തുകൊണ്ടാണ് ശബരിമലയിൽ മലയരയന്മാരുടെ അവകാശം നഷ്ടപ്പെട്ടത്?: രാഹുൽ ഈശ്വർ

ശബരിമലയില്‍ ഇപ്പോഴും മേൽശാന്തി നിയമനത്തിന് അബ്രാഹ്മണരെ പരിഗണിക്കുന്നില്ലോ?

അങ്ങനെ പരിഗണിക്കണം എന്ന് 100% യോജിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ, തമാശകരമായ ഒരു കാര്യമുണ്ട്- 'മലയാള' ബ്രാഹ്മണ സമൂഹത്തിൽ നിന്ന് മാത്രമേ അങ്ങനെ എടുക്കാന്‍ കഴിയൂ എന്നാണ് കൊടുത്തിരിക്കുന്നത്.

ഇതിൽ രാഹുലിന്‍റെ നിലപാട് എന്താണ്?

താത്വികമായി അതിനോട് എനിക്ക് എതിർപ്പ് ഒന്നുമില്ല പക്ഷെ ഉണ്ടാകുന്നവരും ഉണ്ട്. ഇതില്‍ രണ്ടു കാര്യങ്ങൾ ഉണ്ട്- നമ്മുടെ പ്രിൻസിപ്പൽ അനുസരിച്ച് 'ജനനാല്‍ ജായതെ മര്‍ത്യെ, കര്‍മ്മണാ ജായതേ .........." എന്നാണ്. അതായത് കർമ്മം കൊണ്ട് ഒരാളെ അംഗീകരിക്കുന്നു എന്നാണ്. മൂന്നുവർഷങ്ങള്‍ക്ക് മുമ്പ് ഞാൻ ഇത്തരത്തിൽ ഒരു കാര്യത്തിനു വേണ്ടിയുള്ള നീക്കം നടത്തിയിരുന്നു. പക്ഷേ അത് കുറേ സ്ട്രക്ചറല്‍ കാര്യങ്ങൾ പെട്ടു പോയിരിക്കുകയാണ്.

അതിനകത്ത് ഏറ്റവും വലിയ ചലഞ്ച് ജാതിയെക്കാള്‍ ഉപരി ദേവസ്വം ബോർഡിൻറെ അംഗീകൃത അമ്പലങ്ങളിൽ സേവിച്ച 10 വർഷം എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം എന്നുള്ളതാണ്.

മുൻപ് പറവൂര്‍ ശ്രീധരന്‍ നമ്പൂതിരിയുടെ മകന്റെ കാര്യവുമായി ബന്ധപ്പെട്ട് ഒരു കോടതിവിധി വന്നപ്പോള്‍ ഏതു ക്ഷേത്രത്തിലും ഏതു ഹിന്ദുവിനും പൂജാരിമാരാകാം എന്ന് വിധിയിൽ പറയുന്നുണ്ടല്ലോ

അതേ അങ്ങനെയാണ്... വിശാലമായി നമ്മളെല്ലാം അതിനെ മാനസികമായി അംഗീകരിക്കുന്നവരും ആണ്.

വ്യക്തമാക്കാം- അങ്ങനെ ഒരാൾ വരണമെന്ന് പറയുന്നവരുടെ പക്ഷത്ത് രാഹുൽ ഉണ്ടോ?

ഉണ്ടെന്ന് മാത്രമല്ല ഇതിനുവേണ്ടിയുള്ള നീക്കങ്ങൾ വർഷങ്ങൾക്കുമുമ്പ് ശ്രമിച്ചിട്ടുള്ള ആളാണ് ഞാൻ. അതിനായി പത്രസമ്മേളനം വിളിച്ച് പത്ത് വർഷം എക്സ്പീരിയൻസ് ഉള്ള നായർ സമുദായത്തിൽ നിന്നും ഒരാളെയും ഈഴവ സമുദായത്തിൽ നിന്നുള്ള ഒരാളെയും അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതിന് എൻറെ വീട്ടിൽ നിന്നടക്കം നല്ല എതിർപ്പുകളും ഉണ്ടായിരുന്നു

ഇപ്പോൾ ശബരിമല വിഷയത്തിൽ നടക്കുന്ന സമരം ഇടതുപക്ഷ സർക്കാരിനെതിരെയുള്ള സമരമായി മാറ്റില്ല എന്ന് രാഹുല്‍ പറഞ്ഞിരുന്നു...

