അവനവനെത്തന്നെ സര്‍പ്രൈസ് ചെയ്യുന്നതാണ് ആര്‍ട്ട്: വിജയ് സേതുപതി

തമിഴ് സിനിമയിലെ മുടിചൂടാമന്നന്‍ ആണ് വിജയ് സേതുപതി. തൊട്ടതെല്ലാം പൊന്നാക്കുന്ന വിജയ് തന്‌റെ സിനിമകളെക്കുറിച്ചും ജീവിതത്തിനെക്കുറിച്ചും സംസാരിക്കുന്നു.

അവനവനെത്തന്നെ സര്‍പ്രൈസ് ചെയ്യുന്നതാണ് ആര്‍ട്ട്: വിജയ് സേതുപതി

സിനിമയില്‍ താങ്കള്‍ ഏത് വഴിയ്ക്കാണ് പോകുന്നത് ?

ഞാന്‍ ഒരു വഴിയ്ക്കും പോകുന്നില്ല. ഉള്ളത് രസകരമായി ചെയ്യാനാണ് ശ്രമിക്കുന്നത്. ഇരിക്കുന്ന ഇടം വിട്ട് വേറെ വഴിയ്ക്ക പോകാന്‍ നോക്കുന്ന ആളല്ല ഞാന്‍. ഈ പന്ത് അടിച്ചാല്‍ അവിടെ നിന്നും ഇവിടെ വരാം എന്ന കണക്കുകൂട്ടലൊന്നുമില്ല. ഉള്ള പന്തിനെ മര്യാദയ്ക്ക് അടിക്കണം എന്നേയുള്ളൂ. അഭിനയിക്കുന്ന സിനിമകള്‍ എന്നേയും പ്രേക്ഷകരേയും രസിപ്പിക്കണം എന്ന് കരുതുന്നു. അല്ലാതെ, ഞാന്‍ അഭിനയിച്ച് തകര്‍ക്കണം, എന്നെപ്പറ്റി വ്യത്യസ്തമായി പറയണം, വലിയ റേഞ്ചില്‍ എന്നെ എത്തിക്കണം എന്ന ലക്ഷ്യമൊന്നും എനിക്കില്ല. അങ്ങിനെയൊരു അടയാളവും എനിക്ക് വേണ്ട. നിങ്ങള്‍ വളരെ സ്വാഭാവികമായി അഭിനയിക്കുന്നെന്ന് എല്ലാവരും പുകഴ്ത്തുന്നു.

താങ്കളുടെ അഭിനയം എങ്ങിനെയെല്ലാമാണ് വളരുന്നത്?

ഞാന്‍ അഭിനയിക്കാന്‍ വന്ന സമയത്ത്, അതായത് ഹീറോയായി വന്ന സമയത്ത്, തരുന്ന ഡയലോഗ് എല്ലാം കാണാപ്പാഠം പഠിച്ച് സീനില്‍ പറയണമെന്ന് കരുതിയിരുന്നു. അതിന്‌റെ അടുത്ത ഘട്ടം വന്നപ്പോള്‍ സീനില്‍ നന്നായി ചെയ്യണമെന്ന് തോന്നി. അതിനും അടുത്ത ഘട്ടത്തില്‍ എല്ലാവരും പുകഴ്ത്തുന്ന രീതിയില്‍ ചെയ്യണമെന്ന തോന്നി. ഇപ്പോള്‍ എനിക്ക് ഞാന്‍ അഭിനയിക്കുന്നത് യാഥാര്‍ഥ്യമായിരിക്കണം എന്നാണ് തോന്നുന്നത്. It should touch myself. എനിക്ക് എന്‌റെ അഭിനയത്തില്‍ തെറ്റുണ്ടെന്ന തോന്നിയാല്‍ ഞാന്‍ തന്നെ സംവിധായകനോട് പറഞ്ഞ് റീടേക്ക് എടുക്കും. ഇങ്ങനെയാണ് എന്‌റെ അഭിനയം വളര്‍ത്തുന്നത്.

താങ്കളെ സംബന്ധിച്ചിടത്തോളം അഭിനയമെന്നാല്‍ എന്തെങ്കിലും പരിധികള്‍ ഉണ്ടോ?

