ശബരിമലയിൽ വളർത്തച്ഛന്റെ കുടുംബക്കാർക്ക് പരിഗണന; അച്ഛന്റെ കുടുംബക്കാരെ ആട്ടി ഓടിക്കുകയാണ്

ശബരിമലയിൽ കാട്ടിൽ ഒരിടത്ത്- സ്ഥലം ഞാൻ പറയുന്നില്ല. സ്ഥലം അറിഞ്ഞാൽ അവരെല്ലാം എല്ലാം കൂടി ജെസിബിക്ക് വാരി കൊണ്ടുപോയി കളയും. അവിടുത്തെ ക്ഷേത്രത്തിന്റെ രണ്ടു ശില്പങ്ങൾ ഇരിപ്പുണ്ട്. അത് അവർ പുനഃപ്രതിഷ്ഠയുടെ ഭാഗമായി എടുത്തു കളഞ്ഞതാണ്- ഐക്യ മലയരയ മഹാസഭ ജനറൽ സെക്രട്ടറി പികെ സജീവുമായി അഭിമുഖം

ശബരിമലയിൽ വളർത്തച്ഛന്റെ കുടുംബക്കാർക്ക് പരിഗണന; അച്ഛന്റെ കുടുംബക്കാരെ ആട്ടി ഓടിക്കുകയാണ്


പി.കെ സജീവ്/ കെ.കെ സിസിലുപ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ സന്ദർശനം നടത്താമെന്ന സുപ്രീം കോടതി വിധി വരുകയും അതുമായി ബന്ധപ്പെട്ടു കൊണ്ടു ശബരിമലയിൽ ഒരു കലാപാന്തരീക്ഷം നിലനിൽക്കുകയും ചെയ്യുകയാണ്. ഇത്തരമൊരു പശ്ചാത്തലത്തിൽ ശബരിമലയും ആചാരവും അയ്യപ്പന്റെ അവകാശവും ചർച്ച ചെയ്യപ്പെടുകയാണ്. എന്താണ് ചരിത്രം? ഒരു ജനത എന്നനിലയിൽ മലയരയ സമൂഹം എങ്ങനെയാണ് ഇതിനെ നോക്കികാണുന്നത്?

ബിസി 565 മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ കന്യാകുമാരി മുതൽ കേരളത്തിലെ പല സ്ഥലങ്ങളും ഭരിച്ചിട്ടുണ്ട്. ഏകദേശം 1200ഓളം വർഷത്തോളം ഭരിച്ചിട്ടുണ്ട്. അതിന്റെ ശേഷിപ്പുകളാണ് ശബരിമല, പൊന്നമ്പലമേട് കരിമല, 18 മലകൾ, ക്ഷേത്രങ്ങൾ എല്ലാം എന്ന ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഞാൻ അയ്യപ്പ ക്ഷേത്രത്തിന്റെ ചരിത്ര വിശദീകരണം നടത്തുന്നത്. ഇംഗ്ലീഷുകാർ ഇന്ത്യ ഭരിക്കുമ്പോഴാണ് സിന്ധു നദീതട സംസ്കാര ഗവേഷണം നടക്കുന്നത്. അപ്പോൾ ഇൻഡസ് വാലി സിവിലൈസേഷന് 5000 വർഷം പഴക്കമുണ്ടെന്ന് ജോൺ മാർഷൽ ഗവേഷണം നടത്തി കൊണ്ട് മാത്രമാണ് കണ്ടെത്തുന്നത്. വേറെയാരും ഗവേഷണം നടത്തിയാലും അത് കണ്ടെത്തുമെന്ന് തോന്നുന്നില്ല. കാരണം അവർക്കൊക്കെ മുൻവിധികൾ ഉണ്ടായിരുന്നു. നമ്മുടെ രാജ്യത്തുള്ള സംസ്കാരം ഇവിടെ നിന്നാൽ മതി ഇതിനപ്പുറത്തേക്ക് പോയാൽ അത് മറ്റു പലരുടെയും സംസ്കാരമായി മാറിപ്പോകും മാറി മറിയപ്പെടും എന്നുവരികിൽ. സിന്ധു നദീതട സംസ്കാരം എന്ന് പറയുന്നത് ഒരു ദ്രാവിഡ സംസ്കാരമാണ് എന്നുള്ളതാണല്ലോ കണ്ടെത്തുന്നത്. അങ്ങനെയൊക്കെയുള്ള ചില പ്രശ്നങ്ങളുണ്ട്. ഇങ്ങനെയുള്ള ചില ആളുകളുടെ പറച്ചിലുകളിൽ മാത്രമായിട്ട്‌ നമുക്ക് ഡിഫെൻഡ് ചെയ്യാൻ പറ്റില്ല.

