ഹെഡ്​ഗേവാറിന്റെയല്ല, ഞാൻ പിന്തുടരുന്നത് ഗാന്ധിയുടെ ഹിന്ദു ആശയം: കെ പി രാമനുണ്ണി

'മുസ്ലിങ്ങൾ പശുവിനെ തിന്നുന്നവർ, ഞങ്ങൾ പശുവിനെ പൂജിക്കുന്നവർ. അപ്പോൾ ഇവർ തമ്മിൽ ശത്രുക്കളാണ്'- ഈയൊരു രീതിയിലാണ് ഇതിനെ ആർഎസ്എസ് കൊണ്ടുപോകുന്നത്. ഒരു ഹേറ്റ് പൊളിറ്റിക്സിന്റെ ഒരു ഭാ​ഗം ഇതിനകത്തുണ്ട്- കെ പി രാമനുണ്ണി നാരദാ ന്യൂസുമായി സംസാരിക്കുന്നു.

ഹെഡ്​ഗേവാറിന്റെയല്ല, ഞാൻ പിന്തുടരുന്നത് ഗാന്ധിയുടെ ഹിന്ദു ആശയം: കെ പി രാമനുണ്ണി

തനിക്ക് ലഭിച്ച കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര തുക സംഘപരിവാർ ​ഗുണ്ടകളാൽ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് നൽകി എഴുത്തുകാർക്ക് മാതൃകയായിരിക്കുകയാണ് എഴുത്തുകാരനായ കെ പി രാമനുണ്ണി. ഹിന്ദുത്വ നിലപാട് എടുത്താൽ മാത്രമേ തങ്ങൾക്ക് നേട്ടമുണ്ടാവൂ എന്നു വിശ്വസിക്കുന്ന നിരവധി പേരെ സാഹിത്യലോകത്ത് കാണുന്നുണ്ട്. എന്നാൽ വർ​ഗീയതയ്ക്കെതിരായ തന്റെ പോരാട്ടം കൂടുതൽ ഊട്ടിയുറപ്പിക്കുകയായിരുന്നു ഇത്തരമൊരു നിലപാടിലൂടെ കെ പി രാമനുണ്ണി ചെയ്തത്. രാഷ്ട്രത്തിന്റെ സകലമേഖലകളിലും ഹിന്ദുത്വ ആശയം അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ തന്നെ ശ്രമിക്കുന്ന സാഹചര്യത്തിലും ജുനൈദിന്റെ കൊലപാതകം അടക്കമുള്ളവയിൽ അക്രമികൾക്കെതിരായി ഭരണകൂടം മൗനം തുടരുന്ന അവസരത്തിലും കെ പി രാമനുണ്ണി നാരദയോട് മനസ്സ് തുറക്കുന്നു...

ഇന്ത്യയിൽ ആർഎസ്എസ് നടത്തുന്ന നീക്കങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്?

ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ എന്നത് വലിയ വിഷയമാണ്. ആർഎസ്എസിനകത്തു തന്നെ പല തരത്തിലുള്ള വിഭാ​ഗക്കാരുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതായത് എല്ലാ വശവും പറയണമല്ലോ. അതിൽ ഒരു വിഭാ​ഗം, ഭാരതീയ സംസ്കാരത്തോടുള്ള സ്നേഹം കൊണ്ടു മാത്രം ആർഎസ്എസിനോട് സഹകരിക്കുന്നവരാണ്. അത്തരത്തിൽ അന്യമത വിദ്വേഷമൊന്നും ഇല്ലാത്ത ആർഎസ്എസുകാരെ പണ്ട് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. അവർ ആർഎസ്എസ് അനുഭാവികളാണോ ആർഎസ്എസിൽ പ്രവർത്തിക്കുന്നവരാണോ എന്നറിയില്ല. ഇതിനിടെ നബി ഭ​ഗവാൻ ആണെന്ന് പറയുന്ന ആർഎസ്എസുകാരെയും ഞാൻ കണ്ടിട്ടുണ്ട്.

