'ടീം ലിസ്റ്റ് തീരുമാനിക്കുന്നത് കോച്ചാണ്; കാണികളല്ല': ബിനോ ജോർജ്ജ് പറയുന്നു

ഇപ്പോ റിയൽ കാശ്മീരൊക്കെ കളിക്കുന്ന കളി ലോങ് ബോൾ ടാക്ടിക്സാണ്. കളി കാണാനൊന്നും അത്ര ചന്തമില്ല. റിയൽ കാശ്മീരിന് എന്താ അവിടെ സപ്പോർട്ട് എന്നു വെച്ചാൽ, അതിൻ്റെ വലിയൊരു കാരണം, ഫുട്ബോൾ വന്നു കഴിഞ്ഞാൽ അവിടത്തെ ടെററിസം നിക്കും. അതു കൊണ്ടാണ് റിയൽ കാശ്മീരിനെ അവിടുത്തെ ജനങ്ങൾ ഇത്ര സപ്പോർട്ട് ചെയ്യുന്നത്.

ടീം ലിസ്റ്റ് തീരുമാനിക്കുന്നത് കോച്ചാണ്; കാണികളല്ല: ബിനോ ജോർജ്ജ് പറയുന്നു

ആദ്യം വിവ കേരളയുടെ അസിസ്റ്റൻ്റ് കോച്ച് ആയിരുന്നു. പിന്നീട് ചിരാഗ് യുണൈറ്റഡിൻ്റെ അസിസ്റ്റൻ്റ് കോച്ചായി. തുടർന്ന് ഗോകുലം കേരളയുടെ ഹെഡ് കോച്ചായി. കഴിഞ്ഞ സീസണിൽ മറ്റൊരു കോച്ച് വന്നു. പക്ഷേ, ഈ സീസൺ തുടങ്ങി വന്നു. എന്താണ് കഴിഞ്ഞ സീസൺ അവസാനിക്കുന്നതിനും ഈ സീസൺ തുടങ്ങുന്നതിനുമിടയിൽ സംഭവിച്ചത്? എന്തിനായിരുന്നു മാറി നിന്നത്?

മാറി നിക്കണ്ട കാര്യം, ഞാനിപ്പോ വെളിയിൽ ഒരു ഫുട്ബോൾ ലൈസൻസിൻ്റെ അപ്ഡേഷൻ കോഴ്സിനു വേണ്ടി മാറി നിന്നതാണ്. ഇപ്പഴും അത് കംപ്ലീറ്റ് ആക്കാൻ പറ്റിയിട്ടില്ല. കാരണം, മറ്റേ കോച്ചിനെ മാറ്റിയപ്പോ ക്ലബ് വിളിച്ചപ്പോൾ എനിക്കത് വീണ്ടും മാറ്റി വെക്കേണ്ടി വന്നു. എക്സ്റ്റൻഷൻ കൊടുത്തിരിക്കുകയാണ്. ഈ സീസൺ കഴിഞ്ഞാൽ വീണ്ടും അത് ചെയ്യാനാണ് പദ്ധതി.

ഗോകുലത്തിൽ സുഹൈർ, റാഷിദ്, അർജുൻ, സൽമാൻ തുടങ്ങി മികച്ച ഒരു പിടി കേരള കളിക്കാരുണ്ട്. പ്രമോഷനുകളിലും പരസ്യങ്ങളിലും കേരളത്തിൻ്റെ സ്വന്തം ടീം എന്നറിയപ്പെടുന്ന ബ്ലാസ്റ്റേഴ്സിനെക്കാൾ ആ പേരിന് അർഹത ഗോകുലത്തിനു തന്നെയല്ലേ?

ഞാനങ്ങനെ പറയില്ല. രണ്ടും കേരളത്തിൻ്റെ ടീമാണ്. അവർക്ക് (ബാസ്റ്റേഴ്സിന്) കളിച്ച് തെളിയിച്ച കളിക്കാരെയേ എടുക്കാൻ കഴിയൂ. കേരളത്തിൽ അങ്ങനെ തെളിയിച്ച കളിക്കാർ കുറവാണ്. വരുന്ന കാലങ്ങളിൽ ഇനി അങ്ങനെ ആയി വരും.