ശബരിമലയിലെ അവസാനത്തെ പൂജാരിയുടെ പേര് കൊണ്ടുകുത്തി കൊച്ചുരാമൻ എന്ന ആളാണ്. അദ്ദേഹത്തിൻറെ പെങ്ങളുടെ മകളുടെ മകളെ , മകളുടെ പേര് കല്യാണി കല്യാണിയുടെ മകൻ ബാലകൃഷ്ണൻ . ബാലകൃഷ്ണൻ അവിടെ ഒരു ബിസിനസ് നടത്തുന്നുണ്ട്. ഒരു തുണിക്കട. ബാലകൃഷ്ണ നെ എനിക്ക് വർഷങ്ങളായി അറിയാം. ബാലകൃഷ്ണൻ അമ്മയുടെ അമ്മയുടെ... അങ്ങനെ അങ്ങ് പോകൂലോ,കൊച്ചുരാമനിലെയ്ക്ക് പോകുമ്പോൾ. അദ്ദേഹം ശബരിമലയിലെ പൂജാരിയായിരുന്നു. അങ്ങനെയാണ് ഞാൻ അതിനെ ഒരു ബന്ധവും ചരിത്ര വക കണ്ടെത്തി മാധ്യമങ്ങളോട് സംസാരിക്കുന്നത്. മിത്തുണ്ട്, മിത്തിനെ അല്ലെങ്കിൽ വിശ്വാസത്തിനെ അങ്ങനെ നിലനിർത്തിക്കൊണ്ട് കൊണ്ട് തന്നെയാണ് ഞാൻ ആ സംസാരിക്കുകയും ചെയ്യുന്നത്. അതിനകത്ത് എഴുതുന്ന ആളുകൾ യുക്തിവാദി ആണെങ്കിൽ അവർക്ക് യുക്തിപരമായ കാര്യങ്ങൾ എഴുതാം.ശാസ്ത്രീയമായ കാര്യങ്ങളാണെങ്കിൽ ശാസ്ത്രീയമായ കാര്യങ്ങൾ എഴുതാം. വിശ്വാസം വിട്ടേക്കുകയും ചെയ്യാം. അപ്പോൾ പൂർണമായ ഒരു ചരിത്രം ഉരുത്തിരിഞ്ഞു വരികയും ചെയ്യും.

ശബരിമല, പൊന്നമ്പലമേട്,കരിമല ഇതിൻറെ പ്രാന്തപ്രദേശങ്ങളിൽ എല്ലാം വന്നിട്ടുള്ള പല പ്രാവശ്യവും ഘട്ടങ്ങളായി അവിടുന്ന് കുടിയൊഴിപ്പിക്കപ്പെട്ടിട്ടുള്ള ,ആളുകളാണ് താഴ്ന്ന തലങ്ങളിലേക്ക് വന്നിട്ടുള്ളത്. താളനാനി അരയനെ കുറിച്ച് പറഞ്ഞിരിക്കുന്നത്, സാമുവൽ മറ്റീർ 1883 ല്‍ ലണ്ടനിൽനിന്നും പ്രസിദ്ധീകരിച്ച പുസ്തകമാണ് എന്നോർക്കണം. അത്തരത്തിൽ ഒരു പുസ്തകം,നേറ്റീവ് ലൈഫ് ഓഫ് ട്രാവൻകൂർ എന്ന പുസ്തകം എഴുതണമെങ്കിൽ അദ്ദേഹം ഒരു പതിനഞ്ച് വർഷമെങ്കിലും എടുത്തിട്ടുണ്ടാവുംഎന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്നത്തെ ആധുനികമായി സംവിധാനങ്ങൾ ഒന്നും അന്നില്ലല്ലോ. 1875 ലെ സെൻസസ് ഒക്കെ ഇതിനകത്ത് പറയുന്നുണ്ട്. ആ പുസ്തകത്തിൻറെ എഴുപത്തിയാറാം പേജിൽ പറയുന്നത് ഇംഗ്ലീഷ് വായിക്കാൻ അറിയുന്ന ആളുകൾക്ക് നോക്കിയാലറിയാം. എഴുപത്തിയാറാം പേജിൻറെ അവസാനം - "Thalanani was a priest or Oracle revealer of Sabarimala temple"- എന്നാണ് പറയുന്നത്.Priest or oracle revealer - പുരോഹിതനൊ വെളിച്ചപ്പടോ ആയിരുന്നു താളനാനി അരയൻ എന്നാണല്ലോ അതിൻറെ അർത്ഥം.

പിന്നെ അതിനു കഴിഞ്ഞുള്ള തലമുറകളെ കുറിച്ച് ചോദിച്ചാൽ, കൊമ്പുകുത്തി കൊച്ചു കാവ് പിന്നെ കോർമ്മൻ. അതിനു മുമ്പുണ്ടായിരുന്നത് കോർമ്മൻ എന്ന് പറയുന്ന പൂജാരിയായിരുന്നു. കോർമ്മന്റെ തലമുറയിൽപ്പെട്ട ആള് ആദിത്യൻ അഞ്ചുവർഷം മുമ്പാണ്, 100 -110 വയസ്സ് വരെ അദ്ദേഹം ജീവിച്ചിരുന്നു. ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടായിരുന്നു. തൊടുപുഴയ്ക്കടുത്താണ് അദ്ദേഹം ജീവിച്ചിരുന്നത്. ഞാന് ഇവരെയൊക്കെ കണ്ടിട്ടുണ്ട്. ഇവരൊക്കെ നല്ല വെളുത്തിട്ടുള്ള ആളുകളാണ്. അതും സാമുവൽ മറ്റീർ പറഞ്ഞിട്ടുണ്ട് "malayarar community is as fair as higher caste". പക്ഷേ ഇതിൽ ചില ആളുകൾ കറുത്ത നിറം ഉള്ളവരാണെങ്കിലും കാലാവസ്ഥയിലും കഷ്ടപ്പാടിലും ആണ് കുറച്ചാളുകൾ ഇങ്ങനെ കാണപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതാണ് ഞാൻ കറുപ്പിനെയും വെളുപ്പിനെയും പറഞ്ഞതല്ല.

