വ്വാവ്... വാമിക! മലയാളിയെ മലർത്തിയടിച്ച ഗോദയിലെ നായിക ശരിക്കും ആരാണ്?

തിയേറ്ററുകളില്‍ ആരവമുയർത്തുകയാണ് ഗോദ എന്ന സിനിമ. സ്ത്രീയുടെ മനസിനെ ഗുസ്തിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് സിനിമ. മലയാളിയുടെ എക്കാലത്തേയും നായികമാരുടെ നിരയിലേക്കുയർന്ന വാമികയുമായി അഭിമുഖം

വ്വാവ്... വാമിക! മലയാളിയെ മലർത്തിയടിച്ച ഗോദയിലെ നായിക ശരിക്കും ആരാണ്?

പഞ്ചാബില്‍ നിന്നുള്ള അതിഥി വന്നു ബസിറങ്ങുമ്പോള്‍, അവളെ കണ്ട് മലയാളം വ്വാവ്! എന്ന് ആശ്ചര്യപ്പെടുന്നുണ്ട് ഗോദ സിനിമയില്‍. ആ വ്വാവ് ഒരു ഗാനമായി മാറുന്നു... ശരിക്കും കേരളമിപ്പോള്‍ അതിഥിയായി വേഷമിട്ട വാമിക ഗബ്ബിയെ കണ്ട് വ്വാവ് എന്നു പറയുകയാണ്.

പഞ്ചാഗ്നിയിലെ ഗീതയോളം കരുത്തുള്ള സ്ത്രീകളെയാണ് സിനിമയില്‍ മലയാളം തേടുന്നത്. കന്മദത്തിലും റാണിപദ്മിനിയിലുമെല്ലാം തിരഞ്ഞു. 22 ഫീമെയില്‍ കോട്ടയത്തില്‍ അന്വേഷിച്ചു. പക്ഷെയിതാ മലയാളത്തിന്റെ സ്‌ക്രീനില്‍ പെണ്ണത്തമുള്ള ഒരു കരുത്ത് നായക സങ്കല്‍പ്പങ്ങളെ മലര്‍ത്തിയടിക്കുന്നു- മലയാളി കയ്യടിക്കുന്നു.

ചിരിച്ചും പെണ്ണിനെ അടുത്തറിഞ്ഞും നീങ്ങുന്നതാണ് ഗാട്ട ഗുസ്തിയുടെ പശ്ചാത്തലത്തിലുള്ള ഗോദ സിനിമ. ഇതൊരു സ്‌പോര്‍ട്ട്‌സ് സിനിമയല്ല. ജീവിതമാണ് ചുറ്റും.

വാമിക കഥക് നര്‍ത്തകിയാണ്... പെണ്ണത്തത്തിന്റെ സൗന്ദരമാണ് കഥക്കിനു വേണ്ടത്. ആ വായികയാണ് സിനിമയില്‍ ഗുസ്തിക്കാരിയാകുന്നത്. സാരി ചുറ്റി ഒരു ഗുസ്തിയുണ്ട് സിനിമയില്‍. ആരാണ് വാമിക എന്ന് എല്ലാവരും ചോദിക്കുന്നു. ഉത്തരം വാമിക പറയട്ടെ!


വാമിക എന്ന പഞ്ചാബി സുന്ദരിയെ മലയാളം എങ്ങനെ സ്വീകരിച്ചു?

തികച്ചും ഒരു സ്വപ്നം പോലെ മനോഹരമായിരുന്നു ഗോദ എന്ന സിനിമയും കേരളവും എനിക്ക് തന്ന സ്വീകരണവും. ശരിക്കും ഒരു ക്യാമ്പസ് ലൈഫ് പോലെ മനോഹരമായ ദിവസങ്ങളും അനുഭവങ്ങളുമാണ് ഗോദയിലെ 'അതിഥി'യായ എനിക്ക് മലയാളം സമ്മാനിച്ചത്‌

ഭാഷ ഒരു പ്രശ്നമായിരുന്നില്ലെ ?

