ചെറിയാന്‍ കല്‍പ്പകവാടി പറയുന്നു; മെക്‌സിക്കനും സഖാവും കമ്യൂണിസ്റ്റ് സിനിമയല്ല

ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് എന്നീ സിനിമകളിലൂടെ 'യഥാര്‍ത്ഥ സഖാക്കളുടെ' കഥപറഞ്ഞ രചയിതാവ് ചെറിയാന്‍ കല്‍പ്പകവാടി ഇനിയൊരു കമ്യൂണിസ്റ്റ് സിനിമയും മലയാളത്തില്‍ ഉണ്ടാകാനില്ലെന്ന് വ്യക്തമാക്കുന്ന അഭിമുഖം

ചെറിയാന്‍ കല്‍പ്പകവാടി  പറയുന്നു; മെക്‌സിക്കനും സഖാവും കമ്യൂണിസ്റ്റ് സിനിമയല്ല

കമ്മ്യുണിസ്റ്റ് സിനിമകള്‍ എന്നാല്‍ ഇപ്പോഴും മലയാളിക്ക് ലാല്‍ സലാമും, രക്തസാക്ഷികള്‍ സിന്ദാബാദുമാണ്. ന്യൂ ജെന്‍ കമ്മ്യുണിസ്റ്റ് സിനിമകള്‍ക്ക് ഇവയോട് മത്സരിച്ചു നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

മെക്സിക്കന്‍ അപാരത എന്ന സിനിമ കണ്ടു. അതില്‍ വെറും കലാലയ രാഷ്ട്രീയം മാത്രമാണ് ഉള്ളത്. ക്യാമ്പസിലെ രണ്ടു വിദ്യാര്‍ഥി സംഘടനകളുടെ രാഷ്ട്രീയമാണ് അതിന്റെ പ്രമേയം. മന്ത്രി ജി.സുധാകരന്റെ സഹോദരന്‍ സഖാവ് ഭുവനേശ്വരന്റെ മരണവുമായി ബന്ധപ്പെട്ട സംഭവം മാത്രമാണ് ഈ സിനിമയില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ അനുഭവങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നു തോന്നിയത്. അടുത്തത്‌ സഖാവ് വന്നു.അതില്‍ ഹീറോയിസമാണ് പ്രമേയം. പുതിയ കാലഘട്ടത്തിന്റെ കഥകള്‍ അല്ലെ ഇവയെല്ലാം. കമ്മ്യുണിസം അതല്ലെല്ലോ...

അങ്ങനെയെങ്കില്‍ മലയാളത്തില്‍ ഇനിയൊരു 'കമ്മ്യുണിസ്റ്റ്' സിനിമ എങ്ങനെയുള്ളതായിരിക്കും?

ലാല്‍ സലാം, രക്ത സാക്ഷികള്‍ സിന്ദാബാദ് എന്നീ സിനിമകള്‍ വന്നതോടു കൂടി ഇനിയൊരു സിനിമ വരാനില്ല. കമ്മ്യുണിസ്റ്റ് പ്രസ്ഥാനവും അതിന്റെ നായകരും അവരുടെ ഇമോഷന്‍സും ഫീലുമെല്ലാം ഈ രണ്ടു സിനിമയില്‍ വന്നു കഴിഞ്ഞു. ഇത്തരം ഫീലിങ്ങ്സ്‌ മാക്സിമം ചോര്‍ത്താന്‍ കഴിയുന്നത്‌ ആ രണ്ടു സിനിമകളില്‍ പൂര്‍ണ്ണമായി എന്നാണ് ഞാന്‍ കരുതുന്നത്.

കമ്മ്യുണിസ്റ്റ് സിനിമകള്‍ക്കുള്ള കഥകള്‍ ഇനി ഇല്ലെന്നാണോ?

എന്തുകൊണ്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഉണ്ടാകേണ്ടി വന്നു എന്നുള്ളത് മുതല്‍ സി.പിയുടെ കാലം കഴിഞ്ഞു പാര്‍ട്ടി അധികാരത്തില്‍ വരുന്നത് വരെയുള്ള കഥയാണ് രക്തസാക്ഷികള്‍ സിന്ദാബാദ്. അങ്ങനെ പാര്‍ട്ടിക്ക് അധികാരം കിട്ടിയതിനു ശേഷമുള്ള ഒരു തുടക്ക കാലഘട്ടമാണ് ലാല്‍ സലാം.

പാര്‍ട്ടി എങ്ങനെ എന്തിനു വിഭജിച്ചു എന്നുള്ള കഥയാണ് ഇനി പറയാന്‍ അവശേഷിക്കുന്നത്. അത് നിഷ്പക്ഷമായി പറയുമ്പോള്‍ ഒരു സെന്റിമെന്റല്‍ ഏരിയ ഉണ്ടാക്കാന്‍ പാടാണ്. അങ്ങനെ വരുമ്പോള്‍ സാധാരണക്കാരനായ ഒരു പ്രേക്ഷകന് അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാകും.

