പാതിരാകാലത്തില്‍ ഒരു മകളുണ്ട്; അച്ഛനെ തേടി ഇന്ത്യയെ അറിയുന്ന അവള്‍

പാതിരാ കൊലപാതകത്തില്‍ തുടങ്ങി പാതിരാ കാലത്തില്‍ എത്തി നില്‍ക്കുന്നതാണ് മൈഥിലിയുടെ സിനിമ ജീവിതം. ഇരു സിനിമകളിലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. പാതിരാകാലത്തിന്റെ സംവിധായകന്‍ പ്രിയനന്ദനനാവട്ടെ വേറിട്ട പ്രദര്‍ശനത്തിലൂടെ സിനിമയെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീവിരുദ്ധമല്ലാത്ത സിനിമകള്‍ ആരും കാണുന്നില്ല, എന്ന ഗുരുതരമായ ആരോപണം ഉന്നയിക്കുകയാണ് മൈഥിലി ഈ അഭിമുഖത്തില്‍

പാതിരാകാലത്തില്‍ ഒരു മകളുണ്ട്; അച്ഛനെ തേടി ഇന്ത്യയെ അറിയുന്ന അവള്‍

പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പുതിയ സിനിമ പാതിരാകാലം പ്രദര്‍ശനത്തില്‍ പോരാട്ടം നടത്തുകയാണ്. പരമ്പരാഗത വഴികളെ നിഷേധിച്ച് സ്വയം പ്രദര്‍ശനങ്ങളൊരുക്കുകയാണ് സംവിധായകന്‍. ഏഴാം തിയതിവരെ എറണാകുളം സവിത തിയറ്ററില്‍ രാവിലെ ഒന്‍പതിന് പ്രദര്‍ശിപ്പിക്കുന്നു. ചിത്രത്തിലെ നായികയായ മൈഥിലി കഥാപാത്രത്തെ സത്യസന്ധമായി ഉള്‍ക്കൊള്ളാന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയ സിനിമയാണിത്. പാതിരാ കൊലപാതകത്തില്‍ തുടങ്ങി പാതിരാകാലത്തില്‍ എത്തി നില്‍ക്കുന്നതാണ് മൈഥിലിയുടെ സിനിമാ ജീവിതം. മൈഥിലിയുടെ മേക്കോവര്‍ കൂടിയാണ് ഈ സിനിമ. മൈഥിലി സിനിമയെ കുറിച്ച് സ്ത്രീവിരുദ്ധതകളെ കുറിച്ച്...

വലിയ സംവാദങ്ങള്‍ നടക്കുമ്പോഴാണ് സ്ത്രീയെ ഫോക്കസ് ചെയ്യുന്ന പാതിരാകാലം വരുന്നത്. സ്ത്രീവിരുദ്ധത ഇല്ലാത്ത സിനിമ സ്വീകരിക്കപ്പെടുന്നില്ല എന്നു തോന്നുന്നുണ്ടോ?

സ്ത്രീവരുദ്ധതയുണ്ടെന്ന് പറയുന്ന പല സിനിമകളും ഇവിടെ ആഘോഷിക്കപ്പെടുന്നുണ്ട്. ഇവിടുത്തെ ചാനലിനും ഇവിടുത്തെ മാര്‍ക്കറ്റിംഗിനും ഇത്തരം സിനിമകള്‍ മതി. ഇത്തരം സിനിമകളെക്കു റിച്ചാണ് ചാനലില്‍ ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കുന്നത്. സ്ത്രീവിരുദ്ധത ഇല്ലാത്ത സിനിമകള്‍ കാണാന്‍ ഇവിടെ ആളില്ല. കല്‍ക്കത്തയിലും ജയപ്പൂരിലും സെലക്റ്റ് ആയ സിനിമയാണ് പാതിരാക്കാലം.

ദേശീയ പുരസ്‌ക്കാരം നേടിയ സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന ഒരാളാണ് പ്രിയനന്ദനന്‍?

അതിലെ ഓരോ ഡയലോഗുകളും സാറിന്റേതായ രീതിയിലാണ് ചെയ്തിട്ടുള്ളത്. അദ്ദേഹം നല്‍കുന്ന ആത്മവിശ്വാസമുണ്ട്, ഒരു ശബ്ദമുണ്ട്, ആ ശബ്ദത്തിന്റെ പവറിലായിരിക്കും ഞാന്‍ അഭിനയിക്കുന്നത്. അടുത്തതായി കാറ്റിനൊരു പായ്ക്കപ്പല്‍ എന്നൊരു മൂവി വരുന്നുണ്ട്.

സ്റ്റേറ്റിനെയും അതിന്റെ അധികാരത്തെയും ചോദ്യം ചെയ്യുന്ന സിനിമയാണ് പാതിരാകാലം എന്നു തോന്നുന്നു?

ശ്രീജിത്ത് രവിയുടെ ഒരു കഥാപാത്രം വളരെ വ്യക്തമായി ഒരു കാര്യം പറയുന്നുണ്ട്. പൊലീസ് എന്ന് പറയുന്നത് ഭയപ്പാടുണ്ടാക്കുന്ന ഒരു സംഭവമാണ്. ചെറിയൊരു കഥാപാത്രമാണെങ്കിലും നമ്മളെ അത് ഭയപ്പെടുത്തുന്നുണ്ട്. മറ്റുള്ളവരില്‍ ഒരു ഭയപ്പാട് സൃഷ്ടിക്കുകയാണ്. എന്ത് സ്വാതന്ത്ര്യമാണ് ഈ നാട്ടിലുള്ളത്.

