തേജസ് വേട്ട ആരംഭിച്ചത് കോടിയേരി; ചെന്നിത്തലയും തിരുവഞ്ചൂരും വാക്ക് പാലിച്ചില്ല: എൻ പി ചെക്കുട്ടി

എനിക്കു തോന്നുന്നത് കൃത്യമായും സംഘപരിവാർ മനോഭാവമുള്ള ഉദ്യോഗസ്ഥരാണ് തേജസിനെതിരായ നീക്കത്തിനു പിന്നിലെന്നാണ്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഈ നീക്കങ്ങൾക്കു പിന്നിൽ സിപിഐഎം- ഇടതുപക്ഷ കക്ഷികളാണ്. രണ്ടു സർക്കാരിന്റെ കാലത്തും ഈ രണ്ടു ശക്തികളും ഇതിനു പിന്നിൽ പണിയെടുത്തിട്ടുണ്ട്- തേജസിനെ വേട്ടയാടിയ ഭരണകൂട ശ്രമങ്ങളെ കുറിച്ച് ചീഫ് എഡിറ്റർ എൻ പി ചെക്കുട്ടി നാരദാ ന്യൂസിനോടു സംസാരിക്കുന്നു

തേജസ് വേട്ട ആരംഭിച്ചത് കോടിയേരി; ചെന്നിത്തലയും തിരുവഞ്ചൂരും വാക്ക് പാലിച്ചില്ല: എൻ പി ചെക്കുട്ടി

രണ്ടു മാസം കൂടിയേ തേജസ് ഉള്ളൂ. തേജസ് ഇല്ലാതാവുമ്പോൾ അത് കേരളത്തിന്റെ മാധ്യമലോകത്ത് സൃഷ്ടിക്കുന്ന വിടവ് എത്രത്തോളമാണ്? അല്ലെങ്കിൽ തേജസ് ഏറ്റെടുത്തിരുന്ന ഒരു ദൗത്യത്തെ പറ്റി?

എത്രത്തോളം വിടവുണ്ടാക്കുമെന്നതിനെ പറ്റി യഥാർത്ഥത്തിൽ വായനക്കാരാണ് പറയേണ്ടത്. വാർത്തയോടും അതിനോടുള്ള സമീപനത്തിനും ഇവിടുത്തെ മുഖ്യധാരാ പത്രങ്ങൾ എടുക്കുന്ന സമീപനത്തിൽ നിന്നും വ്യത്യസ്തമായ നിലപാടായിരുന്നു തേജസ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ 15 വർഷമായി കേരളത്തിലുണ്ടായിട്ടുള്ള ന്യൂനപക്ഷ വിഷയങ്ങൾ, ദളിത് വിഷയങ്ങൾ തുടങ്ങി പൊതുവിൽ ശക്തിയില്ലാത്ത വിഭാ​ഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ തേജസ് വലിയ റോളാണ് വഹിച്ചത്. ഉദാഹരണത്തിന് ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങളൊക്കെ വളരെ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്. ലൗ ജിഹാദ് ഉണ്ടെന്നും മുസ്ലിം ആൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോവുന്നു എന്ന തരത്തിലൊക്കെയുള്ള ഹിന്ദുത്വ പ്രചാരങ്ങൾ വന്നപ്പോൾ അതിനെ കൃത്യവും വസ്തുനിഷ്ഠവുമായി പ്രതിരോധിക്കാൻ തേജസ് പോലുള്ള പത്രങ്ങളേ തയ്യാറായിട്ടുള്ളൂ. മറ്റൊന്ന് ഹാദിയ വിഷയമാണ്. യഥാർത്ഥത്തിൽ ഇസ്ലാമിനോടുള്ള താൽപര്യം കൊണ്ട് മുസ്ലിമായതാണെന്ന് ഹാദിയ തന്നെ പറയുന്നു. എന്നാൽ ആ പെൺകുട്ടിക്കു നേരെ അതിഭീകരമായിട്ടുള്ള കടന്നാക്രമണങ്ങൾ നടന്നപ്പോഴും മുസ്ലിം സമുദായത്തിനകത്തുള്ള പത്രങ്ങൾ പോലും അതിനെ പ്രതിരോധിക്കാനുള്ള യാതൊരു താൽപര്യവും ആരും കാണിച്ചില്ല. ഇത്തരം കാര്യങ്ങളിലൊക്കെ വളരെ ശക്തമായ നിലപാട് സ്വീകരിക്കാൻ തേജസിന് സാധിച്ചിട്ടുണ്ട്.

അതുപോലെ ദളിത് വിഷയത്തിലും തേജസ് വലിയ പ്രാധാന്യമാണ് കൽപ്പിച്ചിരുന്നത്. മുമ്പ് ഡിഎച്ച്ആർഎം പ്രവർത്തകരെയും ദളിത് കോളനികളേയും സിപിഐഎമ്മും ശിവസേനയും വേട്ടയാടിയപ്പോൾ ഇതിനെതിരെ വളരെ ശക്തമായ നിലപാടാണ് തേജസ് സ്വീകരിച്ചത്. ദളിത് വിഭാഗത്തിന്റെ നിലപാടുകൾ തേജസാണ് പൊതുസമൂഹത്തിനു മുന്നിൽ പറഞ്ഞത്. മാത്രമല്ല, പൊലീസിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളും, ന്യൂനപക്ഷ വേട്ടയും കൃത്യമായും നിരന്തരമായും തേജസ് ചൂണ്ടിക്കാട്ടിപ്പോന്നു. മാത്രമല്ല, ഒരു വിഷയം കിട്ടിയാൽ അതിൽ ഭീകരവാദവും തീവ്രവാദവും ചാർത്താൻ മുഖ്യധാരാ പത്രങ്ങൾക്ക് രണ്ടുവട്ടം ആലോചിക്കേണ്ടിവന്നു. ഇത്തരത്തിൽ പൊതുബോധത്തിൽ ഒരു മാറ്റം കൊണ്ടുവരാനും പല വിഷയത്തിലും പലർക്കും പുനരാലോചന നടത്താനും തേജസിന്റെ നിലപാടിന് കഴിഞ്ഞിട്ടുണ്ട്.തേജസ് തുടങ്ങുന്ന സമയത്ത് 2005ൽ മുസ്ലിങ്ങൾക്ക് നാലഞ്ചു പത്രങ്ങളുണ്ട്. എന്നാൽ ഇവയിലൊന്നും ഒരൊറ്റ മുസ്ലിം പെൺകുട്ടികളെ പോലും ഈ സ്ഥാപനങ്ങളിലൊന്നും കാണാൻ കഴിയുമായിരുന്നില്ല. പിന്നെ ഒന്നു രണ്ട് മുസ്ലിം വനിതകൾ ജോലി ചെയ്തിരുന്നത് മറ്റു മാധ്യമങ്ങളിലായിരുന്നു. ഇങ്ങനെ, കേരളത്തിന്റെ ജനസംഖ്യയിൽ ഏകദേശം 30 ശതമാനത്തിൽ താഴെ വരുന്ന ഒരു സമുദായത്തിൽ നിന്നുമുള്ള വനിതാ മാധ്യമപ്രവർത്തകർക്ക് അവസരം ഇല്ലാതിരുന്ന സമയത്ത് അന്നു തുടങ്ങിയ തേജസ് 10-15 മുസ്ലിം പെൺകുട്ടികളെ ജോലിക്കെടുത്തിരുന്നു. അതിനു ശേഷം നിരവധി മുസ്ലിം പെൺകുട്ടികളെ എടുത്തു. അവരൊക്കെ പിന്നീട് മറ്റു പല സ്ഥാപനങ്ങളിലേക്കും പോവുകയും ചെയ്തു. ഇതുപോലെ, ദളിതരായ വനിതാ-പുരുഷ മാധ്യമ പ്രവർത്തകരേയും അന്ന് എവിടെയും കാണുമായിരുന്നില്ല. ദേശാഭിമാനിയിൽ പോലും. എന്നാൽ അന്ന് ഏകദേശം അര ഡസൻ പേരെയെങ്കിലും തേജസിലെടുത്തിരുന്നു. അവരൊക്കെ പിന്നീട് വലിയ വലിയ നിലകളിലെത്തി. പലപ്പോഴും സർക്കാർ ജോലികളിൽ എത്താൻ പോലും അവരെ തേജസിലെ കരിയർ സഹായിച്ചു. ഇങ്ങനെ ന്യൂനപക്ഷ സാമുദായങ്ങൾക്ക് ഒരു തരത്തിലുള്ള ശാക്തീകരണവും സമൂഹത്തിൽ ഒരു മാറ്റവും കൊണ്ടുവരാൻ തേജസിനായി. അതിനി വേറെ പത്രങ്ങളും ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. അപ്പോൾ കേരളത്തിലെ പത്രങ്ങൾക്കിടയിൽ തേജസിന് വലിയൊരു റോളുണ്ടായിരുന്നു/ ഉണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.

2. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തേജസിനോട് സ്വീകരിച്ച സമീപനങ്ങൾ? വേട്ടയാടൽ എങ്ങനെയായിരുന്നു? എന്താണ് അതിനു പിന്നിലുള്ള കാരണം എന്നാണ് തോന്നുന്നത്?

ആദ്യത്തെ ഒന്നു രണ്ടു വർഷം ഇരു സർക്കാരുകളിൽ നിന്നും വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ആദ്യ വർഷം എട്ടുമാസം കഴിഞ്ഞപ്പോൾ തന്നെ കേരള സർക്കാർ പരസ്യം നൽകിത്തുടങ്ങിയിരുന്നു. പിന്നെ പലരുടേയും ധാരണ ഇത് ആറേഴു മാസത്തിനുള്ളിൽ പൂട്ടിപ്പോവും എന്നായിരുന്നു. എന്നോട് ഈ പത്രം തുടങ്ങിയപ്പോൾ തന്നെ പലരും ഇത്തരത്തിൽ പറയുകയും ചെയ്തിരുന്നു. യഥാർത്ഥത്തിൽ ഇത് തങ്ങൾക്കൊരു വലിയ ഭീഷണി ആവുമെന്ന് പലരും വിചാരിച്ചില്ല. ഒരു പത്രം നടത്തുക എന്നത് എളുപ്പമല്ല എന്ന് എല്ലാവർക്കും അറിയാം. അതിനാൽ അത്രയും വലിയ സൗകര്യങ്ങൾ ഉണ്ടാക്കാനുള്ള ശേഷി നമുക്കുണ്ടാവില്ല എന്നാണ് ഇവരൊക്കെ കരുതിയത്. തനിയെ പൂട്ടാൻ പോകുന്ന ഒന്നിനെ നമ്മളായിട്ട് എന്തിന് പൂട്ടിക്കണം എന്നായിരുന്നു ആദ്യത്തെ ഒന്നു രണ്ടു വർഷത്തെ സർക്കാരിന്റേയും മുഖ്യധാരയിലുള്ളവരുടേയും ചിന്ത. എന്നാൽ നാളുകൾ കഴിയുന്തോറും തേജസ് വളരാൻ തുടങ്ങി. എഡിഷനുകളും വായനക്കാരും വർധിക്കാനും തുടങ്ങി. അതോടെയാണ് എതിർപ്പുകളും പത്രത്തെ അടിച്ചമർത്താനുമുള്ള നീക്കങ്ങളും തുടങ്ങുന്നത്. അങ്ങനെ നാലാം വർഷം കേന്ദ്ര സർക്കാരിൽ നിന്നും ഒരു കത്ത് വന്നു. തേജസ് അമേരിക്കയേയും ഇസ്രയേലിനേയും എതിർക്കുന്നു, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പത്രമാണ്, മാത്രമല്ല, ആദിവാസി വിഭാഗങ്ങളുടെ കൂടെയാണ് എന്നു പറഞ്ഞ് തീവ്രവാദ സ്വഭാവമുള്ള പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയവയായിരുന്നു അതിലെ ആരോപണങ്ങൾ. ആഭ്യന്തര മന്ത്രാലയത്തിലെ ജെ എസ് ബവേജ എന്ന ഉദ്യോഗസ്ഥനാണ് കത്തയച്ചത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ പോയി കാണുകയും സത്യാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തതോടെ അദ്ദേഹം പരസ്യം നൽകാൻ സമ്മതിച്ചു. കേരളത്തിൽ നിന്ന് വിവരം പോയതനുസരിച്ചാണ് കേന്ദ്രത്തിൽ നിന്ന് കത്ത് വന്നത്.

