കൊന്നിട്ടും തീരാത്ത പകയാണ് അവര്‍ക്ക്: കെ കെ രമ

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് അഞ്ചാണ്ടിലേക്കു കടക്കുമ്പോള്‍ ആര്‍എംപി പ്രവര്‍ത്തകരുടെ ജീവിതം ഏറെ ദുസ്സഹമായിരിക്കുകയാണെന്ന് കെ കെ രമ. എല്‍ഡിഎഫിന് ഭരണം ലഭിച്ചതോടെ ഓരോ ആര്‍എംപിക്കാരന്റെയും ജീവിതം ഞാണിന്‍മേല്‍ കളിയാവുകയാണെന്നിവര്‍ ആരോപിക്കുന്നു. ഊമക്കത്തുകളിലൂടെ ഭീഷണിയും ആക്രമണവും വ്യാപകമാണ്. ഒഞ്ചിയം, ഏറാമല പ്രദേശങ്ങളില്‍ സിപിഐഎം- ആര്‍എംപി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കെ കെ രമ നാരദാ ന്യൂസിനോട് സംസാരിക്കുന്നു

കൊന്നിട്ടും തീരാത്ത പകയാണ്  അവര്‍ക്ക്: കെ കെ രമ

ഒഞ്ചിയം വീണ്ടും പുകയുകയാണല്ലോ. സിപിഐഎം- ആര്‍എംപി ഏറ്റുമുട്ടല്‍ വ്യാപകമായ സാഹചര്യത്തില്‍ ഈ സംഭവങ്ങളെ എങ്ങനെ കാണുന്നു?

എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം നിരന്തരമായി ഒഞ്ചിയം മേഖലയില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെ, വീടുകള്‍ക്കു നേരെ, വാഹനങ്ങള്‍ക്കു നേരെയൊക്കെ സിപിഐഎമ്മിന്റെ ഏകപക്ഷീയമായ ആക്രമണം നിരന്തരമായി നടക്കുന്നു. പൊലീസിന്റെ ഭാഗത്തു നിന്നാകട്ടെ യാതൊരു നടപടിയും ഉണ്ടാകുന്നുമില്ല. കേസെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറാകുന്നില്ല. മെയ് നാലിന് ടി പിയുടെ ചരമവാര്‍ഷികമാണല്ലൊ. അതിനായി ഞങ്ങള്‍ വച്ച പോസ്റ്ററുകളെല്ലാം നശിപ്പിച്ചു. ഞങ്ങളുടെയൊരു സഖാവിനെ കഴിഞ്ഞദിവസം ബൈക്ക് തടഞ്ഞുനിര്‍ത്തി മാരകമായി ആക്രമിച്ചിരുന്നു. അയാളിപ്പോഴും ആശുപത്രിയിലാണുള്ളത്. അവനിപ്പോള്‍ ഗള്‍ഫില്‍ നിന്ന് ലീവിനു വന്നതാണ്. ഇതാണിപ്പോള്‍ ഒഞ്ചിയത്തെ അവസ്ഥ. രണ്ടു മാസം മുമ്പു നമ്മുടെ സഖാവ് വാങ്ങിയ പുതിയ ഓട്ടോറിക്ഷ അടുത്തദിവസം തന്നെ കത്തിച്ചു കളഞ്ഞു. ടി പിയുടെ ചിത്രമുള്ള ഫ്ളക്സുകള്‍ എവിടെ കണ്ടാലും തകര്‍ക്കുന്ന അവസ്ഥയാണ്. കൊന്നിട്ടും തീരാത്ത പകയാണിവര്‍ക്കിപ്പോഴും.

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിനു തൊട്ടു മുമ്പുണ്ടായിരുന്ന അവസ്ഥയ്ക്കു സമാനമാണിപ്പോഴുമെന്നു പറയപ്പെടുന്നു?

സമാനമായ അവസ്ഥ തന്നെയാണിപ്പോഴും. കഴിഞ്ഞദിവസം ഡിവൈഎഫ്ഐയുടെ പരിപാടിയുണ്ടായിരുന്നു. അതു കഴിഞ്ഞു പോകുന്നവരാണു വ്യാപകമായി പോസ്റ്ററുകളും മറ്റും തകര്‍ത്തത്. മാത്രമല്ല ആര്‍എംപി പ്രവര്‍ത്തകനായ എന്‍ വേണുവിനെ ഈ സംഘം ഫോളോ ചെയ്തിരുന്നു. വേണുവിനുള്‍പ്പെടെ വലിയ ഭീഷണിയുണ്ട്. ഭയപ്പെടുത്തി ആര്‍എംപി പ്രവര്‍ത്തകരെ പിന്നോട്ടടിക്കുകയെന്ന ഫാസിസ്റ്റ് രീതിയാണ് സിപിഐഎം ഇവിടെ ചെയ്യുന്നത്. ഗുണ്ടായിസം വീണ്ടും ശക്തമായിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം തന്നെ അവരില്‍ നിന്നു ഭീഷണിയുണ്ട്.

