തമിഴ്‌നാട്ടിലേയ്ക്ക് ജ്ഞാനപീഠം വരാത്തതിന്റെ കാരണം? തമിഴ് എഴുത്തുകാരന്‍ പ്രപഞ്ചന്‍ സംസാരിക്കുന്നു

55 വര്‍ഷമായി പ്രപഞ്ചന്‍ തമിഴ് സാഹിത്യത്തില്‍ എത്തിയിട്ട്. എഴുത്തു തന്നെ ജീവിതം എന്നു കരുതുന്ന അദ്ദേഹം പുതിയ എഴുത്തുകാരേയും എഴുത്തിലെ പ്രവണതകളേയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാളാണ്. തമിഴ് ചെറുകഥയുടെ നൂറ്റാണ്ടായ ഈ വര്‍ഷം എഴുത്തിനെപ്പറ്റിയും തമിഴ് സാഹിത്യത്തിനെപ്പറ്റിയും അദ്ദേഹം നാരദാ ന്യൂസിനോടു സംസാരിക്കുന്നു.

തമിഴ്‌നാട്ടിലേയ്ക്ക് ജ്ഞാനപീഠം വരാത്തതിന്റെ കാരണം?  തമിഴ് എഴുത്തുകാരന്‍ പ്രപഞ്ചന്‍ സംസാരിക്കുന്നു

എഴുത്തു ജീവിതത്തിന്റെ തുടക്കത്തിലെ പ്രധാനപ്പെട്ട ഒരു സംഭവം?

ഞാന്‍ എഴുതാന്‍ തുടങ്ങിയത് 1961ലാണ്. എന്റെ കഥകള്‍ പുസ്തകമായി വന്നത് 1982ലായിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പുതിമൈപിത്തനെ വായിക്കാന്‍ തുടങ്ങി. പോണ്ടിച്ചേരിയിലെ 'കലൈക്കോവില്‍' എന്ന വാരികയുടെ പത്രാധിപരാണ് എനിക്കു പുതുമൈപിത്തനെ പരിചയപ്പെടുത്തിയത്. അതുവരെ പുതുമൈപിത്തന്‍ ആരാണെന്നു പോലും എനിക്കറിയില്ലായിരുന്നു. അതിനു മുമ്പു വരെ എന്റെ എഴുത്തുകാര്‍ അഖിലനും നാ പാര്‍ഥസാരഥിയുമായിരുന്നു. പുതുമൈപിത്തനെ വായിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കു വേറെയൊരു അനുഭവമായിരുന്നു. കൈയില്‍, ഉള്ളംകൈ, പുറംകൈ എന്നുണ്ട്. അന്നുവരെ ഉള്ളംകൈ മാത്രം കാണുകയായിരുന്നു ഞാന്‍. പുതുമൈപിത്തനാണു പുറംകൈ എഴുതിയത്. അതായിരുന്നു പ്രധാന സംഭവം എന്നു പറയാം.

പോണ്ടിച്ചേരി പോലെ താങ്കള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലമാണു ചെന്നൈ... അവിടത്തെ എഴുത്തു ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത എഴുത്തുകാരന്‍ ആരാണ്?

ജയകാന്തന്‍. ഞാന്‍ അദ്ദേഹത്തില്‍ കണ്ട ഒന്ന്, ഒരു സാഹചര്യത്തിലും അദ്ദേഹം സ്ത്രീകളെ മോശമായോ, താഴ്ത്തിക്കെട്ടിയോ സംസാരിക്കില്ല. അദ്ദേഹത്തിന്റെ 'അഗ്നിപ്രവേശം' എന്ന കഥയെ വിമര്‍ശിച്ച് ഒരു സ്ത്രീ കഥ എഴുതിയിരുന്നു. ജയകാന്തന്റെ വീട്ടില്‍ വച്ച് ഒരു സുഹൃത്ത് ആ കഥയെ മോശമായി വിമര്‍ശിച്ചു. അപ്പോള്‍ ജയകാന്തന്‍ തടുത്തു. അയാളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. അതിനു ശേഷം അയാളെ ഞാന്‍ ജയകാന്തന്റെ വീട്ടില്‍ കണ്ടിട്ടില്ല.

അടുത്തത്, അശോകമിത്രനെപ്പറ്റി പറയണം. ഞാന്‍ 1961ൽ എഴുത്തു തുടങ്ങി 1982ല്‍ പുസ്തകം പ്രസിദ്ധീകരിച്ചു. അന്ന് അറിയപ്പെടാത്ത എനിക്കു മനോഹരമായ അവതാരിക എഴുതിയത് അശോകമിത്രന്‍ ആയിരുന്നു. ഇവരില്‍ നിന്നും ഞാന്‍ പഠിച്ചത്, പുതിയ എഴുത്തുകാര്‍ ആരായാലും അവരെ സ്വീകരിച്ച് അവരെ ബഹുമാനിക്കുന്ന തരത്തില്‍ അഭിപ്രായം എഴുതുന്നത് മുതിര്‍ന്ന എഴുത്തുകാരുടെ കടമയാണെന്നാണ്.

