ചുവന്ന സൈക്കിളില്‍ അര്‍ജുന്‍; ആര്‍ത്തവം പറയാന്‍ അവന്‍ വരുന്നു...

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു പന്ത്രണ്ടില്‍ പഠിക്കുമ്പോള്‍ മാത്രമായിരുന്നു ആര്‍ത്തവത്തെ കുറിച്ചു കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉണ്ണിക്കൃഷ്ണന്‍ മനസിലാക്കുന്നത്. ഇന്ന് അര്‍ജുനും കൂട്ടുകാരും റെഡ് സൈക്കിളുണ്ടാക്കി നാട്ടിലേയ്ക്കിറങ്ങി - സ്കൂളുകളിലും കോളേജുകളിലും തെരുവിലും ആര്‍ത്തവത്തെ പറ്റി വര്‍ത്തമാനം പറയുന്നു

ചുവന്ന സൈക്കിളില്‍ അര്‍ജുന്‍; ആര്‍ത്തവം പറയാന്‍ അവന്‍ വരുന്നു...

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ദേവാലയങ്ങളില്‍ വിലക്ക് നിലനില്‍ക്കുന്ന നാട്ടിലാണ് അര്‍ജുന്‍ ഉണ്ണിക്കൃഷ്ണന്‍ ജനിച്ചതും ജീവിക്കുന്നതും. രണ്ടു വര്‍ഷം മുന്‍പു വരെ, അമ്മയുടെ ബാഗില്‍ ഇടയ്ക്ക് കാണപ്പെടുന്ന ആ പായ്ക്കറ്റ് എന്താണെന്നറിയാത്ത ആണ്‍കുട്ടി മാത്രമായിരുന്നു. ഇപ്പോള്‍ സ്കൂളുകളിലും കോളേജുകളിലും ആര്‍ത്തവ ആരോഗ്യത്തെ കുറിച്ച് പ്രചാരണം നടത്തുന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപകനാണ് അര്‍ജ്ജുന്‍. 21 വയസുള്ള ഈ കോഴിക്കോട് സ്വദേശിയുടെ കൂടെ കൂട്ടുകാരും ചേര്‍ന്നു. റെഡ് സൈക്കിള്‍ ഇന്ന് ലിംഗ സമത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടത്തുന്നു, ആര്‍ത്തവകാലത്തെ ആരോഗ്യകാര്യങ്ങള്‍ മാത്രമല്ല, ആര്‍ത്തവവുമായി ബന്ധപ്പെട്ട ഒട്ടനേകം പ്രവര്‍ത്തനങ്ങള്‍ക്ക് റെഡ് സൈക്കിള്‍ നേതൃത്വം നല്‍കുന്നു. അര്‍ജുന്‍ പറയുന്നു:

ആര്‍ത്തവം, സാനിറ്ററി നാപ്കിന്‍ എന്നീ വിഷയങ്ങളെ കുറിച്ച് ആണുങ്ങള്‍ സംസാരിക്കുന്നതിലും ബോധവത്കരിക്കുന്നതിലും ഒരു അപാകതയില്ലേ?

ഇതാണ് സമൂഹത്തില്‍ ഇന്നും പൊതുവേ നിലനില്‍ക്കുന്ന ഒരു ധാരണ. പുരുഷന് ഒരിക്കലും ഒറ്റയ്ക്കായി ഒരു അസ്തിത്വമില്ല. അമ്മയില്‍ ജന്മമെടുക്കുമ്പോള്‍ മുതല്‍ അത് അങ്ങനെയാണ്. അമ്മയായി, സുഹൃത്തായി ജീവിതപങ്കാളിയായി ഒക്കെ സ്ത്രീകള്‍ പുരുഷന്മാരുടെ ജീവിതത്തില്‍ ഉണ്ടാകും. അങ്ങനെ ഉള്ളവരുടെ ഒരു ബയോളജിക്കല്‍ മാറ്റം പുരുഷന്‍ അറിയാനോ സംസാരിക്കാനോ പാടില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്?