അതുപോലെ തന്നെ അയ്യങ്കാളി എന്ന് പറയുന്നത്. അച്ഛന്റെയും അമ്മയുടെയും പേര് ചേർത്തതാണ്. അച്ഛന്റെ പേര് അയ്യൻ എന്നും അമ്മയുടെ പേര് കാളി എന്നുമാണ്. ഇപ്പോഴാ പേരില്ലെങ്കിലും കാളി എന്നു പറയുന്നത് ദേവിയാണ്. അത് ഈ രാജ്യത്തിന്റെ നേരവകാശികൾ ആയിരുന്ന ആളുകളുടെ, അവരുടെ പൂർവ്വപിതാക്കന്മാർ ഉപയോഗിച്ചുകൊണ്ടിരുന്ന ഭാഷയിൽ നിന്നാണ് ഈ പേര് രൂപപ്പെട്ടത്. അപ്പോൾ ഭാഷാപരമായി നോക്കുമ്പോൾ അയ്യപ്പൻ എന്നു പറയുന്നത്, അത്തരത്തിലുള്ള പേരു രൂപപ്പെട്ടതും ദൈവതുല്യനായി രൂപപ്പെട്ടതും അങ്ങനെയാണ്. അയ്യപ്പൻ എന്ന പേരിൽ നമ്പൂതിരിമാർ ഇല്ല. തന്ത്രി കുടുംബത്തിൽ തന്നെ അയ്യപ്പൻ എന്ന പേരുള്ള ആളുകളാരും ഇല്ലെന്നാണ് ഞാൻ മനസ്സിലാക്കിയത്. തന്ത്രി കുടുംബം 116 വർഷമായി അവിടെ പൂജ നടത്താൻ തുടങ്ങിയിട്ട്. അവരൊക്കെ അവിടെ അവിടെയുള്ള വരുമാനം കൊണ്ട് പണവും പ്രശസ്തിയും ഉണ്ടായ കുടുംബമാണ്. മാർക്സിസത്തിലൊക്കെ വിശ്വസിക്കുന്ന ആളുകൾ ലെനിൻ എന്നൊക്കെ അവരുടെ മക്കൾക്ക് പേരിടുന്നതായി ഞങ്ങളുടെ നാട്ടിൽ ഞാൻ കണ്ടിട്ടുണ്ട്.

അപ്പോൾ ആ ഒരു സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന ആളുകൾ അത്തരം ആശയങ്ങളോട് ചേർന്ന് നിൽക്കുമ്പോൾ ചെയ്ത കാര്യങ്ങളാണത്. തന്ത്രി അയ്യപ്പനെ പൂജിക്കുന്നുണ്ടെങ്കിലും തന്ത്രികുടുംബത്തിലൊരാൾക്കും അയ്യപ്പൻ എന്ന പേരില്ല. നമ്മളൊക്കെയാണ് പൂജിക്കാൻ പോകുന്നതെങ്കിൽ നമ്മൾക്ക് നമ്മുടെ മക്കൾക്കും മരുമക്കൾക്കും അത്തരം പേരുകൾ ഇടുമായിരുന്നു. അത്രയും ആത്മാർത്ഥത കാണിക്കുന്നതുകൊണ്ട് നിഷ്കളങ്കമായി ഇടുമായിരുന്നു. ആത്മാർത്ഥതയിൽ നിന്ന്, നിഷ്കളങ്കതയിൽ നിന്നാണല്ലോ അങ്ങനെയൊക്കെ വരുന്നത്.

മലയരയൻമാരുടെ വെളിച്ചപ്പാടുകൾ ഉറഞ്ഞു തുള്ളുമ്പോളൊക്കെ ഉപയോഗിക്കുന്ന ഒരു വാക്ക് ഉണ്ടായിരുന്നു. അച്ഛാ പൊന്നമ്പലമേ മാളികെ എന്ന്. അച്ചൻ എന്നു പറഞ്ഞാൽ ശിവനാണ്. പൊന്നമ്പലം എന്നുപറഞ്ഞാൽ പൊന്നമ്പലമേട്ടിൽ അമ്പലം നിർമ്മിച്ചിരുന്നതവിടെയാണ്, പൊന്നുകൊണ്ട് അമ്പലം നിർമ്മിച്ചിരുന്നതവിടെയാണ്. അവിടെയാണ് ശ്രീ അയ്യപ്പൻ ജനിക്കുന്നത്. മാളിക എന്നുപറഞ്ഞാൽ ദേവിയാണ്. കൊറ്റവൈ എന്നുപറയുന്നതു ദ്രാവിഡരുടെ ദേവി സങ്കല്പമാണ്. അങ്ങനെയൊക്കെയാണ് അയ്യപ്പന് പേര് വരുന്നത്.

അയ്യപ്പൻ ജനിച്ച ശേഷം എങ്ങനെയാണ് പന്തളം കുടുംബവുമായി ബന്ധം ഉണ്ടാകുന്നത്?