ഒരിക്കലുമില്ല! ഇത് ഒരിക്കലും ഇടതുപക്ഷ സർക്കാരിന് എതിരായ ഒരു സമരമായി മാറുകയില്ല.

ഇടതു സർക്കാർ പറയുന്നത് ബിജെപി ഭരിക്കുന്ന കേന്ദ്രമാണ് ഇതിനെതിരെ ഒരു ഓർഡിനൻസ് കൊണ്ടുവരേണ്ടത് എന്നാണ്. ഈ വിഷയത്തിൽ രാഹുൽ മൗനത്തിൽ ആണല്ലോ

അങ്ങനെയല്ല 2 സർക്കാറിനും ഒരുമിച്ച് മാത്രമേ ഇങ്ങനെ ഒരു ഓർഡിനൻസ് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഞങ്ങൾ ഉദ്ദേശിക്കുന്നത് ജെല്ലിക്കെട്ട് മാതൃകയിലുള്ള ഒരു ഇടപെടലാണ്. ഇടതുപക്ഷവും കേന്ദ്രസർക്കാരിനും സഹകരിച്ച് എങ്കിൽ മാത്രമേ അത്തരത്തിലൊരു ഓർഡിനൻസ് കൊണ്ടുവരാൻ സാധിക്കുന്നുള്ളൂ. തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് വിഷയത്തില്‍ നമ്മൾ കണ്ടു പഠിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ജെല്ലിക്കെട്ടിന് ചില റെഗുലേഷൻസ് വേണമായിരുന്നു എന്നുള്ളതിൽ തർക്കമില്ല പക്ഷെ ടോട്ടലി ബാൻ ചെയ്യുന്നു എന്നുള്ളതായിരുന്നു അവിടുത്തെ പ്രശ്നം. അവിടെയാണ് ചില റെഗുലേഷൻസിനോട് കൂടി ഇത്തരമൊന്ന് നടപ്പിലാക്കുവാനുള്ള അനുവാദം വേണമെന്ന ആവശ്യം ഉണ്ടായത്.

പ്രതീഷ് വിശ്വനാഥനെ പോലെയുള്ള ഒരാളുടെ ഒപ്പം രാഹുൽ സമരമുഖത്ത് ഇറങ്ങുന്ന ദൃശ്യം- എങ്ങനെയാണ് അതിനെ നോക്കി കാണുന്നത്?

ഹിന്ദു പക്ഷത്ത് നിൽക്കുന്ന ഒരുപാടു പേർക്ക് വിവിധ നിലപാടുകള്‍ ഉണ്ട്. അതില്‍ സോഫ്റ്റ് ഹിന്ദു എന്ന് പറയുന്ന ആളുകൾ ഉണ്ട് ഫോംഡ് ഹിന്ദു എന്ന് പറയുന്ന ആളുകൾ ഉണ്ട് തീവ്ര ഹിന്ദുക്കൾ എന്ന് പറയുന്ന ആളുകളുമുണ്ട്. പക്ഷേ ഇപ്പോഴുണ്ടായ ഈ വിധിയിൽ ചിലകാര്യങ്ങൾ ഉണ്ട്. ശബരിമലയിൽ യഥാർത്ഥത്തിൽ പ്രായം നിയന്ത്രണം എന്ന് പറയുന്ന ഒരു വസ്തുത മാത്രമായിരുന്നു ഉണ്ടായിരുന്നതിനെ ഒരു ലിംഗവിവേചനത്തിന്റെ കാര്യമായി പ്രോജക്റ്റ് ചെയ്തു. അതുകൊണ്ടെന്തായി, എല്ലാ പള്ളികളിലും ക്ഷേത്രങ്ങളിലേക്കും ആർക്കും കടന്നു ചെല്ലാം എന്ന് ഒരു വിടവാണ് ഉണ്ടായിരിക്കുന്നത്. ഇത് ഞാന്‍ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞ കാര്യം ഇന്ന് സുബ്രഹ്മണ്യസ്വാമി തന്നെ അത് പരസ്യമായി പറഞ്ഞതില്‍ നിന്നും തെളിഞ്ഞിരിക്കുകയാണ്- ഇതൊരു യൂണിഫോം സിവിൽ കോഡ് കാര്യമാണ് എന്നല്ലേ അദ്ദേഹം പറഞ്ഞത്.