കുട്ടിക്കാലത്തെ ഒരു അനുഭവം പറയാം. അമ്മ ജോലി കഴിഞ്ഞെത്തുമ്പോള്‍ എനിക്കെന്താണ് വാങ്ങിക്കൊണ്ടു വന്നതെന്ന് അറിയാനായി ഞാന്‍ ബാഗ്‌ പരിശോധിക്കുമായിരുന്നു. അതില്‍ നിന്നും എപ്പോഴെങ്കിലും സാനിറ്ററി നാപ്കിന്‍ കയ്യില്‍ കിട്ടിയാല്‍, ഓഹ്..ഇതൊക്കെ വാങ്ങാന്‍ അമ്മയ്ക്ക് പൈസയുണ്ട്, എനിക്കെന്തെങ്കിലും വാങ്ങാനാണ് മടി എന്നും പറഞ്ഞു പരിഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നെയും എത്ര നാള്‍ കഴിയേണ്ടി വന്നു ഇത് അമ്മയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ചെലവാണ് എന്ന് തിരിച്ചറിയാന്‍. ചെലവ് മാത്രമോ, ശാരീരികവും മാനസികവുമായ എത്രയോ അനുഭവങ്ങളാണ് ആ സാനിറ്ററി നാപ്കിന്‍ ദിനങ്ങള്‍ അമ്മയ്ക്ക് നല്‍കുന്നത്.

എങ്ങനെയാണ് ഇത്തരമൊരു സാമൂഹികപ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ഇടയായത്?

അരുണാചലം മുരുകാനന്ദനെ കുറിച്ചെഴുതിയ ഒരു ലേഖനമാണ് ഇതിനു പ്രചോദനമായത്. അതില്‍ ആര്‍ത്തവം എന്ന വിഷയത്തിനേക്കാള്‍ ശ്രദ്ധയാകര്‍ഷിച്ചത് സാനിറ്ററി നാപ്കിനുകളെ ചുറ്റിപറ്റിയുള്ള സമൂഹത്തിന്റെ ധാരണകളും അതിന്റെ വ്യവസായവല്‍ക്കരണവുമായിരുന്നു. ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലും പ്രായം ചെന്നവരില്‍ നല്ലൊരു ശതമാനവും ഇപ്പോഴും ആര്‍ത്തവകാലത്ത് തുണിയായിരിക്കും ഉപയോഗിക്കുന്നത്. അവര്‍ക്കു ചിലപ്പോള്‍ ഔട്ട്‌ഡേറ്റഡ് നാപ്കിനുകള്‍ ആയിരിക്കും ലഭ്യമായിരിക്കുക. ഇത് എത്രത്തോളം ആരോഗ്യവും ശുചിത്വം ഉറപ്പു വരുത്തുന്നുണ്ട്? ഇവിടെയാണ്‌ പ്രാദേശികമായി ചെറുകിട വ്യവസായങ്ങള്‍ വഴി വൃത്തിയുള്ള സാനിറ്ററി നാപ്കിനുകള്‍ ഉദ്പാദിക്കേണ്ടതായ ആവശ്യം ഉയരുന്നത്. മാത്രമല്ല, ഇവ വിലയ്ക്കനുസരിച്ചുള്ള മൂല്യം ഉള്ളതായിരിക്കും.

ഈ ലേഖനം ഒരു പ്രചോദനമായി. എന്തെങ്കിലും ചെയ്യണമെന്നു തോന്നി. മെലനി ടീച്ചറിനോട് ഈ ആശയം പങ്കു വച്ചപ്പോള്‍ ഒരു ബോധവത്ക്കരണ ശ്രമം നടത്താമെന്നു തീരുമാനമായി. അങ്ങനെയാണ് എന്ന ഒരു ഫേസ്ബുക്ക് പേജിലൂടെ ദി റെഡ് സൈക്കിള്‍ യാത്ര തുടങ്ങുന്നത്.

