തൊണ്ടിമുതലും ദൃക്‌സാക്ഷിയും; ഫഹദിന്റെ 'കഥാപാത്രം' സുരാജേട്ടന്‍ എടുത്തു: ദിലീഷ് പോത്തന്‍

ഇത്രയധികം ആഹ്ളാദത്തോടെ മലയാളി ഒരു സിനിമയേയും കാത്തിരുന്നിട്ടുണ്ടാവില്ല. മഹേഷിന്‍റെ പ്രതികാരത്തിന്‍റെ സംവിധായകന്‍ ദിലീഷ് പോത്തന്‍റെ തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഉടന്‍ തിയറ്ററിലെത്തുന്നു- ഈ അഭിമുഖത്തില്‍ ദിലീഷ് ഇതുവരെ പറയാത്തതു പലതും പറയുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും; ഫഹദിന്റെ കഥാപാത്രം സുരാജേട്ടന്‍ എടുത്തു: ദിലീഷ് പോത്തന്‍

കമോണ്‍ഡ്രാ ദിലീഷേയെന്ന് സിനിമ വിളിച്ചത് എപ്പോഴാണെന്നറിയില്ല. പ്രീഡിഗ്രിക്ക് കളിച്ച തോറ്റ നാടകത്തിലെ കൂട്ടുകാരും സിനിമയിലേക്ക് തിരക്കി കൊച്ചിയിലേയ്ക്ക് പോന്നപ്പോള്‍ ദിലീഷിന്‍റെ കൂടെയുണ്ടായിരുന്നു. ഒരാള്‍ 'പാവ'യിലൂടെ തിരക്കഥാകൃത്തായി. മറ്റൊരാള്‍ ദിലീഷിന്‍റെ കോഡയറക്ടറായി കൂടെയുണ്ട്. ഒരേമുറിയില്‍ സിനിമയെന്ന ഒരേ സ്വപ്നം കണ്ടു ജീവിച്ച ശ്യാം പുഷ്ക്കരനും ദിലീഷ് നായരും ആദ്യമെഴുതിയ സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ സംവിധായകനായി അഭിനയിച്ചാണ് ആ കുപ്പായമിട്ടത്.

തിരക്കേറിയ അസോസിയേറ്റ് ഡയറക്ടറാകാന്‍ പിന്നെ വൈകിയില്ല. ചാര്‍ട്ടുണ്ടാക്കിയാല്‍ അത് ദിലീഷുണ്ടാക്കണമെന്ന് ഇന്‍ഡസ്ട്രി പ്രശംസിച്ചു. മഹേഷിന്‍റെ പ്രതികാരം എന്ന ആദ്യ സിനിമ പ്രേക്ഷകരും ദേശീയ- സംസ്ഥാന സര്‍ക്കാരുകളും പുരസ്ക്കാരം നല്‍കി, ചേട്ടന്‍ സൂപ്പറാന്ന് പറഞ്ഞു. തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് പുതിയ സിനിമ. ഫഹദും സുരാജും തമ്മിലുള്ള അഭിനയ മുഹൂര്‍ത്തങ്ങളാകും കാണാന്‍ പോകുന്നതെന്ന് ഉറപ്പ്. കാത്തിരിക്കുകയാണ് എല്ലാവരും.

സിനിമിലേയ്ക്ക് എത്തുമെന്ന് ഒരു ധാരണയുമില്ലാതിരുന്ന ഒരു ബാംഗ്ലൂര്‍ ജീവിതമില്ലേ ദിലീഷിന്. അതേപ്പറ്റി പറഞ്ഞു തുടങ്ങാം...?

ഞാന്‍ 2002 ലാണ് ബാംഗ്ലൂര്‍ എത്തുന്നത്. ആദ്യം സിനിമയില്‍ എത്തിപ്പെടാമെന്ന് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഡിഗ്രിയൊക്കെ കഴിഞ്ഞപ്പോഴേക്കും സിനിമ എന്ന മോഹത്തിന് ശ്രമിക്കാം എന്നുള്ള ഒരു കോണ്‍ഫിഡന്‍സൊക്കെ വന്നു. അങ്ങനെ ബാംഗ്ലൂര്‍ എത്തിയ സമയത്ത് ഞാനൊരു ഷോട്ട്ഫിലിമൊക്കെ ട്രൈ ചെയ്തിരുന്നു. അതൊക്കെത്തന്നെയാണ് കോണ്‍ഫിഡന്‍സ് നല്‍കിയത്. അന്ന് വിദ്യാര്‍ത്ഥി ജീവിതമൊക്കെ അവസാനിച്ചിരുന്നു. നമുക്ക് സ്വന്തമായിട്ട് തീരുമാനമൊക്കെ എടുക്കാന്‍ കഴിയുന്ന ഒരു സാഹചര്യത്തിലേക്ക് അപ്പോഴാണ് എത്തിയത്. അപ്പോപ്പിന്നെ ഇഷ്ടമുള്ള കാര്യമൊന്നു ശ്രമിച്ചുനോക്കാമെന്നു തോന്നി.

നിങ്ങളുടേത് ഒരു ഹൈറേഞ്ച് ലൈഫായിരുന്നില്ലേ. കുട്ടിക്കാലം, സ്‌കൂള്‍...?

കലയോട് ബന്ധമുണ്ടായിരുന്നോ അക്കാലത്തിന് ?

കുട്ടിക്കാലം ശരിക്കുപറഞ്ഞാല്‍ കോട്ടയത്താണ്. കോട്ടയം കുറുപ്പുന്തറയിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. അവിടെയായിരുന്നു കുട്ടിക്കാലം. മഹേഷിലേക്കു സ്വാധീനിച്ചിട്ടുള്ള ഒരു കാലവും അതുതന്നെയാണ്. പ്രീഡിഗ്രി വരെയാണ് നാട്ടിലുണ്ടായിരുന്നത്. അതുകഴിഞ്ഞ് ഡിഗ്രിക്കുവേണ്ടി മൈസൂരിലേക്കു പോയി.

എന്റെ ഓര്‍മ വച്ച കാലം മുതല്‍ പ്രീഡിഗ്രി വരെ നാട്ടിലുണ്ടായിരുന്ന സമയത്തെ ഒരു അന്തരീക്ഷമുണ്ട്. അതാണ് മഹേഷ് ചെയ്യാന്‍ എന്നെ കൂടുതല്‍ സഹായിച്ചത്. ആ ഒരു കാലഘട്ടമാണ്. ജീവിതമാണ്.അന്ന് കലയോട് യാതൊരുവിധ ബന്ധവുമുണ്ടായിരുന്നില്ല. ആഗ്രഹങ്ങളില്‍ നിന്നുള്ളൊരു സാധനമേയുള്ളൂ. കല ആസ്വദിക്കാന്‍ ഇഷ്ടമാണ്.

