തേജസ് വേട്ട ആരംഭിച്ചത് കോടിയേരി; ചെന്നിത്തലയും തിരുവഞ്ചൂരും വാക്ക് പാലിച്ചില്ല: എൻ പി ചെക്കുട്ടി

എനിക്കു തോന്നുന്നത് കൃത്യമായും സംഘപരിവാർ മനോഭാവമുള്ള ഉദ്യോഗസ്ഥരാണ് തേജസിനെതിരായ നീക്കത്തിനു പിന്നിലെന്നാണ്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഈ നീക്കങ്ങൾക്കു പിന്നിൽ സിപിഐഎം- ഇടതുപക്ഷ കക്ഷികളാണ്. രണ്ടു സർക്കാരിന്റെ കാലത്തും ഈ രണ്ടു ശക്തികളും ഇതിനു പിന്നിൽ പണിയെടുത്തിട്ടുണ്ട്- തേജസിനെ വേട്ടയാടിയ ഭരണകൂട ശ്രമങ്ങളെ കുറിച്ച് ചീഫ് എഡിറ്റർ എൻ പി ചെക്കുട്ടി നാരദാ ന്യൂസിനോടു സംസാരിക്കുന്നു

ഇടതുപക്ഷത്തോടു ചേർന്ന് സംഘപരിവാറിനെ പ്രതിരോധിക്കാൻ ഞങ്ങളേ ഉണ്ടാവൂ എന്നാണെനിക്ക് തോന്നുന്നത്. അത്തരം സന്ദർഭങ്ങളിൽ ഇങ്ങനെയൊക്കെയാണോ പെരുമാറേണ്ടതെന്ന് ഇവരൊക്കെ ആലോചിക്കേണ്ടതുണ്ട്. അത് കോടിയേരി തന്നെ ആലോചിക്കണം. കോടിയേരിയുടെ കാലത്താണല്ലോ ഈ പരസ്യ നിഷേധം ആരംഭിച്ചത്. അദ്ദേഹമിപ്പോൾ പാർട്ടി സെക്രട്ടറിയാണല്ലോ. ഈ പത്രം പൂട്ടിച്ചത് തങ്ങളാണെന്ന് പൊതുയോഗത്തിൽ പരസ്യമായി പ്രസംഗിച്ചതും ഇതേ ബാലകൃഷ്ണനാണ്. നാളെയീ സ്ഥിതി ദേശാഭിമാനിക്ക് വന്നാൽ, ഇപ്പോൾ ഇങ്ങനെ ഓരോരുത്തരെയായി കഴുത്ത് ഞെരിച്ചുകൊന്നാൽ അതിൽ പ്രതിഷേധിക്കാൻ ആരും ബാക്കിയുണ്ടാവില്ല എന്നതാണ് മനസ്സിലാക്കേണ്ടത്. മനോരമയും മാതൃഭൂമിയും പ്രതിഷേധിച്ചിട്ട് ദേശാഭിമാനി രക്ഷപെടുമെന്ന് ഞാൻ കരുതുന്നില്ല. ദേശാഭിമാനിക്കെതിരെ ഒരു ആക്രമണം വരുമ്പോൾ ഞങ്ങളെപ്പോലുള്ളവരേ പ്രതിഷേധിക്കാൻ ഉണ്ടാവൂ. മനോരമയും മാതൃഭൂമിയുമൊക്കെ അത് കണ്ടില്ലെന്ന് നടിക്കാനാണ് സാധ്യത.11. പത്രത്തിനെതിരെയുള്ള തീവ്രവാദ- രാജ്യദ്രോഹ നിലപാട് ആരോപണങ്ങളെ പറ്റി ഈ പത്രത്തിന്റെ തുടക്കം മുതൽ തന്നെ സുപ്രധാന പദവികൾ വഹിച്ച, ഇപ്പോഴും വഹിക്കുന്ന ഒരാളെന്ന നിലയിൽ, ഒരു ഇടതുപക്ഷ ചിന്തകൻ എന്ന നിലയിൽ എന്താണ് പറയാനുള്ളത്?