സണ്ണി എം കപിക്കാടും ഗീതാനന്ദനും ഒക്കെ പറയുന്നത് ഇത്തരത്തില്‍ ശബരിമല സംബന്ധമായ ഒരു സമരം നടക്കുന്നത് അവിടെ നിലനിൽക്കുന്ന ഒരു ബ്രാഹ്മണാധിപത്യം പൊളിയും എന്നുള്ളതുകൊണ്ടാണ് എന്നാണ്...

എന്ത് ബ്രാഹ്മണാധിപത്യം ആണെന്നാണ്‌ ഈ പറയുന്നത്? ഏതെങ്കിലും ഒരു ബ്രാഹ്മണനാണ് എങ്കിൽ അത് ബ്രാഹ്മണാധിപത്യം എന്ന് പറയും.സത്യത്തില്‍ ഈ ബ്രാഹ്മണാധിപത്യം കാണുന്നത് ദീപക് മിശ്ര പോലുള്ളവരിലാണ്. ജെല്ലിക്കെട്ട് അജണ്ട എന്താണ് എന്ന് നോക്കൂ- ആദ്യം ഹിന്ദുക്കളുടെ അല്ലെങ്കിൽ തമിഴന്റെ അവിടുന്ന് കാളയെ എടുക്കുക, അപ്പോൾ നോർത്ത് ഇന്ത്യക്കാരൻ അവിടെ പ്രത്യേകിച്ച് യാതൊന്നും നഷ്ടപ്പെടാനില്ല എന്നും ശ്രദ്ധിക്കണം. അടുത്തത്‌ രണ്ടാമത് നമ്മുടെ അമ്പലങ്ങളിൽ നിന്ന് ആനയെ എടുക്കുക എന്നുള്ളത്, മൂന്നാമത് ഒരു കാരണവശാലും മുസ്ലിമുകൾ ഇത് നടത്തരുത് എന്നുള്ളത്.

സുബ്രഹ്മണ്യസ്വാമിയുടെ അജണ്ടയും ഇതുതന്നെയാണ്. ഇവിടെ പട്ടാളത്തെ വിളിച്ച കേറ്റണം എന്നാണ് പറഞ്ഞത്. ജെല്ലിക്കെട്ട് വിഷയത്തിൽ പുള്ളി എടുത്ത ഒരു നിലപാടും ഒന്ന് ശ്രദ്ധിക്കണം. അവരെ അദ്ദേഹം വിളിച്ചത് പൊറുക്കികള്‍ എന്നാണ്. ഈ പൊറുക്കികള്‍ ഇങ്ങനെ പലതും പറയും എന്നാണ് പറഞ്ഞത്. അതിൻറെ കാര്യം എന്താണെന്ന് വെച്ചാൽ ഈ രീതിയിൽ അവർ ഒരു അജണ്ട മുന്നോട്ടുകൊണ്ടുപോകാൻ നോക്കുകയാണ് എന്നുള്ളതാണ്.