നാടകം എവിടെയുണ്ടെങ്കിലും ഞാന്‍ കാണാന്‍ പോവാന്‍ ശ്രമിക്കുമായിരുന്നു. സിനിമകള്‍ ഒന്നും മിസ്സാക്കാതെ കാണാന്‍ പോവുമായിരുന്നു. അങ്ങനെ, അതിനോട് വലിയ ഇഷ്ടമുണ്ടായിരുന്നു. സിനിമയും നാടകവുമൊക്കെ കാണുന്നതില്‍ തല്‍പരനായിരുന്നു ഞാന്‍. സ്‌കൂളിലൊക്കെ പഠിക്കുന്ന സമയത്ത് ഒന്നു രണ്ടുതവണ കലോല്‍സവങ്ങളിലും യൂത്ത് ഫെസ്റ്റിവലിലും പിന്നെ, പ്രീഡിക്ക് എത്തിയപ്പോഴുമെല്ലാം ഞാന്‍ നാടകം കളിച്ചിട്ടുണ്ട്. . കോളേജില്‍ ഒരു കോംപറ്റീഷനിലും നാടകം കളിച്ചിട്ടുണ്ട്. തോറ്റുപോയെന്നേയുള്ളൂ (ചിരിക്കുന്നു...) സമ്മാനമൊന്നും കിട്ടീല്ല...

അന്നെനിക്ക് കൃത്യമായിട്ടൊരു തെളിച്ചമൊന്നും ഉണ്ടായിരുന്നില്ല. കണ്ടതിനെയൊക്കെ കോപ്പിയടിക്കാന്‍ ശ്രമിച്ചിരുന്ന ഒരു അവസ്ഥയായിരുന്നു.

അഭിനയം, സംവിധാനം, നാടകം... ദേശീയ അവാര്‍ഡ് നേടിയ സുരഭിയുടെയൊക്കെ ഒപ്പം സംസ്‌കൃത സര്‍വ്വകലാശാലയിലെ നാടകപഠനം, എങ്ങനെ അവിടേയ്‌ക്കെത്തി

ഞാന്‍ ബാംഗ്ലൂരില്‍ നിന്ന് ഇവിടെയെത്തി, സിനിമിയിലേക്കു ശ്രമിക്കുന്നതിന്റെ ഭാഗമായി കുറെ വര്‍ക്കുകളൊക്കെ ചെയ്തു... അങ്ങനെ സിനിമയില്‍ വര്‍ക്ക് ചെയ്തു തുടങ്ങി. അങ്ങനെ ഏതാണ്ട് മൂന്നാലഞ്ചു സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായൊക്കെ വര്‍ക്ക് ചെയ്തു. എന്നാല്‍ ഇന്‍ഡസ്ട്രിയിലെ മെയിന്‍ പ്രോജക്ടുകളുടെ ഭാഗമാകാനോ ശ്രദ്ധിക്കപ്പെട്ട വര്‍ക്കുകള്‍ ചെയ്യാനോ ഒന്നും കഴിഞ്ഞിരുന്നില്ല. പക്ഷേ അതൊക്കെ ഒരുപാട് അനുഭവങ്ങളും ഫീലിങ്‌സുമൊക്കെ തന്നിരുന്നു.

അതായത്, ഓരോ പ്രതിസന്ധിയിലും വീണു പോവുന്നവര്‍ക്കാണ് വിജയങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അങ്ങനെ മനസ്സ് ആകെ ഡ്രൈ ആയിരിക്കുന്ന സമയം, എന്തെങ്കിലും പഠിക്കണമെന്നൊക്കെ ആലോചിച്ചുകൊണ്ടിരുന്ന സമയം. അങ്ങനെയിരിക്കുന്ന സമയത്താണ് സുധീര്‍ ബാബു എന്നോട് കാലടി യൂണിവേഴ്‌സിറ്റിയില്‍ ഇങ്ങനെയൊരു തീയേറ്റര്‍ കോഴ്‌സ് ഉണ്ടെന്നു പറയുന്നതും അവിടേക്കു പഠിക്കാന്‍ പോവുന്നതും.

ശ്യാം പുഷ്‌കരനും ദിലീഷ് നായര്‍ക്കുമൊപ്പം താമസിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ തന്നെയാണ് ഇങ്ങനെയൊരു ആഗ്രഹം തോന്നുന്നതും കാലടിയില്‍ ചേരുന്നതും. അന്ന് അവിടെ എംഎയ്ക്കു ചേര്‍ന്നപ്പോള്‍ ആ ബാച്ചിലുണ്ടായിരുന്ന ആളാണ് സുരഭി. അപ്രതീക്ഷിത കണ്ടുമുട്ടല്‍. അവിടെ കണ്ടുമുട്ടിയ എല്ലാരുംതന്നെ നല്ല അനുഭവങ്ങള്‍ തന്നിട്ടുള്ള ആളാണ്.

ശ്യാമൊക്കെ പലപ്പോഴും പറയാറുണ്ട് കാലടിയിലേക്കു പോവുംമുമ്പുള്ള ഞാനെന്ന വ്യക്തിയും അവിടെ പഠിച്ചതിനു ശേഷമുള്ള ഞാനെന്ന വ്യക്തിയും തമ്മില്‍ ഒരുപാട് ഡിഫറന്‍സുണ്ട്. അങ്ങനെയെന്നെ സ്വാധീനിച്ചിട്ടുണ്ട് ആ കലാലയവും അവിടുത്തെ ആളുകളും.

എന്റെ 31ാമത്തെ വയസ്സിലാണ് കുറച്ച് യങ് ആയിട്ടുള്ളവരുടെ കൂടെ പഠിക്കുന്നത്. ഞാനെന്റെ പഠനമൊക്കെ കഴിഞ്ഞൊരു ബ്രേക്ക് ഒക്കെ എടുത്ത ശേഷം ഭയങ്കര വയസ്സനായിട്ടാണ് അവിടെ പോവുന്നത്. (ചിരിക്കുന്നു...) അതൊക്കെ ഒരുപാട് എന്നെ സ്വാധീനിച്ചിരുന്നു. ഇപ്പഴത്തെ ഞാന്‍ എന്താണോ അതിലേക്ക് എത്താന്‍. എന്നില്‍ ഒരുപാട് മാറ്റം ഉണ്ടാക്കിയിരുന്നു. കാര്യങ്ങളെ കാണുന്നതിലും സമീപിക്കുന്നതിലുമൊക്കെ തികച്ചും മാറ്റം വരുത്തി. കാഴ്ചപ്പാടുകളൊക്കെ മാറിയിരുന്നു. അങ്ങനെ തിരിച്ചുവന്നാണ് ഞാന്‍ ആഷിഖ് അബുവിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതും സോള്‍ട്ട് ആന്‍ പെപ്പര്‍ സംഭവിക്കുന്നതുമൊക്കെ.

അഭിനേതാവാകാനായിരുന്നോ ആദ്യ ശ്രമങ്ങള്‍.... പിന്നീടെങ്ങനെ സഹസംവിധായകനായി?

അല്ല, നേരെ തിരിച്ചാണ്...അഭിനേതാവാകാനാണോ എന്നു ചോദിച്ചാല്‍ നാടകങ്ങള്‍ ഇഷ്ടാണ്. നാടകം കളിക്കാനും ഇഷ്ടാണ്. നാടകത്തില്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന ഏക കാര്യമെന്നു പറയുന്നത് അഭിനയിക്കുക എന്നതുമാത്രമാണ്. നാടകത്തിനു പിന്നിലൊരു സംവിധായകന്‍ ഉണ്ടോ എന്നുള്ള കാര്യത്തില്‍ പോലും എനിക്കു വല്ല്യ ധാരണയൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ അഭിനയിച്ചിട്ടുള്ളത്.