സുഹൃത്തുക്കളുടെ പ്രതികരണം?

ഒരു പക്ഷെ എല്ലാവരും തുറന്നു സംസാരിക്കാന്‍ ആഗ്രഹിച്ച ഒരു വിഷയം തന്നെയാണ് ഇതെന്നു തോന്നിയിട്ടുണ്ട്. ഒരു സുഹൃത്ത് പറഞ്ഞ അനുഭവം ഓര്‍ക്കുന്നു. വിവാഹം കഴിഞ്ഞു ഭാര്യക്ക് പീരിയഡ്സ് ഉണ്ടായപ്പോള്‍ കക്ഷി ഭയന്നു പോയത്രേ. ഭാര്യക്ക് ബ്ലഡ്‌ കാന്‍സറാണ് എന്നായിരുന്നു ഈ ഭയം. ഇപ്പോഴും ഇങ്ങനെയോ എന്ന് അതിശയിക്കേണ്ടതില്ല. സ്ത്രീകളുടെ ശാരീരികമാറ്റം പുരുഷന്‍ അറിയേണ്ടതില്ല എന്ന വേര്‍തിരിവാണ് ഈ അപക്വമായ അറിവുകള്‍ക്ക് കാരണമാകുന്നത്.

സാനിറ്ററി നാപ്കിനുകളുടെ പരസ്യത്തില്‍ പോലും വികലമായ അറിവുകള്‍ മാത്രമല്ലേ ഇവര്‍ക്ക് ലഭിക്കുന്നുള്ളൂ? നീല ദ്രാവകമെന്നു പരസ്യത്തില്‍ കാണുന്നതു നമുക്കു ജീവന്‍ നല്‍കുന്ന രക്തമാണ് എന്നു പറഞ്ഞു മനസിലാക്കാന്‍ പോലും സമൂഹത്തിനു കഴിയുന്നില്ല. ആര്‍ത്തവത്തിലല്ലാതെ രക്തത്തിന് ഈ അയിത്തം മറ്റെങ്ങുമില്ല.

ആര്‍ത്തവത്തെ കുറിച്ചു പുരുഷന്‍ കൂടുതല്‍ അറിയുന്നതു തന്റെ പെണ്‍സുഹൃത്തുക്കളെ കൂടുതല്‍ അറിയാനും ബഹുമാനിക്കാനും അവനെ പ്രാപ്തനാക്കും എന്നു ഞങ്ങള്‍ കരുതുന്നു.

എങ്ങനെയായിരുന്നു തുടക്കം?

കുറഞ്ഞ ചെലവില്‍ നിലവാരമുള്ള സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഒപ്പം സ്കൂള്‍ ക്യാമ്പസുകളില്‍ ബോധവത്ക്കരണ ക്ലാസുകളുമായി ഞങ്ങള്‍ പോയി. ഞാന്‍ പഠിച്ച സില്‍വര്‍ ഹില്‍സ് ദേവഗിരി സ്കൂളുകളിലാണ് ആദ്യമായി പോയി സെഷന്‍സ് എടുത്തത്.

ആയിടയ്ക്കാണ്, ജാദവ്പൂര്‍ യുണിവേഴ്സിറ്റിയില്‍ ഒരു വ്യത്യസ്ത സമരം നടന്നത്. സാനിറ്ററി നാപ്കിനുകളില്‍ മുദ്രാവാക്യങ്ങള്‍ എഴുതിയായിരുന്നു ഈ പ്രതിഷേധം. പോളിസി ഫ്രെയിം ചെയ്തു മാറ്റമുണ്ടാക്കാനായിരുന്നില്ല ഈ സമരത്തിന്റെ ലക്ഷ്യം. പൊളിറ്റിക്കലി ആര്‍ത്തവത്തെ ഉപയോഗിക്കുന്നതിനോടുള്ള ഒരു പ്രതിഷേധമായിരുന്നു ആ നീക്കങ്ങള്‍. ഡല്‍ഹിയിലും കൊല്‍ക്കൊത്തയിലും ഇത്തരം മൂവമെന്റ്റുകള്‍ തുടര്‍ന്നുണ്ടായതും ഞങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിച്ചു.

