രാജ്യത്ത് പശുക്ഷേത്രം ഇല്ലാത്തത് എന്തുകൊണ്ട്? സണ്ണി എം.കപിക്കാട് ഗോ രാഷ്ട്രീയത്തിന്റെ തോലുരിയുന്നു

നവഹിന്ദുത്വ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി എല്ലാവരും, പിന്നോക്കക്കാരും ദളിതരും ആദിവാസികളുമടക്കം ഹിന്ദുക്കളാണ് - എന്നു പറയുന്നതിന്റെ ഒരു എക്‌സറ്റന്‍ഷന്‍ മാത്രമാണ് ദളിതരടക്കമുള്ളര്‍ പശുക്കളെ പൂജിക്കുന്നു എന്ന വാദം. ഇന്ത്യയില്‍ ഒരു സ്ഥലത്തും ഗോക്കളെ പൂജിക്കുന്ന ക്ഷേത്രങ്ങളില്ല എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്- സണ്ണി എം. കപിക്കാടുമായി ഷഫീക്ക് സുബൈദ ഹക്കിം നടത്തിയ ഈ അഭിമുഖത്തില്‍ പശു രാഷ്ട്രീയത്തിന്റെ തോലുരിയുന്നു

രാജ്യത്ത് പശുക്ഷേത്രം ഇല്ലാത്തത് എന്തുകൊണ്ട്? സണ്ണി എം.കപിക്കാട് ഗോ രാഷ്ട്രീയത്തിന്റെ തോലുരിയുന്നു

സണ്ണി എം. കപിക്കാട് / ഷഫീക്ക് സുബൈദ ഹക്കിം

ഗോവധനിരോധനം അതിന്റെ ചരിത്രപരമായ വേരുകള്‍ കണ്ടെത്തുന്നത് പുരാതന ബ്രാഹ്മണിക പുനരുത്ഥാനപ്രക്രിയയിലാണ് എന്നു പ്രഖ്യാപിച്ചത് അംബേദ്കറായിരുന്നു. ഇന്ത്യയിലെ ദളിത് വ്യാഖ്യാനങ്ങള്‍ അത്രമേല്‍ തീക്ഷ്ണമായും നിശിതമായും ഹൈന്ദവഫാസിസ്റ്റ് രാഷ്ട്രീയത്തെയും അതിന്റെ പൊതുബോധ മേല്‍ക്കൈയേയും തുറന്നുകാട്ടിയിട്ടുണ്ട്.

ജാതിവ്യവസ്ഥയോടുള്ള പ്രസ്തുത കലഹത്തെ പോലും മറച്ചുവയ്ക്കാനുള്ള സംഘപരിവാര ഗൂഢാലോചനയും അംബേദ്ക്കറുള്‍പ്പെടെയുള്ളവരെ അപ്രോപ്രിയേറ്റ് ചെയ്യാനുള്ള കൊണ്ടുപിടിച്ച ശ്രമവും മറുഭാഗത്ത് നടക്കുന്നു. ഹൈന്ദവപുനരുത്ഥാനത്തിന്റെയും ബ്രാഹ്മണികക്രമത്തെ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെയും ഭാഗമായിവേണം 'വിശുദ്ധപശു' എന്ന സങ്കല്‍പ്പത്തെയും അതിന്റെ മേല്‍ നടന്നുവരുന്ന മുസ്ലീം-ദളിത് കൊലപാതകങ്ങളെയും വായിക്കേണ്ടത് എന്ന് തോന്നുന്നു.

ഇതിന്റെ വെളിച്ചത്തില്‍ സണ്ണി എം. കപിക്കാട് ഇന്ത്യയില്‍ നടന്നുവരുന്ന 'പശു രാഷ്ട്രീയ'ത്തെ കുറിച്ച് സംസാരിക്കുന്നു:

യാദവ സമുദായത്തിന് ആധിപത്യമുള്ള സ്ഥലമാണല്ലോ ബീഹാര്‍. എന്നിട്ടും ബി.ജെ.പിയുടെ പശുരാഷ്ട്രീയം ബീഹാറില്‍ വിജയം കണ്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. എങ്ങനെ വിലയിരുത്തുന്നു?

ബീഹാറില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും ഗോവധ നിരോധനം ബി.ജെ.പി.യുടെ ഒരു രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു. എന്നാല്‍ ബീഹാറില്‍ പ്രസ്തുത മുദ്രാവാക്യത്തിനു വിജയിക്കാന്‍ കഴിഞ്ഞില്ല. അവിടെ തെരഞ്ഞെടുപ്പ് വിജയത്തെ ഗോമാംസരാഷ്ട്രീയവുമായി മാത്രം ബന്ധിപ്പിച്ചല്ല നോക്കിക്കാണേണ്ടത്. മറിച്ച് ഇന്ത്യയിലെ നവഹിന്ദുത്വ ശക്തികള്‍ക്കെതിരായ ദളിത്-പിന്നോക്ക-ന്യൂനപക്ഷവിഭാഗങ്ങളുടെ ഐക്യപ്പെടല്‍ നടന്നിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ബി.ജെ.പിക്കു ബീഹാറില്‍ സംഭവിച്ച വന്‍ തിരിച്ചടി. ഇത്തരമൊരു ഐക്യത്തെ സാധ്യമാക്കിയെടുക്കാന്‍ ബീഹാറില്‍ കഴിഞ്ഞു എന്നതാണ് മഹാജനസഖ്യത്തിന്റെ വിജയം കാണിക്കുന്നത്.

ഗോസംരക്ഷണ മുദ്രാവാക്യത്തെ മറികടക്കുന്ന ഒരു രാഷ്ട്രീയ പിളര്‍പ്പ് 'വിശാലഹിന്ദു' എന്ന് അവര്‍ വിളിക്കുന്ന വിഭാഗങ്ങള്‍ക്കുള്ളില്‍ സംഭവിച്ചിട്ടുണ്ട്. അത്തരം ഒരു പിളര്‍പ്പാണ് ദളിത്-പിന്നോക്ക-ന്യൂനപക്ഷ ഐക്യപ്പെടലിലൂടെ സാധ്യമായത്.

ബീഫ് നിരോധനം എന്നത് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ മാത്രമാണ് ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ബീഫ് വിവാദത്തേക്കാളുമപ്പുറം നവഹിന്ദുത്വശക്തികള്‍ മുന്നോട്ടു വയ്ക്കുന്ന അജണ്ടയെ എതിര്‍ക്കുന്ന പ്രധാനപ്പെട്ട ഒരു രാഷ്ട്രീയധാര വളരെ ശക്തമായി ബീഹാറില്‍ ഉണ്ടായിരുന്നു. ഹിന്ദുത്വരാഷ്ട്രീയശക്തിയെ പരാജയപ്പെടുത്താനുള്ള പ്രധാനപ്പെട്ട ഉപാധിയായിരുന്നു അത്.