പാതിരാക്കാലത്തില്‍ ആരാണ് മൈഥിലി?

വളരെ ചലഞ്ചിംഗ് ആയ ഒരു കഥാപാത്രമായിരുന്നു പാതിരാക്കാലത്തിലേത്. ഭയങ്കരമായി അഭിനയിച്ച് തകര്‍ക്കുക എന്നതിനേക്കാള്‍ പല ഘട്ടത്തില്‍ക്കൂടി തിരിച്ചറിഞ്ഞ് നടക്കുക എന്നതായിരുന്നു പ്രധാനം. നല്ലൊരു അനുഭവമായിരുന്നു അത്. വളരെയേറെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. ഓരോ ദിവസവും സാമൂഹ്യപരമായി ഒരു ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നുണ്ട് എന്ന് തോന്നുന്ന രീതിയിലുളള പോസിറ്റീവ് അനുഭവങ്ങളായിരുന്നു.

ആ കഥാപാത്രം ഒരു വ്യക്തിയെന്ന നിലയില്‍ മൈഥിലിയോട് എന്താണ് സംസാരിച്ചുകൊണ്ടിരുന്നത്?

അച്ഛനെ തേടിയുള്ള മകളുടെ യാത്രയാണ് ആ സിനിമയുടെ ഉള്ളടക്കം. അച്ഛന്‍ അയച്ചു തന്ന കുറച്ചു വിവരങ്ങള്‍ മാത്രമാണ് അവളുടെ കയ്യിലുള്ളത്. അച്ഛന്റെ മിസ്സിംഗിനോട് അനുബന്ധിച്ച് നാട്ടില്‍ വരികയും അച്ഛനെ അന്വേഷിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അതാണ് കഥാപാത്രം. സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു അവളുടെ അച്ഛന്‍. അതായത് മനുഷ്യത്വവും സഹജീവി സ്‌നേഹവും ഉണ്ടായിരുന്ന വ്യക്തി. അച്ഛന്‍ അയച്ച മെയിലുകള്‍ മാത്രമാണ് അവള്‍ക്കറിയൂ. അതില്‍ നിരവധി വ്യക്തികളെക്കുറിച്ചും സമൂഹത്തിനെക്കുറിച്ചു അയാള്‍ പറഞ്ഞിട്ടുണ്ട്. ഒരു വിശ്വാസത്തിന്റെ ഉറപ്പിലാണ് അവള്‍ യാത്ര തുടരുന്നത്. അതുപോലെ മണ്ണ്, ജലം, സ്വാതന്ത്ര്യം എന്ന മൂന്ന് ഘടകങ്ങളെക്കുറിച്ച് പറഞ്ഞാണ് ആ സിനിമ അവസാനിക്കുന്നത്. സാധാരണ ഒരു പെണ്‍കുട്ടി ഇവിടെ വന്നാല്‍ സംഭവിക്കുന്ന പൊതുവായ സമ്മര്‍ദ്ദങ്ങള്‍ തന്നെയാണ് ഈ സിനിമയില പെണ്‍കുട്ടിയും നേരിടേണ്ടി വരുന്നത്.

ആ കഥാപാത്രം സഞ്ചരിച്ച കേരളത്തെക്കുറിച്ച് മൈഥിലിക്ക് എന്താണ് വ്യക്തിപരമായി തോന്നുന്നത് എന്താണ്?

നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കുകയാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ തന്നെ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നു വേണം പറയാന്‍. സ്വാതന്ത്ര്യം എന്ന് പറയുന്നത് ഓരോ മനുഷ്യന്റെയും കാഴ്ചപ്പാടാണ്.

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ റേപ്പ് കേസായിരുന്നു പാലേരി മാണിക്യം. ആ കഥാപാത്രത്തെയാണ് ആദ്യ സിനിമയില്‍ മൈഥിലി അവതരിപ്പിച്ചത്. അതിനെക്കുറിച്ച്?

പലേരിയില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീയാണ് മാണിക്യം. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ ജീവിതം സിനിമയായിത്തീരുമ്പോള്‍ ആ കഥാപാത്രമാകാന്‍ തീരുമാനിക്കുമ്പോഴൊന്നും അതിനുള്ളിലെ മിത്തുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് അറിയില്ല. എങ്കില്‍പ്പോലും അന്നുമുതല്‍ ഇന്നുവരെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് ഇതൊക്കെത്തന്നെയാണ്. അതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല.

നിലവിലെ സ്ത്രീകളുടെ അവസ്ഥയില്‍ നിന്നും മുന്നോട്ട് പോകുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയനന്ദന്‍ ആ സിനിമയെടുത്തത്. ആ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ കിട്ടുന്നില്ല. ആ ശ്രമങ്ങളെക്കുറിച്ച്?

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പല സിനിമകളും അവാര്‍ഡ് പടം എന്ന് പറഞ്ഞ് തിയേറ്ററുകള്‍ കിട്ടാത്ത അവസ്ഥയാണുള്ളത്. ആ സിനിമകളെ മാറ്റിനിര്‍ത്തുന്ന അവസ്ഥയാണുള്ളത്. അതിലെന്താണ് ഉള്ളടക്കം എന്ന് അന്വേഷിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്.

Story by
Read More >>