ഈ പത്രം അച്ചടിച്ച് പരസ്യമായി വിതരണം ചെയ്യുന്ന ഒരു സാധനമല്ലേ. രഹസ്യമായിട്ട് വിതരണം ചെയ്യുന്നതല്ലല്ലോ. എല്ലാ പത്രങ്ങളേയും പോലെയാണ് അത് ഇറക്കുന്നത്. കേരളത്തിലെ എല്ലാ കമ്പോളങ്ങളിലും അത് വിതരണം ചെയ്യുന്നുണ്ട്. ഏഴു രൂപ കൊടുത്താൽ കിട്ടുന്നതാണ്. അത് വായിച്ചുനോക്കണം. അപ്പോൾ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയാമല്ലോ. മൂവാറ്റുപുഴ കൈവെട്ടുകേസ്- അതിനു പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം. അത് നടന്ന സന്ദർഭത്തിൽ ഞാൻ ഒരു എഡിറ്റോറിയൽ എഴുതിയിരുന്നു. നിയമവാഴ്ച ഉറപ്പുവരുത്തണം എന്നാണ് അതിലെഴുതിയിരുന്നത്. ആരാണെങ്കിലും ശരി, ഏത് പ്രമാണിയാണെങ്കിലും ശരി, ഒരു കാരണവശാലും നിയമം കൈയിലെടുക്കാനുള്ള അവസരം ഒരുക്കരുതെന്നും കർശനമായി അത്തരക്കാരെ നേരിടണം എന്നുമായിരുന്നു. മാത്രമല്ല, അതിനു താഴെ ഇങ്ങനെയും കൂടി എഴുതിയിരുന്നു- ഇങ്ങനെയൊരു പ്രകോപനപരമായ അന്തരീക്ഷം ഉണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് എന്തെടുക്കുകയായിരുന്നു. പൊലീസ് എന്തിന് ഇദ്ദേഹത്തെ ഒറ്റയ്ക്കു വിട്ടു. അതിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ട്. അതുപോലെ തന്നെ കേരളത്തിൽ മൂന്നു പ്രബല സമുദായങ്ങളുണ്ട്. ആ മൂന്നു സമുദായങ്ങളിലേയും ആളുകൾ ആലോചിക്കേണ്ടത്- അന്യ സമുദായത്തിന്റെ വികാരം മുറിപ്പെടുത്തുന്ന പരാമർശങ്ങൾ നമ്മൾ നടത്തരുത് എന്നാണ്. അത്തരം വിഷയങ്ങളിൽ എല്ലാവരും ആത്മനിയന്ത്രണം എല്ലാ സമുദായക്കാരും പാലിക്കണം, വാക്കുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം, ഈ വിഷയത്തിൽ അതുണ്ടായിട്ടില്ല എന്നും നമ്മൾ എഴുതിയിരുന്നു. ഈ മൂന്നു കാര്യങ്ങളാണ് ഞങ്ങൾ പറഞ്ഞത്. ഇതിലെവിടെയാണ് രാജ്യദ്രോഹം?

എല്ലാ വിഷയത്തിലും ഇത്തരം കൃത്യമായ നിലപാട് ഞങ്ങൾ പുലർത്തിയിരുന്നു. നേരെ മറിച്ച് ദേശാഭിമാനിയിലും ജന്മഭൂമിയിലും എഴുതുന്നതു പോലെ എഴുതിയാൽ ഒരു ദിവസം കൊണ്ട് ജനങ്ങൾ ഞങ്ങളെ കൈവിടും. വളരെ ഉത്തരവാദിത്വപ്പെട്ടൊരു വായനക്കാരാണ് തേജസിനുള്ളത്. ഓരോ വിഷയത്തിലും വളരെ വ്യക്തമായ നിലപാടാണ് തേജസ് എടുത്തിട്ടുള്ളത്. അതിലൊക്കെ എന്തെങ്കിലും പ്രശ്നം തോന്നിയിട്ടുണ്ടെങ്കിലും നിങ്ങളെന്താണ് കേസെടുക്കാത്തത്? രാജ്യത്ത് എത്ര നിയമങ്ങളുണ്ട്. എന്നിട്ട് ഇതുവരെ ഒരു കേസു പോലും എടുക്കാൻ നിങ്ങൾക്ക് പറ്റിയിട്ടില്ലല്ലോ.

പത്രത്തിൽ അച്ചടിക്കുന്ന വിഷയത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വമുള്ള പത്രാധിപർക്കെതിരെ കേസെടുക്കാമെന്ന് നിയമമുണ്ട്. ഇക്കാര്യം ഞാൻ ഇന്റലിജൻസിലെ ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ നിങ്ങൾക്ക് കേസെടുക്കാമല്ലോ എന്ന്. അതെന്താ ചെയ്യാത്തത്. കാരണം ഈ പറയുന്ന വാദത്തിനൊന്നും തെളിവില്ല.