പ്രതീഷ് വിശ്വനാഥിന്റെ പല നിലപാടുകളോടും എനിക്ക് വിയോജിപ്പുണ്ട്. ചില നിലപാടുകളോട് എനിക്ക് യോജിപ്പുമുണ്ട്. നമുക്കൊരു ഹിന്ദുരാഷ്ട്രം ഒന്നും ഉണ്ടാക്കാൻ പറ്റില്ല, അതൊക്കെ വെറുതെ പറയുന്നതാണ് നമ്മൾ ഒരു ഹിന്ദു പാകിസ്താൻ ആകേണ്ട യാതൊരു ആവശ്യവുമില്ല. ഹിന്ദു സമൂഹത്തിന് ഒരു ഐക്യം വേണം അതിനെ കുറെയൊക്കെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ശാക്തീകരണവും വേണം.

ഹിന്ദുക്കൾക്ക് ഐക്യം വേണം എന്ന് പറഞ്ഞു കൊണ്ട് നിങ്ങൾ ഈ പോകുന്നത് മേൽശാന്തി അടക്കമുള്ള തസ്തികകളിൽ കീഴ്ജാതിക്കാരെ തടയാൻ വേണ്ടിയാണ് എന്നൊരു ആരോപണവും ഉണ്ട്

എന്തിനാണ് ഇങ്ങനെ വെറുതെ പറയുന്നത്? ഇതൊക്കെ തമ്മിൽ യാതൊരു ബന്ധവുമില്ല

നിങ്ങൾ ഹിന്ദുഐക്യം പറയുമെങ്കിലും അബ്രാഹ്മണനായ ഒരാൾപോലും ശബരിമലയിൽ ഉൾപ്പെടെ മേൽശാന്തിയായി വന്നിട്ടില്ല എന്നതും സത്യമല്ലേ?

ഇതിനായി ഞാൻ വർഷങ്ങൾക്കുമുമ്പുതന്നെ ശ്രമം തുടങ്ങിയതാണ്. എന്നാൽ ദേവസ്വം ബോർഡ് അത് ചെയ്തില്ല, അത് അംഗീകരിച്ചില്ല എന്നുള്ളതാണ്. മേൽശാന്തി നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ദേവസ്വംബോർഡ് ആണ്. ഇപ്പോൾ ഇങ്ങനെയൊരു ഹിന്ദുഐക്യം ഉണ്ടാകുന്നു എന്ന് കാണുമ്പോൾ അതിനെ തകർക്കുവാൻ വേണ്ടിയുള്ള പ്രചാരണം മാത്രമായി ഇതിനെ കാണാൻ കഴിയുകയുള്ളൂ

വിഷയങ്ങളെ തമ്മിൽ കൺഫ്യൂസ് ചെയ്യിക്കുന്ന തന്ത്രമാണ് ഇവിടെ എടുക്കുന്നത്. നമ്മൾ പറയുന്നത് എല്ലാ ജാതിയിൽപ്പെട്ടവർ അവിടെ പൂജാരിമാരായി വരണമെന്ന് തന്നെയാണ്. എന്നാൽ അത് പ്രായോഗികമായി എംപ്ലോയ്മെൻറ് ചെയ്യുമ്പോൾ പല കാര്യങ്ങളും പരിഗണിക്കേണ്ട ആവശ്യവുമുണ്ട്

ഉദാഹരണത്തിന് മകരജ്യോതി മകരവിളക്ക് കാര്യമെടുക്കൂ- യുക്തിവാദികളുടെ താല്പര്യം മകരജ്യോതിയെയും മകരവിളക്കിനെയും ഡീബഗ് ചെയ്തു വിശ്വാസികളെ കണ്ഫ്യൂസ് ചെയ്യിക്കുക എന്നുള്ള ഒരു താൽപര്യമായിരുന്നു. ഈ സാഹചര്യത്തില്‍ മകരജ്യോതിയും മകരവിളക്കും തമ്മിലുള്ള വ്യത്യാസം കണ്ടെത്തി മലയരയൻമാർക്ക് വേണ്ടി ക്യാമ്പ് ചെയ്ത ഒരു വ്യക്തിയാണ് ഞാൻ.