ഭീഷണിയെത്തുടര്‍ന്ന് എന്‍ വേണുവിന് പൊലീസ് സംരക്ഷണം നല്‍കിയെങ്കിലും അദ്ദേഹം വേണ്ടെന്നു വെയ്ക്കുകയായിരുന്നല്ലോ?

വേണുവിന് ഇപ്പോഴും ഭീഷണിക്കത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. എനിക്ക് രണ്ട് ആഴ്ച്ച മുമ്പ് വരെ ഭീഷണിക്കത്ത് വന്നു. പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ ടി പിയുടെ അവസ്ഥയായിരിക്കുമെന്ന് പറഞ്ഞാണ് ഊമക്കത്തുകള്‍ വരുന്നത്. മെയ് നാലിനകം എന്‍ വേണുവിനെ ഇല്ലാതാക്കുമെന്നൊരു ഫോണ്‍ ഭീഷണി വന്നിരുന്നു. നമ്പര്‍ നമ്പര്‍ യഥാസമയം പൊലീസിന് കൈമാറിയെങ്കിലും ആളെ കണ്ടെത്താനോ പിടികൂടകാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ആര്‍എംപി വിട്ടുപോകണം. നേതാക്കന്‍മാര്‍ക്കെതിരെ പറയുന്നത് നിര്‍ത്തണം, പിണറായി വിജയനെതിരെ പറയുന്നത് നിര്‍ത്തണം എന്നൊക്കെയാണ് കത്തിലൂടെ ഭീഷണി.

നേരത്തെ പൊലീസില്‍ പരാതിയൊക്കെ നല്‍കിയിരുന്നു. ഇപ്പോള്‍ കൊടുക്കാറില്ല. കൊടുത്തിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് തോന്നി. അതൊന്നും നമുക്ക് ഒരു വിഷയമല്ല. ഇപ്പോഴുള്ള വിഷയം നമ്മുടെ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമായി നടക്കുന്ന ആക്രമണങ്ങളാണ്. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഐഎം നേതൃത്വം തയ്യാറാകുകയെന്നുള്ളതാണ് ഇതിനുള്ള പോംവഴി. നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഇത് നടന്നുകൊണ്ടിരിക്കുന്നത്. അല്ലാതെ സാധ്യതയില്ലെന്ന് തന്നെയാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഇത്തരത്തില്‍ ആക്രമണവും ഭീഷണിയുംകൊണ്ട് ഞങ്ങളെ ഇല്ലാതാക്കാന്‍ കഴിയുമെന്നുള്ളത് സിപിഐഎമ്മിന്റെ വ്യാമോഹം മാത്രമാണ്. അത് നടക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. ടി പിയുടെ രക്തസാക്ഷിത്വം മുന്‍നിര്‍ത്തി തന്നെയാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. എത്ര പേര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കഴിയും. പൊതുപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അതൊന്നും പ്രായോഗികമല്ലല്ലൊ.

സിപിഐഎമ്മിന്റെ പ്രാദേശിക നേതൃത്വമാണോ ഇത്തരത്തില്‍ ആര്‍എംപിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്? ജില്ലാ നേതൃത്വത്തിന്റെ നിലപാട് എന്താണ്?

പ്രാദേശിക നേതൃത്വമാണിപ്പോള്‍ ഭീഷണിയുയര്‍ത്തുന്നത്. ഓരോ പ്രദേശത്തും അതത് നേതൃത്വങ്ങളാകുമല്ലൊ ഇത്തരം കാര്യങ്ങള്‍ നടത്തുക. പക്ഷേ അതിന് മുകളിലുള്ളവരുടെ മൗനാനുവാദത്തോടെത്തന്നെയാണ് ഇതൊക്കെ നടക്കുന്നത്. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ താഴെക്കിടയിലുള്ളവരാണല്ലൊ പ്രവര്‍ത്തിച്ചത്. പക്ഷേ മുകളില്‍ നിന്നാണല്ലൊ അത് തീരുമാനിക്കുന്നത്. ഏതുകാര്യമെടുത്താലും സിപിഐഎം പോലുള്ള ഒരുപാര്‍ട്ടി മുകളില്‍ നിന്ന് തീരുമാനമെടുത്ത് ഉറപ്പിച്ചാണ് അത് നടപ്പാക്കുക. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ക്കും മുകളിലുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