അതിനു പിന്നിൽ തേജസിന് തകർക്കുക എന്ന ചില രാഷ്ട്രീയ അജണ്ടകൾ ഉണ്ടായിരുന്നു. തേജസിനെ തകർക്കുക എന്നൊരു ആലോചന അന്നേ തുടങ്ങിയിരുന്നു. അതിനു പിന്നിൽ കേരളത്തിലെ ചില രാഷ്ട്രീയ കക്ഷികളും അതിന്റെ ചില പ്രവർത്തകരുമായിരുന്നു. അന്ന് ഭരിച്ചിരുന്നത് എൽഡിഎഫ് സർക്കാരാണല്ലോ. അതിനു പിന്നാലെയാണ് പെട്ടെന്ന് 2010 മെയ് 24ന് പത്രത്തിന് പരസ്യം നൽകാനാവില്ലെന്ന് അറിയിച്ചത്. അന്ന് രണ്ട് ഫുൾപേജ് പരസ്യം ഉണ്ടായിരുന്നതാണ്. ഇത് വാങ്ങാനായി പിആർഡിയിൽ ചെന്നപ്പോഴാണ് നിങ്ങൾക്കു പരസ്യം തരേണ്ടെന്ന് മുകളിൽ നിന്നും വാക്കാൽ ഓർഡർ ഉണ്ടെന്നറിയിച്ചത്. അന്ന് കോടിയേരിയായിരുന്നു ആഭ്യന്തരമന്ത്രി. അദ്ദേഹത്തിന്റെ വകുപ്പിൽ നിന്നാണ് ആ നിർദേശം പോകുന്നത്. പിന്നീട് കോടിയേരിയെ നേരിൽപ്പോയി കണ്ടപ്പോൾ പരിഗണിക്കാം എന്നു പറഞ്ഞെങ്കിലും പിന്നീട് ഒരു വർഷക്കാലം യാതൊരുവിധ അനുകൂല നടപടിയും ഉണ്ടായില്ല. മാത്രമല്ല, അന്നത്തെ ആഭ്യന്തര സെക്രട്ടറി ജയകുമാർ ഈ പരസ്യനിഷേധത്തിനെതിരായ നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണ്. എന്തെങ്കിലും ആരോപണങ്ങൾ വന്നാൽ അത് നിയമപരമായി അന്വേഷിക്കുക എന്നല്ലാതെ ഇത്തരത്തിൽ പരസ്യം നിഷേധിക്കുന്നത് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണെന്ന് അദ്ദേഹം ഫയലിൽ വ്യക്തമാക്കിയിരുന്നു. ഒരു പോളിസി എന്ന നിലയിൽ അങ്ങനെ ചെയ്യാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത് അവിടെ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും പൊളിറ്റിക്കൽ ഡിസ്കഷൻ എന്ന പേരിൽ എകെജി സെന്ററിലേക്കും പോയി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്തായാലും പരസ്യം തന്നില്ല.അതിനു ശേഷം ഉമ്മൻചാണ്ടി സർക്കാർ വരികയും ആദ്യ ഒരു വർഷം പരസ്യം തരികയും ചെയ്തു. പിന്നീട് ഇന്റലിജൻസ് ഉദ്യോഗസ്ഥർ നിരന്തരമായി പിആർഡിയിലേക്ക് നിരന്തരം തേജസിനെതിരെ റിപ്പോർട്ട് കൊടുക്കുകയും സമ്മർദം ചെലുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നീട് പരസ്യം നിർത്തി. പിന്നീട് താൻ പോയി സംസാരിച്ചപ്പോൾ തന്നു. പിന്നെയും നിർത്തി. അങ്ങനെ മൂന്നുതവണ നിർത്തി. അവസാനം, കേന്ദ്രം പരസ്യം കൊടുക്കുന്നുണ്ടല്ലോ, പിന്നെ സംസ്ഥാനത്തിന് കൊടുത്താലെന്താ എന്ന നിലപാട് സ്വീകരിച്ച ഉമ്മൻചാണ്ടി അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാൽ മൂന്നാം ദിവസം ഇതും നിർത്തിച്ചു. കേന്ദ്ര പരസ്യം തടയണം എന്നാവശ്യപ്പെട്ട് പിന്നീട് ഇവിടെ നിന്നും ഇന്റലിജൻസ് വിഭാഗം കേന്ദ്രത്തിലേക്ക് കത്തയച്ചു. അതോടെ അവിടെ നിന്നുള്ള പരസ്യവും നിർത്തി. ഇതോടെ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെ പോയിക്കണ്ടു. അപ്പോൾ, ഞങ്ങൾക്ക് ഇതിലൊരു പ്രശ്നവുമില്ല, എന്നാൽ കേരളത്തിൽ നിന്നും നിങ്ങൾക്ക് പരസ്യം നൽകരുതെന്ന് നിരന്തരം സമ്മർദം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ഞങ്ങളെന്താണ് ചെയ്യുകയെന്നും അദ്ദേഹം പ്രതികരിച്ചു. അതിനാൽ അത് ആദ്യം തടയൂ എന്നും അദ്ദേഹം പറഞ്ഞു. ഏത് പത്രത്തിനും പരസ്യം നൽകുന്നതിന് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കേരള മുഖ്യമന്ത്രിയേയുമൊക്കെ പോയി കണ്ടെങ്കിലും ഇന്റലിജൻസിന്റെ നിരന്തരം സമ്മർദം മൂലം ഒന്നും നടന്നില്ല. ഇതിനിടെ, ആഭ്യന്തര മന്ത്രിമാരായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനേയും രമേശ് ചെന്നിത്തലയേയുമൊക്കെ പോയിക്കണ്ടെങ്കിലും അവരൊന്നും ഇതിൽ താൽപര്യം കാണിച്ചില്ല. ഇവർക്കൊന്നും ഇതിലൊരു രാഷ്ട്രീയ താൽപര്യം ഉണ്ടെന്ന് അന്ന് തോന്നിയില്ല.

3. ഇത്തരം നിരന്തര സമ്മർദത്തിനു പിന്നിൽ ആരാണ്, ഏതു ശക്തികളാണ് എന്നാണ് തോന്നുന്നത്?

എനിക്കു തോന്നുന്നത്, കൃത്യമായും സംഘപരിവാർ മനോഭാവമുള്ള ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നാണ്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഈ നീക്കങ്ങൾക്കു പിന്നിൽ സിപിഐഎം- ഇടതുപക്ഷ രംഗത്തെ കക്ഷികളാണ്. ഈ രണ്ടു കക്ഷികളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. കോൺഗ്രസുകാർ അവരിലെ ഉദ്യോഗസ്ഥരും അങ്ങനൊരു നീക്കം നടത്തിയിട്ടില്ല എന്നാണ് തോന്നുന്നത്. കോടിയേരിയുടെ കാലത്ത് സിപിഐഎമ്മിലെ ചിലരുടെ താൽപര്യമാണ് അന്നത്തെ ഇന്റലിജൻസിന്റെ നീക്കങ്ങൾക്കു പിന്നിൽ. കോടിയേരി തന്നെ പല സ്ഥലത്തും സമ്മതിച്ചിട്ടുണ്ടല്ലോ തേജസിന് പരസ്യം നിഷേധിച്ചത് തങ്ങളാണെന്ന്. രണ്ടു സർക്കാരിന്റെ കാലത്തും ഈ രണ്ടു ശക്തികളും ഇതിനു പിന്നിൽ പണിയെടുത്തിട്ടുണ്ട്. പല കാര്യങ്ങളിലും ഇവർ പരസ്പര സഹകരണത്തോടെയാണല്ലോ വർക്ക് ചെയ്യുന്നത്. പൊലീസിലും ഇന്റലിജൻസിലും ഇതിനെതിരായി പ്രവർത്തിച്ച പലരും പിന്നീട് പരസ്യമായി സംഘപരിവാർ നിലപാട് പറഞ്ഞവരാണ്. വളരെ ബോധപൂർവമായൊരു ഗൂഡാലോചന ഇതിനു പിന്നിൽ നടന്നിട്ടുണ്ട്.