അപ്പോൾ, വിദേശ ക്ലബുകളൊക്കെ ചെയ്യുന്ന സ്കൗട്ടിംഗ് രീതി ഇന്ത്യയിലെ ഐലീഗ് ഐഎസ്എൽ ക്ലബുകൾ പ്രാവർത്തികമാക്കിയാൽ ആ പ്രശ്നം അവസാനിക്കില്ലേ?

അത് ഓട്ടോമാറ്റിക്കായിട്ട് ഇവിടെ വന്നു തുടങ്ങി. അതിനി വ്യാപിച്ച് തുടങ്ങും. സ്കൗട്ടിനെക്കാളുപരി, നമുക്കാവശ്യം എല്ലാ ക്ലബുകൾക്കും അതിൻ്റേതായ ഓരോ ഫാൻ ക്ലബുകൾ വേണം. അതിലുപരി, സീരിയസായി കളി കാണുകയും അപഗ്രധിക്കുകയും ചെയ്യുന്നവരുണ്ടാവണം. കളി കാണാൻ ആൾക്കാർ സ്റ്റേഡിയത്തിൽ വരണം. എന്നാൽ മാത്രമേ അതിൻ്റെ ടിവി റൈസ് വിറ്റ് ക്ലബുകൾക്ക് ലാഭമുണ്ടാക്കാൻ പറ്റുകയുള്ളൂ. ഇവിടെ അത്തരത്തിൽ ഒരു ക്ലബും നിലവിൽ വരില്ല. കാരണം, ഫുട്ബോളിൽ നിന്നും ഒരു ഇൻകവും കിട്ടുന്നില്ല. എന്തിനാണ് മുതലാളിമാർ ക്ലബ് തുടങ്ങുന്നത്? എന്താണ് അതിൻ്റെ ആവശ്യം? അവർക്കെന്തെങ്കിലും ഒരു ഗുണം വേണ്ടേ?

ഗോകുലത്തിന് വേറെ കുറേ ബിസിനസുകളുണ്ട്. അപ്പോ ടിവിയിൽ ആഡ് പോകുമ്പോ ഗോകുലത്തിൻ്റെ ക്ലബ് ആണെന്ന് കാണാൻ കഴിയും. ടിവിയിലെ ആഡ് കൂടി ഇല്ലാതാവുകയാണെങ്കിൽ ഗോകുലത്തിന് ക്ലബ് നടത്തിക്കൊണ്ടു പോകേണ്ട ആവശ്യമുണ്ടോ? ഇതിപ്പോ ആരെയും കുറ്റം പറയാൻ പറ്റില്ല. അതിന് ഇന്ത്യയിൽ ഫുട്ബോളിനോടുള്ള താത്പര്യം വർദ്ധിപ്പിക്കണം. മാതാപിതാക്കളിലും കുട്ടികളിലുമൊക്കെ ഇത് വളർത്തി കളി കാണാൻ ആരാധകർ വരണം. അങ്ങനെ കളി കാണാൻ ആരാധകർ വരണമെങ്കിൽ നല്ല സ്റ്റൈൽ ഓഫ് ഫുട്ബോൾ കളിപ്പിക്കാൻ സാധിക്കുന്ന കോച്ചുമാരെ വെക്കണം.

