അറിഞ്ഞോ, അപര്‍ണ്ണയെ കല്ലെറിഞ്ഞു; സ്വതന്ത്രരായ അമ്മയും മകളും കേരളത്തില്‍ അനുഭവിച്ചത്!

സദാചാര കേരളം സ്വതന്ത്രയായ ഒരു മകളോടും അവളുടെ അമ്മയോടും പെരുമാറുന്നത് എങ്ങനെയെന്നറിയുക. എഴുത്തുകാരിയും മാധ്യമവിദ്യാര്‍ത്ഥിനിയുമായ അപര്‍ണ്ണ പ്രശാന്തിയെ നിലയ്ക്ക് നിര്‍ത്താന്‍ കല്ലെറിഞ്ഞു- അപര്‍ണ്ണയ്ക്ക് പറയാനുണ്ട്.

അറിഞ്ഞോ, അപര്‍ണ്ണയെ കല്ലെറിഞ്ഞു; സ്വതന്ത്രരായ അമ്മയും മകളും കേരളത്തില്‍ അനുഭവിച്ചത്!

Personal is always political ഏഴുപതുകളിലെ ഫെമിനിസം മുദ്രാവാക്യമാണ് അപര്‍ണ്ണ സമീപകാലത്തെ ദുരനുഭവങ്ങളെ ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കാനായി ഉപയോഗിക്കുന്നത്. വിവരിക്കാമോ?

സാമൂഹിക ഘടനയിലെ സ്വകാര്യ അനുഭവങ്ങളാണ് Personal is always political എന്നു കൊണ്ടു വിവക്ഷിക്കുന്നത്. പൊതുവിടത്തില്‍ ഒരു പെൺകുട്ടിയോട് അതിനേക്കാൾ ഉപരി പൊതുവിടത്തിൽ നില്‍ക്കുന്ന ഒരു അമ്മയോട്... ഇവരോടാക്കെയുള്ള ചില ആളുകളുടെ അസഹിഷ്ണുതയാണ് ഇങ്ങനെ പറയാനുള്ള മൂലകാരണം. എന്നെ കുറിച്ച് അമ്മയെ കുറിച്ച് വീട്ടുകാരെ കുറിച്ച് സാധാരണത്വത്തിന്റെ അച്ചിൽ വാർത്തെടുക്കാൻ പറ്റിയ കാര്യങ്ങൾ കണ്ടെത്താനാകാതെ ഒറ്റപ്പെടുത്തുന്നതും ജീവിക്കാന്‍ പോലും നിഷേധിക്കുന്നതുമായ കാര്യങ്ങളാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് ചുറ്റും നടക്കുന്നത്.


വ്യക്തിപരമായി അത്ര സുരക്ഷിതമായ അവസ്ഥയിലല്ല എന്ന് പറയാനിടയാക്കിയത്?

ഒരു കുടുംബത്തെ ഒന്നടങ്കം 'ഊര് വിലക്കിന്' സമാനമായ ഒറ്റപ്പെടുത്തലിനു വിധയമാക്കിയ ശേഷം ഇപ്പോള്‍ അവര്‍ ഞങ്ങളുടെ ജീവനും മാനത്തിനും ഭീഷണി മുഴക്കുന്നു. കഴിഞ്ഞ ദിവസം ഞാനും മുത്തശ്ശിയും മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു എനിക്ക് നേരെ കല്ലേറുണ്ടായത്. അടുത്ത വീട്ടില്‍ കുറച്ചു ജോലിക്കാരുണ്ടായിരുന്നു. മുറ്റത്തെക്കിറങ്ങിയ എന്നെ അയല്‍പക്കത്ത് നിന്നും ഒരാള്‍ കല്ലുകള്‍ വലിച്ചെറിയുകയും എന്താ എന്നു പ്രതികരിച്ച എന്നോട് അശ്ലീലമായ ചേഷ്ടകള്‍ കാണിക്കുവാനും തുടങ്ങി. വാതില്‍ തുറന്നു കൊടുക്കാന്‍ ആവശ്യപ്പെട്ട്അയാള്‍ അശ്ലീലം കാണിക്കുന്നത് തുടര്‍ന്നു. അയല്‍പക്കത്തുള്ള ഒരു സ്ത്രീ അവരോട് വര്‍ത്തമാനം പറയുന്നത് ഞാന്‍ മുന്‍പ് കണ്ടിരുന്നു.എന്റെ വീട്ടില്‍ ആണുങ്ങള്‍ ആരും അപ്പോള്‍ ഇല്ലെന്നറിഞ്ഞാണ് അയാള്‍ അത്ര ധൈര്യത്തോടെ ഒരു റെസിഡന്‍ഷ്യല്‍ കോളനിയില്‍ എന്നോടു പെരുമാറിയത്.