ആരെങ്കിലും അതിന് ഇനിഷ്യേറ്റീവെടുത്തു വന്നാല്‍, സ്ഥിരോത്സാഹവും താല്‍പര്യവും ഒക്കെക്കൊണ്ടുതന്നെ, അതിനൊപ്പം ഞാനുമുണ്ടാവും എന്നുപറയും. ഇപ്പോ എന്റെ കോ ഡയറക്ടറായ റോയ് ആയാലും പാവ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് റൈറ്റര്‍ അജീഷ് ആയാലും ഞങ്ങളൊക്കെ പ്രീഡിഗ്രിക്ക് ഒരു ക്ലാസില്‍ പഠിച്ചവരാണ്. ഞങ്ങളന്ന് നാടകം ചെയ്തിട്ടുണ്ട്. ഈ പറഞ്ഞ തോറ്റുപോയ നാടകം. (ചിരിക്കുന്നു). അന്നുമുതലേ സിനിമ കൂടുതല്‍ കാണാന്‍ തുടങ്ങിയതോടെ പയ്യെപ്പയ്യെ സംവിധായകനെ ശ്രദ്ധിച്ചുതുടങ്ങി. എങ്ങനെയാണ് ഒരു സിനിമ ഉണ്ടാവുന്നതെന്ന ഒരു പ്രോസസിലേക്കു ശ്രദ്ധിച്ചുതുടങ്ങിയത്. അങ്ങനെയാണ് ഒരു ഡയറക്ടര്‍ ആവണമെന്ന് ആഗ്രഹിച്ചുതുടങ്ങിയത്.

അല്ലാതെ, മുമ്പ് പല നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട് എന്നതല്ലാതെ ഒരു നടനാകണം എന്നൊരു ആഗ്രഹം എന്റെയുള്ളില്‍ സത്യത്തിലുണ്ടായിരുന്നില്ല. സിനിമ ചെയ്യണമെന്ന ഭയങ്കര ആഗ്രഹമാണുണ്ടായിരുന്നത്. അങ്ങനെയാണ് സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതും അസിസ്റ്റന്റ് ഡയറക്ടര്‍ ആവുന്നതുമൊക്കെ.

പിന്നെ, സോള്‍ട്ട് ആന്റ് പെപ്പറിലാണ് ഇവരെന്നെ ആദ്യമായിട്ട് അഭിനയിക്കാന്‍ വിളിക്കുന്നതും ഞാനാദ്യമൊരു കഥാപാത്രം ചെയ്യുന്നതും. അപ്പോ ഞാന്‍ കാലടിയില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അന്നെനിക്കൊരു കോണ്‍ഫിഡന്‍സ് വന്നിട്ടുണ്ട്. അവിടെ ചെന്നുകഴിഞ്ഞാണ് ഒരു ക്യാരക്ടറിനെ വഹിക്കാമെന്നൊക്കെ തോന്നുന്നത്-നാടകത്തില്‍. അങ്ങനെ പഠനത്തിനിടെ സുരഭിയുടെ നാടകത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയിരിക്കുന്ന കാലഘട്ടത്തിലാണ് ശ്യാമും ദിലീഷും സോള്‍ട്ട് ആന്റ് പെപ്പര്‍ എഴുതിക്കൊണ്ടിരിക്കുന്നത്. അന്നെന്നെ അവര്‍ വിളിച്ചിട്ടാണ് പറയുന്നത് ഇങ്ങനെ ചെറിയൊരു ക്യാരക്ടറുണ്ട്. ചെയ്യാമോന്നു ചോദിച്ചു. അന്ന് അഭിനയിക്കാമെന്നു പറയാനോ, അങ്ങനെ ചിന്തിക്കാനോ കാരണം ഈയൊരു എക്‌സ്പീരിയന്‍സാണ്.

ഞങ്ങള് ഒരുമിച്ച് താമസിച്ച്, സിനിമക്കൊക്കെ ശ്രമിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ ഇവരെല്ലാവരും എന്നോട് പറയുമായിരുന്നു അളിയാ, നിന്നെ കണ്ടുകഴിഞ്ഞാല്‍ ഒരു ഡയറക്ടറുടെ ലുക്കുണ്ട്... അതുകൊണ്ട് നിനക്കിതില്‍ പണിയൊന്നും അറിയില്ലേലും പ്രൊഡ്യൂസറെ കണ്‍വിന്‍സ് ചെയ്യാന്‍ എളുപ്പാണെന്ന് തമാശയ്ക്കു പറയാറുണ്ടായിരുന്നു. അങ്ങനെയാണ് അവരൊരു സിനിമ എഴുതുകയും അതിലൊരു സംവിധായകന്റെ കഥാപാത്രമുണ്ടാവുകയും അതിലേക്ക് ഇതേ കാരണത്താല്‍ എന്നെ വിളിക്കുകയും ഒക്കെ ചെയ്യുന്നത്. പിന്നെയെന്നോട് താടി നീട്ടിക്കോ എന്നുപറഞ്ഞു, ഞാന്‍ താടി നീട്ടുകയുമൊക്കെ ചെയ്തു....(ചിരിക്കുന്നു)....അങ്ങനെ സംഭവിച്ചുപോയതാണ്...

അപ്പോ അഭിനയിക്കുമ്പോഴും ഞാന്‍ പിന്നീട് അഭിനയിക്കേണ്ടിവരുമെന്നും ചിന്തിച്ചിരുന്നില്ല. അസിസ്റ്റന്റ് ഡയറക്ടറായി അഞ്ചോ ആറോ സിനിമ ചെയ്ത ശേഷമാണ് ഞാന്‍ കാലടിയില്‍ പഠിക്കാന്‍ പോയത്. അതിനു ശേഷമാണ് അഭിനയിക്കുന്നത്.

ഒരു സിനിമ ചെയ്യണമെന്ന മോഹിച്ച ദിവസങ്ങള്‍... ആദ്യമായി ചെയ്യണമെന്ന് പ്ലാന്‍ ചെയ്ത സിനിമ ഏതായിരുന്നു?