ആ ഗൂഡാലോചനയ്ക്കു പിന്നിലെ പ്രധാന കാരണമായി ഞാൻ കാണുന്നത് ഇങ്ങനെയൊരു സ്ഥാപനം വളർന്നു വരുന്നതിലെ വിരോധമായിരുന്നു എന്നതാണ്. മുസ്ലിം സമുദായത്തെ സ്വാധീനിക്കുന്നൊരു പത്രമാണ്. അതായത് ന്യൂനപക്ഷ വിഷയത്തിൽ കോംപർമൈസ് ഇല്ലാത്തൊരു സമീപനം സ്വീകരിച്ചതായിരുന്നു. അത് മാത്രമല്ല, ഇവിടെനിന്നും സർക്കാർ വകുപ്പുകളിലേക്ക് ദളിത് വിഭാഗത്തിൽപ്പെട്ടവർ അടക്കമുള്ളവർക്ക് ജോലി കിട്ടാൻ തുടങ്ങി, ആളില്ലാതായതോടെ റിസർവേഷൻ സീറ്റുകൾ ജനറലാക്കിയത് പിന്നീട് നഷ്ടപ്പെടുന്നത് മനസ്സിലാക്കിയുള്ള ഗൂഡാലോചനയും ഇതിനു പിന്നിലുണ്ടെന്ന് ഞാൻ കരുതുന്നു.ഇതു കൂടാതെ പത്രം നേരിട്ട/നേരിടുന്ന മറ്റു സാമ്പത്തിക പ്രതിസന്ധിയെ പറ്റി?

ഇങ്ങനെ പരസ്യങ്ങൾ നിഷേധിച്ചിരുന്നുവെങ്കിലും വലിയ കുഴപ്പമില്ലാതെ പോവുകയായിരുന്നു. കാരണം, സംഘടനാ മെംബർമാരടക്കമുള്ള ആളുകൾ പത്രത്തിനു വേണ്ടി സംഭാവനങ്ങൾ ചെയ്തുപോന്നിരുന്നു. 2010 ൽ 15 ലക്ഷത്തോളമൊക്കെ ഒരു മാസം നഷ്ടം വന്നിരുന്നു. ഇപ്പോഴത് 30 ലക്ഷത്തിന്റെ അടുത്തെത്തി. അന്നത്തേതിനു ശേഷം, പിആർഡി പരസ്യ റേറ്റ് ഉയർത്തുകയും ചെയ്തിരുന്നു. അപ്പോൾ പരസ്യം തുടർന്നിരുന്നെങ്കിൽ ഈ നഷ്ടം നികത്തി പോവാൻ പറ്റുമായിരുന്നു. സർക്കുലേഷൻ വരുമാനം കൃത്യമായി പിരിച്ചെടുക്കുന്നുണ്ട്. ചെറുകിട പത്രമായതിനാൽ വൻകിട കമ്പനികളുടെ പരസ്യം കിട്ടില്ല. ചെറിയ പരസ്യങ്ങളേ കിട്ടൂ. അതിൽതന്നെ, പലരും സർക്കാരിന്റെ ഈ നിലപാടിനെ മുൻനിർത്തി പരസ്യം നൽകാൻ മടിക്കും. ഇതൊന്നുമല്ലാതെ, രണ്ടു മൂന്നു കൊല്ലം മുമ്പ് വന്ന മറ്റൊരു പ്രശ്നമാണ് ഗൾഫ് മേഖലയിലെ നിത്വാഖാത്. അവിടെ നിന്നു സഹായിക്കുന്നവരൊക്കെ സാധാരണ കച്ചവടക്കാരാണ്. ഉദ്യോഗസ്ഥരല്ല. നിത്വാഖാത് വന്നതോടെ പലരുടേയും കച്ചവടം പൊട്ടി. ഇതോടെ, അവിടെനിന്നുള്ള പണത്തിന് വലിയ കുറവ് വന്നു. അതുംകൂടിയായതോടെ മൊത്തത്തിൽ ഡ്രൈ ആയി. മാത്രമല്ല, നിത്വാഖാതിന്റെ പ്രശ്നം മൂലം ഗൾഫ് എഡിഷനുകളെല്ലാം പൂട്ടി. ഇതെല്ലാം കൂടി ചേർന്നതോടെയാണ് തീരെ മുന്നോട്ടുപോകാൻ പറ്റില്ലെന്നുള്ള ഒരു നിലപാട് മാനേജ്മെന്റ് സ്വീകരിച്ചത്. ചെലവ് വളരെ കൂടുകയല്ലേ. പത്രം നടത്തണമെങ്കിൽ ഓരോ കൊല്ലവും സാധനങ്ങളുടെ ചെലവ് കൂടുകയാണ്. സ്റ്റാഫുകളുടെ ശമ്പളം കൂട്ടേണ്ടതുണ്ട്. ന്യൂസ് പ്രിന്റ്, പ്രൊഡക്ഷൻ കോസ്റ്റ് അങ്ങനെ എല്ലാത്തരത്തിലും ബുദ്ധിമുട്ടായി വന്നു. അവർ പറയുന്നതിലും ന്യായമുണ്ട്. കാരണം സാമ്പത്തിക പ്രതിസന്ധി. എന്നാൽ എഡിഷനുകളുടെ എണ്ണം കുറച്ചും ഓഫീസുകളുടെ വലിപ്പം കുറച്ചുമൊക്കെ ചെലവ് കുറച്ച് പത്രം ഇറക്കണം എന്നു തന്നെയായിരുന്നു എന്റെയൊക്കെ അഭിപ്രായം.

4. ഒരേ സമയം പലരുടേയും കണ്ണിലെ കരടാവുകയായിരുന്നു തേജസ്? സംഘപരിവാറിനും ആ മനോഭാവക്കാർക്കുമെതിരെ സ്വീകരിച്ച നിലപാടായിരുന്നു അതിൽ പ്രധാനം?