പൊളിറ്റിക്കല്‍ ഹിന്ദു അവകാശപ്പെടുന്ന 'ഹിന്ദു' എന്ന സ്വത്വത്തിനകത്തു നിന്നും ദളിതരും പിന്നോക്ക വിഭാഗങ്ങളും ഒരു സ്വതന്ത്രരാഷ്ട്രീയശക്തിയായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ന്യൂനപക്ഷങ്ങളുമായി ഐക്യപ്പെടുകയും ചെയ്തതിലൂടെയാണ് നവഹിന്ദുത്വം വലിയൊരു പരാജയത്തെ ഏറ്റുവാങ്ങിയിട്ടുള്ളത്.

മുസ്ലീങ്ങളെല്ലാം പാക്കിസ്ഥാനിലേയ്ക്കു പോകണമെന്നും, പാക്കിസ്ഥാന്‍കാരാണെന്നുമൊക്കെയുള്ള വാദവും അവസാനം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് അവരെ തെരഞ്ഞെടുപ്പില്‍ സഹായിച്ചില്ലെന്നു മാത്രമല്ല വളരെ പുറകോട്ട് കൊണ്ടുപോകുകയും ചെയ്തു.

അതായത് ബീഫ് വിവാദത്തെപ്പോലും മറികടക്കുന്ന രീതിയിലുള്ളൊരു പിളര്‍പ്പ് വിശാലഹിന്ദു സഖ്യത്തിനുള്ളില്‍ ദളിതരും പിന്നോക്കക്കാരും സംഘടിച്ചപ്പോഴുണ്ടായി?

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദി ഉപയോഗിച്ച ഒരു പ്രധാനപ്പെട്ട വാക്ക് 'പിങ്ക് റെവല്യൂഷന്‍' എന്നതായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബീഫ് വ്യവസായവുമായി ബന്ധപ്പെട്ട ഒരു വാക്കാണ് 'പിങ്ക് റെവല്യൂഷന്‍' എന്ന് പറയുന്നത്.

ബീഫ് വിവാദമുയര്‍ത്തുകയും, പലതും പറയുകയും പറയാതിരിക്കുകയുമൊക്കെ ചെയ്തുകൊണ്ട് മുസ്ലീങ്ങള്‍ വ്യാപകമായി പശുക്കളെ കൊല്ലുന്നുവെന്ന പ്രചാരണം ആ സമയത്ത് അദ്ദേഹം നടത്തി. എന്നാല്‍ ഈ പ്രചാരണങ്ങളെ മറികടക്കുന്ന ഒരു രാഷ്ട്രീയ അവബോധം ഉണ്ടാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ബീഹാറില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതെന്ന വിശാല അര്‍ത്ഥത്തിലാണ് കാര്യങ്ങളെ കാണേണ്ടത്.

ഗോമാംസവും ദളിത്-കീഴാള ജനവിഭാഗങ്ങളും തമ്മിലുള്ള ബന്ധത്തെ ചരിത്രപരമായി എങ്ങനെ വിശദീകരിക്കാന്‍ കഴിയും?

ഗോക്കള്‍ പുരാതന കാലം തൊട്ടേ പൂജ്യരാണെന്നും, ഗോമാംസം ഇന്ത്യക്കാര്‍ കഴിച്ചിട്ടില്ലെന്നും, അവയെ ആരും കൊല്ലാറില്ലെന്നുമെല്ലാമുള്ള ഹിന്ദുത്വരാഷ്ട്രീയശക്തികളുടെ പ്രചാരണം ചരിത്രത്തോട് നീതി പുലര്‍ത്തുന്ന ഒന്നേയല്ല. മദ്ധ്യകാലഘട്ടംവരെ ബ്രാഹ്മണരടക്കമുള്ളവര്‍ ഇന്ത്യയില്‍ ഗോമാംസം ഭക്ഷിച്ചിരുന്നു. അതിന്റെ തെളിവുകള്‍ ഇതിഹാസങ്ങളിലും ഋഗ്‌വേദമടക്കമുള്ള വേദങ്ങളിലുമുണ്ട്.

നൂറുകണക്കിനു പശുക്കളെ കൊല്ലുന്ന യാഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും വേദങ്ങളിലുണ്ടെന്ന് അനേകം പഠനങ്ങളിലൂടെ പുറത്തുവന്ന കാര്യമാണ്. ഡോ. അംബേദ്കര്‍ പറയുന്നത് ഗോവധനിരോധനം എന്ന ഒരു അജണ്ട തന്നെ ചരിത്രത്തില്‍ രൂപം കൊള്ളുന്നതു വൈദികമതത്തിന്റെ പരാജയഘട്ടത്തില്‍, ബ്രാഹ്മണര്‍ ആ പരാജയത്തെ അതിജീവിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്നാണ്.

ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും ഉദയത്തോടുകൂടി മൃഗബലി എതിര്‍ക്കപ്പെടേണ്ടതാണെന്നും, അഹിംസ എന്നതാണ് ജീവിതത്തിന്റെ തത്വമായിരിക്കേണ്ടത് എന്നുമുള്ള പ്രചാരണം ശക്തിപ്പെട്ടതോടെ വൈദികമതത്തിന്റെ വക്താക്കളായ ബ്രാഹ്മണര്‍ പിന്നോട്ടു പോകുകയും, അവര്‍ക്ക് സമൂഹത്തിലുള്ള മാന്യതയും ആധികാരികതയും നഷ്ടപ്പെടുകയും ചെയ്തു. ഈ ഘട്ടത്തില്‍ ആ പ്രതാപത്തെ/അധികാരത്തെ തിരിച്ചുപിടിക്കുന്നതിനു വേണ്ടിയാണ് അവര്‍ ഗോമാംസം മാത്രമല്ല എല്ലാ മാംസവും ഉപേക്ഷിച്ചുകൊണ്ടുള്ള പുതിയ ജീവിതരീതിയിലേയ്ക്ക് വരാന്‍ ശ്രമിക്കുന്നത്.

ഗോക്കളെ കൊല്ലരുത് എന്ന ആശയം അഥര്‍വ്വ വേദത്തിലാണ് ആദ്യമായി പരാമര്‍ശിക്കപ്പെടുന്നത്. പക്ഷേ പശുവിനെ കൊല്ലരുത് എന്നല്ല അതിലുള്ളത്; മറിച്ച് ബ്രാഹ്മണന് ദാനമായി കൊടുക്കുന്ന പശുവിനെ കൊല്ലരുത് എന്നാണ്. അങ്ങനെ ചെയ്യുന്നയാള്‍ നരകത്തില്‍ പോകുമെന്നും. പ്രശസ്തമായ 'ലോകാസമസ്താ സുഖിനോ ഭവന്തുഃ' എന്ന ശ്ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ പറയുന്നത്, രാജാവ് മര്യാദയ്ക്ക് പ്രജകളുടെ കാര്യം നോക്കി രാജ്യം ഭരിക്കുകയും, ഗോക്കള്‍ക്കും ബ്രാഹ്മണര്‍ക്കും സൗഖ്യം കൊടുക്കുകയും ചെയ്താല്‍ ലോകം സുഖമായിരിക്കുമെന്നാണ്.