ആണ്‍കോയ്മകളുടെ അരോചകങ്ങളെ അതിശക്തമായി പ്രതിരോധിക്കുകയും അനവധി ആണ്‍സുഹൃത്തുക്കളുണ്ടായിരിക്കയും ചെയ്യുന്നവര്‍ക്ക് ഇതായിരിക്കും അവസ്ഥയെന്നു പലരും പറയാതെ പറയുന്നതായിരുന്നു എനിക്ക് അപ്പോള്‍ അവിടെ നേരിട്ട അനുഭവം

ആരാണ് ഈ കഥയിലെ സദാചാര സ്നേഹികള്‍?

എന്റെ കുടുംബം കഴിഞ്ഞ 40 വര്‍ഷമായി ജീവിക്കുന്ന സ്ഥലമാണ് ഇത് (അങ്ങാടിപ്പുറം). സാധാരണ നാട്ടിന്‍പുറത്തെ സ്നേഹവും ശാന്തതയും അന്നുണ്ടായിരുന്നവര്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 3-4 വര്‍ഷങ്ങള്‍ക് മുന്‍പ് ഇവിടെ 'പ്രതീക്ഷ' റസിഡനന്റ്സ് അസോസിയേഷന്‍ രൂപീകരിച്ചു. ആദ്യകാലത്ത് അമ്മയും അച്ഛനുമെല്ലാം ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചും പോന്നിരുന്നു. എന്നാല്‍ ആക്ടിവിറ്റിസ്റ്റായ അമ്മയോടുള്ള ഒരു അകല്‍ച്ച പതുക്കെ അവര്‍ക്കിടയില്‍ രൂപപ്പെട്ടു വന്നു. അത് പതുക്കെ ഗോസിപ്പിലേക്ക് വഴിമാറാന്‍ തുടങ്ങി. ഞങ്ങള്‍ അത് ശ്രദ്ധിക്കാതെയിരുന്നാതാകാം, എതിര്‍പ്പ് ഒറ്റപ്പെടുത്തല്‍ പ്രകടമാകാന്‍ തുടങ്ങിയത്

ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയില്‍ ചില വീട്ടുകാര്‍ കരിയിലകൂട്ടി കത്തിക്കാന്‍ തുടങ്ങി. പിന്നീടു കരിയില കത്തിക്കാന്‍ പെട്രോളും മണ്ണെണ്ണയുമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ അതിനെ എതിര്‍ത്തു. ഇവര്‍ ഈ തീ കത്തിക്കുന്നതിന് മുകളിളായി ഞങ്ങളുടെ വീട്ടിലേക്കുള്ള ലൈന്‍ കമ്പിയുണ്ട്. ഒരു സൈഡിലേക്ക് മാറ്റിയിട്ടു പകല്‍ തീ കത്തിച്ചിരുന്നത് പിന്നീടു അച്ഛന്‍ വൈകിട്ട് വരുന്ന സമയത്തെക്കായി. പലപ്പോഴും ഞാനോ അമ്മയോ ചെന്നു വെള്ളമൊഴിച്ചു തീ കെടുത്തിയെങ്കില്‍ മാത്രമേ അച്ഛന് അകത്തേക്ക് കടക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇങ്ങനെയെല്ലാം ഞങ്ങളോടുള്ള ഒറ്റപ്പെടുത്തല്‍ അനുഭവപ്പെട്ടു തുടങ്ങി.


പിന്നെയും പ്രശ്നങ്ങള്‍ തുടര്‍ന്നോ?