തിരുവായ്ക്ക് എതിർവാ ഇല്ലെന്നാണല്ലോ ചൊല്ല്. അങ്ങനെയുള്ള ഒരു ചൊല്ല് അല്ലെങ്കിൽ ആ ആജ്ഞ എവിടുന്നു വന്നതാണ്. അത് ജനാധിപത്യപൂർവ്വ സമൂഹത്തിൽ നിന്നാണ്. അപ്പോൾ തിരുവായ്ക്ക് എതിർവാ ഇല്ലാത്തവർക്ക് എന്തുവേണമെങ്കിലും ചെയ്യാലോ. പന്തളം രാജവംശം വരുന്നത് 907 ലാണ് എ ഡിആയിരത്തിന് മുൻപ്. 1120 കാലഘട്ടത്തിലാണ് ശ്രീ അയ്യപ്പൻ ജനിക്കുന്നത്. മക്കളില്ലാത്ത രാജാക്കന്മാർക്ക് ആരുടെയും മക്കളെ ചോദിച്ചും ചോദിക്കാതെയുമൊക്കെ വാങ്ങാനുള്ള അധികാരമുണ്ടല്ലോ. രാജാവ് ഇതിനകത്ത് പ്രധാനപ്പെട്ട ആളാണ്. ഇപ്പോഴുള്ള രാജാക്കന്മാരെ അല്ലട്ടോ, അവർ പാവങ്ങൾ അവരെയൊക്കെ നമുക്ക് ഒന്നും പറയാൻ തോന്നുന്നില്ല. അവരൊക്കെ നമ്മളെപ്പോലുള്ള ആളുകളാണ്. അവരുടെയൊക്കെ മുത്തച്ഛന്മാർ ആ കാലത്തു കൊല്ലും കൊലവിളിയുമൊക്കെയായിട്ടു നടന്നവരാണ്. എന്തെങ്കിലും ബോധമുണ്ടെങ്കിൽ മുലക്കരവും ആളുകളുടെ തലയെണ്ണി തലക്കരമൊക്കെ വാങ്ങുമോ. അങ്ങനെ അത്രയും പ്രാകൃതമായിരുന്നു. ജാതിവിവേചനം, വഴി നടക്കാൻ പാടില്ല പുറകെ ചൂരു കെട്ടി കൊണ്ട് നടക്കണം കോളാമ്പി തൂക്കിയിടണം ചിരട്ടയ്ക്കകത്തു വെള്ളം കുടിക്കണം. ലോകത്ത് മറ്റെവിടെയേങ്കിലും കേട്ടിട്ടുണ്ടോ ഇത്തരം ആചാരങ്ങൾ.

കഥയിൽ അയ്യപ്പനെ കാട്ടിലേക്ക് പറഞ്ഞയക്കുന്നുണ്ട്. എന്തായിരുന്നു അത്? പന്തളം കൊട്ടാരവും അമ്മയും അയ്യപ്പനോട് അങ്ങനെ ചെയ്തതെന്തായിരുന്നു? നീതി ആണെങ്കിൽ കാട്ടിലേക്ക് പറഞ്ഞയക്കുമായിരുന്നോ? നമ്മൾ ആരെങ്കിലും അങ്ങനെ കാട്ടിലേക്ക് പറഞ്ഞയക്കുമോ? പുലി പിടിച്ചോട്ടെ എന്ന് കരുതിയിട്ട് ആയിരിക്കണം അത് ചെയ്തത്.

രണ്ടാമതൊരു കുട്ടി ജനിച്ച് കഴിഞ്ഞപ്പോളാണല്ലോ വളർത്തുപുത്രനോട് ഇങ്ങനെയൊരു 'സ്നേഹം' തോന്നാൻ കാരണം. കാട്ടിൽ പോയി പുലിപ്പാൽ കൊണ്ടുവരാൻ പറഞ്ഞു. അതാരും ചെയ്യുന്ന ഒരു കാര്യമല്ല. മക്കളില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ മകനായി സ്വീകരിക്കുകയും മക്കളായ കാലത്ത് വളർത്തു പുത്രനായി കാണുകയും. ഉപേക്ഷിക്കുകയുമാണ് ചെയ്തത്. കാട്ടിലേക്ക് പറഞ്ഞു വിട്ടെന്ന് കഥകളിൽ പറയുമ്പോൾ, കരിമലയിലേക്കോ പൊന്നമ്പലമേട്ടിലേക്കോ പറഞ്ഞുവിട്ടപ്പോൾ, അവിടെ അയ്യപ്പന്റെ രക്ഷിതാക്കളും ജനങ്ങളും ഉണ്ടല്ലോ. ഞാനിപ്പോൾ കോട്ടയത്താണ് താമസിക്കുന്നത്. തൊടുപുഴയിലോ മുണ്ടക്കയത്തോക്കെയാണ് എന്റെ ജനങ്ങളും മുഴുവൻ താമസിക്കുന്നത്. അവിടുന്ന് പറഞ്ഞുവിട്ടാൽ ഞാൻ നേരെ അങ്ങോട്ട് പോകും. ഞാൻ ഇവിടെയാ താമസിക്കുന്നെങ്കിൽ അവരെന്നെ സംരക്ഷിക്കുമല്ലോ. അതൊരു നീതി ആയിരുന്നില്ലല്ലോ?

എന്നിട്ട് ഇങ്ങനെ ചെയ്ത വളർത്തച്ഛന്റെ കുടുംബക്കാർക്ക് പരിഗണന ക്ഷേത്രത്തിൽ കൊടുക്കുമ്പോൾ അച്ഛന്റെ കുടുംബക്കാരെ ആട്ടിയോടിക്കുകയാണ് ചരിത്രം ചെയ്തത്. അച്ഛന്റെ കുടുംബക്കാർ എന്നുപറയുമ്പോൾ മലയരയ സമുദായത്തിൽ പെട്ട ആളുകളാണ്. കാല നീതി. അനീതി എന്ന് വേണമെങ്കിൽ പറയാം.