രാഹുലിന്‍റെ നിലപാട് ഇതാണ് എങ്കിലും തന്ത്രി കുടുംബത്തിലെ നിലപാട് പലപ്പോഴും ഇതല്ലല്ലോ..

തന്ത്രി കുടുംബം എന്ന് പറയുന്നത് ഒരാളല്ലല്ലോ. മുത്തച്ഛൻ ഉണ്ടായിരുന്നപ്പോൾ ഇത്തരം നിലപാടുകൾ അംഗീകരിച്ചിരുന്നു. മലയരയന്മാരുടെ ആദ്യ യോഗം ഉദ്ഘാടനം ചെയ്യാന്‍ മുത്തച്ഛനാണ് വന്നത്.

ഹിന്ദു എന്ന് പറയുന്നവർക്ക് ഏകശിലാംഗമായ ഒരു രൂപം ഒന്നുമില്ല. ഒരിക്കല്‍ പിണറായി വിജയൻ സഖാവിനെ ഞാനും പിസി ജോർജും കൂടി പോയി കണ്ടു, അതിനുശേഷം കടകംപള്ളി സുരേന്ദ്രൻ സാറിനെ കണ്ടു. പിസി ജോർജ് ചോദ്യമുന്നയിച്ചു ഓ രാജഗോപാലൻ സപ്ലിമെൻറ് ചെയ്തു മലയരയന്മാര്‍ക്ക് അവകാശം കൊടുക്കാമെന്ന് അസംബ്ലിയില്‍ അംഗീകാരം വാങ്ങി. അസംബ്ലി സമ്മതിച്ചിട്ടും കഴിഞ്ഞ രണ്ടു വർഷമായി ഇത് നടന്നിട്ടില്ല

മകരജ്യോതി എന്നു പറയുന്നത് ആകാശത്ത് ഉദിച്ചുയരുന്ന ഒരു നക്ഷത്രമാണ് അല്ലെങ്കില്‍ ഒരു വെളിച്ചമാണ്. മകരവിളക്ക് എന്ന് പറഞ്ഞാൽ കഴിഞ്ഞ 19 വർഷമായി മലയരയന്മാരോ കെഎസ്ഇബി ഒക്കെ ചെയ്യുന്നതാണ്. ദീപാരാധനയ്ക്ക് വേണ്ടി എത്ര ക്യാമ്പയിൻ ചെയ്തെന്നോ! ഞങ്ങളെയൊക്കെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി. ഇതൊക്കെയാണ് യഥാർത്ഥ ഹിന്ദു ഐക്യത്തിന് വേണ്ടിയുള്ള കാര്യങ്ങൾ

ഇതുപോലെ വെടിവഴിപാടിന് ചീരപ്പൻചിറയ്ക്ക് ഉണ്ടായിരുന്ന അവകാശം ദേവസ്വംബോർഡ് എടുത്തുകളഞ്ഞല്ലോ?

അതേ! അതും ഇതുപോലെ വളരെ കഷ്ടകരമായ ഒരു കാര്യമാണ്. എനിക്കും ഈ വിഷയങ്ങളൊക്കെ വരുന്നതുവരെ ചീരപ്പന്‍ചിറക്കാരേ അറിയില്ലായിരുന്നു. പോട്ടെ അവിടെ വരുന്ന സ്വാമിമാരില്‍ ബഹുഭൂരിപക്ഷം ആൾക്കാർക്കും അയ്യപ്പൻ ആരാണെന്ന് പോലും അറിയില്ല.

