എസ്‌എൻ‌ഡിപിയും വെള്ളാപ്പള്ളിയും ഒപ്പമുണ്ട്; പിന്നാക്കക്കാർ ശബരിമലയിൽ മേൽശാന്തിമാരാകും

ശബരിമല മേൽശാന്തിയാകാൻ അപേക്ഷിച്ച് ജാതി കാരണം ഈ വർഷവും പുറത്താക്കപ്പെട്ട ഈഴവ മേൽശാന്തി വിഷ്ണുനാരായണൻ ആദ്യമായി സംസാരിക്കുന്നു

എസ്‌എൻ‌ഡിപിയും വെള്ളാപ്പള്ളിയും ഒപ്പമുണ്ട്; പിന്നാക്കക്കാർ ശബരിമലയിൽ മേൽശാന്തിമാരാകും


സി.വി വിഷ്ണു നാരായണൻ/ ലിബിൻ തത്തപ്പിള്ളി, ശ്രീജിത് കെജിശബരിമല മേൽശാന്തിയാവാനുള്ള അപേക്ഷ കഴിഞ്ഞ വർഷം കൊടുത്തിരുന്നതല്ലേ? എന്താണ് സംഭവിച്ചത്

കഴിഞ്ഞ വർഷവും കൊടുത്തിരുന്നു. വിഞ്ജാപനത്തിൽ മലയാള ബ്രാഹ്മണൻ എന്ന് കാണിച്ചിട്ടുണ്ട്. 2002ലെ സുപ്രീംകോടതി വിധിയുള്ളതാണ് ദേവസ്വം ബോർഡിന്റെയടക്കമുള്ള ഒരു ക്ഷേത്രത്തിലേയും പുരോഹിത നിയമനത്തിൽ ജാതിയോ കുലമോ നോക്കാൻ പാടില്ല എന്ന്.

ശബരിമല തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണ്. എന്നിട്ട് അവിടുത്തെ കാര്യങ്ങൾ നടക്കുന്നത് ഇപ്പോഴും ഇങ്ങനെയാണ്. അതി രഹസ്യമായിട്ടാണ് അവിടുത്തെ കാര്യങ്ങൾ നടക്കുന്നത്. പത്രങ്ങളിലൊന്നും പരസ്യം വരാറില്ല. നെറ്റ് വഴിയാണ് ഇത്തരത്തിലുള്ള പരസ്യം ഇറക്കുന്നത്.

പത്രങ്ങളിൽ വരാറില്ല?

ഇല്ല, പത്രങ്ങളിൽ ഇതുവരെ കണ്ടിട്ടില്ല. ഇത് വേറെ രീതികളിലാണ് അറിയുന്നത്. അങ്ങനെ വന്ന് അറിഞ്ഞിട്ട് ആറ് ഏഴ് ദിവസം മുമ്പ് പോലും ഡൌൺലോഡ് ചെയ്യാൻ പറ്റിയിട്ടില്ല. അത്രയ്ക്കും കൃത്യമായിട്ടാണ് ഇവർ നീങ്ങുന്നത്. കാരണം മറ്റുള്ളവർ ഇത് എടുക്കരുത്. യോഗക്ഷേമ വഴി ഇതൊക്കെ വിതരണം ചെയ്യുന്നുണ്ടാകാം. നമുക്ക് അറിയില്ലല്ലോ. എനിക്ക് തന്നെ വളരെ ബുദ്ധിമുട്ടിയാണ് അപേക്ഷിക്കാൻ സാധിച്ചത്. ഇത് ഇത്ര ദിവസത്തിനുള്ളിൽ കിട്ടണം എന്ന് പറഞ്ഞാണ്.