ഇന്ത്യൻ കോച്ചുമാരെത്തന്നെ ദീർഘകാലാടിസ്ഥാനത്തിൽ നിയമിക്കണം. ഇവിടെ ആകെ മാസങ്ങൾ നീണ്ട കോണ്ട്രാക്റ്റല്ലേ കൊടുക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ അലക്സ് ഫെർഗൂസനെപ്പോലെ, ആഴ്സണലിലെ ആഴ്സൻ വെങ്ങറെപ്പോലെ ദീർഘകാല കരാർ കോച്ചുമാർക്ക് നൽകണം. അങ്ങനെ ദീർഘകാലം ഒരു കോച്ച് പരിശീലിപ്പിക്കുമ്പോൾ മാത്രമേ കളി മെച്ചപ്പെടൂ. ഇൻസ്റ്റൻ്റ് റിസൽട്ട് നോക്കുന്ന ടീമുകൾ കാണും. അതുകൊണ്ട് പക്ഷേ, ഫുട്ബോൾ വളരില്ല.

കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ അസിസ്റ്റൻ്റ് കോച്ച് താങ്ബോയ് സിങ്തോ നല്ല പരിശീലകനല്ലെന്നും താങ്ബോയ് ടീമിൽ നോർത്ത് ഈസ്റ്റ് കളിക്കാരെ നിറയ്ക്കുകയാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നുമൊക്കെ ബ്ലാസ്റ്റേഴ്സ് ആരാധകർ പറയുന്നുണ്ട്. അതിനെപ്പറ്റി?

ഞാനത് പറയില്ല. ഞാൻ അദ്ദേഹത്തെപ്പറ്റി നല്ലതേ പറയൂ. കാരണം, അദ്ദേഹം ഉള്ളതു കൊണ്ട് കളിക്കാരെ എവിടുന്നൊക്കെയോ പിടിച്ചു കൊണ്ടു വരുന്നുണ്ട്. തോൽക്കാൻ വേണ്ടി ഒരിക്കലും ടീം ഉണ്ടാക്കില്ല. കേരളത്തിൽ അവർ നോക്കുന്ന തരത്തിൽ ക്വാളിറ്റിയുള്ള കളിക്കാരില്ല. സന്തോഷ് ട്രോഫിയിലെ കളിക്കാരെ എടുക്കാമല്ലോ എന്നൊക്കെ ചോദിക്കുന്നുണ്ട്. സന്തോഷ് ട്രോഫി കേരളം കപ്പടിച്ചതാണ്, ശരിയാണ്. പക്ഷേ, എന്തൂട്ടാ സന്തോഷ് ട്രോഫി? ഐലീഗും ഐഎസ്എല്ലും കളിച്ച ഏറ്റവും മികച്ച കളിക്കാർ സന്തോഷ് ട്രോഫി കളിക്കാൻ പാടില്ല. അപ്പോൾ വേണ്ടത്ര അവസരങ്ങൾ കിട്ടാത്ത കളിക്കാരാണ് സന്തോഷ് ട്രോഫിയിൽ കളിക്കുക. അവരെയെടുത്ത് നേരെ ഫസ്റ്റ് ഇലവനിൽ ഇടാനൊന്നും പറ്റില്ല.

പണ്ട് സത്യേട്ടനും (വിപി സത്യൻ) വിജയേട്ടനും (ഐഎം വിജയൻ) ഒക്കെ കളിക്കുന്ന കാലത്ത് ഐലീഗ് ഇല്ല. അക്കാലത്ത് സംസ്ഥാനത്തെ ഏറ്റവും നല്ല ടീമിനെയാണ് സന്തോഷ് ട്രോഫിക്ക് വിടുന്നത്. ഇപ്പോ ഐലീഗിലോ ഐഎസ്എല്ലിലോ സെക്കൻഡ് ഡിവിഷനിലോ കളിച്ച കളിക്കാർക്കൊന്നും സന്തോഷ് ട്രോഫിയിൽ കളിക്കാൻ പാടില്ല. സന്തോഷ് ട്രോഫി എഐഎഫ്എഫ് നിർത്താൻ പോവുകയാണ്. അത്ര മൂല്യമേയുള്ളൂ. ആ സന്തോഷ് ട്രോഫിയാണ് കേരളം പൊന്തിച്ച് പിടിച്ച് നടക്കുന്നത്. സന്തോഷ് ട്രോഫി കളിച്ചവരെയൊന്നും ഐലീഗ് ടീമിലെടുക്കാൻ പറ്റില്ല. അവരെ എടുത്താൽ തന്നെ ഒന്നോ രണ്ടോ വർഷം റിസർവ് ടീമിലൊക്കെ കളിച്ച് ആ നിലവാരത്തിലെത്തണം. എന്നിട്ടേ ഫസ്റ്റ് ഇലവനിൽ ഉൾക്കൊള്ളിക്കാൻ കഴിയൂ.