കാരണം ഈ ക്രിസ്ത്യന്സിനു ഞായറാഴ്ച ഉള്ളതുപോലെ മുസ്‌ലിം സമൂഹത്തിന് വെള്ളിയാഴ്ച ഉള്ളതു പോലെ ഒരു പഠനക്ലാസ്സുകൾ ഹിന്ദുകള്‍ക്ക് ഇല്ല. അതുകൊണ്ട് മിസ്റ്റർ അയ്യപ്പൻ ആരാണെന്ന് ചോദിച്ചാൽ ആർക്കും അറിയില്ല. എന്തിനധികം എല്ലാ വർഷവും നമ്മൾ ഓണം ആഘോഷിക്കുന്ന മഹാബലിയുടെ അച്ഛനുമമ്മയും ആരാണ് എന്ന് ചോദിച്ചാൽ പോലും ആർക്കും അറിയില്ല മഹാബലിയുടെ ഭാര്യയുടെയും മകളുടെയും പേരെന്തെന്നും ഏതുകാലത്തു ചോദിച്ചാൽ ആർക്കും മറുപടി ഉണ്ടാവില്ല.

ഇതെല്ലാം പഠനത്തിൻറെ കുറവാണ്. ഇതൊരു ഒരു സീരിയസ് ഇഷ്യൂവാണ്. എൻഎസ്എസിന്‍റെ ഒരു പരിപാടിക്ക് പോയി ഞാൻ പച്ചക്ക് പറഞ്ഞു- എന്തുകൊണ്ടാണ് മലയരയന്മാര്‍ക്ക് അവരുടെ അവകാശം നഷ്ടപ്പെട്ടത്? പണ്ട് രണ്ടു സമുദായങ്ങളാണ് ശബരിമലയിൽ ഉണ്ടായിരുന്നത- നായന്മാരും മലയരയൻമാരും! നായന്മാർ മലയരയൻമാരേ മറന്നുപോയി എന്നുള്ളതാണ് നമുക്ക് ചരിത്രത്തിൽ നിന്ന് മനസ്സിലാകുന്നത്.

മാളികപ്പുറത്തമ്മ ചീരപ്പൻചിറയിൽ ഉള്ള ഈഴവ സ്ത്രീ ആയിരുന്നില്ലേ?

അതേ! അതിൽ എന്താണ് സംശയം? മാളികപ്പുറത്തമ്മ ഈഴവ സ്ത്രീയായിരുന്നു.

അങ്ങനെവരുമ്പോൾ ശാസ്താവിനെ തുല്യമായ പ്രതിഷ്ഠ ഇരിക്കുന്നിടത്ത് ഈഴവര്‍ക്കും തുല്യപ്രാതിനിധ്യം ഉണ്ടാകേണ്ടതല്ലേ? എന്നാൽ ആ വിഭാഗത്തിന് ഏതെങ്കിലും വിധത്തിലുള്ള പ്രാധാന്യം ശബരിമലയിലില്ല!

ഈഴവ സ്ത്രീ ഉണ്ട് എന്ന് പറഞ്ഞാലും ഈഴവർക്ക് കൊടുക്കണമെന്നില്ല. കൃത്യമായി പറയാന്‍ ഒരു വാക്ക് ഉണ്ട്- ബ്രാഹ്മണ്യാർജിതശാന്തി എന്നാണ് അതിനെ പറയുന്നത്, അതായത് ഈ ബ്രാഹ്മണ്യം എന്ന് പറയുന്നത് പഠനം കൊണ്ട് നേടുന്ന ഒരു അവസ്ഥയാണ് എന്ന്.

അതായത് പരശുരാമൻ ശാസ്ത്രവീര്യമുള്ളവൻ ആണല്ലോ അതുകൊണ്ടാണല്ലോ ആളുകളെ കൊല്ലുന്നത്. അതുപോലെ ബ്രാഹ്മണ്യാർജിത ശാന്തി എന്ന് പറയുന്നത് ടെക്നിക്കലി സത്യമാണ്. ഇത്തരത്തിലുള്ള ഒരു ബ്രാഹ്മണ്യാർജിത ശാന്തിയോട് യോജിപ്പുള്ള ആളാണ് ഞാന്‍. ഇതിനുവേണ്ടി നേരത്തെ ശ്രമം നടത്തിയിടുണ്ട്

അക്കീരമനെ പോലെയുള്ള ആളുകൾ ചെട്ടികുളങ്ങരയിൽ ഈഴവൻ പൂജ ചെയ്യാൻ വന്നപ്പോൾ എതിർപ്പുമായി വന്ന ആളുകളാണ് അങ്ങനെ ഒരാളുമായി എങ്ങനെയാണ് രാഹുലിനെ പോലെ ഒരാൾ ഹിന്ദുഐക്യം മുന്നോട്ടുവയ്ക്കുന്നത്?