പ്രത്യേകിച്ച് പറയാൻ കാരണം, അതിന് മുമ്പുള്ള ദിവസം നോക്കിയിട്ട് ഡൗൺലോഡ് ആകുന്നില്ലായിരുന്നു. സമയം പോയെന്ന് പറഞ്ഞാണ് ഞാൻ ഡൗൺലോഡ് ചെയ്യാൻ‌ ചെന്നത് പക്ഷെ, ഡൗൺലോ‍ഡ് ആകുന്നില്ല. പിന്നീട് പിറ്റേ ദിവസം ചെന്ന് നോക്കിയപ്പോഴാണ് ഇത് കിട്ടുന്നത്. അപ്പോ ഇത് വളരെ ഷാർപ്പായിട്ടാണ് ഇടുന്നത്. ഒരു മാസം പോലും ടെെം പോലും കൊടുക്കുന്നില്ല ഇത് അപേക്ഷിക്കാൻ. അതെന്നാൽ മറ്റുള്ളവർ അപേക്ഷിക്കരുത്. ഒന്നാമത് മലയാള ബ്രാഹ്മണൻ ആയിരിക്കണം എന്ന് അതിൽ പറയുന്നുണ്ട്.

മലയാള ബ്രാഹ്മണൻ ആവണമെന്ന് വിജ്ഞാപനത്തിൽ തന്നെ പറയുന്നുണ്ടല്ലേ?

പറയുന്നുണ്ട്, 2002 സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണ് ഇത്. മറ്റ് സ്ഥലങ്ങളിൽ അതൊക്കെ മാറി. പക്ഷെ, ശബരിമലയിലാണ് ഇത്തരത്തിൽ കെെകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്. അതിനെതിരെയാണ് ഹെെക്കോടതിയെ സമീപിച്ചത്. അന്ന് സർക്കാരും ഇതിന് അനുകൂലമായിട്ടാണ് നിന്നത്. ഇപ്പോഴത്തെ സർക്കാർ തന്നെയാണ് ആ സമയത്തും ഉണ്ടായിരുന്നത്.

കോടതിയിൽ പ്രശ്നം വന്ന സമയത്ത് നമ്മുടെ വക്കീൽ പറഞ്ഞു ജഡ്ജി എന്ന് പറയുന്നത് രാമചന്ദ്രൻ മേനോൻ എന്ന വ്യക്തിയാണ്. അതുകൊണ്ട് നിങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടാകുമെന്ന് ആദ്യം മുതലേ അദ്ദേഹം പറയുന്നുണ്ട്. അതുപോലെ തന്നെ കാര്യങ്ങൾ വരുകയും ചെയ്തു.

കേസിൽ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. ഒരു വർഷമായിട്ട് അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിക്കുകയോ കോടതി വിധി പറയുകയോ ഒന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ വർഷത്തെ നിയമനത്തെ സംബന്ധിച്ചു നൽകിയ പരാതിയിൽ അമിക്യസ് ക്യൂറിയെ വച്ചിട്ട് ഇപ്പോൾ ഈ വർഷത്തെ നിയമനത്തിന്റെ അഭിമുഖത്തിന്റെ സമയമായി. എത്ര നാൾ അമിക്കസ് ക്യൂറിയെ വെച്ച് മുന്നോട്ട് പോകും എന്നാണ് കാണേണ്ടത്.

ശബരിമല മേൽശാന്തി വിജ്ഞാപനത്തിന്റെ ഒന്നാം പേജ്കഴിഞ്ഞ വർഷം എന്തെങ്കിലും മെമ്മോേ കിട്ടിയിരുന്നോ ?

ഇല്ല, ഈ വർഷമാണ് കിട്ടിയത്.

കഴിഞ്ഞ വർഷം എന്താണ് പറഞ്ഞത്?

കഴിഞ്ഞ വർഷം ഒന്നും പറഞ്ഞില്ല, വിജിലൻസ് വന്ന് അന്വേഷിച്ചു. അതിനപ്പുറത്തേക്ക് ഒന്നും ഉണ്ടായില്ല. കേസുകൾ പത്രങ്ങളിൽ കാര്യമായി ചർച്ച ചെയ്തു. അമിക്കസ് ക്യൂറിയെ വെച്ചു അത് താഴിട്ട് പൂട്ടിയ അവസ്ഥ.

എസ്എൻഡിപി എങ്ങനെയാണ് ഇതിൽ ഇടപെടുന്നത്?