അത് മാത്രമാണോ കാരണം?

അല്ല, വേണു നാഗവള്ളിയും ഞാനും ചേര്‍ന്നൊരു കൂട്ടുക്കെട്ടാണ് നേരത്തെ സൂചിപ്പിച്ച സിനിമകളുടെ കാര്യത്തില്‍ സംഭവിച്ചത്. ഇനിയതില്ലല്ലോ. പാര്‍ട്ടി വിഭജിച്ചതിനെ അടിസ്ഥാനമാക്കി ഒരു സിനിമ ഞങ്ങള്‍ ആലോചിച്ചിരുന്നു. പക്ഷെ അപ്പോള്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്ന പലതും ഞങ്ങള്‍ക്ക് പറയാന്‍ ഉണ്ടാകും.

വിഭജിച്ചതിനാല്‍ പാര്‍ട്ടിക്ക് എന്തു ഗുണമുണ്ടായി എന്നെല്ലാം ചോദിക്കേണ്ടിയും വരും. അതിനു പരിമിതികളും ഉണ്ട്

താങ്കള്‍ ഒരു കമ്മ്യുണിസ്റ്റാണോ?

വര്‍ഗീസ്‌ വൈദ്യന്റെ മകനായ എനിക്ക് കമ്മ്യുണിസമല്ലാതെ മറ്റൊന്നില്ല. സ്വന്തന്ത്രമായി അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന സ്വഭാവമുണ്ട്. അത് ചിലര്‍ക്ക് അപ്രീതിക്കും കാരണമായേക്കാം. ഉദ്ദാഹരണത്തിനു ഒരു മഴവില്‍ സഖ്യത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള എന്റെ കാഴ്ചപാട് പറയാം.ഒരു ദേശീയ മതേതരത്വ നിരപേക്ഷക മുന്നണിയുണ്ടാകേണ്ടത് അത്യന്താപേക്ഷികമാണ്. അവിടെ കമ്മ്യുണിസ്റ്റും, കോണ്‍ഗ്രസും ജനതയും സോഷ്യലിസ്റ്റും ബിജെപിയെ എതിര്‍ക്കുന്ന എല്ലാവരും ഒറ്റ മുന്നണിയില്‍ ഉണ്ടാകണം. ഒരു മഴവില്ല് മുന്നണി!

2019 അവസാന അവസരമാണ്. 2/3ല്‍ ഭൂരിപക്ഷവുമായി ബി.ജെ.പി വന്നാല്‍ പിന്നെ ഇപ്പോഴത്തെ പിടിവാശിയില്‍ ഒരു കാര്യവുമില്ല എന്ന് വിശ്വസിക്കുന്ന ഒരു കമ്മ്യുനിസ്റ്റാണ് ഞാന്‍. അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പലരും ഇതിനു എതിര് നില്‍ക്കുന്നതിന്റെ കാരണം. നാഷണല്‍ ബൂര്‍ഷ്വാസികളുടെ കൂടെ നില്‍ക്കാതെ ഒരു മാര്‍ഗ്ഗവും മുന്‍പും ഉണ്ടായിരുന്നില്ല. അതിനു ശ്രമിക്കാഞ്ഞതാണ് ബംഗാളിലും ത്രിപുരയിലും കേരളത്തിലും മാത്രമായി പാര്‍ട്ടി ഒതുങ്ങി പോയത്.

എനിക്ക് പാര്‍ട്ടിയുടെ ഒരു ഭാരവാഹിത്വവും ഇല്ല. ആഗ്രഹിക്കുന്നുമില്ല...

ലാല്‍ സലാം ഉണ്ടായതെങ്ങനെ?
പിതാവ് മരിച്ചതിനു ശേഷം മകന്‍ എന്ന നിലയിലുള്ള സെന്റിമെന്റ്സ് തന്നെയാണ് അതിനു പ്രധാനകാരണമായത്‌. പിതാവിന് കിട്ടേണ്ടത് കിട്ടാതെ പോയി എന്നൊരു വിചാരം എപ്പോഴും എന്റെ മനസിലുണ്ടായിരുന്നു. അദ്ദേഹം എന്താണ് പറഞ്ഞു വച്ചതെന്നു ഞാനാണ് ഇനിയും പറയേണ്ടത് എന്നൊരു തോന്നലുണ്ടായി. അദ്ദേഹം 100% ഒരു ഡാങ്കേയിസ്റ്റ്‌ ആയിരുന്നു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് നില്ക്കാന്‍ കഴിയുമോ? ഇതാണ് ഡാങ്കേ ചോദിച്ചത്. ഇല്ല എന്നാണ് ഉത്തരം. അടുത്തത്‌..ഒരു നാഷണല്‍ ബൂര്‍ഷ്വാ പാര്‍ട്ടിയോട് ചേര്‍ന്നു നില്‍ക്കയല്ലാതെ മാര്‍ഗ്ഗമില്ല എന്ന് മനസിലാക്കണം. അങ്ങനെയെങ്കില്‍ കോണ്ഗ്രസ് അല്ലാതെ മറ്റെന്താണ്?