ആദ്യമായി മോഹിച്ച സിനിമ എന്നത് നമുക്ക് പറയാന്‍ പറ്റുന്നതിലും അപ്പുറത്തേക്കായിരിക്കും. ഒരു സിനിമയൊക്കെ ഇഷ്ടമായി, കണ്ടുതുടങ്ങുമ്പോ തന്നെ ഒരു സിനിമക്കുള്ള കഥയൊക്കെ നമ്മളാലോചിക്കുമായിരുന്നു. അതുകൊണ്ട് ആദ്യ സിനിമയാകാന്‍ ആഗ്രഹിച്ചത് ഏതാണെന്നു ചോദിച്ചുകഴിഞ്ഞാല്‍ അത് കുറേയുണ്ടാവും. പല സമയങ്ങളിലും അങ്ങനൊരു കഥയെഴുതാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

പിന്നെ, അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തുതുടങ്ങിയ ശേഷം ദിലീഷുമായിട്ട് സോള്‍ട്ട് ആന്റ് പെപ്പറൊക്കെ സംഭവിക്കുന്നതിനു മുമ്പ് ഒരു സിനിമക്കുള്ള ആലോചനയൊക്കെ നടന്നിട്ടുണ്ട്. ആദ്യമായിട്ടൊരു സിനിമയ്ക്ക് അഡ്വാന്‍സ് കിട്ടുന്നത് 2012ലാണ്- തൊണ്ടിമുതലിന്റെ നിര്‍മാതാവ് സന്ദീപ് സേനനില്‍ നിന്ന്. 22 ഫീമെയില്‍ ഷൂട്ട് കഴിഞ്ഞുവരുന്ന സമയം ഫഹദിനോടൊരു കഥ പറഞ്ഞു. ആ പടം ചെയ്യാമെന്ന് ഇന്ററസ്റ്റിങ് ആയി. 'പാതിരാപ്പടം' എന്ന സിനിമ അന്നത് അനൗണ്‍സ് ചെയ്യുകയൊക്കെ ചെയ്തിരുന്നു. അതിന് ഞങ്ങള് കുറെ വര്‍ക്കൊക്കെ ചെയ്തിരുന്നെങ്കിലും എഴുതിത്തീര്‍ക്കാന്‍ കുറെ സമയമെടുത്തു.

രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു അതൊന്ന് എഴുതിത്തീര്‍ക്കാന്‍. അപ്പോഴേക്കും അതിന്റെ അടുത്തുവന്ന ഒന്നുരണ്ട് സിനിമകള്‍ പാതിരാപ്പടത്തിന്റെ ഫ്രഷ്‌നെസ് ഒന്നു കുറച്ചിരുന്നു. ആദ്യത്തെ സമയത്തേക്കാളും പിന്നെ ഞങ്ങള്‍ക്കു തന്നെ ഒരു കോണ്‍ഫിഡന്‍സ് കുറവ് തോന്നി. അതുകൊണ്ട് ആ പ്രോജക്ട് അങ്ങനെ മാറ്റിവച്ചു. പിന്നെ രണ്ടാമത് ചെയ്യാനിരുന്ന പടമാണ് മഹേഷിന്റെ പ്രതികാരം. അങ്ങനെയത് ആദ്യം സംഭവിച്ചു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയുടേയും നിര്‍മ്മാതാവാണല്ലേ ആദ്യം അഡ്വാന്‍സ് ചെയ്തത്... ബിജുമേനോനും ഫഹദും നായകരാകുന്ന സിനിമ...?

അതെ, ഫഹദ് കഥ കേട്ടിരുന്നു. ബിജുവേട്ടനോടും (ബിജു മേനോന്‍) കഥ പറഞ്ഞിരുന്നു. അതിനുശേഷം ഓകെ പറഞ്ഞു, നമുക്കൊന്ന് ഇരിക്കാമെന്നൊക്കെ പറഞ്ഞു. പക്ഷേ അതിനുശേഷമൊരു നീക്കം നടന്നിരുന്നില്ല.

അങ്ങനെയൊരു കഥ എഴുതുകയും അതിന്റെയൊരു ഡ്രാഫ്റ്റിലേക്ക് എത്തുകയും ചെയ്തു. അതിന് രണ്ടുകൊല്ലത്തോളം എടുത്തിരുന്നു. ഫഹദും അപ്പോഴേക്കും കുറച്ച് ബിസിയായിരുന്നു. അപ്പോ ഞാനാണേല്‍ കുറച്ച് സമാധാനായിട്ട് ചെയ്യാമെന്നോര്‍ത്ത് പുഷ് ചെയ്തു പുഷ് ചെയ്തു പോയി. പക്ഷേ, സിനിമയിലങ്ങനെ ഓരോ ദിവസവും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ, പുതിയ പുതിയ സാധനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ, അപ്പോ നമ്മള്‍ ആലോചിച്ചുകൊണ്ടിരുന്നിട്ട് ഒന്നു പുറകോട്ടു തിരിഞ്ഞുനോക്കുമ്പോഴേക്കും പുതിയ സാധനം വന്നിട്ടുണ്ടാവും. അപ്പോ നമ്മക്ക് ഇതുപോരാ എന്നുതോന്നും.

അങ്ങനെ ഇതു പോരാ എന്നു തോന്നിയപ്പൊഴാണ് ഞാനും ദിലീഷുംകൂടി ഡിസ്‌കസ് ചെയ്തിട്ട് സന്ദീപിനെ വിളിക്കുന്നത്. എന്നിട്ട് ഞാനിങ്ങനെ പറഞ്ഞു ഇപ്പോള്‍ ഒരു കോണ്‍ഫിഡന്‍സ് കുറവുണ്ട്. പക്ഷേ, ചെയ്യണമെങ്കില്‍ ചെയ്യാം, എന്നാല്‍ എനിക്കൊരു കോണ്‍ഫിഡന്‍സ് കുറവുണ്ടെന്ന് ഞാനിങ്ങനെ സംസാരിച്ചു. അപ്പോ സന്ദീപ് പറഞ്ഞു സാരമില്ല, എപ്പോഴാണേലും കോണ്‍ഫിഡന്‍സ് ഉള്ളപ്പോ നമുക്ക് ചെയ്യാമെന്ന്.അങ്ങനെ അത് മാറ്റിവച്ചു. അപ്പോഴത്തേക്കും ഈ സാധനം റെഡിയായിരുന്നു. അങ്ങനെയാണ് ഈ പടത്തിലേക്കു വരുന്നത്.

ആരൊക്കെയായിരുന്നു താങ്കളുടെ സംവിധായകര്‍... അവരില്‍ നിന്ന് എന്തെല്ലാമാണ് പഠിച്ചത്... ആഷിഖ്, അമല്‍ നിരദ്...?

അങ്ങനെ നമ്മളാരൊക്കെയായിട്ട് ഇടപഴകുന്നു, ഏതു ചുറ്റുപാടില്‍ ജീവിക്കുന്നു എന്നതിന്റെയൊക്കെ സ്വാധീനം നമ്മളിലുണ്ടാവും. നമ്മുടെ ഇഷ്ടങ്ങളിലുണ്ടാവും. ടേസ്റ്റുകളുടെ സ്വാധീനമുണ്ടാവും. ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് ഞാന്‍ കണ്ടിട്ടുള്ള സിനിമകളും ഇഷ്ടപ്പെട്ടിട്ടുള്ള സിനിമകളും എന്റെ ജീവിതത്തില്‍ വലിയ ഘടകമായിരിക്കും. അതൊക്കെയാണ് എന്നെ കൂടുതല്‍ സ്വാധീനിച്ചിട്ടുണ്ടാവുക. ആ ഡയറക്ടേഴ്‌സിനെയൊന്നും ഞാന്‍ ചെലപ്പോ കണ്ടിട്ടുണ്ടാവില്ല. പക്ഷേ, അവരെന്നെ ഭയങ്കരമായിട്ട് സ്വാധീനിച്ചിട്ടുണ്ട്.