എസ്എൻഡിപിയുടെ വലിയൊരു പിന്തുണ ഇതിൽ ഉണ്ട്. പ്രത്യേകിച്ച് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ.
മറ്റ് സംഘടനകൾ ഈ വിഷയത്തിൽ അതായത് കെപിഎംഎസ്?

അവർ പക്ഷേ, ഈ വിഷയത്തിൽ അധികം കടന്നു വന്നിട്ടില്ല. അവരുമായി ബന്ധപ്പെട്ട് ഇതുവരെ സംസാരിച്ചിട്ടില്ല. അതാകാം.

സുപ്രീകോടതിയിൽ ഇതിനായി നേരിട്ട് പോകുകയാണെങ്കിൽ ഈ കേസിന് പരിഹാരം ഉണ്ടാകില്ലെ?

ഉണ്ടാകും, പക്ഷെ, ഫണ്ടാണ് നമ്മുടെ മുന്നിലെ വിഷയം, ഇപ്പോൾ വ്യക്തിപരമായി ചെയ്യുന്നത് കൊണ്ട് ഫണ്ടിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുണ്ട്. അല്ലെങ്കിൽ ഇതിനായി ധെെര്യമായിട്ട് പോകാമായിരുന്നു. നല്ലൊരു ഫണ്ട് ഇല്ലാതെ സുപ്രീകോടതയിലേക്ക് പോകാൻ പറ്റില്ലല്ലോ അതാണ് പ്രധാന വിഷയം. നമ്മുടെ വക്കീലിനാണെങ്കിലും കാര്യമായിട്ട് പ്രീതിപ്പെടുത്താൻ പറ്റിയിട്ടില്ല. അദ്ദേഹത്തിന് ഇത് താൽപ്പര്യമായ വിഷയം ആയതുകൊണ്ടും ജനറൽ സെക്രട്ടറി ഇതിൽ ഇടപെട്ടതുകൊണ്ടും കാര്യങ്ങൾ നടക്കുന്നു.

നിലവിൽ ഏത് ക്ഷേത്രത്തിലാണ് പൂജ ചെയ്യുന്നത്?

ഞാൻ (കോട്ടയം) പള്ളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് പൂജ ചെയുന്നത്.

ഇത് ദേവസ്വം ബോർ‌ഡ് ക്ഷേത്രമാണോ?

അല്ല, എസ്എൻഡിപി ക്ഷേത്രമാണ്.

പൂജാ രംഗത്ത് വന്നിട്ട് എത്ര വർഷമായി, എത്ര വയസായി?

28 വർഷമായി പൂജാ രംഗത്തുണ്ട്. 38 വയസ്സുണ്ട്.

ശബരിമല മേൽശാന്തി വിജ്ഞാപനം- നിബന്ധനകൾമുമ്പ് നിന്ന ക്ഷേത്രങ്ങളിൽ നിന്നും ജാതീയമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ?

ഉണ്ടായിട്ടുണ്ട്. പന്ത്രണ്ടാം വയസിലാണ് പൂജ തുടങ്ങുന്നത്. ആ സമയത്തൊക്കെ മുതൽ നന്നായി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ഒരു നായർ സമുദായത്തിന്റെ ക്ഷേത്രമായിരുന്നു. അവി‍ടെ എന്നെ ശ്രീകോവിലിലോ തിടപ്പിള്ളിയിലോ കയറുവാൻ സമ്മതിക്കില്ലായിരുന്നു. ആ ബുദ്ധിമുട്ട് നന്നായി അനുഭവിച്ചിട്ടുണ്ട്.