എനിക്ക് അഭിനയം വളരെ ഇഷ്ടമാണ്. എല്ലാവരും എന്‌റെ അഭിനയം സ്വാഭാവികമാണെന്ന് പറയുന്നു. അങ്ങിനെ സ്വാഭാവികമായി അഭിനയിക്കുമ്പോഴാണ് നിറയെ അഭിനയിക്കേണ്ടി വരുന്നത്. പുറത്ത് കാണാത്ത വിധം ഉള്ളിന്‌റെയുള്ളില്‍ നിറയെ മസാല ചേര്‍ത്താണ് ഞാന്‍ അഭിനയിക്കാറുള്ളത്. എന്നാല്‍, ശരിക്കും അഭിനയമെന്നാല്‍ എന്ത് പറയണമെന്നറിയില്ല. അത് പറയുക വളരെ പ്രയാസമാണ്.

തോല്‍വികള്‍, അപമാനങ്ങള്‍, ഉപദ്രവങ്ങള്‍ എല്ലാം അനുഭവിക്കുമ്പോള്‍ എങ്ങിനെ സ്വയം നിയന്ത്രിക്കും?

കാശില്ലാതെയിരുന്ന നാളുകളെല്ലാം ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍, അതെല്ലാം താണ്ടി ഒരിടത്തെത്തി ഇപ്പോള്‍ അല്ലേ? ഇതാണ് ആ ജീവിതത്തിനേക്കാള്‍ പ്രയാസമായിട്ടുള്ളത്. നിറയെ ചതികള്‍, നിറയെ ദ്രോഹങ്ങള്‍, നിറയെ നുണകള്‍ എല്ലാം കാണുന്നുണ്ട്. പ്രധാനമായിട്ടും ഒന്നും അറിയാത്തത് പോലെ ഭാവിക്കണം. പുറത്ത് നിന്നും നോക്കുമ്പോള്‍ ഇവന്‍ വളര്‍ന്നു, ഇനി പ്രശ്‌നമൊന്നുമില്ല എന്നൊക്കെ തോന്നും. അതൊന്നുമല്ല വാസ്തവം ബ്രദര്‍. ഞാന്‍ സിനിമാജീവിതം മാത്രമല്ല പറയുന്നത്. മൊത്തത്തില്‍ പറയുകയാണ്. എങ്ങിനെയോ എന്നെ അതില്‍ നിന്നെല്ലാം രക്ഷപ്പെടുത്തി വയ്ക്കുന്നു എന്ന് മാത്രം.

തമിഴ് സിനിമയില്‍ ഭാഗവതരുടെ കാലം മുതല്‍ താങ്കളുടെ കാലം വരെ ഇരുവരേയും താരതമ്യം ചെയ്യുകയാണെങ്കില്‍ എങ്ങിനെയായിരിക്കും?

നോ കമന്‌റ്‌സ്. അതിനെപ്പറ്റി പറയാനൊന്നുമില്ല.

ഫേസ്ബുക്ക്, ട്വിറ്റര്‍ എല്ലാം ഉപയോഗിക്കാറുണ്ടോ?

ട്വിറ്ററില്‍ ഇല്ല. പണ്ട് ഫേസ്ബുക്കില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇല്ല. ഒരു തമാശ, ഒരു സന്തോഷമുള്ള കാര്യം കണ്ടുകഴിഞ്ഞാല്‍ അടുത്തത് ഒരു ക്രൂരമായ സംഭവമോ ഫോട്ടോയോ വരും. ഒരേ മനോനിലയില്‍ ഇരിക്കാന്‍ ഫേസ്ബുക്ക് സമ്മതിക്കില്ല. അതിന്‌റെ ഡിസൈനും എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഫേസ്ബുക്കില്‍ നിന്നും പുറത്തു വന്നു. എന്‌റെ ഫേസ്ബുക്ക് പേജ് മാത്രം ഉണ്ട്. അത് നോക്കുന്നത് എന്‌റെ ഒരു സുഹൃത്താണ്.

ഇപ്പോള്‍ തമിഴ് സിനിമയുടെ അവസ്ഥ എങ്ങിനെയാണ്?