ഈസ്റ്റ് ബെംഗാൾ മോഹൻ ബഗാൻ കളിക്കാരൊക്കെ ഐലീഗ് കളിക്കാതെ സന്തോഷ് ട്രോഫി കളിച്ചാൽ കേരളത്തിന് ജയിക്കാൻ പറ്റുമോ? ഇതൊന്നും ജനങ്ങൾക്ക് അറിയില്ല. സന്തോഷ് ട്രോഫി ഒന്നുമല്ല. ഒരു കോളേജ് ലെവലിലുള്ള ടൂർണ്ണമെൻ്റ് മാത്രമാണ്. അപ്പോൾ അവരെ നേരെ ഫസ്റ്റ് ഇലവനിൽ എടുക്കണമെന്ന് പറഞ്ഞാൽ ശരിയാവില്ല. ഐലീഗിൽ വിദേശികൾക്കെതിരെ കളിക്കണ്ടേ?

ഐലീഗ്-ഐഎസ്എൽ കളി ശൈലിയും നിലവാരവും എങ്ങനെയാണ്?

ഹാർഡ്‌വർക്കിംഗ് ഫുട്ബോൾ ഐലീഗിലാണ്. മറ്റേത് കുറച്ച് സ്റ്റൈലിഷ് ഗെയിമാണ്. സ്റ്റൈലായിട്ട് തട്ടിക്കളിക്കുമെന്നാല്ലാതെ മറ്റൊന്നുമില്ല. ക്യാമറ ട്രിക്കുകളും മറ്റും അതിനെ സഹായിക്കുന്നുണ്ട്. ഐഎസ്എൽ ഹൈ ഡെഫിനിഷനിലാണ് കാണിക്കുന്നതെന്ന് ജനങ്ങൾക്കറിയില്ല. അവരെ സംബന്ധിച്ച് (സ്റ്റാർ സ്പോർട്സ്) കാശ് കൂടുതൽ കിട്ടുന്നിടത്തല്ലേ അവർ നിൽക്കൂ. അപ്പോൾ അതിൻ്റെ (ഐഎസ്എൽ) റെസല്യൂഷൻ കൂട്ടും, ഗ്രൗണ്ട് കണ്ടീഷൻ കൂട്ടും. നടത്തിപ്പ് പ്രൈവറ്റ് പാർട്ടിയാണ്. അപ്പോ അതിൻ്റെ പല കാര്യങ്ങളും അവർ ഭംഗിയാക്കും. ഐലീഗ് മോശമാണെന്ന് ജനങ്ങളെ കാണിക്കണം, എന്നാലേ അതിന് (ഐഎസ്എൽ) മാർക്കറ്റ് ഉണ്ടാവൂ. എഐഎഫ്എഫിന് ഐലീഗ് കൊണ്ട് കാര്യമില്ല. അവർക്ക് ലാഭമുള്ളതേ അവർ ചെയ്യൂ. ഫുട്ബോൾ ശൈലിയും കളി ഭംഗിയും കൂട്ടിയാലേ ഫുട്ബോൾ വളരൂ. അലെങ്കിൽ ആൾക്കാർ കാണാൻ വരില്ല.

ബ്ലാസ്റ്റേഴ്സിന് ആരാധകർ കുറയുന്നു. ഗോകുലത്തിന് കൂടുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകർ ഗോകുലം ആരാധകരായി പരിവർത്തിക്കപ്പെടുന്നു. അതൊരു നല്ല പ്രവണതയാണോ?