ആഷിക്കേട്ടന്റെ കൂടേം, അമലേട്ടന്റെ കൂടേം, അല്ലെങ്കില്‍ നന്ദേട്ടന്റെ കൂടേമൊക്കെ, അങ്ങനെ ഏകദേശം ഞാനൊരു അഞ്ചെട്ട് ഡയറക്ടേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ടാവും.

ഓരോ സിനിമയും പുതിയതാണല്ലോ, നമ്മക്കിപ്പം ഒരു സിനിമ ഇങ്ങനെയാണെങ്കില്‍ അടുത്ത സിനിമ ഇങ്ങനെയാവണമെന്നില്ല. ഭയങ്കര മാറ്റമാണ്. ഓരോ സിനിമയുടേയും പ്രതിസന്ധികള്‍ വ്യത്യസ്തമാണ്. ഫെയ്‌സ് ചെയ്യുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. അപ്പോ ഇതെല്ലാം, ഇവരുടെയെല്ലാം കൂടെയുള്ള വര്‍ക്കുകളെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്.


ആഷിക്കേട്ടന്റെ അടുക്കല്‍ വരുംമുമ്പ് ഞാന്‍ വര്‍ക്കിനെ, സിനിമയെ വളരെ പേടിയോടെ കണ്ടിരുന്ന ഒരാളാണ്. ഒരു സാധനത്തോടുള്ള അടുപ്പം നമുക്കുതരുന്ന ഒരു ലാഘവത്വം ഇല്ലെ, അതെനിക്കു ഉണ്ടായിരുന്നില്ല- ആഷിക്കേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുംമുമ്പുവരെ. പിന്നെയാണെനിക്കു പേടി മാറിയത്. സിനിമയുമായിട്ടുള്ള എന്റെയൊരു അകലം കുറച്ചത് ആഷിഖ് അബുവിന്റെ കൂടെയുള്ള വര്‍ക്കാണ്. ഇതൊന്നും പറഞ്ഞാല്‍ തീരുന്ന ഒരു കാര്യമല്ല, ഓരോ മൂവ്‌മെന്റും അത്രത്തോളം ഇംപോര്‍ട്ടന്റാണ്.

അഭിനേതാവായി ദിലീഷിനെ എല്ലാവര്‍ക്കും അറിയാം. അഭിനയിക്കുന്ന സംവിധായകന്‍ എന്ന നിലയില്‍ ആദ്യസിനിമയിലെ അഭിനേതാക്കളെ വിലയിരുത്താമോ. മഹേഷിന്റെ പ്രതികാരത്തിലെ അഭിനേതാക്കള്‍...അതിലാരെ കണ്ടെത്തിയതാണ് വലിയ സന്തോഷമുണ്ടാക്കിയത്?

മഹേഷിന്റെ പ്രതികാരം മികച്ചതായതില്‍ കാസ്റ്റിങ്ങിന് വളരെയധികം പ്രാധാന്യമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇത് നടന്നിട്ടുള്ളത്, ഒരു ക്രൂ എപ്പോഴും അതിനുപിന്നിലുണ്ടായിരുന്നു. അതിനു വേണ്ടി അങ്ങനെയൊരു എഫേര്‍ട്ട് എടുത്തിരുന്നു. ഞാന്‍ മാത്രമല്ല, എന്റെ അസോസിയേറ്റ് ഡയറക്ടറുമൊക്കെ. അവിടെപ്പോയിട്ടു തന്നെ. നമ്മുടെ കഥാപാത്രത്തിന് ഏറ്റവും ചേര്‍ന്നൊരാളെ കണ്ടെത്തുക എന്നതായിരുന്നു ഉദ്ദേശം. അതിന് നമ്മള് തന്നെ തപ്പിപ്പോണം. അത് നമ്മടെ ആവശ്യാണ്. അതിന് നമ്മള് അതേപോലെ എഫേര്‍ട്ട് എടുക്കണം. അങ്ങനെയൊരു പ്രോസസ് ഭയങ്കരായിട്ട് നടത്തിയിരുന്നു.

മഹേഷ് ഭാവന എന്നൊരു ക്യാരക്ടര്‍ ഉണ്ടായിവന്നപ്പോഴേക്കും വേറെന്തുമായിക്കോട്ടെ, അയാള്‍ മികച്ചൊരു ആക്ടര്‍ ആയിരിക്കണം എന്ന കാര്യത്തില്‍ ഒരു തര്‍ക്കമുണ്ടായിരുന്നില്ല.

മഹേഷ് ഭാവന വളരെ സര്‍ട്ടില്‍ ആയിട്ട് ബിഹേവ് ചെയ്യേണ്ട ആളാണ്. ആരു ചെയ്താലും അങ്ങനൊന്നുണ്ടാവണം. അപ്പോ ഫഹദിന്റെ കാര്യത്തില്‍ അയാളുമായുള്ള സൗഹൃദമൊക്കെ ഒരു ഘടകമായിരുന്നു. അപ്പോ, ഇതിന്റെ ഐഡിയ ഒരു പത്തുപതിനഞ്ചു മിനിറ്റേ എടുത്തുള്ളൂ പറയാന്‍. അപ്പോത്തന്നെ പുള്ളി ഇങ്ങോട്ടൊരു അര മണിക്കൂര്‍ അതിനെക്കുറിച്ചു പറഞ്ഞു!

അപ്പോ, അങ്ങനെയുള്ളൊരു ആക്ടര്‍ വേണമെന്നായിരുന്നു എനിക്കുണ്ടായിരുന്നൊരു ഡിമാന്‍ഡ്. ഫഹദ് ഇന്ററസ്റ്റിങ് ആയി, അങ്ങനൊരു ആക്ടറേം എനിക്കു കിട്ടിയപ്പോള്‍ ഫഹദിനെ കൊണ്ട് എങ്ങനെ ഈ സിനിമ രൂപപ്പെടുത്താം എന്നാണ് ശ്യാമുമായിട്ട് ആലോചിക്കുന്നത്. അപ്പോ ഫഹദിന്റെ സാധ്യതകള്‍ എന്തൊക്കെയാണ്...അങ്ങനെ ഫഹദിനെ കാസ്റ്റ് ചെയ്ത ശേഷം മഹേഷ് ഭാവനിയിലുണ്ടായിരിക്കുന്ന എല്ലാ വളര്‍ച്ചകളും ഫഹദിനെ മനസ്സില്‍ കണ്ടുകൊണ്ട് ഉണ്ടായിട്ടുള്ളതാണ്. അയാളാണ് ഇത് പെര്‍ഫോം ചെയ്യാനുള്ളത് എന്ന ബോധ്യത്തോടെ എഴുതിയിട്ടുള്ളതാണ്.