പലർക്കും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വളരെ നിഷേധാത്മകമായ സമീപനമാണ് സർക്കാരടക്കം സ്വീകരിച്ചത്. പോപുലർ ഫ്രണ്ട് ശരിയല്ലെന്ന് ഇവരൊക്കെ പറയുന്നത്. പോപുലർ ഫ്രണ്ടിനെ തകർക്കാൻ ആണെങ്കിൽ അവരോടല്ലേ യുദ്ധത്തിന് പോവേണ്ടത്, എന്നോട് യുദ്ധത്തിന് വന്നിട്ടെന്താ കാര്യമെന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. വഴിയേ പോകുന്നവരോട് യുദ്ധത്തിന് വന്നിട്ടെന്താണ് കാര്യം. വായനക്കാരിലും തേജസിനെ പിന്തുണയ്ക്കുന്നതിലും പോപുലർ ഫ്രണ്ടുകാരുണ്ട്. എന്നാൽ നിങ്ങൾ ഈ പത്രം എടുത്ത് വായിക്ക്. മലയാളത്തിലുള്ള പത്രമാണല്ലോ. ഇതിൽ എവിടെയെങ്കിലും മോശമായിട്ടൊരു വാക്ക് ഉപയോഗിച്ചിട്ടുണ്ടോ. ഇക്കാര്യം ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരോടും മൂന്ന് പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരോടും ഞാൻ ഈ വിഷയം സംസാരിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിൽ ഞങ്ങളുടെ ഭാഗത്ത് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ കേസെടുക്കാമല്ലോ. അതാണല്ലോ അതിന്റെ ന്യായം. ജയകുമാറും അതു തന്നെയാണ് പറഞ്ഞത്. രാജ്യദ്രോഹമാണെങ്കിൽ നിരന്തരം പത്രത്തിലുള്ളത് വച്ച് ഇവർക്കൊക്കെ കേസ് നടത്താമല്ലോ. എന്നാൽ നടത്തിയിട്ടില്ലല്ലോ. വെറും വ്യാജമായ കാര്യമാണ്.

ഞാൻ പറഞ്ഞു- പോപുലർ ഫ്രണ്ടിനോട് വിരോധമുണ്ടെങ്കിൽ അവരോട് തീർക്കണം. നമ്മളോട് തീർത്തിട്ട് കാര്യമില്ല. പത്ത് നാനൂറ് ജീവനക്കാരുള്ളൊരു സ്ഥാപനമാണിത്. അത് നിങ്ങൾ പരിശോധിക്കണ്ടേ. പോപുലർ ഫ്രണ്ടിൽ മുസ്ലിങ്ങൾ മാത്രമേയുള്ളൂ. മറ്റാരുമില്ല. എന്നാൽ പത്രത്തിൽ ഞാനടക്കമുള്ള എത്രയോ ആളുകൾ മുസ്ലിങ്ങൾ അല്ലാത്തവരുണ്ട്. അന്നത്തെ ഡെൽഹി ബ്യൂറോ ചീഫ് ബിജു എന്നയാളും കോഴിക്കോട് ബ്യൂറോ ചീഫ് ബിജു കുമാറുമായിരുന്നു. കൊച്ചി ബ്യൂറോ ചീഫ് ടോമി മാത്യു എന്നയാളുമായിരുന്നു. ഇങ്ങനെ ഓരോ സ്ഥലത്തും പ്രധാനപ്പെട്ട പദവികളിൽ ഇരിക്കുന്ന ആളുകളെ നോക്ക്. എഡിറ്റോറിയലുമായി ബന്ധപ്പെട്ട ആളുകളെ നോക്ക്. എന്നാൽ ഇതിനൊന്നിനും അവർക്ക് മറുപടിയില്ല. ഇതൊക്കെ ഒരു തരം സാമൂഹിക വിരുദ്ധ സമീപനമായിട്ടാണ് എനിക്കു തോന്നുന്നത്. കാരണം ഇവരുടെ തല ഉയരുന്നതു മൂലമുള്ള പ്രശ്നം. പണ്ടുകാലത്ത് താണ ജാതിക്കാർ സവർണ ജാതിക്കാരെ കാണുമ്പോൾ ചെരുപ്പ് അഴിച്ച് മാറി നിന്നില്ലെങ്കിൽ അടിച്ചോടിക്കും. പണ്ട് അയ്യങ്കാളി വില്ലുവണ്ടിയിൽ പോയപ്പോൾ പോലും ഈ ചൊറിയുണ്ടായി. ആ ചൊറിയാണ് ഇതിനു പിന്നിലുമെന്നാണ് എനിക്കു തോന്നുന്നത്. അതായത് ഇമ്മാതിരി പത്രങ്ങളുടെ തലപ്പത്തൊക്കെ എങ്ങനാണ് ഇവരെപ്പോലുള്ളവർ ഇരിക്കുക എന്ന ചൊറി. ആ ചൊറി അവർക്കുണ്ടെങ്കിൽ നമുക്കെന്താണ് ചെയ്യാൻ പറ്റുക.5. തേജസ് വായനക്കാർക്ക് ഒരുപാട് അവസരങ്ങൾ നൽകുന്നൊരു പത്രമാണ്?

അത് തുടക്കം മുതൽ സ്വീകരിച്ചുവന്നൊരു സമീപനമാണ്. മറ്റു പത്രങ്ങളിലൊക്കെ വായനക്കാരുടെ കത്തുകൾക്ക് സ്ഥലമുണ്ടെങ്കിലും പലപ്പോഴും ഒരു കത്ത് പോലും ഉണ്ടാവില്ല. വായനക്കാരെന്നു പറയുന്നത് ജനങ്ങളാണ്. അവർക്ക് അഭിപ്രായം പറയാനുള്ള അവസരം നമ്മൾ കൊടുക്കണം. മാത്രമല്ല നമ്മുടെ ന്യൂസുകളെ പറ്റിയും മറ്റു വിഷയങ്ങളെ പറ്റിയും അവർ എന്തു ചിന്തിക്കുന്നു എന്നറിയുന്നത് കത്തുകളിലൂടെയാണ്. അപ്പോൾ അതിനു കൂടുതൽ സ്പേസ് കൊടുക്കുക. അതിനു കുറച്ചുകൂടി നല്ലയിടം എഡിറ്റോറിയൽ എന്നതാണ്. അങ്ങനെയൊണ് ഞായറാഴ്ചത്തെ എഡിറ്റോറിയൽ കൂടി വായനക്കാർക്കായി മാറ്റിവച്ചത്. സമൂഹത്തിലെ വിവിധ കാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ എന്താണെന്ന് പ്രതിഫലിപ്പിക്കണം എന്നത് ഞങ്ങളുടെ ആദ്യം മുതലുള്ള ആവശ്യമായിരുന്നു. ഇപ്പോഴും അത് തുടരുന്നു. ഇപ്പോഴും മറ്റേതു പത്രത്തേക്കാളും വായനക്കാരന് പ്രാതിനിധ്യം കൊടുക്കുന്നൊരു പത്രമാണ് തേജസ്. എല്ലാവരുടേയും- അത് ഇടതുപക്ഷക്കാരുടേയും കോൺഗ്രസുകാരുടേയും പോപുലർ ഫ്രണ്ടുകാരുടേയുമൊക്കെ- ലേഖനങ്ങൾക്ക് അവസരം കൊടുക്കാറുണ്ട്.

6. അതുപോലെ തന്നെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫർക്ക് അവസരം നൽകിയത് തേജസാണല്ലോ?

