സിപിഐയുടെ അഴിമതി വിരുദ്ധ- സ്ത്രീപക്ഷ മുഖംമൂടി പിച്ചിചീന്തി ആദിവാസി വനിതാനേതാവ്

പല ഘട്ടങ്ങളിലും നടത്തിയ അവഹേളനങ്ങള്‍ തുണിയുരിയുന്നതിന് സമാനമായിരുന്നു.

സിപിഐയുടെ  അഴിമതി വിരുദ്ധ- സ്ത്രീപക്ഷ  മുഖംമൂടി പിച്ചിചീന്തി  ആദിവാസി വനിതാനേതാവ്

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഈശ്വരിരേശനോട് കമ്മ്യൂണിസ്റ്റ് പാർട്ടി രാജി വച്ചൊഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ത്രിതല പഞ്ചായത്തുകളിലും പാർട്ടി നേതൃത്വത്തിലൂടെയും അട്ടപ്പാടി മേഖലയിൽ ദീർഘകാല പ്രവർത്തന പരിചയമുള്ള ആദിവാസി നേതാവായ ഈശ്വരിരേശൻ, രാജിവെക്കുന്നതിന് മുമ്പായി ഗുരുതര ആരോപണങ്ങളാണ് സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ് ,മണ്ഡലം സെക്രട്ടറി എന്നിവർക്കെതിരെ ഉയർത്തുന്നത്.സംസ്ഥാന നേതൃത്വത്തിന് കാര്യങ്ങൾ അറിയാമെങ്കിലും അവരും മൗനം പാലിക്കുകയാണെന്ന് ഈശ്വരിരേശൻ പറയുന്നു. ഈശ്വരിരേശനുമായി ടീം നാരദ നടത്തിയ അഭിമുഖം.

രാജി വേണമെന്നുള്ള വാശിക്ക് പിന്നിൽ

എനിക്കെതിരെ നടക്കുന്നത് ഗൂഡാലോചനയാണ്.അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യമെന്താണെന്നും,അവരുടെ ബിസിനസ്സ് എന്താണെന്നും അട്ടപ്പാടിയിലെ എല്ലാവര്‍ക്കുമറിയാം .എന്ത് കൊണ്ടാണ് ഈശ്വരി രേശനെ മാറ്റുന്നത് എന്നും എല്ലാവർക്കും അറിയാം. പലരും എന്നെ ഭയക്കുന്നുണ്ട്. എന്തായാലും മേഖലയില്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നുണ്ട് ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട് . ത്രിതല പഞ്ചായത്തുകളിലെ എന്റെ പ്രവര്‍ത്തന പരിചയം വച്ച് കൊണ്ട് ഭാവിയിൽ നിയമസഭയിലേക്ക് പരിഗണിക്കേണ്ടി വരും ,ജനങ്ങള്‍ അങ്ങനെ ആവശ്യപ്പെടും എന്നൊക്കെയുള്ള ഭയമാണ് പലര്‍ക്കും .

ആദിവാസികൾക്ക് വേണ്ടി സംസാരിക്കുന്നവർ തന്നെ അവരെ തരം താഴ്ത്തുന്നു

ആദിവാസി മഹാസഭയുടെ എല്ലാ ജില്ലകളിലെ ഭാരവാഹികളും എന്നെ വിളിച്ചിരുന്നു . അവരെല്ലാം പറയുന്നത് ഒരു ആദിവാസി ജനപ്രതിനിധിക്കെതിരെയാണ് ഇങ്ങനെയൊരു നടപടി എടുത്തിട്ടുള്ളതെന്നാണ്. അത് കൊണ്ട് തന്നെ കേരളത്തിലെ എല്ലാ ആദിവാസി ജനപ്രതിനിധികളും രാജി വെക്കണം എന്ന അഭിപ്രായമാണ് അവർ അറിയിച്ചിട്ടുള്ളത് . ഓരോ വേദിയിലും എൽഡിഎഫ് നേതാക്കൾ മൈക്കെടുത്താൽ പ്രസംഗിക്കുന്നത് ആദിവാസികൾക്ക് വേണ്ടിയാണ് ഈ പ്രസ്ഥാനം നിലനിൽക്കുന്നത് . അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനായാണ് പ്രവർത്തിക്കുന്നത് എന്നൊക്കെയാണ് . അത് വിശ്വസിച്ചാണ് പാവങ്ങൾ ഈ പാർട്ടിയിൽ നിൽക്കുന്നത് .