12. പൂട്ടാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതാണോ? മുമ്പ് താങ്കളോട് പറഞ്ഞിരുന്നോ?

ആവില്ല, മുമ്പ് മീറ്റിങ്ങിൽ എന്നോട് പറഞ്ഞത് നാലു വർഷമായി ഈ കടുത്ത പ്രതിസന്ധി തുടരുകയാണ്. മുമ്പ് പൂട്ടാൻ വേണ്ടി ഒരു മീറ്റിങ് കൂടിയെങ്കിലും പിന്നീട് പൂട്ടേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നതാണ് എന്നാണ്. ഇനി എന്തായാലും തുടരാൻ സാധിക്കില്ല എന്നും പറഞ്ഞു.

ഈ മാസം 21നാണ് കമ്പനി ചെയർമാൻ തന്നെ കമ്പനിയിലെ എല്ലാ ജീവനക്കാരേയും വിളിച്ചുകൂട്ടി ഇക്കാര്യം അറിയിക്കുന്നത്. അതിന് പത്തു ദിവസം മുമ്പ് എന്നെ വിളിച്ച് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് പോവുകയാണെന്ന കാര്യം പറഞ്ഞിരുന്നു. നിങ്ങൾ തന്നെ നേരിട്ട് ജീവനക്കാരോടു പറഞ്ഞോളൂ, മാനേജ്മെന്റിന്റെ തീരുമാനം ഇങ്ങനെയാണെങ്കിൽ എനിക്കെന്ത് ചെയ്യാൻ പറ്റുമെന്നും ഞാനവരോടു പറഞ്ഞു. പക്ഷേ, സാമ്പത്തികമായി പ്രതിസന്ധിയുണ്ടെങ്കിലും ഒരു പത്രം പൂട്ടുക എന്നു പറഞ്ഞാൽ കണ്ണ് പോവുന്നതു പോലെയാണ്. കണ്ണ് പോയിക്കഴിഞ്ഞിട്ട് പിന്നെയതിനെ കുറിച്ച് ആലോചിച്ചിട്ടു കാര്യമില്ല. പത്രം എന്നുപറഞ്ഞാൽ കോപ്പിയുടെ എണ്ണത്തിലല്ല കാര്യം, ജനങ്ങൾ ഇത് വായിക്കുന്നുണ്ടോ, അവരെ ഇത് സ്വാധീനിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്ന് ഞാൻ പറഞ്ഞു. അതിനാൽ ബ്യൂറോകളുടെ എണ്ണം കുറച്ച്, ചെലവുകൾ കുറച്ച് പരമാവധി മുണ്ട് മുറുക്കി മുന്നോട്ടുപോവുന്നതാണ് നല്ലത് എന്ന് ഞാൻ പറഞ്ഞു. മാത്രമല്ല, ജീവനക്കാരും വിട്ടുവീഴ്ചയ്ക്കു തയ്യാറായിരുന്നു. ഇപ്പോഴുള്ള ശമ്പളത്തില്‍ നിന്ന് 25 ശതമാനം വരെ കുറവ് ചെയ്താലും അംഗീകരിക്കാമെന്നും, രണ്ടു വർഷത്തേക്കു വരെ അരിയര്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറത്താണ് സ്ഥിതിയെന്നാണ് മാനേജ്മെന്റ് പറഞ്ഞത്. എന്തായാലും ചെകുത്താനും കടലിനും ഇടയിൽപ്പെട്ടതുപോലെയാണ് നമ്മൾ.13. തേജസിന്റെ ഓൺലൈൻ പോർട്ടൽ വരുന്നുണ്ടല്ലോ. അതിനെ കുറിച്ച്?