ആ ക്യാരക്ടര്‍ മാത്രമല്ല, സിനിമേലെ അധികം ക്യാരക്ടേഴ്‌സും.പല ക്യാരക്ടേഴ്‌സിനെയും കണ്ടെത്തുന്നത് അങ്ങനെ തന്നെയാണ്. നമ്മളവിടെ ചെന്നിട്ട് അവിടെന്നൊരു ക്യാരക്ടറിനെ പിക്ക് ചെയ്തു അയാളെങ്ങനെ വേണമെന്ന് നമ്മള്‍ തീരുമാനിച്ചിട്ടില്ല. നമ്മുടെ കൈയിലൊരു ഓപ്ഷനുണ്ട്. അപ്പോ, കാസ്റ്റ് ചെയ്തുകഴിഞ്ഞിട്ട് ആ കഥാപാത്രത്തെ അതിന്റെയൊരു ഇണക്കത്തിന് അനുസരിച്ച് മാറ്റിയിട്ടുണ്ട്. ഓരോരുത്തരെ കിട്ടിയപ്പോഴോ അല്ലെങ്കില്‍ അവര്‍ പെര്‍ഫോം ചെയ്തപ്പോഴോ പലരും പലതരത്തില്‍ എക്‌സൈറ്റ് ചെയ്തിട്ടുണ്ട്. ഇതിനെ കംപയര്‍ ചെയ്തു പറയാന്‍ പാടാണ്. എല്ലാവരും അത്ഭുതപ്പെടുത്തി.


നിങ്ങളുടേത് ഒരു മികച്ച ടീം വര്‍ക്കാണ്. ടീമിനെ പറ്റി പറയാമോ...?

ഈ സിനിമയെന്നു പറയുന്നത് ഒറ്റയ്ക്കു ചെയ്യാന്‍ പറ്റുന്നൊരു കാര്യല്ല. ഞാനിപ്പോ സംവിധാനം ചെയ്യുന്നൂന്നു പറഞ്ഞാല്‍ ഞാനതിനെ ഹെഡ്ഡ് ചെയ്യുന്നു എന്നേ ഞാനര്‍ത്ഥമാക്കുന്നുള്ളൂ. പല തസ്തികളിലുള്ള ഒരുകൂട്ടം ആളുകള്‍ ഒരു സിനിമക്കു വേണ്ടി മൂവ് ചെയ്യുമ്പോഴാണ് അത് മനോഹരമാകുന്നത്. അങ്ങനെ സംഭവിച്ചൊരു സിനിമയാണ് മഹേഷ്. ഞാനതിന്റെ മുന്നില്‍ നിന്ന് യേസ് ഓര്‍ നോ പറഞ്ഞിട്ടുണ്ടെന്നേയുള്ളൂ.അതിനു പിന്നില്‍ ശക്തമായൊരു ടീമായിരുന്നു ഉണ്ടായിരുന്നത്.


മഹേഷിന്റെ പ്രതികാരം നല്‍കിയ വലിയ പ്രതീക്ഷ അടുത്ത സിനിമയിലെത്തുമ്പോള്‍ പ്രേക്ഷകരില്‍ നിന്നുണ്ട്. ആ പ്രതീക്ഷയെ പേടിയുണ്ടോ?

ഭയപ്പെട്ടിട്ടൊന്നും കാര്യമില്ല. പേടിയല്ല ഉള്ളത്. എനിക്കു പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട് കൂടുതലായുള്ള പ്രതീക്ഷ നമ്മുടെ ആസ്വാദനത്തെ ബാധിച്ചേക്കാമെന്ന്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും വളരെ ചെറിയൊരു കഥയാണ്. വിഷയമാണ്. ചെറിയ ചെറിയ കാര്യങ്ങളിലൂടെ പോവുന്നൊരു സിനിമയാണ്. തീര്‍ച്ചയായിട്ടും മഹേഷ് പോലുള്ളൊരു സിനിമയേ അല്ല. അതിന് അതിന്റേതായൊരു ഐഡന്റിറ്റി ഉണ്ട്. ഓരോ കഥയും ഓരോ രീതിയിലാണ് പറയേണ്ടത്. ഓരോ പ്ലോട്ടിനും അതിന്റേതായ സാധ്യതയുണ്ട്.

മഹേഷിന്റെ പ്രതികാരം കേട്ടപ്പോള്‍ അതിനെ എങ്ങനെ ആളുകളിലേക്കു കമ്യൂണിക്ക്റ്റ് ചെയ്യാമെന്നാണ് ഞാന്‍ നോക്കിയത്. അതായിരുന്നു ആ സിനിമയുടെ പ്രസന്റേഷന്‍ എങ്കില്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും വേറെതന്നെ പടമാണ്. വേറെതന്നെ സാഹചര്യത്തിലുള്ള പടമാണ്. കുറച്ച് ത്രില്ലര്‍ സ്വഭാവമുള്ളൊരു സിനിമയാണ്. ചെറിയ ചെറിയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോവുന്നൊരു സിനിമയാണ്. ഒരു പൊലീസ് സ്റ്റേഷനില്‍ വരുന്നൊരു കേസുമായി ബന്ധപ്പെട്ട് രണ്ടുമൂന്നു ദിവസത്തിനിടെ നടക്കുന്നൊരു കഥയാണിത്. തീര്‍ച്ചയായും റിയലിസ്റ്റിക് ആയിട്ടുള്ളൊരു സിനിമ തന്നെയായിരിക്കും.

പുതിയ ആക്ടേഴ്‌സ് കുറേപ്പേരുണ്ട്.അതുകൊണ്ടുതന്നെ ഒരു ഇന്‍ഡിപെന്‍ഡന്റ് ആയിട്ടുള്ളൊരു സിനിമ ആയിട്ട് അതിനെ കാണണം എന്നാണെനിക്കു പറയാനുള്ളത്. കൂടുതല്‍ അവകാശവാദങ്ങളൊന്നുമില്ല. ആ സിനിമയെ സ്വതന്ത്ര്യമായി കാണുന്നതിന് മഹേഷിന്റെ പ്രതികാരത്തിന്റെ ബാധ്യതയുടെ ആവശ്യമില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ഒരു തികഞ്ഞ എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ്.


തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സുരാജും ഫഹദും എന്താണ് ആ കോംപിനേഷന്റെ പ്രത്യേകത?

ശരിക്കും പറഞ്ഞാല്‍ ഈ കഥ ആദ്യം ആലോചിക്കുമ്പോള്‍ വേറെയൊരു കാസ്റ്റിങ്ങായിരുന്നു ഉണ്ടായിരുന്നത്. അതില്‍നിന്നൊരു ആക്ടറുടെ അവൈലബിലിറ്റി പ്രശ്‌നം കാരണമാണ് പിന്നീട് സുരാജ് വന്നത്.