പഴയകാലത്ത് ഇവിടെയുള്ള ജനത നടത്തിയ അതിജീവനം, ആ ജീവനത്തിലൂടെ ആരെങ്കിലും എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിനെ ദൈവീകത നൽകി അതിനെ പിടിച്ചെടുക്കുന്ന രീതി കീഴാളമായ ദൈവ സങ്കല്പങ്ങളിൽ എല്ലാമുണ്ട്. ഇത് അയ്യപ്പനിലും ഉണ്ടെന്ന് പറയാൻ പറ്റുമോ?

1951 ലാണല്ലോ അവിടെ പുനഃപ്രതിഷ്ഠ നടക്കുന്നത്. തീപിടിത്തത്തിനു ശേഷം പ്രതിഷ്ഠ നടത്തിയല്ലോ. ഈ പ്രാചീന ക്ഷേത്രങ്ങളിൽ ഉള്ള പ്രതിഷ്ഠകൾ പുനഃ പ്രതിഷ്ഠ നടത്തുബോൾ പുതിയതായി അവിടെ ഒരു പ്രതിഷ്ഠ നടക്കുകയാണല്ലോ ചെയ്യുന്നത്. അപ്പോൾ നേരത്തെ അവിടെ ഇരുന്ന പ്രതിഷ്ഠയ്ക്ക് സംഭവിക്കുന്നത്? അതെടുത്ത് കാട്ടിൽ എറിയും. കാട്ടിലോ, അല്ലെങ്കിൽ എവിടെയെങ്കിലും കൊണ്ടുപോയി കളയുവാൻ പറയും.

പലയിടത്തുനിന്നും വലിയ നദികളോ തോടുകളോക്കെ വറ്റുമ്പോൾ വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും അന്വേഷിച്ചു പോകുമ്പോൾ പ്രതിഷ്ഠയുടെ ഭാഗമായിട്ട് നേരത്തെയുണ്ടായിരുന്ന വിഗ്രഹങ്ങൾ ആയിരുന്നു എന്നും മനസ്സിലാകും. എനിക്ക് ഇതിന്റെ വസ്തുത അറിയാം. ആര്യങ്കാവ് ക്ഷേത്രത്തിന്റെ നടപ്പാത ഉണ്ടല്ലോ. കേരളത്തിലുള്ള രണ്ട് പാളികൾ വയ്ക്കുകയും ചുമ്മാ മണ്ണ് ഇട്ടു കഴിഞ്ഞാൽ നമുക്ക് ഉയർന്ന് കയറി നടക്കുവാൻ കഴിയും. പ്രാചീന ക്ഷേത്രത്തിന്റെ 5 അടിയോളം നീളമുള്ള രണ്ട് കൽത്തൂണുകൾ നിലത്ത് അങ്ങനെ ഇടുകയും, ഇതുവഴി ആളുകൾ നടന്ന്‌ ഒരു ഓവുചാലിന്റെ അപ്പുറത്തേക്ക് കടന്നുപോകുന്നതും ഞാൻ കണ്ടിട്ടുണ്ട്.

അപ്പോൾ കൽത്തൂണുകളിൽ ഈ ദേവന്മാരുടെയും ദേവിമാരുടേയും എല്ലാം ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. അവരുടെ മുകളിൽ കൂടിയാണിവർ നടക്കുന്നത്. എന്തുകൊണ്ട് അത്തരത്തിലുള്ള കൽത്തൂണുകൾ സംരക്ഷിക്കുന്നില്ല? പ്രാചീന ക്ഷേത്ര ശേഷിപ്പുകൾ സംരക്ഷിക്കുന്നില്ല?

ശബരിമലയിൽ കാട്ടിൽ ഒരിടത്ത്- സ്ഥലം ഞാൻ പറയുന്നില്ല. സ്ഥലം അറിഞ്ഞാൽ അവരെല്ലാം എല്ലാം കൂടി ജെസിബിക്ക് വാരി കൊണ്ടുപോയി കളയും. അവിടുത്തെ ക്ഷേത്രത്തിന്റെ രണ്ടു ശില്പങ്ങൾ ഇരിപ്പുണ്ട്. അത് അവർ പുനഃപ്രതിഷ്ഠയുടെ ഭാഗമായി എടുത്തു കളഞ്ഞതാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് പുനഃപ്രതിഷ്ഠ വരുമ്പോൾ പുതിയ ആചാരരീതികൾ വരുന്നു. ഒരു സർക്കാർ മാറി പുതിയ സർക്കാർ വരുമ്പോൾ അവരുടെ നയപരിപാടികൾ ആയിരിക്കും അവിടെ നടപ്പിലാക്കുന്നത്. കാതലായ മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും. ബ്രിട്ടീഷുകാർ ഇവിടെ നിന്നും പോയി. അതിനുശേഷം വന്ന നമ്മുടേതായ ഭരണം വന്നു. നമ്മുടെതായ രീതികളും ഭരണഘടനയുമൊക്കെ വന്നു. നേരത്തെ പറഞ്ഞ പോലെ പൊന്നിൽ പ്രതിഷ്ഠയിലൂടെ പുതിയ ആചാരങ്ങൾ കടന്നുവരികയാണ്. പ്രാചീനമായ ഒരു ജനത ആരാധിച്ചു കൊണ്ടിരുന്ന എല്ലാ തരം ആചാരങ്ങളും വിശ്വാസങ്ങളും അവിടെനിന്നും ബോധപൂർവ്വം നീക്കം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് ശബരിമല ക്ഷേത്രത്തിനുള്ളിലെ തേൻ അഭിഷേകം മാറ്റപ്പെടുന്നത്.