ഇപ്പോഴത്തെ എഴുത്തിനെക്കുറിച്ച് എന്താണ് അഭിപ്രായം?

എനിക്കു ചില വിഷമങ്ങള്‍ ഉണ്ട്. എനിക്കു അറിയാവുന്ന 20പേരെപ്പറ്റി പറയാന്‍ പറ്റും. പക്ഷേ, അവരെപ്പറ്റി ഒരുതരത്തിലുമുള്ള എഴുത്തും തമിഴില്‍ ഇല്ല. സഹ എഴുത്തുകാരെപ്പറ്റി ദുഷിച്ചു പറയുന്നതും പുറത്താക്കുന്നതും അധികമായി. അവരെപ്പറ്റി മൗനം പാലിക്കുന്നതിനാല്‍ ധാരാളം പ്രതിഭകള്‍ പുറത്താക്കപ്പെട്ടിട്ടുണ്ട്. പെണ്ണെഴുത്ത് വന്നാല്‍ ആണുങ്ങള്‍ക്ക് ദേഷ്യം വരേണ്ട കാര്യമൊന്നുമില്ല. എല്ലാത്തിനും മുകളില്‍ അവനവനെത്തന്നെ വലിയ എഴുത്തുകാരനായി പറഞ്ഞു നടക്കും. ഇതെല്ലാം സാഹിത്യത്തിനു യാതൊരു പ്രയോജനവും ചെയ്യില്ല.

എഴുത്തു ജീവിതത്തില്‍ പ്രധാനമായി കരുതുന്ന ശീലങ്ങള്‍ എന്തൊക്കെയാണ്?

മൂന്നു കാര്യങ്ങളുണ്ട്. ഒന്ന്, ഒരു കാരണവശാലും സ്വയം ആരാധിക്കരുത്. രണ്ട്, ഒരു കാരണവശാലും സഹ എഴുത്തുകാരെ അപമാനിക്കുകയോ ദുഷിച്ചത് പറയുകയോ ചെയ്യരുത്. മൂന്ന്, ഇന്ന് എഴുതി പ്രസിദ്ധീകരിക്കുന്ന എഴുത്തുകാരെ നാളെത്തന്നെ വായിക്കണം.

വേറെയേത് ഇന്ത്യന്‍ ഭാഷകളിലേക്കാളും കരുത്തുള്ളതാണ് തമിഴ് സാഹിത്യം. പക്ഷേ, അഖിലന്‍, ജയകാന്തന്‍ എന്നിവരല്ലാതെ വേറെയാരും ജ്ഞാനപീഠം വാങ്ങിയിട്ടില്ല. എന്താണതിനു കാരണം?

ജ്ഞാനപീഠ കമ്മിറ്റിയിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന യു ആര്‍ അനന്തമൂര്‍ത്തിയോട് ഇതിനെക്കുറിച്ചു പറഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് 'മലയാളം, കന്നട, ബംഗാളി എഴുത്തുകാര്‍ നാട്ടില്‍ തമ്മില്‍ത്തല്ലുമെങ്കിലും പുരസ്‌കാരത്തിന്റെ കാര്യം വരുമ്പോള്‍ 'എന്റെ ഭാഷയ്ക്ക് കൊടുക്കണം' എന്നു വാദിക്കും. പക്ഷേ, തമിഴ്‌നാട്ടിലെ എഴുത്തുകാര്‍ മാത്രം ഒന്നും പറയാതെ മൗനമായിരിക്കും എന്നു പറഞ്ഞു.

അദ്ദേഹം അങ്ങിനെ പറഞ്ഞതില്‍ യാതൊരു അതിശയവുമില്ല. കാരണം, നമ്മുടെ എഴുത്തുകാരെപ്പറ്റി നമുക്കറിയാമല്ലോ! തമിഴ് ചെറുകഥയുടെ നൂറാം വാര്‍ഷികമായ ഈ സമയത്ത്, തമിഴിലെ മികച്ച 25 ചെറുകഥകള്‍ ചേര്‍ത്ത് പുസ്തകമാക്കാന്‍ ഞാനും എസ് രാമകൃഷ്ണനും തീരുമാനിച്ചിട്ടുണ്ട്. അത് ആദ്യം വായിക്കേണ്ടത് തമിഴരാണ്. പിന്നെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ് പോലെയുള്ള ലോകഭാഷകളില്‍ മൊഴിമാറ്റം ചെയ്യാനുള്ള പദ്ധതിയുണ്ട്.