ആദ്യം ഫഹദിനെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. അത് ഇപ്പോള്‍ സുരാജ് ചെയ്യുന്ന കഥാപാത്രത്തിലേക്കു വേണ്ടിയായിരുന്നു. പക്ഷേ, കഥയുടെ പിന്നീടുള്ളൊരു വളര്‍ച്ചയിലാണ് കഥാപാത്രത്തില്‍ മാറ്റം വന്നത്. ആദ്യമുണ്ടായിരുന്ന കഥാപാത്രത്തേക്കാളും രണ്ടാമത്തെ കഥാപാത്രമായിരുന്നു ഫഹദുമായി കൂടുതല്‍ ചേരുന്നത്. അങ്ങനെയാണ് റിപ്ലെയ്‌സ് ചെയ്തത്. ആ കഥാപാത്രം ഫഹദിന് കൂടുതല്‍ എക്‌സൈറ്റഡ് ആയി തോന്നുകയും ചെയ്തത്. അപ്പോഴാണ് രണ്ടാമത്തെ കഥാപാത്രത്തിന് ഒരാളെ വേണമെന്നു തോന്നുന്നതും സുരാജേട്ടന്‍ ചെയ്താല്‍ നന്നായിരിക്കുമെന്നുള്ള ചര്‍ച്ച വരുന്നതും അദ്ദേഹത്തെ സെലക്ട് ചെയ്യുന്നതും.

ക്യാരക്ടറിനു വേണ്ടി നല്ല രീതിയില്‍ വര്‍ക്ക് ചെയ്തു സുരാജേട്ടന്‍. ഫഹദും, അങ്ങനെ എല്ലാരും... രണ്ടുപേരും തുല്യ പ്രാധാന്യമുള്ള, പ്രധാന കഥാപാത്രങ്ങളാണ്. ഇവര്‍ മാത്രമല്ല, മറ്റൊരു പ്രധാന കഥാപാത്രമായി അലന്‍സിയറുമുണ്ട്. പിന്നെ നിമിഷ എന്നുപറയുന്ന പുതിയൊരു നടി. നിമിഷയുടെ ശ്രീജ എന്ന കഥാപാത്രം ഭയങ്കര ഇന്ററസ്റ്റിങ് ആണ്. പ്രധാനമായും ഈ നാലു കഥാപാത്രങ്ങള്‍ക്കിടയിലൂടെയാണ് സിനിമ കൂടുതലായും സഞ്ചരിക്കുന്നത്.

ചിരി തന്നെയാണോ പുതിയ സിനിമയുടേയും കാതല്‍?

ഈ ചിരിയെന്നത് ഒരു പ്രത്യേക സിറ്റുവേഷനില്‍ കഥാപാത്രങ്ങള്‍ ബിഹേവ് ചെയ്യുമ്പോള്‍ ആളുകള്‍ക്ക് തോന്നുന്നതാണല്ലോ. ഒരു സറ്റൈര്‍ സ്വഭാവത്തിലുള്ളതാണ് ഈ സിനിമ. തീര്‍ച്ചയായിട്ടും ഹ്യൂമര്‍ ഉണ്ടാവും. അത് എങ്ങനെ, എത്രത്തോളം എന്നൊക്കെയുള്ളത് വലിയ പ്രഡിക്ഷനൊന്നും എനിക്കില്ല.

കുഞ്ഞ് കുഞ്ഞ് മൂവ്‌മെന്റ്‌സിലൂടെയാണ് പടം മുന്നോട്ടുപോവുന്നത്. നമ്മുടെ സാമൂഹിക പശ്ചാത്തലം ഭയങ്കരമൊരു ഘടകമാണ് ഈ സിനിമയില്‍. സാധാരണയായി സംഭവിച്ചേക്കാവുന്ന ഒരു സംഭവത്തെ ഡീറ്റെയില്‍ ആയിട്ട് കാണിക്കുക എന്നതാണിത്. അതുകൊണ്ടുതന്നെ ആളുകള്‍ ശ്രദ്ധിച്ചിരുന്നു കാണേണ്ട സിനിമയാണ്.

രാജീവ് രവിയെ പോലൊരു സംവിധായകനാണ് ക്യാമറാമാനാകുന്നത്. അദ്ദേഹം ഏറെക്കാലത്തിനു ശേഷം ചെയ്യുന്ന മലയാള സിനിമ?

ഞാന്‍ സിനിമ കണ്ടുനടക്കുന്നൊരു കാലം മുതല്‍ രാജീവേട്ടന്‍ കാമറ ചെയ്ത സിനിമകളൊക്കെ സെലക്ട് ചെയ്തു കണ്ടിട്ടുണ്ട്.
ഈ സിനിമ ചെയ്യാനൊരുങ്ങിയപ്പോള്‍ ക്യാമറയുടെ കാര്യമോര്‍ത്തപ്പോള്‍ അത് രാജീവേട്ടന്‍ ചെയ്താല്‍ നന്നായിരുന്നേനെ എന്നു വെറുതെ മനസ്സിലിങ്ങനെ തോന്നിയിരുന്നു. അങ്ങനൊരു ദിവസം യാദൃശ്ചികമായി രാജീവേട്ടനെ കണ്ടപ്പോള്‍ പടത്തിന്റെ കാര്യം സംസാരിക്കുകയും അദ്ദേഹം ചെയ്‌തേക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു.
പക്ഷേ, അതിലൊരു ഭയങ്കര കോമഡിയെന്തെന്നു വച്ചാല്‍ രാജീവേട്ടന്‍ അന്ന് മഹേഷിന്റെ പ്രതികാരം കണ്ടിട്ടുണ്ടായിരുന്നില്ല. അത് കാണുന്നതിനു മുമ്പാണ് എന്റെയീ കഥ കേട്ടിട്ട് അതില്‍ ക്യാമറ ചെയ്യാമെന്നു സമ്മതിക്കുന്നത്. തിയേറ്ററില്‍ നിന്നു കാണാന്‍ പറ്റിയിരുന്നില്ല. പിന്നെ ഞങ്ങള്‍ രണ്ടാളുംകൂടിപ്പോയാണ് പടം കാണുന്നത്. അദ്ദേഹവുമായുള്ള എക്‌സ്പീരിയന്‍സ് വളരെ എക്‌സൈറ്റിങ് ആയിരുന്നു.

സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ മഹേഷിന് ലഭിച്ചു. കാശും ഉണ്ടാക്കി. കലയും കച്ചവടവും ഒരേപോലെ സംഭവിച്ചു. കലാമൂല്യവും വിപണി മൂല്യവും എങ്ങനെ ഒരു സിനിമയില്‍ സംയോജിപ്പിക്കുന്നു

അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. ഒരു സിനിമ ചെയ്യണം. ആ സിനിമ ആളുകള്‍ കാണാന്‍ വേണ്ടി ചെയ്യണം എന്നുതന്നെയാണ് ആഗ്രഹിക്കുന്നത്.

ഫസ്റ്റ് പ്രയോരിറ്റി എന്നത് സിനിമ കാണാന്‍ വരുന്നവര്‍ക്ക് ഒരു എന്റര്‍ടെയ്ന്‍മെന്റ് കൊടുക്കുക എന്നതാണ്. അവര്‍ക്കത് ആസ്വദിക്കാന്‍ പറ്റുന്നതാവണം. മലയാളി പൊതുസമൂഹത്തിന് ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാവണം എന്നുമാത്രമേ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ.