പ്രതിഷ്ഠയിലൂടെ എന്താണ് സംഭവിച്ചത്?

പുനഃപ്രതിഷ്ഠകളെല്ലാം അങ്ങനെയാണ്. അല്ലെങ്കിൽ അവരുടെതായുള്ള വേറെ ക്ഷേത്രങ്ങൾ നിർമിക്കുക ആയിരുന്നെങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല. അവരുടെ വിശ്വാസം അങ്ങനെ പൊക്കോളും നമുക്കിവിടെ പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു. ഹിന്ദു- ക്രിസ്ത്യൻ- മുസ്ലിം അങ്ങനെ എല്ലാവർക്കും വെവ്വേറെ ക്ഷേത്രങ്ങൾ ആണല്ലോ ഉള്ളത്.

ശബരിമല ശാസ്താ ക്ഷേത്രമെന്ന പേരിൽ പുനഃപ്രതിഷ്ഠ നടത്തിയ ക്ഷേത്രം ഇപ്പോൾ വീണ്ടും അയ്യപ്പക്ഷേത്രം ആയി. അതിന്റെ പേരുമാറ്റിയത് എങ്ങനെയാണ് നോക്കി കാണുന്നത്?

അയ്യപ്പക്ഷേത്രം ആക്കി മാറ്റിയത് കേസിൽ ജയിക്കാൻ വേണ്ടിയായിരിക്കും. രാഹുൽ ഈശ്വർ പറയുമെങ്കിലും അത് തന്ത്രി കുടുംബത്തിലെ അഭിപ്രായമാണെന്ന് കരുതുന്നില്ല. അങ്ങനെ നിങ്ങൾക്ക് തോന്നുന്നുണ്ടോ തന്ത്രി കുടുംബത്തിലെ അഭിപ്രായമാണെന്ന്? രാഹുൽ ഈശ്വറിനെ തന്ത്രി കുടുംബം ഔദ്യോഗിക വക്താവായ നിയമിച്ചിട്ടുണ്ട് എന്ന് എനിക്കറിയില്ല. പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കാനായി മലയരയ സമുദായത്തിൽപ്പെട്ട ആളുകൾക്ക് വേണമെന്ന് പറഞ്ഞ് ഞങ്ങൾ സമരം ചെയ്തപ്പോൾ അതിനോടൊപ്പം വന്നു ചേരുകയും ചെയ്തൊരു വ്യക്തിയാണ് രാഹുൽ ഈശ്വർ. പക്ഷേ അദ്ദേഹത്തിന്റെ അമ്മാവൻ ആണല്ലോ ഇപ്പോഴത്തെ തന്ത്രി. അമ്മാവൻ ആണെന്ന് തോന്നുന്നു. അദ്ദേഹം സന്നിധാനത്ത് വെച്ച് തന്നെ പറഞ്ഞു പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചിരുന്നത് മലയരയർ ആണെന്നതിന് യാതൊരു തെളിവുകളുമില്ല എന്ന്. അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞു രാവിലെ രാഹുൽ ഈശ്വർ പറയുന്നത് തന്ത്രി കുടുംബത്തിന്റെ അഭിപ്രായം ആണെന്ന് തോന്നുന്നില്ലെന്ന്. തന്ത്രിയോട് ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നു. 1902നു മുൻപ് തന്ത്രി കുടുംബമാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചിരുന്നത് എന്നുള്ളതിന്റെ തെളിവ് ഹാജരാക്കാമോ എന്ന് ഞാനും ചോദിച്ചിരുന്നു. അങ്ങനെയാണെങ്കിൽ അവർക്ക് അങ്ങ് കൊടുത്തേക്കാം. നമുക്ക് നമ്മുടെ കാര്യം നോക്കി പോകാലോ. ഞാൻ ചാനലിൽ ഒന്നും രാഹുലിനോട് ഈശ്വറിനോട് ചോദിച്ചില്ല, പാവത്തിന് സങ്കടം വരണ്ടല്ലോ എന്ന് കരുതി. കേസും പ്രശ്നങ്ങളും ഒക്കെയായിട്ട് നടക്കുകയല്ലേ.


മാതൃഭൂമിയിൽ നടന്ന ഒരു ചർച്ചയിൽ മലയരയർ ആണ് യഥാർത്ഥ അവകാശികൾ എങ്കിൽ ഞങ്ങൾ വിട്ടുകൊടുക്കാം എന്ന് ദീപ രാഹുൽ ഈശ്വർ പറയുന്നതായി കണ്ടു?