അത് ഫുട്ബോളിനെ സ്നേഹിക്കുന്നവരല്ല. ഫുട്ബോളിനെ സ്നേഹിക്കുന്നവർ എത്ര ബുദ്ധിമുട്ടായാലും ടീമിനൊപ്പം കാണും. ഇപ്പോ പുറമേ നിന്ന് ഒരാൾ പറയുകയാണ്- കഴിഞ്ഞ കളി കണ്ടിട്ട് അവൻ നന്നായി കളിച്ചു, പക്ഷേ, ഈ കളി അവനെ ഇറക്കാത്തതെന്താ എന്ന് ചോദിച്ചാൽ, ഞാൻ പറയാം. എങ്ങനെയാന് കോച്ച് ടീം ഇടുക എന്നറിയുമോ? തലേ ദിവസത്തെ പ്രാക്ടീസ്, അല്ലെങ്കിൽ രണ്ട് മൂന്ന് ദിവസത്തെ പ്രാക്ടീസ്. ആ പ്രാക്ടീസ് സെഷനിൽ ഒരു പ്ലയർ എത്രത്തോളം ഫിറ്റാണ്, കോച്ചിൻ്റെ ടാക്ടിക്സിന് ഓക്കെയാണോ എന്നൊക്കെ നോക്കിയാണ് കോച്ച് ടീം ലിസ്റ്റിടുക. പുറത്തിരിക്കുന്നവൻ പറയും, എന്തു കൊണ്ട് അവനെ കളിപ്പിച്ചില്ല, എന്തു കൊണ്ട് ഇവനെ കളിപ്പിച്ചില്ല എന്നൊക്കെ. ആരെ കളിപ്പിക്കണമെന്ന് ഇവനാണോ തീരുമാനിക്കുക? തോൽക്കാനായി കോച്ച് ടീമിടുമോ? ജയിക്കാനുള്ള ടീമിനെയല്ലേ കോച്ച് ഇറക്കൂ.

അവസാനത്തെ കുറച്ചു കളികളിൽ ഗോകുലത്തിൻ്റെ റിസൽട്ട്?

മോശമാണ്. നമുക്ക് ഒരു നല്ല ഫോർവേഡ് വന്നിട്ടില്ല. ഗോളടിക്കാൻ പറ്റിയ ഒരാൾ വന്നിട്ടില്ല. ടീം സെറ്റാക്കി കളിക്കാൻ ശ്രമിക്കുകയാണ്. പഴയ ഫോമിലേക്കെത്താനുള്ള ശ്രമത്തിലാണ്. കഠിനാധ്വാനത്തിലാണ്. ഇതാണ് നമ്മുടെ ടീം. വേറെ വഴിയൊന്നുനില്ല. ഈ പിള്ളേർ രക്ഷപ്പെടണം, കോച്ച് രക്ഷപ്പെടണം, ഗോകുലം ക്ലബ് രക്ഷപ്പെടണം. അതിനു വേണ്ടി നമ്മൾ കഠിനാധ്വാനം ചെയ്യുകയാണ്.

ഫുട്ബോൾ ഫെഡറേഷൻ റിലയൻസുമായി ചേർന്ന് ഐലീഗ് തകർക്കാൻ ശ്രമിക്കുന്നു എന്നത് എത്രത്തോളം ശരിയാണ്?