അവിരിടപ്പെട്ട് ആക്രമണം അവസാനിപ്പിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. നേതൃത്വത്തിന് ഇതില്‍ പങ്കില്ലെങ്കില്‍ അവരിടപ്പെട്ട് ആക്രമണം അവസാനിപ്പിക്കുകയല്ലെ വേണ്ടത്. ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്വം ജില്ലാ സെക്രട്ടറിക്കാണ്. പി മോഹനന്‍ എന്തുകൊണ്ട് ഇതില്‍ ഇടപെടുന്നില്ല? അദേഹത്തിന്റെ മൗനാനുവാദമില്ലാതെ എങ്ങനെയാണിതൊക്കെ നടക്കുക. സിപിഐഎം പ്രവര്‍ത്തകര്‍ക്ക് അഴിഞ്ഞാടാനുള്ള എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നത് പാര്‍ട്ടിയാണ്. സംശയമില്ല. വള്ളിക്കാടുള്ള ടി പിയുടെ സ്തൂപത്തിന് എത്രയോ ദിവസമായി ആയി പൊലീസ് കാവലാണ്. സ്തൂപത്തിനു മുന്നിലാണ് പൊലീസ് വാഹനം സ്ഥിരം നിര്‍ത്താറുള്ളത്. സ്തൂപം ആരും കാണാതിരിക്കുകയാവും ഇതിനു പിന്നിലെ ഉദ്ദേശമെന്ന് തോന്നുന്നു. ഏപ്രില്‍ 30ന് ഇവിടെ പിണറായി വിജയന്‍ വരുന്നുണ്ടല്ലൊ. അതിന് മുന്നോടിയായാണ് ടി പിയുടെ മുഖമുള്ള, ചിത്രമുള്ള എല്ലാ ഫ്‌ളക്‌സുകളും പോസ്റ്ററുകളും നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ടി പിയുടെ മുഖം കാണുന്നതില്‍ പിണറായിക്ക് എന്തോ ഒരു അസ്വസ്ഥതയുണ്ട്. ടി പിയുടെ മുഖത്തെ ഇപ്പോഴും പിണറായി ഭയക്കുന്നതുകൊണ്ടാണിത്.

ഇപ്പോള്‍ നിരന്തരമായി പ്രശ്‌നങ്ങളുണ്ടാകുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണ്?

ഒഞ്ചിയം, ഏറാമല, അഴിയൂര്‍ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവിടങ്ങളിലെല്ലാം ആര്‍എംപി ശക്തമാണ്. സിപിഐഎം ഇവിടെയെല്ലാം ദുര്‍ബലമാണെങ്കിലും ഭരണത്തണലിലാണിപ്പോള്‍ ആക്രമണം അഴിച്ചുവിടുന്നത്. എല്ലാവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്. കണ്ണൂര്‍ അതിര്‍ത്തി പ്രദേശമാണല്ലൊയിതൊക്കെ. അതിര്‍ത്തി കടന്നുവരുന്ന സംഘങ്ങളാണ് പലപ്പോഴും ആക്രമണം നടത്തുന്നത്. കഴിഞ്ഞദിവസം ഞങ്ങളുടെ പ്രവര്‍ത്തകന്‍ സുധീറിന്റെ ഗുഡ്‌സ് ഓട്ടോറിക്ഷ തകര്‍ത്തിരുന്നു. അവന്റെ വീടിനു നേരെ ആക്രമണവും നടന്നു. കണ്ണൂരിലെ കിടങ്ങിയൂര്‍ ഭാഗത്തു നിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ഇലക്ഷന്‍ സയമത്ത് സിപിഐഎമ്മിന്റെ വ്യാപക അഴിഞ്ഞാട്ടം നടന്ന മേഖലയാണിത്. തയ്യില്‍ പ്രദേശത്ത് ടി പിയുടെ ഒരു സ്തൂപം മൂന്നു തവണയാണ് തകര്‍ത്തത്. കഴിഞ്ഞദിവസം വീണ്ടും സ്ഥാപിച്ച സ്തൂപം പിന്നെയും ഇവര്‍ ബോംബെറിഞ്ഞ് തകര്‍ക്കുകയാണുണ്ടായത്. ഒഞ്ചിയത്തെ പാര്‍ട്ടി ഓഫീസിനു നേരെയും ബോംബെറിഞ്ഞിരുന്നു. ഇങ്ങനെ സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണിവിടെ. ഇങ്ങനെ തുടര്‍ച്ചായായുള്ള സിപിഐഎമ്മിന്റെ ഏകപക്ഷീയമായ ആക്രമണം അതിരുവിടുമ്പോള്‍ നമ്മുടെ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും തിരിച്ചടിയുണ്ടായാല്‍ അതിനെ കുറ്റം പറയാന്‍ കഴിയില്ല. ക്ഷമിക്കുന്നതിനൊക്കെ ഒരു പരിധിയില്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷമാണ് പൊലീസ് ഇവിടെ നിഷ്‌ക്രിയമായതെന്ന് പറഞ്ഞല്ലൊ. അതിനു മുമ്പ് അനിഷ്ട സംഭവങ്ങള്‍ കുറവായിരുന്നോ?