അങ്ങനെ ഗോക്കളുടെ സംരക്ഷണം, ബ്രാഹ്മണരുടെ സൗഖ്യത്തോടു ബന്ധിപ്പിച്ചു വായിക്കുന്ന വളരെ കൃത്യമായ പുതിയൊരു സംഗതിയായാണ് ഗോവധനിരോധനം വരുന്നത്. അല്ലാതെ ഗോക്കളെയോ മൃഗങ്ങളെയോ ആക്രമിക്കുന്നതും കൊല്ലുന്നതും ശരിയല്ല എന്ന അഹിംസാസിദ്ധാന്തമൊന്നുമല്ല. മറിച്ച് ബ്രാഹ്മിണിക് സാമൂഹ്യക്രമത്തെ തിരിച്ചുകൊണ്ടു വരുന്നഘട്ടത്തില്‍ ഉണ്ടായ ശ്ലോകങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍ കീഴാളസമൂഹം എല്ലാ കാലത്തും ഗോമാംസവും മത്സ്യവുമെല്ലാം ഭക്ഷിച്ചു തന്നെയാണ് ജീവിച്ചിട്ടുള്ളത്.

ഇന്ത്യയിലെ 80% ജനങ്ങളും മിശ്രഭുക്കുകളാണ് എന്ന് യു.എന്‍ പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഗോമാംസം ഭക്ഷിക്കുന്നു എന്നതു മാത്രമല്ല, ഗോക്കളുമായി മറ്റൊരു ബന്ധം കൂടി കീഴാളസമൂഹത്തിനുണ്ട്. ഏതെങ്കിലും പ്രദേശത്ത് പശുക്കള്‍ ചത്താല്‍ അവയെ വലിച്ചുകൊണ്ടുപോകാനും മറവു ചെയ്യാനുമുള്ള ബാദ്ധ്യത ചില കീഴാളജാതികള്‍ക്കായിരുന്നു. അംബേദ്കര്‍ ജനിച്ച 'മഹര്‍' ജാതിക്കടക്കം ഈ ബാദ്ധ്യതയുണ്ടായിരുന്നു. ഗോ തങ്ങളുടെ മാതാവാണ് എന്നൊക്കെ ഹിന്ദുക്കള്‍ പറയുമ്പോഴും അവ ചാകുമ്പോള്‍ അവയുടെ മാംസം ഭക്ഷിക്കുന്നവരായി തുടര്‍ന്നതുകൊണ്ടാണ് ദളിതര്‍ അയിത്തമുള്ള ജാതിക്കാരായി മാറിയതിന്റെ ഒരു കാരണമായി അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നത്.

ചത്തപശുക്കളെ സംസ്‌കരിക്കാന്‍ തയ്യാറാകാതിരുന്നതിന് ഉത്തരേന്ത്യയില്‍ ദളിതര്‍ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ കീഴാളസമൂഹം ഗോക്കളെ ആരാധിച്ചിരുന്നു എന്നു പറയുന്നത് ശുദ്ധ നുണയാണ്, ചരിത്രവിരുദ്ധമാണ്. ചത്തപശുക്കളെ ഭക്ഷിക്കുന്നതിനൊപ്പം അവയുടെ തോലുരിഞ്ഞ് മാര്‍ക്കറ്റില്‍ വില്‍ക്കുന്ന ജോലി 'ചാമര്‍' ജാതി പരമ്പരാഗതമായി ചെയ്തുവരുന്നുണ്ട്.

നവഹിന്ദുത്വ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി എല്ലാവരും ഹിന്ദുക്കളാണ് - പിന്നോക്കക്കാരും ദളിതരും ആദിവാസികളുമടക്കം - എന്നു പറയുന്നതിന്റെ ഒരു എക്സറ്റന്‍ഷന്‍ മാത്രമാണ് ദളിതരടക്കമുള്ളര്‍ പശുക്കളെ പൂജിക്കുന്നു എന്ന വാദം. ഇന്ത്യയില്‍ ഒരു സ്ഥലത്തും ഗോക്കളെ പൂജിക്കുന്ന ക്ഷേത്രങ്ങളില്ല എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ആര്‍ട്ടിക്കിള്‍ 48 ഭരണഘടനയില്‍ മാര്‍ഗ നിര്‍ദ്ദേശക തത്വമായി ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്തപ്പോള്‍ ഭരണഘടനയുടെ തലവനെന്ന നിലയില്‍ അംബേദ്കര്‍ എങ്ങനെയായിരുന്നു ഇടപെട്ടിരുന്നത്?

ഭരണഘടനാ അസംബ്ലിയിലും പുറത്തും ഒരു ഘട്ടത്തിലും ഗോവധനിരോധനം വേണമെന്നു പറഞ്ഞ ഒരാളേയല്ല അംബേദ്കര്‍. ഗോവധ നിരോധനത്തെ കേവലം ബി.ജെ.പി-ആര്‍.എസ്.എസ് സഖ്യത്തിന്റെ ഒരു അജണ്ട മാത്രമായി നാം ചുരുക്കി കാണരുത്. അതിന് നീണ്ടൊരു ചരിത്രമുണ്ട്. ഏറ്റവും കുറഞ്ഞത് ഹിന്ദുമഹാസഭയുടെ രൂപീകരണം തൊട്ടുതന്നെ ഗോവധനിരോധനം പ്രധാന അജണ്ടയാക്കി മാറ്റാനുള്ള ശ്രമം ബ്രാഹ്മണ അധികാരത്തിന്റെ പക്ഷത്തു നിന്നും ഉണ്ടായിട്ടുണ്ട്.

ഇന്ത്യയുടെ ദേശീയരൂപീകരണ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള നേതാക്കളെ നമ്മള്‍ പരിശോധിച്ചാല്‍, അപൂര്‍വ്വം ചിലരൊഴികെ, എല്ലാവരും ഗോവധനിരോധനത്തെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണച്ചിട്ടുള്ളവരാണ്. പലരും പല രൂപത്തിലാണ് അവ പറഞ്ഞിട്ടുള്ളത് എന്നതു മാത്രമാണ് വ്യത്യാസം. ഗാന്ധിയടക്കമുള്ള നേതാക്കള്‍ എല്ലാവരും തന്നെ അതില്‍പ്പെടും.

ഇന്ത്യയിലെ ജനങ്ങള്‍ ഗോക്കളെ പൂജിക്കണമെന്നും പക്ഷേ അത് ബലം പ്രയോഗിച്ചാകരുത്, സ്വാഭാവികമായി ഗോപൂജയിലെത്തുന്നവരായിത്തീരണം എന്നും പറയുകയായിരുന്നു ഗാന്ധി. ഇത് ഇന്ത്യയിലെ ദേശീയപ്രസ്ഥാനത്തിലും നവോത്ഥാനധാരയിലുമെല്ലാം കാണാന്‍ കഴിയും. അതുകൊണ്ടാണ് ഭരണഘടനാ അസംബ്ലിയിലേക്കുപോലും ഗോവധനിരോധനം കടന്നുവരുന്നത്. ഇന്നത്തെ ആര്‍.എസ്.എസ്. അടക്കമുള്ള ഹിന്ദുത്വശക്തികള്‍ മാര്‍ജിനലൈസ്ഡ് ആയിരുന്ന, അതായത് ഭരണഘടനാ അസംബ്ലിയിലേയ്ക്കു പോലും വരാന്‍ പ്രാപ്തിയില്ലാതെ ചെറിയ സംഘടനകളായിരുന്ന 1946, 47, 48 കാലഘട്ടത്തില്‍ ദേശീയപ്രസ്ഥാനത്തില്‍ നിന്നും ഭരണഘടനാ അസംബ്ലിയിലേയ്ക്കു കടന്നുവന്ന ബ്രാഹ്മിണിക്കല്‍ അധികാരത്തിന്റെ വക്താക്കളായിരുന്നു ഗോവധനിരോധനത്തിന്റെ കാര്യം ഉന്നയിക്കുന്നത്. അല്ലാതെ ഭരണഘടനാ നിര്‍മാണസഭ അക്കാര്യം നേരിട്ട് എടുക്കുകയായിരുന്നില്ല.

