മടങ്ങിപ്പോകണം എന്നു പറഞ്ഞത് പൊലീസ്: പൊലീസ് സ്റ്റേഷനില്‍ സംഭവിച്ചത് ഇതാണ്

സുപ്രീംകോടതിയുടെ ചരിത്ര വിധിക്കു ശേഷം ശബരിമലയില്‍ നടതുറന്നപ്പോള്‍ കേരളത്തില്‍ നിന്ന് ആദ്യമായി സന്നിധാനത്തേയ്ക്ക് പുറപ്പെട്ട ലിബി സി എസ് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുന്ന അഭിമുഖം

മടങ്ങിപ്പോകണം എന്നു പറഞ്ഞത് പൊലീസ്: പൊലീസ് സ്റ്റേഷനില്‍ സംഭവിച്ചത് ഇതാണ്

സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയില്ലെന്ന കേസ് നാളത്തന്നെ ഫയല്‍ ചെയ്യുന്നുണ്ടോ?

ഇല്ല. എനിക്കാദ്യം വീട്ടിലെത്തണം. ചേര്‍ത്തലയിലെ വീട്ടില്‍ പ്രായമായ അമ്മയും അച്ഛനും മാത്രമാണ്. ഞാന്‍ ശബരിമല കയറാന്‍ തയ്യാറായതിന്റെ പേരില്‍ വീടിനു നേരെ ആക്രമണം നടക്കുകയാണ്. ശബരിമലയിലേയ്ക്കുള്ള യാത്രയില്‍ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. പത്തനംതിട്ടയിലുണ്ടായ ബഹളത്തിനിടയ്ക്ക് ഞങ്ങള്‍ രണ്ടിടത്തായി. ഞാന്‍ ശബരിമലയിലേക്ക് എത്തുമെന്ന് കരുതി അദ്ദേഹം പമ്പയില്‍ പോയി കാത്തിരുന്നു. പക്ഷെ എനിക്ക് അങ്ങോട്ട് എത്താനായില്ലല്ലോ. ഞങ്ങള്‍ കണ്ടുമുട്ടിയ ശേഷം ആദ്യം വീട്ടില്‍ പോകണം. എന്റെ ചേര്‍ത്തല ഓഫീസിലേയ്ക്കും കല്ലേറുണ്ടായിട്ടുണ്ട്. നാളെ വീട്ടിലേയ്ക്കും മാര്‍ച്ച് നടക്കും എന്നാണ് അറിയുന്നത്. മാതാപിതാക്കളെ സുരക്ഷിതമാക്കിയ ശേഷം കേസിന്റെ കാര്യങ്ങളിലേക്ക് കടക്കും.

അച്ഛനും അമ്മയ്ക്കും എത്ര വയസായി?

അച്ഛന് 67 വയസായി. അമ്മയ്ക്ക് 62

അവരോട് ശബരിമലയ്ക്ക് പോകുന്ന കാര്യം പറഞ്ഞായിരുന്നോ?

വ്യക്തമായൊന്നും പറഞ്ഞില്ല. അവര്‍ വിശ്വാസികളാണ്. അവര്‍ പേടിക്കണ്ട എന്നു കരുതി പത്തനംതിട്ടയ്ക്ക് പോകുന്നു എന്നുമാത്രം പറഞ്ഞു. പ്രദേശത്തെ സ്റ്റേഷനില്‍ നിന്ന് (അര്‍ത്തുങ്കല്‍) വീട്ടില്‍ ചെന്നു പറഞ്ഞപ്പോഴാണ് അവര്‍ കാര്യങ്ങള്‍ അറിഞ്ഞത്.

ഇപ്പോള്‍ എവിടെയാണ്?

പത്തനംതിട്ട സ്റ്റേഷനില്‍ നിന്നും പൊലീസുകാര്‍ എന്നെ അടൂരില്‍ കൊണ്ടുവന്ന ശേഷം ഫാസ്റ്റ്പാസഞ്ചറില്‍ കയറ്റി വിട്ടു. ഭര്‍ത്താവ് പത്തനംതിട്ടയില്‍ പെട്ടുപോയി. അദ്ദേഹം പിന്നാലെ എത്തും.

പത്തനംതിട്ട സ്റ്റാന്റില്‍ നിന്ന് പൊലീസുകാര്‍ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടു. പിന്നീട് സ്റ്റേഷനില്‍ എന്താണ് ചെയ്തത്?