പിണറായി സര്‍ക്കാര്‍ വന്നശേഷമാണ് പൊലീസ് ഇത്രത്തോളം നിഷ്‌ക്രിയമായത്. നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും പൊലീസിന്റെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടായിരുന്നു. യുഡിഎഫിന്റെ ഭരണ കാലത്ത് ആര്‍എംപി രൂപീകരണ സമയത്ത് ആദ്യമായുണ്ടായത് ഞങ്ങളുടെ പ്രവര്‍ത്തകന്‍ ജയരാജന് നേരെയുണ്ടായ ആക്രമണമാണ്. ആ കേസില്‍ ഒരാളെപ്പോലും പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. കെ കെ ജയനെ ബോംബെറിഞ്ഞ് മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചിട്ടും ആരെയും പൊലീസിന് അറസ്റ്റ് ചെയ്യാനായിരുന്നില്ല. ഇപ്പോഴാകട്ടെ അതിലും മോശമാണ് പൊലീസിന്റെ അവസ്ഥ. ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ആക്ഷന്‍ ഉണ്ടാകുന്നുള്ളു. അതുകൊണ്ടാണല്ലൊ നിരന്തരം ആക്രമണങ്ങളുണ്ടാകുന്നത്.

വടകര, ചോമ്പാല, എടച്ചേരി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. പല പൊലീസ് ഉദ്യോഗസ്ഥരും സിപിഐഎമ്മിന്റെ ആളുകളാണ്. പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ് പൊലീസിന്റ ഇടപെടല്‍. പക്ഷം ചേരാതെ ആര് തെറ്റ് ചെയ്താലും നടപടിയെടുക്കാന്‍ ആര്‍ജവം കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് ആവശ്യം. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. പൊതുപ്രവര്‍ത്തനം ഭയമില്ലാതെ നടത്താനുള്ള അന്തരീക്ഷമാണ് ഇവിടെ ഉണ്ടാകേണ്ടത്. അതേസമയം ടി പിയുടെ മരണശേഷമുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിട്ടുണ്ട്. അഞ്ചും പത്തും ഇരുപതും കേസുകളിലാണ് ഞങ്ങളുടെ സഖാക്കള്‍ കോടതി കേറിയിറങ്ങുന്നത്. സിപിഐഎമ്മിന് പണവും അധികാരവുമുണ്ട്. അതിന്റെ മറവിലാണ് അവര്‍ ക്രിമിനലുകളെ തുറന്നുവിട്ടിരിക്കുന്നത്. കേസുകള്‍ കാരണം ഞങ്ങളുടെ സഖാക്കള്‍ക്ക് ജോലിക്കു പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളത്.

നിരന്തരമായി പ്രശ്‌നങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ഇത് ചര്‍ച്ചയിലൂടെ പരിഹരിക്കാനെന്തെങ്കിലും ശ്രമിച്ചിരുന്നോ?