റെഡ് സൈക്കിളിലിന്റെ പ്രവര്‍ത്തനങ്ങള്‍ ചുരുക്കത്തില്‍...

ചെറിയ കാര്യങ്ങളിലൂടെ വലിയ പ്രശ്നങ്ങള്‍ ഡീല്‍ ചെയ്യുന്ന ഒരു കൂട്ടമാണ് ഞങ്ങള്‍ 'ദി റെഡ് സൈക്കിള്‍' ആര്‍ത്തവകാലത്തെ വ്യക്തിശുചിത്വം, ആരോഗ്യം എന്നീ വിഷയങ്ങളില്‍ ഞങ്ങള്‍ സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണം നടത്തുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൈക്കു എന്നൊരു ഗ്രൂപ്പ് ഞങ്ങളോട് സഹകരിക്കുന്നുണ്ട്.

ഉപയോഗിച്ച നാപ്കിനുകള്‍ എന്ത് ചെയ്യുമെന്ന പ്രശ്നവും ഞങ്ങള്‍ അഡ്രസ് ചെയ്തിരുന്നു. സാനിറ്ററി നാപ്കിനുകള്‍ എത്രമാത്രം സുരക്ഷിതമാണ് എന്നുള്ളതും ചര്‍ച്ച ചെയ്യപ്പെടണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നാപിക്നുകളില്‍ പ്ലാസ്റ്റിക്കും കെമിക്കല്‍സും ഉപയോഗിക്കുന്നുണ്ട് എന്നു ചൂണ്ടി കാണിച്ചു P&G, ജോണ്‍സണ്‍&ജോണ്‍സണ്‍ എന്നിവര്‍ക്കെതിരെ ട്രിബ്യൂണലില്‍ കേസ് കൊടുത്ത ഗോപി വിജയകുമാറിനോട് ഇക്കാര്യങ്ങള്‍ ഞാന്‍ ചര്‍ച്ച ചെയ്തിരുന്നു. സാനിറ്ററി നാപ്കിനുകളില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ റെഗുലേറ് ചെയ്യണമെന്ന ആവശ്യം മുന്നോട്ടു വച്ചയാളാണ് അദ്ദേഹം.

വിപണിയില്‍ മറ്റെന്തെല്ലാം ഹൈജീനിക്ക് ഉത്പന്നങ്ങള്‍ ഉണ്ട് എന്നതും ഞങ്ങള്‍ ഡീല്‍ ചെയ്യുന്നു. ക്ലോത് പാട്, കോട്ടന്‍ പാട്, മെന്‍സ്ട്രുവല്‍ കപ്പ്സ് എന്നിവയെ കുറിച്ച് ഇനിയും അധികം ബോധവത്കരണം നമുക്കുണ്ടായിട്ടില്ല എന്നു തോന്നിയിട്ടുണ്ട്.

മറ്റൊന്നു, പെണ്‍കുട്ടികള്‍ വയസ്സറിയിക്കുന്നതുമായി ബന്ധപ്പെട്ട നമ്മുടെ കാഴ്ചപ്പാടാണ്. ഒരു സുഹൃത്ത് ഇത് അച്ഛനോടു പറഞ്ഞപ്പോള്‍ അമ്മ ചോദിച്ചത് എന്തിനാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു.

തിരുവനന്തപുരം മാനവീയം വീഥിയിലും കോഴിക്കോടും ഞങ്ങള്‍ പരിപാടികള്‍ നടത്തിയിരുന്നു. നല്ല പങ്കാളിത്തം ലഭിച്ചത് ആത്മവിശ്വാസം പകരുന്നുണ്ട്.