അങ്ങനെ പറയുന്നവർ ഇങ്ങനെയൊരു ആദിവാസി ജനപ്രതിനിക്കെതിരെ നടപടിയെടുക്കുന്നതും ,തരം താഴ്ത്തുന്നതും ഒരു ആദിവാസി സമൂഹവും സഹിക്കില്ല . ഒന്ന് രണ്ട്‌ ജില്ലകളിലെ ചില ആദിവാസി പ്രതിനിധികൾക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ രാജിവെച്ചാൽ അവരും രാജി വെക്കാൻ തയ്യാറാണെന്നാണ് അറിയിച്ചിട്ടുണ്ട്. ഞാൻ പ്രസിഡന്റ് സ്ഥാനത്തിന് ഒപ്പം മെമ്പർ സ്ഥാനവും രാജിവെച്ചാൽ എന്റെ കൂടെ രാജി വെക്കാൻ മൂന്ന് മെമ്പർമാർ ഒപ്പിട്ട് എന്റെ കയ്യിൽ തന്നിട്ടുണ്ട്. അവരെ പ്രലോഭിക്കാനുള്ള ശ്രമങ്ങളും അവർ നടത്തുന്നുണ്ട്.

ജില്ലാ സെക്രട്ടറി സുരേഷ് രാജ് എക്സിക്യൂട്ടീവ് കമ്മറ്റിയെ കോമാളി കൂട്ടമാക്കി മാറ്റി, പ്രശ്നങ്ങൾക്ക് പിന്നിലും സുരേഷ് രാജ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി സുരേഷ് രാജിന് പകരം ജോസ് ബേബിക്ക് ഒരവസരം കൂടി കൊടുക്കണമെന്ന് പറഞ്ഞു .അവിടന്നു മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത് . ജില്ലാ എക്സിക്യൂട്ടീവ് അംഗമായ എന്റെ ഫോൺ കോൾ ജില്ലാ സെക്രട്ടറി എടുക്കാതെയായി. സംഘടനാപരമായ കാര്യങ്ങൾ പോലും സംസാരിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത് . പിന്നീട് ഞാൻ എന്ത് ചെയ്താലും എനിക്കെതിരെ ഓരോ ആരോപണങ്ങൾ ഉന്നയിക്കുന്ന അവസ്ഥയായി .

ജില്ലാ എക്‌സിക്യൂട്ടീവ് കോമാളിക്കൂട്ടമായി മാറി .ജില്ലാ സെക്രട്ടറി എന്ത് പറഞ്ഞ് പഠിപ്പിക്കുന്നുവോ അത് മാത്രം പറയുകയും ചെയ്യുന്നവരുമാണ് കമ്മറ്റിയിലുള്ള പലരും . അട്ടപ്പാടിയെക്കുറിച്ചോ ,ആദിവാസികളെക്കുറിച്ചോ അറിയാത്തവരും ,അവർക്ക് വേണ്ടി ഒന്നും ചെയ്യാത്തവരുമാണ് എനിക്കെതിരെ സംസാരിക്കുന്നത് . സിപിഎം അംഗമായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അതൃപ്തിയും തന്നെ മാറ്റാനുള്ള കാരണമായി പാർട്ടി പറഞ്ഞു.