എനിക്ക് അറിയാവുന്നവരെല്ലാം നന്നായിരിക്കുന്നു. സിനിമകള്‍ വന്നുകൊണ്ടിരിക്കുന്നു. ആഴ്ചയില്‍ ഒരു സിനിമ വന്നാലും ശരി രണ്ട് സിനിമകള്‍ വന്നാലും ശരി, അതെല്ലാം കാണാന്‍ പ്രേക്ഷകരും എത്തുന്നുണ്ട്. എത്ര മോശം സിനിമ വന്നാലും അവര്‍ അത് ആസ്വദിക്കുന്നു. പുതിയ ശ്രമങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. ഈ രാസമാറ്റം ഒരാള്‍ക്ക് മാത്രം സംഭവിക്കുന്നതല്ല. അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, സംവിധായകര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും സംഭവിക്കുന്നു. ഇതിന് മുമ്പ് ഇങ്ങനെയൊരു മാറ്റം നടന്നിട്ടുണ്ടോയെന്ന് പറയാനറിയില്ല. അപ്പോള്‍ ഞാന്‍ ഇവിടെയില്ല. ഇപ്പോള്‍ നിറയെ പുതിയ കഥകള്‍, ചിന്തകള്‍ എല്ലാം വരുന്നുണ്ട്. ചെറുപ്പക്കാര്‍ ധാരാളം വരുന്നുണ്ട്. അവര്‍ക്കുള്ള വാതിലുകളും കുറക്കപ്പെടുന്നുണ്ട്.

സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടോ?

ധാരാളം ഉണ്ട് ബ്രദര്‍. തലയ്ക്കുള്ളില്‍ ഒരു കോണില്‍ അതിന്‌റെ പാട്ടിന് എന്തെങ്കിലും കഥ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. സംവിധാനം അത്ര എളുപ്പമല്ല. അതിന് ഒരു ധൈര്യം വേണം. ഞാന്‍ സംവിധായകനായാല്‍ സന്തോഷം തന്നെ. ഓരോ ദിവസവും ഷൂട്ടിംഗ് സ്‌പോട്ട് എനിക്ക് സര്‍പ്രൈസ് തരുന്നുണ്ട്. ഒരു ദിവസം ഷൂട്ടിംഗ് നന്നായി നടക്കും, അടുത്ത ദിവസം മോശമാകും. ഇങ്ങനെയൊക്കെ നടക്കുന്നു. ആര്‍ട്ടില്‍ വളരെ പ്രധാനപ്പെട്ടത് നമ്മള്‍ നമ്മളെത്തന്നെ സര്‍പ്രൈസ് ചെയ്തുകൊണ്ടിരിക്കുന്നതാണ്. അത് നമ്മള്‍ സ്വീകരിക്കണം. അപ്പോഴേ നമ്മുടെയുള്ളില്‍ ഉള്ള സര്‍പ്രൈസ് പുറത്തേയ്ക്ക് വരുകയുള്ളൂ. സംവിധാനം സര്‍പ്രൈസ് ആയി വരുമോയെന്ന് നോക്കാം.

ശരി, താങ്കള്‍ സിനിമയെടുക്കുകയാണെങ്കില്‍ ഏത് ജോണര്‍ ആയിരിക്കും?

ഇപ്പോള്‍ ഒരു ഐഡിയയും ഇല്ല ബ്രദര്‍. ആഗ്രഹം മാത്രമേയുള്ളൂ. സിനിമയില്‍ വന്ന് നിങ്ങളഅ# നടനാകുകയാണെങ്കില്‍ നിങ്ങള്‍ക്കും വരാവുന്ന ആഗ്രഹമാണിത്.

2017 ല്‍ എന്താണ് പദ്ധതി?

ഈ വര്‍ഷം മിനിമം അഞ്ച് സിനിമകള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. 'കവന്‍' റിലീസ് ആകുന്നു. 'പുരിയാത പുതിര്‍' റിലീസ് ലിസ്റ്റില്‍ ഉണ്ട്. 'ഇടം പൊരുള്‍ ഏവല്‍' റിലീസ് ആകണമെന്ന് ആഗ്രഹിക്കുന്നു. 'വിക്രം വേതാ' എന്ന പടം ഉടനെ വരും. നല്ലത് നടന്നാല്‍ നന്ന്.


കടപ്പാട് വികടന്‍

Read More >>