വളരെ സിംപിളായിട്ടു പറഞ്ഞാല്‍ എനിക്കിഷ്ടപ്പെട്ടൊരു സിനിമ ചെയ്യാനാണ് ശ്രമിച്ചത്. എനിക്ക് ആസ്വദിക്കാന്‍ പറ്റുന്നൊരു സിനിമ ഇത്തരത്തിലൊന്നായിരിക്കും എന്നെനിക്കു തോന്നി. ഈ സിനിമ ഇങ്ങനെയാക്കിയാല്‍ എനിക്ക് ആസ്വദിക്കാന്‍ പറ്റും, അപ്പോ ആളുകള്‍ക്കും ആസ്വദിക്കാന്‍ പറ്റും എന്നുള്ളൊരു പ്രതീക്ഷയും ഉണ്ടായിരുന്നു. അങ്ങനെയൊരു ധാരണയില്‍ തന്നെയാണ് ചെയ്തിട്ടുള്ളത്. തീര്‍ച്ചയായും ഒരു കൊമേഴ്‌സ്യല്‍ സിനിമ ആയിട്ട് ഇറങ്ങേണ്ട ഒന്നായിട്ടു തന്നെയാണു ചെയ്തത്. അതൊരു വൃത്തിയുള്ളൊരു സിനിമ ആവാന്‍ എല്ലാ സമയത്തും ശ്രദ്ധിച്ചിരുന്നു. എല്ലാവരും.

നിങ്ങള്‍ ഭയങ്കര സിംപിളാണ്. നിങ്ങളുടെ സിനിമകളും. ഈ സിംപിള്‍നെസ് എവിടെ നിന്നാണ് ഉണ്ടാകുന്നത്?

(ചിരിക്കുന്നു...) ഇതൊന്നും ഉണ്ടാക്കിയെടുക്കുന്നതല്ല. എല്ലാം ഉണ്ടാകുന്നതാണല്ലോ. ഞാനത്ര സിംപിളാണെന്ന് എനിക്കു തോന്നുന്നില്ല. എന്നോട് ചിലര് പറയാറുണ്ട്, നിനക്കൊന്നു വൃത്തിയായിട്ടു നടന്നൂടേ... എന്തുവാടേ, നല്ലൊരു മുണ്ടും ഷര്‍ട്ടുമൊക്കെ ഇട്ട് പോടേ...തേക്കാത്ത ഷര്‍ട്ടൊക്കെ ഇട്ടിട്ട് നാണം കെടുത്തും...എന്നൊക്കെ പറഞ്ഞിട്ട്...ഞാന്‍ പൊതുവെ കുറച്ച് അലസനും കുറച്ച് മടിയനുമൊക്കെയാണ്. കുറഞ്ഞ പക്ഷം കണ്ണാടിയില്‍ അങ്ങനെ നോക്കാത്തൊരു ആളുമാണ്. അതുകൊണ്ടായിരിക്കാം എന്റെ വസ്ത്രധാരണത്തില്‍ കുറച്ച് സിംപ്ലിസിറ്റി.

എനിക്കങ്ങനെ കുറച്ച് സ്വതന്ത്രമായിട്ട് ജീവിക്കാനാണ് ഇഷ്ടം...പിന്നെ, സത്യം പറഞ്ഞാല്‍ എനിക്കിത്രയൊക്കെയ അറിയത്തുള്ളൂ...അതുകൊണ്ടാ...(ചിരിക്കുന്നു)... നമ്മളിത്രേയുള്ളൂ...അതിന്റെ മുകളിലേക്കു പിടിച്ചിട്ടു കാര്യമില്ല. താങ്ങൂല്ല, എന്തിനാ വെറുതെ...

വീട്ടുകാര്‍ ഹാപ്പിയല്ലേ?

വീട്ടുകാര്‍, ഈ അടുത്ത കാലത്തായിരിക്കാം അവര്‍ക്കു കുറച്ച് സമാധാനമൊക്കെ വന്നത്.

നമ്മുടെ നാട്ടിലെ ഒരു സാഹചര്യങ്ങളൊക്കെ വച്ചു നോക്കിക്കഴിഞ്ഞാല്‍ ഞാന്‍ വൈകി വിവാഹം കഴിച്ച ആളോ, വൈകി ജോലി കിട്ടിയ ആളോ, വൈകി ജീവിതമാര്‍ഗം ഉണ്ടാക്കിയ ആളോ ഒക്കെയാണ്. എല്ലാം വൈകിയാണ്. അതുകൊണ്ടുതന്നെ, പേരെന്റ്‌സിന്റെ എല്ലാ ടെന്‍ഷന്‍സും പ്രഷേഴ്‌സും ബുദ്ധിമുട്ടുകളും വേദനകളുമൊക്കെ അവരെല്ലാ കാലഘട്ടത്തിലും എന്നെക്കൊണ്ട് അനുഭവിച്ചവരാണ്.

ഇപ്പോ അവര്‍ക്കെന്തായാലും കുറച്ച് ആശ്വാസകരമായിരിക്കണം. അവര് ഹാപ്പിയാണ്. പിന്നെ ഭാര്യ, രണ്ടു കുട്ടികള്‍.

അടുത്ത വര്‍ഷം അടുത്ത സിനിമയുണ്ടാകുമോ?

സാധ്യതയില്ല. 2018 ല്‍ പുതിയ സിനിമ തുടങ്ങുകയേ ഉള്ളൂ. അടുത്ത സിനിമയുടെ ഒരു ആലോചനയൊക്കെ ആയിട്ടേയുള്ളൂ. അതു കുറച്ച് സമയമെടുക്കുന്ന പ്രോജക്ട് ആണെന്നാണ് തോന്നുന്നത്.

അഭിനയിച്ച സിനിമകളില്‍ സിഐഎ വലിയ പ്രതീക്ഷ തരുന്നു നടനായി കൂടുതല്‍ തിരക്കിലേയ്ക്കാണോ?

എന്തായാലും ഇതില്‍ക്കൂടുതല്‍ തിരക്കുകളിലേക്ക് പോവാന്‍ ഉദ്ദേശിക്കുന്നില്ല. കുറച്ച് സമാധാനത്തിലിരുന്നാലേ എന്റെ കാര്യങ്ങളൊക്കെ നടക്കൂ. കൂടുതല്‍ തിരക്കാവുക എന്നുപറയുന്നത് എനിക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. ഫ്രണ്ട്‌സിനെയൊക്കെ മിസ്സാവും. അതുപോലെ ഫാമിലിയെ മിസ്സാവും. നമുക്കവരേയും അവര്‍ക്ക് നമ്മളേയും മിസ്സാവും. കുട്ടികളോടൊത്തു ചെലവഴിക്കാന്‍ സമയം കിട്ടാതെ പോവും. അതുകൊണ്ടുതന്നെ ഇതിന്റെയൊപ്പം നമുക്ക് ഫാമിലിയുടെ കൂടെ സ്‌പെന്‍ഡ് ചെയ്യാന്‍ പറ്റണം, അവര്‍ക്കൊപ്പം നടക്കാന്‍ പറ്റണം, ഫ്രണ്ട്‌സിനൊപ്പം സ്‌പെന്‍ഡ് ചെയ്യാന്‍ പറ്റണം...അതൊക്കെ കൂടിയാണ് സന്തോഷം, ജീവിതം. അപ്പോ ഇതിന്റെ പേരില്‍ അതൊക്കെ നഷ്ടപ്പെട്ടുപോവുന്നത് ശര