കൃഷിയെയും കന്നുകാലി വളര്‍ത്തലിനെയും ലാഭകരവും ആധുനികവുമാക്കുന്നതിന്റെ ഭാഗമായി പാല്‍ തരുന്ന മൃഗങ്ങളെയോ കിടാങ്ങളെയോ കൊല്ലരുത് എന്നാണ് ഭരണഘടനയുടെ നിര്‍ദ്ദേശകതത്വത്തില്‍ പറയുന്നത്. അല്ലാതെ പശുക്കളെ കൊല്ലരുത് എന്നല്ല. പാല്‍ തരുന്ന ഒരു മൃഗത്തെയും കൊല്ലരുത് എന്നാണ്. ഗോക്കള്‍ ആരാധ്യവസ്തുവാണ് തുടങ്ങിയ മതപരമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, കൃഷിയുടെയും കന്നുകാലി വളര്‍ത്തലിന്റെയും മേന്മക്കുവേണ്ടിയും വളര്‍ച്ചക്കുവേണ്ടിയുമുള്ള മാര്‍ഗനിര്‍ദ്ദേശമായാണ് ഭരണഘടനയില്‍ അത് ഇടം പിടിക്കുന്നത്. അപ്പോള്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഗോവധനിരോധനത്തെ മതപരമായ ഒരു കാര്യമായി അംബേദ്കര്‍ പിന്തുണക്കുകയോ മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്തിരുന്നില്ല.

ഗോവധനിരോധനത്തെ ബി.ജെ.പി-ആര്‍.എസ്.എസ്-സംഘപരിവാര്‍ അജണ്ടമാത്രമായി കാണരുത് എന്നു പറയുന്നതിന്റെ മറ്റൊരു ഉദാഹരണം, മാര്‍ഗനിര്‍ദ്ദേശകതത്വങ്ങള്‍ നടപ്പിലാക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരും നിയമപരമായി ബാധ്യസ്ഥരല്ല. എന്നിട്ടും മാര്‍ഗനിര്‍ദ്ദേശകതത്വങ്ങളെ അടിസ്ഥാനപ്പെടുത്തി 48-ാം വകുപ്പ് പ്രകാരം ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും ഗോവധനിരോധനം പല രൂപത്തില്‍ നിലവില്‍ വന്നിട്ടുണ്ട്. ഇത് എന്തുകൊണ്ടാണ് സാധ്യമായത് എന്ന് ചോദിച്ചാല്‍ അതിന് കാരണം കോണ്‍ഗ്രസിന് അകത്തും പുറത്തും ബ്രാഹ്മിണിക്കല്‍ അധികാരത്തോടു കൂറുള്ള ഒരു വിഭാഗം നിലകൊണ്ടിരുന്നു എന്നതാണ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വഴിയാണ് മിക്ക സംസ്ഥാനങ്ങളിലും ഗോവധനിരോധന നിയമം കൊണ്ടുവന്നത്. അത് യാദൃശ്ചികമൊന്നുമായിരുന്നില്ല. ദേശീയ പ്രസ്ഥാനത്തിനകത്തു തന്നെയുള്ള ഒരു താല്‍പര്യമായിരുന്നു അത്. അതായത് ഗോവധനിരോധനം ഇന്ത്യയില്‍ രൂപം കൊള്ളുന്നത് ബ്രാഹ്മിണിക്കല്‍ ഹൈറാര്‍ക്കിയുടെ തിരിച്ചുവരവിനു വേണ്ടിയായിരുന്നു എന്ന അംബേദ്കറുടെ നിരീക്ഷണം പ്രസക്തമാകുന്നത് ഇവിടെയാണ്. ഇപ്പോള്‍ ഇതിനുവേണ്ടി വാദിക്കുന്നവരും ഈ ഹൈറാര്‍ക്കിയെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്നതും കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

ഗോവധനിരോധനത്തിനെതിരെ പല ശക്തികളും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകിച്ചും ലെഫ്റ്റ്/ലിബറലുകള്‍. അതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് ദളിത് വായനകള്‍ നല്‍കുന്നത്. അങ്ങനെയെങ്കില്‍ ബീഫ് സംവാദത്തിലെ ലെഫ്റ്റ്-ലിബറല്‍ ഇടപെടലുകളുടെ പരിമിതി എന്താണ്?

ഗോവധനിരോധനത്തെക്കുറിച്ചു മാത്രമല്ല, ഇന്ത്യ എന്ന സങ്കീര്‍ണമായ അവസ്ഥയെ സംബന്ധിച്ചും രാഷ്ട്രത്തിന്റെ സ്ഥിതിയെ സംബന്ധിച്ചും ജനസമൂഹത്തെക്കുറിച്ചുമുള്ള ലെഫ്റ്റ്/ലിബറല്‍ വായനകള്‍ പലപ്പോഴും ഏകപക്ഷീയവും പരോക്കിയലുമായി മാറുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

ഇന്ത്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തും രാമന്‍ എന്ന ഇമേജിനെ ഉപയോഗിച്ചു കൊണ്ട് ഒരു നവഹിന്ദുത്വരാഷ്ട്രീയം ഇന്ത്യയില്‍ ഉദയം കൊള്ളുന്ന ഘട്ടത്തിലും ഇടതുപക്ഷവും ലെഫ്റ്റ്-ലിബറല്‍ ബുദ്ധിജീവികളും അതിനോട് പ്രതികരിച്ചത് രാമന്‍ വളരെ നല്ലൊരു ഭരണാധികാരിയായിരുന്നെന്നും രാമായണം മഹത്തായ ഒരു കൃതിയാണെന്നും ബി.ജെ.പി അതിനെ തെറ്റായി ഉപയോഗിക്കുകയാണെന്നുമുള്ള വിമര്‍ശനം ഉന്നയിച്ചായിരുന്നു. എന്നാല്‍ രാമായണം, മഹാഭാരതമടക്കമുള്ള ഇതിഹാസങ്ങളും വേദങ്ങളും ഉപനിഷത് അടക്കമുള്ള ഹൈന്ദവതത്വശാസ്ത്രവും യഥാര്‍ത്ഥത്തില്‍ ജനവിരുദ്ധമായിട്ടുള്ള, മനുഷ്യനെതിരായിട്ടുള്ള അനേകായിരം തത്വങ്ങളുടെ ഒരു സമാഹാരമാണെന്നുള്ള വിമര്‍ശനം വളരെ മുമ്പ് തന്നെ അംബേദ്കര്‍ അടക്കമുള്ള കീഴാള നവോത്ഥാനനായകര്‍ ഉന്നയിച്ചിരുന്നു എന്നതാണ് സത്യം.