ഇതൊക്കെ ഒരു ടേണിങ് ആന്ഡ് എവല്യൂഷനാണ്. കാരണം ബ്രാഹ്മണ സമൂഹത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. അവർക്ക് സാമ്പത്തിക സഹായങ്ങള്‍ ഇല്ല സംവരണമില്ല, നമ്മുടെ സമുദായത്തിലെ പാവപ്പെട്ടവരെ നോക്കാന്‍ ആരുമില്ല. അങ്ങനെയുള്ളവർക്ക് ഉപജീവനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. ഇവരുടെ പ്രശ്നങ്ങൾ ശരിയായ രീതിയിൽ അഡ്രസ് ചെയ്യപ്പെടുന്നില്ല എന്നുള്ള അഭിപ്രായങ്ങൾ ശക്തമായി ഉള്ളവരാണ് ഇവര്‍. ഈ സാധനങ്ങൾക്ക് ഇടയിൽക്കൂടി മറ്റേതു കൂടിവരുമ്പോൾ പല നറേറ്റീവ് പോയിന്ടുകളും കടന്നു വരുന്നു.

ദരിദ്രനായ ബ്രാഹ്മണര്‍ കേരളത്തിലുണ്ടോ?

ഒരുപാട് ഒരുപാട് ആളുകളുണ്ട്! അങ്ങനെ ധാരാളം ധാരാളമാളുകളുണ്ട്. ഒരു ഞെട്ടിക്കുന്ന കണക്ക് കൂടി പറയാം കഴിഞ്ഞവർഷംവരെ ഒരു എ ഗ്രേഡ് ജീവനക്കാരന് ദേവസ്വംബോർഡ് കൊടുത്തിരുന്ന സാലറി 3500 രൂപ മുതൽ 4000 രൂപ വരെയാണ്. ബ്രാഹ്മണർ എല്ലാം ധനികരാണ് എന്നല്ല, ഭൂമിയേറ്റെടുക്കലിന് ശേഷം ഇവർ സാമ്പത്തികമായി വളരെ പിന്നോക്കം പോയിട്ടുണ്ട് സോഷ്യൽ ക്യാപ്പിറ്റൽ ഇവർക്ക് കൂടുതലാണ് എന്നേയുള്ളൂ.

ശബരിമല വിഷയം എങ്ങനെ പരിഹരിക്കപ്പെടും എന്നാണ് കരുതുന്നത്?

നേരത്തെ സൂചിപ്പിച്ചത് പോലെ ഇതിനൊരു ഓർഡിനൻസ് പോലെയോ മറ്റോ ഉണ്ടാവേണ്ടതുണ്ട്- കാരണം ഇതൊരു തീവ്രവലതുപക്ഷ ഗൂഢാലോചനയാണ്! കാരണം യൂണിഫോം സിവിൽ കോഡിന്റെ പേരും മറ്റും പറഞ്ഞതാണ് അവർ ഇപ്പോൾ ഈ വിധി അടിച്ചേൽപ്പിക്കാനും മറ്റും നോക്കുന്നത്. ആർഎസ്എസ് സർപ്പഞ്ചായ ഗോൾവർക്കർ വരെ പറയുന്നു- ഹിന്ദുക്കളുടെ നാശത്തിനു വഴിവെക്കുന്നത് യൂണിറ്റിയായിരിക്കും യൂണിഫോമിറ്റി അല്ല എന്ന്.