ഞാന്‍ ശബരിമലയ്ക്ക് പോകാനാണ് തീരുമാനിച്ചത്. ഞാന്‍ സ്റ്റേഷനില്‍ ചെന്ന ശേഷവും സന്നദ്ധത അറിയിച്ചു. നിലയ്ക്കല്‍ വരെ സ്‌റ്റേഷന്റെ അതിര്‍ത്തിയാണെന്നും അവിടെ വരെ കൊണ്ടുപോയി എത്തിക്കുമെന്നും അവിടെ പൊലീസ് ഉണ്ടെന്നുമാണ് പറഞ്ഞിരുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ പൊലീസ് നിലയ്ക്കലില്‍ ലാത്തി വീശിയെന്നും മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് 500 ഫോഴ്‌സേയുള്ളു. പ്രതിഷേധക്കാര്‍ 2000ല്‍ അധികമുണ്ടെന്നും കെഎസ്ആര്‍ടിസിയില്‍ നിന്ന് സ്റ്റേഷനില്‍ വരെ എന്നെ എത്തിച്ചത് വളരെ പാടുപെട്ടാണെന്നും അവര്‍ പറഞ്ഞു. ഇക്കാരണങ്ങളാല്‍ പ്രൊട്ടക്ഷന്‍ തരാന്‍ പറ്റില്ലെന്നും തിരികെ പോകുന്നതാണ് നല്ലതെന്നും പറഞ്ഞു. ഞാന്‍ തിരികെ പോകില്ലെന്നും സുരക്ഷ തരാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും പറഞ്ഞു. അപ്പോള്‍ അതവരുടെ ഡ്യൂട്ടിയല്ല, ഇപ്പോള്‍ത്തന്നെ മാധ്യങ്ങള്‍ പറയുന്നത് അങ്ങോട്ട് യുവതികളെ എത്തിക്കുന്നത് പൊലീസാണെന്നാണ്, ഡിവൈഎസ്പിയുടെയോ ഐജിയുടെയോ ഓഫീസില്‍ നിന്നോ പ്രൊട്ടക്ഷന്‍ കൊടുക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.

എന്നാല്‍ പ്രൊട്ടക്ഷന്‍ തരില്ലെന്ന് എഴുതിത്തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അതവര്‍ എഴുതി തരില്ലെന്നു പറഞ്ഞു. കേസ് ഫയല്‍ ചെയ്യാനാണെന്നും പറഞ്ഞു. അതുപറഞ്ഞു കുറേനേരം ഞങ്ങള്‍ തര്‍ക്കത്തിലായി. പോകില്ലെന്നു തീരുമാനിക്കുന്നതാണ് നല്ലത്. അതല്ലാത്തപക്ഷം വീട്ടില്‍ പോലും കൊണ്ടുപോയി വിടില്ലെന്നു പറഞ്ഞു.

അക്രമികള്‍ക്കു മുന്നിലേയ്ക്ക് ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തി?

ഞാന്‍ എസ്പിയുമായി സംസാരിക്കാന്‍ നോക്കി. പക്ഷെ ലൈനില്‍ കിട്ടിയില്ല. ഇവര്‍ പ്രൊട്ടക്ഷന്‍ തന്നില്ലെങ്കില്‍ നമ്മളീ ഭ്രാന്തന്മാരുടെ മുന്നിലേയ്ക്ക് ചെന്നിട്ടു കാര്യമില്ലല്ലോ. അങ്ങനെ തിരിച്ചു പോരാന്‍ തീരുമാനിച്ചു.

നാളെയോ മറ്റന്നാളോ പോകാന്‍ ഇനിയും ശ്രമിക്കുമോ?

അത് തീരുമാനിച്ചിട്ടില്ല. ആലോചിച്ചിട്ടില്ല.

കേരളത്തില്‍ നിന്ന് ഈ ദിവസം ശബരിമലയ്ക്ക് പുറപ്പെട്ട ഏകയുവതിയാണ് ലിബി. അഭിനനന്ദനങ്ങള്‍ ഏറെയുണ്ട്?

എന്നാലും അവിടെവരെ എത്തിപ്പെടാന്‍ പറ്റിയില്ല എന്ന വിഷമമുണ്ട്.

ലിബി മാത്രമേ കേരളത്തില്‍ നിന്ന് ഇറങ്ങിയുള്ളു എന്നതല്ലേ പ്രത്യേകത?

ഇനിയും പോകാന്‍ തീരുമാനിച്ച സ്ത്രീകളുണ്ട്. അവര്‍ നാളെ പോകുമായിരിക്കും.

Read More >>