അതേസമയം, ഹിന്ദുവിനോടുള്ള സ്നേഹമല്ല. മുസ്ലിം വിദ്വേഷം കൊണ്ടുമാത്രം നടക്കുന്ന ആർഎസ്എസുകാരുമുണ്ട്. ഇതിനകത്തു തന്നെ പല സംഘടനകളും ഉണ്ടല്ലോ. പല രീതിയിലുള്ള കൂട്ടർ. അന്യമത വിദ്വേഷമാണ് ഹിന്ദു സ്നേഹമെന്ന് വിചാരിച്ച് മുന്നോട്ടുപോകുന്നവർ ഈ രാജ്യത്ത് അനർത്ഥങ്ങളാണ് ഉണ്ടാക്കുക. അവർക്ക് മേൽക്കൈ ഉണ്ടായിവരിക എന്നത് വലിയ ബുദ്ധിമുട്ടാണ്. സത്യത്തിൽ ഞാനിങ്ങനെ ചെയ്തതിൽ സംഘപരിവാറിൽ തന്നെയുള്ള തീവ്രഹിന്ദുത്വം പാടില്ലെന്ന് വിശ്വസിക്കുന്നവർക്കടക്കം ഇതിൽ സന്തോഷമുണ്ട്. അവർ പുറത്ത് പറയുന്നില്ലെന്നേയുള്ളൂ. മുസ്ലിം വിദ്വേഷം അല്ല ഹിന്ദുവിനെ നന്നാക്കാൻ വേണ്ടതെന്ന് വിശ്വസിക്കുന്ന കുറെ ആളുകളുണ്ട്. അവർ ഹിന്ദുവിനെ സ്നേഹിക്കുന്നെന്നേയുള്ളൂ. മുസ്ലിം വിദ്വേഷത്തിന് കൂട്ടുനിൽക്കുന്നില്ല.

അപ്പോൾ ഞാൻ ഈ ചെയ്തത്, ഹിന്ദു വികാരമെന്നാൽ ആളെ കൊല്ലുന്ന രീതിയാണെന്ന് വരുത്തിത്തീർക്കുന്നവർക്കെതിരെ, ശരിയായ ഹിന്ദു വികാരത്തെ ഉയർത്തിപ്പിടിക്കാനാണ്. മഹാത്മാ​ഗാന്ധിയുടെ ഒരു ഹിന്ദു ആശയത്തെ ഉയർത്തിപ്പിടിക്കുക എന്ന നിലയ്ക്കാണ് ഞാനിത് ചെയ്തിട്ടുള്ളത്. എന്നാൽ ഹെഡ്​ഗേവാറിന്റേയും ​ഗോൾവാർക്കറിന്റേയും നിലപാടുകളിൽ പല വ്യത്യാസങ്ങളും നമുക്ക് കാണാൻ പറ്റും.നിലവിൽ ഇന്ത്യയിൽ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ഉന്മൂലനം രാഷ്ട്രീയമുണ്ടല്ലോ. അതായത് ആന്റി മുസ്ലിം, ആന്റി കമ്യൂണിസ്റ്റ്, അങ്ങനെ ആന്റി മൈനോറിറ്റിയായ പ്രവർത്തനങ്ങൾ... അതിനെ പറ്റി?

സംഘപരിവാർ, അല്ലെങ്കിൽ ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന ഉന്മൂലന രാഷ്ട്രീയം ഈ രാജ്യത്തെ നശിപ്പിക്കുന്നതാണ്. അതാണ് ഇതിന്റെ പ്രശ്നം. ഇത് കേവലം മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കുമൊക്കെ മാത്രമാണ് കേടെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. യഥാർത്ഥത്തിൽ ഹിന്ദുക്കൾക്കാണ് പ്രാഥമികമായി കേട്. അവരെയാണ് ഇത് കൂടുതൽ അപകടപ്പെടുത്തുന്നത്. ഇന്ന് ഇന്ത്യക്കാർക്ക് മറ്റു നാട്ടുകളിൽ ഒരു വിലയുണ്ട്. എന്നാൽ ഈ നിലയിൽ മുന്നോട്ടുപോയിട്ടുണ്ടെങ്കിൽ മറ്റു നാട്ടുകാരിൽ നിന്ന് ആട്ടുണ്ടാവും. അവർക്ക് കണ്ണെടുത്താൽ കണ്ടുകൂടാത്ത ആളുകളായി ഇന്ത്യക്കാർ മാറും. ഇത് ഹിന്ദുവിന്റെ ജീവിതത്തെ തന്നെ അപകടപ്പെടുത്തുന്ന കാര്യമാണ്. പരമത വിദ്വേഷമാണ് ഹൈന്ദവത എന്ന് പ്രചരിപ്പിക്കുന്നതിലൂടെ പ്രാഥമികമായി ഹിന്ദുക്കൾ തന്നെയാണ് അപകടത്തിൽപ്പെടാൻ പോവുന്നത്. മാത്രവുമല്ല രാജ്യവും. ഹിന്ദുക്കൾ എന്നു ആ ലെവലിൽ ഞാൻ പറഞ്ഞതാണ്. മൊത്തത്തിൽ പറഞ്ഞാൽ രാജ്യം തന്നെയാണ് അപകടത്തിൽപ്പെടാൻ പോവുന്നത്. വർ​ഗീയതയും വംശീയതയും കൊണ്ട് ഒരു രാജ്യം ഒരിക്കലും മുന്നോട്ടുപോവില്ല.


