രാവണനെ അറിയാം! ഭീം ആര്‍മി കേരളത്തിലും പോരാട്ടത്തിനെത്തും; ജിഗ്നേഷ് മേവാനി

ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണന്‍ രാജ്യത്തെ ദളിത്- ന്യൂനപക്ഷ മുന്നേറ്റങ്ങളെ ആളിക്കത്തിക്കുകയാണ്. രാവണന്‍ നേതൃത്വം നല്‍കുന്ന ഭീം ആര്‍മിയുടെ രാഷ്ട്രീയവും ദളിതരുടെ പോരാട്ടങ്ങളും വ്യക്തമാക്കുകയാണ് ഈ അഭിമുഖത്തില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനി

രാവണനെ അറിയാം! ഭീം ആര്‍മി കേരളത്തിലും പോരാട്ടത്തിനെത്തും; ജിഗ്നേഷ് മേവാനി

രാജ്യത്തെ ദളിതരിലും ന്യൂനപക്ഷങ്ങളിലും ഭീംആര്‍മി സൃഷ്ടിച്ച ഊര്‍ജ്ജം വലുതാണ്. സംഘപരിവാറിനെതിരെ രാജ്യതലസ്ഥാനം ദളിതര്‍ കീഴടക്കിയത് പുതിയ രാഷ്ട്രീയ ധ്രുവീകരണത്തെയും പോരാട്ടത്തിന്റെ ദിശയേയും സൂചിപ്പിക്കുന്നതാണ്. ദളിതരും ആദിവാസികളും മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളും പലകോണുകളില്‍ നിന്ന് ഒന്നിക്കുകയാണ്.

ചന്ദ്രശേഖര്‍ ആസാദ് എന്ന 30 വയസുകാരന്‍ ഉത്തര്‍പ്രദേശ് യുവാവ് യോഗി ആദിത്യനാഥിന്റെ പ്രതിനായകനായല്ല, നായകനായാണ് ഉയരുന്നത്. നരേന്ദ്ര മോഡി നേതൃത്വം നല്‍കുന്ന അജണ്ടയ്‌ക്കെതിരെ രാവവണന്‍ എന്നു സ്വയം പരിചയപ്പെടുത്തുന്ന ചന്ദ്രശേഖര്‍ ആസാദും ജിഗ്നേഷ് മേവാനിയും ഒന്നിച്ച് അണിനിരക്കുകയാണ്. ഭീം ആര്‍മിയടക്കം രാജ്യത്ത് ശക്തമാകുന്ന ദളിത്- ന്യൂനപക്ഷ പ്രതിരോധങ്ങളുടെ രാഷ്ട്രീയം പറയുകയാണ് ഈ അഭിമുഖത്തില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ഭീം ആര്‍മി കേരളത്തിലും പോരാട്ടത്തിനെത്തുമെന്ന സൂചന നല്‍കുന്നു ജിഗ്നേഷ്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഭീം ആര്‍മിയുടെ പ്രതിഷേധം ശ്രദ്ധേയമായിരുന്നു. മുഖ്യധാര മാദ്ധ്യമങ്ങള്‍ വേണ്ടത്ര പരിഗണന കൊടുത്തില്ലെങ്കിലും ഭീം ആര്‍മിയെക്കുറിച്ചും ദളിത് മുന്നേറ്റങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ചൂടു പകരുന്നതായിരുന്നു ആ പ്രതിഷേധം. താങ്കളും പങ്കെടുത്തിരുന്നു. എന്താണ് ഭീം ആര്‍മി, ആരാണ് ചന്ദ്രശേഖര്‍ ആസാദ്?

കോളേജില്‍ നിന്നും പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ ചന്ദ്രശേഖറും സുഹൃത്ത് വിനയ് രത്‌ന സിങ്ങും ജോലിയ്ക്കായ് അന്വേഷണം നടത്തുന്നതിനിടെയാണ് ദളിത് ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഉയര്‍ന്നത്. വിദ്യാഭാസത്തിന് പ്രഥമ പരിഗണന നല്‍കണമെന്നായിരുന്നു അവര്‍ തീരുമാനിച്ചത്. 2015 ജൂലൈ 21ന് ചേര്‍ന്ന ഭീം ആര്‍മിയുടെ ആദ്യ യോഗത്തില്‍ കുട്ടികള്‍ക്കായി സൗജന്യ പാഠശാലകള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. സഹരണ്‍പൂരിലെ ബാഡോ ഗ്രാമത്തിലാണ് ആദ്യ പാഠശാല ആരംഭിച്ചത്. ഇപ്പോഴത് 350 ആയി ഉയര്‍ന്നു. സഹരണ്‍പൂരില്‍ മാത്രമല്ല തൊട്ടടുത്ത ജില്ലയായ മുസഫര്‍നഗറിലും, മീററ്റിലും ഷാംലിയിലും പാഠശാലകള്‍ ആരംഭിച്ചു.