The Riddle of Rama and Krishna എന്ന തന്റെ കൃതിയില്‍ രാമന്‍ വളരെ മോശം മനുഷ്യനാണെന്നും പൂജ്യനായ ഒരാളേ അല്ലെന്നും അദ്ദേഹം ഒരു നല്ല ഭരണാധികാരിയായിരുന്നില്ലെന്നും അദ്ദേഹം സ്ത്രീവിരുദ്ധനായിരുന്നുവെന്നും അടക്കമുള്ള വളരെ ഗുരുതരമായ കുറ്റാരോപണങ്ങളും വിമര്‍ശനങ്ങളും അംബേദ്കര്‍ നടത്തുന്നുണ്ട്. ഇതിലൂടെ അംബേദ്കര്‍ ചെയ്യുന്നത് ഇന്ത്യന്‍ സമൂഹത്തിലെ മര്‍ദ്ദകസംവിധാനത്തിന്റെ, ഒട്ടനവധി സമൂഹങ്ങളെ വ്യവസ്ഥാപിതമായി പുറംതള്ളുന്ന, അവരെ അപമാനവീകരിക്കുന്ന പ്രക്രിയയുടെ യഥാര്‍ത്ഥ സ്രോതസ്സ് കിടക്കുന്നത് ഇതിഹാസങ്ങളിലും വേദങ്ങളിലുമാണെന്ന കൃത്യമായ വിമര്‍ശനം ഉന്നയിക്കുകയാണ്. അതിനാല്‍ അവയില്‍ നിന്നും പുറത്തു കടന്നാലല്ലാതെ, അതിനെ നിരാകരിച്ചുകൊണ്ടല്ലാതെ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് മനുഷ്യരായിത്തീരാന്‍ കഴിയില്ല എന്ന നിരീക്ഷണമാണ് അംബേദ്കര്‍ അടക്കമുള്ള കീഴാള നവോത്ഥാന നായകര്‍ നടത്തിയിരുന്നത്.

എന്നാല്‍ ഇന്ത്യയിലെ ഇടതുപക്ഷ ലിബറലുകള്‍ ചെയ്യുന്നത് ഇന്ത്യന്‍ പാരമ്പര്യം എന്നാല്‍ ബ്രാഹ്മണികപാരമ്പര്യമാണെന്നുള്ള, ഓറിയന്റലിസം മുതല്‍ ശക്തിപ്പെട്ടിട്ടുള്ള സംഗതിയെ വിമര്‍ശനം കൂടാതെ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യന്‍ പാരമ്പര്യമെന്നത് ബ്രാഹ്മിണിക്കല്‍ പാരമ്പര്യം അല്ലെന്നും വിശാലമായ ബഹുജനങ്ങളുടെ പാരമ്പര്യം നമുക്കുണ്ട് എന്ന കാര്യവും അവര്‍ വിസ്മരിക്കുന്നു.

ഓറിയന്റലിസ്റ്റുകളുടെ വാദമായ വേദങ്ങളും ഇതിഹാസങ്ങളുമാണ് ഇന്ത്യയുടെ പാരമ്പര്യമെന്നു പറയുന്ന ഏകപക്ഷീയതയില്‍ ഇപ്പോഴും നില്‍ക്കുന്നതുകൊണ്ടാണ് ഗോവധനിരോധനത്തെ അവര്‍ക്ക് ശരിയായി നേരിടാന്‍ കഴിയാത്തത്.ഇന്ത്യയിലെ കീഴാളജനവിഭാഗം ബീഫ് വ്യാപകമായി ഭക്ഷണമാക്കിയിരുന്നുവെന്ന് വാദിക്കേണ്ടതിനുപകരം, ഇടത്-ലിബറലുകള്‍ മറ്റന്തോ യുക്തികളിലേയ്ക്ക് മടങ്ങുന്നതിന്റെ കാരണം ഇവര്‍ എവിടെയോ ബ്രാഹ്മണിക്കല്‍ പാരമ്പര്യത്തിന്റെ പങ്കുപറ്റുന്നു എന്നതുകണ്ടാണ്.

ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ആദ്യനേതാക്കളിലൊരാളായ എസ് എ ഡാങ്കെ പറയുന്ന ഒരു കാര്യം ഇന്ത്യയിലെ പ്രാകൃത കമ്മ്യൂണിസം എന്നു പറയുന്നത് വേദകാലഘട്ടം ആയിരുന്നു എന്നാണ്. ഈ വേദ കാലഘട്ടത്തിലാണ് പശുക്കളെ കൊല്ലലും തിന്നലും എല്ലാം നടന്നിരുന്നത് എന്ന് നമ്മള്‍ കാണണം. ഇത്തരത്തില്‍ ബ്രാഹ്മിണിക്കല്‍ പാട്രിയാര്‍ക്കിയുടെ സാങ്കേതിക പ്രവര്‍ത്തനരീതികള്‍ ഒട്ടും മനസ്സിലാക്കാത്തതുകൊണ്ട് ഇടതുപക്ഷ-ലിബറലുകള്‍ ഹിന്ദുത്വശക്തികളില്‍ നിന്നും താത്വികമായി പലപ്പോഴും ചെറിയ വ്യത്യാസം മാത്രമാണ് പുലര്‍ത്തുന്നത്. അതിനാല്‍ ബീഫ് നിരോധനത്തെ ഒരു സാംസ്കാരിക ഹിംസയായി കാണാന്‍ അവര്‍ക്കു കഴിയുന്നില്ല. മറിച്ച് ഒരു ഭക്ഷണപ്രശ്നമായാണ് അവര്‍ മനസ്സിലാക്കുന്നത്.

ഭക്ഷണസ്വാതന്ത്ര്യമില്ല, ഭക്ഷണസ്വാതന്ത്ര്യത്തില്‍ ഫാസിസ്റ്റുകള്‍ പിടിമുറുക്കിയിരിക്കുന്നു എന്നുള്ള ഉപരിപ്ലവമായ സങ്കല്‍പ്പത്തില്‍ നില്‍ക്കുന്നത് കൊണ്ടാണ് കൊല്ലപ്പെട്ട അഖ്ലാഖിന്റെ വീട്ടില്‍ നിന്നും പശുവിറച്ചിയല്ല മറിച്ച് ആട്ടിറച്ചിയായിരുന്നു ലഭിച്ചത് എന്നതില്‍ ആഹ്ലാദിക്കാന്‍ അവര്‍ക്ക് കഴിയുന്നത്.

ഗോമാംസം ഭക്ഷിച്ചതുകൊണ്ട് തല്ലിക്കൊല്ലുന്നു എന്നതിലടങ്ങിയിരിക്കുന്ന, പശുവിനെ കൊല്ലരുത് എന്ന് പറയുന്ന വാദത്തില്‍ അടങ്ങിയിരിക്കുന്ന സാംസ്കാരികമായ, ബ്രാഹ്മണിക്കലായ ഹിംസാത്മകതയെ മനസിലാക്കുന്നതില്‍ ഇടതുപക്ഷ ലിബറല്‍ ബുദ്ധിജീവികള്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.