കോണ്‍ഗ്രസ്‌ ഒന്നുമില്ലെങ്കില്‍ മതേതരമാണ്. സെക്കുലറാണ്. നാഷണലാണ്. ഇതിനെക്കാള്‍ ബെറ്ററായ മറ്റൊരു പാര്‍ട്ടിയില്ല.ഡാങ്കെ ചോദിച്ച ഒരു പോയിന്റ്‌ ഇതാണ്- അങ്ങനെയെങ്കില്‍ നമ്മള്‍ ഇവരോടൊപ്പം നിന്ന് ഇവരെ തിരുത്തുകയും നമ്മള്‍ വളരുകയുമല്ലേ വേണ്ടത് എന്നാണ്.
ഈ നിലപാടുകള്‍ വാദിച്ചതിനാല്‍ എന്റെ പിതാവ് വര്‍ഗീസ്‌ വൈദ്യന്‍ എപ്പോഴും തിരസ്ക്കരിക്കപ്പെട്ടിരുന്നു തമ്സ്ക്കരിക്കപ്പെട്ടിരുന്നു. അങ്ങനെയാണ് അദ്ദേഹം പാര്‍ട്ടി വിടുന്നത്. ഇതിന്റെ പേരില്‍ താന്‍ പുന്നപ്ര-വയലാറില്‍ അടക്കപ്പെടില്ലായെന്നും അദ്ദേഹം മനസിലാക്കിയിരുന്നു. പക്ഷെ എന്നെങ്കിലും ഒരു കാലത്ത് പാര്‍ട്ടി തന്റെ നിലപാടുകളാണ് ശരിയെന്നു പറയേണ്ടി വരും എന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്‌.

'സഖാവിന്‍റെ' ഹീറോയിസം കോടികളാണ് വാരുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധ ഉള്ളടക്കമാണ് ഇതിലേറെയും- അതിനാണ് കയ്യടി?

സിനിമയില്‍ സാമ്പത്തിക ലാഭം ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. കാലാകാലങ്ങളില്‍ ഓരോരുത്തര്‍ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുന്നു. ഹീറോയിസം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് അതുകൊണ്ടാണ്. ലാല്‍ സലാമെടുക്കുമ്പോഴും സിനിമയുടേതായ പല ചേരുവകളും ഞങ്ങള്‍ ചേര്‍ത്തിരുന്നു. ഗൌരിയമ്മയ്ക്ക് ഈ സിനിമയോട് അപ്രിയം തോന്നാനുള്ള ഒരു കാരണവും ഇതാണ്. ടി.വി.തോമസിന്റെ സ്വകാര്യത വര്‍ഗ്ഗീസ് വൈദ്യന്റെ മകന്‍ സിനിമയാക്കിയപ്പോള്‍ യാഥാര്‍ത്ഥ്യവും ഫാന്റസിയും തമ്മിലുള്ള അന്തരം നേര്‍ത്തതായിരുന്നു. ലാല്‍ സലാമിന്റെ കഥ യാഥാര്‍ത്ഥ്യവും അവതരണം കുറച്ചെല്ലാം ഫാന്റസിയുമാണ്.

ഗൗരിയമ്മയെ കുറിച്ച്?

ഒരു കമ്മ്യുണിസ്റ്റുകാരി എന്ന വിശേഷണത്തിനു നമ്മള്‍ എന്നും ഓര്‍മ്മിക്കുക ഗൗരിയമ്മയെ തന്നെയായിരിക്കും. മറ്റാരെയാണ് നമ്മുക്ക് അങ്ങനെ പൂര്‍ണ്ണമായും വിശേഷിപ്പിക്കാന്‍ കഴിയുന്നത്‌? പിന്നെ അജിത സഖാവിനെയും പറയാം. എങ്കിലും ഗൗരിയമ്മയെ പകരം വയ്ക്കാന്‍ ആളില്ല.വിപ്ലവ സമരങ്ങളുടെ ചരിത്രം മുതല്‍ മികവുറ്റ ഒരു ഭരണാധികാരിയായ സ്ത്രീയാണ് അവര്‍.

