'പോരാട്ട'ത്തിന്റെ പേരില്‍ എവിടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടാലും പൊലീസ് എന്റെ പേരില്‍ യുഎപിഎ ചുമത്തുന്നു: ഷാന്റോലാല്‍

പോരാട്ടം സംഘടനയുടെ പേരില്‍ സംസ്ഥാനത്തെവിടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടാലും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് യുഎപിഎ ചുമത്തുന്ന ഷാന്റോലാല്‍ കഴിഞ്ഞദിവസമാണ് 157 ദിവസത്തെ ജയില്‍വാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയത്. 2013ല്‍ മൂന്നും 2016ല്‍ ഒമ്പതും യുഎപിഎ കേസുകളാണ് ഷാന്റോലാലിനെതിരെ പൊലീസ് ചുമത്തിയത്. പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ആയതിനാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണ പോസ്റ്ററുകളൊട്ടിച്ച കേസുകളിലെല്ലാം ഷാന്റോയ്ക്ക് യുഎപിഎ ലഭിച്ചു. യുഎപിഎ ഉപയോഗിച്ചുള്ള കേരള പൊലീസിന്റെ വേട്ടയാടലിനെക്കുറിച്ച് ഷാന്റോലാല്‍ നാരദാന്യൂസിനോടു സംസാരിക്കുന്നു.

പോരാട്ടത്തിന്റെ പേരില്‍ എവിടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടാലും പൊലീസ് എന്റെ പേരില്‍ യുഎപിഎ ചുമത്തുന്നു: ഷാന്റോലാല്‍

തെരഞ്ഞെടുപ്പു ബഹിഷ്‌ക്കരിക്കുന്നതു സംബന്ധിച്ചു 'പോരാട്ട'ത്തിന്റെ പേരില്‍ എവിടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടാലും പൊലീസ് കണ്ണടച്ച് തന്റെ പേരില്‍ യുഎപിഎ ചുമത്തുകയാണെന്നു പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ഷാന്റോലാല്‍. 2005 മുതല്‍ പോരാട്ടം സംഘടനയില്‍ സജീവമായി പ്രവര്‍ത്തനം തുടങ്ങിയ വയനാട്ടിലെ മാനന്തവാടി സ്വദേശി ഷാന്റോലാലിനെതിരെ നാലു വര്‍ഷത്തിനിടെ പൊലീസ് ചുമത്തിയത് 12 യുഎപിഎ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) കേസുകളാണ്. എല്ലാം തന്നെ തെരഞ്ഞെടുപ്പു ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോരാട്ടത്തിന്റെ പോസ്റ്ററുകളെത്തുടര്‍ന്ന്.

ബാങ്കുകള്‍ കര്‍ഷകര്‍ക്കെതിരെ ചുമത്തുന്ന സര്‍ഫാസി, ബ്ലേഡുകാരുടെ കഴുത്തറുപ്പന്‍ പലിശ തുടങ്ങിയ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് സമരം നടത്തിയിട്ടുള്ള ഷാന്റോലാലിനെതിരെ ഇക്കാലയളവില്‍ നിരവധി കേസുകളാണ് പൊലീസ് ചാര്‍ജ്ജ് ചെയ്തത്. പലതവണ ജയിലിലും കിടന്നിട്ടുണ്ട്. കല്‍പറ്റ ഗവ. കോളേജില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ ബിരുദം നേടിയ ഈ 36കാരനെതിരെ 2013 ഫെബ്രുവരി 18ന് വര്‍ഗീസ് രക്തസാക്ഷി ദിനത്തില്‍ പോസ്റ്ററൊട്ടിച്ചതിനു മൂന്നു കേസുകളും ഇപ്പോള്‍ ഒമ്പതു കേസുമാണ് പൊലീസ് എടുത്തത്. 2016 നവംബര്‍ 11ന് കോഴിക്കോടു വച്ച് അറസ്റ്റിലായ ഷാന്റോലാല്‍ 2017 ഏപ്രില്‍ 17നാണു ജാമ്യത്തിലിറങ്ങിയത്. യുഎപിഎ ചുമത്തി പൊലീസ് വേട്ടയാടുന്നതു സംബന്ധിച്ച് ഷാന്റോലാല്‍ നാരദാ ന്യൂസിനോട് സംസാരിക്കുന്നു.

* കേവലം പോസ്റ്ററൊട്ടിക്കലിന് മാത്രമാണോ താങ്കളുടെ പേരിലുള്‍പ്പെടെ യു എ പി എ ചുമത്തുന്നത്?

നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്ത് പോസ്റ്ററൊട്ടിച്ച ഒമ്പത് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് ഇപ്പോള്‍ യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തത്. യുഎപിഎ മാത്രമല്ല, 124 എ വകുപ്പുപ്രകാരം രാജ്യദ്രോഹവുമുണ്ട്. ആശയപ്രചാരണത്തിന്റെ ലംഘനമായാണിതിനെ ഞങ്ങള്‍ കാണുന്നത്. ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന അവകാശത്തിന്റ നഗ്നമായ ലംഘനം.

സര്‍ക്കാറിനു സംഘടനാ സ്വാതന്ത്രം നിയന്ത്രിക്കാന്‍ അവകാശമുള്ള എട്ടുകാര്യങ്ങളുണ്ട്. സമാധാനത്തിന് ഭംഗം വരുന്നതിനുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണിത്. എന്നാല്‍ ഈ എട്ട് സാഹചര്യങ്ങളും ബാധകമല്ലാത്ത കാര്യമായിരുന്നു പോരാട്ടത്തിന്റെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി ബന്ധപ്പെട്ടു നടന്നത്. ഈയൊരു ആശയപ്രചാരണത്തെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുകയായിരുന്നു ഭരണകൂടം ചെയ്തത്.

ആശയപ്രചാരണ സ്വാതന്ത്ര്യം ഭരണഘടനാപരമായ ഒരവകാശമാണ്. ഇലിനബിള്‍ ബര്‍ത്ത് റൈറ്റാണിത്. ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ബഹിസ്ഫുരണങ്ങളാണിപ്പോള്‍ യുഎപിഎയുടെ കാര്യത്തില്‍ നടക്കുന്നത്. അടിയന്തരാവസ്ഥയിലാണല്ലൊ ആശയപ്രചാരണത്തിനു വിലക്കുണ്ടായിരുന്നത്. അതേ അവസ്ഥയാണിപ്പോഴും.

*ആദിവാസികളായ ഗൗരി, ചാത്തു തുടങ്ങിയവരെയെല്ലാം യു എ പി എ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നല്ലൊ. ഇവരെല്ലാം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററൊട്ടിക്കുക മാത്രമാണോ ചെയ്തിട്ടുള്ളത്? മാവോയിസ്റ്റ് ബന്ധമാണ് പൊലീസ് ആരോപിക്കുന്നത്...

പോരാട്ടം ഒരു മാവോയിസ്റ്റ് സംഘടനയല്ലെന്ന് ആദ്യം പറയട്ടെ. ആ ധാരണയാണ് ഭരണകൂടവും പൊലീസും ഇപ്പോഴും വച്ചു പുലര്‍ത്തുന്നത്. അതു ശരിയല്ല. മാവോയിസ്റ്റുകളുയര്‍ത്തുന്ന പ്രശ്‌നത്തെ മറ്റൊരു നിലയ്ക്ക് നോക്കിക്കാണുന്നവരാണ് ഞങ്ങള്‍. പോരാട്ടത്തെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാക്കി അടിച്ചമര്‍ത്താന്‍ എത്രയോ കാലമായി പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണ പോസ്റ്ററുകളിലോ നോട്ടീസുകളിലോ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന ഒന്നും തന്നെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിയമവിരുദ്ധമായോ കലാപത്തിന് പ്രേരിപ്പിക്കുന്നതായോ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പോസ്റ്ററോട്ടിക്കുമ്പോള്‍ ഗൗരിയും ചാത്തുവും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാണു പൊലീസ് പറയുന്നത്. ആരെങ്കിലും പോസ്റ്ററൊട്ടിക്കുമ്പോള്‍ മുദ്രാവാക്യം വിളിക്കുമോ?

മാവോയിസ്റ്റ് ബന്ധം ആരോപിച്ചാലെ യു എ പി എ പ്രകാരം കേസെടുക്കാന്‍ കഴിയൂ. അതുപ്രകാരം പോരാട്ടം സംഘടനയെ തളയ്ക്കാനാണ് ഇങ്ങനെയൊരു നീക്കം പൊലീസ് നടത്തിയത്.

*ആദിവാസി മേഖലയിലുള്‍പ്പെടെ സജീവമായി ഇടപെടുന്ന ആളാണല്ലൊ താങ്കള്‍. യുഎപിഎ കേസുകള്‍ പൊലീസ് ഫ്രെയിം ചെയ്യുന്നത് നിങ്ങളുടെ പൊതുജീവിതത്തെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പറയുകയുണ്ടായല്ലൊ?