എന്ത് ചര്‍ച്ച. കൊല്ലാന്‍ നടക്കുന്നവരുമായിട്ട് എന്തു ചര്‍ച്ച നടത്താനാണ്. അങ്ങനെയൊരു മനുഷ്യത്വം അവരില്‍ ഉണ്ടായിരുന്നെങ്കില്‍ ചന്ദ്രശേഖരനെ കൊല്ലില്ലായിരുന്നല്ലൊ. ഞങ്ങളുടെ പ്രവര്‍ത്തകരെ നിരന്തരം ആക്രമിക്കില്ലായിരുന്നല്ലൊ. എത്രയാളുകളെ വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ജീവച്ഛവമായവരില്ലേ, ജോലിയ്ക്ക് പോകാന്‍ കഴിയാത്തവരില്ലേ. സിപിഐഎം വിട്ടുവെന്ന ഒരൊറ്റ കാരണം കൊണ്ട് വേട്ടയാടപ്പെട്ടവര്‍ നിരവധിയില്ലെ. പിന്നെന്തു ചര്‍ച്ചയാണ് നടത്തേണ്ടത്. ആര്‍എംപിക്കാരായതുകൊണ്ട് കല്യാണം നടക്കാത്ത നിരവധി യുവാക്കള്‍ ഇപ്പോഴും ഇവിടെയുണ്ട്. സിപിഐഎം ഇടപെട്ട് കല്യാണം മുടക്കല്‍ പതിവാണ്. അങ്ങനെ ഞങ്ങളെ പ്രകോപിക്കുകയും വേട്ടയാടുകയുമാണ് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നത്.

മാധ്യമങ്ങളില്‍ പ്രാദേശിക പേജുകളില്‍ മാത്രം ഇത്തരം വാര്‍ത്തകള്‍ ചുരുങ്ങുന്നു. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ. ഇവര്‍ ഫാസിസത്തെക്കുറിച്ച് സംസാരിക്കുന്നു, ഗുജറാത്തിനെക്കുറിച്ചു സംസാരിക്കുന്നു. അവിടെയൊന്നും പോകേണ്ടതില്ല. ഒഞ്ചിയത്ത് വന്നാല്‍ മതി ഫാസിസം എന്താണെന്ന് മനസ്സിലാകാന്‍. ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കുന്നു. അപ്പോള്‍ സിപിഐഎമ്മിനെ എന്തുവിളിക്കണം? ഞങ്ങളുടെ സഖാക്കളെ സമീപിച്ചാല്‍ അറിയാം ഫാസിസത്തിന്റെ വ്യാപ്തി. കഴിഞ്ഞ ദിവസം 25 വയസ്സുള്ള ഞങ്ങളുടെ സഖാവിന്റെ കാലുകള്‍ അവര്‍ തല്ലിയൊടിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്നാണ് അവര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ട വിഷ്ണു പറഞ്ഞവരെയല്ല പൊലീസ് യഥാര്‍ഥത്തില്‍ പിടികൂടിയിരിക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് എടച്ചേരി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ആര്‍എംപി പോലുള്ള ഒരു പാര്‍ട്ടിക്ക് ഇതെല്ലാം പ്രതിരോധിക്കുന്നതില്‍ പരിമിതികളുണ്ട്.

ഇത്തരം പ്രശ്‌നങ്ങളെ പൊളിറ്റിക്കലായി മറികടക്കാനുള്ള ശ്രമങ്ങള്‍ എന്തുകൊണ്ട് നടക്കുന്നില്ല?

രാഷ്ട്രീയമായിത്തന്നെ ഞങ്ങള്‍ ഇതിനെ മറികടക്കും. അത് അക്രമങ്ങളിലൂടെയായിരിക്കില്ല. ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് മാത്രമേ ഇതു നടക്കുകയുള്ളു. ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ഇത് പ്രതിരോധിക്കാന്‍ കഴിയുകയുള്ളു. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇവിടെയുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാതന്നെ സിപിഐഎമ്മിന്റെ നടപടിക്കെതിരാണ്. ജനങ്ങളും അതൃപ്തരാണ്. ഈ ഫാസിസ്റ്റ് നടപടിക്കെതിരെ പൊതുസമൂഹം പ്രതികരിക്കുക തന്നെ വേണം. ജനകീയമായുള്ള പ്രതിരോധമാണ് ആലോചിക്കുന്നത്. കാരണം ആര്‍എംപി പോലുള്ള ചെറിയ പാര്‍ട്ടിക്ക് ഇവരെ നേരിടാന്‍ പ്രയാസങ്ങളുണ്ട്. തിരിച്ചടിച്ചു നില്‍ക്കാന്‍ ഉദ്ദേശമില്ല. അങ്ങനെയായിരുന്നേല്‍ എന്നേ ആകാമായിരുന്നു. പ്രദേശത്ത് അതിനുള്ള ശക്തിയും ആള്‍ബലവും ഞങ്ങള്‍ക്കുണ്ട്. പക്ഷേ കായികമായി നേരിടുന്നതല്ല ജനാധിപത്യരീതി. അത് ഞങ്ങള്‍ക്ക് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് ഇത്രയൊക്കെ സഹിച്ചിട്ടും പിടിച്ചുനില്‍ക്കുന്നത്.