ഈ ഫുട്ബോൾ ഫെഡറേഷൻ, അവർക്ക് എവിടുന്നാണ് ഫണ്ട്? ഒന്നുകിൽ ഫെഡറേഷനെ ആരെങ്കിലും സ്പോൺസർ ചെയ്യണം. കുറച്ച് പേരൊക്കെ കളി കണ്ടാലല്ലേ ആരെങ്കിലും സ്പോൺസർ ചെയ്യൂ. കളി കാണാൻ ആള് വരുന്നില്ല എന്നതു കൊണ്ട് അവർക്കൊന്നും ചെയ്യാൻ കഴിയില്ല. പിന്നെ ഐഎസ്എൽ, അത് അംബാനി നടത്തുന്നതാണ്. അതിനു വേണ്ടീട്ട് അവർ എന്തും ചെയ്യും. സ്റ്റാറല്ലാതെ മറ്റാരും ഐലീഗ് സംപ്രേഷണാവകാശം ഏറ്റെടുത്തില്ലല്ലോ. കളി നല്ല ക്വാളിറ്റിയാണെങ്കിൽ, ഇപ്പോ റിയൽ കാശ്മീരൊക്കെ കളിക്കുന്ന കളി ലോങ് ബോൾ ടാക്ടിക്സാണ്. കളി കാണാനൊന്നും അത്ര ചന്തമില്ല. റിയൽ കാശ്മീരിന് എന്താ അവിടെ സപ്പോർട്ട് എന്നു വെച്ചാൽ, അതിൻ്റെ വലിയൊരു കാരണം, ഫുട്ബോൾ വന്നു കഴിഞ്ഞാൽ അവിടത്തെ ടെററിസം നിക്കും. അതു കൊണ്ടാണ് റിയൽ കാശ്മീരിനെ അവിടുത്തെ ജനങ്ങൾ ഇത്ര സപ്പോർട്ട് ചെയ്യുന്നത്. കളിച്ചന്തം രണ്ടാമത്തെ കാര്യമാണ്. അവിടത്തെ അലമ്പുകളും പ്രശ്നങ്ങളുമൊക്കെ നിന്ന് ഫുട്ബോളിലേക്ക് ജനങ്ങൾ വരണം. അതാണ് ലക്ഷ്യം.

അവരുടെ ഈ സ്ട്രാറ്റജിയൊക്കെ ഓക്കെയാണ്. സ്വന്തമായിട്ട് അവർ ഒരു കളിശൈലി ഉണ്ടാക്കിയെടുക്കണം. ലോങ് ബോൾ ടാക്ടിക്സ് കാണാനൊന്നും ആൾക്കാർ വരില്ല. അവരുടെ ആറ്റിറ്റ്യൂഡൊക്കെ കൊള്ളാം. എങ്ങനെയെങ്കിലുമൊക്കെ ജയിക്കണം. പ്രാക്ടിക്കൽ ഫുട്ബോൾ അതാണ്. പക്ഷേ, അത് ഇൻസ്റ്റൻ്റ് റിസൽട്ടാണ്.

ഗോകുലത്തിൻ്റെ ചാനലായ ഫ്ലവേഴ്സിൽ ആദ്യത്തെ കുറച്ച് കളികൾ ടെലിക്കാസ്റ്റ് ചെയ്തിരുന്നു. അത് കഴിഞ്ഞ് അവർ പറഞ്ഞു, അതവർക്ക് നഷ്ടമാണെന്ന്. ഇതിന് വ്യൂവേഴ്സ് കുറവായതു കൊണ്ട് നഷ്ടത്തിലാണെന്ന് പറഞ്ഞ് അവർ അത് നിർത്തി. പ്രമോഷൻ കുറച്ചു കൂട്ടിയാൽ കൂടുതൽ ആൾക്കാരിലേക്ക് ഇതെത്തും. കളിക്കാരെ വെച്ചുള്ള പ്രമോഷനുകളെ ഞാൻ എതിർക്കുന്ന ആളാണ്. അവരുടെ വിഷമങ്ങളും മറ്റും പറഞ്ഞ് സിമ്പതി പിടിച്ചു പറ്റി കോരൻ്റെ കളി കളിച്ചു കഴിഞ്ഞാൽ ശരിയാകുമോ? കളി ശൈലി നന്നാവണം. എന്നാലേ, കാര്യങ്ങൾ മുന്നോട്ട് പോവുകയുള്ളൂ.