പെണ്‍കുട്ടികളായ സുഹൃത്തുക്കള്‍ ഇതിനെ എങ്ങനെ സ്വീകരിച്ചു?

ഒരു വര്‍ഷം മുന്‍പ് ഹാപ്പി ടു ബ്ലീഡ് ക്യാംപൈനുമായി ഞങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു. നിഖിത ആസാദ് എന്നൊരാളാണ് ആ ക്യാംപെയിന്‍ തുടങ്ങിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണം എന്നാവശ്യപ്പെട്ടുള്ള ഒരു നീക്കമായിരുന്നില്ല, അത്. ദേവസ്വം പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആര്‍ത്തവത്തെ സംബന്ധിച്ചു നടത്തിയ പരാമര്‍ശങ്ങളോടുള്ള പ്രതികരണമായിരുന്നു, അത്. ദി റെഡ് സൈക്കിള്‍ അവര്‍ക്കൊപ്പം നിന്നു.

സസ്റ്റെയ്നബിള്‍ മെന്‍സ്ട്രുവേഷന്‍ കേരളയിലെ ഇക്കോളജിസ്റ്റായ ശ്രദ്ധ സെഷന്‍സ് എടുക്കാനായി സഹകരിക്കാറുണ്ട്. അങ്ങനെ പലരും ഉണ്ട്.

നിയമവിദ്യാര്‍ഥിയാണ് അര്‍ജ്ജുന്‍. ഈ സാമൂഹികപ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണോ?

ഞങ്ങളുടെ ഈ കൂട്ടായ്മയക്ക് ചില പ്രശ്നങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ വിദ്യാര്‍ഥികളാണ്. ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കണം, മെയിന്‍ സ്ട്രീമില്‍ കാര്യങ്ങള്‍ എത്തിക്കണം എന്നാണ് ആഗ്രഹം.

വീട്ടില്‍ നിന്നും ലഭിക്കുന്ന പ്രതികരണം?

എന്റെ വീട്ടുകാരായിരിക്കും, ഒരു പക്ഷെ ഇത് ഏറ്റവും അവസാനം അറിയുന്നത്. അച്ഛന്റെയും അമ്മയുടെയും ഏകമകനാണ് ഞാന്‍. കോഴിക്കോടാണു സ്വദേശം. ആദ്യമേ ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചിരുന്നെങ്കിൽ ഒരു പക്ഷെ എന്നെ നിരുത്സാഹപ്പെടുത്തുമായിരുന്നു. അല്പമെങ്കിലും എസ്റ്റാബ്ലിഷ്ഡ് ആയതിനു ശേഷമാണ് അവരോടു ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. പിന്നെ ഇതൊരു അഭിമാനത്തിന്റെ പ്രശ്നമായതിനാല്‍ എതിര്‍പ്പുണ്ടായില്ല.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്... ഒരിക്കല്‍ എന്റെ മേശപ്പുറത്ത് ഒരു സാനിറ്ററി നാപ്കിന്‍ ഇരിക്കുന്നതു കണ്ട്, ഇതെന്താണ് ഇവിടെ എന്നു ചോദിച്ച്, അച്ഛന്‍ വന്നു. അമ്മ വേഗത്തില്‍ അത് ഒളിപ്പിച്ചു വച്ചു. ഇന്ന് എന്റെ ടേബിളില്‍ നിറച്ചു പല കമ്പനിയുടെ നാപ്കിനുകള്‍ ഉണ്ട്. അവ സംബന്ധിച്ച ലേഖനങ്ങളും പേപ്പര്‍ കട്ടിങ്ങ്സും എല്ലാം ഉണ്ടാകും. പക്ഷെ ഇപ്പോള്‍ അത് കാണുമ്പോൾ അച്ഛന്‍ ഒന്നും പറയാറില്ല. വലിയ കാര്യങ്ങള്‍ക്കു ചെറിയ മാറ്റങ്ങള്‍ ഉണ്ടാകണം, ഉണ്ടാകുന്നുമുണ്ട്...