അന്ന് ചെറു പ്രായമായിരുന്നല്ലോ അപ്പോ മനസില് നല്ല വേദനയായിരുന്നു. വലിയൊരു വേദനയായിരുന്നു. നമുക്കൊന്ന് തിടപ്പിള്ളിയിലേക്ക് കയറണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. അത് ഒരു കുടുംബ ക്ഷേത്രമായിരുന്നു. കുടുംബ ക്ഷേത്രമായിരുന്നെങ്കിലും ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ച് ഒത്തിരി തിരക്ക് ഉണ്ടായിരുന്ന ക്ഷേത്രമായിരുന്നു. പക്ഷെ, അവിടെ ശ്രീകോവിലിൽ കയറുവാനോ തിടപ്പിള്ളിയിൽ കയറുവാനോ എന്നെ അനുവദിച്ചിരുന്നില്ല. അത് ജാതിയുടെ ഒറ്റ ലേബലിലായിരുന്നു.

അന്ന് അവിടെ ഒരു തമ്പുരാട്ടി ഉണ്ടായിരുന്നു. ഇപ്പോ അവർ മരിച്ചു പോയി. അന്ന് നമ്മൾ വന്നുകഴിഞ്ഞാൽ മാറ് മാറ് എന്ന് പറയുമായിരുന്നു. ഞാൻ ചെല്ലുമ്പോൾ മാറാൻ പറയും. എന്റെ വീട് പാണാവള്ളിയിലാണ്. അവിടെ ഉണ്ടായതാണ് സംഭവം, പെരുങ്കയത്രെെ എന്നാണ് വീട്ടുപേര്, അന്ന് അവിടെയാണ് തുടക്കം. അപ്പോൾ അവർ നമ്മൾ ഈഴവൻ ചോവോൻ എന്ന മട്ടിൽ തൊടുവാനോ തിടപ്പിള്ളിയിൽ കയറുവാനോ അവർ സമ്മതിക്കില്ലായിരുന്നു. നമ്മളെ കാണുമ്പോൾ തന്നെ മാറി നിൽക്കാൻ പറയും.

നമ്പൂതിരിമാർ പൂജ ചെയ്താൽ മാത്രമേ ശരിയാകൂ എന്നു ചിന്തിക്കുന്നവർ പല സമുദായങ്ങളിലുമുണ്ട്?

അതെ, ഇപ്പോഴുമുണ്ട്. നല്ല ഉപാസനയുള്ളവരാണെങ്കിൽ നമുക്ക് അംഗീകരിക്കാം. ചിലർ നല്ല ഉപാസനയുള്ളവരും സാത്വികന്മാരും ആയിരിക്കും. അങ്ങനെയുള്ളവരെ നമുക്ക് അംഗീകരിക്കാം. അല്ലാതെ നമ്പൂതിരിയുടെ വയറ്റിൽ പിറന്നു എന്ന ഒറ്റ സർട്ടിഫിക്കറ്റിൽ അവർ ചെയ്താലേ ശരിയാകു എന്ന് പറയുന്നത് അംഗീകരിക്കാൻ പറ്റില്ല.

ചിലപ്പോൾ കാപട്യം ഉള്ളവരായിരിക്കും ഇങ്ങനെ പറഞ്ഞ നമ്പൂതിരിമാർ. നോക്കുമ്പോൾ നിറയെ ഭസ്മവും കുങ്കുമവും തൊട്ട് പക്ഷെ, ഇതിന്റെ മറവിൽ നിറയെ കാപട്യമുണ്ടായിരിക്കും. അവരെയും ചുമന്ന് നടക്കുന്ന നമ്മുടെ ആളുകൾ ഉണ്ട്.

കൃത്യമായിട്ട് പൂജയും ഉപാസനയും ഒക്കെ ചെയ്യുന്ന ആളുകളിൽ കൂടുതലുള്ളത് പിന്നാക്ക സമുദായത്തിലെ ശാന്തിമാർ തന്നെയാണ്?

അതെ, കൂടുതലും. കഴിഞ്ഞ ദേവസ്വം ബോർ‌ഡ് വിളിച്ചതിൽ ഭൂരിപക്ഷം പേരും നമ്പൂതിരിമാർ അല്ല. കുറഞ്ഞ ശതമാനം നമ്പൂതിരിമാരെയാണ് ശാന്തിയായി വിളിച്ചിരിക്കുന്നത്. അവർ ഇപ്പോ ശാന്തിവിഷയത്തിൽ നിന്നും പിന്നോട്ട് പോകുകയാണ്. അപ്പോഴും ചിന്തിക്കേണ്ട വിഷയം ഉണ്ട്. ഈ കുറഞ്ഞ ശതമാനം ആളുകളാണ് വരുന്നത്. അവർക്കു വേണ്ടി ശബരിമല സംവരണം ചെയ്തു വെക്കേണ്ടതുണ്ടോ? അത് ചിന്തിക്കേണ്ട വിഷയമാണ്.