പിന്നീട് തെരുനായ്ക്കളുടെ കാര്യം പറഞ്ഞായിരുന്നു പ്രശ്നം. എല്ലാ വീടുകളില്‍ നിന്നെന്ന പോലെ അതുങ്ങള്‍ ഞങ്ങളുടെ വീട്ടിലും വരുമായിരുന്നു. നായ്ക്കള്‍ ചെരുപ്പ് എടുത്തുക്കൊണ്ടു പോകുന്നു എന്ന് പറഞ്ഞു ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക് ചെരുപ്പുകള്‍ ആരൊക്കെയോ എറിയുന്നത് പതിവാക്കി. ഇപ്പോള്‍ നോക്കിയാല്‍ പോലും അങ്ങനെ ഇരുപതോളം ചെരുപ്പുകള്‍ പറമ്പില്‍ കാണാം. ഒരു ദിവസം രാവിലെ മുത്തശ്ശി ഉമ്മറത്ത് ഇരിക്കുമ്പോള്‍ ചിലര്‍ അടുത്തുള്ള മതില്‍ ചാടി ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക് എത്തി, ചിലര്‍ ഗേറ്റ് തള്ളി തുറന്നും കയറി വന്നു. സത്യം പറഞ്ഞാല്‍ ഞങ്ങളുടെ വീട്ടുമുറ്റത്ത് അവര്‍ മേയുകയായിരുന്നു എന്നുപറയാം. മുത്തശ്ശി ആകെ പരിഭ്രമിച്ചു നിലവിളിക്കാന്‍ തുടങ്ങി. വീട്ടിലെ നായ്ക്കൂട് വലിച്ചുതുറക്കാന്‍ ശ്രമിക്കുന്നതിനിടെ ഞങ്ങളെ ആവോളം അസഭ്യവും അവര്‍ പറയുന്നുണ്ടായിരുന്നു.

"നായ്ക്കളേം കൊല്ലും നായ്ക്കള്‍ക്ക് ഭക്ഷണം നല്കുന്നവരെയും കൊല്ലു"മെന്നുമാക്രോശിച്ച അവര്‍ അച്ഛനെ ആക്രമിക്കുവാനാഞ്ഞു. ഇവിടെ ഞങ്ങളുടെ ജീവന് വരെ ആപത്തുണ്ടാകാന്‍ പോകുന്നു എന്ന് തിരിച്ചറിഞ്ഞ ആദ്യ സംഭവമായിരുന്നു അത്.

പരാതിപ്പെട്ടില്ലേ?

അച്ഛനും അമ്മയും ചേര്‍ന്നു പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ശരിയായ ഒരു അന്വേഷണം പോലും നടത്താന്‍ അവര്‍ തയ്യാറായില്ല.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടുമൊരു സൂചന കിട്ടി. ഒരു നായ്ക്കുട്ടിയെ കൊന്നൊടുക്കിയ ശേഷം അതിനെ കഷണം കഷണമാക്കി ഞങ്ങളുടെ വീടിന്റെ ഉമ്മറത്ത് ഇട്ടിരുന്നു. കണ്ണു വേറെ, തല വേറെ, കൈകള്‍ വേറെ, ശരീരം ആകെ മുറിച്ചു വികൃതമാക്കിയ ഒരു നായ്ക്കുട്ടിയുടെ ഭയാന കാഴ്ചയാണ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പ്രഭാതത്തില്‍ ഞങ്ങളെ വരവേറ്റത്. "നായ്ക്കളേം കൊല്ലും നായ്ക്കള്‍ക്ക് ഭക്ഷണം നല്കുന്നവരെയും കൊല്ലുമെന്ന" ഭീഷണിയുടെ സൂചനയാണിത് എന്ന് മനസിലാക്കാന്‍ അധികം ഭൗതികവിജ്ഞാനമൊന്നും വേണ്ട.

ഇക്കാര്യവും ഞങ്ങള്‍ പോലീസിനെ അറിയിച്ചു. അവരുടെ മറുപടിയായിരുന്നു രസകരം- നാട്ടുകാര്‍ ഉണ്ടാക്കിയ കഥ സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഞങ്ങളുടെ കാര്‍ കയറി അറിയാതെ നായ്ക്കുട്ടി ചതഞ്ഞരഞ്ഞതാണ് പോലും! അച്ഛന്‍ അപ്പോള്‍ അവിടെയില്ല, എനിക്കും അമ്മയ്ക്കും മുത്തശിയ്ക്കും വാഹനമെടുക്കാന്‍ അറിയില്ല.പിന്നെങ്ങനെ?പോലീസിന്റെ സമീപനം?