ഇറാഖിനെയൊക്കെ കണ്ടില്ലേ. ഒരു മതത്തിന്റെ അകത്തുള്ള രണ്ട് ​ഗ്രൂപ്പുകൾ തമ്മിലുള്ള വർ​ഗീയത കൊണ്ട് ഇറാഖ് തകർന്നടിഞ്ഞു. മാനവ സംസ്കൃതിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെട്ടിരുന്ന ഇറാഖ് ഒരിക്കൽ സന്ദർശിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. അന്തർദേശീയ വിമാനത്തിൽ മൂത്രം ഒഴിക്കാനുള്ള സൗകര്യം പോലുമില്ല. ക്ലോസറ്റൊക്കെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. എന്തുകൊണ്ടാണ് ആ രാജ്യമിങ്ങനെ നശിച്ചു കൊളംതോണ്ടിയത്. എല്ലാ വിഭവങ്ങളും പൊലീസിനേയും പട്ടാളത്തിനേയും തീറ്റിപ്പോറ്റാൻ കൊടുത്തു. സാമ്രാജ്യത്വ ശക്തിയായ അമേരിക്ക അവിടെ കേറി നിരങ്ങി. അങ്ങനെ നശിച്ചു ആ രാജ്യം. ഇവിടെയും വർ​ഗീയത ഇങ്ങനെ പടർന്നാൽ ഈ രാജ്യവും നശിക്കും. ഉറപ്പാണ്.

ജനക്ഷേമത്തിന്റെ കപട മുഖംമൂടി അണിഞ്ഞ് രം​ഗത്തെത്തുകയും പിന്നീട് ആർഎസ്എസിനെ കൂട്ടുപിടിച്ച് ജനത്തെ ദുരിതത്തിലാക്കുന്ന പ്രവർത്തനങ്ങളുമാണ് ഓരോ ദിവസവും മോദി സർക്കാർ നടപ്പാക്കുന്നത്. കേന്ദ്രസർക്കാർ ഇങ്ങനെ മുന്നോട്ടുപോയാൽ അത് ജനങ്ങളെ ഏതു തരത്തിലാവും ബാധിക്കുക ?

കേന്ദ്രസർക്കാരിന്റെ പല നയങ്ങളും ഇവിടെ വിഭാ​ഗീയതയേ വളർത്തുന്നുള്ളൂ. ഹിന്ദുക്കളേയും മുസ്ലിങ്ങളേയും പരസ്പരം അകറ്റുന്ന നിലപാടാണ് അവരുടേത്. ഉത്തർപ്രദേശിൽ യോ​ഗി ആദിത്യനാഥ് സർക്കാരിൽ ഒരേയൊരു മുസ്ലിം അം​ഗമേ ഉള്ളൂ എന്നു പറയുമ്പോൾ എന്താണ് അത് നൽകുന്ന സന്ദേശം. ഭരണഘടന നൽകിയിട്ടുള്ള എല്ലാ സ്വാതന്ത്രങ്ങൾക്കും എതിരായി ഭക്ഷണത്തിനും വസ്ത്രത്തിനും ഒക്കെ നിയന്ത്രണം ഏർപ്പെടുത്തുക എന്നു പറഞ്ഞാൽ എന്താണ് സ്ഥിതി? ജനാധിപത്യത്തെ തന്നെ തളർത്തുന്ന രീതിയിലാണല്ലോ ഓരോ കാര്യങ്ങളും. മാത്രമല്ല, ഹിന്ദു സ്നേ​ഹം പറഞ്ഞുകൊണ്ട് കോർപേറേറ്റുകൾക്ക് ഈ രാജ്യത്തെ തീറെഴുതിക്കൊടുക്കുകയല്ലേ കേന്ദ്രസർക്കാർ ചെയ്യുന്നത്. മൻമോഹൻസിങ്ങിന്റെ കോർപറേറ്റ് അനുകൂല നടപടിയെ എതിർത്തവർ ഇപ്പോൾ അതിനേക്കാൾ കൂടുതലായി വിദേശ കോർപറേറ്റുകൾക്ക് സൗകര്യം ചെയ്തു കൊടുക്കുകയല്ലേ ചെയ്യുന്നത്.