ഞാൻ പറയുന്നത് ഇത് ആഴത്തിൽ ഒരു ശസ്ത്രക്രിയ ആവശ്യമായ ഒരു പ്രശ്നമാണ് എന്നാണ്. അതാണ് ഞാൻ പറയുന്നത് മുസ്ലീമുകൾക്ക് വെള്ളിയാഴ്ച എന്നത് പോലെയും ക്രിസ്ത്യാനികൾക്ക് ഞായറാഴ്ച എന്നത് പോലെ ഹിന്ദുക്കൾക്ക് ശനിയാഴ്ച വൈകിട്ട് ഒരു മണിക്കൂറ് ആത്മീയ സദ്‌സംഗങ്ങള്‍ ഉണ്ടാകണം. ഈ സദ്‌സംഗങ്ങളില്‍ കൂടി മാത്രമേ നമുക്ക് കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ കഴിയൂ.

ഒരു സ്ത്രീ ചോദിക്കുന്നു- ക്ഷേത്രത്തിൽ തൊഴുതുകൊണ്ട് നില്‍ക്കുമ്പോള്‍ എനിക്ക് ആര്‍ത്തവമായി, അപ്പോള്‍ ഞാന്‍ എന്തു ചെയ്യണം എന്ന്?

സത്യം പറഞ്ഞാൽ ശബരിമലയിലെ ആചാരങ്ങൾക്ക് പീരിയഡ്സുമായി യാതൊരു ബന്ധവുമില്ല. ഈ പീരിയഡ്സ് ശബരിമലയുമായി ബന്ധിപ്പിക്കുന്നത് കേസ് ജയിക്കാൻ വേണ്ടി മാത്രമാണ്. ശബരിമലയിലെ വിഷയം എന്നു പറഞ്ഞാൽ യഥാര്‍ത്ഥത്തില്‍ ഇതാണ്- ഓരോ അമ്പലത്തിലെയും ആത്മാവ് പറയുന്നത് അവിടുത്തെ പ്രതിഷ്ഠയാണ് അതിൻറെ ഡീറ്റിയാണ് (Deity). അമ്പലത്തിൽ ഉള്ളത് ദേവനല്ല ദേവതയാണ്. ഈ ഡീറ്റി കൺസെപ്റ്റ് ആണ് ഓരോ അമ്പലത്തിന്റെയും അടിസ്ഥാനം. ഈ രീതിയില്‍ നോക്കിയാല്‍ ശബരിമലയിലെ ഡീറ്റി നൈഷ്ഠിക ബ്രഹ്മചാരിയാണ്, ഇത്തരം കാര്യങ്ങൾ കൊണ്ടാണ് ശബരിമലയിൽ യുവതിമാർക്ക് പ്രായനിയന്ത്രണമുള്ളത്.

പ്രായനിയന്ത്രണത്തെ ലിംഗവിവേചനം ആയി ചിത്രീകരിച്ച അതിന്റെ മറപിടിച്ച് ക്ഷേത്രങ്ങളിലും എല്ലാ പള്ളികളും എസ്റ്റാബ്ലിഷ്മെനടിന്റെ അധീനതയിൽ വരണം എന്നുള്ളതാണ് ഇപ്പോഴത്തെ വിധിയുടെ അന്ത:സത്ത. എന്നിട്ട് ഇപ്പോൾ പറയുന്നു ഇത് പബ്ലിക് സ്പേസ് ആണെന്ന്, ഇത് എല്ലാ ആരാധനാലായങ്ങള്‍ക്കും ബാധകമാണ് എന്നുള്ള രീതിയിൽ എഴുതിയും വച്ചു. ശബരിമലയിലെ നിയമങ്ങൾ എങ്ങനെയാണ് എല്ലാ ഇന്ത്യയിലെ എല്ലാ ദേവാലയങ്ങൾക്കും ബാധകമാകുന്നത്?

എല്ലാ ക്ഷേത്രങ്ങളെയും അമ്പലങ്ങളെയും ദേവാലയങ്ങളെയും കൊണ്ടുവരാനുള്ള പോളിസിപരമായ നീക്കമാണ് ഇത്.