ദീപക്ക് അത് പറയാനുള്ള അധികാരം ഉണ്ടോ? ദീപ ആ വീട്ടിലേക്ക് വന്ന ഒരു നായര് കൊച്ചാണെന്നല്ലേ സന്ദീപാനന്ദഗിരി പറഞ്ഞത്. അതുകൊണ്ടാണല്ലോ ആ പാവത്തിന്റെ( സന്ദീപാനന്ദഗിരി) വീട് ആക്രമിച്ചത്. നമ്മൾ ചരിത്ര വസ്തുതകൾ നിരത്തി കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അവർ മിത്തിനകത്ത് നിന്ന് കാര്യങ്ങൾ വിശദീകരിക്കുന്നു. ചരിത്ര വസ്തുതകൾ നിരത്തി കാരണങ്ങൾ വിശദീകരിക്കുന്നത് മിത്തിനുള്ളിൽ നിന്നുകൊണ്ട് കാര്യങ്ങൾ വിശദീകരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കും

അവർക്ക് മറുപടി പറയാൻ ഇല്ലാതെ വരും. മറുപടി പറയാൻ ഇല്ലാതെ വരുമ്പോൾ, സ്വാഭാവികമായിട്ടും പിന്നെ അവർ ചെയ്യുന്നത് വ്യക്തിപരമായിട്ടുള്ള ആരോപണങ്ങൾ ഉന്നയിക്കുക എന്നുള്ളതാണ്. സ്വാമിയെ വിളിക്കുന്ന ഷിബു. ആരാ വിളിക്കുന്നത് എന്ന് ഓർക്കണം. വേറെ സമൂഹത്തിൽപ്പെടുന്ന ആളുകൾ ഒന്നുമല്ല. ഇതേ മതത്തിലും ഇവരുമായി അഭേദ്യമായ ബന്ധം പുലർത്തികൊണ്ടിരുന്ന ആളുകളാണ്. അതുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. അതുകൊണ്ട് ദീപയ്ക്ക് അങ്ങനെ പറയാനുള്ള അധികാരമില്ലല്ലോ. ഇവർ ഇങ്ങനെ ചാനലുകളിലൂടെ നടക്കും എന്നുള്ളതല്ലാതെ. പിന്നീട് എല്ലാ യഥാർത്ഥത്തിൽ അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യേണ്ടത്. അത് ദേവസ്വം ബോർഡ് ആണ്. പക്ഷേ ദേവസ്വം ബോർഡിനെ നയിക്കുന്നത് സാമുദായിക സംഘടനകളും പ്രസ്ഥാനങ്ങളും ആണ്. അവരുടെ അഭിപ്രായം കൂടി ആരായേണ്ടതുണ്ട്.

തന്ത്രി കുടുംബത്തിന് എന്തെല്ലാം അധികാരങ്ങൾ ആണുള്ളത്?

താക്കോൽ കൊടുക്കണോ വേണ്ടയോ എന്നുള്ള ചർച്ച വരുമ്പോഴാണ് ആരാണ് താക്കോലിന് അവകാശികൾ എന്ന് ചിന്തിക്കേണ്ടി വരുന്നത്. ഭരണഘടന നിലവിൽ വന്നതോടുകൂടി ഇതെല്ലാം ലയിച്ച് ചേർന്നതാണല്ലോ, ഗവൺമെന്റിൽ ലയിച്ചു ചേർന്നതാണല്ലോ.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുകൊണ്ട് 12 വർഷമെങ്കിലും എടുത്തു ഒരു വിധി വരാൻ. മലയരയ സമൂഹം തങ്ങളുടെ അവകാശം നേടിയെടുക്കാൻ കോടതിയെ സമീപിക്കും എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. അപ്പോൾ അവകാശവുമായി ബന്ധപ്പെട്ടു കൊണ്ട് ഇനിയും സമയമെടുക്കുമല്ലോ. അപ്പോൾ മറ്റു വഴികൾ എന്തെല്ലാമാണ്?

സമുദായത്തിന് കോൺസ്റ്റിറ്റ്യൂഷൻ, കോർട്ട്, ഗവൺമെന്റ്, മീഡിയ, ജനങ്ങൾ അതെല്ലാം ഒരു ശക്തിയാണ് ഞങ്ങളെ സംബന്ധിച്ച്. അവകാശം ലഭ്യമാക്കാൻ വേണ്ടി ഇടപെടാൻ കഴിയുന്ന എല്ലാ ശക്തികളുടേയും സഹായം ഞങ്ങൾ തേടുന്നുണ്ട്. മീഡിയ ഇത് വിളിച്ചു പറയുമ്പോൾ സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. സർക്കാരിന് ഇടപെടാൻ പറ്റും, കോർട്ടിനു ഇടപെടാൻ പറ്റും. ജനങ്ങൾക്ക്- ലക്ഷോപലക്ഷം ജനങ്ങൾ ഇത് കാണുന്നുണ്ട്- അവരിലുണ്ടാകുന്ന ഒരു ചരിത്രബോധവും നഷ്ടപ്പെട്ടുപോയ ഒരു ജനതയോടുള്ള സഹതാപവും അവർക്കുണ്ട്. ആ സഹതാപത്തിൽ നിന്ന് അവരിൽ പ്രതിഷേധം ഉണ്ടാകുന്നുണ്ട്. പ്രതിഷേധം ഒരു ചോദ്യരൂപേണ, എന്താണ് ഇവർക്ക് കൊടുക്കാത്തത്? ഇവരെയും കൂടി ഉൾപ്പെടുത്തി മുന്നോട്ടുപോകണമെന്നും ആവശ്യങ്ങൾ ഉണ്ടാകുന്നുണ്ട് അതാണ് ജനങ്ങളുടെ ശക്തി.
എങ്ങനെയാണ് നിങ്ങളുടെ സമരം?