ഇത്രയും കുറഞ്ഞ പക്ഷത്തിലുള്ളവരാണ് ഇപ്പോൾ വന്നിട്ടുള്ളത്. ഇപ്പോൾ അഡ്വക്കേറ്റ് ആയാൽ ജഡ്ജി ആകുന്നത് എന്ന് പറയുന്നത് വലിയൊരു പ്രചോദനമാണ്. എന്നു പറഞ്ഞതുപോലെ ശാന്തിയാകുമ്പോൾ വലിയൊരു ആഗ്രഹമാണ് ഇത്രയും പേര് കേട്ട ക്ഷേത്രത്തിൽ ശാന്തിയാകുക എന്നത്. ആ പ്രചേദനത്തെ അടച്ചുപൂട്ടികളയുകയാണ് ഇവർ ചെയ്യുന്നത്.

നമ്മുടെ സമൂഹത്തിന് ചേർന്ന പ്രവണതയല്ല ഇതൊക്കെ. എവിടെയും ആർക്കും സ്വാതന്ത്ര്യമുണ്ടല്ലോ വളരുവാനും വലുതാകാനും. അതിനെ എല്ലാം തടയുന്ന നടപടിയാണ് ദേവസ്വം ബോർഡ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം മാറ്റം വരണം.

ജനാധിപത്യ വ്യവസ്ഥിതിയിൽ ഇത് ഭരണഘടനാ വിരുദ്ധമാണ്. മനുഷ്യൻ എന്ന ജാതിയെ ഉള്ളു. അവർക്ക് യോഗ്യതയാണ് കൽപ്പിക്കേണ്ടത്. അഡ്വക്കേറ്റ് ആവാം, ഡോക്ടർ ആവാം, ഇതൊന്നും ജാതിയല്ലല്ലോ നോക്കുന്നത്. അത് തന്നെയാണ് ഇതിനും വേണ്ടത്. കള്ള് കുടിച്ച് നടക്കുന്ന നമ്പൂതിരിയുടെ മകന് ശബരിമല മേൽശാന്തിയാവാം. അതേ സമയം നല്ല രീതിയിൽ ഉപാസന നടത്തുന്ന ഇതര വിഭാഗത്തിൽ ഉള്ളവർ‌ക്ക് ആകാൻ പറ്റുന്നില്ല. സത്യത്തിൽ ഇത് ന്യായത്തിനും നീതിക്കും നിരക്കുന്നതല്ല ഇത്. സത്യത്തിൽ നമ്മുടെ സമൂഹം അംഗീകരിക്കേണ്ടതല്ല ഇത്.

നേരിട്ട് സുപ്രീം കോടതിയിൽ പോയാൽ ഈ സാഹചര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. പക്ഷേ ഫണ്ടാണ് ഏറ്റവും വലിയ വെല്ലുവിളി. ഹൈക്കോടതിയിലെ വക്കീൽ വക്കം വിജയൻ സറിന് കാര്യമായൊന്നും കൊടുക്കാൻ പറ്റിയിട്ടില്ല. സ്വന്തം താത്പര്യത്തിന്റെ പുറത്താണ് അദ്ദേഹം നമുക്കു വേണ്ടി നിൽക്കുന്നത്. സുപ്രീം കോടതിയിൽ പോകണമെങ്കിൽ കുറഞ്ഞത് അഞ്ചു ലക്ഷം രൂപ എങ്കിലും വേണം.