അതിന്റെ വേരുകള്‍ കിടക്കുന്നത് ഇന്ത്യന്‍ സംസ്കാരം ബ്രാഹ്മിണിക്കല്‍ ആണെന്നുള്ള വാദത്തിനെതിരെ അടിസ്ഥാനപരമായി തര്‍ക്കമുന്നയിക്കാന്‍ നാളിതുവരെയായിട്ടും ഇടത്-ലിബറലുകള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന പ്രശ്‌നത്തിലാണ്. എന്നാല്‍ അംബേദ്കര്‍ അടക്കമുള്ളവര്‍ അത്തരത്തിലുള്ള തര്‍ക്കമുന്നയിക്കുകയും അതിന്റെ പരിഹാരത്തിനായുള്ള ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയും ചെയ്യുകയുണ്ടായി.

ഇപ്പോള്‍ ഗോവധനിരോധനത്തിനായി ശബ്ദമുയര്‍ത്തുന്നവര്‍ ബ്രാഹ്മണിക്കല്‍ ശ്രേണിബദ്ധസമൂഹ്യക്രമത്തിനുവേണ്ടി മുറവിളികൂട്ടുന്നവരാണ്. അത്തരമൊരു തിരിച്ചറിവിന്റെ അഭാവത്തില്‍ ഇടതുപക്ഷത്തിന് ഹിന്ദുത്വശക്തികളുടെ യഥാര്‍ത്ഥ പ്രതിപക്ഷം ആയി മാറാന്‍ കഴിയുന്നില്ല. മറിച്ച് നിതീഷ് കുമാറിന്റെയും ലാലു പ്രസാദ് യാദവിന്റെയും നേതൃത്വത്തില്‍ നടന്ന രാഷ്ട്രീമുന്നേറ്റം ഈ ഒരു അവബോധത്തെ പങ്കുവെയ്ക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍ ഇതൊരു 'സവര്‍ണ്ണ/അവര്‍ണ്ണ ജാതിയുദ്ധ'മാണെന്ന് തന്നെ ലാലു പ്രസാദ് യാദവ് പ്രഖ്യാപിക്കുന്നു. അതോടെ ഹിന്ദുത്വ അജണ്ട വന്‍ രീതിയില്‍ ദുര്‍ബ്ബലപ്പെട്ടു. അങ്ങനെ ഹിന്ദുത്വ പൊളിറ്റിക്കല്‍ ഐഡന്റിറ്റിയെ പിളര്‍ക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ. അതിന് ഹിന്ദുത്വത്തിന്റെ അടിസ്ഥാനശിലകളെ സ്പര്‍ശിക്കുന്ന വിമര്‍ശനങ്ങളിലേയ്ക്ക് നാം കടക്കേണ്ടിവരും. ഇടതുപക്ഷത്തിന് അതിന് കഴിയുന്നില്ല. ബ്രാഹ്മണിക്കല്‍ പാരമ്പര്യത്തിന്റെ ഹിംസാത്മകതയെ തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.

കേരളത്തില്‍ അവര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിലേയ്ക്കും ശബരിമല തീര്‍ത്ഥാടനത്തിലേയ്ക്ക് പോകുന്നതും യാദൃശ്ചികമായി കാണരുത്. ഇക്കാര്യത്തില്‍ അവര്‍ അകപ്പെട്ടിരിക്കുന്ന അവ്യക്തത ഇടതുപക്ഷത്തെ ഇത്തരം അബദ്ധത്തില്‍ കൊണ്ടു ചാടിക്കുകയും ഹിന്ദുത്വശക്തികള്‍ക്ക് സാങ്ഷന്‍ ഉണ്ടാക്കുന്ന ജോലിയായി അവരുടെ പ്രവര്‍ത്തനങ്ങള്‍ മാറുകയും ചെയ്യുന്നു.

ഇന്ത്യയിലെ കീഴാളവിഭാഗം ബീഫ് കഴിക്കുന്നവരും അതുമായി ഇടപെടുകയും ചെയ്യേണ്ടി വന്നിട്ടുള്ളവരാണ്. മാത്രവുമല്ല അതിന്റെ പേരില്‍ അവര്‍ ധാരാളമായി ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നുമുണ്ട്. എന്നിട്ടും ഹിന്ദുത്വ ശക്തികള്‍ ആവര്‍ത്തിച്ച് മുന്നോട്ടു വയ്ക്കുന്നതും ഹൈലൈറ്റ് ചെയ്യുന്നതും ബീഫ്-മുസ്ലിം എന്ന ഒരു ദ്വന്ദമാണ്. ഇതെന്തുകൊണ്ടാണ്? ഇത് ദളിതര്‍ക്കെതിരായ ആക്രമണങ്ങളെ അദൃശ്യമാക്കുന്നില്ലേ?

ഇന്ത്യയിലെ നവഹിന്ദുത്വരാഷ്ട്രീയം മുസ്ലിം അപരത്വത്തെ നിര്‍മ്മിച്ചുകൊണ്ടു നിലനില്‍ക്കുന്ന ഒരു കാര്യമാണ്. മുസ്ലീങ്ങളെ എതിര്‍പക്ഷത്തു നിര്‍ത്തുക എന്നത് അതിനാല്‍ ഹിന്ദു വിജയത്തിന്റെ ജീവവായുവാണ്.

നേരത്തെ സൂചിപ്പിച്ചപോലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, അതായത് മോദി അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പില്‍, അദ്ദേഹം 'പിങ്ക് റവല്യൂഷന്‍' എന്നെല്ലാം പറഞ്ഞ് ഇന്ത്യയില്‍ ബീഫ് കഴിക്കുന്നതും ബീഫ് വ്യവസായം നടത്തുന്നതും മുസ്ലീങ്ങളാണ് എന്നും അത് ദേശവിരുദ്ധമാണെന്നും സ്ഥാപിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

അഖ്ലാഖ് കൊല്ലപ്പെട്ടത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള തര്‍ക്കമാണെന്നു സ്ഥാപിക്കുന്നതില്‍ വലിയ അപകടമുണ്ട്. ബീഫ് പ്രശ്നം ഒരു ഹിന്ദു-മുസ്ലീം തര്‍ക്കവിഷയമേയല്ല. ഇന്ത്യയില്‍ 80% വരുന്ന മനുഷ്യര്‍ ബീഫ് കഴിക്കുന്നവരാണെന്നും, അത് അവരുടെ ഭക്ഷണസംസ്കാരമാണെന്നും മനസ്സിലാക്കണം.