ഞങ്ങള്‍ നല്‍കുന്ന പരാതിയില്‍ അവര്‍ എതിര്‍കക്ഷികളോട് പോയി അന്വേഷണം നടത്തും. അവര്‍ നല്‍കുന്ന പിക്ചര്‍ അനുസരിച്ചാണ് ഞങ്ങളോട് പെരുമാറിയിരുന്നതും. ഏതു പരാതി നല്‍കാന്‍ പോയാലും ഞങ്ങള്‍ തന്നെ തെളിവും നല്‍കണം. വഴിയില്‍ അവര്‍ തീ കൂട്ടിയിട്ടു കത്തിക്കുന്നതും, അച്ഛന്‍ വരുമ്പോള്‍ ഞങ്ങള്‍ പോയി തീ കെടുത്തുന്നതുമെല്ലാം ഞങ്ങള്‍ തെളിവ് സഹിതം നല്‍കിയെങ്കിലും അവര്‍ അയല്‍വക്കവുമായി സ്നേഹത്തില്‍ പോകണമെന്ന സാരോപദേശം ഞങ്ങള്‍ക്ക് മാത്രം നല്‍കിയും തുടര്‍ന്നു. ആക്രമം പല തവണ ആവര്‍ത്തിച്ചപ്പോഴും ഒരിക്കല്‍ പോലും ഒരു എഫ്.ഐ.ആര്‍ ഇടാനോ കേസ് തുടരാനോ അവരുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായില്ല.

റെസിഡെൻറ്റ് അസോസിയേഷനിലെ മറ്റു സ്ത്രീകളുടെ പ്രതികരണം എങ്ങനെയായിരുന്നു?

അതും കൌതുകരമാണ്. അവര്‍ പത്തു വീട്ടുകാര്‍ ചേര്‍ന്ന് ഒരു അടിയന്തരകമ്മറ്റി വിളിച്ചു. ഒടുവില്‍ ചര്‍ച്ച ചെയ്തതും തീരുമാനത്തിലെത്തിയ്തും ഇതാണ്: അമ്മ വളരെ മോശമാണ്.25 വയസായിട്ടും എന്റെ വിവാഹം നടന്നിട്ടില്ല, അതും വളരെ മോശമായ കാര്യമാണ്. തുടര്‍ന്നും വളരെ അശ്ലീലവും വൃത്തിക്കെട്ടതുമായ പരാമര്‍ശങ്ങള്‍ ഞങ്ങളെക്കുറിച്ചു അവര്‍ നടത്തി. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു ഫ്ലെക്സ് വയ്ക്കാനും അവര്‍ ആലോചിച്ചു. ആണുങ്ങളില്ലാത്ത വീട്ടില്‍ അസമയത്ത് ആളുകള്‍ വരുന്നു, ആണുങ്ങളോടു ബഹുമാനമില്ലാതെ പെരുമാറുന്നു, ചുറ്റുവട്ടത്തുള്ള പെണ്‍കുട്ടികളുടെയെല്ലാം കല്യാണം കഴിഞ്ഞിട്ടും മകളുടെ കല്യാണം നടത്തുന്നില്ല തുടങ്ങി വ്യക്തിജീവിതത്തിലേക്കു കടന്നുകയറിയുള്ള ആക്ഷേപങ്ങള്‍ അവര്‍ കണ്ടെത്തി

കുടുംബത്തിനു ഒന്നടങ്കം ഭ്രാന്താണ് എന്നായിരുന്നു അവര്‍ ഞങ്ങളെ വിശേഷിപ്പിച്ചത്‌. ഇതു കേട്ട ഒരു മൂന്നു വയസുകാരി ഒരിക്കല്‍ എന്നെ കണ്ടപ്പോള്‍ കയ്യടിച്ചു ചിരിച്ചുക്കൊണ്ടു "ദേ പോകുന്നു ഭ്രാന്തി.." എന്ന് വിളിച്ചതിനെ എങ്ങനെയാണ് ഇനി എനിക്ക് വിവരിക്കാന്‍ കഴിയുക. തുടര്‍ന്ന് ഞങ്ങള്‍ക്ക് റെസിഡന്‍റ് അസോസിയേഷനില്‍ അപ്രഖ്യാപിത ഊരുവിലക്ക് ഏര്‍പ്പെടുത്തി. പൊതുവായതും വ്യക്തിപരമായതുമായ ചടങ്ങുകളില്‍ നിന്നും ഞങ്ങള്‍ പതുക്കെ ബഹിഷ്കരിക്കപ്പെട്ടു.

അപര്‍ണ്ണയ്ക്കുണ്ടായ തിക്താനുഭത്തിനു ലഭിച്ച നിയമപരിരക്ഷണം എങ്ങനെയായിരുന്നു?