സഹരണ്‍പൂരിലെ എഎച്ച്പി കോളേജിലെ ദളിത് വിദ്യാര്‍ത്ഥി കിണറില്‍ നിന്ന് വെള്ളമെടുത്തതിന് സവര്‍ണവിഭാഗമായ താക്കൂറുകള്‍ മര്‍ദ്ദിച്ചവശനാക്കി. ഇതിലിടപ്പെട്ടാണ് ഭീം ആര്‍മി ശ്രദ്ധേയമാകുന്നത്. ഭരണതലങ്ങളില്‍ വിഷയം ഉന്നയിച്ചതിന് പല ഭീഷണികളും അവരെ തേടിയെത്തി. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് അവര്‍ കൂടുതല്‍ മുന്നേറുകയാണ്. അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പത്ത് പതിനായിരമായി അവര്‍ മാറി. അതാണ് ജന്തര്‍ മന്ദറില്‍ കണ്ടത്.

ഡല്‍ഹിയിലേത് വന്‍ പ്രതിഷേധമായിരുന്നു. പതിനായിരക്കണക്കിന് ദളിതുകള്‍ അണിനിരന്ന സമരം ജന്തര്‍ മന്ദറില്‍ ആദ്യമായിട്ടാണ്. അത്രമേല്‍ ഊര്‍ജ്ജസ്വലരായ ആളുകളെയാണ് എനിക്കവിടെ കാണാനായത്. ദൃഢനിശ്ചയവും ഉത്സാഹവവും ഭീം ആര്‍മി പ്രവര്‍ത്തകരിലും പിന്തുണയ്ക്കാനെത്തിയവരിലും നിറഞ്ഞു നിന്നു. ചന്ദ്രശേഖര്‍ ആസാദിന്റേയും ഭീം ആര്‍മിയുടേയും പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയും പ്രതീക്ഷയുമുണ്ട്.

ചന്ദ്രശേഖറുമായി യോജിച്ച പ്രവര്‍ത്തനം ഉണ്ടാകുമോ? രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ദളിത് സംഘടനകളുമായി യോജിച്ച പ്രവര്‍ത്തനം ഇനിയും സാധ്യമായിട്ടില്ലല്ലോ?

തീര്‍ച്ചയായും. യോജിച്ചുള്ള പ്രവര്‍ത്തനം തന്നെയാണല്ലോ വേണ്ടത്. എങ്കിലല്ലേ ലക്ഷ്യങ്ങള്‍ നേടാനാകൂ. ചന്ദ്രശേഖറുമായി കൂടുതല്‍ അടുക്കുന്നതേയുള്ളു. അദ്ദേഹത്തെ നേരില്‍ കണ്ട് കൂടുതല്‍ സംസാരിക്കാനാകുമെന്ന് തോന്നുന്നു. രാജ്യത്ത് നിരവധി ദളിത് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അംബേദ്ക്കറൈറ്റുകള്‍ എന്ന് പലരും അഭിമാനിക്കുന്നു. ഈ സംഘടനകളെല്ലാം വളരെയേറെ ഊര്‍ജ്ജസ്വലമായാണ് പ്രവര്‍ത്തിക്കുന്നത്.

പ്രത്യേക ജാതിയിലുള്ളവരെ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട ഗൂഢശ്രമങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കേണ്ടതുണ്ട്. ജാതിയും ക്ലാസും പരസ്പരം എങ്ങനെ ഇടപെടുന്നു, ദളിതുകള്‍ ഉയര്‍ത്തുന്ന അടിസ്ഥാന ആവശ്യങ്ങള്‍, ദളിത് സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും പ്രസക്തി എന്നീ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ സംവാദങ്ങള്‍ ആവശ്യമായിട്ടുണ്ട്.


ഈ സംഘടനകള്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. നയപരിപാടികള്‍ ഏകോപിപ്പിച്ച് ദളിത് പ്രസ്ഥാനങ്ങള്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തേണ്ട സമയം തന്നെയാണിത്. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ആ പരിശ്രമം തുടരും.