രണ്ടു നിലയ്ക്കാണ് ഇവർ ചെയ്യുന്ന പ്രവർത്തനങ്ങൾ അപകടരമായി വരുന്നത്. ഒന്ന് കോർപറേറ്റുകൾക്ക് ഇവിടുത്തെ വിഭവങ്ങളെല്ലാം തീറെഴുതിക്കൊടുക്കുന്ന നിലപാടെടുക്കുക, മറുവശത്ത് ഇവിടെ വർ​ഗീയത വളരാൻ അനുവദിക്കുക. ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളെ ശക്തിയായി നേരിടുകയല്ലേ സർക്കാർ ചെയ്യേണ്ടത്. എന്നാൽ ആ ആക്രമണങ്ങൾ‌ തുടരുകയല്ലേ ചെയ്യുന്നത്. അക്രമികൾക്കെതിരെ മര്യാദയ്ക്ക് കേസെടുത്തിട്ടുണ്ടോ. പ്രതികൾ ശിക്ഷിക്കപ്പെടുന്നുണ്ടോ ?

ഇത്തരം വലിയ കൊലപാതകങ്ങൾ നടത്തിയിട്ടുള്ളവർക്കും ക്രിമിനലുകൾക്കുമൊക്കെ വലിയ സ്ഥാനമാനങ്ങൾ നൽകി ആദരിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്

അതെ. അത്തരം നിലപാട് സ്വീകരിക്കുന്നതിലൂടെ തങ്ങൾ ‌വർ​ഗീയമാകുന്നതാണ് ശരി എന്നൊരു ധാരണയാണ് ആളുകളിൽ സൃഷ്ടിക്കപ്പെടുന്നത്. അത് മാത്രമല്ല, പ്രധാനമന്ത്രി ഒരു ഭാ​ഗത്തിരുന്ന് മുസ്ലിം സഹോദരരേ എന്നു വിളിക്കുന്നത് കൊണ്ട് കാര്യമില്ലല്ലോ. അതൊരു തരത്തിൽ പരിഹാസവും കാപട്യവും കൂടിയാണ്. മുസ്ലിങ്ങൾക്കെതിരായ അക്രമം തടയാതെ മുസ്ലിങ്ങളോടുള്ള സ്നേഹം പറയുന്നു, മുസ്ലിം സ്ത്രീകളുടെ സംരക്ഷണത്തിനായി മുത്വലാഖ് ഞങ്ങൾ നിരോധിക്കുന്നുവെന്നൊക്കെ പറയുന്നു- എന്താണ് ഇതിലൊക്കെ അർത്ഥമുള്ളത്.

ഒരു മനുഷ്യന് കൊടുക്കേണ്ട സൗകര്യങ്ങൾ നിഷേധിച്ച് പശുക്കൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. ആംബുലൻസ്, ആധാർ തുടങ്ങിയവ. മാത്രമല്ല, അതിന്റെ പേരിൽ കൊലകളും. ബിജെപിയുടെ ഈ പശുരാഷ്ട്രീയത്തെ കുറിച്ച് എന്താണ് പറയാനുള്ളത്