അച്ഛനെക്കാൾ വൈകിയെത്തുന്ന അമ്മയും അതിലേറെ വൈകിയെത്തുന്ന മകളും എന്നതിൽ തുടങ്ങി സദാചാര സംശയം കലർന്ന അസാധാരണത്വങ്ങൾ നിയമ നടപടിയെ സ്വാധീനിച്ചു. അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു 'പൊട്ടൻഷ്യൽ വെടി'യാണ് എന്നായിരുന്നു സൊസിറ്റിയുടെ ആറ്റിട്യൂഡ്. വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി ഞങ്ങൾ ആറു മാസത്തിലേറെയായി പൊലിസിനു മുന്നിൽ വരെ ഇരുന്നു.

പ്രതിയെ തിരിച്ചറിയാന്‍ പോലും അവര്‍ ശ്രമിച്ചില്ല."ഇനി വരുമ്പോള്‍ പ്രതിയെ പിടിച്ചു വയ്ക്കു, ഞങ്ങള്‍ അപ്പോള്‍ വന്നു അറസ്റ്റ് ചെയ്യാമെന്നാണ്" അവര്‍ പറഞ്ഞത്. ഒടുവില്‍ ഒരു സി.സി.ടി.വി ദൃശ്യങ്ങള്‍ ഞങ്ങള്‍ തന്നെ അന്വേഷിച്ചു കണ്ടെത്തി നല്‍കി.

മൊഴിയെടുക്കാന്‍ വന്ന പോലീസിന് അറിയേണ്ടിയിരുന്നത് ഞാന്‍ എന്തെല്ലാം കണ്ടെന്നും, ഞാന്‍ അയാളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നോ എന്നുമെല്ലാമാണ്. ഗൌരവമുള്ള വാചകങ്ങള്‍ എഴുതാന്‍ ഒരുപാട് വാശി പിടിക്കേണ്ടി വന്നു. ഒടുവില്‍ ഞാന്‍ ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍ സാറിന് പരാതി നല്‍കി.

അടുത്ത വീട്ടില്‍ പണിക്കു നിന്നവരെ നിര്‍ത്തി പ്രതിയെ തിരിച്ചറിയാന്‍ ആദ്യം ആവശ്യപെട്ടപ്പോള്‍ അതില്‍ അയാള്‍ ഉണ്ടായിരുന്നില്ല. രണ്ടാമത്തെ ദിവസം അയാളെ ഞാന്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസവും ഇയാളെ തിരിച്ചറിയല്‍ പരേഡിന് നിര്‍ത്തിയതാണെന്നും എന്റെ മൊഴിയില്‍ വിശ്വാസ്യതയില്ലെന്നും സ്ഥാപിക്കാനാണ് പോലീസ് അപ്പോള്‍ ശ്രമിച്ചത്‌.

ഗൗരവമായി കേസുമായി മുന്നോട്ടു പോകാന്‍ തുടങ്ങിയതോടെ അടുത്ത വീട്ടിലെ പണി ഏറ്റെടുത്തിരുന്ന കോണ്ട്രാക്ടര്‍ ആകെ ക്ഷുഭിതനായി. അവളെ കൊല്ലും, യഥാര്‍ത്ഥ റേപ്പ് എന്താണെന്ന് അവള്‍ക്കു കാണിച്ചു കൊടുക്കാം എന്ന തരത്തിലായി അയാളുടെ ഭീഷണി. ഒരു പണിക്കാരന്‍ കല്ലെറിഞ്ഞതിനു ഇയാള്‍ എന്തിനാണ് ഇത്ര ക്ഷുഭിതനായത് എന്ന് മനസിലായില്ല.

സ്റ്റേഷൻ പരിസരത്തു വച്ച് ഞങ്ങൾ പോയ കാറിന്റെ ഫോട്ടോ അയാൾ എടുത്തിട്ടുണ്ട്. ഒരു നിസാര കേസിന് പോലും ഞങ്ങളുടെ ജീവന് ഭീഷണി ഉയരുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല.

വിര്‍ച്വല്‍ റേപ്പ് സർവൈവർ ആയ ഞാൻ എന്നതിന്റെ എക്സ്റ്റഷൻ ആയി ഇവിടെ ലൈംഗികാതിക്രമ ശ്രമത്തിന്റെ കൂടി സർവൈവർ ആവുന്നു. (അതെ, കുറച്ചു കല്ലെറിഞ്ഞതു തന്നെ) One thing is sure that I will be a survivor അതിനി അയാളും നാട്ടുകാരും എന്നെയും വീട്ടുകാരെയും പറഞ്ഞ പോലെ കൊന്നാലും...