അതെ. പറഞ്ഞല്ലൊ. എന്റെ പൊതുജീവിതത്തെ തകര്‍ക്കുകയെന്ന ലക്ഷ്യം ഇതിലുണ്ടെന്നു മനസ്സിലാക്കുന്നു. വളരെ ആസൂത്രിതമായ നീക്കങ്ങളായിരുന്നു. 2013ല്‍ വര്‍ഗീസ് രക്തസാക്ഷി ദിനത്തില്‍ മൂന്നു യുഎപിഎ കേസുകള്‍ എടുത്തിരുന്നു. അന്നു പൊലീസ് അനുമതിയോടെ പൊതുസമ്മേളനം നടത്തുകയുണ്ടായിരുന്നു. അന്നു മുതല്‍ നിയമവിരുദ്ധമായി കേസെടുത്ത് പോരാട്ടം പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ സാഹചര്യത്തിലാണിത്. വര്‍ഗീസ് രക്തസാക്ഷിദിനത്തില്‍ പോസ്റ്ററൊട്ടിക്കാന്‍ പാടിലെന്നൊക്കെ പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. പക്ഷേ നമ്മളെ പരിക്കേല്‍പ്പിക്കാനൊന്നും പൊലീസിന് ആയിട്ടില്ല.

*പോരാട്ടവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നോ താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍?

പോരാട്ടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. എല്ലാ പൊതുപ്രവര്‍ത്തകരെയുംപോലെ അറസ്റ്റുകളും കേസുകളുമായിരുന്നു ഫലം. 'പോരാട്ട'ത്തെ തകര്‍ക്കാന്‍ വലിയ നീക്കം തന്നെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. എത്രയോ കേസുകള്‍ എന്റെ പേരില്‍ മാത്രം എടുത്തിട്ടുണ്ട്. 2013ലാണ് ആദ്യമായി യു എ പി എ ചുമത്തുന്നതെന്ന് മാത്രം.

അന്നത്തെ വയനാട് എസ് പിയായിരുന്ന എ വി ജോര്‍ജ്ജിന്റെ പിടിവാശിയായിരുന്നു യുഎപിഎ ചുമത്തുകയെന്നത്. മാനന്തവാടി സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് യുഎപിഎ ചുമത്തുന്നതിനോടു യാതൊരു യോജിപ്പുമില്ലായിരുന്നു. എസ് പിയുടെ ഒരൊറ്റ നിര്‍ബന്ധത്തിലായിരുന്നു. അദേഹത്തിനു മുകളില്‍ നിന്ന് ഉത്തരവ് ലഭിച്ചതുകൊണ്ടാകും ഒരു പക്ഷേ അങ്ങനെ ചെയ്തത്.

എന്റെ ജാമ്യപേക്ഷ പരിഗണിച്ച മാനന്തവാടി സബ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പറഞ്ഞതു തന്നെ ഈ കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണ്. കേസില്‍ അഞ്ചാമത്തെ ദിവസം ജാമ്യം ലഭിക്കുകയുണ്ടായി. ഉന്നത ഉദ്യോഗസ്ഥുടെ കളിയാണ് ഇതില്‍ നടന്നത്. സാധാരണ പൊലീസുകാരെ ബലിയാടാക്കുകയാണു പലപ്പോഴും ഇവര്‍ ചെയ്യുന്നത്.

*നിങ്ങളുടെ പേരില്‍ ഏതൊക്കെ സ്റ്റേഷനുകളിലാണ് ഒമ്പതു യുഎപിഎ കേസുകളുള്ളത് ?

കോഴിക്കോടു ജില്ലയിലെ നടക്കാവ്, മെഡിക്കല്‍ കോളജ്, കൊടുവള്ളി, താമരശ്ശേരി, വയനാട്ടിലെ വെള്ളമുണ്ട, മാനന്തവാടി, തലപ്പുഴ, തൃശൂര്‍ ജില്ലയിലെ ഈസ്റ്റ്, വരന്തരപ്പള്ളി സ്റ്റേഷനുകളിലാണ് യുഎപിഎ കേസുകള്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. എല്ലാം തന്നെ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണത്തിനുള്ള പോരാട്ടത്തിന്റെ പോസ്റ്ററുകളുടെ അടിസ്ഥാനത്തിലായിരുന്നു. പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ആയതിനാല്‍ എവിടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതാലും എന്റെ പേരിലാണ് ആദ്യം കേസെടുക്കുക. അങ്ങനെയാണ് അറസ്റ്റിലാവുന്നത്. അതിങ്ങനെ തുടരുന്നു.

*45 യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. താങ്കള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കാന്‍ സാധ്യതയുണ്ടോ?

ഇതിനൊരു രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടത്. അതിനുള്ള ഇച്ഛാശക്തി ഗവണ്‍മെന്റാണു കാണിക്കേണ്ടത്. ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണു യുഎപിഎ ചുമത്തുന്നത്. പൊലീസിന്റെ തീരുമാനം മാത്രമായിതു കാണാന്‍ കഴിയില്ല. സിപിഐഎം ആണിതിന്റെ മുന്‍പന്തിയിലിലുള്ളത്.