എത്ര ഓൺലൈൻ പോർട്ടലുകൾ ഇവിടെയുണ്ട്. ഇതിലൊക്കെ എപ്പോഴും ആരെങ്കിലും കയറിയിരുന്ന് വായിക്കാറുണ്ടോ. ആരെങ്കിലും ഷെയർ ചെയ്യുന്നത് നമ്മൾ വായിക്കും. മാത്രമല്ല, ആകർഷകമായ എന്തെങ്കിലും എപ്പോഴെങ്കിലും വന്നാൽ അത് വായിക്കും. അതു കഴിഞ്ഞാൽ ജനം അങ്ങോട്ടു ശ്രദ്ധിക്കില്ല. ഗൂഗിൾ പരസ്യം കിട്ടിയാൽ അത്യാവശ്യം ചില്ലറയുണ്ടാക്കാനും പറ്റും. പക്ഷേ വിദ്യാഭ്യാസപരമായ പ്രയോജനം, സാമൂഹികമായി പ്രയോജനം, രാഷ്ട്രീയമായ പ്രയോജനം എന്നിവയാണ് പത്രം ഉദ്ദേശിക്കുന്നതെങ്കിൽ അത് മാറ്റമില്ലാതെ തുടരണം. അത് ജനങ്ങൾക്കൊരു കാഴ്ചപ്പാട് നൽകണം. അതിൽ ജനങ്ങൾക്ക് ഓരോ വിഷയത്തേയും കുറിച്ച് കൃത്യമായ അവബോധം നൽകണം. എന്നാൽ പോർട്ടലുകളിൽ നടക്കില്ല. പോർട്ടലുകളിൽ അതാതു സമയത്തു വരുന്നത് മാത്രമേ, അതിൽ ഏറ്റവും മുകളിൽ കിടക്കുന്നത് എന്താണോ അത് മാത്രമേ ആളുകൾ വായിക്കൂ. അതിനുള്ളിലുള്ളതെന്താണെന്ന് ആരും വായിക്കില്ല. പത്രമാണെങ്കിൽ എല്ലാ പേജും എല്ലാ വിഷയങ്ങളും വായനക്കാർ വായിക്കും. പോർട്ടലുകളിൽ ഓരോ വിഭാഗവും ആളുകൾ കയറി വായിക്കില്ല.

14. താങ്കളുടെ ഭാവി കാര്യങ്ങൾ എന്തൊക്കെയാണ്?

എനിക്കിപ്പോൾ 60 വയസ്സായി. കഴിഞ്ഞകൊല്ലം, 2019 ജൂൺ വരെയുള്ള എക്സ്റ്റൻഷൻ ചോദിച്ചുവാങ്ങിയിരുന്നു. അതിനു കാരണം അടുത്ത ജൂൺ വരെയെങ്കിലും പൊതുരംഗത്തു നിൽക്കണം എന്ന ആഗ്രഹമായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഒരു പത്രത്തിലൂടെ പ്രവർത്തിക്കുകയാണെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. മറിച്ച് ഏതെങ്കിലും ചാനൽ ചർച്ചകളിൽ പങ്കെടുത്താലും എവിടെയെങ്കിലും എന്തെങ്കിലും എഴുതിയാലുമൊന്നും അത് പൂർണമാവില്ല. അതിന് ഒരു ദിനപത്രം തന്നെ വേണമായിരുന്നു. എന്റെ കരിയറിലെ അവസാനത്തെ തെരഞ്ഞെടുപ്പ് അതായിരിക്കണം എന്നായിരുന്നു ആഗ്രഹം. 1984 ൽ തുടങ്ങിയതാണ് അത്തരമൊരു പ്രവർത്തനം. ഇനിയത് നടക്കില്ല.

15. പൊതുസമൂഹത്തിൽ നിന്നുള്ള പ്രതികരണം എന്തൊക്കെയാണ്?

ഒരുപാട് പേർ ഇതറഞ്ഞപ്പോൾ മുതൽ എന്നെ വിളിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർ. വിവിധ മേഖലകളിലെ പ്രമുഖരായ ആളുകൾ. സാമൂഹിക പ്രവർത്തകർ. എഴുത്തുകാർ- ഇങ്ങനെ നിരവധി പേർ. എന്നാൽ ഞാൻ വിചാരിച്ചാൽ പൂട്ടാതിരിക്കാൻ പറ്റില്ലല്ലോ. അപ്പോൾ സർക്കാരിനോട് സമ്മർദം ചെലുത്തേണ്ടതുണ്ട്. അങ്ങനെ ചെയ്യാൻ ഞാൻ അവരോടൊക്കെ പറഞ്ഞു. ഇടപെടാമെന്നൊക്കെ പറ‍ഞ്ഞിട്ടുണ്ട്.

Read More >>