അതെ, തിരുവനന്തപുരത്തുള്ള യു എസ് രാഖി. കേരളത്തിലെ ആദ്യത്തെ പത്ര വനിതാ ഫോട്ടോഗ്രാഫറായിരുന്നു. ഇപ്പോഴും അവർ തേജസിലുണ്ട്. കൂടാതെ, മുസ്ലിം- ദളിത് വിഭാഗത്തിൽ നിന്നുള്ളവർക്കും അവരിലെ വനിതകൾക്കും നൽകിയ പ്രാതിനിധ്യവും എടുത്തു പറയേണ്ടതാണ്. ഇപ്പോഴും നിരവധി പേരുണ്ട്.

7. എന്തുകൊണ്ടാണ് ഇന്റലിജൻസും സർക്കാരുകളും തേജസിനെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്നതെന്നാണ് തോന്നുന്നത്?

സമ്മർദം ഉപയോഗിച്ച് പത്രത്തെ കീഴടക്കാമെന്ന് ചിലർ തെറ്റിദ്ധരിച്ചു. സാന്ദർഭികമായി നോക്കിയാൽ, ഈ സമ്മർദ തന്ത്രത്തിന്റെ ഉത്ഭവം ഫസൽ വധക്കേസുമായി ബന്ധപ്പെട്ടാണ്. ഡിവൈഎഫ്ഐ വിട്ട് എൻഡിഎഫിൽ ചേർന്ന ഫസൽ തേജസിന്റെ ഏജന്റായിരുന്നു. ആ കേസിൽ വളരെ ശക്തമായ നിലപാട് തേജസ് സ്വീകരിച്ചിരുന്നു. നമ്മുടെ ഒരാളാണ് കൊല്ലപ്പെട്ടത് എന്നതുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തെ പിന്തുണച്ചിരുന്നു. ആ കേസിനു പിന്നിൽ ആദ്യം ആർഎസ്എസാണെന്നു പറയുകയും പിന്നീട് നടന്ന അന്വേഷണത്തിൽ സിപിഐഎമ്മിലെ വളരെ പ്രധാനപ്പെട്ട നേതാക്കളിലേക്ക് അതെത്തി. അതുകൊണ്ട് ഒരു സമ്മർദ തന്ത്രം ഉപയോഗിച്ച് നമ്മളെ തകർക്കാനുള്ള നീക്കം തുടങ്ങുകയായിരുന്നു എന്നൊരു ആരോപണം നിലനിൽക്കുന്നുണ്ട്. കാരണം ആ കേസ് നിലനിൽക്കുന്ന സമയത്താണ് അന്നത്തെ സർക്കാർ നിങ്ങൾക്ക് ഇനി പരസ്യം നൽകാനാവില്ലെന്ന് കണിശമായി പറയുന്നത്. ഒരു പക്ഷേ പേടിപ്പിക്കാം, അല്ലെങ്കിൽ ഇതുവച്ച് സമ്മർദം ചെലുത്തി ഇല്ലാതാക്കാം എന്നൊരു ഉദ്ദേശമുണ്ടായിരിക്കും. പീന്നീടൊക്കെയും ഇതേ തന്ത്രമാണ് അവർ പ്രയോഗിച്ചത്. എന്നാൽ യുഡിഎഫിന്റെ കാര്യത്തിൽ അങ്ങനെയല്ല. അവിടെ ഇന്റലിജൻസിലെ സംഘപരിവാർ മനസുള്ളവരായിരുന്നു ഇതിനു പിന്നിൽ. ഈ കോൺഗ്രസിന്റെ ഒരു പ്രശ്നം എന്തെന്നാൽ ഇവരിൽ പലരും ആർഎസ്എസ് മൈൻഡുള്ളവരാണ് എന്നതാണ്. യഥാർത്ഥത്തിൽ ചെന്നിത്തല, തിരുവഞ്ചൂർ എന്നിവരെ പോലെയുള്ളവർ താഴേക്കിടയിലുള്ള ജനങ്ങളുടെ കാര്യത്തിൽ വളരെ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. വല്ലാത്തൊരു സവർണ മനോഭാവം അവരുടെയുള്ളിൽ ഉണ്ട്. അതായത് ചെയ്യാമെന്ന് പറഞ്ഞിട്ട് ചെയ്യാതിരിക്കുക. സഹായിക്കാമെന്ന് പറഞ്ഞിട്ട് സഹായിക്കാതിരിക്കുക. കൂടെ പരമാവാധി ഉപദ്രവിക്കാൻ ശ്രമിക്കുക. ഈ വേലത്തരമാണ് അവർ നമ്മളോട് ചെയ്തത്.പലതവണ നേരിൽപ്പോയി കണ്ടിട്ടും ഇവരൊന്നും ഈ വിഷയം പരിഹരിക്കാൻ വേണ്ട ശ്രമങ്ങൾ നടത്തിയിട്ടില്ല. ഉദ്യോഗസ്ഥരുടെ വിളയാട്ടത്തിന് നിന്നുകൊടുക്കുക എന്നതായിരുന്നു ഇവരുടെ സമീപനം. ആകെ ഇക്കാര്യത്തിൽ ഒരു വ്യത്യാസം കണ്ടത് ഉമ്മൻചാണ്ടി മാത്രമാണ്. ഈ വിഷയം പഠിച്ചിട്ട് ന്യായമായൊരു തീരുമാനം എടുക്കാൻ ശ്രമിച്ചിട്ടുള്ളത് അദ്ദേഹം മാത്രമാണ്. എന്നാൽ ആഭ്യന്തര വകുപ്പിന്റെ നിരന്തര സമ്മർദം മൂലം അതും പിൻവലിക്കേണ്ടിവന്നു. ചെന്നിത്തല പല വട്ടമാണ് തന്നെയിട്ടു വട്ടുകളിപ്പിച്ചത്. പദവി ഒഴിയുംമുമ്പ് ഈ പ്രശ്നം പരിഹരിക്കുമെന്നായിരുന്നു ചെന്നിത്തല ഒരിക്കൽ പറഞ്ഞത്. പിന്നെയൊരു വിവരവുമില്ല. കോൺഗ്രസുകാരിൽ ഉമ്മൻചാണ്ടി ഒഴികെയുള്ള എല്ലാവരും ഈ ആത്മാർത്ഥ ഇല്ലായ്മയാണ് കാണിച്ചത്. ഇതിനിടെ പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനേയും നിയമസഭയിൽ പോയിക്കണ്ടിരുന്നു. അദ്ദേഹവും ശരിയാക്കാം, പരിഗണിക്കാം എന്നു പറഞ്ഞതല്ലാതെ ഇതുവരെ നടപടിയൊന്നും ആയില്ല. ഇതിനിടയ്ക്കു രമേശ് ചെന്നിത്തല നടന്നുവരുന്നതു കണ്ടു. എന്താണ് ഇവിടെ നിൽക്കുന്നത് അദ്ദേഹം എന്നോടു ചോദിച്ചു. പതിവു കാര്യത്തിനു തന്നെ എന്ന് മറുപടി കൊടുത്തതോടെ ഉടൻ അദ്ദേഹം അവിടെന്ന് മുങ്ങി. ഇതൊരു കടുത്ത മര്യാദകേടാണ്. നേതാക്കളാണെങ്കിൽ കുറച്ചൊക്കെ ആത്മാർത്ഥത വേണം. ഒന്നല്ലെങ്കിൽ പറഞ്ഞ വാക്ക് പാലിക്കണം, അല്ലെങ്കിൽ വാഗ്ദാനം കൊടുക്കരുത്. നിങ്ങളെ ഉന്മൂലനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് എന്നങ്ങ് ക്ലിയറായി പറഞ്ഞാൽ പോരേ. എന്തായാലും ഇവരൊക്കെ വലിയ ദുരന്തമാണ്. പാവപ്പെട്ട പത്ത് നാനൂറോളം കുടുംബങ്ങളെയാണ് ഇവർ വേട്ടയാടുന്നത്. അങ്ങനൊരു സ്ഥാപനത്തെ തകർക്കുന്നത് എന്തൊരു മര്യാദകേടാണ്.