അതിലൊന്നും യാതൊരു അർത്ഥവുമില്ല. ഹിന്ദുമതവുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. വേദകാലത്തൊക്കെ പശുമാംസം ഭക്ഷിക്കാറുണ്ടായിരുന്നു. എന്നാൽ ഇവരെവിടെന്നാണ് ഇത്തരം കണ്ടുപിടിത്തങ്ങളൊക്കെ നടത്തുന്നത്. ശ്രീരാമനൊക്കെ പശുമാംസം കഴിച്ചിരുന്നതിനുള്ള രേഖകളൊക്കെയുണ്ട്. എന്നാൽ ഇവരെന്നു മുതൽക്കാണ് ഈ പുതിയ സാധനം ഉണ്ടാക്കിയത്. ഈ നിലപാട് മുസ്ലിം വിദ്വേഷത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതാണ്. 'മുസ്ലിങ്ങൾ പശുവിനെ തിന്നുന്നവർ, ഞങ്ങൾ പശുവിനെ പൂജിക്കുന്നവർ. അപ്പോൾ ഇവർ തമ്മിൽ ശത്രുക്കളാണ്'- ഈയൊരു രീതിയിലാണ് ഇതിനെ ആർഎസ്എസ് കൊണ്ടുപോകുന്നത്. ഒരു ഹേറ്റ് പൊളിറ്റിക്സിന്റെ ഒരു ഭാ​ഗം ഇതിനകത്തുണ്ട്.

ഇവർ ഈ പശുരാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരുന്നതിനു പിന്നിലുള്ള താൽപര്യം എന്താണെന്നാണ് തോന്നിയിട്ടുള്ളത് ?

പശുരാഷ്ട്രീയം വളർത്തിക്കൊണ്ടുവരുന്നതിനു പിന്നിൽ വർ​ഗീയമായി ചേരിതിരിവുണ്ടാക്കുകയും വർ​ഗീയത വളർത്തി വോട്ടുനേടുകയും ചെയ്യുക എന്ന ലക്ഷ്യമാണ്. പിന്നെ ബീഫ് കച്ചവടവും കയറ്റുമതിയും നടത്താനുള്ള അധികാരം കോർപറേറ്റുകളുടെ കൈകളിലേക്ക് മാത്രമായി ഒതുങ്ങും. കോർപറേറ്റുകൾക്ക് മാത്രം ലാഭമുണ്ടാക്കാൻ കഴിയുന്നൊരു കാര്യം കൂടിയായി ആ വ്യവസായം മാറും. പിന്നെ അവർക്ക് മാത്രമേ ഇതിനെ കൊല്ലാൻ അധികാരമുണ്ടാവൂ. ബിജെപിയുടെ പല നേതാക്കൾ തന്നെയാണല്ലോ ഇതിന്റെ കയറ്റുമതി രം​ഗത്തുള്ളത്.

ആർഎസ്എസിന്റെ ഈ വർ​ഗീയതാ രാഷ്ട്രീയം ക്ലെച്ച് പിടിക്കാത്ത ഒരവസ്ഥ കേരളത്തിലുണ്ട്. ഇത് മനസ്സിലാക്കി അവർ കേരളത്തിനെതിരെ വ്യാപകമായി ഹേറ്റ് ക്യാംപയിൻ നടത്തുകയാണ്. ഇതിനെതിരെ കേവലം രാഷ്ട്രീയമായ ചെറുത്തുനിൽപ്പിന് അപ്പുറമുള്ളൊരു പ്രതിരോധം ആവശ്യമല്ലേ?


അതെ, കേരളത്തിൽ അവർക്ക് അധികാരത്തിലെത്താൻ കഴിയില്ലെന്ന ബോധ്യത്തിൽ നിന്നാണ് അത്തരമൊരു നീക്കങ്ങൾ ഉണ്ടാവുന്നത്. ഇതിനെതിരെ പൊളിറ്റിക്കലായ ചെറുത്ത് നിൽപ്പ് മാത്രം പോരാ. സാംസ്കാരികവും സാഹിത്യപരവുമായ ചെറുത്തു നിൽപ്പും പ്രധാനമാണ്. അവർക്ക് വഴങ്ങാത്ത വലിയൊരു ജനക്കൂട്ടം ഇവിടെയുണ്ടെന്ന് അവർക്ക് ബോധ്യപ്പെടണം. നാനാമേഖലയിൽ നിന്നുള്ള ഒരു പ്രതിരോധമാണ് അതിനാവശ്യം.


Read More >>