ഇപ്പോള്‍ നിരവധി പേരാണ് ഭീം ആര്‍മിയ്ക്ക് പിന്തുണയുമായെത്തുന്നത്. താഴെ തട്ടില്‍ നിന്നും ആയിരക്കണക്കിനു യുവാക്കളാണ് പിന്തുണയുമായെത്തുന്നത്. സംഘടനയെപ്പറ്റി നമ്മള്‍ കൂടുതലറിയുന്നത് ഇപ്പോള്‍ മാത്രമാണെന്നേയുള്ളൂ. പക്ഷെ ഭീം ആര്‍മിയുടെ പ്രവര്‍ത്തനം മുന്നേ ശക്തമായിരുന്നു. ഡല്‍ഹിയില്‍ അവര്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചതില്‍ സന്തോഷമുണ്ട്.

കേരളത്തിലെ ദളിത് പ്രസ്ഥാനങ്ങളുമായി ബന്ധം പുലര്‍ത്തുന്ന ആളാണ് ജിഗ്നേഷ് മേവാനി. ചന്ദ്രശേഖറിനെ കേരളത്തിലെ ദളിത് കൂട്ടായ്മകളില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമോ?

ചന്ദ്രശേഖറുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കും. കേരളമടക്കമുള്ള ഇടങ്ങളില്‍ ചന്ദ്രശേഖറിനേയും പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. കേരളത്തിലെ ദളിത് പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ട്. അവരുടെ പിന്തുണയും ഞങ്ങള്‍ക്കുണ്ട്.

കേരളത്തിലെ ദളിത് സംഘടനകള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ കൂട്ടായ്മകള്‍ക്ക് തുറന്ന മനോഭാവമാണുള്ളത്. തങ്ങളുടെ ശക്തിയും പോരായ്മകളും അവര്‍ക്ക് അറിയാം. പൊതുവേ ആക്രമണങ്ങള്‍ക്കും തൊട്ടുകൂടായ്മയ്ക്കും എതിരെയാണ് പ്രതിഷേധം ഉയരുക. പക്ഷെ കേരളത്തില്‍ സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിഷയമാണ്. ഇത് രണ്ടും ഉയര്‍ത്തിപിടിക്കേണ്ട പധാന വിഷയങ്ങളാണ്. സ്വാഭിമാനത്തിനും സാമ്പത്തിക അസമത്വത്തിനുമെതിരായ ശബ്ദങ്ങള്‍ ഒരേ പോലെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

ആദ്യം മുതല്‍ക്കേ ജാതിശ്രേണിയ്ക്കും വിവേചനത്തിനുമെതിരെ ചെറുത്തു നില്‍പ്പുകളുണ്ടായിരുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ദ്രാവിഡമുന്നേറ്റങ്ങള്‍ക്ക് പഴയ വീര്യം ചോര്‍ന്നു പോയിട്ടുമില്ല. അവരുമായുള്ള സഹകരണം ദളിത് സംഘടനകള്‍ക്ക് സാധ്യമാണോ?

ബ്രാഹ്മണിക്കല്‍ മേധാവിത്വത്തിനെതിരെ പ്രക്ഷോഭങ്ങള്‍ നടന്ന ഇടമാണ് തമിഴ്‌നാട്. ഇ വി രാമസ്വാമി പെരിയോരും അദ്ദേഹത്തെ പിന്തുണക്കുന്നവരും അംബേദ്ക്കറെക്കാള്‍ റാഡിക്കലായ ആളുകളായിരുന്നു. മനുസ്മൃതിയെ തള്ളിപ്പറഞ്ഞ ആളാണ് അംബേദ്ക്കര്‍. ഭരണഘടനയോട് വിമര്‍ശനാത്മകമായ സമീപനമാണ് പെരായോറിനുണ്ടായിരുന്നത്.

പെരിയോറിന്റെ ആശയങ്ങളാണ് തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റങ്ങള്‍ക്ക് അന്നുമിന്നും പ്രചോദനം. ഭരണഘടനയെക്കുറിച്ചുള്ള പെരിയോറിന്റെ സമീപനത്തില്‍ സംവാദാത്മകത സാധ്യമായാല്‍ തമിഴ് ദ്രാവിഡ മുന്നേറ്റങ്ങളുമായി രാജ്യത്തെ ദളിത് പ്രസ്ഥാനങ്ങള്‍ക്ക് ചേര്‍ന്നു പോകാനാകും. ദളിത് മുന്നേറ്റങ്ങളില്‍ പെരിയോറിന് ബൃഹത്തായ സംഭാവനയാണുള്ളത്.