8. ഇന്ത്യയെ പോലൊരു ജനാധിപത്യമെന്ന് പറയുന്ന രാജ്യത്ത് പത്ര സ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലുകളേയും പരസ്യം നിഷേധിക്കലുകളേയും കുറിച്ച്?

ഇത് യഥാർത്ഥത്തിൽ നമ്മുടെ സമൂഹത്തിലെ വളരെ അപകടം പിടിച്ചൊരു ട്രെൻഡാണ്. ജനാധിപത്യം എന്നത് വളരെ ഇൻക്ലുസീവ് ട്രെൻഡാണ്. എല്ലാവിധ ആളുകളേയും നമ്മൾ ഉൾക്കൊള്ളണം. എല്ലാവിഭാഗം ആളുകൾക്കും പറയാനുള്ള അവസരം കൊടുക്കണം. അപ്പോൾ പറയാനുള്ള കാര്യങ്ങളിൽ ഒന്നാണ് ഈ മാധ്യമങ്ങൾ. അപ്പോൾ അവർക്ക് പറയാനുള്ളത് അവസരം കൊടുക്കാതിരിക്കുക, തെരഞ്ഞുപിടിച്ച് ആക്രമിച്ച് തകർക്കാൻ ശ്രമിക്കുക ഇതൊന്നും ജനാധിപത്യത്തിന് നല്ലതല്ല. ജനാധിപത്യത്തിൽ ജനങ്ങൾക്ക് പറയാനുള്ള സൗകര്യം കൊടുക്കണം. അവർക്ക് ഭക്ഷണം കൊടുത്തില്ലെങ്കിലും വായ തുറന്ന് പറയാനുള്ള അവസരം കൊടുക്കണം. എല്ലാവർക്കും സമ്മർദം ഉണ്ടാവും. പക്ഷേ വഴങ്ങിക്കൊടുക്കുന്നതിന് അനുസരിച്ച് നിലനിൽപ്പിനുള്ള അവസരം കൂടും. തേജസ് ഒരിക്കലും ഇവരുടെ സ്ഥാപിത താൽപര്യങ്ങൾക്ക് വഴങ്ങിയിട്ടില്ല. ഇപ്പോൾ എൻഡിടിവിക്കെതിരെ കേസുകളും ഭീഷണികളുമൊക്കെ നടക്കുകയാണ്. ഇത്തരം ഭീഷണികൾ വ്യാപിച്ചുവരികയാണ്. അത് കേരളത്തിലും വരാൻ പോകുന്നതിന്റെ തുടർച്ചയായാണ് ഞാനിതിനെ കാണുന്നത്.

9. തേജസ് പൂട്ടുമ്പോൾ മനസ്സിനകത്ത് കൈയടിക്കുന്ന ഒരുപാട് പേരുണ്ട്. സമുദായത്തിന് അകത്തുതന്നെ അത്തരം നിലപാടുകൾ കാണാം. മാത്രമല്ല, സർക്കാർ പരസ്യം കൊണ്ടു മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളോ എന്നുള്ള ചോദ്യവും പലരും ചോദിച്ചുകണ്ടു?

മുസ്ലിം സമുദായത്തിനകത്തും നിന്നും ഇത്തരം നിലപാടുകൾ വരുന്നത് പ്രാസ്ഥാനികമായ ഭിന്നതകളുടെ അടിസ്ഥാനത്തിൽ ആയിരിക്കാം. ഇതെല്ലാം മൂക്ക് മുറിച്ച് ശകുനം മുടക്കുക എന്നതുപോലുള്ളൊരു പരിപാടിയാണ്. അഭിപ്രായ വ്യത്യാസങ്ങൾ ആന്തരികമായി പറഞ്ഞുതീർക്കേണ്ടതാണ്. അതിന് സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് നല്ലതല്ല. അത് ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടൊരു വിദ്യാഭ്യാസ മാധ്യമമാണ് ഒരു പത്രം. മീഡിയ ഒരു സമൂഹത്തെ വിദ്യാഭ്യാസവൽക്കരിക്കുകയാണ്. അറിവു നൽകുകയാണ്. മനുഷ്യനെ കൂടുതൽ വിവരമുള്ളവനാക്കുകയാണ്. അപ്പോൾ അത്തരമൊരു പത്രം പൂട്ടിപ്പോവുന്നതിലൂടെ സമുദായത്തിനോ രാജ്യത്തിനോ ഗുണമുണ്ടാകുമെന്ന് കരുതുന്നവരെ വിവരദോഷികൾ എന്നേ വിളിക്കാനാവൂ.മറ്റൊന്ന്, സർക്കാരിന്റെ പരസ്യം കൊണ്ടുമാത്രമേ പത്രം നടത്താൻ പറ്റൂ എന്ന് നമ്മളാരും ഏറ്റിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടുമില്ല. പക്ഷേ, സർക്കാരിന്റെ പരസ്യം എന്നത് മാതൃഭൂമിക്കും മനോരമയ്ക്കും ഹിന്ദുവിനും മാത്രം കൊടുക്കാൻ ഉള്ളതല്ല. ഇവിടെ നാട്ടിലുള്ള മനുഷ്യർ കൊടുക്കുന്ന നികുതിപ്പണമാണ് ബജറ്റ് പ്രകാരം പിആർഡി പരസ്യത്തിലൂടെ വരുന്നത്. സർക്കാരിന്റെ പൈസ അവർ നാട്ടുകാരിൽ നിന്നും പിരിക്കുന്ന നികുതിയാണ്. നികുതി കൊടുക്കുന്ന എല്ലാവിഭാഗം ജനങ്ങൾക്കും ആ നികുതിയിൽ നിന്ന് പങ്കു പറ്റാനുള്ള അവകാശവും ഉണ്ട്. നമ്മൾ കൊടുക്കുന്ന പണം നമുക്ക് കിട്ടാൻ അർഹതയുണ്ട്. നമുക്ക് മാത്രം തരില്ല എന്നു പറയുന്നതിന്റെ അർത്ഥമെന്താണ്. തേജസിന്റെ വായനക്കാരും ഈ നികുതി കൊടുക്കുന്നില്ലേ. അപ്പോൾ നമ്മുടെ സ്ഥാപനത്തിന് മാത്രം തരാൻ പറ്റില്ലെന്ന് പറയുന്നതിന്റെ ന്യായം എന്താണ്. അതായത് ഔദാര്യമല്ല, അവകാശമാണ്.