കാനം ഉറക്കം നടിക്കുന്നു

ഈ കാര്യങ്ങൾ എല്ലാവർക്കും അറിയാം. ഗ്രൂപ്പിന്റെ താല്പര്യങ്ങൾക്കനുസരിച്ചാണ് കാര്യങ്ങൾ പോകുന്നത് . ഈ കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് കൊടുത്തിട്ടുണ്ട് .ആദിവാസി മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് എൻ രാജൻ കാനത്തെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ,ഈ വിഷയം ജില്ലയിൽ തീർപ്പാക്കേണ്ട കാര്യമാണ് എന്നാണ് അദ്ദേഹത്തിൽ നിന്ന് മറുപടി ഉണ്ടായത്. കാനം രാജേന്ദ്രൻ പങ്കെടുത്ത കമ്മറ്റി കൂടിയാണ് തന്നെ ബ്ലോക്ക് പ്രസിഡന്റ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചത് എന്നാണ് വാർത്തകൾ വന്നത്. എന്നാൽ ആ കമ്മറ്റിയിൽ കാനമോ,കെ ഇ ഇസ്മായിലോ പങ്കെടുത്തിട്ടില്ല. ഇവരാരും ഇല്ലാത്ത കമ്മറ്റിയിൽ പ്ലാൻ ചെയ്താണ് നടപടിയെടുത്തിട്ടുള്ളത് .ഇക്കാര്യങ്ങളെല്ലാം കാനത്തിനും അറിയാം. ഉറങ്ങുന്നയാളെ ഉണർത്താം ഉറക്കം നടിക്കുന്നവരെ അതിനു പറ്റില്ലല്ലോ .

ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതം ,നിരന്തരമായി അധിക്ഷേപിക്കുന്നു

എനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം വാസ്തവം ഇല്ലാത്തതാണ് .അത് അട്ടപ്പാടിയിലെ എല്ലാവർക്കും അറിയാം .ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലിൽ ഒപ്പിട്ടിട്ടില്ല എന്നതാണ് ഒരു പരാതി .എന്റെ മുൻപിൽ ആ ഫയൽ വൈകിയാണ് എത്തിയത് . രാവിലെ വന്ന ഫയൽ വൈകീട്ട് ഒപ്പ് വെക്കുകയും ചെയ്തിട്ടുണ്ട് .പിന്നെ കോടതിക്ക് കെട്ടിടം അനുവദിക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തി എന്നതാണ് മറ്റൊന്ന് .ഞാൻ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട കാലം മുതൽ ഉന്നയിക്കുന്ന ആവശ്യമാണത് അട്ടപ്പാടിക്കൊരു കോടതി വേണം എന്നുള്ളത് .

പാവപ്പെട്ട ആദിവാസികൾ കേസുകളുമായി പുറത്തേക്ക് പോകുന്ന സാഹചര്യത്തെക്കുറിച്ച് മറ്റാരേക്കാളും അറിയാവുന്ന ആളാണ് ഞാൻ .ഇത് സംബന്ധിച്ച നിലപാട് അഞ്ച് തവണ സർക്കാരിനെ അറിയിച്ചിട്ടുണ്ട് കോടതിക്ക് വേണ്ട സ്ഥലം മാർക്ക് ചെയ്തു കൊടുത്തതത് താനാണ്. അതിന്റെ തുടർനടപടികളിലും സജീവമായി ഇടപെട്ടിട്ടുണ്ട് . കോടതിക്ക് വേണ്ടി ഈശ്വരി രേഷൻ ഇടപെട്ടിട്ടില്ല അനാസ്ഥ കാണിച്ചു എന്നൊക്കെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. സര്‍ക്കാര്‍ വാഗ്ദാന പ്രകാരം ഒഴിവുകളുണ്ടായിരുന്ന പോസ്റ്റുകളില്‍ നിയമനം നടത്തി .ഈ നിയമനങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താനാണ് എഐടിയുസി നേതൃത്വം ശ്രമിക്കുന്നത്. ജോലി കിട്ടിയ സ്ത്രീകളെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു . പല ഘട്ടങ്ങളിലും നടത്തിയ അവഹേളനങ്ങള്‍ തുണിയുരിയുന്നതിന് സമാനമായിരുന്നു.

Read More >>