ഫെഡറേഷൻ ഭരിക്കുന്നത് പൊളിറ്റിക്കൽ അജണ്ട കൂടി ഉൾക്കൊണ്ടിട്ടാണെന്ന് തോന്നിയിട്ടുണ്ടോ?

അഡ്മിനിസ്ട്രേഷൻ വിങ്ങും കോച്ചിംഗ് വിങ്ങും വേറെ എന്നുള്ള ഒരു തെറ്റിദ്ധാരണ ആൾക്കാർക്കുണ്ട്. ദേശീയ ടീമിൽ കളിച്ച കളിക്കാരനേ നല്ല കോച്ചാവാൻ കഴിയൂ എന്നൊക്കെ ആളുകൾ പറയുന്നു. അങ്ങനൊന്നും ഇല്ല. ഫുട്ബോൾ ചെറുതായെങ്കിലും തട്ടിയിട്ടുള്ള ആൾക്കാർക്ക് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ അറിയാമെങ്കിൽ കോച്ചാവാം. ഫെഡറേഷനിൽ ഇരിക്കുന്നവർക്ക് ഫുട്ബോൾ ജ്ഞാനം കുറവാണ്. പക്ഷേ, ഫുട്ബോൾ കളിക്കാരെ ഫെഡറേഷൻ്റെ തലപ്പത്താക്കിയാൽ അഡ്മിനിസ്ട്രേറ്റിവ് വർക്കുകൾ നടക്കാൻ ബുദ്ധിമുട്ടാവും. ഫിഫയുമായും എഎഫ്സിയുമായും മറ്റുമൊക്കെയുള്ള ചർച്ചകൾ അവരെങ്ങനെ നടത്തും. അതിനൊക്കെ പഠിപ്പുള്ള ആളുകൾ വേണം.

നശിക്കാൻ പോകുന്നു എന്നറിയുമ്പോൾ നിർത്തരുത്. തോറ്റ് തോറ്റ് തുന്നം പാടിയ ടീമിനെ അവിടെ നിന്ന് തിരികെ കൊണ്ടു വരുമ്പോഴാണ് കോച്ച് കോച്ചാവുന്നത്. അതു പോലെ മോശമാകുമ്പോൾ നിർത്താൻ ശ്രമിക്കാതെ മെച്ചപ്പെടുത്താൻ ഫെഡറേഷൻ ശ്രമിക്കണം. അതവർ ചെയ്യുന്നില്ല.

ജനുവരി മുതൽ സ്റ്റാർ സ്പോർട്സ് ഗോകുലത്തിൻ്റെ കുറച്ചു കളികളേ കാണിക്കൂ എന്ന് കേൾക്കുന്നുണ്ടല്ലോ?

ഗോകുലം മാത്രമല്ല, പല ക്ലബുകൾക്കും പ്രശ്നമുണ്ട്. ഹോം മാച്ച് കാണിക്കാത്തത് നല്ല കാര്യമാണെന്നാണ് എൻ്റെ അഭിപ്രായം. കാരണം, കളി കാണണ്ടവർ വീട്ടിലിരിക്കാതെ സ്റ്റേഡിയത്തിൽ വരുമല്ലോ. സ്റ്റേഡിയത്തിൽ ആളുകളുണ്ടെന്നറിയുമ്പോൾ കളിക്കാർക്കും ഉഷാറാണ്. എവേ മാച്ചിൻ്റെ കാര്യമാണ് പ്രശ്നം.

എന്താണ് ഇനിയുള്ള നിലപാട്?

ഇനി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ രണ്ട് സ്ട്രൈക്കർമാരെ കൊണ്ടു വരും. രണ്ട് പേരെ ഒഴിവാക്കും. അതിൻ്റെ ചർച്ചകൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ആരൊക്കെയാണ് എന്ന് ഉറപ്പിക്കാറായിട്ടില്ല. പക്ഷേ, രണ്ടു പേർ വരും.

Read More >>