എല്ലാ കാലത്തും പൊലീസ് ഭരണകൂടത്തിന്റെ ചട്ടുകമാണ്. പൊലീസല്ല ഇതു പുനഃപരിശോധിക്കേണ്ടത്. സര്‍ക്കാറാണു ചെയ്യേണ്ടത്. പൊലീസിന്റെ പുനഃപരിശോധന നമ്മുക്കറിയാമല്ലൊ.

ഇതില്‍ ഇരകളുടെ പരാതി ജയില്‍ സൂപ്രണ്ട് വഴി മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും അയച്ചിരുന്നു. യാതൊരു മറുപടിയും ഉണ്ടായില്ല. ഇരകള്‍ക്ക് പരാതി അയക്കാമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് അയച്ചത്.

ഈ കേസുകളില്‍ കുറ്റപത്രം നല്‍കിയ കേസുകളാണ് പുനഃപരിശോധിക്കുകയെന്നാണ് അറിയാന്‍ കഴിഞ്ഞത്. യുഎപിഎ കേസുകളില്‍ മിക്കതും കുറ്റപത്രം നല്‍കാത്തതാണ്. 2013ലെ എനിക്കെതിരെയുള്ള മൂന്നു കേസുകള്‍ പുനഃപരിശോധനയുടെ പരിധിയില്‍ വരും. അതേസമയം ഇപ്പോഴത്തെ ഒമ്പതു കേസുകള്‍ക്ക് കുറ്റപത്രം ലഭിച്ചിട്ടില്ല.

*മാവോയിസ്റ്റ് വിഷയവുമായി ബന്ധപ്പെട്ട ഏതു കേസുകളിലും കണ്ണടച്ച് യുഎപിഎ ചുമത്താമെന്ന് നിയമമുണ്ട്? ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

എഡിബി സമരം, ജിമ്മിനെതിരെ സമരം, കാര്‍ഷിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ജനകീയ സമരങ്ങളിലൂടെയാണ് പോരാട്ടം മുന്നേറുന്നത്. ഒരു കാലത്തും പോരാട്ടം ആംഡ് രീതിയിലേക്ക് പോയിട്ടില്ല. പിന്നെങ്ങനെ മാവോയിസ്റ്റുകള്‍ക്കു നേരെ ചുമത്തുന്ന കരിനിയമങ്ങളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുന്നുവെന്ന് അറിയില്ല.

കമ്മ്യൂണിസ്റ്റ് സംഘടനകളോട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് അത്തരം സംഘടനകളുടെ ആളാകണമെന്നില്ലല്ലൊ.

ഞങ്ങള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് എന്തു തെളിവാണ് പൊലീസിന്റെ പക്കലുള്ളത്. പോസ്റ്ററൊട്ടിക്കുമ്പോള്‍ മാവോയിസ്റ്റ് പാര്‍ട്ടിയ്ക്ക് അനുകൂമായി മുദ്രാവാക്യം വിളിച്ചെന്ന് കേസുണ്ടാക്കിയാണ് യുഎപിഎ ചുമത്തിയത്. അങ്ങനെയാണോ മാവോയിസ്റ്റ് കണക്ഷന്‍ ഉണ്ടാകുന്നത്?

*മാവോയിസ്റ്റുകള്‍ മുന്നോട്ടുവയ്ക്കുന്ന സായുധ വിപ്ലവം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോരാട്ടത്തിന്റെ നിലപാട് എന്താണ്?

ലോകത്തിലെ എല്ലാ വിപ്ലവങ്ങളും വിജയിച്ചിട്ടുള്ളത് ബലപ്രയോഗത്തിലൂടെയാണ്. വര്‍ഗ്ഗസമരമാണു സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയെന്നു മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു വര്‍ഗ്ഗസമരത്തിന്റെ പാതയിലാണു മാവോയിസ്റ്റുകള്‍. അത് എങ്ങനെ നിഷേധിക്കാന്‍ കഴിയും? ലോകത്ത് ഒട്ടനവധി കമ്മ്യൂണിസ്റ്റ് സംഘടനകളുണ്ട്. അവര്‍ക്കൊന്നും ഇതു നിഷേധിക്കാന്‍ കഴിയില്ലല്ലൊ. രാജ്യത്തു കമ്മ്യൂണിസം ശക്തിയാര്‍ജ്ജിച്ചതു സമരങ്ങളിലൂടെയും ബലപ്രയോഗങ്ങളിലൂടെയുമാണെന്ന സത്യം ആര്‍ക്കാണു നിഷേധിക്കാനാവുക.

Story by