ഒരിക്കലും എനിക്ക് അങ്ങനെ അനുഭവപ്പെട്ടില്ല. കഥയെക്കുറിച്ചും ഓരോ രംഗത്തെക്കുറിച്ചും സംവിധായകന്‍ വിശദീകരിച്ചു തന്നതിനാല്‍ അങ്ങനെ ഒരു ബുദ്ധിമുട്ടുണ്ടായില്ല. പിന്നെ, ഗുസ്തിയാണല്ലോ ഈ സിനിമയുടെ ഹൈലൈറ്റ്. സമപ്രായക്കാരുടെ ഒരു ടീമും കൂടിയായപ്പോള്‍ പറയുകയും വേണ്ടാ. ഞാന്‍ ആദ്യമായാണ് ഒരു ആക്ഷന്‍ സിനിമ ചെയ്യുന്നത്. അതിന്‍റെ ത്രില്ലുണ്ടായിരുന്നു. സ്ത്രീകഥാപാത്രത്തിന് ഇത്ര പ്രാധാന്യമുള്ള ആക്ഷന്‍ സിനിമ ഏതൊരു ആര്‍ട്ടിസ്റ്റിന്റെയും സ്വപ്നമാണ്.എനിക്ക് മലയാളം അറിയില്ല എന്നുള്ളത് സെറ്റില്‍ പല തമാശകള്‍ക്കും വഴിവെച്ചിട്ടുണ്ട്. പക്ഷെ അവയില്‍ പലതും ഇപ്പോഴും എനിക്കറിയില്ല എന്നുള്ളതാണ് സത്യം.

സംവിധായകന്‍ ബേസിലിനെ പട്ടി എന്ന് വിളിച്ചതായി ഒരു അഭിമുഖത്തില്‍ കണ്ടല്ലോ. എന്തായിരുന്നു സംഭവം?

(ചിരിക്കുന്നു) പട്ടി എന്നാല്‍ നായയാണ് എന്ന് എനിക്കറിയില്ലല്ലോ. ടോവിനോയും മറ്റും എന്നോട് അങ്ങനെ വിളിക്കാന്‍ ആവശ്യപ്പെട്ടപോള്‍ ഞാന്‍ കരുതി അത് ബഹുമാനം നല്‍കുന്ന ഏതെങ്കിലും പദം ആയിരിക്കുമെന്ന്. ഞാന്‍ കൂളായി തന്നെ അങ്ങനെ വിളിച്ചു. പിന്നീടാണ് എനിക്ക് അബദ്ധം മനസിലാകുന്നത്. പക്ഷെ ഒന്നുണ്ട്, ഞാനൊരു നായസ്നേഹിയാണ്. പംകിന്‍ എന്നാണ് എന്റെ നായയുടെ പേര്.

സെറ്റിലെ ഇത്തരം മറ്റ് അബദ്ധങ്ങള്‍?

ശരിക്കും പറഞ്ഞാല്‍, ഞാന്‍ പറഞ്ഞത് പലതും എന്താണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ബേസിലും ടോവിയും അജുവേട്ടനുമെല്ലാം എപ്പോഴും എന്നെക്കൊണ്ട് ഏതെങ്കിലും വാക്കുകള്‍ പറയിപ്പിക്കും, എന്നിട്ട് അത് മൊബൈലില്‍ ഷൂട്ട്‌ ചെയ്യുന്നതും കാണാം.

ഒരു ദിവസം ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ബേസില്‍ എന്നോട് പറഞ്ഞു- ഇനി ഞാന്‍ എന്തു ചോദിച്ചാലും മൈ അങ്കിള്‍ എന്ന് മറുപടി പറയണം എന്ന്. ഞാന്‍ അങ്ങനെ ചെയ്തു. ചോദിച്ചതിനെല്ലാം മൈ അങ്കിള്‍ എന്നുതന്നെ മറുപടിയും നല്‍കി. ബേസിലിന്റെ ഇൻസ്റ്റാഗ്രാമില്‍ ആ വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇപ്പോഴും എനിക്കറിയില്ല എന്താണ് എന്നെക്കൊണ്ട് അങ്ങനെയെല്ലാം മറുപടി പറയിച്ചതെന്ന്. എന്തെങ്കിലും പണി ആയിരിക്കുമെന്ന് ഉറപ്പല്ലേ. അങ്ങനെ എന്തെല്ലാം വിഡ്ഢിത്തരങ്ങള്‍ അവര്‍ എന്നെക്കൊണ്ട് പറയിപ്പിച്ചിട്ടുണ്ടാകും. ആര്‍ക്കറിയാം...