വിശ്വാസികൾ തന്നെ പരിവർത്തനപ്പെടേണ്ടതുണ്ട്. ഗവണ്മെന്റ് ആണെങ്കിലും പോസിറ്റീവായ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. പ്രാചീനമായ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന പറച്ചിലുകൾ പത്രങ്ങളുടെ വായിച്ച് അറിയുന്നുണ്ട്.

എല്ലാ ആചാരങ്ങളും വ്യക്തിയിലും സമൂഹത്തിലും പോസിറ്റീവായി തുള്ള റിസൾട്ട് ഉണ്ടാവേണ്ടതുണ്ട്. ഒരാചാരം കൊണ്ടും വ്യക്തിയിൽ അധമബോധം ഉണ്ടാക്കേണ്ടതില്ല. ഉദാഹരണം വ്യക്തിക്കും സമൂഹത്തിനും രാഷ്ട്രത്തിനും പുരോഗതിയുണ്ടാക്കുന്ന ആചാരവും അനുഷ്ഠാനവുമാണ് നമുക്ക് വേണ്ടത്.

മറ്റു മതങ്ങളോടുള്ള ഒരു സഹവർത്തിത്വത്തിന്റെ ഒരു തലം. പൂർവ്വകാലത്ത് ഇതുണ്ടായിരുന്നോ?

തീർച്ചയായും ശബരിമല മറ്റു ക്ഷേത്രങ്ങളിൽനിന്ന് എല്ലാം ഒരുപാട് പ്രാധാന്യമർഹിക്കുന്ന ഒരു ക്ഷേത്രമാണ്. അവിടെ എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്ന, അതിനെയൊക്കെ സ്വീകരിക്കുന്ന സന്നിധാനം ആണിത്.

അവിടെ വാവർക്ക് സ്ഥാനമുണ്ട്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ക്ഷേത്രത്തിൽ എത്തിച്ചേരാൻ പറ്റും. എന്നാൽ കേരളത്തിൽ പല ക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് വച്ചിട്ടുണ്ട്. അതൊക്കെ വച്ച് വേണം നമ്മുടെ ഈ ക്ഷേത്രത്തിന് സ്ഥാനം മനസ്സിലാക്കാൻ, സമൂഹത്തിലുള്ള പ്രാധാന്യം കണക്കാക്കാൻ.

ക്ഷേത്രം പുതുക്കിപ്പണിയുന്ന കോൺട്രാക്ട് ആരും എടുക്കുന്നുണ്ടായിരുന്നില്ല, വിശ്വാസപരമായി പേടിച്ച്. അപ്പോൾ കൊച്ചുതൊമ്മൻ കോൺട്രാക്ടറാണ് വന്നു ക്ഷേത്രം നിർമിക്കുന്നതിനുവേണ്ടിയുള്ള കോൺട്രാക്ട് എടുത്തിട്ടുള്ളത്. അദ്ദേഹത്തിനുശേഷം അദ്ദേഹത്തിൻറെ ഭാര്യയാണ് ക്ഷേത്രം പോലെ പൂർത്തീകരിക്കുന്നത്. എന്നിട്ടും അവർക്ക് ഒത്തിരി താമസിച്ചാണ് ബാലൻസ് എമൗണ്ട് വരെ കൊടുത്തിട്ടുള്ളത്.

എഡി എഴുന്നൂറു കളിലാണ് ശ്രീ ശങ്കരാചാര്യർ ജനിക്കുന്നത്. കാലടി മുതൽ കാശ്മീർ വരെ സഞ്ചരിച്ചു അദ്ദേഹത്തിന്റെ ഓരോരോ കാലടി വയ്ക്കുമ്പോഴും ഇവിടെയുള്ള ഹിന്ദുമതത്തിലെ വിവിധ വിഭാഗങ്ങൾ, ബുദ്ധമതം ഉൾപ്പെടെയുള്ള വിഭാഗങ്ങൾ ഇവരോടെല്ലാം സംവാദങ്ങൾ നടത്തി അദ്വൈത വേദാന്തം എന്നു പറയുന്ന ഒരു വലിയ സിദ്ധാന്തം എത്തിച്ചു. എന്നിട്ടും ശങ്കരന് എതിരെ ആരും ഒരു ആക്രമണവും അഴിച്ചുവിട്ടില്ല. വ്യത്യസ്ത ആശയങ്ങൾ വ്യത്യസ്തമായ രീതിയിൽ നിൽക്കട്ടെ നമ്മുടെ രാജ്യത്ത്. അത് നല്ലതല്ലേ?

ഒരുപാട് വ്യത്യസ്തമായ ആചാരങ്ങളും വൈജാത്യങ്ങളും ഉൾക്കൊള്ളുന്ന, വ്യത്യസ്ത രാഷ്ട്രീയപാർട്ടികൾ, ഒരുപാട് സംസ്കാരങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് നമ്മുടെ രാഷ്ട്രം എന്ന് പറയുന്നത്. അപ്പോൾ അവിടെ വന്നിട്ടുള്ള പരിഷ്കരണങ്ങളും പുനഃപരിഷ്കരണങ്ങളും എല്ലാം നമ്മൾ നോക്കി കാണേണ്ടതുണ്ട്.

Read More >>