ഇവിടെ അയ്യങ്കാളിയെക്കുറിച്ച് പറഞ്ഞുപോകാതിരിക്കാനാകില്ല. ഭരണകൂടങ്ങള്‍ മനഃപൂര്‍വ്വം അയ്യന്‍ങ്കാളിയുടെ സംഭാവനകളെക്കുറിച്ചുള്ള സംസാരം ഒഴിവാക്കുകയാണ്. ഭരണഘടനാ ശില്‍പിയായതിനാല്‍ ഭരണകൂടങ്ങള്‍ അംബേദ്ക്കറെക്കുറിച്ചാണ് എപ്പോഴും പറയുന്നത്. അയ്യന്‍ങ്കാളിയെന്ന വിപ്ലവകാരി സവര്‍ണ വിഭാഗത്തിന്റെ ധാര്‍ഷ്ട്യത്തിനു നേരിട്ട് മറുപടി കൊടുത്തയാളാണ്. ഭരണകൂടത്തിന്റെ നിലനില്‍പ്പിനെപോലും പ്രതിസന്ധിയിലാക്കുന്ന പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും പ്രവര്‍ത്തനങ്ങളും ഭരണകൂടത്തെ ഇപ്പോഴും പേടിപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് അവര്‍ അയ്യന്‍ങ്കാളിയെക്കുറിച്ചും പെരിയാറിനെക്കുറിച്ചുമൊക്കെ അവര്‍ നിശബ്ദരാകുന്നത്.

സംഘപരിവാറിനു നിയന്ത്രണമുള്ള കേന്ദ്രസര്‍ക്കാരാണ് ഇപ്പോഴുള്ളത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്തെ ദളിത് ജീവിതങ്ങളില്‍ വന്ന മാറ്റമെന്താണ്?

എന്തു മാറ്റം വരാന്‍...നരേന്ദ്രമോദി ഭരണത്തിലെത്തിയ ശേഷം ദളിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് എന്നാണല്ലോ കണക്കുകള്‍ പറയുന്നത്. സവര്‍ണവിഭാഗത്തില്‍ നിന്നാണ് കൂടുതല്‍ ആക്രമണങ്ങളും, പ്രത്യേകിച്ച് സംഘപരിവാറില്‍ നിന്ന്. 2014ല്‍ ദളിതുകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 39000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് 49000 ആയി ഉയര്‍ന്നു. ജാതിവിവേചന പെരുമാറ്റമാണ് കേന്ദ്രസര്‍ക്കാരിന്റേത് എന്നുള്ളതിനു വേറെ തെളിവെന്തിന്?


ഹിന്ദുരാഷ്ട്രനിര്‍മ്മാണം ലക്ഷ്യം വെച്ചുള്ള വെറിപിടിച്ച നീക്കമാണ് ഉനയിലും ആല്‍വാറിലും ദാദ്രിയിലും സഹരണ്‍പൂരിലുമൊക്കെ കണ്ടത്. ഞങ്ങളിതിനെ സാംസ്‌കാരികമായും അരികവത്ക്കരിക്കപ്പെട്ടവരുടെ പ്രതിഷേധകൂട്ടായ്മയിലൂടെയും പ്രതിരോധിക്കും. ജാതിവെറിയന്മാരെ ഈ ദളിതുകളുടെയും മുസ്ലീംങ്ങളുടെയും ആദിവാസികളുടെയുമൊക്കെ കൂട്ടായ്മയിലൂടെയേ എതിരിടാനാകൂ. ജാതീയത നരകത്തിന്റെ വാതിലാണ്. ജാതീയതയ്ക്ക് വേരുകള്‍ കുറച്ചല്ലല്ലോ. സാമ്പത്തിക അനീതികള്‍ പുറത്തുവരണം. ഗുജറാത്ത് മോഡല്‍ വികസനവും പ്രൊപ്പഗാന്ത ഫാസിസത്തിനുമെതിരെ അണിചേരണം.

ഒന്നും സ്ഥിരമായി നില്‍ക്കുന്നതല്ല. സംഘപരിവാറിന്റെ ആധിപത്യത്തിനും അതേ വിധിയുണ്ടാകും. ഉടനെയോ അല്‍പം വൈകിയോ അത് സംഭവിക്കുമെന്നുറപ്പ്. അവരെത്ര കൊന്നൊടുക്കിയെന്നോ, അവരെത്ര വര്‍ഗീയമെന്നോ അവരെത്ര മുതലാളിത്വ സ്വഭാവമുള്ളവരെന്നോ ഉള്ള കണക്കുകള്‍ പോലും അവരെ അന്ന് പിന്തുണക്കില്ല. അധികാരമല്ല ഞങ്ങളുടെ ലക്ഷ്യം, തുല്യനീതിയും ജീവിതവുമാണ് ഞങ്ങള്‍ക്കാവശ്യം.