'

കഥകും ഗുസ്തിയും....എങ്ങനെ ഒത്തുപോയി?

കഥക് അവതരിപ്പിക്കുമ്പോള്‍ നമ്മളില്‍ പൂര്‍ണ്ണമായും സ്ത്രൈണഭാവമായിരിക്കും. ശരീരം ആ താളത്തിനനുസരിച്ച് ചിട്ടപ്പെട്ടിരിക്കുകയും ചെയ്യും. അറിയാലോ...ഗുസ്തി നേരെമറിച്ചാണ്. പൗരുഷമാണ് ഇവിടെ കൂടുതല്‍ പ്രകടമാകേണ്ടത്. ഗോദയ്ക്ക് വേണ്ടി അമൃത്സറില്‍ ആറു മാസത്തിലധികം ഗുസ്തി പരിശീലിച്ചിരുന്നു. പിന്നെ ഞാനൊരു പഞ്ചാബിയല്ലേ. ഗുസ്തി രക്തത്തിലുണ്ടാകുന്നതും സ്വാഭാവികം. അല്ലറചില്ലറ പരുക്കുകള്‍ അല്ലാതെ കാര്യമായ തിക്താനുഭവങ്ങള്‍ ഒന്നും ഷൂട്ടിംഗിനിടയിലും ഉണ്ടായില്ല. സന്തോഷമുള്ള വേദനകള്‍ മാത്രമേ ഉള്ളൂ.

സാരി ധരിച്ച് ഗുസ്തി പിടിക്കുന്ന രംഗം പരക്കെ അഭിനന്ദിക്കപ്പെട്ടല്ലോ...

എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു രംഗമാണിത്. ഇന്ത്യയിലെ സ്ത്രീകളുടെ ഒരു ഐഡന്റിറ്റിയല്ലേ സാരി. വളരെ ആസ്വദിച്ചാണ് ഈ രംഗം ഞാന്‍ അഭിനയിച്ചത്.

ഇഷ്ടപ്പെടുന്ന വേഷം?

അയഞ്ഞ ജീന്‍സും ടോപ്പും ഒപ്പം ഫ്ലാറ്റ് ചെരുപ്പും.


ഹീല്‍സ് വേണ്ടെന്നോ?

സാധാരണ നായികമാര്‍ക്കുള്ള ഉയരം എനിക്കില്ല. അതിനാല്‍ എപ്പോഴും സിനിമയിലും പൊതുപരിപാടികളിലും ഹൈ ഹീല്‍സ് തന്നെ ധരിക്കേണ്ടി വരുന്നുണ്ട്. അതിനാലായിരിക്കണം കാഷ്വലായി നടക്കുമ്പോള്‍ എനിക്കിങ്ങനെയുള്ള അലസമായ വേഷം ധരിച്ചു ഭൂമിയില്‍ പാദമമര്‍ത്തി ജീവിക്കാനാണ് ഇഷ്ടം. അതിന്റെ സ്വാതന്ത്ര്യമൊന്നു വേറെയാണ്.

കുടുംബം, കല/വിദ്യാഭ്യാസം?

വീട്ടില്‍ അച്ഛനും അമ്മയും ഒരു സഹോദരനുമുണ്ട്. ആര്‍ട്സ് ബിരുദം നേടി കഥക് പരിശീലിച്ചു. ഹിന്ദി, പഞ്ചാബ്, തെലുങ്ക്‌, തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. അത്യാവശ്യം തെറ്റില്ലാതെ പാടുകയും നൃത്തവും ചെയ്യും. കൂടാതെ ഡബ്മാഷ്‌ ചെയ്യുന്നതും ഒരു ക്രേസാണ്.

കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ഗുസ്തി എന്നൊരു കായികയിനം അത്ര പരിചിതമായ ഒരു കാര്യമല്ല. എങ്ങനെ വിലയിരുത്തുന്നു ഇവിടുത്തെ സ്ത്രീകളെ ?

കേരളത്തിലെ സ്ത്രീകള്‍ വളരെ ധൈര്യശാലികളാണ്. അതിനു ഗുസ്തി എന്തിന്? പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കുന്നു എന്നതിലാണ് കാര്യം. തന്നെ ആക്രമിച്ച ഒരു സന്യാസിയെ ലിംഗഛേദം നടത്തിയ പെണ്‍കുട്ടിയെ കുറിച്ചു നമ്മള്‍ കേട്ടു. ധൈര്യശാലിയാണവള്‍. എനിക്ക് ഇപ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ മുഖം ആ പെണ്‍കുട്ടിയുടെതാണ്.

ഷൂട്ടിംഗ് സെറ്റില്‍നിന്ന് എനിക്ക് ലഭിച്ച നല്ലൊരു സുഹൃത്താണ് പാര്‍വതി ചേച്ചി. സ്വകാര്യമായവയുള്‍പ്പെടെ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന വിവേകമതിയായ ഒരു സ്ത്രീയാണവര്‍. ഞാന്‍ അറിയുന്ന മലയാളി സ്ത്രീകള്‍ എല്ലാം ബോള്‍ഡാണ്. അതാണ്‌ അവരുടെ സൗന്ദര്യവും.

ടോവിനോ, രഞ്ജി പണിക്കര്‍, അജു...

വളരെയധികം ഞാന്‍ അഭിമാനിക്കുന്ന ഒരു സൌഹൃദമാണ് ഇത്. രഞ്ജിയേട്ടന്‍ എന്നെ ലൊക്കേഷനില്‍ വളരെയധികം സഹായിച്ചിരുന്നു. അജുവേട്ടന്‍ പിന്നെ നര്‍മ്മത്തിന്റെ ആളാണ്‌. സമയം പോകുന്നത് അറിയുകയേ ഇല്ല. ടോവിയുടെ മോളെ കാണണം എന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു, ഇതുവരെ സാധിച്ചില്ല. ഒരു ദിവസം സര്‍പ്രൈസായി ഞാന്‍ ആ മാലാഖക്കുട്ടിയെ പോയി കാണും.


സംവിധായകന്‍ ബേസിലിനെക്കുറിച്ച് ?

ബേസിലിനൊപ്പം ഇനിയുമൊരു സിനിമയ്ക്ക് അവസരം കിട്ടിയാല്‍ ഞാന്‍ തീര്‍ച്ചയായും കണ്ണുമടച്ച് മൂന്ന് പ്രാവശ്യമെങ്കിലും സമ്മതിക്കും. അത്രയ്ക്ക് സ്വീറ്റായിരുന്നു ബേസില്‍ എന്ന സംവിധായകന്‍. ഊര്‍ജ്ജസ്വലതയുള്ള, കഴിവുള്ള ഒരു ചെറുപ്പക്കാരന്‍. ഒരു സംവിധായകന് ഇത്രയ്ക്ക് പാവമാകാമോ? ഓഗസ്റ്റില്‍ ബേസിലിന്റെ വിവാഹമാണ്. ക്ഷണിച്ചില്ലെങ്കിലും ശരി ഞാന്‍ എന്റെ സുഹൃത്തുക്കളെ കൂട്ടി വരും. ഉറപ്പ്! എന്നിട്ട് നല്ലൊരു അടിപൊളി ഡാന്‍സ് പ്രോഗ്രാമും എന്‍റെ പ്രിയ സുഹൃത്തിന് വിവാഹസമ്മാനമായി നല്‍കും. കേരളം ഇനി എന്റെ നാട് കൂടിയല്ലേ....

*ആരോ നെഞ്ചില്‍ മഞ്ഞായ് പെയ്യുന്ന നേരവും.....പിന്നെ...വ്വാവ് ഗാനവുമാണ് വാമികയുടെ പ്രിയഗാനങ്ങള്‍!

Read More >>