മാത്രമല്ല ബീഫ് നിരോധനം എന്നത് മനുഷ്യര്‍ ബീഫ് കഴിക്കണോ വേണ്ടയോ എന്ന ഒരു തര്‍ക്കത്തിനപ്പുറം ബ്രാഹ്മണിക്കല്‍ ഹൈറാര്‍ക്കിയുടെ തിരിച്ചുവരവും അതിന്റെ ഹിംസയും അടങ്ങിയിട്ടുണ്ട്. ഈ തിരിച്ചറിവിലേയ്ക്ക് നമ്മള്‍ വരുമ്പോള്‍ മാത്രമേ, ബീഫ് പ്രശ്നത്തില്‍ ഹിന്ദു-മുസ്ലീം ദ്വന്ദ്വത്തിലൂന്നുന്ന വ്യവഹാരം എത്രമാത്രം ഹിന്ദുത്വശക്തികള്‍ക്ക് അനുകൂലമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

അതു മറികടക്കാന്‍ നമ്മുടെ മുന്നിലുള്ള വഴി അംബേദ്കര്‍ മുന്നോട്ടുവച്ചിട്ടുള്ള ഒരു നിരീക്ഷണം തന്നെയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഗോവധനിരോധനം എന്നു പറയുന്ന കാര്യം കടന്നുവരുന്നത് ബ്രാഹ്മിണിക അധികാരത്തിന്റെ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ടാണ്. അപ്പോള്‍ അതിന്റെ ഇരകളായിരിക്കുന്ന കോടിക്കണക്കിനു വരുന്ന ഇന്ത്യയിലെ കീഴാളരും മുസ്ലീങ്ങളും ബീഫ് നിരോധനത്തിനെതിരെ രംഗത്തു വരേണ്ട സാമൂഹ്യശക്തികളാണെന്നു തിരിച്ചറിയണം.

നേരത്തെ വ്യക്തമാക്കിയപോലെ ഇതൊരു ഹിന്ദു-മുസ്ലീം പ്രശ്നമല്ല, ബ്രാഹ്മണിക്കല്‍ ഹൈറാര്‍ക്കിക്കുവേണ്ടി നിലകൊള്ളുന്നവരും ജനാധിപത്യ ഇന്ത്യയ്ക്കുവേണ്ടി നിലകൊള്ളുന്നവരും തമ്മിലുള്ള വിശാലമായ ഒരു തര്‍ക്കമാക്കി മാറ്റാന്‍ നമുക്ക് കഴിയണം. അങ്ങനെയല്ലെങ്കില്‍ അത് ഹിന്ദുത്വവാദികള്‍ക്കായിരിക്കും ഗുണം ചെയ്യുന്നത്.

മറ്റൊരു ഉദാഹരണം പറയാം. 1911ലെ സെന്‍സസ് കമ്മീഷന് ആഗാ ഖാന്‍ ഒരു പരാതി കൊടുക്കുന്നുണ്ട്. അത് എന്താണെന്നാല്‍ ഇന്ത്യയിലെ സവര്‍ണ്ണര്‍, മുസ്ലീം/ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെടാത്തവരെല്ലാവരും ഹിന്ദുക്കളാണെന്ന് വ്യാജപ്രചരണം നടത്തുകയും ഹിന്ദുക്കളുടെ എണ്ണം പെരുപ്പിച്ചുകാണിക്കുകയും ചെയ്യുന്നു എന്നാണ്. അതോടെ മുസ്ലീങ്ങളുടെ സ്ഥിതി പരുങ്ങലിലാകുന്നുണ്ടെന്നും ആ കത്തില്‍ പറയുന്നു. അത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.

കീഴാളസമൂഹങ്ങള്‍ ഹിന്ദുക്കളുടെ ഭാഗമാണെന്നു സ്ഥാപിക്കുന്നതിലൂടെ മാത്രമേ ജനാധിപത്യഭരണക്രമത്തില്‍ വളരെ ന്യൂനപക്ഷമായിരിക്കുന്ന സവര്‍ണ്ണര്‍ക്ക് അധികാരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ. അത് അന്നുതന്നെ അവര്‍ തിരിച്ചറിയുന്നുമുണ്ട്.

ഇന്ത്യന്‍ സം‌സ്കാരത്തെ ഹിന്ദുവായി പ്രഖ്യാപിക്കുകയും വായിക്കുകയും ചെയ്യുന്ന പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ത്യയിലെ ജനാധിപത്യപ്രക്രിയ ആരംഭിക്കുമ്പോള്‍ത്തന്നെ ഹിന്ദു ഭൂരിപക്ഷത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ഇന്ത്യയിലെമ്പാടും നടക്കുന്നുണ്ട്. അതിനെയാണു പൊളിക്കേണ്ടത്. എങ്കില്‍ മാത്രമേ ബ്രാഹ്മണിക്കല്‍ അധികാരത്തെ അടിസ്ഥാനപരമായി ചോദ്യം ചെയ്യാന്‍ കഴിയുകയുള്ളൂ.

ഇതിനു വിഘാതമാകുന്നതാണ് ഹിന്ദു-മുസ്ലീം ദ്വന്ദ്വത്തില്‍ അധിഷ്ഠിതമായ ബീഫ് തര്‍ക്കങ്ങള്‍.

കേരളത്തില്‍ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രതിസന്ധിയിലാണെന്നു പറയാന്‍ കഴിയുമോ?

കേരളത്തിന്റെ ഒരു പ്രത്യേകത, ഇവിടുത്തെ 80% വരുന്ന ജനവിഭാഗങ്ങളും മിശ്രഭുക്കുകളാണ് എന്നതാണ്. വളരെ ചെറിയൊരു വിഭാഗം മാത്രമാണ് സസ്യഭുക്കുകളായി നിലകൊള്ളുന്നത്. കേരളത്തില്‍ ബീഫ് നിരോധനം വരാതിരുന്നതിന്റെ പ്രധാനകാരണമായി ഇതിനെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. കാരണം ബീഫ് നിരോധനം വന്ന സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ജനങ്ങളും മിശ്രഭുക്കുകളാണ്.

കേരളത്തിലെ പ്രബലമായ രണ്ടു സമുദായങ്ങൾ - സിറിയന്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും - ബീഫ് കഴിക്കുന്നവരാണ്. അവര്‍ വളരെ സംഘടിതവിഭാഗവുമാണ്. മാത്രവുമല്ല കേരളത്തിലെ ഭരണവര്‍ഗ്ഗങ്ങളുമാണവര്‍. 1956ല്‍ കേരളം രൂപപ്പെട്ടതു മുതല്‍ ഏതെങ്കിലും തരത്തിലുള്ള പ്രാതിനിധ്യം ഭരണത്തില്‍ അവര്‍ക്കുണ്ട്. ഇവര്‍ ബീഫ് കഴിക്കുന്നു എന്നതു മാത്രമല്ല കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നതില്‍ ഇവര്‍ പങ്കാളികളുമാണ്. അതുകൊണ്ട് തന്നെ കേരള മന്ത്രിസഭയിലേയ്ക്ക് ബീഫ് നിരോധനത്തെ കുറിച്ച് ഒരു നിര്‍ദ്ദേശം പോലും കൊണ്ടുവരാന്‍ ആരും ധൈര്യം കാണിക്കില്ല.