ശബരിമല മേൽശാന്തി- അപേക്ഷയ്ക്ക് വിഷ്ണുനാരായണന് ലഭിച്ച മറുപടിചെട്ടികുളങ്ങരയിൽ സുധികുമാറിന്റെയും അവസ്ഥ ഇത് തന്നെയാണ്. അദ്ദേഹത്തിന് ഇതുവരെ ശ്രീകോവിലിൽ കയറാൻ സാധിച്ചിട്ടില്ല

അതെ. ഞാനും അറിഞ്ഞിരുന്നു അത്. വലിയ കഷ്ടമാണ്. ഇത്തരത്തിലാണ് ആളുകൾ ഇപ്പോഴും ചിന്തിക്കുന്നത്.

ആചാരം മാറ്റേണ്ടതില്ല എന്ന് പറഞ്ഞ് ഇപ്പോൾ സമരം ചെയ്യുന്നതിന്റെ പിന്നിൽ, ശബരിമലയിലെ ആചാരങ്ങൾ മാറിയാൽ ശാന്തിനിയമനത്തിൽ അടക്കം മാറ്റം വരും എന്നുള്ള ഭയം ആയിരിക്കില്ലേ?

അതെ. സവർണ മേധാവികൾക്ക് അറിയാം അവരുടെ മണ്ണ് ഒലിച്ചു പോകുന്ന സംഭവം ആണ് ഇതെന്ന്. അതുകൊണ്ടാണ് ഇവർ ഇപ്പോൾ സട കുടഞ്ഞ് എഴുന്നേറ്റ് വന്നിരിക്കുന്നത്.

ഇവിടെ ക്ഷേത്രങ്ങളിൽ ജാതി പറഞ്ഞ് പൂജാരിമാരെ മാറ്റി നിർത്തിയപ്പോഴും, ശബരിമലയിൽ വിവേചനം നിലനിൽക്കുമ്പോഴുമൊന്നും ഇവരാരും ഈ പറയുന്ന സമരത്തിന് ഇതുവരെ വന്നിട്ടില്ല?

വന്നിട്ടില്ല, അവരൊക്കെ പിന്നിലായിട്ട് നിൽക്കും. ഇപ്പോ തന്ത്രികുടുംബം രംഗത്ത് വന്നതിന്റെ പിന്നിൽ നോക്കുമ്പോൾ ഇതാണ് പ്രശ്നം. അവർക്കറിയാം, മണ്ണ് ഒലിച്ച് പോകുമെന്ന് അവർക്ക് ഭയക്കുന്നുണ്ട്. സ്ത്രീപ്രവേശനം അനുവദിച്ചതോടുകൂടി മറ്റുള്ളതും അവരുടെ കെെവിട്ട് പോകുമോ എന്ന് അവർക്ക് ഭയമുണ്ട്.

സമരം പോലും തീരുമാനിക്കുന്നതും എൻഎസ്എസും യോഗക്ഷേമ സഭയാണ് പിന്നോക്ക ജാതിക്കാർ സമരത്തിന് പിന്നാലെ പോകുന്നു?

അത്രയേള്ളു, ഇപ്പോൾ മുന്നിൽ നിൽക്കുന്നത് അവർ തന്നെയാണ്.

തെരുവിൽ ഇറങ്ങിയുള്ള ഈ സമരത്തെപറ്റി എന്താണ് അഭിപ്രായം?

സ്ത്രീ പ്രവേശന വിഷയത്തിൽ എനിക്ക് തോന്നിയത് സാധാരണ ക്ഷേത്രങ്ങളിൽ പുരുഷന്മാരുടെ എണ്ണം വളരെ കുറവാണ്. അവർ പോകുന്നത് പ്രധാനമായും ശബരിമലയിലാണ്. വിശ്വാസത്തോടു കൂടി വ്രതം എടുത്ത്. ഇനി സ്ത്രീകൾ കൂടി അവിടെ എത്തിയാൽ ആ ഒരു കാര്യത്തിന് അവർ പുറകോട്ട് പോകുമോ അവരുടെ കുത്തക നഷ്ടപ്പെടുമോ എന്ന ഭയം അവർക്കുണ്ടാകാം.

Read More >>