മാത്രമല്ല, പ്രാദേശികഭാഷാ പത്രങ്ങൾക്ക്, ചെറുകിട പത്രങ്ങൾക്ക്, ദുർബല വിഭാഗങ്ങളുടെ പത്രങ്ങൾക്ക് പരമാവധി സഹായം കൊടുക്കണം എന്നതാണ് കേന്ദ്ര സർക്കാരിന്റെ പോളിസി. ആ നിലപാട് കേരളത്തിനും ബാധകമാണ്. ഇവിടെയുള്ള പ്രാദേശിക, ചെറുകിട പത്രങ്ങൾ പരമാവധി പരസ്യം നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. അതിനു പകരം 'ഹിന്ദു' പത്രത്തിന് 100 ശതമാനവും കാര്‍ഡ് റേറ്റില്‍ തന്നെയാണ് സര്‍ക്കാര്‍ പരസ്യം നല്‍കുന്നത്. വേറെ ചിലര്‍ക്ക് കാര്‍ഡ് റേറ്റില്‍ നിന്ന് 100 രൂപ ഉണ്ടെങ്കിലും 30ഉം 40ഉം രൂപ വച്ചേ കിട്ടുകയുള്ളൂ. ബാക്കി 60ഉം 70ഉം ശതമാനം വരെ കുറച്ചാണ് കൊടുക്കുന്നത്. അപ്പോൾ അങ്ങനെയുള്ള വിവേചനം അവിടെയുണ്ട്. കാര്‍ഡ് റേറ്റ് ഒന്നും കിട്ടിയില്ലെങ്കിലും 30ഓ 40ഓ ശതമാനം കുറച്ചുള്ള തുക കിട്ടിയിരുന്നെങ്കില്‍ ഇന്ന് പത്രം അടച്ചുപൂട്ടേണ്ടി വരില്ലായിരുന്നു. അപ്പോൾ അതിൽ നമ്മളെ മാത്രമാണ് പുറത്തുനിർത്തിയത്. എത്ര പത്രം ഈ നാട്ടിലുണ്ട്. അതിൽ എത്ര പത്രങ്ങൾ പത്തു കോപ്പിയെങ്കിലും ഈ നാട്ടിൽ കാണുന്നുണ്ട്. ഇവിടെയുള്ള പല പത്രങ്ങളും പാത്രങ്ങളാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞിട്ടുണ്ട്. അതായത്, അത് സർക്കാരിന്റെ പരസ്യത്തുക വാങ്ങാനുള്ള പാത്രം മാത്രമാണ്. അങ്ങനെയുള്ള നിരവധി പത്രങ്ങളുണ്ടായിരിക്കെ ഇത്രയേറെ വരിക്കാരുള്ള ഒരു പത്രത്തോടു മാത്രം ഇങ്ങനെ വിവേചനം കാണിക്കുന്നതിൽ എന്തു ന്യായമാണുള്ളത്. അതിലാരെങ്കിലും സന്തോഷിക്കുന്നുണ്ടെങ്കിലും ഒന്നും പറയാനില്ല. അവർ സന്തോഷിക്കട്ടെ.

10. ത്രിപുരയിൽ ബിജെപി സർക്കാർ ഇടതുപക്ഷത്തിന്റെ പത്രത്തിന് നിരോധനം ഏർപ്പെടുത്തുകയും പിന്നീട് ആ നടപടി ഹൈക്കോടതി പിൻവലിക്കുകയും ചെയ്തിരുന്നു. ഇതേ ഇടതുപക്ഷമാണ് ഇവിടെ ഒരു ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന പത്രത്തിനു നേരെ അതേ നിലപാട് സ്വീകരിക്കുന്നത് എന്നു തോന്നിയിട്ടില്ലേ?

ത്രിപുരയിൽ സംഭവിക്കുന്നത് എല്ലാവരും മനസ്സിലാക്കേണ്ട ഒന്നാണ്. കേന്ദ്രം ഭരിക്കുന്നത് ഇടതുപക്ഷമല്ല, സംഘപരിവാറാണ് എന്നത് കേരളത്തിലെ സർക്കാർ മനസ്സിലാക്കേണ്ടതാണ്. ഒരു ആർഎസ്എസുകാരനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. കേരളത്തിൽ അധികാരം ഉണ്ടെന്നുള്ളതു കൊണ്ട്, ഇവിടെയുള്ള സംഘപരിവാര വിരുദ്ധരായിട്ടുള്ള ശക്തമായ ജനാധിപത്യ വിശ്വാസികളായ ആളുകളെ ഇല്ലായ്മ ചെയ്താൽ ആരെയാണ് അവർ ജയിപ്പിക്കുന്നതെന്ന് ആലോചിക്കണം. 2019 ൽ തെരഞ്ഞെടുപ്പ് വരാൻ പോവുന്നു. അതിൽ മോദിക്കും സംഘപരിവാറിനുമെതിരെ ശക്തമായ നീക്കം നടത്തണമെങ്കിൽ ശക്തി വേണം. അതിന് എല്ലാ വിഭാഗങ്ങളും വേണം. പത്രം വേണം. ആർഎസ്എസിന്റെ നിലപാടിനെ എതിർക്കുന്ന എല്ലാ ആളുകളും ഒന്നിച്ചു നിൽക്കേണ്ട സമയമാണ്. ഈ സമയം, അത്തരം നിലപാടെടുക്കുന്നവരെ തന്നെ കട്ട് ചെയ്ത് കളയുന്നത് എത്രത്തോളം അപകടമാണെന്ന് ഇവർ മനസ്സിലാക്കണം. നാളെയിപ്പോൾ കേരളത്തിൽ ഇവരുടെ അവസ്ഥയെന്തായിരിക്കുമെന്ന് അറിയില്ല. ബംഗാളിലും ത്രിപുരയിലും പോയി. കേരളത്തിൽ എത്രകാലം പിടിച്ചുനിൽക്കാൻ പറ്റും. അപ്പോൾ സ്വാഭാവികമായി ഞങ്ങളുടെ പോലുള്ള ആളുകളെ പിന്തുണ കൂടി ഇവർക്ക് വേണ്ടിവരും.

അടുത്ത പേജിനായി താഴെയുള്ള 2-ൽ ക്ലിക്ക് ചെയ്യുക...