ഇന്ത്യയില്‍ ബീഫ് നിരോധിക്കാത്ത എട്ടു സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ സംസ്ഥാനമാണ് കേരളം. അതിന്റെ കാരണം കേരളത്തിലെ പുരോഗമന ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണെന്നൊക്കെ എല്ലാവരും പറയുമെങ്കിലും സൂക്ഷ്മമായ അര്‍ത്ഥത്തില്‍ ഈ രണ്ടു സമുദായങ്ങളുടെ നിലനില്‍പ്പും അവരുടെ അധികാരവും ഉള്ളതുകൊണ്ടാണ് കേരളത്തില്‍ നാളിതുവരെ ബീഫ് നിരോധനം നടക്കാതെ പോയത്.

രണ്ടാമത്തെ കാരണം, ഇന്ന് ആഘോഷിക്കപ്പെടുന്ന ഹിന്ദു ഐഡന്റിറ്റിയെ നെടുകേ പിളര്‍ക്കുന്ന വലിയൊരു ധാര കേരള നവോത്ഥാനചരിത്രത്തിലുണ്ട്. അതിന് എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ഹിന്ദു ഐഡന്റിറ്റിയെ നെടുകേ പിളര്‍ക്കുന്ന സമുദായരൂപീകരണത്തിന്റെ വലിയൊരു ചരിത്രം കേരളത്തിനുണ്ട്. അതിനാല്‍ പൊളിറ്റിക്കല്‍ ഹിന്ദു എന്നത് കേരളത്തില്‍ അത്ര പെട്ടെന്ന് ചെലവാകുന്ന ഒരു കാര്യമല്ല. ഈ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് കേരളത്തില്‍ ബീഫ് നിരോധനം നടക്കാതെ പോയതെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

പശുരാഷ്ട്രീയത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്കുന്ന പഠനങ്ങളാണ് അംബേദ്കര്‍ നടത്തിയിട്ടുള്ളത്. അതുപോലെ തന്നെ ഡി എന്‍ ഝായുടെ നിരീക്ഷണങ്ങളും പ്രസക്തമാണ്. ഝായുടെ പുസ്തകം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ടായിരുന്നല്ലോ. അടുത്തകാലത്താണ് നിരോധനം മാറിയത്. എന്നാല്‍ പൊതുസമൂഹത്തില്‍ ഗോമാംസരാഷ്ട്രീയവുമായി ബന്ധപ്പെട്ട് അംബേദ്ക്കറുടെ നിരീക്ഷണത്തേക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഝായുടെതാണെന്നു തോന്നുന്നു. ഇവരുടെ നിരീക്ഷണങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്നാണു താങ്കള്‍ കരുതുന്നത്?

ഝായുടെ ദി മിത്ത് ഓഫ് ഹോളി കൗ എന്ന പുസ്തകത്തില്‍ വളരെ ഗവേഷണപരവും ആധികാരികവുമായി അദ്ദേഹം പറയാന്‍ ശ്രമിക്കുന്ന ഒരു കാര്യം, ഇന്ത്യയിലെ ബ്രാഹ്മണര്‍ അടക്കമുള്ള വിഭാഗങ്ങള്‍ ചരിത്രത്തില്‍ ഒരു കാലത്തും - സനാതനകാലം മുതല്‍ - ഗോമാംസം ഭക്ഷിക്കാത്തവരാണ് എന്നുള്ള വാദം ശരിയല്ല എന്നാണ്.

അതിന്റെ തെളിവുകള്‍ ഋഗ്‌വേദം മുതല്‍ ഏതാണ്ട് ഉപനിഷത് വരെയുള്ള കാലഘട്ടത്തിലെ അനേകായിരം ടെക്സ്റ്റുകള്‍ പരിശോധിച്ചു താരതമ്യം ചെയ്ത് അദ്ദേഹം മുന്നോട്ടു കൊണ്ടുവന്നിട്ടുണ്ട്. അത് വളരെ വിജയകരമായി തന്നെ അദ്ദേഹം നിര്‍വഹിക്കുന്നുണ്ട്.

പക്ഷേ ഡോ. അംബേദ്കര്‍ ഇത്തരം തെളിവുകള്‍ ഹാജരാക്കുക മാത്രമല്ല; ഗോമാംസം കഴിച്ചുകൊണ്ടിരുന്ന ബ്രാഹ്മണരടക്കമുള്ള വിഭാഗങ്ങള്‍ എങ്ങനെ സസ്യഭുക്കുകളായി മാറി എന്നതിനുള്ള ഉത്തരവും അദ്ദേഹം നല്‍കുന്നു എന്നതാണ് പ്രസക്തം.

അതായത് ഝായുടെ നിരീക്ഷണങ്ങള്‍ തെറ്റാണെന്നല്ല, മേല്‍ സൂചിപ്പിച്ച തലം വരെ മാത്രമേ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ എത്തുന്നുള്ളൂ. ഝാ തെളിയിക്കുന്നത്, രണ്ടു കാര്യങ്ങളാണ്. ഒന്ന്, മധ്യകാലഘട്ടം വരെ ബ്രാഹ്മണരടക്കമുള്ളവര്‍ ഗോക്കളെ കൊല്ലുകയും ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്, അതിന് അനേകായിരം തെളിവുകളുണ്ട്. രണ്ട്, ബുദ്ധ/ജൈനമതക്കാര്‍ ഒന്നിനെയും കൊല്ലാതെ ജീവിച്ചു എന്നത് തെറ്റാണെന്നും ബുദ്ധനടക്കമുള്ളവര്‍ മാംസം കഴിച്ചിരുന്നുവെന്നും ഝാ സൂചിപ്പിക്കുന്നുണ്ട്.

ഇന്ത്യയില്‍ നിലനിന്നിരുന്ന എല്ലാ വിഭാഗങ്ങളും മൃഗങ്ങളെ കൊല്ലുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു എന്നതിന്റെ തെളിവുകള്‍ അവരുടെ തന്നെ മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വളരെ ആധികാരികമായി രചിച്ച കൃതിയാണ് ഝായുടെ ഹോളി കൗ.

അംബേദ്കറിന്റെ ഒരു അഡ്വാന്‍റേജ് എന്നു പറയുന്നത് ഇങ്ങനെ പശുക്കളെ കൊന്നുതിന്നവര്‍ എങ്ങനെയാണ് പില്‍ക്കാലത്തു സസ്യഭുക്കുകളായി മാറിയത് എന്നുകൂടി പറയുന്നിടത്താണ്. അതിന്റെ സാമൂഹ്യ-രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് അംബേദ്കര്‍ അന്നുതന്നെ ഭാവനാപരമായി പറയുന്നുണ്ട്.

അദ്ദേഹം പറയുന്നത് വൈദിക മതത്തിന്റെ തകര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ബുദ്ധ-ജൈന മതങ്ങളെ മറികടന്നു മുന്നോട്ടു പോകുന്നതിനുവേണ്ടിയാണ് ബ്രാഹ്മണര്‍ ഗോമാംസം മാത്രമല്ല എല്ലാ തരത്തിലുമുള്ള മാംസങ്ങളും ഉപേക്ഷിച്ചുകൊണ്ട് വെജിറ്റേറിയന്‍ ജീവിതരീതിയിലേയ്ക്ക് മാറിയത് എന്നാണ്.

Read More >>