ഗൗരിയമ്മയുമായുള്ള ടി.വി.തോമസിന്റെ വിവാഹം എന്റെ പിതാവ് വര്‍ഗീസ് വൈദ്യന്‍ എതിര്‍ത്തിരുന്നതിനെയും അവര്‍ വ്യക്തിപരമായിട്ടാണ് കണ്ടത്.എന്നാല്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും തുല്യമായ വ്യക്തി പ്രഭാവം ഉണ്ടെന്നും അത് പിന്നീടു ഒരു ചേര്‍ച്ചയില്ലായ്മയിലേക്ക് പോകുമെന്നുമെന്നും എന്‍റെ അപ്പച്ചന്‍ കരുതിയിരുന്നു. ടി.വിയ്ക്കു ലൂസിയാമ്മ എന്നൊരു സ്ത്രീയുമായുള്ള ബന്ധം ചിത്രത്തില്‍ വന്നതും എന്നോടുള്ള ഒരു വ്യക്തിവിരോധത്തിനു ഗൗരിയമ്മയ്ക്കു കാരണമായി


കമ്മ്യുണിസ്റ്റ് സിനിമകള്‍ ഉണ്ടാകണമെങ്കില്‍ എഴുത്തുകാരന് അവനിലുള്ള അനുഭവങ്ങള്‍ ഉണ്ടായിരിക്കണം എന്ന് പറഞ്ഞല്ലോ അങ്ങനെയെങ്കില്‍ ഏറ്റവും ഒടുവില്‍ താങ്കളുടെ തലമുറയ്ക്കല്ലേ അതിനു കഴിയൂ?

വേണു നാഗവള്ളി, മുരളി എന്നുവരുടെ വിയോഗം ഇത്തരം സിനിമയുണ്ടാകുന്നതില്‍ ഒരു വലിയ ശൂന്യത സൃഷ്ടിക്കുന്നുണ്ട്. മോഹന്‍ലാല്‍ ഇനി അങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ തയ്യാറാകുമോ എന്നുമറിയില്ല. അതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്.

പിന്നെ എന്നെ പോലെയുള്ള അവശേഷിക്കുന്ന തലമുറയിലെ കലാകാരന്മാരോട് സഹകരിക്കുന്നതില്‍ ഒരു വിമുഖത അനുഭവപ്പെട്ടിട്ടുണ്ട്. കഥ പറയുന്ന രീതിയിലുള്ള വ്യത്യാസമായിരിക്കാം അതിനു കാരണം. പുതിയ തലമുറയിലെ നായകന്മാര്‍ക്ക് അവരുടെ സമപ്രായക്കാരോടൊത്തു ജോലി ചെയ്യുന്നതാണ് ഇഷ്ടം. ഒരു ഡേറ്റ് കിട്ടുന്നതിനു പോലും പ്രയാസമാണ്. ഇനി അവിടേക്ക് കയറി ചെന്ന് ഒരു ഇടം കണ്ടെത്തുന്നത് എന്തിനാണ് എന്ന് ചിന്തിക്കും

ആത്മീയതയില്‍ പൂര്‍ണ്ണമായി മുഴകുന്ന ജീവിതമാണല്ലോ ഇപ്പോള്‍. കമ്മ്യുണിസവും ദൈവവിശ്വാസവും ഒത്തു പോകുന്നത് എങ്ങനെയാണ്?

കമ്മ്യുണിസ്റ്റായ കാറല്‍ മാക്സിനു പറ്റിയ ഒരു ചെറിയ തെറ്റാണ് കമ്മ്യുണിസം ഈശ്വരവിശ്വാസത്തിനു എതിരാണ് എന്ന ചിന്തയുണ്ടാക്കിയത്. കാറല്‍ മാക്സ് ദൈവമല്ലെല്ലോ മനുഷ്യനല്ലേ. വിശപ്പു, ദാഹം, വീട് തുടങ്ങിയ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായിട്ടാണ് അദ്ദേഹം പോരാടിയത്. ആ ആവശ്യങ്ങളില്‍ ആത്മീയത അദ്ദേഹം കണക്കുക്കൂട്ടിയില്ല.മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് അദ്ദേഹം പറഞ്ഞു. ശരിയാണ്...മതം അപകടകാരിയാണ്, ഈശ്വരവിശ്വാസം അങ്ങനെയല്ല. ഇന്ത്യ പോലെയുള്ള വിഭിന്നമായ സംസ്കാരമുള്ള ഒരു രാജ്യത്ത് കമ്മ്യൂനിസ്റ്റ് പാര്‍ട്ടി പുലര്‍ത്തിയ നിരീശ്വരവാദം സമീപനം പാര്‍ട്ടിയുടെ വളര്‍ച്ചയെ കാര്യമായി വിഘ്നപ്പെടുത്തിയിട്ടുണ്ട്.